Prabodhanm Weekly

Pages

Search

2022 മെയ് 13

3251

1443 ശവ്വാല്‍ 12

അബൂവദാഅയുടെ കല്യാണം

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

 

ചരിത്രം /


അമവീ  ഖലീഫ അബ്ദുല്‍ മലികിന്റെ പുത്രന് വിവാഹ പ്രായമായി. താബിഈ പണ്ഡിതന്‍ സഈദുബ്‌നു മുസയ്യബിന്റെ മകളെയാണ് ഖലീഫ കണ്ടു വെച്ചിരിക്കുന്നത്. കര്‍മ്മശാസ്ത്രത്തിലും ഹദീസ് വിജ്ഞാനീയത്തിലും ജീവിത വിശുദ്ധിയിലും മാതൃകാ ജ്ഞാനിയായിരുന്നു ഇബ്‌നു മുസയ്യബ്. അദ്ദേഹത്തിന്റെ ഏക മകളാണ്. അവള്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും ഇസ്‌ലാമിക വിജ്ഞാനം നേടുകയും ചെയ്തിട്ടുണ്ട്. ഉല്‍കൃഷ്ട സ്വഭാവത്തിന്റെ ഉടമയുമാണ്.
ഖലീഫ തന്റെ ആഗ്രഹം ഒരു ദൂതന്‍ മുഖേന ഇബ്‌നു മുസയ്യബിനെ അറിയിച്ചു. ഭൗതിക സുഖ സൗകര്യങ്ങളിലും പദവികളിലും വിരക്തനായ അദ്ദേഹം വിവാഹാലോചന തിരസ്‌കരിച്ചു. തന്റെ പ്രതീക്ഷക്ക് വിരുദ്ധമായത് സംഭവിച്ചതില്‍ ഏറെ അക്ഷമനും ക്ഷുഭിതനുമായിരുന്നു ഖലീഫ. പലവിധ പ്രലോഭനങ്ങളും സമ്മര്‍ദങ്ങളും നടത്തി നോക്കിയെങ്കിലും അതൊന്നും ഫലിച്ചില്ല. ഇബ്‌നു മുസയ്യിബിനെ ശാരീരികമായി പീഡിപ്പിക്കുക വരെ ചെയ്തു. അതുകൊണ്ടൊന്നും കുലുങ്ങുകയോ അടിയറവു പറയുകയോ ചെയ്യുന്ന ആളായിരുന്നില്ല അദ്ദേഹം. ഇങ്ങനെ തുറന്നു പറയുകയും ചെയ്തു: 'ഭൗതികജാഡകള്‍ക്ക് വേണ്ടി എന്റെ കരളിന്റെ കഷ്ണത്തിന്റെ പരലോകജീവിതം ഞാന്‍ ഒരിക്കലും നശിപ്പിക്കുകയില്ല.'
തന്റെ വീട്ടില്‍ തന്നെയായിരുന്നു ഇബ്‌നു മുസയ്യബിന്റെ വിജ്ഞാന സദസ്സ്. വിദൂര ദേശങ്ങളില്‍ നിന്നടക്കം വിജ്ഞാനദാഹികളായ ധാരാളം വിദ്യാര്‍ഥികള്‍ അവിടെ എത്തിയിരുന്നു. വിദ്യാര്‍ഥികളില്‍ സാധാരണക്കാരനും ഏറെ ദരിദ്രനുമായ ഒരാളുണ്ടായിരുന്നു - അബുവദാഅ. അയാള്‍ കൃത്യനിഷ്ഠയോടെ വിജ്ഞാന സദസ്സില്‍ പങ്കെടുക്കും; എല്ലാം അതീവ ശ്രദ്ധയോടെ ശ്രവിക്കും. അയാളുടെ ദൈവഭക്തിയിലും സദ്‌പെരുമാറ്റത്തിലും വിജ്ഞാന തൃഷ്ണയിലും ഏറെ മതിപ്പായിയിരുന്നു ഇബ്‌നു മുസയ്യബിന്. ഐഹിക വിഭവങ്ങള്‍ ശുഷ്‌കമാണെങ്കിലും മതവിജ്ഞാനത്താല്‍ അല്ലാഹു അയാളെ അതിസമ്പന്നനാക്കിയിരിക്കുന്നു.
