Prabodhanm Weekly

Pages

Search

2022 മെയ് 13

3251

1443 ശവ്വാല്‍ 12

കേരളം സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി

ശബീര്‍ കൊടുവള്ളി (ജനറല്‍ കണ്‍വീനര്‍, സോളിഡാരിറ്റി സംസ്ഥാന സമ്മേളനം)

പൗരത്വ പ്രക്ഷോഭ നേതാവും മതപണ്ഡിതനുമായ മൗലാനാ താഹിര്‍ മദനി ഡിസംബര്‍ 26-ന് കണ്ണൂരില്‍ പ്രഖ്യാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതോടെയാണ് സോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രചാരണങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ജില്ലാ പ്രചാരണ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയായതോടെ 14 ജില്ലകളിലും സമ്മേളന കോഡിനേഷന്‍ കമ്മിറ്റികള്‍ നിലവില്‍ വന്നു. ജില്ലാ നേതൃത്വത്തിന് കീഴില്‍ ഏരിയാ കോഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. അതോടെ പ്രചാരണം പ്രാദേശിക തലങ്ങളിലേക്ക് കടന്നു. ഏരിയകളുടെ മേല്‍നോട്ടത്തില്‍ രൂപപ്പെട്ട ആയിരത്തിലധികം പ്രാദേശിക കോഡിനേഷന്‍ കമ്മിറ്റികളാണ് യൂനിറ്റ് തല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരളത്തിലുടനീളം ആയിരത്തിനടുത്ത് പ്രാദേശിക യുവജന സംഗമങ്ങള്‍ ഈ കോഡിനേഷന്‍ കമ്മിറ്റിക്ക് കീഴില്‍ നടക്കുകയുണ്ടായി. ഒരു ലക്ഷം ചെറുപ്പക്കാരിലേക്ക്  സോളിഡാരിറ്റിയുടെ സന്ദേശം എത്തിക്കാനുള്ള വിവിധ പരിപാടികളാണ്  പ്രാദേശിക ഘടകങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' എന്ന സമ്മേളന പ്രമേയം ബാനറുകളും ബോര്‍ഡുകളും മനോഹരമായ നൂറുകണക്കിന് ചുമരെഴുത്തുകളുമായി കേരളത്തിലെ തെരുവുകളില്‍ അടയാളപ്പെട്ടു കഴിഞ്ഞു. ജില്ലാ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ നടന്ന ഏരിയാ സമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍, യൂത്ത് ഇഫ്ത്വാറുകള്‍, കായിക മത്സരങ്ങള്‍, വാഹന പ്രചാരണങ്ങള്‍ എന്നിവയിലൂടെ സമ്മേളന പ്രമേയം പ്രാദേശിക തലങ്ങളില്‍ വിശദീകരിക്കപ്പെടുകയുണ്ടായി.

