Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 08

3247

1443 റമദാന്‍ 6

വീണ്ടും  വിശുദ്ധ റമദാന്‍

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

വീണ്ടും റമദാന്‍. വിശ്വാസികളുടെ മനസ്സിനും കര്‍മത്തിനും ശക്തിയും കുളിരും പകരുന്ന പുണ്യമാസം. പാപങ്ങളുടെ മാറാപ്പുകള്‍ കളഞ്ഞ് സുകൃതങ്ങളുടെ ഭണ്ഡാരങ്ങളുമായി അല്ലാഹുവിനെ കണ്ടുമുട്ടാന്‍ വെമ്പല്‍ കൊള്ളുന്ന ആരെയും ആനന്ദിപ്പിക്കുന്ന കാലം. തന്റെ ദാസന്മാര്‍ക്കായി സര്‍വാധിനാഥന്‍ ഒന്നാം ആകാശത്തേക്കിറങ്ങിവരുന്നു. മാലാഖമാര്‍ ചിറക് വിടര്‍ത്തിപ്പറക്കുന്നു. സ്വര്‍ഗീയ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്നു. റമദാനിന്റെ ശ്രേഷ്ഠതകളെ അതിന്റെ മികവില്‍ പൂര്‍ണതയോടെ കരസ്ഥമാക്കാന്‍ അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അനുഭവിച്ച പരിമിതികളില്ലാതെയാണ് ഇത്തവണ റമദാനെത്തുന്നത്. അല്‍ഹംദുലില്ലാഹ്. പള്ളികളും സാമൂഹിക സമ്പര്‍ക്കങ്ങളും ഇത്തവണ സജീവമാകും. അതിനാല്‍ തന്നെ റമദാനിന്റെ ആത്മീയതയും സാമൂഹികതയും നാം പൂര്‍ണമായും തിരിച്ചുപിടിക്കണം. അടഞ്ഞു കിടന്ന പള്ളികളും നടക്കാതെ പോയ ജമാഅത്ത് നമസ്‌കാരങ്ങളും നമ്മെ സങ്കടപ്പെടുത്തിയെങ്കില്‍ പതിന്മടങ്ങ് ആവേശത്തോടെ ഈ റമദാനില്‍ നാമവയെ മറികടക്കുമെന്ന് തീരുമാനിക്കണം.
റമദാനിലെ വ്രതാനുഷ്ഠാനത്തിന് 'നിങ്ങള്‍ തഖ്‌വയുള്ളവരാകുന്നതിന് വേണ്ടി' എന്ന ലക്ഷ്യമാണ് ഖുര്‍ആന്‍ നിര്‍ണയിച്ചത്. എന്താണ് തഖ്‌വ? അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച് അവന്‍ കല്‍പിച്ച കാര്യങ്ങള്‍ നിര്‍വഹിക്കുകയും അവന്റെ കോപവും ശിക്ഷയും ഭയപ്പെട്ട് അവന്‍ നിരോധിച്ച കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുക. വ്രതാനുഷ്ഠാനത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ ലക്ഷ്യത്തെ വിസ്മരിക്കാവതല്ല. കാരണം, സ്വര്‍ഗത്തിലേക്കുള്ള വഴി അതുമാത്രമാണ്. ഇഹലോകത്തെ സുഭിക്ഷതയും വിജയവും സാധ്യമാകാനും തഖ്‌വയുടെ വഴിയേയുള്ളൂ. അതായത്, ഇഹപരലോകങ്ങളുടെ വിജയത്തിന്റെ വഴി ഇതാണെന്ന് ദൃഢബോധ്യമുള്ളവര്‍ക്കേ ചൈതന്യവത്തായ റമദാന്‍ കരഗതമാവുകയുള്ളൂ.
