Prabodhanm Weekly

Pages

Search

2022 മെയ് 13

3251

1443 ശവ്വാല്‍ 12

ഖുര്‍ആന്‍ പഠനവേദികളിന്‍  മുസ്‌ലിംകളല്ലാത്തവര്‍ക്കും ഇടമുണ്ടാകണം 

ഇ.എം മുഹമ്മദ് അമീന്‍

കേരളത്തില്‍  വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന്  പുതിയ വഴികള്‍ വെട്ടിത്തെളിച്ച സംവിധാനങ്ങളായിരുന്നു ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും വിപുലമായ ഖുര്‍ആന്‍ പഠനവേദികള്‍ക്ക് നേതൃത്വം നല്‍കുകയും സവിശേഷമായ അധ്യാപന രീതികളിലൂടെ ഖുര്‍ആന്‍ ആശയപഠനത്തിന് ഊന്നല്‍ നല്‍കുകയും  ചെയ്യുന്ന അധ്യാപകനാണ് പെരുമ്പിലാവ് സ്വദേശി ഇ.എം മുഹമ്മദ് അമീന്‍. ഖുര്‍ആന്റെ ആശയ ഗ്രാഹ്യം വളരെ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. ആ ദിവ്യഗ്രന്ഥത്തിന്റെ ആത്മാവിനോടൊപ്പം സഞ്ചരിക്കാന്‍ കഴിയണം. തന്റെ ഖുര്‍ആന്‍ പഠന -അധ്യാപന അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നു. തയാറാക്കിയത്: കെ.പി തശ്‌രീഫ്.


മുഴുവന്‍ മനുഷ്യര്‍ക്കും ദൈവിക മാര്‍ഗദര്‍ശനമായി അവതീര്‍ണമായ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അതിലെ ഓരോ ആയത്തും മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് വഴി നടത്തുന്ന അധ്യാപനങ്ങളാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യിലൂടെ അവതരിപ്പിക്കപ്പെട്ട ഈ വിശുദ്ധ ഗ്രന്ഥം മുസ്ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട ഒന്നായി എവിടെയും പ്രതിപാദിക്കുന്നതായി നമുക്ക് കാണാന്‍ കഴിയില്ല. ലോക ജനതക്കാകെയും വഴിവിളക്കും വെളിച്ചവുമാണത്. ആ സാര്‍വലൗകിക സന്ദേശം എല്ലാവരിലുമെത്തിക്കുക എന്നത് മുസ്ലിംകളുടെ ബാധ്യതയുമാണ്.
പൊതുസമൂഹത്തില്‍ ഇന്ന് ഖുര്‍ആനെക്കുറിച്ച് അറിയുന്നവര്‍ വളരെ കുറവാണ്. അമുസ്ലിം സഹോദരങ്ങള്‍ക്ക് രാമായണത്തെക്കുറിച്ചും ബൈബിളിനെ കുറിച്ചുമൊക്കെ   സാമാന്യം ധാരണയുണ്ട്.  ഖുര്‍ആനെ കുറിച്ചുള്ള അവരുടെ 'അറിവ്' പരിതാപകരം എന്ന് തന്നെ പറയണം. പലരും അത് മുഹമ്മദ് നബിയുടെ വാക്കുകളാണ്,  മുഹമ്മദ് നബി എഴുതിയതാണ് എന്ന് പോലും കരുതുന്നു. പൊതുസമൂഹത്തില്‍ വിശുദ്ധ ഖുര്‍ആനെ നാം വേണ്ട വിധം പരിചയപ്പെടുത്തിയിട്ടില്ല എന്നതാണ് ഇതിന്റെ കാരണം.
മുസ്‌ലിം സമൂഹത്തിന്റെ ചിത്രവും വളരെ ദയനീയമാണ്. അല്‍പം പേരെ മാറ്റി നിര്‍ത്തിയാല്‍ മുസ്‌ലിംവിദ്യാര്‍ഥികളില്‍ മഹാഭൂരിഭാഗത്തിനും സൂറത്തുല്‍ ഫാത്തിഹയുടെ അര്‍ഥം പോലും അറിയില്ല എന്നതാണ് വസ്തുത. ഫാത്തിഹ അറിയില്ലെങ്കില്‍ പിന്നെ ബാക്കിയുള്ള കാര്യം പറയേണ്ടതില്ലല്ലോ.
ഖുര്‍ആന്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു തന്നെ പ്രധാന സൂറകളുടെ ആശയാര്‍ഥം പഠിക്കാനും കഴിയുന്നില്ല. നമ്മുടെ പല പണ്ഡിതന്മാര്‍ക്കും നിരവധി പ്രാര്‍ഥനകളും ഫിഖ്ഹീ മസ്അലകളും അറിയാമെങ്കിലും, അവര്‍ ഖുര്‍ആന്റെ ആശയം ഗ്രഹിക്കാന്‍ തുനിയുന്നതായി കാണുന്നില്ല. ഇത് തന്നെയാണ്  വലിയ പ്രശ്നങ്ങളിലൊന്നായി എനിക്ക് തോന്നുന്നത്.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പല കാരണങ്ങള്‍ ഉണ്ട്. ഇത്ര മാത്രമേ ഖുര്‍ആന്‍ പഠിക്കേണ്ടതുള്ളു എന്ന ധാരണയാണ് ഒന്ന്. ഓതാനും പുണ്യം കിട്ടാനും മാത്രമുള്ള ഗ്രന്ഥം എന്ന  തലത്തിലാണ് മുസ്ലിം സമൂഹം അതിനെ ഇപ്പോഴും കണക്കാക്കുന്നത്. തീര്‍ച്ചയായും പാരായണം ചെയ്താല്‍ പുണ്യം കിട്ടുന്ന ഗ്രന്ഥം തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍. എന്നാല്‍ മുസ്‌ലിംകള്‍ക്ക് കൂലി കിട്ടാന്‍ വേണ്ടി മാത്രം അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ലല്ലോ ഖുര്‍ആന്‍. മുസ്‌ലിംകളല്ലാത്തവരുള്‍പ്പെടെ മുഴുവന്‍ മനുഷ്യരുടെയും ജീവിത മാര്‍ഗദര്‍ശനമായി ആണല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്. മദ്‌റസ വിദ്യാഭ്യാസത്തിന്റെ ചില പരിമിതികള്‍ ഖുര്‍ആന്‍ പഠനത്തിന്റെ ഈയൊരു പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഖുര്‍ആന്‍ അതിന്റെ പാരായണത്തിലും വാക്കര്‍ഥത്തിലും ഒതുങ്ങിപ്പോകുന്നു എന്നതാണത്.  ഖുര്‍ആനിന്റെ ആശയ ഘടന മനസ്സിലാക്കുന്നതിനുള്ള അവസരം കൂടി ധാരാളമായി ഉണ്ടാവേണ്ടതുണ്ട്.

