രാഷ്ട്രീയ സൂക്ഷ്മതയുടെ പുതിയ ഭാഷയും ആത്മവിശ്വാസമുള്ള തലമുറയും
പതിനാല് വര്‍ഷത്തെ ഭിന്നിപ്പിന് ശേഷം മുജാഹിദ് സംഘടനകള്‍ പരസ്പരം ഐക്യപ്പെട്ടപ്പോള്‍ വ്യക്തിപരമായി അതിനെക്കുറിച്ച് ഒട്ടേറെ പ്രതീക്ഷകളുണ്ടായിരുന്നു. നൈതികബോധ്യങ്ങളും നിലപാടുകളുമായിരിക്കും അതിന്റെ ഭാവി അജണ്ടകള്‍ എന്ന പ്രത്യാശ ആനുകാലികങ്ങളിലും വെബ്‌പോര്‍ട്ടലുകളിലും അന്ന് എഴുതിയിരുന്നു. പതിനാല് വര്‍ഷത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ മലയാളി മുസ്‌ലിം മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും സോഷ്യല്‍ മീഡിയ കാലത്ത് അവ പോസ്റ്റുകളായി പല ഭാഗത്ത് നിന്നും ഉയര്‍ന്നുവരിക സ്വാഭാവികമാണെന്നും അവയെ ദിശ തിരിച്ചുവിട്ടില്ലെങ്കില്‍ വിമര്‍ശനങ്ങള്‍ മാത്രം അജണ്ടയാവുന്ന സ്ഥിതിവിശേഷം സാര്‍വത്രികമാവുമെന്നും പുതിയ ആലോചനകള്‍ക്ക് പകരം പ്രതിരോധത്തില്‍ ഊര്‍ജം ചെലവഴിക്കേണ്ടിവരുമെന്നും അക്കാലത്തെ ഏതൊരു മുജാഹിദ് പ്രവര്‍ത്തകന്റെയും ആശങ്കയായിരുന്നു. ഇക്കാര്യം ഇവിടെ എടുത്തുപറയുന്നതിന്റെ സാഹചര്യം പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കുന്ന ഊര്‍ജത്തെ സംബന്ധിച്ച ആലോചനകളാണ്.
മുസ്‌ലിം സംഘടനകള്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ല. അത് ഇസ്‌ലാമിന്റെ പ്രാമാണിക സമീപനത്തിന്റെയും വിശാലതയുടെയും ഭാഗമായി തുടരുകയും ചെയ്യും. എന്നാല്‍ അവ വൈജ്ഞാനിക തലത്തിലും സാമൂഹിക മൂലധനം കൈവരിക്കാനുള്ള മത്സരത്തിന്റെ ഭാഗമായും മാറുന്നു എന്നതാണ് പുതിയ തലമുറയുടെ സവിശേഷതയായി നിരീക്ഷിക്കാനാവുന്നത്. അത് ക്രിയാത്മകമായ മാറ്റമാണ്. വിമര്‍ശനത്തിലും പ്രതിരോധത്തിലും മാത്രം ശ്രദ്ധയൂന്നാന്‍ പുതിയ തലമുറ സന്നദ്ധമല്ല, മറിച്ച് അഭിപ്രായ വ്യത്യാസങ്ങളെ കൂടുതല്‍ സൂക്ഷ്മമായി പഠിക്കാനും സ്ഥാനപ്പെടുത്താനും അവര്‍ സന്നദ്ധരാണ്. എന്നാല്‍ ഈ മാറ്റം സമുദായവും സമുദായ സംഘടനകളും മൊത്തത്തില്‍ എത്രത്തോളം ഏറ്റെടുത്തിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമാണ്. മുസ്‌ലിം സംഘടനകള്‍ക്കിടയിലെ തര്‍ക്കങ്ങളെ രാഷ്ട്രീയവത്കരിക്കാനും തീവ്രവാദം ആരോപിച്ച് പരസ്പരം ചെളിവാരിയെറിയാനും ഇക്കാലത്തും ചില പ്രഭാഷകര്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ അതേ വിയോജിപ്പുകളെ പുതിയ തലമുറയിലെ വിദ്യാര്‍ഥികള്‍ നേരിടുന്നത് പ്രമാണത്തിന്റെ ഭാഷയും പണ്ഡിതോചിതമായ ശൈലിയും ഉപയോഗിച്ചാണ് എന്നത് നമ്മുടെ ശ്രദ്ധ പതിയേണ്ട ഒന്നാണ്. തൗഹീദും തവസ്സുല്‍-ഇസ്തിഗാസയും ഇബാദത്തിന്റെ നിര്‍വചനവും ഇസ്‌ലാമിസവും ത്വരീഖത്ത് പ്രസ്ഥാനങ്ങളിലെ വിവിധ ആന്തരികാര്‍ഥങ്ങളെ സംബന്ധിച്ച ചര്‍ച്ചകളും പുതിയ തലമുറയിലും ഉണ്ട്. എന്നാല്‍ അതിലെല്ലാം ഒരു രീതിശാസ്ത്രം അവലംബിക്കാനും വൈജ്ഞാനിക തലത്തില്‍ അഭിമുഖീകരിക്കാനും അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്.
തലമുതിര്‍ന്ന ചില പ്രഭാഷകര്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ വൈരം വളര്‍ത്താന്‍ ശ്രമിക്കുന്ന സമകാലിക സാഹചര്യത്തില്‍ പോലും മുസ്‌ലിം സമുദായത്തിന്റെ പൊതുവായ വെല്ലുവിളികള്‍ക്ക് മുന്‍ഗണന കൊടുക്കാനുള്ള പ്രബോധന രീതിശാസ്ത്രം ഈ തലമുറയില്‍ കാണാന്‍ സാധിക്കും. ഇതിന് അപവാദങ്ങള്‍ ഇല്ലെന്നല്ല. എന്നാല്‍ ഏതെങ്കിലും ഒരു ധാരയെ സമുദായത്തിന്റെ മുഖ്യധാര എന്ന് വിളിക്കാന്‍ സാധിക്കുമെങ്കില്‍, പ്രസ്തുത ധാരയുടെ സവിശേഷത വൈജ്ഞാനികവും ബൗദ്ധികവുമായ ഇടപെടലുകളാണ്. വലിയ ആള്‍ക്കൂട്ടങ്ങളേക്കാള്‍ പ്രഹരമായ സ്വാധീനശേഷി ഈ തലമുറക്കുണ്ട്. ലിബറലുകളും നാസ്തികരും ഇസ്‌ലാമോഫോബുകളും ഉയര്‍ത്തുന്ന വെല്ലുവിളികളെയും വിമര്‍ശനങ്ങളെയും ഇസ്‌ലാമിക പക്ഷത്ത് നിന്ന് നേരിടുന്നതും ഈ തലമുറയാണ്.
