ഇബാദത്ത് മധുരാനുഭൂതിയാകുമ്പോള്‍
മനുഷ്യന് ഇബാദത്തിന് ഉദ്യുക്തനാകുന്നതും ആരാധനയുടെ സരണിയിലേക്ക് പ്രവേശിക്കുന്നതും ദൈവികമായ ഉള്‍വിളിയുടെയും ഉതവിയുടെയും ഫലമായാണ്. 'ഒരാളുടെ മനസ്സ് അല്ലാഹു ഇസ്‌ലാമിന് വേണ്ടി തുറന്നു കൊടുത്തതിനാല്‍ അവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചത്തില്‍ ചരിക്കുന്നു' (അസ്സുമര്‍: 22) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ പൊരുള്‍ അതാണ്. അത് തന്നെയാണ് നബി(സ) വിശദീകരിച്ചത്: 'പ്രകാശം ഹൃദയത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഹൃദയം വികസിക്കുകയും വിശാലമാവുകയും ചെയ്യും.' അപ്പോള്‍ ചോദ്യമുയര്‍ന്നു: 'അല്ലാഹുവിന്റെ ദൂതരേ, അത് തിരിച്ചറിയാനും ബോധ്യപ്പെടാനും വല്ല അടയാളവുമുണ്ടോ?' നബി(സ): 'ഉണ്ട്. ഭ്രമാത്മകതയുടെ ഈ ലോകത്തില്‍നിന്ന് അകലം പാലിക്കാന്‍ കഴിയുക, ശാശ്വത ഭവനത്തിലേക്ക് തിരിച്ചു പോകാന്‍ സാധിക്കുക, മരണം വന്നെത്തും മുമ്പേ മരണത്തെ വരിക്കാന്‍ സന്നദ്ധനാവുക.'
ദൈവദാസന്റെ ഹൃദയത്തിലേക്ക് ഒന്നാമതായി ഓടിയെത്തുന്ന ചിന്ത ഇങ്ങനെ സംക്ഷേപിക്കാം: 'നാനാതരം അനുഗ്രഹങ്ങളാല്‍ ധന്യനാണ് ഞാന്‍. ജീവിതം, കഴിവ്, ശേഷി, ബുദ്ധി, സംസാരവൈഭവം, വികാരങ്ങള്‍, വിചാരങ്ങള്‍, ആസ്വാദനങ്ങള്‍, അനുഭൂതികള്‍, വിപത്തുകളില്‍നിന്നും അനര്‍ഥങ്ങളില്‍നിന്നുമുള്ള മുക്തി... ഇങ്ങനെ എണ്ണിയാല്‍ അറ്റമില്ലാത്ത അനുഗ്രഹങ്ങളുടെ പെരുമഴ. ഈ അനുഗ്രഹങ്ങള്‍ക്കൊരു ദാതാവുണ്ട്. തനിക്ക് നന്ദി പ്രകടിപ്പിക്കാനും സേവനം ചെയ്യാനും അവന്‍ എന്നോട് ആവശ്യപ്പെടുന്നുണ്ട്. ഞാന്‍ അശ്രദ്ധനായി കഴിഞ്ഞാല്‍ ഈ അനുഗ്രഹങ്ങള്‍ അവന്‍ എന്നില്‍നിന്ന് എടുത്തുകളയും, അവന്റെ കോപത്തിനും ശിക്ഷാ നടപടിക്കും ഞാന്‍ വിധേയനാകും. സാധാരണ മനുഷ്യന് അസാധ്യമായ അത്ഭുത സിദ്ധികളും അമാനുഷ ദൃഷ്ടാന്തങ്ങളുമായി എന്റെ അടുക്കലേക്ക് അവന്‍ തന്റെ ദൂതനെ അയച്ചു. നിത്യജീവത്തായ അസ്തിത്വവും അഭിജ്ഞനും കല്‍പിക്കാനും നിരോധിക്കാനും അധികാരമുള്ളവനും, ധിക്കരിച്ചാല്‍ ശിക്ഷിക്കാനും അനുസരിച്ചാല്‍ പ്രതിഫലം നല്‍കാനും കഴിവുറ്റവനുമായ ഒരു രക്ഷിതാവ് എനിക്കുണ്ടെന്ന് ആ ദൂതന്‍ എന്നെ അറിയിച്ചു. എന്റെ രഹസ്യങ്ങള്‍ അറിയുന്നവനും മനസ്സ് മന്ത്രിക്കുന്നത് കേള്‍ക്കുന്നവനുമാകുന്നു അവന്‍. അവന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്തു. നരകത്തെക്കുറിച്ച് താക്കീത് നല്‍കി. ശര്‍ഈ നിയമങ്ങള്‍ക്ക് അനുരോധമായി ജീവിക്കാന്‍ അവന്‍ കല്‍പിച്ചു. ഇത് സാധ്യമാണെന്ന ചിന്ത ഹൃദയത്തില്‍ പതിച്ചു. പ്രഥമ ദൃഷ്ട്യാ ഇത് അസംഭവ്യമാണെന്ന് വിധിക്കാന്‍ ബുദ്ധിക്ക് സാധിച്ചിട്ടുമില്ല.' അന്നേരം അവന്റെ അകതാരില്‍ ഭയം നാമ്പെടുക്കുകയും അവന്‍ ഭയവിഹ്വലനായിത്തീരുകയും ചെയ്യുന്നു.
