Prabodhanm Weekly

Pages

Search

2022 മെയ് 13

3251

1443 ശവ്വാല്‍ 12

മഖാസ്വിദുശ്ശരീഅയും സംരക്ഷിക്കപ്പെടേണ്ട  പൊതു മൂല്യങ്ങളും

ഡോ. അഹ്മദ് റയ്‌സൂനി

ബഹുസ്വര സമൂഹത്തില്‍ മഖാസ്വിദുശ്ശരീഅഃ/ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ എന്ന ആശയം മൂല്യങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ഒരു വലിയ കലവറ തന്നെ നമുക്ക് മുന്നില്‍ സമര്‍പ്പിക്കുന്നുണ്ട്. തങ്ങളുടെ പ്രശ്നങ്ങള്‍ നൈര്‍മല്യത്തോടും യുക്തിഭദ്രതയോടും കൂടി പരിഹരിക്കാനും, തങ്ങള്‍ക്കിടയിലെ വൈവിധ്യങ്ങളെ ദുരന്തമായിക്കാണുന്നതിന് പകരം അനുഗ്രഹമായിക്കാണാനും ജനങ്ങളെ പ്രാപ്തമാക്കുന്നുണ്ട് ശരീഅത്ത് മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍. അതിനാല്‍ തന്നെ മഖാസ്വിദുമായി ബന്ധപ്പെട്ട പൊതുവായ തലക്കെട്ടും അതിന് കീഴിലുള്ള പ്രവര്‍ത്തനവും സാമൂഹിക നിര്‍മാണത്തിന്റെ സുപ്രധാന ഘടകങ്ങളായ മൂല്യങ്ങളുടെയും പൊതുതത്ത്വങ്ങളുടെയും വികാസവും വ്യാപനവുമാണ് ലക്ഷ്യമാക്കുന്നത്.
ഏതൊരു സമൂഹത്തിന്റെയും നിര്‍മാണത്തില്‍ എല്ലാവരും അംഗീകരിക്കുന്ന പൊതുമൂല്യങ്ങള്‍ക്കും, പൊതുലക്ഷ്യങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. ഇത്  ഏതെങ്കിലും ഒരു സമൂഹത്തിന് മാത്രം ബാധകമായ കാര്യമല്ല.  മുഴുവന്‍ മനുഷ്യര്‍ക്കും ഈയര്‍ഥത്തിലുള്ള പൊതുലക്ഷ്യങ്ങളും മൂല്യങ്ങളുമുണ്ട്.
മഖാസ്വിദുശ്ശരീഅഃ മുന്‍നിര്‍ത്തി നിര്‍വഹിക്കേണ്ട പ്രഥമമായ, സുപ്രധാനമായ കാര്യം മേല്‍പറഞ്ഞ പൊതുലക്ഷ്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ്. എല്ലാ മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും, നാഗരിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ സംസ്‌കാരങ്ങള്‍ക്കും അവരുടേതായ ചില മഖാസ്വിദുകള്‍ ഉണ്ടായേക്കാം. അതേസമയം പ്രസ്തുത മതവിഭാഗങ്ങളും, പ്രത്യയശാസ്ത്രങ്ങളുമെല്ലാം ഒന്നടങ്കം അംഗീകരിക്കുകയും മുറുകെപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പൊതുമൂല്യങ്ങളും പൊതുലക്ഷ്യങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. അവിടെ നിന്നാണ് യഥാര്‍ഥത്തില്‍ നാം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്.
