Prabodhanm Weekly

Pages

Search

2022 മെയ് 13

3251

1443 ശവ്വാല്‍ 12

ഇസ്‌ലാമോഫോബിയയും  ഇന്ത്യന്‍ സമൂഹവും

വാഹിദ് ചുള്ളിപ്പാറ

മാര്‍ച്ച് 15 ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഈയിടെ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുകയുണ്ടായി. ഒ.ഐ.സി പ്രതിനിധി അവതരിപ്പിച്ച പ്രമേയം യു.എന്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. യു.എന്‍ തീരുമാനത്തോട് ഇന്ത്യന്‍ പ്രതിനിധി വിയോജിപ്പ് അറിയിക്കുകയായിരുന്നു.
193 അംഗ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഒ.ഐ.സിക്ക് വേണ്ടി പാകിസ്താന്‍ അംബാസഡര്‍ മുനീര്‍ അക്രം അവതരിപ്പിച്ച പ്രമേയമാണ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത്. ലോകത്തിന്റെ പലഭാഗത്തും മുസ്ലിംകള്‍ക്കെതിരായ അക്രമവും വിവേചനവും വര്‍ധിച്ചുവരികയാണെന്നും, ഇസ്ലാം മതത്തിന്റെ പേരിലുള്ള അവകാശ ലംഘനങ്ങളും അടിച്ചമര്‍ത്തലുകളും ലോകമെങ്ങും പടരുകയാണെന്നും മുനീര്‍ അക്രം തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.
ഈ സന്ദര്‍ഭത്തില്‍ ഇസ്ലാമോഫോബിയ എന്ന പ്രയോഗത്തെക്കുറിച്ച്  ആലോചിക്കണം. ഏതൊരു സാമൂഹിക രാഷ്ട്രീയ പ്രശ്നവും സമൂഹത്തിനകത്തെ പ്രശ്നമായി മനസ്സിലാക്കപ്പെടണമെങ്കില്‍, പ്രസ്തുത പ്രശ്നം എങ്ങനെ നിര്‍വചിക്കപ്പെടുന്നു, ഭാഷയില്‍ അത് എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നത് വളരെ പ്രധാനമാണ്. അപ്പോള്‍,  രാഷ്ട്രീയമായി പ്രയോഗിക്കപ്പെടുന്ന പദാവലികള്‍ പുന:പരിശോധിക്കേണ്ടതായും പുതിയ പദാവലികളെക്കുറിച്ച് ആലോചിക്കേണ്ടതായും വരും. സമൂഹം കാര്യങ്ങളെ ഗ്രഹിക്കുന്നതും ലോകത്തെ കാണുന്നതും ഭാഷക്കകത്ത് കൂടിയായതിനാല്‍ ഭാഷയില്‍ നിര്‍വഹിക്കുന്ന ചെറിയ അഴിച്ചുപണികള്‍ക്ക് പോലും വലിയ സാമൂഹികപരിവര്‍ത്തനങ്ങള്‍ക്ക് ഹേതുവാകാന്‍ കഴിയും. സമൂഹത്തിലെ അധീശത്വങ്ങളും ഹിംസകളും സാധൂകരിക്കപ്പെടുന്നത് സവിശേഷമായ ഭാഷാപ്രയോഗങ്ങളിലൂടെയും ആഖ്യാനങ്ങളിലൂടെയും നിര്‍വചനങ്ങളിലൂടെയുമാണ്.
അതുകൊണ്ടുതന്നെ അധീശത്വങ്ങളെ ചെറുക്കാനും ഹിംസകളെ പ്രശ്നവല്‍ക്കരിക്കാനും ഭാഷയുടെ അപനിര്‍മാണം ആവശ്യമാണ്. ഇസ്‌ലാമോഫോബിയ എന്ന പദത്തെക്കുറിച്ച് ഒരു വിശകലനോപാധി എന്ന നിലയിലും രാഷ്ട്രീയപ്രയോഗം എന്ന നിലയിലും ആലോചിക്കുമ്പോള്‍, അതിന് മുസ്ലിം പ്രശ്നത്തിന്റെ ഘടനാപരമായ കാരണങ്ങളെ അഭിമുഖീകരിക്കാനും രാഷ്ട്രീയ മുന്നേറ്റത്തെ സഹായിക്കാനും ശേഷിയുണ്ടോ എന്ന ആലോചനകള്‍ക്കാണ് പ്രാധാന്യം.