പതിവായി വിജ്ഞാന സദസ്സില്‍ സാന്നിധ്യമറിയിച്ചിരുന്ന അബൂവദാഅയുടെ നിരന്തരമായ അസാന്നിധ്യം ഗുരുവര്യനായ ഇബ്‌നു മുസയ്യബിന്റെ ശ്രദ്ധയില്‍ പെട്ടു. വിവരങ്ങളനേഷിക്കാന്‍ ഒരാളെ അയച്ചു. ഉടനെത്തന്നെ അബൂവദാഅ ഗുരു സവിധത്തില്‍ ഹാജരായി. സലാം ചൊല്ലി സാദരം ഗുരുവിന്റെ വാക്കുകള്‍ക്കു കാതു കൊടുത്തു.
ഇബ്‌നു മസയ്യബ്: ''ഇത്രയും നാളുകള്‍ ക്ലാസ്സില്‍ വരാതിരുന്നതെന്തുകൊണ്ട്?''
അബൂ വദാഅ: (വ്യസനത്തോടെ) ''എന്റെ സഹധര്‍മ്മിണി മരണപ്പെട്ടിരിക്കുന്നു. ചെറിയ കുട്ടികളുണ്ട്. അവരെ നോക്കി വളര്‍ത്തണം, വീട്ടുജോലികളും ചെയ്യണം. ഞാന്‍ അത്യധികം വിഷമത്തിലും പ്രയാസത്തിലുമാണ്. അതിനാലാണ് എനിക്ക് ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്നത്.
ഇബ്‌നു മുസയ്യബ്: ''നിന്റെ ജീവിതസഖി നിന്നെ വേര്‍പിരിഞ്ഞു പോയി... എന്നെ വിവരമറിയിച്ചിരുന്നെങ്കില്‍ ഞാനും അവരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുമായിരുന്നു.''
അബൂവദാഅ: ''താങ്കള്‍ ഏറെ തിരക്കുള്ള വ്യക്തിയാണല്ലോ. മാത്രമല്ല മസ്ജിദും വീടും വിട്ട് പുറത്ത് പോകാറുമില്ല. താങ്കളെ പ്രയാസപ്പെടുത്തേണ്ടല്ലോ എന്ന് ഞാന്‍ കരുതി. എല്ലാ കാര്യങ്ങളും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അല്ലാഹുവിനോട് ഏറെ കൃതജ്ഞതയുള്ളവനാണ്.''
അല്‍പസമയത്തിനകം വിദ്യാര്‍ഥികളെല്ലാം പിരിഞ്ഞു പോയപ്പോള്‍ അബൂവദാഅയും ഗുരുവിനോട് വിടചോദിക്കാനായി വന്നു. തദവസരത്തില്‍ ഗുരു കുറച്ചു സംഖ്യ കൈമാറിക്കൊണ്ട് പറഞ്ഞു: ''ഇത് കൊണ്ട് കടബാധ്യതകള്‍ തീര്‍ക്കുക..'' പുനര്‍ വിവാഹത്തെക്കുറിച്ചു ആലോചിക്കുന്നുണ്ടോ എന്നും തിരക്കി.
അബൂവിദാഅയുടെ കണ്ണ് സന്തോഷാശ്രുക്കളാല്‍ നിറഞ്ഞൊഴുകി. അയാള്‍ പറഞ്ഞു: ''ഞാന്‍ എല്ലാ ഖുറൈശികുടുബത്തിലും കേറിയിറങ്ങി. വിവാഹാലോചന നടത്തി. ആരും തന്നെ എന്നെ പരിഗണിച്ചില്ല. ഞാന്‍ ദരിദ്രവാസിയാണ്. പണവും പ്രതാപവുമില്ല. പോരാത്തതിന് ചെറിയ കുട്ടികളെ പോറ്റേണ്ട ഉത്തരവാദിത്തവും. അല്ലാഹുവിനോടുള്ള സ്‌നേഹവും ഭയവുമല്ലാതെ മറ്റൊന്നും കൈമുതലായില്ല.''