ദുഃഖകരമെന്ന് പറയട്ടെ, മേല്‍പറഞ്ഞ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആഹ്വാനങ്ങളും പ്രവര്‍ത്തനങ്ങളും, പരസ്പരം സഹകരിക്കുന്നതിലേക്കും പൂര്‍ത്തീകരിക്കുന്നതിലേക്കും നയിക്കുന്നതിന് പകരം ആരോഗ്യകരമല്ലാത്ത മത്സരത്തിനാണ് വഴിവെച്ചുകൊണ്ടിരിക്കുന്നത്. ഈ സഹകരണം ഉണ്ടാകണം എന്നതിനാലാണ് പ്രവാചകന്മാര്‍ കൊണ്ട് വന്ന സന്ദേശങ്ങളെക്കുറിച്ച വിശകലന വേളകളിലെല്ലാം 'നന്മകള്‍ പ്രവര്‍ത്തിക്കാനും തിന്മകള്‍ ഉപേക്ഷിക്കാനും' ആഹ്വാനം ചെയ്യുകയായിരുന്നു അവരുടെ നിയോഗ ദൗത്യമെന്ന് പ്രമാണങ്ങള്‍ ചുരുക്കിപ്പറഞ്ഞത്. മുഴുവന്‍ ജനങ്ങളും ഒരു പോലെ അംഗീകരിക്കുന്ന ആശയങ്ങളാണ് നന്മയും തിന്മയും. അതിനാല്‍ തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനമായും, മറ്റുള്ളവരോടുള്ള സഹകരണത്തിന്റെ മാനദണ്ഡമായും അതിനെ സ്വീകരിക്കാന്‍ വളരെ എളുപ്പമാണ്. തന്റെ ദൂതന്മാരുടെ നിയോഗദൗത്യത്തെക്കുറിച്ച അല്ലാഹുവിന്റെ വിവരണം 'നന്മകള്‍ പ്രവര്‍ത്തിക്കാന്‍ നാമവര്‍ക്ക് ബോധനം നല്‍കി' (അല്‍അമ്പിയാഅ് 73) എന്നാണ്. മാനവ സമൂഹത്തെ നന്മയിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടിയാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടതെന്ന് ചുരുക്കം. മറ്റൊരു ഖുര്‍ആനിക വചനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് ഇതേ ആശയം (അല്‍ഹജ്ജ് 77) അല്ലാഹു അരക്കിട്ടുറപ്പിക്കുന്നുണ്ട്. അണിമണിത്തൂക്കം നന്മയോ തിന്മയോ പ്രവര്‍ത്തിച്ചാല്‍ അത് അല്ലാഹുവിന്റെ സന്നിധിയില്‍ വെച്ച് കാണുമെന്ന ഖുര്‍ആനിക വചനം (അസ്സല്‍സല: 7-8)ഇതിനോട് ചേര്‍ത്ത് വായിക്കാം.
നമസ്‌കാരം, നോമ്പ് പോലുള്ള ആരാധനകളെക്കൂടാതെ 'നന്മ പ്രവര്‍ത്തിക്കുക'യെന്ന പൊതുവായ പ്രയോഗം എല്ലാ അര്‍ഥത്തിലുമുള്ള നന്മകളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ, പ്രമാണങ്ങള്‍ പരാമര്‍ശിച്ചതോ അല്ലാത്തതോ ആയ എല്ലാ നന്മകളും ഉള്‍ക്കൊള്ളുന്ന വിശാലമായ അര്‍ഥമാണ് പ്രസ്തുത പ്രയോഗത്തിനുള്ളത്. മാനവ സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ നന്മകളുടെയും അടിസ്ഥാനം  വഹ്‌യ് അഥവാ ദൈവിക വെളിപാടാണെന്ന് നിരവധി പണ്ഡിതന്മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ദൈവിക നിയമവ്യവസ്ഥകള്‍ അംഗീകരിക്കാതെ മാറി നില്‍ക്കുന്നവര്‍ പോലും നിര്‍വഹിക്കാറുള്ള നന്മകളുടെയും, മൂല്യങ്ങളുടെയും പ്രഭവസ്ഥാനം യഥാര്‍ഥത്തില്‍ ദൈവിക വെളിപാടുകളും അതിന്റെ വെളിച്ചത്തില്‍ പ്രവാചകന്മാര്‍ പകര്‍ന്ന് നല്‍കിയ അധ്യാപനങ്ങളും തന്നെയാണ്.