ഈ ലോകത്ത് നമുക്ക് ഒരു ജീവിതമേ ഉള്ളൂ. അതെപ്പോള്‍ വേണമെങ്കിലും അവസാനിക്കും. രണ്ടാമതൊരിക്കല്‍ കൂടി ജീവിതം ലഭിച്ചിരുന്നെങ്കില്‍, അത് അസാധ്യമാണെങ്കിലും, സുകൃതജീവിതം നയിക്കാമെന്ന് മനുഷ്യനാഗ്രഹിക്കുന്ന രണ്ട് അവസരങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഒന്ന്, മരണം വന്നെത്തി തന്റെ പരിണതി കണ്‍മുന്നില്‍ കാണുമ്പോഴാണ്. ''നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുവിന്‍; നിങ്ങളിലൊരുവന് മരണം വന്നെത്തുകയും അവന്‍, 'എന്റെ  നാഥാ, എനിക്ക് ഒരല്‍പം അവധി തരാത്തതെന്ത്, ഞാന്‍ ദാനം ചെയ്യുകയും സച്ചരിതരില്‍ പെട്ടവനാവുകയും ചെയ്യാന്‍' എന്ന് വിലപിക്കുകയും ചെയ്യുന്നതിന് മുമ്പ്. എന്നാല്‍ അല്ലാഹു ഒരുവന്നും അവന്റെ അവധി ആസന്നമായാല്‍ പിന്നെ അശേഷം അവസരം നീട്ടിക്കൊടുക്കുന്നതല്ല'' (ഖുര്‍ആന്‍ 63:10). മെറ്റാന്ന്  സത്യനിഷേധികള്‍ നരകഭീകരതയനുഭവിക്കുമ്പോള്‍. ''അതില്‍ കിടന്ന് അവര്‍ അട്ടഹസിച്ചുകൊണ്ടിരിക്കും. ഞങ്ങളുടെ നാഥാ, ഞങ്ങളെ ഇതില്‍ നിന്ന് മോചിപ്പിച്ചു തരേണമേ. നേരത്തെ ചെയ്തുകൊണ്ടിരുന്നതില്‍നിന്ന് വ്യത്യസ്തമായി, ഞങ്ങള്‍ സല്‍കര്‍മങ്ങള്‍ ചെയ്തുകൊള്ളാം. പാഠമുള്‍ക്കൊള്ളാനാശിക്കുന്നവര്‍ക്ക് അതുള്‍ക്കൊള്ളാന്‍ സാധിക്കുന്നത്ര ആയുസ്സ് നാം നല്‍കിയിരുന്നില്ലയോ...'' (ഖുര്‍ആന്‍ 35:37). 
പക്ഷേ, സത്യവിശ്വാസിക്ക്, സുകൃതങ്ങള്‍ മാത്രമുള്ള ജീവിതം പുനരാരംഭിക്കാനുള്ള അവസരം അല്ലാഹു നല്‍കുന്നു. അതാണ് റമദാന്‍. ''ആരെങ്കിലും ഈമാനോടും ഇഹ്തിസാബോടും കൂടി റമദാനിലെ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്.'' 
എത്ര പെട്ടെന്നാണ് നോമ്പ് എത്തിയത് എന്ന് നമ്മില്‍ പലരും ആത്മഗതം ചെയ്യാറുണ്ട്. യഥാര്‍ഥത്തില്‍ അതിനെ കുറിച്ച് ഒരല്‍പം ഗൗരവത്തില്‍ ഒന്നാലോചിച്ചു നോക്കൂ. പലരും ഈ ലോകത്തോട് ഇതിനകം വിടപറഞ്ഞപ്പോള്‍ -അതില്‍ നമ്മുടെ അത്രയും ആയുസ്സ് ലഭിക്കാത്തവര്‍ ധാരാളമുണ്ട്-  ഈ റമദാനിന് സാക്ഷിയാകാന്‍ അല്ലാഹു നമ്മെ ബാക്കിവെച്ചതെന്തിനാണ്? ഒരു ഉത്തരമേ അതിന് കണ്ടെത്താനാവൂ. ഒരു അവസരം കൂടി റബ്ബ് നമുക്ക് തരുന്നു; ജീവിതം കഴുകി വൃത്തിയാക്കാന്‍. പാപഭാരത്തോടെ നാം അവനെ കണ്ടുമുട്ടരുത് എന്നാണ് അവനാഗ്രഹിക്കുന്നത്. തീരുമാനിക്കേണ്ടത് നാമോരോരുത്തരുമാണ്.