സംസ്ഥാന നേതൃസംഗമവും സമ്മേളന പ്രഖ്യാപനവും 
2021 സിസംബര്‍ 25, 26 ദിവസങ്ങളിലായി കണ്ണൂരിലായിരുന്നു സംസ്ഥാന നേതൃസംഗമവും സമ്മേളന പ്രഖ്യാപനവും. ഒന്നര ദിവസം നീണ്ടുനിന്ന നേതൃസംഗമം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്തു. 'വിമോചന രാഷ്ട്രീയവും മുസ്‌ലിം പാരമ്പര്യവും', 'ഈമാന്‍, ഇസ്സത്ത്, ശഹാദത്ത്', 'ഫാഷിസം, ഇസ്‌ലാമോഫോബിയ, ഇസ്‌ലാം: ഇടപാടുകളും നിലപാടുകളും', 'സംഘാടനവും സാധ്യതകളും', 'പ്രവര്‍ത്തന സാധ്യതകള്‍, പ്ലാനുകള്‍' എന്നീ തലക്കെട്ടുകളിലായി നടന്ന വിവിധ സെഷനുകളില്‍ കെ.ടി ഹുസൈന്‍, സി.ടി സുഹൈബ്, ടി.കെ ഫാറൂഖ്, ഷിയാസ് പെരുമാതുറ, ഡോ. അലിഫ് ശുകൂര്‍, ശബീര്‍ കൊടുവള്ളി, പി.പി ജുമൈല്‍, ഒ.കെ ഫാരിസ്, ശിഹാബ് കാസിം, മുഇസ് കൊച്ചി, കെ.എന്‍ ജലീല്‍, സ്വലാഹുദ്ദീന്‍ കൊല്ലം, സജീദ്, മുഫീദ്, മാഹിര്‍, നൗഷാദ് ഇബ്‌റാഹീം, ജസിം കുട്ടമ്പൂര്‍, അബൂബക്കര്‍ വയനാട്, ജാവേദ് എന്നിവര്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സമാപന പ്രഭാഷണം നടത്തി.
കണ്ണൂര്‍ ടൗണില്‍ നടന്ന സംസ്ഥാന സമ്മേളന പ്രഖ്യാപന പൊതുസമ്മേളനം  പൗരത്വ പ്രക്ഷോഭ നേതാവും മതപണ്ഡിതനുമായ മൗലാനാ താഹിര്‍ മദനി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ സംഘ് പരിവാര്‍ തകര്‍ക്കുന്ന സൗഹൃദാന്തരീക്ഷം മുസ്ലിംകള്‍ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ് ഉണ്ടാക്കുക എന്നദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബുര്‍റഹ്മാന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി റഹ്മാബി, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുല്‍ത്താന, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സ്വലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു.പി സിദ്ദീഖ്, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.പി ഹാരിസ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ജുമൈല്‍ സ്വാഗതവും, സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ യുവജന റാലിയും നടന്നു.