ഇതാണ് ദൈവദാസനെ ഉണര്‍ത്തുന്ന ഭയത്തിന്റെ അന്തഃചോദന. ഒഴിഞ്ഞ് മാറാനോ ഒഴികഴിവ് പറയാനോ ആവാത്തവിധം അനിഷേധ്യമായ തെളിവുകള്‍ അവന്റെ മുമ്പില്‍ എഴുന്ന് നില്‍ക്കുന്നു. ചിന്തിക്കാനും തെളിവുകള്‍ തിരയാനും അവന്റെ മനസ്സ് പിടയ്ക്കുകയായി പിന്നെ. ദൈവദാസന്റെ അന്തരംഗത്ത് വിഭ്രമങ്ങളുടെ വേലിയേറ്റം നടക്കുന്ന സമയമാണത്. പരിഭ്രമചിത്തനായ അവന്റെ കണ്ണുകള്‍ രക്ഷാമാര്‍ഗം തേടി ഉഴറുകയായി. മനസ്സില്‍ പതിച്ചതും കാതുകളില്‍ ഇരമ്പിയതുമായ വിചാര മര്‍മരങ്ങള്‍ വേട്ടയാടുമ്പോള്‍ പിന്നെ അഭയം പ്രാപിക്കാനൊരു തുരുത്ത് കണ്ടെത്തിയെങ്കിലെന്ന് അതിയായി ആശിക്കുന്ന അവന്റെ ഹൃദയം. ബുദ്ധി ഉപയോഗിച്ച് തെളിവുകളെ കുറിച്ച് പരിചിന്തനം നടത്തുകയല്ലാതെ അവന്റെ മുമ്പില്‍ വേറെ വഴിയില്ല. സൃഷ്ടിയിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനുള്ള ത്വരയായി പിന്നെ. അങ്ങനെ ജ്ഞാനവും ദൃഢബോധ്യവും അവന്ന് ലഭിക്കുകയായി. ഇന്ന് വരെ അദൃശ്യമായിരുന്നു അവയെല്ലാം. തന്നോട് ആജ്ഞാപിക്കാനും നിരോധിക്കാനും തനിക്ക് ചുമതലകള്‍ നല്‍കാനും ഒരു രക്ഷിതാവുണ്ടെന്ന തിരിച്ചറിവിലേക്ക് ഈ ഉള്‍വിളിയും അന്തഃചോദനയും അവനെ നയിക്കും.