ഇബ്‌നു മുസയ്യബ്: ''അല്ലാഹു അക്ബര്‍.. നിന്റെ പട്ടിണിയും പരിവട്ടവുമാണോ നിന്നെ തിരസ്‌കരിക്കാന്‍ നിമിത്തമായത്? നീ ഒരു സാധാരണക്കാരനല്ല. ഈമാനിക വികാരത്താലും ദീനീവിജ്ഞാനത്താലും അനുഗൃഹീതനും ഐശ്വര്യവാനുമാണ് നീ.''
ഇത്രയും പറഞ്ഞ് ഇബ്‌നു മുസയ്യബ് അല്‍പനേരം മൗനിയായി. പിന്നീട് എഴുന്നേറ്റ് അബൂ വദാഅയുടെ തോളില്‍ സ്‌നേഹമസൃണമായി കൈ വെച്ചു കൊണ്ടു പറഞ്ഞു: ''അബൂവദാഅ....! ആവശ്യമായ തയാറെടുപ്പുകള്‍ നടത്തുക. ഞാന്‍ നിന്നെ എന്റെ മകനായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു.''
അബൂവദാഅക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. അപ്രതീക്ഷിതമായ ആ സന്തോഷവാര്‍ത്ത അയാളെ അത്ഭുത സ്തബ്ധനാക്കി. എന്ത് മറുപടി പറയണമെന്ന് ഒരു നിശ്ചയവുമില്ല.
അപ്പോള്‍ അബൂവദാഅയെ സംബോധന ചെയ്തു കൊണ്ട് ഇബ്‌നു മുസയ്യബ് ചോദിച്ചു: ''മോനേ, നിന്റെ നിലപാട് അറിയിച്ചാലും.''
അബൂവദാഅ: ''ഇതിനെക്കാള്‍ വലിയ സൗഭാഗ്യമെന്തുണ്ട്! താങ്കളെന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയല്ലേ.''
ഇബ്‌നു മുസയ്യബ് ഉടനെത്തന്നെ കുറച്ചാളുകളെ വിളിച്ചു കൂട്ടി. അവരുടെ സാന്നിധ്യത്തില്‍ ഏതാനും ദിര്‍ഹമുകള്‍ വിവാഹമൂല്യമായി നിര്‍ണയിച്ച് തന്റെ ഏകപുത്രിയെ അബൂവദാഅക്ക് നിക്കാഹ് ചെയ്തു കൊടുത്തു. രാജകുടുംബത്തിലെ വിവാഹാഭ്യര്‍ഥന നിരസിച്ചു കൊണ്ടാണ് പട്ടിണിപ്പാവമായ തന്റെ ശിഷ്യന് വിവാഹം ചെയ്തു കൊടുത്തിരിക്കുന്നത്.
പുതിയ ബന്ധത്തില്‍ ഏറെ സന്തോഷഭരിതനായ അബൂവദാഅ വീട്ടിലെത്തി നടന്ന സംഭവങ്ങളെല്ലാം വിശദമായി മാതാവിനെ കേള്‍പ്പിച്ചു. അവര്‍ ഏറെ നേരം അല്ലാഹുവിനെ സ്തുതിക്കുകയും സ്രഷ്ടാവിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വധുവിനെ സ്വന്തം വീട്ടില്‍ സ്വീകരിച്ചാനയിക്കാനുള്ള അത്യാവശ്യ സാമഗ്രികള്‍ എങ്ങനെ സമാഹരിക്കുമെന്ന വ്യാകുലചിന്തയിലായിരുന്നു മാതാവും മകനും. റമദാനിലെ നോമ്പുകാലമായിരുന്നു. നോമ്പുതുറന്നു വിശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ ആരോ വാതിലില്‍ മുട്ടി.
''ആരാണ്''? അബൂ വദാഅ ചോദിച്ചു.