ഇസ്ലാമോഫോബിയയെക്കുറിച്ച നിര്‍വചനങ്ങളും വിശകലനങ്ങളും ധാരാളമുണ്ടെങ്കിലും മുസ്ലിം പ്രശ്നത്തെക്കുറിച്ചുള്ള ഒരു വിശകലനോപാധിയായി ഇസ്ലാമോഫോബിയയെ മുന്നോട്ട് വെക്കുന്ന പണ്ഡിതനാണ് പ്രഫ: സല്‍മാന്‍ സയ്യിദ്. തന്റെ Thinking Through Islamophobia എന്ന പുസ്തകത്തിലും ബ്രിട്ടനിലെ മുസ്ലിം സംഘടനകളുടെ നിയമപരമായ ആവശ്യത്തിനു വേണ്ടി അബ്ദുല്‍ കരീം വകീലുമൊത്ത് തയാറാക്കിയ പഠനത്തിലും സല്‍മാന്‍ സയ്യിദ് ഇസ്ലാമോഫോബിയയെ ഒരു വിശകലനോപാധിയായി നിര്‍വചിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം പ്രശ്നത്തെക്കുറിച്ച് വാചാലമാവുന്ന പല ആഖ്യാനങ്ങള്‍ക്കും മുസ്ലിം പ്രശ്നം രൂപപ്പെട്ടതിന്റെ ചരിത്രപരതയെ പ്രശ്നവല്‍ക്കരിക്കാനോ മുസ്ലിം എന്നതിനെ കേന്ദ്രീകരിക്കാനോ കഴിയാറില്ല. ഈ പ്രതിസന്ധികളെ മറികടന്നു കൊണ്ടാണ് സല്‍മാന്‍ സയ്യിദ് ഇസ്ലാമോഫോബിയയെ വിശദീകരിക്കുന്നത്. ഇസ്ലാമോഫോബിയയെ മുസ്ലിമത്വങ്ങളോടുള്ള (Muslimness) ഒരു തരം വംശീയതയായി അദ്ദേഹം വിശകലനം ചെയ്യുന്നു. മുസ്ലിമത്വങ്ങളെയും മുസ്ലിംകര്‍തൃത്വങ്ങളെയും കേന്ദ്രത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ വിശകലനം മുസ്ലിം ഏജന്‍സിയെ മറച്ചുപിടിക്കാറുള്ള സെക്കുലര്‍ ലിബറല്‍ ആഖ്യാനങ്ങളെ മറികടക്കുന്നു. മുസ്ലിംകള്‍ ഒരു ജൈവശാസ്ത്ര വംശം അല്ലെന്നിരിക്കെ ഇസ്ലാമോഫോബിയയെ വംശീയതയായി അവതരിപ്പിക്കുന്നതിലൂടെ മുസ്ലിംകള്‍ എങ്ങനെ വംശീയവല്‍ക്കരിക്കപ്പെട്ടു എന്നതിനെയും മുസ്ലിം പ്രശ്നം രൂപപ്പെട്ടതിന്റെ ചരിത്രപരതയെയും ഈ നിര്‍വചനം പ്രശ്നവല്‍ക്കരിക്കുന്നു.