ഇബാദത്തിന്റെ വഴിയിലെ ഒന്നാമത്തെ ഗിരിമാര്‍ഗം അറിവിന്റെയും ആന്തരിക ജ്ഞാനത്തിന്റെയും തടസ്സങ്ങള്‍ തട്ടി മാറ്റുക എന്നതാണ്. ഓരോ വിഷയത്തെക്കുറിച്ചുമുള്ള ഉള്‍ക്കാഴ്ചയോടെ വേണം തടസ്സങ്ങളെ മറികടക്കുന്നത്. തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ചും ചിന്തിച്ചും മനനം ചെയ്തും പരലോക വിജ്ഞാനീയങ്ങളില്‍ നിഷ്ണാതരായ പണ്ഡിതന്മാരുമായി സംവദിച്ചും വേണം ഗിരിമാര്‍ഗങ്ങള്‍ താണ്ടുന്നത്. പണ്ഡിതന്മാര്‍ സമുദായത്തിന്റെ വിളക്കുകളാണ്, നേതാക്കന്മാരുടെ നായകരാണ്. അവരില്‍നിന്ന് വെളിച്ചം സ്വീകരിക്കണം. അവരുടെ പ്രാര്‍ഥന പ്രസരിപ്പിക്കുന്ന വെളിച്ചത്തിലാവണം മുന്നോട്ടുള്ള ചുവട് വെപ്പുകള്‍. അങ്ങനെ സിദ്ധമാവുന്നതാണ് അറിവും അദൃശ്യകാര്യങ്ങളിലെ ദൃഢബോധ്യവും. സ്രഷ്ടാവും നിയന്താവും സംരക്ഷകനുമായ അല്ലാഹുവിന് സര്‍വാത്മനാ സമര്‍പ്പിക്കാനുള്ളതാണ് തന്റെ ജീവിതമെന്ന തിരിച്ചറിവില്‍നിന്ന് ഉല്‍ഭൂതമാകുന്നതാണ്, അനുഗ്രഹദാതാവായ സ്രഷ്ടാവിനോടുള്ള നന്ദി പ്രകാശനത്തില്‍നിന്നും ഇബാദത്തില്‍നിന്നും മുക്തമായ ഒരു നിമിഷവും തനിക്കുണ്ടാവരുതെന്ന ദൈവദാസന്റെ ദൃഢനിശ്ചയവും ആരാധനാ കര്‍മങ്ങളോടുള്ള അഭിനിവേശവും. സ്രഷ്ടാവിന്റെ സവിധത്തിലേക്കുള്ള തീര്‍ഥയാത്രയില്‍ കൂടെ കരുതേണ്ട പാഥേയമാണ് പ്രത്യക്ഷമായും പരോക്ഷമായും ആന്തരികമായും ബാഹ്യമായും താന്‍ അനുഷ്ഠിക്കേണ്ട നിര്‍ബന്ധ കര്‍മങ്ങളെക്കുറിച്ച അറിവും അവബോധവും. ശര്‍ഈ വിജ്ഞാനീയങ്ങളുടെ അഗാധ തലങ്ങളിലേക്കിറങ്ങുന്ന 'മഅ്‌രിഫത്തി'ന്റെയും ആന്തരജ്ഞാനത്തിന്റെയും അടയാളമുദ്ര 'പഠനം പൂര്‍ത്തിയാകുവോളം കഠിനാധ്വാനത്തില്‍ മുഴുകുക' എന്നതാണ്.
ആത്മജ്ഞാനത്തിന്റെയും നിര്‍ബന്ധാനുഷ്ഠാനങ്ങളെക്കുറിച്ച അറിവിന്റെയും വെളിച്ചം അന്തഃരംഗങ്ങളില്‍ കടന്നാല്‍, പിന്നെ മനസ്സിനെ അലട്ടുന്ന ഒരേയൊരു ചിന്തയും ജീവിത വ്യവഹാരങ്ങളുടെ പ്രഥമ ചാലകശക്തിയുമായിത്തീരും ഇബാദത്തിനോടുള്ള അനുരാഗവും ആഭിമുഖ്യവും.