ആയാത്ത് ദര്‍സെ ഖുര്‍ആന്‍, 
ഓണ്‍ലൈന്‍ ആശയ പഠനം
ഖുര്‍ആന്‍ സമ്പൂര്‍ണമായ ആശയപഠനത്തിന് ഓണ്‍ലൈന്‍ സാധ്യത ഉപയോഗപ്പെടുത്തി ആരംഭിച്ച പദ്ധതിയാണ് ആയാത്ത് ദര്‍സെ ഖുര്‍ആന്‍. കേവല അര്‍ഥപഠനം എന്നതിലുപരി ഖുര്‍ആന്റെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. എന്താണ് ഖുര്‍ആന്റെ ശൈലി, ഭാഷ, ആശയ ഘടന, ഓരോ വിഷയത്തിലും ഖുര്‍ആന്റെ കാഴ്പ്പാട് തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ആനിലൂടെ തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ പഠനത്തിന്റെ രീതി.
എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും പഠനം. അതേസമയം വിദ്യാസമ്പന്നരായ ആളുകള്‍ക്ക് വേണ്ടി ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങളും മറ്റും അവതരണത്തില്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ വിദ്യാസമ്പന്നരും പ്രഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരും സാധാരണക്കാരും ധാരാളമായി ഈ പഠന വേദികളില്‍ എത്തുന്നു. വളരെ കൃത്യമായ സ്വഭാവത്തില്‍ ഓണ്‍ലൈനിലൂടെയാണ് ക്ലാസുകള്‍ നടക്കുന്നത്. ഒരിക്കല്‍ പോലും അധ്യാപകന്‍ വരാതിരിക്കുകയോ ലീവ് ആവുകയോ ചെയ്തിട്ടില്ല.
കൃത്യസമയത്ത് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. ആളുകള്‍ക്ക് വീട്ടിലിരുന്ന്, വലിയ തിരക്കുകള്‍ ഇല്ലാത്ത സമയത്ത്  ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പല പല തിരക്കുകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ്  ഖുര്‍ആന്‍ പഠനത്തിലൂടെ ഒരു ദിവസം ആരംഭിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ  സവിശേഷതയെന്ന് പലരും പറഞ്ഞിട്ടുണ്ട്. 
സുബ്ഹി നമസ്‌കാരം കഴിഞ്ഞ ശേഷം മറ്റു തിരക്കുകള്‍ ഇല്ലാത്തതിനാല്‍ നിരവധി പേര്‍ക്ക് ഈ സമയം ഉപയോഗപ്പെടുത്താന്‍ കഴിയുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുള്ള ആളുകളും ക്ലാസ്സില്‍  പങ്കെടുക്കുന്നുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങള്‍, ആസ്‌ത്രേലിയ, യൂറോ
പ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ ക്ലാസില്‍ സാന്നിധ്യമറിയിക്കുന്നു. ലൈവ് ക്ലാസ് കേള്‍ക്കാന്‍ കഴിയാത്തവര്‍  തൊട്ടടുത്ത സമയങ്ങളില്‍ തന്നെ ദിവസവും ഈ ക്ലാസുകള്‍ കേള്‍ക്കുന്നു എന്നതാണ് അനുഭവം. മുസ്‌ലിം സമൂഹവുമായി വലിയ ബന്ധങ്ങള്‍ ഇല്ലാതെ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന പലര്‍ക്കും ഓണ്‍ലൈനിലൂടെ ഈ പഠനം വളരെ ഉപകാരപ്പെടുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.