ഈയര്‍ഥത്തില്‍ നാം നമ്മുടെ സമൂഹങ്ങളില്‍ പ്രത്യേകിച്ചും ബഹുസ്വര സമൂഹങ്ങളില്‍ വളര്‍ത്തുകയും വ്യാപിപ്പിക്കുകയും ചെയ്യേണ്ട പൊതുമൂല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നീതി. 'നാം ദൂതന്മാരെ നിയോഗിച്ചതും അവര്‍ക്ക് വേദവും തുലാസും നല്‍കിയതും ജനങ്ങള്‍ക്കിടയില്‍ നീതി സ്ഥാപിക്കുന്നതിനാണെ'ന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി വ്യക്തമാക്കിയിട്ടുണ്ട് (അല്‍ഹദീദ് 25). പ്രസ്തുത വചനത്തില്‍ നീതിയെ കുറിക്കാന്‍ 'ഖിസ്ത്വ്' എന്ന പദമാണ് അല്ലാഹു പ്രയോഗിച്ചിരിക്കുന്നത്. നീതിയെക്കുറിക്കാന്‍ ഖുര്‍ആനില്‍ ധാരാളമായി പ്രയോഗിച്ചിട്ടുള്ളത് 'അദ്ല്‍' എന്ന പദമാണ്. എല്ലാ ജനങ്ങളും എല്ലാ സന്ദര്‍ഭത്തിലും മുറുകെ പിടിക്കേണ്ട മൂല്യമാണ് 'ഖിസ്ത്വ്' എന്നത്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയഃ അതേക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: 'എല്ലാവര്‍ക്കും, എല്ലാ സന്ദര്‍ഭങ്ങളിലും, എല്ലാവരോടും പുലര്‍ത്തേണ്ട മൂല്യമാണത്.' ഇതിന് വിരുദ്ധമായ അനീതിയെന്ന ആശയം ഒരു സന്ദര്‍ഭത്തിലും അനുവദനീയമേയല്ല. നീതിയെക്കുറിക്കാന്‍ മേല്‍സൂചിപ്പിച്ച വചനത്തില്‍ പരാമര്‍ശിച്ച 'ഖിസ്ത്വ്' യഥാര്‍ഥ അറബി പദമല്ല. റോമന്‍ ഭാഷയില്‍ അദ്ലിനെക്കുറിക്കാന്‍ പ്രയോഗിക്കുന്ന പദമാണ് 'ഖിസ്ത്വ്' എന്ന് സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം. ജസ്റ്റിസ് എന്ന ഇംഗ്ലീഷ് പദമുള്‍പ്പെടെ ആഗോളതലത്തില്‍ എണ്ണമറ്റ ഭാഷകളില്‍ നീതി എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന പദമാണ് ഖിസ്ത്വ്, ഖിസ്ത്വാസ് തുടങ്ങിയവ. നീതിയെന്നത് ലോകത്തെ എല്ലാ നിയമസംഹിതകളും ഒരു പോലെ അംഗീകരിക്കുന്ന ഒരു ആഗോള മൂല്യവും, ആഗോള ആശയവുമാണ് എന്ന് കുറിക്കാനാണ് ആഗോള ഭാഷകളില്‍ തദര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന ഖിസ്ത്വ് തന്നെ പ്രയോഗിച്ചത് എന്ന് സാരം. നീതിയെ അംഗീകരിക്കാത്ത ദൈവികമോ, മനുഷ്യനിര്‍മിതമോ ആയ ഒരു ഭരണഘടനയോ നിയമസംഹിതയോ ഇല്ല. നീതിയെ നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത്, ധൈഷണികമോ വിശ്വാസപരമോ പ്രത്യയശാസ്ത്രപരമോ ആയ ആത്മഹത്യയായിരിക്കും.