മുന്നോട്ടു ഗമിക്കാന്‍ തുനിയുമ്പോള്‍ അതാ മുമ്പില്‍ മറ്റൊരു തടസ്സം. നിരവധി തെറ്റുകളും കുറ്റങ്ങളും ചെയ്തുകൂട്ടിയ വ്യക്തിയാണ് താന്‍. ഇതാണ് അധിക ജനങ്ങളുടെയും സ്ഥിതി. അപ്പോള്‍ അവന്‍ ആത്മഗതം ചെയ്യുന്നു. ദൈവധിക്കാരത്തില്‍ മുഴുകുകയും പാപത്തിന്റെ മാലിന്യത്തില്‍ അഭിഷിക്തനാവുകയും ചെയ്തവനാണല്ലോ താന്‍! അപ്പോള്‍ ഞാന്‍ ആദ്യം വേണ്ടത് പശ്ചാത്തപിക്കുകയാണ്. പാപമുക്തി കൈവരിക്കുകയും മാലിന്യങ്ങളില്‍നിന്ന് മോചിതനാവുകയും ചെയ്യുകയാണ്. അപ്പോള്‍ മാത്രമേ ദൈവസാമീപ്യം ലഭിക്കാന്‍ താന്‍ യോഗ്യനാവുകയുള്ളൂ. അതോടെ അവന്‍ പശ്ചാത്താപത്തിന്റെ, തൗബയുടെ ഗിരിമാര്‍ഗം താണ്ടാന്‍ തയാറെടക്കുകയായി. തൗബയുടെ നിബന്ധനകളും ചട്ടങ്ങളും പൂര്‍ണാര്‍ഥത്തില്‍ പാലിച്ച് അയാള്‍ ആ തടസ്സങ്ങള്‍ തരണം ചെയ്യും.
നിഷ്‌കളങ്കമായ തൗബ ചെയ്ത് വിമലീകരിക്കപ്പെട്ട സംശുദ്ധ മനസ്സുമായി ഇബാദത്തിന്റെ വിഹായസ്സിലേക്ക് കടക്കുമ്പോള്‍ അതാ മുന്നില്‍ നിരവധി തടസ്സങ്ങള്‍ പര്‍വതങ്ങള്‍ കണക്കെ വഴിമുടക്കി നില്‍ക്കുന്നു. തടസ്സങ്ങള്‍ ഓരോന്നും അപഗ്രഥിച്ചപ്പോള്‍ തിരിഞ്ഞു അവ മുഖ്യമായി നാലെണ്ണമാണ്. ഇഹലോകം, സമസൃഷ്ടികള്‍, പിശാച്, ദേഹേഛ. ഇബാദത്തിന്റെ ആകാശങ്ങളില്‍ കാല്‍കുത്തണമെങ്കില്‍ നാല് തടസ്സങ്ങളും മുന്നില്‍നിന്ന് നീക്കണം. അതിന്ന് നാല് കാര്യങ്ങള്‍ അനിവാര്യമാണ്. ഇഹലോക വിരക്തി, ഏകാന്തതയും ഏകാഗ്രതയും, പിശാചിനോട് നിരന്തര സമരം, ദേഹേഛയോടുള്ള പോരാട്ടം. ആ പോരാട്ടമാണ് കഠിനം. തഖ്‌വയുടെ കടിഞ്ഞാണിട്ട് ദേഹേഛകളെ മെരുക്കി അനുസരണത്തിന്റെ പാതയിലേക്ക് കൊണ്ട് വരണം. ദൈവിക സഹായത്തോടെ നാല് തടസ്സങ്ങളും നീക്കി മുന്നോട്ടു ഗമിക്കുമ്പോള്‍ അതാ മുന്നില്‍ വീണ്ടും ചില പ്രതിബന്ധങ്ങള്‍.
ഇബാദത്തിന്റെ അനുഭൂതികള്‍ നുകരുന്നതില്‍നിന്ന് തന്നെ തടയുന്ന പ്രതിബന്ധളെക്കുറിച്ചാലോചിച്ചപ്പോള്‍ ബോധ്യമായി അവ മുഖ്യമായി നാലാണ്:
ഒന്ന്: ആഹാരം: അയാളുടെ മനസ്സ് അയാളോട് മന്ത്രിക്കുന്നു. ആഹാരം ഇല്ലാതെ ഒക്കില്ലല്ലോ. അതല്ലേ നിലനില്‍പിന്നാധാരം! സംസാര ലോകത്തോട് വിടപറയുകയും സമസൃഷ്ടികളില്‍നിന്ന് അകന്ന് നില്‍ക്കുകയും ചെയ്താല്‍ ആഹാരം എങ്ങനെ കിട്ടും?
