Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 08

3247

1443 റമദാന്‍ 6

എന്താണ് ഫിസ്ഖ്, ആരാണ് ഫാസിഖ്?

നൗഷാദ്  ചേനപ്പാടി

فسق الرطب إذا خرج من قشرها എന്ന അറബി പ്രയോഗത്തില്‍ നിന്നാണ്  فسق / فاسق   എന്നീ പദങ്ങളുടെ ഭാഷാപരമായ നിഷ്പത്തി. അഥവാ കുരു അതിന്റെ തോടില്‍നിന്ന് പുറത്തുവരിക എന്നര്‍ഥം.
എലിയെ   فويسقة എന്നുപറയും. കാരണം, لخروجها من جحرها على الناس و إفسادها

എലി അതിന്റെ മാളത്തില്‍നിന്ന് പുറത്തു കടന്ന് ജനങ്ങളുടെ വസ്തുക്കള്‍ തകരാറിലാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.

ഭാഷാപണ്ഡിതന്‍ ഇമാം ഖത്വാബി പറയുന്നു: أصل الفسق الخروج عن الإستقامة

'ഫിസ്ഖ്' എന്ന പദത്തിന്റെ അടിസ്ഥാനാര്‍ഥം ശരിയായതും നേരായതുമായ അവസ്ഥയില്‍നിന്ന് പുറത്തുകടക്കുക എന്നാണ്.
ഈ ഭാഷാ പ്രയോഗങ്ങളില്‍നിന്നും فسق  എന്ന പദത്തിന്റെ കേന്ദ്രാശയം ഇങ്ങനെയാണ്.

المعنى المحوري :  خروج الشيء عن غلافه أو حيّزه لحدّة أو  فساد
അതായത് ഒരു വസ്തു കേടാകുന്നതു മൂലമോ അതിന്റെ രൂക്ഷത മൂലമോ പുറംതോടില്‍നിന്നും പുറത്തുകടക്കുക എന്ന്.
ഈ ഭാഷാ വിശകലനത്തില്‍ നിന്നും അതിന്റെ കേന്ദ്രാശയത്തില്‍നിന്നും വ്യക്തമാകുന്നതിതാണ്: ഒരു കുരുവോ വസ്തുവോ അത് കേടാകുന്നതു മൂലമോ അതിന്റെ രൂക്ഷത നിമിത്തമോ അതിനെ പൊതിഞ്ഞു നില്‍ക്കുന്ന ആവരണത്തില്‍നിന്ന് പുറത്തുകടക്കുക. പുറത്തുകടന്നാലും അത് മറ്റുള്ളവര്‍ക്ക് തകരാറുണ്ടാക്കും.
ദീനില്‍ സാങ്കേതികമായി അതിന്റെ അര്‍ഥം ഇതാണ്: അല്ലാഹുവിനോടുള്ള അനുസരണത്തില്‍നിന്നും ധിക്കാരത്തോടെ പുറത്തു കടക്കുക. ഇബ്‌ലീസിനെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞു:

ففسق عن أمر ربّه ( الكهف: ٥٠ ) يعني: خرج من طاعة ربّه
അങ്ങനെ ഇബ്‌ലീസ് തന്റെ റബ്ബിന്റെ കല്‍പനയെ ധിക്കരിച്ചു (സൂറ: അല്‍കഹ്ഫ്: 50). അഥവാ അവന്‍ തന്റെ റബ്ബിനോടുള്ള അനുസരണത്തില്‍നിന്നും പുറത്തുചാടി.
ഇബ്‌ലീസ് അല്ലാഹുവിനെ അനുസരിക്കാതെ  ധിക്കരിച്ചത് അവന്റെ അറിവില്ലായ്മകൊണ്ടോ അവന്റെ ദൗര്‍ബല്യംകൊണ്ടോ ആയിരുന്നില്ലല്ലോ. അവന്റെ അഹങ്കാരത്താലും ധിക്കാരത്താലും ആയിരുന്നു. അത് ഇബ്‌ലീസിന് കേടുപിടിച്ച  ദുഷ്ടമനസ്സുള്ളതിനാലും, തന്റെ സ്രഷ്ടാവിനെപ്പോലും അനുസരിക്കാനോ അവനു കീഴൊതുങ്ങാനോ ഉള്ള മനോഭാവം പോലുമില്ലാത്ത, അത്രക്കും രൂക്ഷതയും കടുത്ത മനസ്സും ഉള്ളവനാലുമാണ്. അല്ലാഹുവിനോടുള്ള അനുസരണത്തില്‍നിന്ന് പുറത്തു ചാടിയിട്ട് അവന്‍ മനുഷ്യരെ കുഴപ്പത്തിലും നാശത്തിലും അകപ്പെടുത്തുന്ന പണിയിലല്ലേ ഏര്‍പ്പെട്ടിരിക്കുന്നത്. എവിടെയും ഫാസിഖിന്റ പ്രകൃതം അങ്ങനെത്തന്നെയാണ്. അത് കുടുംബത്തിലായാലും മഹല്ലിലായാലും സമൂഹത്തിലായാലും സംഘടനയിലോ മറ്റേത് ഘടനയിലോ  ആയാലും. അവന്‍ പുറത്തു പോവുക മാത്രമല്ല അതിനെതിരില്‍ എപ്പോഴും കുഴപ്പവും പ്രശ്‌നങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യും.

