Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 08

3247

1443 റമദാന്‍ 6

നിങ്ങള്‍  ഹെല്‍പ്  അദേഴ്‌സ്  ഗ്രൂപ്പാണ്

സി.പി ജോണ്‍

ഒരാള്‍, അയാള്‍ ആരുമാവട്ടെ, അയാള്‍ നീതിക്കും നന്മക്കും വേണ്ടിയാണോ നിലകൊള്ളുന്നത്, എങ്കില്‍ അയാള്‍ നമ്മുടെ സുഹൃത്താവണം എന്നാണ് എന്റെ കാഴ്ചപ്പാട്.
കേരളത്തില്‍ നടന്ന വലിയൊരു സമരമാണ് ചെങ്ങറ സമരം. ആ സമരവേദിയില്‍ ഞാന്‍ എത്തിച്ചേരുമ്പോള്‍ വളരെ ദുഃഖകരമായ അന്തരീക്ഷമാണ്. ഒന്നുമില്ലാത്ത ഒരുകൂട്ടം ആളുകള്‍. നൂറ് ശതമാനവും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട ആളുകളാണെന്ന് തന്നെ പറയാം. ളാഹ ഗോപാലനാണ് ആ സമരം നയിച്ചത്. എന്നെ അതിശയിപ്പിച്ച കാര്യം കേരളത്തിലെ ഇടതുപക്ഷം അതിനെ എതിര്‍ത്തു എന്നതാണ്. അവിടത്തെ പ്ലാന്റേഷന്‍ മുതലാളിമാര്‍ക്ക് വേണ്ടി അവര്‍ നിലപാടെടുത്തതിന്റെ ഫലമായി ഏതാ് പതിനായിരത്തോളം ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലേക്ക് വീണു.
സോളിഡാരിറ്റിയുടെയും യൂത്ത് ലീഗിന്റെയും പ്രവര്‍ത്തകര്‍ പതിനഞ്ച് ലോഡ് അരിയാണ് അവിടെ എത്തിച്ചത്. ആ പട്ടിണിയകറ്റാന്‍ അവര്‍ നടത്തിയ സംഘടിതമായ പ്രവര്‍ത്തനം, നീതിക്ക് വേണ്ടിയുള്ള ദാഹം, അതെന്നെ ഒരുപാട് ആകര്‍ഷിച്ചു.
ലോക്ക് ഡൗണ്‍ ഒരുപാട് കാര്യങ്ങള്‍ നമ്മെ പഠിപ്പിച്ചു. സമ്പത്തും ബാങ്ക് ബാലന്‍സും ഉള്ളവര്‍ക്ക് പോലും അതൊന്നും എടുത്തുപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ഈ ലോക്ക് ഡൗണ്‍ കാലത്തുണ്ടായ എന്റെ ഒരനുഭവം പറയാം. ഒരു കുടുംബം. അതില്‍ നാല് പെണ്‍കുട്ടികളാണ്. അവരുടെ വീട് കാറ്റടിച്ച് പറന്ന് പോയി. അഛനും അമ്മയുമില്ല. അവര്‍ക്ക് പണം എത്തിച്ച് കൊടുക്കാന്‍ കഴിയില്ല. എത്തിച്ചാല്‍ പോലും സാധനം വാങ്ങാന്‍ അവര്‍ക്ക് റേഷന്‍ കാര്‍ഡ് പോലുമില്ല. എത്തിക്കുകയാണെങ്കില്‍ സാധനങ്ങള്‍ തന്നെ എത്തിക്കണം. അന്നാണ് പണത്തിനൊന്നും യാതൊരു മൂല്യവുമില്ല എന്ന് എനിക്ക് മനസ്സിലായത്. ഞാന്‍ ആ കുടുംബത്തിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ ഞാന്‍ പ്രസിഡന്റായിരിക്കുന്ന ബാങ്കിലെ ജീവനക്കാര്‍ എന്നെ കാണാന്‍ വന്നു. ഞാനവരോട് പറഞ്ഞു: ''നിങ്ങളിപ്പോ ശമ്പള പരിഷ്‌കരണത്തിന്റെ കാര്യത്തിനാണല്ലോ വന്നിട്ടുള്ളത്. ഞാന്‍ ഇങ്ങനെ ഒരു കാര്യം ചെയ്തുകൊണ്ടിരിക്കയാണ്.''
ആ വന്ന ആളുകള്‍ പുറത്തു പോയി അല്‍പം നേരം കഴിഞ്ഞ് തിരിച്ചു വന്നശേഷം പറഞ്ഞ കാര്യം എന്നെ അത്ഭുതപ്പെടുത്തി. അവര്‍ പറഞ്ഞു: ''സാറേ, ഞങ്ങള്‍ ആ കുട്ടികള്‍ക്ക് ഒരു വീട് വെച്ച് കൊടുക്കാന്‍ തീരുമാനിച്ചു.'' അങ്ങനെ അവരുടെ യൂനിയന്‍ എട്ട് ലക്ഷം ചെലവുള്ള ഒരു വീട് അവര്‍ക്ക് നിര്‍മിച്ചു കൊടുത്തു.
ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്, നമുക്ക് ചുരുങ്ങിയത്, ആളുകളെ പ്രേരിപ്പിക്കാന്‍ സാധിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഈ നാട്ടില്‍ ഉണ്ടാക്കാന്‍ കഴിയും എന്നാണ്.
സമ്പത്തിന്റെ ഉടമസ്ഥനാര്, അത് സൃഷ്ടിച്ചതാര് എന്നൊക്കെയുള്ള വിഷയങ്ങള്‍ നിങ്ങള്‍ ഇസ്‌ലാമിന്റേതായ രീതിശാസ്ത്രത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ഈ വിഷയത്തിന് മാര്‍ക്‌സിയന്‍ സിദ്ധാന്തവുമായി സാമ്യമുള്ള ഒരു കാര്യം 'കൂടുതലുള്ളവന്‍ കുറച്ചുള്ളവന് കൊടുക്കണം' എന്ന ലളിതമായ സംഗതിയാണ്. മനുഷ്യന്‍ ചന്ദ്രനിലും ചൊവ്വയിലും എത്തിയിട്ടും ദാരിദ്ര്യത്തിന്റെ ഇടങ്ങളിലേക്ക് എത്തിപ്പെടാന്‍ അവന് സാധിക്കുന്നില്ല എന്നത് ഏറെ ഖേദകരമാണ്. ദരിദ്രന്റെ വീടുകളിലേക്ക് തിരിഞ്ഞ് നോക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം.
ഇസ്‌ലാമിക തത്ത്വങ്ങളില്‍ ഏറ്റവും പ്രാക്ടിക്കലായ കര്‍മം സമൂഹത്തോടുള്ള കടപ്പാടാണ്. അതാണ് സകാത്ത്. നിങ്ങള്‍ക്ക് വിശ്വാസവും പ്രാര്‍ഥനയും നോമ്പും ഹജ്ജും ഒക്കെയുണ്ട്. പക്ഷേ, സമൂഹത്തോടുള്ള ബാധ്യത നിങ്ങള്‍ക്ക് ഉള്ളത് അതില്ലാത്തവര്‍ക്ക് കൊടുക്കുക എന്നതാണ്. ഞങ്ങളതിനെ വേറൊരു രീതിയില്‍ സമീപിക്കുന്നു എന്നേയുള്ളൂ. പക്ഷേ, ഫലം കൊണ്ട് എല്ലാം ഒന്നുതന്നെ. നിങ്ങളെ ഇതിലേക്ക് നയിക്കുന്നത് ആത്മീയമായ ചിന്തകളായിരിക്കും. എങ്കിലും കിട്ടുന്ന ആളെ സംബന്ധിച്ച് അയാള്‍ അയാളുടെ ജീവിതം തിരിച്ച് പിടിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്.
കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ കഴിഞ്ഞ  മുപ്പത് കൊല്ലത്തിനിടയില്‍ ഒരു സാമ്പത്തികമായ വളര്‍ച്ച, പ്രത്യേകിച്ച് അറേബ്യന്‍ പ്രവാസത്തിന്റെ ഫലമായി ഉണ്ടായി. അവര്‍ ആരും അറിയാതെ അവരുടെ അയല്‍ക്കാരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന വലിയൊരു മൂവ്‌മെന്റ് കെട്ടിപ്പടുത്തു. ഞാന്‍ ചുറ്റും നോക്കുമ്പോള്‍ എന്റെ ഏകദേശ കണക്കുകൂട്ടലില്‍ ഏതാണ്ട് അയ്യായിരം കോടി രൂപ ഇങ്ങനെ ചംക്രമണം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള ഗവണ്‍മെന്റ് പഞ്ചായത്തുകള്‍ക്ക് കൊടുക്കുന്ന തുകയുടെ പകുതിയിലധികം മുസ്‌ലിം സമുദായത്തില്‍ തന്നെ  ചുറ്റിത്തിരിയുന്നുണ്ടാവും.
ഒരിക്കല്‍ പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ പോയപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് പണം കൊടുക്കാറില്ലെന്ന് മറുപടി പറഞ്ഞ ഒരു സ്വര്‍ണക്കടക്കാരനെ കാണാനിടയായി. അയാള്‍ തന്റെ സ്റ്റോക്കിന്റെ രണ്ടര ശതമാനം സകാത്തായി കൊടുക്കുന്നുണ്ടെന്ന് പറയുകയുണ്ടായി. 'രണ്ടര ശതമാനമോ!'- ഞാന്‍ അത്ഭുതപ്പെട്ടു.