ഇസ്ലാമോഫോബിയയെ പഠിക്കുന്നതിലും പ്രതിരോധിക്കുന്നതിലും മുസ്ലിം പ്രശ്നത്തിന്റെ രൂപീകരണ ചരിത്രം മനസ്സിലാക്കല്‍ പ്രധാനമാണ്. ഇസ്ലാമോഫോബിയ ഉല്‍പാദിപ്പിക്കപ്പെടുന്നതോ ചരിത്രപരമായി രൂപപ്പെടുന്നതോ ആണെന്ന ബോധ്യവും അനിവാര്യമാണ്. ഇസ്ലാമോഫോബിയയെ കുറിച്ച് പഠിച്ച പല ചിന്തകരും മുസ്ലിം വംശീയവല്‍ക്കരണത്തിന്റെ തുടക്കം കുരിശുയുദ്ധങ്ങളില്‍ നിന്ന് ആരംഭിക്കുന്നതായി നിരീക്ഷിക്കുന്നു. മുസ്ലിം ശത്രുവിനെ കേന്ദ്രീകരിച്ചാണ് യൂറോപ്യന്‍ സ്വത്വം സ്വയം നിര്‍വചിച്ചിരിക്കുന്നത് എന്ന് തോമസ് മസ്നാക് വാദിക്കുന്നു. യൂറോപ്പിന് അകത്തെ മുസ്ലിം എന്ന 'ദുഷിപ്പിനോട്' ഉള്ള വെറുപ്പ് യൂറോപ്യന്‍ കൊളോണിയലിസത്തിലൂടെ വ്യവസ്ഥാപിതവല്‍ക്കരിക്കപ്പെടുകയായിരുന്നു. യൂറോപ്യന്‍ കൊളോണിയലിസമാണ് ലോകത്ത് മുസ്ലിംകളെ സവിശേഷമായ രീതിയില്‍ നിര്‍വചിച്ചു കൊണ്ട് മുസ്ലിം വംശീയവല്‍ക്കരണത്തെ സാധ്യമാക്കിയത്.
ഹിജാബിനെ കുറിച്ച് പഠിച്ച കാതറിന്‍ ബുള്ളോക് എന്ന പണ്ഡിത, ഹിജാബ് മുസ്ലിം പ്രാകൃത ചിന്തയുടെയും ആണധികാരത്തിന്റെയും അടയാളമായി ചിത്രീകരിക്കപ്പെട്ടു തുടങ്ങിയത് കൊളോണിയല്‍ കാലഘട്ടം മുതലാണെന്ന് നിരീക്ഷിക്കുന്നുണ്ട്. കൊളോണിയല്‍ ചരിത്രത്തിനൊപ്പമാണ് ഇസ്ലാമോഫോബിയ വളരുന്നത് എന്നതിന്റെ മറ്റൊരര്‍ത്ഥം ആധുനികതയില്‍ അന്തര്‍ലീനമാണ് ഇസ്ലാമോഫോബിയ എന്ന് കൂടിയാണ്. അതുകൊണ്ടാണ് ഹിജാബ് നിരോധിച്ച ഫ്രാന്‍സിന്റെ നീക്കം നിരീക്ഷിച്ചു കൊണ്ട്,  മുസ്ലിംകള്‍ക്കെതിരെ വംശീയ നടപടികളെടുക്കാന്‍ ഒരു ഭരണകൂടം സ്വേഛാധിപത്യ ഭരണകൂടം തന്നെ ആവണമെന്നില്ല, മറിച്ച് ഒരു സെക്കുലര്‍ ഡെമോക്രാറ്റിക് ഭരണ സംവിധാനത്തിലും അത്  സംഭവ്യം ആണെന്ന് പ്രഫ. സല്‍മാന്‍ സയ്യിദ് നിരീക്ഷിച്ചത്.
ഇന്ത്യന്‍ മുസ്ലിം പ്രശ്നം പഠിക്കുകയാണെങ്കിലും, ഹിന്ദുത്വ വംശീയത അടക്കമുള്ളവ കൊളോണിയല്‍ ചരിത്രത്തെ ഉപജീവിച്ചാണ് രൂപപ്പെടുന്നത് എന്ന് കാണാന്‍ കഴിയും. ആ പ്രശ്‌നം സംഘ് പരിവാര്‍ മിലിറ്റന്റ് വംശീയ സംഘടനയെ കേന്ദ്രീകരിച്ച് മാത്രം നിലനില്‍ക്കുന്നതല്ലെന്നും ദേശീയത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളുടെ അകത്തേക്ക് കൂടി വ്യാപിച്ചു കിടക്കുന്ന ഒന്നാണെന്നും കാണാം. ഈ വംശീയവല്‍ക്കരണ ചരിത്രത്തിന്റെ ഇങ്ങേതലയ്ക്കലുള്ള സുപ്രധാന ചരിത്ര സന്ദര്‍ഭമാണ് 'വാര്‍ ഓണ്‍ ടെറര്‍'. 'ഭീകര വിരുദ്ധ' യുദ്ധത്തിലൂടെ രൂപംകൊണ്ട തീവ്രവാദ വ്യവഹാരം മുസ്ലിംകളെ ആധുനിക ദേശരാഷ്ട്ര ക്രമത്തിന്റെ ആഭ്യന്തര ശത്രുക്കളായി സ്ഥാനപ്പെടുത്തുകയായിരുന്നു. കൂടാതെ മുസ്ലിംകള്‍ രാഷ്ട്രീയമെന്ന ആധുനിക മണ്ഡലത്തിലേക്ക് പ്രവേശിക്കാന്‍ കെല്‍പ്പില്ലാത്ത, എപ്പോഴും ഹിംസയിലേക്ക് മാത്രം പിന്‍വലിയുന്ന മതത്തിന്റെ ആളുകളായും ചിത്രീകരിക്കപ്പെട്ടു. 