ക്ലാസുകള്‍ നടക്കുന്ന സമയം സ്ഥിരമായി ലൈവില്‍  ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ന്നുള്ള സമയങ്ങളിലും ധാരാളം ആളുകള്‍ അത് കേള്‍ക്കാറുണ്ട്. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ കൂടി ഇരുന്നാണ് ക്ലാസുകള്‍ ശ്രദ്ധിക്കാറുള്ളത്.
ബഷീര്‍ മുഹ്‌യിദ്ദീനും നാസര്‍ ചെറുകരയും ഞാനും ചേര്‍ന്നാണ് ദിവസങ്ങള്‍ ഇടവിട്ട് ക്ലാസുകള്‍ അവതരിപ്പിക്കുന്നത്.
രണ്ടര വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനായി പഠിക്കുവാന്‍ കഴിയുന്ന രീതിയിലാണ് പാഠ്യപദ്ധതി. ഒരു മാസം ഒരു ജുസ്അ് എന്ന സ്വഭാവത്തില്‍ മുന്നോട്ടു പോയാല്‍ മൂന്നു വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനായി പഠനം പൂര്‍ത്തീകരിക്കാം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച ക്ലാസുകള്‍ ഇപ്പോള്‍ പതിനാലു ജുസ്ഉകള്‍ പൂര്‍ത്തിയാക്കി. നിലവില്‍  സൂറഃ അര്‍റഅ്ദ് ആണ് പഠിപ്പിക്കുന്നത്. സൂം വഴി നടത്തുന്ന ദര്‍സില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഒരു ദിവസം പോലും സാങ്കേതിക തടസ്സം ഉണ്ടായിട്ടില്ല. നിലവില്‍ നാനൂറിലധികം ക്ലാസ്സുകള്‍ പിന്നിട്ട് മികച്ച പ്രതികരണങ്ങളോടെയും സജീവ പങ്കാളിത്തത്തോടെയും ആയാത്ത് ദര്‍സെ ഖുര്‍ആന്‍  മുന്നോട്ട് പോകുന്നു. അല്‍ഹംദുലില്ലാഹ്..
ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഇത്രയും വിസ്തരിച്ച് ഖുര്‍ആനിന്റെ മുഴുവന്‍ പഠനം വേറെ ഭാഷകളിലും അപൂര്‍വമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.  250-ലധികംപേരുള്ള 150 വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ക്ലാസ് വിവരങ്ങളും മറ്റും ഒരേ സമയത്ത് പങ്കുവെക്കാനും കഴിയും. മുസ്തഫ ഹുസൈന്‍ മലപ്പുറം, ഷമീം ചൂനൂര്‍, അബൂദര്‍റ് എടയൂര്‍, സാലിഹ് ഐ എന്നിവരുടെ നേതൃത്വത്തിലും സഹായത്തോടെയുമാണ്  സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നത്. ക്ലാസ്സുകള്‍ കഴിഞ്ഞ ഉടന്‍ അന്വേഷണങ്ങളും പ്രാര്‍ഥനയും ഉണ്ടാകും. പഠിതാക്കള്‍ക്ക് ഏതുസമയവും വാട്‌സ്ആപ്പ് വഴി അധ്യാപകരോട് അന്വേഷണങ്ങള്‍ നടത്താം.  ഇത് ആയാത്ത് ദര്‍സിന്റെ സജീവത നിലനിര്‍ത്താന്‍ സഹായകരമാണ്.  ക്ലാസിനു ശേഷവും ഉസ്താദുമാരും പഠിതാക്കളുമായി നിരന്തരമായ ബന്ധമുണ്ടാവുമെന്നര്‍ഥം. അമുസ്‌ലിം സുഹൃത്തുക്കള്‍ അടക്കം ഇതില്‍ പങ്കെടുക്കുകയും ചോദ്യോത്തരവേളയില്‍ സംശയങ്ങള്‍ ചോദിക്കുകയും ചെയ്യാറുണ്ട്. മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്‍ശാഅല്ലാഹ് കൂടുതല്‍ മികവു പുലര്‍ത്തി മുന്നോട്ടു പോകാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.

ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍
ഖുര്‍ആന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെട്ട അധ്യായമാണ് സൂറഃ യാസീന്‍. മരണാസന്നനായ വ്യക്തിക്ക് ഓതിക്കേള്‍പ്പിക്കുന്നതിനുള്‍പ്പെടെ ധാരാളം ആളുകള്‍ മനഃ
പാഠമാക്കാറുള്ള അധ്യായമാണ് അത്. ഖുര്‍ആന്‍ പഠന വേദികളുടെ ക്ലാസുകള്‍ ആരംഭിക്കുന്നത് സൂറഃ യാസീന്‍ വെച്ചാണ്. ക്രമപ്രവൃദ്ധമായ പഠനം എന്നതിനേക്കാള്‍ യാസീന്‍ കൊണ്ട് ആരംഭിക്കുമ്പോള്‍ ആളുകളില്‍ നിന്ന് നല്ല പ്രതികരണവും സജീവ പങ്കാളിത്തവും ലഭിക്കുന്നുണ്ട്. പരീക്ഷകളോ ചോദ്യോത്തര വേദിയോ സംഘടനാ പക്ഷപാതിത്വമോ ഫിഖ്ഹീ തര്‍ക്കങ്ങളോ ഒന്നും ഇല്ലാത്ത പൊതു ഇടങ്ങളില്‍ വെച്ച് ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് പഠന ക്ലാസ്സുകളിലുടനീളം ലഭിച്ചത്. രാത്രി സമയം നടക്കുന്നതു കൊണ്ട് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയാറുണ്ട്.
കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ചുരുങ്ങിയത് 750 ആളുകള്‍ വരെയുള്ള ഖുര്‍ആന്‍ പഠന വേദികള്‍  നമുക്ക് സാധ്യമാണ്. കുറഞ്ഞത് 100 പട്ടണങ്ങളില്‍ ഇത്തരം ക്ലാസുകള്‍ നമുക്ക് സാധ്യമാകും എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ഒരേ സമയം പതിനായിരക്കണക്കിന് ആളുകളിലേക്ക് ഖുര്‍ആന്റെ സന്ദേശം കൈമാറാന്‍ കഴിയും. ക്ലാസ് തുടങ്ങിയ മൂന്നു ജില്ലകളില്‍ ഒന്നില്‍ പോലും ആളുകളുടെ പങ്കാളിത്തം അഞ്ഞൂറില്‍ താഴെ കുറഞ്ഞിട്ടില്ല എന്നതാണ് അനുഭവം. അതും മാസങ്ങള്‍ അല്ല വര്‍ഷങ്ങള്‍ നീളുന്ന പഠന വേദികള്‍.
ഒമ്പതു വര്‍ഷം മുമ്പ് തിരൂരില്‍ ആരംഭിച്ച് പിന്നീട് പെരിന്തല്‍മണ്ണ, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, താനൂര്‍, ചാവക്കാട്  എന്നിങ്ങനെ ആറ് സ്ഥലങ്ങളില്‍ സജീവമായി ഈ ഖുര്‍ആന്‍ പഠന സദസ്സുകള്‍ നടന്നിരുന്നു. കോവിഡ് പ്രതിസന്ധിയുടെ ഇടവേളയില്‍ മാത്രമാണ് താല്‍ക്കാലികമായെങ്കിലും ഈ ക്ലാസുകള്‍ നിന്നത്. ഇന്‍ശാഅല്ലാഹ്, റമദാനിനു ശേഷം ക്ലാസുകള്‍ കൂടുതല്‍ സജീവമായി പുനരാരംഭിക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