രണ്ട്: നാനാദിക്കില്‍നിന്നും വന്ന് പതിക്കുന്ന വിപത്തുകളും അപകടങ്ങളും. ഭയം, പ്രതീക്ഷ, ആഗ്രഹങ്ങള്‍, അനഭിലഷണീയ കാര്യങ്ങള്‍, കാമനകള്‍, അങ്ങനെ നിരവധി. ഒന്നിന്റെയും പരിണതി എന്തെന്നറിയില്ല, നന്മയാവാം, നാശമാവാം, ഭാവി അജ്ഞാതമാണ്.
മൂന്ന്: കഠിന പരീക്ഷണങ്ങള്‍. ഇഹലോകത്തോടും പിശാചിനോടും ദേഹേഛയോടും പടവെട്ടുമ്പോള്‍ എന്തെല്ലാം വ്യഥകളാണ് വന്ന് ഭവിക്കുന്നത്! എത്ര കയ്പ്‌നീരാണ് കുടിച്ചിറക്കേണ്ടത്! എന്തെല്ലാം പരീക്ഷണങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്!
നാല്: കയ്പും മധരവും കണ്ണീരും പുഞ്ചിരിയും ഉള്‍ച്ചേര്‍ന്ന ഖദ്‌റും ഖളാഉം. മനസ്സ് പതറുന്നു, കരുത്ത് ചോര്‍ന്നു പോകുന്നു. വിധിയെ പഴിക്കുന്നു. ജീവിതത്തിന്റെ അച്ചാണി നഷ്ടപ്പെടുന്നു. ഇതിനെ മറികടക്കാന്‍ നാല് കാര്യങ്ങള്‍ വേണം. തവക്കുല്‍, സമര്‍പ്പണമനസ്സ്, ക്ഷമ, ആത്മസംതൃപ്തി.
ഈ തടസ്സങ്ങള്‍ തട്ടിമാറ്റി മുന്നോട്ട് നീങ്ങുമ്പോള്‍ അതാ മറ്റൊരു പ്രതിബന്ധം. അലസതയും അശ്രദ്ധയും. അത് മറികടക്കാന്‍ അല്ലാഹുവിന്റെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയും ശിക്ഷയെക്കുറിച്ച ഭയവും ഉണ്ടാവണം.
ആ തടസ്സവാദങ്ങളെയും അതിജീവിച്ച് മുന്നോട്ട് ഗമിക്കുമ്പോള്‍ മറ്റൊരു വിപത്ത്. പ്രകടന വാഞ്ഛയും ആത്മ രതിയും. ഇഖ്‌ലാസ്വ് കൊണ്ടാണ് ഈ തടസ്സങ്ങളെ തട്ടിമാറ്റേണ്ടത്.
ഈ തടസ്സങ്ങളെല്ലാം അതിജീവിച്ച് മുന്നേറാന്‍ കഴിഞ്ഞാല്‍ ദൈവസ്തുതിയുടെയും നന്ദി പ്രകാശനത്തിന്റെയും ലോകത്ത് അവന്ന് പ്രവേശിക്കാം. നിതാന്ത സമരത്തിന്റെയും പടയോട്ടത്തിന്റെയും കുതിപ്പും കിതപ്പും കഴിഞ്ഞാല്‍ പിന്നെ ഇബാദത്തിന്റെ സദ്ഫലങ്ങള്‍ ആസ്വദിക്കാനുള്ള വഴി അവന്റെ മുന്നില്‍ തെളിയുകയായി. അത്യുദാരനായ അല്ലാഹുവിന്റെ ഇഷ്ടവും സ്‌നേഹവും ഒളിചിതറുന്ന ചക്രവാളങ്ങളിലേക്ക് കടക്കാനുള്ള മഹാഭാഗ്യം കടാക്ഷിക്കുകയായി പിന്നെ.
(ഇമാം ഗസ്സാലിയുടെ 'മിന്‍ഹാജുല്‍ ആബിദീന്‍ ഇലാ ജന്നത്തി റബ്ബില്‍ ആലമിന്‍' എന്ന ഗ്രന്ഥത്തിന്റെ മുഖവുരയുടെ സംഗ്രഹം: പി.കെ ജമാല്‍).
Comments