ഇസ്ലാമോഫോബിയക്ക് രേഖീയവും ഏകമാനവുമായ ചരിത്രമാണ് ഉള്ളതെന്ന് പറയാന്‍ കഴിയില്ല. പ്രാദേശികതകളിലേക്ക് ചിതറി കിടക്കുന്ന മാനങ്ങളും അതിനുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയിലെ ജാതി എന്ന ശക്തമായ ഘടകത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒരു ചരിത്രം ഇസ്ലാമോഫോബിയക്ക് അടയാളപ്പെടുത്താന്‍ കഴിയില്ല. പ്രാദേശികതകളിലേക്ക് ചിതറി കിടക്കുമ്പോള്‍ തന്നെ ആഗോള കൊളോണിയല്‍ അധികാര ഘടനയുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കൂടിയാണ് ഇസ്ലാമോഫോബിയ. ഈ വിഭിന്ന മാനങ്ങളെയെല്ലാം അഭിമുഖീകരിക്കുന്ന വിധം ഇസ്ലാമോഫോബിയയെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഒരു രാഷ്ട്രീയം സാധ്യമാക്കുന്ന തരത്തിലേക്ക് ഈ ആശയത്തെ വികസിപ്പിക്കാനാവുക.
കേരള സാഹചര്യത്തില്‍ സംഘ് പരിവാര്‍ വിരുദ്ധരെന്ന് മനസ്സിലാക്കപ്പെടുന്ന ഇടതുപക്ഷമടക്കമുള്ള മതേതര കക്ഷികളും വലിയ ഇസ്ലാമോഫോബിയ മനോനില പുലര്‍ത്തുന്നുണ്ട്. അത് മനസ്സിലാക്കിയാലേ മുസ്ലിമിനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ സാധ്യമാകൂ. കേരള പൊതുമണ്ഡലത്തില്‍ എന്നും കത്തിനില്‍ക്കുന്ന തീവ്രവാദ ആരോപണങ്ങള്‍ മുസ്ലിംപേടിയുടെ പ്രത്യക്ഷ രൂപമായി  മനസ്സിലാക്കാം. മുസ്ലിംകളിലാരെങ്കിലും ഒരു രാഷ്ട്രീയ തീരുമാനമെടുക്കുകയോ തീര്‍ത്തും വ്യക്തിപരമായ തീരുമാനങ്ങളെടുക്കുകയോ ചെയ്താല്‍ പോലും തീവ്രവാദത്തോട് അത് ചേര്‍ക്കപ്പെടുന്നത് കാണാം. അവരുടെ പാര്‍ട്ടിയോ കൂട്ടായ്മയോ ഒന്നും നോക്കാതെ പേര് മാത്രം നോക്കി ഇത്തരം ആരോപണങ്ങള്‍ വരുമെന്നതാണ് അനുഭവം. ഇങ്ങനെ തുടര്‍ച്ചയായി മുസ്ലിം എന്ന വില്ലനെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്.