ചുരുക്കത്തില്‍ എല്ലാ മനുഷ്യര്‍ക്കും ബാധകമായ അടിസ്ഥാന- ആഗോള മൂല്യമാണ് നീതി. താന്‍, തന്റെ ചുറ്റുമുള്ളവര്‍, തന്റെ സ്രഷ്ടാവ് തുടങ്ങി എല്ലാവരുടെയും കാര്യത്തില്‍ നീതി പാലിക്കാന്‍ ഓരോ മനുഷ്യനും ബാധ്യതയുണ്ട്. തനിക്ക് പരിചയമുള്ളവരോ അല്ലാത്തവരോ ആവട്ടെ, തന്റെ മാര്‍ഗം പിന്തുടരുന്നവരോ ഉപേക്ഷിക്കുന്നവരോ ആവട്ടെ, ഈ നയത്തില്‍ യാതൊരു മാറ്റവുമില്ല. സമൂഹത്തില്‍ നീതിസംസ്‌കാരം വ്യാപകമാവുന്നതോടെ ഓരോ വ്യക്തിയുടെയും അവകാശങ്ങളും സാമൂഹിക സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്തപ്പെടുന്നു.
അല്ലാഹു നാളെ പരലോകത്ത് മൃഗങ്ങള്‍ക്കിടയില്‍ പോലും നീതി നടപ്പിലാക്കുമെന്നാണ് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നത്. എന്ന് പറഞ്ഞാല്‍ മൃഗങ്ങളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന മനുഷ്യര്‍ അവയുടെ കാര്യത്തിലും നീതി പാലിക്കാന്‍ ബാധ്യസ്ഥരാണ്. എത്രത്തോളമെന്നാല്‍ ഓരോ വ്യക്തിയും തന്റെ മക്കളുടെയും ബന്ധുക്കളുടെയും കാര്യത്തിലെന്ന പോലെ, തന്റെ തന്നെ മാനസികവും ശാരീരികവുമായ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും നീതി പുലര്‍ത്തേണ്ടതുണ്ട്. ലോകമൊന്നടങ്കം അംഗീകരിക്കുന്ന ഈ മൂല്യം സമൂഹത്തില്‍ ജാതി-മത ഭേദമന്യെ പ്രസരിപ്പിക്കുകയാണ് വേണ്ടത്.
വിശുദ്ധ ഖുര്‍ആനില്‍  ഒരിടത്ത് നീതിയെയും ഇഹ്സാനെയും (അന്നഹ്ല്‍ 90)  ചേര്‍ത്ത് പറഞ്ഞതായി കാണാം. നീതിയെ ഇഹ്സാന്‍ കൊണ്ട് ഭദ്രമാക്കുകയും കുറ്റമറ്റതാക്കുകയും ചെയ്യാനുള്ള കല്‍പനയാണത്. 'നിര്‍ബന്ധ ബാധ്യതകള്‍ ഐഛിക കര്‍മങ്ങള്‍ കൊണ്ട് കുറ്റമറ്റതാക്കപ്പെടും' എന്ന തത്ത്വം ഇസ്‌ലാമിക ശരീഅത്തിലെ നിയമങ്ങളുമായി ബന്ധപ്പെട്ട് സാധാരണ ഉദ്ധരിക്കപ്പെടാറുണ്ട്.  ഇഹ്സാന്റെ കാര്യത്തില്‍ താല്‍പര്യം പുലര്‍ത്തുന്ന വ്യക്തി സ്വാഭാവികമായും അതിനേക്കാള്‍ കൂടുതല്‍ താല്‍പര്യം നീതിയുടെ കാര്യത്തില്‍ കാണിക്കുമെന്നര്‍ഥം. അതിനാലാണ് അല്ലാഹു മേല്‍വചനത്തില്‍ അദ്ല്‍ അഥവാ നീതിയും, അതിനേക്കാളുപരി ഇഹ്സാനും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവണമെന്ന് നിഷ്‌കര്‍ഷിച്ചത്. ഈ ദൈവിക വചനത്തെ ആസ്പദമാക്കി ഇമാം ഇസ്സ് ബ്‌നു അബ്ദിസ്സലാമിന് 'ശജറതുല്‍ മആരിഫി വല്‍അഹ്വാല്‍, വ സ്വാലിഹില്‍ അഖ്‌വാലി വല്‍ അഅ്മാല്‍' എന്ന പേരില്‍ ഒരു ബൃഹദ് ഗ്രന്ഥമുണ്ട്. ശരീഅത്ത് മുന്നോട്ട് വെക്കുന്ന എല്ലാ നിയമങ്ങളും നീതിയിലേക്കും ഇഹ്സാനിലേക്കുമാണ് മടങ്ങിയെത്തുന്നതെന്ന് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. ശരീഅത്ത് നിയമമാക്കിയ കല്‍പനകള്‍ പാലിക്കുകയും നിരോധങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും വഴി ഏതെങ്കിലും അര്‍ഥത്തിലുള്ള നീതിയുടെ പൂര്‍ത്തീകരണമാണ് നടക്കുന്നത്.