റമദാന്‍ മാസത്തിന്റെ സവിശേഷത അത് ഖുര്‍ആനിന്റെ മാസമെന്നതാണ്. ഖുര്‍ആന്‍ പെയ്തിറങ്ങിയതിന്റെ സമാരംഭം. ഖുര്‍ആന്‍ ഭൂമിയെലെത്തിയ ശേഷം അത് സഞ്ചരിച്ച വഴികളും അതുണ്ടാക്കിയ മാറ്റങ്ങളും നോക്കൂ. ഹൃദയങ്ങളെ, സമൂഹങ്ങളെ, ഭൂപ്രദേശങ്ങളെ, ആശയങ്ങളെ എല്ലാം അത് മാറ്റിമറിച്ചു. ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത ഇടമേതും മനുഷ്യ ജീവിതത്തിലില്ല. ഇതൊക്കെയും ഇന്നും നടക്കണമെന്നാണ് റമദാന്‍ ആവശ്യപ്പെടുന്നത്. ഖുര്‍ആന്‍ പഠിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്ന സമൂഹമെവിടെ, അതുയര്‍ന്നുവരട്ടെ എന്ന് റമദാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഈ സന്ദേശം സ്വയം ഉള്‍ക്കൊണ്ട് അത് സമൂഹത്തെ പഠിപ്പിക്കുകയും ചെയ്യണമെന്ന് റമദാന്‍ നമ്മോടാവശ്യപ്പെടുന്നു. ഖുര്‍ആനിനോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികളെ അല്ലാഹു മൂന്നായി തിരിക്കുന്നുണ്ട്. ഒന്ന്, ഖുര്‍ആന്റെ ആശയങ്ങള്‍ക്ക് കടക വിരുദ്ധമായി ജീവിതം നയിച്ച് സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ചവര്‍- ഇവരാണ് സമുദായത്തില്‍ കൂടുതലുണ്ടാവുക. സാഹചര്യങ്ങളുടെ സൗകര്യങ്ങളിലും സമ്മര്‍ദത്തിലും പെട്ട് നന്മകളോടൊപ്പം അനേകം തിന്മകളും ചെയ്തു പോയവരാണ് രണ്ടാമത്തെ വിഭാഗം. ഈ രണ്ട് വിഭാഗക്കാരെയും സംബന്ധിച്ച് ഖുര്‍ആന്‍ കൂടുതലൊന്നും പറയാതിരിക്കുമ്പോള്‍, ഖുര്‍ആന്റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും അതിന്റെ ആശയപ്രബോധനത്തിനായി ത്യാഗമനുഷ്ഠിക്കുകയും ചെയ്യുന്ന താരതമ്യേന എണ്ണത്തില്‍ കുറഞ്ഞവരെ അല്ലാഹു ചേര്‍ത്തുപിടിക്കുന്നത് കാണുക. ''പിന്നെ നമ്മുടെ ദാസന്മാരില്‍ നിന്ന് (ഈ വേദം ഏല്‍പിക്കുന്നതിനായി) സവിശേഷം തെരഞ്ഞെടുത്തവരെ  നാം ഈ വേദത്തിന്റെ അനന്തരാവകാശികളാക്കി. ഇപ്പോള്‍ അവരില്‍ ചിലര്‍ അവരോട് തന്നെ അതിക്രമം പ്രവര്‍ത്തിക്കുന്നവരാകുന്നു. മറ്റു ചിലര്‍ മധ്യവര്‍ത്തികളാകുന്നു. ഇനിയും ചിലര്‍ അല്ലാഹുവിന്റെ ഹിതത്താല്‍ നന്മകളില്‍ മുന്നേറുന്നവരാകുന്നു. ഇതാണ് അതിമഹത്തായ അനുഗ്രഹം. ഈ ആളുകള്‍ നിത്യവാസത്തിനുള്ള സ്വര്‍ഗത്തില്‍ ചെന്നുചേരുന്നു. അവിടെ അവര്‍ കനക കങ്കണങ്ങളും മുത്തുകളും അണിയിക്കപ്പെടുന്നു. അവരുടെ ഉടുപ്പുകള്‍ പട്ടായിരിക്കും'' (ഖുര്‍ആന്‍ 35:32-33).
സമകാലിക അനുഭവങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തെ മുന്നോട്ട് നയിക്കേണ്ട പാഠങ്ങളും റമദാന്‍ നല്‍കുന്നുണ്ട്. വലിയ വെല്ലുവിളികളാണ് നാനാഭാഗത്തുനിന്നും സമുദായത്തിന് നേരെ വന്നുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ ബലത്തില്‍  ഈ സമുദായത്തെ വിഴുങ്ങിക്കളയാമെന്നവര്‍ വ്യാമോഹിക്കുന്നു; അതിനെ സാധൂകരിക്കുന്ന ഒരംശം പോലും മനുഷ്യചരിത്രത്തില്‍നിന്ന് അവര്‍ക്ക് കണ്ടെടുക്കാനാവില്ലെങ്കിലും. പക്ഷേ, അധികാരവും ആള്‍ബലവുമല്ല, വിശ്വാസദാര്‍ഢ്യമാണ് വിജയത്തിന്റെ നിദാനമെന്നും അതാര്‍ജിച്ചാല്‍ ആരെയും കടപുഴക്കാമെന്നുമാണ് ചരിത്രത്തിലെ റമദാന്‍ ഓര്‍മിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ ദിഗ്വിജയവും ജാഹിലിയ്യത്തിന്റെ ആസന്ന പരാജയവും വിളംബരം ചെയ്യുന്നുണ്ട് റമദാന്‍.