''ഞാന്‍ സഈദുബ്‌നു മുസയ്യബ്''  മറുപടി വന്നു.
സുപരിചിതമായ ശബ്ദം. പള്ളിയും വീടും വിട്ട് മറ്റെങ്ങും പോകാത്ത ശൈഖ് സഈദ് ഇവിടെ വരാന്‍ കാരണമെന്തെന്ന് അബൂവദാഅ അതിശയിച്ചു. അത്ഭുതത്തോടെയും അതിലേറെ ആനന്ദത്തോടെയും വാതില്‍ തുറന്നപ്പോള്‍ സുസ്‌മേരവദനനായി മുമ്പില്‍ ഇബ്‌നു മുസയ്യബ്. അദ്ദേഹം സലാം പറഞ്ഞു.
പ്രത്യഭിവാദ്യം ചെയ്ത ശേഷം അബൂവദാഅ ചോദിച്ചു: ''താങ്കള്‍ എന്തിനാണ് വിഷമിച്ച് ഇങ്ങോട്ടു വന്നത്? വിവരമറിയിച്ചാല്‍ ഞാന്‍ അങ്ങയെ വന്നു കാണുമായിരുന്നല്ലോ.''
''മോനേ! സാരമില്ല. വിവാഹിതനായ നീ ഈ രാത്രിയിലും ഏകാന്തനായി കഴിയേണ്ടതില്ലല്ലോ. നിന്റെ ജീവിത പങ്കാളിയെ നിന്നെ ഏല്‍പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.'' ഇത്രയും പറഞ്ഞു മകളോടു വീട്ടിലേക്ക് കടക്കാന്‍ ആംഗ്യം കാണിച്ചു. ശേഷം അബൂവദാഅയോട് സലാം പറഞ്ഞ് അദ്ദേഹം വിട ചൊല്ലി.
അബൂവദാഅയും അതിരറ്റ് ആഹ്ലാദിച്ചു. സുന്ദരിയും സുശീലയുമായ തന്റെ സഹധര്‍മ്മിണിയെ സ്വീകരിച്ച് മാതാവിന്റെ മുന്നിലെത്തി. അവര്‍ തന്റെ അയല്‍ക്കാരെ വിളിച്ചു കൂട്ടി പരസ്യപ്പെടുത്തി: ''ഇമാം സഈദ്ബ്‌നു മുസയ്യബ് തന്റെ പ്രിയ പുത്രിയെ എന്റെ മകന്‍ അബൂ വദാഅക്കു നിക്കാഹ് ചെയ്തു കൊടുത്തിരിക്കുന്നു. സുന്ദരിയും സദ്‌സ്വഭാവിയുമായ അവളെ എന്റെ വീട്ടിലെത്തിക്കുകയും ചെയ്തിരിക്കുന്നു.''
അവര്‍ വധുവിനെ അണിയിച്ചൊരുക്കി. മകന്ന് മംഗളാശംസകള്‍ നേര്‍ന്നു. അയല്‍വാസികളും ആശംസകള്‍ നേര്‍ന്നു. മഹാനായ ഇബ്‌നു മുസയ്യബ് അബൂവദാഅയെ തന്റെ മകള്‍ക്ക് വരനായി തെരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന് അത്ഭുതം കൂറുകയായിരുന്നു എല്ലാവരും.
ഖുര്‍ആന്‍ -ഹദീസ് വിജ്ഞാനങ്ങളില്‍ അഗാധ പാണ്ഡിത്യവും സ്വഭാവ വൈശിഷ്ട്യവുമുള്ള ആത്മസഖിയുടെ കൂടെയുള്ള അബൂവദാഅയുടെ ദാമ്പത്യ നൗക സന്തോഷപൂര്‍വം മുന്നോട്ടു നീങ്ങി. 

('റോഷന്‍ സിതാരെ' എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍ റഷീദ് അന്തമാന്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്‌ 5-9
ടി.കെ ഉബൈദ്‌