നീതിയോട് ചേര്‍ന്ന് നില്‍ക്കുന്ന മൂല്യമാണ് ഇഹ്സാന്‍. അതിനാലാണ് പരസ്പരം തര്‍ക്കത്തിലോ, ശത്രുതയിലോ ഉള്ളവര്‍ക്കിടയില്‍ പ്രശ്നപരിഹാരത്തിന് ഇഹ്സാനേക്കാള്‍ മികച്ച മറ്റൊരു വഴിയില്ലെന്ന് അല്ലാഹു വ്യക്തമാക്കിയത് (ഫുസ്സ്വിലത്ത് 34). ഇഹ്സാന്‍ ഒരു വ്യക്തിക്കും അയാളുടെ ശത്രുവിനുമിടയിലെ പ്രശ്നം പരിഹരിക്കുക മാത്രമല്ല, അവരെ പരസ്പരം ചേര്‍ത്തുവെക്കുകയും, ഉറ്റമിത്രങ്ങളും സഹായികളുമാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് മേല്‍വചനം വ്യക്തമാക്കുന്നുണ്ട്.
ഒരു സമൂഹത്തില്‍ സ്വാഭാവികമായി നിലനില്‍ക്കേണ്ട പൊതുമൂല്യമാണ് ഇഹ്സാന്‍. എന്ന് മാത്രമല്ല, ദ്രോഹവും ഉപദ്രവവും നീക്കി പകരം നല്‍കേണ്ടതും ഇഹ്സാന്‍ തന്നെയാണെന്ന് മേല്‍വചനം അരക്കിട്ടുറപ്പിക്കുന്നു. നിന്നെ കല്ലെറിയുന്നവന് നീ ഭക്ഷണം നല്‍കുകയെന്ന നയമാണ് ഇവിടെ ഖുര്‍ആന്‍ പകര്‍ന്ന് നല്‍കുന്നത്. എന്ത് തരം ഉപദ്രവമേല്‍പിക്കുന്നവന്റെയും മനംമാറ്റത്തിനും, തിന്മയെ നന്മയായി പരിവര്‍ത്തിപ്പിക്കാനും ഇഹ്സാന്‍ വഴി സാധിക്കും. കാരണം ഇഹ്സാനെറിഞ്ഞ് കൃഷി നടത്തിയാല്‍ ഇഹ്സാന്‍ തന്നെയാണ് വിളവെടുക്കുക. ചുരുക്കത്തില്‍ പരസ്പര സ്നേഹവും സഹവര്‍ത്തിത്വവും സാധ്യമാക്കുന്ന പൊതുമൂല്യങ്ങളാണ് നീതിയും ഇഹ്സാനും.