പണ്ഡിത സംഗമങ്ങള്‍
സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി 'ഫാഷിസ്റ്റ് കാലത്തെ അതിജീവനം: പണ്ഡിത ദൗത്യം' എന്ന തലക്കെട്ടില്‍ കാസര്‍കോട്, ഈരാറ്റുപേട്ട, കൊല്ലം എന്നിവിടങ്ങളില്‍ പണ്ഡിത സംഗമങ്ങള്‍ നടന്നു. മുസ്‌ലിം സമുദായത്തിന് നേരെ ഫാഷിസ്റ്റ് ഭീഷണി കനംവെച്ചുവരുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ പണ്ഡിതന്മാര്‍ ഏറ്റെടുക്കേണ്ട ദൗത്യവും സമുദായത്തിനുണ്ടാവേണ്ട അജണ്ടകളും മുന്‍ഗണനാക്രമങ്ങളും സംഗമങ്ങളില്‍ ചര്‍ച്ചയായി. മുസ്‌ലിം സമുദായത്തിലെ വ്യത്യസ്ത ധാരകളിലുള്ള പണ്ഡിതരും വിവിധ ദീനീ മദാരിസുകളിലെ യുവ അധ്യാപകരും മുതിര്‍ന്ന വിദ്യാര്‍ഥി പ്രതിനിധികളും സംഗമങ്ങളില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ഇത്തിഹാദുല്‍ ഉലമ കേരള വൈസ് പ്രസിഡന്റ് ഇല്‍യാസ് മൗലവി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹകീം നദ്വി എന്നിവര്‍ യഥാക്രമം ഈരാറ്റുപേട്ട, കാസര്‍കോട്, കൊല്ലം എന്നിവിടങ്ങളില്‍ നടന്ന പണ്ഡിത സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട ഫുഡ് പാക് ഓഡിറ്റോറിയത്തിലെ പണ്ഡിത സംഗമത്തില്‍ സോളിഡാരിറ്റി കോട്ടയം ജില്ലാ പ്രസിഡന്റ് ശിഹാബ് കാസിം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തന്‍സീര്‍ ലത്വീഫ് വിഷയാവതരണം നടത്തി. ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി മൗലവി അല്‍ ബാഖവി, കോട്ടയം സേട്ട് ജുമാമസ്ജിദ് ഇമാം സാദിഖ് മന്നാനി, അബ്ദുസ്സലാം മൗലവി എന്നിവര്‍ പ്രഭാഷണം നിര്‍വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ചര്‍ച്ച ക്രോഡീകരിച്ച് സംസാരിച്ചു. കോട്ടയം ജില്ലാ സമിതി അംഗം ഇ.എസ് ഹാഷിര്‍ സ്വാഗതവും, ജമാഅത്തെ ഇസ്‌ലാമി കോട്ടയം ജില്ലാ പ്രസിഡന്റ് എ.എം അബ്ദുസ്സമദ് സമാപനവും നിര്‍വഹിച്ചു.
കാസര്‍കോട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന പണ്ഡിത സംഗമത്തില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്  സി.ടി സുഹൈബ് വിഷയാവതരണം നടത്തി. അഷ്റഫ് ഹുദവി, മുഹമ്മദ് അസ്ഹരി, സാദിഖ് ഹുദവി, റഫീഖ് സലഫി, അസ്ബഖ് ഹികമി, അബ്ദുല്‍ നാസിര്‍ ഖാസിമി, അബ്ദുല്‍ ഹഖ് ഹുദവി, ഹസൈനാര്‍ നജ്മി, അബ്ദുല്‍ കരീം ബായാര്‍, അബ്ദുറഊഫ് ഹുദവി, ജിയാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഇസ്മാഈല്‍ പള്ളിക്കര സ്വാഗതവും, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി.എന്‍ ഹാരിസ് സമാപനവും നടത്തി.
 കൊല്ലത്ത് നടന്ന സംഗമത്തില്‍ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ജുമൈല്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഡോ. അലിഫ് ശുകൂര്‍, തന്‍സീര്‍ ലത്വീഫ് എന്നിവര്‍ വിഷയാവതരണം നടത്തി. മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡംഗം അബ്ദുശ്ശുകൂര്‍ ഖാസിമിയുടെ സന്ദേശം ദാറുല്‍ ഉലൂം വിദ്യാര്‍ഥി സല്‍മാന്‍ ഹുസ്നി വായിച്ചു. അബ്ദുല്‍ ജവാദ് മന്നാനി, മുഹമ്മദ് ഇര്‍ഷാദ്, നവാസ് മന്നാനി, അജിഖാന്‍ മൗലവി, സക്കീര്‍ ഹുസൈന്‍ റഷാദി, ശിഹാബുദ്ദീന്‍ ഖാസിമി, എസ്. സ്വലാഹുദ്ദീന്‍, ഇ.കെ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളന ഉപഹാരങ്ങള്‍
സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത ഏഴ് വീടുകള്‍ ഉള്‍ക്കൊള്ളുന്ന വള്ളുവമ്പ്രം പാര്‍പ്പിടം  വില്ല പ്രോജക്റ്റ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചു. വള്ളുവമ്പ്രത്തെ ദീനീ സ്നേഹിയായ പോത്തന്‍കോടന്‍ മമ്മദ് ഹാജി ദാനമായി നല്‍കിയ 30 സെന്റ് ഭൂമിയിലാണ് ഉദാരമതികളുടെ സഹകരണത്താല്‍ ഏഴ് കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് വീടുകളുടെ സമര്‍പ്പണം നിര്‍വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള സെക്രട്ടറി എം. അബ്ദുല്‍ മജീദ്, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി സുഹൈബ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് നിഷാദ് എന്നിവര്‍  സംസാരിച്ചു.
1921-ലെ മലബാര്‍ വിപ്ലവത്തിന്റെ ഭാഗമായി, ചെറുവാടിയില്‍ നടന്ന ആംഗ്ലോ  മാപ്പിള യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ഫലകം സ്ഥാപിച്ചു. അറുപതോളം പേര്‍ രക്തസാക്ഷ്യം വരിച്ച പോരാട്ടത്തില്‍ ലഭ്യമായ 37 പേരുടെ വിവരങ്ങള്‍ കൊത്തിവെച്ച ഫലകമാണ് സ്ഥാപിച്ചത്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഫലകം അനാഛാദനം ചെയ്തു. ജില്ലാ പ്രസിഡന്റ് നൂഹ് ചേളന്നൂര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. സെക്രട്ടറി സമദ് കുന്നക്കാവ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ മലബാര്‍ പ്രൊവിന്‍സ് പ്രസിഡന്റ് കെ.പി.യു അലി, ജമാഅത്തെ ഇസ്ലാമി കൊടിയത്തൂര്‍ ഏരിയാ പ്രസിഡന്റ് ഇ.എന്‍ അബ്ദുര്‍റസാഖ്, അബ്ദുല്‍ ബാരി കടിയങ്ങാട്, ഫഹീം അഹ്മദ് എന്നിവര്‍ സംസാരിച്ചു.