الفاسق: الخارج عن الحق و الخارج من طاعة الله تعالى فتارة يكون ذلك بكفر و تارة يكون بعصيان غير الكفر و من كان مؤمنا و فسق بمعصية دون الكفر فانّه فاسق بفسقه مؤمن بإيمانه أي لم يخرج بفسقه عن الإيمان و لا بلغ حدّ الكفر

(അപ്പോള്‍ ഫാസിഖ്- ധിക്കാരി -  സത്യത്തില്‍നിന്നും അല്ലാഹുവിനോടുള്ള അനുസരണത്തില്‍നിന്നും പുറത്തുചാടിയവനാണ്. അത് ചിലപ്പോള്‍ ഇസ്‌ലാമില്‍ വിശ്വസിക്കലും അനുഷ്ഠിക്കലും  നിര്‍ബന്ധമായ കാര്യങ്ങളെ നിഷേധിച്ചുകൊണ്ടാവാം. അല്ലെങ്കില്‍ ഈ നിഷേധ(കുഫ്ര്‍)മല്ലാത്ത, ശരീഅത്തില്‍ അനുസരിക്കേണ്ട കാര്യങ്ങളോടുള്ള ധിക്കാരം മൂലമോ ആയിരിക്കാം. അഥവാ മുഅ്മിനാണെങ്കില്‍ അവനെ ഫാസിഖെന്നു പറയുന്നത് ഇസ്‌ലാമില്‍നിന്നു പുറത്തുപോകുന്ന കുഫ്ര്‍ വെളിവാക്കിയതുകൊണ്ടല്ല, മറിച്ച് ഇസ്‌ലാമിന്റെ ഘടനയില്‍ അനുസരിക്കേണ്ട കാര്യങ്ങളെ ധിക്കരിച്ചതിനാലാണ്).
അങ്ങനെ വരുമ്പോള്‍ അവന്‍ തന്റെ ധിക്കാര സമീപനത്താല്‍ ഫാസിഖും, ഈമാന്‍ ഉള്‍ക്കൊണ്ടവനെന്ന നിലക്ക് മുഅ്മിനും ആയിരിക്കും; അഥവാ അവന്‍ തന്റെ 'ഫിസ്ഖു' കൊണ്ട് മുഅ്മിനല്ലാതായി കുഫ്‌റിലേക്കെത്തുന്നില്ല എന്നര്‍ഥം. അവനെ കാഫിര്‍ എന്നു വിശേഷിപ്പിക്കാന്‍ പാടില്ല എന്നു ചുരുക്കം.
ഖുര്‍ആനിലും ഹദീസിലും ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അവിടെയെല്ലാം മനസ്സിലാക്കുന്നിടത്തും ജനങ്ങള്‍ക്കു വിശദീകരിച്ചു കൊടുക്കുന്നതിലും തെറ്റുപറ്റാന്‍ പാടില്ല. അഥവാ മര്‍മപ്രധാനമായ ഈ വശം പരസ്പരം മാറിപ്പോകാന്‍ പാടില്ല. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 71-76
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രാര്‍ഥനകള്‍ സഫലമാകാതിരിക്കില്ല
സഈദ് ഉമരി മുത്തനൂര്‍