മഹത്വം തിരിച്ചറിയുക
ഇസ്‌ലാമിനെ ശത്രുക്കള്‍ ഭയപ്പെടുന്നത് മുസ്‌ലിംകളുടെ കൈയില്‍ വിശുദ്ധ ഖുര്‍ആന്‍ ഉള്ളതുകൊണ്ട് തന്നെയാണ്.  മുസ്‌ലിംകളുടെ ഇസ്സത്ത് എന്ന് പറയുന്നത് വിശുദ്ധ ഖുര്‍ആനല്ലാതെ മറ്റൊന്നുമല്ല.
നമ്മുടെ കൈയിലുള്ള ഒരു ദൃഷ്ടാന്തമാണ് അത്. മുന്‍ കഴിഞ്ഞു പോയ പ്രവാചകന്മാര്‍ക്ക്  ലഭിച്ച ദൃഷ്ടാന്തങ്ങള്‍  പോലെ മുസ്‌ലിംകള്‍ക്ക് പ്രവാചകനിലൂടെ ലഭിച്ച ദൃഷ്ടാന്തമാണ് വിശുദ്ധ ഖുര്‍ആന്‍. മൂസാനബിക്ക് ലഭിച്ച വടി വേറെ ഒരാളിട്ടാല്‍ പാമ്പ് ആവില്ലല്ലോ. അത് മൂസാ നബിക്ക് മാത്രം അല്ലാഹു നല്‍കിയതാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ നമുക്ക് ലഭിച്ച വിശുദ്ധ ഖുര്‍ആന്‍ വൈരുധ്യങ്ങള്‍ ഇല്ലാതെ, കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ അത്ഭുതകരമായി നിലനില്‍ക്കുന്നു.
അതിലെ  പ്രവചനങ്ങള്‍ പുലരുന്നു. അത് അല്ലാഹുവിന്റെ പ്രഖ്യാപനം കൂടിയാണ്. ആധുനിക ശാസ്ത്രത്തിന് വിരുദ്ധമായ ഒരു പരാമര്‍ശവും അതില്‍ കാണാന്‍ കഴിയില്ല. 400 വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള ഗ്രന്ഥത്തില്‍ പോലും ധാരാളം അവ്യക്തതകളും തെറ്റുകളും കാണാന്‍ കഴിയുമെങ്കിലും 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആനില്‍ അങ്ങനെയൊന്നും കണ്ടെത്തുക സാധ്യമല്ല.
ആ അര്‍ഥത്തില്‍ ആധുനിക ലോകത്തിനു മുമ്പില്‍ ഖുര്‍ആനെ ഉയര്‍ത്തിക്കാണിക്കാന്‍ മുസ്‌ലിം സമൂഹത്തിന് കഴിയേണ്ടിയിരിക്കുന്നു. അങ്ങനെ ആ ഗ്രന്ഥം പഠിക്കുമ്പോഴാണ് കേവലം മതഗ്രന്ഥം എന്നതിലുപരി അതിനെയൊരു വിമോചന ഗ്രന്ഥമായി നമുക്ക് സമര്‍പ്പിക്കാന്‍ കഴിയുക. ഇസ്‌ലാം വിരുദ്ധ ശക്തികള്‍ക്കറിയാം വിശുദ്ധ ഖുര്‍ആന്‍  വിമോചന ശക്തിയുള്ള ഗ്രന്ഥമാണെന്ന്. കാരണമത് പലിശക്കെതിരാണ്, ലൈംഗിക അരാജകത്വത്തിനെതിരാണ്, ചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും വര്‍ണവിവേചനത്തിനും എതിരാണ്. തിരുത്താനോ കൂട്ടിച്ചേര്‍ക്കാനോ പറ്റാത്ത വിധം ലക്ഷക്കണക്കിനാളുകളുടെ ഹൃദയങ്ങളില്‍ അത് കുടികൊള്ളുന്നു.
ഇസ്ലാം ഭീകരമാണ് എന്ന കുപ്രചാരണം നടത്തുന്നത് മുസ്ലിംകളുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ട് എന്ന അര്‍ഥത്തിലല്ല. സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയുമെല്ലാം താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നിലകൊള്ളുന്ന ഖുര്‍ആന്‍ കൈയിലേന്തിയ സമൂഹമാണ് മുസ്‌ലിംകള്‍ എന്ന നിലക്കാണ്. അവരുടെ കൈയിലുള്ള ഖുര്‍ആനെ പേടിക്കണം എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും.