പ്രാദേശിക പരിപാടികള്‍
പ്രാദേശിക സംഘാടനം കേന്ദ്രീകരിച്ചാണ് സമ്മേളന പരിപാടികള്‍ ആസൂത്രണം ചെയ്തത്. യുവാക്കളെ ലിസ്റ്റ് ചെയ്ത് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തി യുവജനസംഗമങ്ങള്‍ സംഘടിപ്പിച്ചു. പിന്നീട് ഏരിയാ സമ്മേളനങ്ങളും നടന്നു. സമ്മേളനത്തിന്റെ സന്ദേശം തെരുവില്‍ ഉന്നയിക്കുന്ന തരത്തിലുള്ള റാലികളും പൊതുസമ്മേളനങ്ങളുമാണ് ഏരിയകളില്‍ നടന്നത്.
യുവാക്കളുടെ കുടുംബമെന്നത് സോളിഡാരിറ്റി സമ്മേളനത്തിന്റെ ഭാഗമായി ഊന്നാന്‍ തീരുമാനിച്ച മേഖലയായിരുന്നു. ലിബറലിസത്തിന്റെയും വ്യക്തികേന്ദ്രീകൃത വാദങ്ങളുടെയും ഏറ്റവും വലിയ ഇരകളാണ് യുവാക്കളും അവരുടെ കുടുംബവും. കുടുംബങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളെ അഡ്രസ്സ് ചെയ്യുന്നതും കുടുംബത്തിന്റെ ഇസ്ലാമീകരണത്തിന് പ്രേരണയേകുന്നതുമായ തരത്തില്‍ കുടുംബ സംഗമങ്ങള്‍ നടത്തി.
യുവാക്കളുടെ ദീനീ സംഘാടനത്തിനുള്ള പ്രായോഗിക ഘടനയാണ് മഹല്ലുകള്‍. സോളിഡാരിറ്റി സമ്മേളനത്തിന്റെ ഭാഗമായി മഹല്ലുകളെ പ്രത്യേകമായി അഡ്രസ്സ് ചെയ്യാനും തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ മഹല്ല് സംഗമങ്ങള്‍ നടന്നു.  സോളിഡാരിറ്റി പുറത്തിറക്കിയ 'മഹല്ല് ഗൈഡ്' മഹല്ല് സാരഥികളെ നേരില്‍ കണ്ട് കൈമാറുകയും ചെയ്തു.
പ്രവര്‍ത്തകരുടെ തര്‍ബിയ്യത്തും ശാക്തീകരണവും ലക്ഷ്യംവെച്ച് ജില്ലാ കേഡര്‍ ക്യാമ്പുകള്‍ നടത്തി. അതിനെ തുടര്‍ന്ന് റമദാനില്‍ വ്യാപകമായ യൂത്ത് ഇഫ്ത്വാറുകളും നടന്നു. പ്രതിനിധി സമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷനും നടക്കുകയുണ്ടായി.
സമ്മേളന പ്രചാരണങ്ങളുടെ അവസാന പരിപാടിയായ  യൂത്ത് കാരവന്‍ മെയ് ആദ്യവാരം നടക്കും. 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന തലക്കെട്ടിലാണ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള നയിക്കുന്ന ജാഥ സംഘടിപ്പിക്കുന്നത്. മെയ് 13-ന് സോളിഡാരിറ്റിയുടെ സ്ഥാപകദിനം, പതാകദിനമായി ആചരിക്കും. എല്ലാ യൂനിറ്റുകളിലും പതാക ഉയര്‍ത്തുകയും സമ്മേളന പ്രചാരണ പരിപാടികള്‍ നടത്തുകയും ചെയ്യും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്‌ 5-9
ടി.കെ ഉബൈദ്‌