മാക്രോണ് ജയിച്ചു, പക്ഷേ....
ഉപദ്രവങ്ങളില്‍ താരതമ്യേന കടുപ്പം കുറഞ്ഞതിനെ തെരഞ്ഞെടുക്കുക എന്ന ഒരു തത്ത്വമുണ്ട് ഇസ്‌ലാമിക ഫിഖ്ഹില്‍. അതാണ് ഇക്കഴിഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവിടത്തുകാര്‍ ചെയ്തിരിക്കുന്നത്. ആദ്യ വട്ട തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും നിശ്ചിത ശതമാനം വോട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നടന്ന അന്തിമഘട്ട തെരഞ്ഞെടുപ്പില്‍ 58.5 ശതമാനം വോട്ട് നേടിയാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റായിരിക്കുന്നത്. തീവ്ര വലതുകക്ഷിയായ നാഷ്‌നല്‍ റാലിയുടെ മാരിന്‍ ലി പെന്നിനെ വ്യക്തമായ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും (മാരിന്‍ നേടിയത് 41.5 ശതമാനം), കടുത്ത വംശവെറി പുലര്‍ത്തുന്ന ഒരു കക്ഷി നാല്‍പ്പത് ശതമാനത്തിലേറെ വോട്ട് നേടുന്നത് ഇതാദ്യമാണ്. പരാജയപ്പെട്ടെങ്കിലും തന്റെ പാര്‍ട്ടി വലിയ മുന്നേറ്റമുണ്ടാക്കിയതായി മാരിന്‍ ലി പെന്‍ അവകാശപ്പെട്ടതും വെറുതെയല്ല. തീവ്ര വംശീയതയുടെയും ദേശീയതയുടെയും തലതൊട്ടപ്പനായ മാരിന്റെ പിതാവ് ഴാങ് മേരി ലി പെന്‍ മത്സരിച്ചുകൊണ്ടിരുന്ന കാലത്ത് രണ്ടാം റൗണ്ടില്‍ പോലും അയാള്‍ക്ക് ഇരുപത് ശതമാനത്തില്‍ താഴെ വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ വസ്തുത വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മാക്രോണും സമ്മതിക്കുന്നു. വലിയൊരു ശതമാനം വോട്ടര്‍മാര്‍ക്കും മാക്രോണിനെ പിന്തുണക്കേണ്ടി വന്നത് നിവൃത്തികേടു കൊണ്ട് മാത്രമാണ്. തീവ്ര വലതുപക്ഷം അധികാരത്തിലേറുന്നത് തടയാന്‍ അവര്‍ മാക്രോണിന് വോട്ട് ചെയ്തു എന്നേയുള്ളൂ.
ഫലത്തില്‍ മാക്രോണും തീവ്ര വംശീയ അജണ്ടകളുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തീവ്ര വംശീയത എന്നാല്‍ ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്‌ലാം / മുസ്ലിം / അറബ് വിരുദ്ധത എന്നാണര്‍ഥം. ഒന്നാം റൗണ്ടില്‍ മാക്രോണ്‍ ഒന്നാം സ്ഥാനത്തെത്തിയത് തീവ്ര വലതുപക്ഷ പാളയത്തിലെ വോട്ടുകള്‍ കൂടി അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞത് കൊണ്ടാണ്. ആദ്യ റൗണ്ടില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ അഞ്ച് കക്ഷികളില്‍ നാലും തീവ്ര വംശീയ അജണ്ടകള്‍ ഉള്ളവയാണെന്നത് ഫ്രാന്‍സ് എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. പരമ്പരാഗത പാര്‍ട്ടികളൊക്കെ നിലംപരിശായി. കത്തോലിക്കാ ആഭിമുഖ്യമുള്ള പത്രമായ La Croix ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണിനെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. അതു പ്രകാരം ഫ്രഞ്ച് മുസ്‌ലിം വോട്ടര്‍മാരില്‍ 77 ശതമാനവും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. 74.9 ശതമാനമാണ് ദേശീയ ശരാശരി. വോട്ട് ചെയ്ത ഫ്രഞ്ച് മുസ്‌ലിംകളില്‍ എഴുപത് ശതമാനവും പിന്തുണച്ചത് ഴാങ് ലൂക് മെലാഷന്‍ എന്ന ഇടതുപക്ഷക്കാരനെയാണ്. അദ്ദേഹം മൂന്നാം സ്ഥാനത്തെത്തിയതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെ. ഒന്നര ശതമാനത്തില്‍ താഴെ വോട്ടുകളുടെ വ്യത്യാസം മാത്രമാണ് രണ്ടാം സ്ഥാനക്കാരിയായ മരീന്‍ ലീ പെന്നുമായി ഉണ്ടായിരുന്നത്. മെലാഷന്‍ രണ്ടാം റൗണ്ടില്‍ എത്തിയിരുന്നുവെങ്കില്‍ മാക്രോണ്‍ ശരിക്കും വിയര്‍ക്കുമായിരുന്നു.
അടുത്ത ജൂണില്‍ നിയമ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണ് വീണു കിട്ടിയ ആനുകൂല്യമൊന്നും ആ തെരഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പില്‍ ഒമ്പത് ശതമാനം വോട്ട് നേടിയ എറിക് സെമൂര്‍ എന്ന റികോണ്‍കിറ്റ് പാര്‍ട്ടിയുടെ തീവ്ര വലതുപക്ഷ നേതാവ്, ലി പെന്നുമായി കൂട്ടു ചേര്‍ന്നാല്‍ നിയമ നിര്‍മാണ സഭയില്‍ മാക്രോണിന്റെ പാര്‍ട്ടിയെ അവര്‍ മറി കടന്നേക്കാം. മുസ്‌ലിം, ഇടതുപക്ഷ വോട്ടുകള്‍ മെലാഷന്റെ പാര്‍ട്ടിയില്‍ കേന്ദീകരിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് മന്ത്രിസഭ ഉണ്ടാക്കാനുള്ള അവസരം നഷ്ടമായേക്കും. ഇത് വലിയ ഭരണ പ്രതിസന്ധി സൃഷ്ടിക്കും. തൊഴിലില്ലായ്മയും മറ്റു സാമ്പത്തിക പ്രതിസന്ധികളും രൂക്ഷമാകും. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലത് പക്ഷം ജയിച്ചു കയറാനുള്ള സാധ്യതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.
Comments