മതപരിവര്‍ത്തന ഭീതി, മുസ്ലിം ജനസംഖ്യാ ഭീതി, മുസ്ലിം രാഷ്ട്രീയ സംഘാടനത്തോടുള്ള ഭീതി, മുസ്ലിം മൂലധന ഭീതി ഇങ്ങനെ പല രൂപത്തിലും ഇസ്ലാമോഫോബിയ ഇവിടെ വളരുന്നുണ്ട്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ്, മെഡിക്കല്‍ ജിഹാദ് തുടങ്ങിയ പദപ്രയോഗങ്ങളെല്ലാം ഈ വെറുപ്പില്‍നിന്നുണ്ടായതാണ്. ഇതൊന്നും പ്രചരിപ്പിച്ചത് സംഘ്പരിവാര്‍ മാത്രമല്ലെന്ന് എല്ലാവര്‍ക്കും അറിയാം.
ഇസ്ലാമോഫോബിയ ആധുനിക രാഷ്ട്രീയ മണ്ഡലത്തിനകത്തെ വംശീയതയുടെ അടരുകളെ ദൃശ്യപ്പെടുത്തുന്നു. ഇസ്‌ലാമോഫോബിയ ചില സംഘടനകളുമായോ ഭരണകൂടത്തിന്റെ ചില നയങ്ങളുമായോ മാത്രം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നല്ല. ഭരണകൂടം, മാധ്യമങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മുതല്‍ സമൂഹത്തിന്റെ ഓരോ സൂക്ഷ്മകോണുകളിലേക്കും പടരുന്ന വംശീയതയായി അത് മാറിയിട്ടുണ്ട്. മുസ്‌ലിംകള്‍ തങ്ങളുടെ സംസ്‌കാരത്തില്‍ നിന്ന് പുറത്താണെന്ന് മാത്രമല്ല തങ്ങളുടെ സംസ്‌കാരത്തെ മലിനപ്പെടുത്തുന്ന അപര സാന്നിധ്യമായി അവരെ  മനസ്സിലാക്കുന്ന രീതിയിലേക്ക് സമൂഹത്തിന്റെ പൊതുബോധമണ്ഡലം തരം താഴുന്നു.
ദിലീപ് മണ്ഡലിനെപ്പോലുള്ളവരുടെ അഭിപ്രായത്തില്‍, ജാതിയുടെ ശ്രേണീഘടനയില്‍ ഏറ്റവും കീഴ്സ്ഥാനങ്ങളിലേക്ക് ബി.ജെ.പിയാനന്തര ഇന്ത്യയില്‍ മുസ്‌ലിംകള്‍ തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലേക്ക് പരക്കുന്ന ഇസ്‌ലാമോഫോബിയ പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും കാരണമാവുന്നുണ്ട്. അതു കൊണ്ട് തന്നെ ഇസ്‌ലാമോഫോബിയക്കെതിരായ നിയമ പരിരക്ഷകള്‍ അനിവാര്യമായിത്തീരുന്നു. ജാത്യാചാരങ്ങള്‍ക്കും ആന്റി സെമിറ്റിസത്തിനുമെതിരായ നിയമങ്ങളാണ് അവയെ ചെറുക്കുന്ന പോരാട്ടങ്ങളില്‍ നിര്‍ണായകമാവുന്നത് എന്നത് പോലെ ഇസ്‌ലാമോഫോബിയക്കെതിരായ നിയമപരിരക്ഷകളും അനിവാര്യമാണ്. അത്തരം പോരാട്ടങ്ങള്‍ മാത്രമേ  മുസ്‌ലിം പ്രശ്നം ജനിതകമായിക്കിടക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് സ്വയംനവീകരണത്തിന്റെ എന്തെങ്കിലും സാധ്യതകള്‍ നല്‍കുന്നുള്ളൂ. ഇസ്‌ലാമോഫോബിയക്കെതിരായ വിമര്‍ശനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ മുസ്‌ലിം പ്രശ്നങ്ങളെ കേന്ദ്രീകരിച്ച ഏതൊരു രാഷ്ട്രീയവും സാമൂഹികവുമായ മുന്നോട്ടുപോക്കും സാധ്യമാവുകയുള്ളൂ. സമൂഹത്തിന്റെ സ്വയം നവീകരണം സാധ്യമാവണമെങ്കില്‍ ഇസ്‌ലാമോഫോബിയക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടണം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്‌ 5-9
ടി.കെ ഉബൈദ്‌