ഖുര്‍ആനിലെ ചില ആയത്തുകള്‍ മാത്രം അടര്‍ത്തിയെടുത്ത് ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും അവര്‍ ശ്രമിക്കും. ഇതും ഒരു അവസരമായി മുസ്‌ലിം സമൂഹത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയണം. അത്തരം ആയത്തുകളെ കുറിച്ച് പഠിച്ച് വസ്തുത വിശദീകരിച്ചു കൊടുക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
മുസ്‌ലിം സമുദായം ഖുര്‍ആനിന്റെ കേവല അക്ഷര വായനയില്‍ ഒതുങ്ങുന്ന കാലം വരുമെന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരാള്‍ എന്ത് ചെയ്യണം എന്ന നിര്‍ദേശങ്ങള്‍ കൂടി അടങ്ങിയ ഗ്രന്ഥമാണല്ലോ വിശുദ്ധ ഖുര്‍ആന്‍. കേവലം ഉരുവിടുന്ന ഗ്രന്ഥമായി മാത്രം നമുക്കതിനെ കാണാന്‍ കഴിയില്ല.
ഈ ഗൗരവം സമൂഹത്തെ ബോധ്യപ്പെടുത്താനായാല്‍  ഖുര്‍ആനികമായ വലിയ മാറ്റങ്ങള്‍ ലോകത്ത് നമുക്ക് സൃഷ്ടിക്കാന്‍ കഴിയും.
ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് ധാരാളം ആളുകള്‍ കടന്നുവരാനും പ്രസ്ഥാനത്തിന്റെ സഹയാത്രികരാകാനും വഴിയൊരുക്കിയത് ഖുര്‍ആന്‍ പഠന വേദികളാണ്. ആ അര്‍ഥത്തില്‍ ഖുര്‍ആന്‍ പഠന വേദികള്‍ നമ്മുടെ നാട്ടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഖുര്‍ആനിനെയും ഇസ്‌ലാമിന്റെ സമഗ്രതയെയും മനസ്സിലാക്കാന്‍ കഴിഞ്ഞത്  ജനകീയ ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ മുഖേനയാണ്.
പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പ്രധാന സൂറകളുടെയെങ്കിലും ആശയങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ നമുക്ക് കഴിയണം. അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.
പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന ഗ്രന്ഥമാണല്ലോ വിശുദ്ധ ഖുര്‍ആന്‍. പരമാവധി ജനകീയമായ പഠന സംവിധാനങ്ങള്‍ ഇനിയും ഉണ്ടാകണം. ഇപ്പോള്‍ അത് മുസ്‌ലിംകള്‍ക്കിടയില്‍ പരിമിതമാണ്. അത് മാറി അമുസ്ലിംകള്‍ക്കു കൂടി മനസ്സിലാകുന്ന തരത്തിലേക്ക് അത് വളരണം. ഖുര്‍ആനിന്റെ കഥകള്‍ പൊതു സമൂഹം പറയുന്ന കഥകളായും, ഖുര്‍ആനിലെ ഉദാഹരണങ്ങള്‍ പൊതുസമൂഹം പറയുന്ന ഉദാഹരണങ്ങളായും മാറണം.
വിശുദ്ധ ഖുര്‍ആന്‍ പഠനത്തിലൂടെ തന്നെ മുസ്ലിം സമൂഹത്തില്‍ ഐക്യചിന്ത ശക്തിപ്പെടുത്താനും കഴിയും. ആ ചിന്തയും പഠനവും ജീവിത വഴിയായി സ്വീകരിച്ച് വിശുദ്ധ ഖുര്‍ആനിനോടൊപ്പം നമുക്ക് മുന്നോട്ട് നീങ്ങാം. നാഥന്‍ തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്‌ 5-9
ടി.കെ ഉബൈദ്‌