റമദാന്‍ സഹാനുഭൂതിയുടെ മാസമാണ്. അധ്വാനവും സമ്പത്തുമെല്ലാം നമ്മുടേതാണ് എന്നത് ശരിയാണ്. അത് നമ്മുടെ കരുതിവെപ്പാണെന്നതും ശരി. പക്ഷേ അതിനേക്കാളും വലിയ യാഥാര്‍ഥ്യമാണ് അതിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണെന്നത്. അല്ലാഹുവിന്റ ധനത്തില്‍ അവകാശമുള്ളവര്‍ നമ്മുടെ ചുറ്റവട്ടത്തുണ്ട്. ഒരല്‍പരം ദൂരെ നിന്നും നമുക്കുനേരെ കൈകള്‍ നീട്ടുന്നുണ്ട്. കരുതിവെപ്പില്ലാതെ അവര്‍ക്ക് നല്‍കുക. വരുന്നവര്‍ക്കും ചോദിക്കുന്നവര്‍ക്കും മാത്രമല്ല, വരാനും ചോദിക്കാനും മടിയുള്ളവര്‍ക്കും. അനേകമനേകം ദീനീ സ്ഥാപനങ്ങള്‍, പ്രബോധന സംരംഭങ്ങള്‍, പള്ളികള്‍, പള്ളിക്കൂടങ്ങള്‍, പൊതുസംരംഭങ്ങള്‍ വേറെയുമുണ്ടല്ലോ. അവയ്‌ക്കെല്ലാം നിശ്ചിത വിഹിതം മാറ്റിവെക്കുക. എല്ലാം ഇരട്ടിക്കിരട്ടിയായി അല്ലാഹു തിരിച്ചുതരും. 
പ്രിയപ്പെട്ട റഫീഖുകളേ, റമദാനില്‍ നിങ്ങള്‍ക്ക്, നിങ്ങളുടെ കുടുംബത്തിന് ഒരു അജണ്ടയുണ്ടാവണം; റമദാന്‍ വിടപറയുമ്പോഴേക്ക് നാമെവിടെ എത്തുമെന്നതിനെ കുറിച്ച്. ജീവിതരീതിയില്‍, സമീപനത്തില്‍, മുന്‍ഗണനാക്രമത്തില്‍ ഒരു പുനരാലോചന അനിവാര്യമാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഏത് അടരില്‍ ഞാനും കുടുംബവുമുണ്ടാകണമെന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്. ലോകത്തെല്ലായിടത്തും അധികാരമുറപ്പിച്ചിരിക്കുന്ന ദൈവേതര ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നവരല്ല, ആ യുദ്ധം നയിക്കുന്നവരാണ് നാം. മുസ്‌ലിം സമുദായത്തിന്റെയും ലോകത്തുള്ള നന്മേഛുക്കളുടെയും പ്രതീക്ഷയാണ് നാം. പ്രവാചകന്മാര്‍ നിര്‍വഹിച്ച അതേ ദൗത്യമേറ്റെടുത്തവര്‍. റമദാനില്‍ നാം അമാന്തിക്കരുത്. ഇത് നമ്മുടെ ശക്തിസംഭരണ കാലമാണ്. അതില്‍ കാണിക്കുന്ന ഏത് വീഴ്ചയും ദൗത്യനിര്‍വഹണത്തില്‍ നമ്മെ അയോഗ്യരും ദുര്‍ബലരുമാക്കും. നാം പതറിയാല്‍ അവര്‍ തകരും. നമ്മുടെ കാല്‍വെപ്പുകളുടെ കാരിരുമ്പിന്‍ കരുത്ത് ശത്രുക്കള്‍ മനസ്സിലാക്കിയതിന്റെ അടയാളങ്ങളാണ് സമീപ കാലത്ത് കണ്ടുവരുന്നത്. അതിനാല്‍ റമദാനിന്റെ പകലിരവുകളില്‍ നാഥനോട് തേടുക; പുതിയ ചുവടുകള്‍ വെക്കാനും പുതുവഴികള്‍ കണ്ടെത്താനുള്ള കരുത്തിനുമായി.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 71-76
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രാര്‍ഥനകള്‍ സഫലമാകാതിരിക്കില്ല
സഈദ് ഉമരി മുത്തനൂര്‍