'സാറേ, ഞാനീ രണ്ടര ശതമാനം ഇന്നും ഇന്നലെയും കൊടുക്കാന്‍ തുടങ്ങിയതല്ല. ഒരുപാട് കാലമായി ഇങ്ങനെ കൊടുക്കുന്നു. അതുകൊണ്ട് ഒരു നഷ്ടവും എനിക്കുണ്ടായിട്ടില്ല. കൂടിയിട്ടേ ഉള്ളൂ' എന്നായിരുന്നു അയാളുടെ മറുപടി. അങ്ങനെ, ചിലര്‍ സ്റ്റോക്കിന്റെ ശതമാനമായിട്ടും ചിലര്‍ വരുമാനത്തിന്റെ നിശ്ചിത ഭാഗമായിട്ടും പല രീതിയിലുമാണ് സകാത്ത് കൊടുക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി ഇതിനെയെല്ലാം ഏകോപിപ്പിച്ച് ഒരു സംഘടിത സ്വഭാവത്തില്‍ ഈ പ്രവര്‍ത്തനം നടത്തുന്നു എന്നുള്ളത് ഞാന്‍ കണ്ടിട്ടുള്ള പ്രത്യേകതയാണ്.
നിങ്ങളീ പ്രവൃത്തി സംഘടിതമായി ചെയ്യുമ്പോള്‍ എനിക്ക് ഒരു കാര്യം നിര്‍ദേശിക്കാനുണ്ട്. കോവിഡിന്റെ ശേഷമുള്ള സാഹചര്യം നമ്മള്‍ വിലയിരുത്തണം. മഹാമാരി പടരുമ്പോള്‍ അതിന് നഷ്ടപരിഹാരം നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. നഷ്ടപരിഹാരത്തുകയായി കോടതി പ്രഖ്യാപിച്ചത് അമ്പതിനായിരം രൂപയാണ്. പക്ഷേ, നിങ്ങള്‍ നഷ്ടപരിഹാരമെന്ന നിലയില്‍ നല്‍കിയത് ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപയാണ്. തീര്‍ച്ചയായും ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണത്.
കോവിഡിനേക്കാള്‍ മാരകമായിരുന്നു കോവിഡ് കാലത്തെ പലിശ എന്ന് പറയാം. അത് കാരണം ആത്മഹത്യ ചെയ്ത ആളുകള്‍ പരമ ദരിദ്രരല്ല; ഇടത്തരം ജീവിതം നയിച്ച വ്യാപാരികളാണ്. കോവിഡ് കാലത്ത് ഒരു ശതമാനം പലിശ പോലും സര്‍ക്കാര്‍ കുറച്ചില്ല. ഇന്ത്യയുടെ ഉല്‍പാദനത്തിന്റെ 35 ശതമാനമായ കേരളത്തിലെ നാല്‍പത് ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാര വ്യവസായ രംഗം പാടെ തകര്‍ന്നു. ആ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ നിങ്ങള്‍ കാര്യമായി ശ്രദ്ധ ചെലുത്തണം എന്നത് എന്റെ ഒരു നിര്‍ദേശമാണ്.
കുടുംബശ്രീ പോലെയുള്ളവ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകളാണ്. എന്നാല്‍ നിങ്ങള്‍ ഹെല്‍പ് അദേഴ്‌സ് ഗ്രൂപ്പാണ്. സ്വന്തത്തിനുള്ള സഹായത്തേക്കാള്‍ നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു. ഇതുവരെ ചെയ്തത് പോലെ, ദാരിദ്ര്യത്തിലേക്ക് പോകുന്ന ഓരോ വീട്ടിലും എന്നല്ല, ദാരിദ്ര്യത്തിന്റെ ഓരോ തുരുത്തിലും ഇനിയും നിങ്ങളുടെ ശ്രദ്ധയുണ്ടാവണം. നിങ്ങളിത് സംഘടിതമായി ചെയ്യുന്നതോടൊപ്പം ചെറു സംഘങ്ങള്‍ ഉണ്ടാക്കി അവരെ സംഘടിപ്പിച്ച് അതിന്റെ മേലഗ്രമെന്നോണം ബൈത്തുസ്സകാത്ത് മാറിയാല്‍ കൂടുതല്‍ ഫലപ്രദമാവും എന്നാണ് എന്റെ അഭിപ്രായം. അതില്‍ നിങ്ങള്‍ എല്ലാവരെയും സഹകരിപ്പിക്കണം. ഞാനും എന്റെ പ്രസ്ഥാനവും നിങ്ങളോടൊപ്പം ഉണ്ടാവും. 

(ബൈത്തുസ്സകാത്ത് കാമ്പയിനോടനുബന്ധിച്ച് കോഴിക്കോട്ട് നടത്തിയ പ്രഭാഷണം. കേട്ടെഴുത്ത്: അര്‍ഷദ് ചെറുവാടി)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 71-76
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രാര്‍ഥനകള്‍ സഫലമാകാതിരിക്കില്ല
സഈദ് ഉമരി മുത്തനൂര്‍