ബഹുസ്വര സമൂഹത്തിലും ഏകശിലാ സമൂഹത്തിലും ഒരു പോലെ പ്രസക്തമായ മറ്റൊരു ദൈവികമൂല്യമാണ് വിശ്വാസം, ജീവന്‍, ബുദ്ധി, ധനം, വംശം എന്നീ അഞ്ച് അടിസ്ഥാന ഘടകങ്ങളുടെ സംരക്ഷണം. ഇസ്‌ലാമിക ശരീഅത്തും, മുന്‍കഴിഞ്ഞ് പോയ ദൈവിക ശരീഅത്തുകളും ഒരുമിക്കുന്ന തലമാണത്. ഈ സംരക്ഷണം ലോക ചരിത്രത്തിലെ എല്ലാ സമൂഹങ്ങളിലും -പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ട സമൂഹമാവട്ടെ, പ്രസ്തുത സമൂഹത്തിന്റെ തുടര്‍ച്ചയായി രൂപപ്പെട്ട് വന്നവയാവട്ടെ- സംരക്ഷിക്കപ്പെട്ട മൂല്യങ്ങളാണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ തന്നെ മേല്‍സൂചിപ്പിച്ച അഞ്ച് മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യുകയെന്നത് പരമപ്രധാനമാണ്. ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകത്തിന്റെ / പാരമ്പര്യത്തിന്റെ അഭിമാനമായി നമുക്കതിനെ വിലയിരുത്താവുന്നതാണ്. നൂറ്റാണ്ടുകള്‍ നീണ്ട ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും പ്രമാണ  വായനകള്‍ക്കും  ശേഷമാണ് പണ്ഡിതന്മാര്‍ അവയിലെത്തിച്ചേര്‍ന്നതെന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കണം. നിലവിലുള്ള ശരീഅത്ത് മാത്രമല്ല, മുന്‍കഴിഞ്ഞ മുഴുവന്‍ ശരീഅത്തുകളും കേന്ദ്രീകരിച്ചത് മേല്‍പറഞ്ഞ അഞ്ച് മൂല്യങ്ങളുടെ സംരക്ഷണത്തിലായിരുന്നുവെന്ന് നിസ്സംശയം പറയാം.
വിശ്വാസികള്‍ തങ്ങള്‍ക്കിടയിലും ഇതര വിഭാഗങ്ങള്‍ക്കിടയിലും അനിവാര്യമായും പ്രചരിപ്പിക്കേണ്ട സംസ്‌കാരമാണ് പ്രസ്തുത മൂല്യങ്ങളുടെ സംരക്ഷണവും പ്രതിരോധവും.
വിശ്വാസത്തിനും, വംശത്തിനും, ജീവന്ന് വരെയും പോറലേല്‍പിക്കുന്ന ആശയങ്ങളും, അപകടകരമായ ജീവിത രീതികളും രംഗപ്രവേശം ചെയ്ത് രംഗം കീഴടക്കുന്ന കാലത്ത് ഇവയ്ക്ക് സവിശേഷ പ്രധാന്യമുണ്ട്. ഇതേ അവസ്ഥ തന്നെയാണ് ബുദ്ധി, ധനം തുടങ്ങി സംരക്ഷിക്കപ്പെടേണ്ട മറ്റു ഘടകങ്ങള്‍ക്കുമുള്ളത്. മയക്ക്മരുന്നും മദ്യപാനവും അശ്ലീല മീഡിയയുമെല്ലാം മനുഷ്യബുദ്ധിക്കും ചിന്താ ശേഷിക്കും അപകടകരമായ പോറലേല്‍പിച്ച് കൊണ്ടിരിക്കുന്നു. മുസ്‌ലിംകളും അല്ലാത്തവരും ഒരുപോലെ മുന്നോട്ട് വരേണ്ട മൂല്യമാണ് ധനസംരക്ഷണമെന്നത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വന്തം രാഷ്ട്രത്തിന്റെയും സാമ്പത്തിക സ്ഥിതി ഉയര്‍ത്താനും, സാമ്പത്തിക വളര്‍ച്ചക്ക് നേതൃത്വം നല്‍കാനും എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനം ഈ അഞ്ച് മൂല്യങ്ങളുടെ സംരക്ഷണമാണ് എന്നത് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. ദൈവിക പാരമ്പര്യമുള്ള എല്ലാ മതദര്‍ശനങ്ങളും മുറുകെ പിടിക്കുന്ന മൂല്യങ്ങളാണ് ഇവയെന്ന് പൊതുസമൂഹത്തിന് കൂടി പകര്‍ന്ന് നല്‍കണം. ഈ അഞ്ച് മൂല്യങ്ങള്‍ മനുഷ്യ ജീവിതത്തിന്റെയും ഇസ്‌ലാമിക ശരീഅത്തിന്റെയും അടിസ്ഥാന മഖാസ്വിദുകളാണെന്നിരിക്കെ, അവയുടെ സംരക്ഷണാര്‍ഥം ഉദ്ദേശ്യപൂര്‍വം നിര്‍വഹിക്കുന്ന ഓരോ കര്‍മവും -ഭക്ഷണമോ, ധന സമ്പാദനമോ, സന്താനോല്‍പാദനമോ പോലുള്ള വ്യക്തിപരമായ വികാരപൂര്‍ത്തീകരണമാണെങ്കില്‍ പോലും  - ആരാധനയും, അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന സല്‍ക്കര്‍മവുമാണ്.
ഇതുപോലെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വ്യക്തമായി പരാമര്‍ശിച്ച, ബഹുസ്വര സമൂഹത്തില്‍ അതീവ പ്രാധാന്യമുള്ള മഖാസ്വിദുകളിലൊന്നാണ് വിവിധ വിഭാഗങ്ങള്‍ പരസ്പരം അറിയുക എന്നത്. മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ചതും, അവരെ വിവിധ വിഭാഗങ്ങളാക്കി മാറ്റിയതും അവര്‍ പരസ്പരം തിരിച്ചറിയുന്നതിനും പരിചയപ്പെടുന്നതിനും വേണ്ടിയാണെന്ന് അല്ലാഹു അല്‍ഹുജുറാത്ത് അധ്യായത്തില്‍ (സൂക്തം: 13) വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ആണും പെണ്ണും എന്നതും, വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമെന്നതും മനുഷ്യര്‍ക്കിടയിലെ വൈവിധ്യത്തെ കുറിക്കാന്‍ വേണ്ടി നടത്തിയ പ്രയോഗങ്ങളാണ്. മനുഷ്യര്‍ക്കിടയില്‍ കാണപ്പെടുന്ന എല്ലാ വൈവിധ്യങ്ങളുടെയും ശര്‍ഇയ്യായ മഖ്‌സ്വിദ് അഥവാ ഉദ്ദേശ്യം പരസ്പരം അറിയുകയും സഹകരിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാണ്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മാത്രമല്ല, രാഷ്ട്രങ്ങള്‍ക്കിടയിലും  ഇത് ബാധകമാണ്. ശരീഅത്തിന്റെ ഉദ്ദേശ്യമെന്നതിനേക്കാളുപരി, സൃഷ്ടിപ്പിന്റെ ഉദ്ദേശ്യമാണ് പരസ്പരമുള്ള സഹവര്‍ത്തിത്വമെന്ന് മേല്‍വചനം വ്യക്തമായി പഠിപ്പിക്കുന്നു.
നന്മയും നീതിയും സഹായവും നല്‍കി മറ്റുള്ളവരോടുള്ള സഹവര്‍ത്തിത്വം ഊട്ടിയുറപ്പിക്കാനാണ് ശരീഅത്ത് ആഹ്വാനം ചെയ്യുന്നത്. ഭൂമിയില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിയോടും വിഭാഗത്തോടുമുള്ള ബന്ധം സുദൃഢവും ഊഷ്മളവുമായിരിക്കണമെന്നാണ് ശരീഅത്ത് നല്‍കുന്ന സന്ദേശം. അതിന്റെ പ്രഥമഘട്ടം എന്ന നിലയില്‍ ജനങ്ങള്‍ ഒന്നങ്കം അംഗീകരിക്കുന്ന മൂല്യങ്ങളുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി പൊതുപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മുസ്‌ലിം സമൂഹം നേതൃത്വം നല്‍കണം. ഇതര വിഭാഗങ്ങള്‍ക്കിടയിലെ സഹവര്‍ത്തിത്വവും പരസ്പര സഹകരണവും പ്രയോഗവല്‍ക്കരിക്കുന്നതിന് സഹായകമായ സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അവര്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. 
(ആഗോള മുസ്‌ലിം പണ്ഡിത വേദിയുടെ തലവനാണ് ലേഖകന്‍. വിവ: ഡോ. അബ്ദുല്‍ വാസിഅ്)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്‌ 5-9
ടി.കെ ഉബൈദ്‌