സൂക്ഷ്മതയും ആത്മവിശ്വാസവും
തഖ്‌വ എന്നതിന് മലയാളത്തില്‍ സുക്ഷ്മത, ഭയഭക്തി എന്നൊക്കെയാണ് വിവര്‍ത്തനം ചെയ്യാറുള്ളത്. തഖ്‌വയില്‍ അധിഷ്ഠിതമായ സൂക്ഷ്മ രാഷ്ട്രീയ ബോധവും തവക്കുലില്‍ അടിസ്ഥാനപ്പെടുത്തിയ ആത്മവിശ്വാസവുമാണ് മുസ്‌ലിം സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ കാറ്റലിസ്റ്റായി പ്രവര്‍ത്തിക്കേണ്ടത്. സൂക്ഷ്മ രാഷ്ട്രീയ ബോധം എന്നുപറയുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ അതങ്ങനെ തന്നെയായിരിക്കണം. ഭാഷ, സംസ്‌കാരം, സ്വത്വം, അഭിമാനം തുടങ്ങിയ വിവിധ അടരുകളില്‍ ഈ സുക്ഷ്മത പുലര്‍ത്താന്‍ സാധിക്കണം. കേരള മുസ്‌ലിംകള്‍ ഒരു വികസ്വര സമൂഹമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി ദൃശ്യത കൊണ്ടും സാമൂഹിക മൂലധനം കൊണ്ടും അവര്‍ വ്യത്യസ്തരാണ്. അതിനര്‍ഥം കേരള മുസ്‌ലിംകള്‍ വെല്ലുവിളികള്‍ നേരിടാത്ത ദ്വീപിലാണെന്നല്ല. മറിച്ച്, രാഷ്ട്രീയവും സാമൂഹികവുമായ വെല്ലുവിളികളെയും ഇസ്‌ലാമിക മൂല്യങ്ങളെ പ്രതിപക്ഷമായി കാണുന്ന ലിബറല്‍ അധികാരപക്ഷത്തെയും ആശയപരമായി നേരിടാനുള്ള കരുത്ത് ഇവിടത്തെ മുസ്‌ലിം സമുദായത്തിനുണ്ട്.
അതേസമയം ഭരണ, അധികാര തലത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഒരു വശത്തും സജീവമാണ്. സംവരണം ലഭിച്ചിട്ടും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഭരണസിരാകേന്ദ്രങ്ങളില്‍ നേടിയെടുക്കാന്‍ മുസ്‌ലിംകള്‍ക്കായിട്ടില്ല. ആശയപരമായും മത്സരബുദ്ധിയിലും കരുത്ത് കാണിക്കുന്ന ഒരു സമുദായം സ്വാഭാവികമായി പിറകോട്ട് പോകില്ല എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. അതിനാല്‍ തന്നെ, മുസ്‌ലിം ചിഹ്നങ്ങളെയും സ്വത്വത്തെയും അപരമാക്കി നിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ തിക്ത ഫലമാണ് സ്വാഭാവിക പ്രാതിനിധ്യം ഇല്ലാതെയാക്കുന്നത്. ഇതിനെതിരെയും സൂക്ഷ്മമായ രാഷ്ട്രീയ ബോധം രൂപപ്പെടേണ്ടതുണ്ട്.
മുസ്‌ലിംകള്‍ അപരവത്കരിക്കപ്പെടുന്നതിനെതിരെ രണ്ട് തരത്തില്‍ പ്രതികരണങ്ങള്‍ സാധ്യമാണ്. ഒന്നുകില്‍, മുസ്‌ലിം സ്വത്വത്തിന്റെ അടയാളങ്ങള്‍ അഴിച്ചുവെച്ച് താദാത്മ്യപ്പെടുക. അല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ച സൂക്ഷ്മതയും ആത്മവിശ്വാസവും കൈമുതലാക്കി അതിനെ നേരിടുക. പ്രതികരണങ്ങള്‍ക്ക് പല രൂപങ്ങള്‍ സാധ്യമെങ്കിലും പരിഹാരത്തിനുതകുന്ന വഴികള്‍ ഏതെന്ന് നിശ്ചയിക്കാന്‍ നമുക്ക് സാധിക്കണം. ഇവിടെ രണ്ടാമത്തെ വഴിയാണ് പരിഹാരത്തിന് സഹായകമാവുക എന്ന് മുസ്‌ലിം സമുദായത്തിന്റെ അനുഭവങ്ങള്‍ തെളിയിക്കുന്നു.
മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഒരു കാലത്ത് 'പുരോഗമന മുസ്ലിം' എന്നാല്‍ ഇടതുപക്ഷ ഭാഷയില്‍ മതത്തെ കുറിച്ച് സംസാരിക്കുന്ന ആള്‍ എന്നതായിരുന്നു ഇമേജ്. അങ്ങനെ സംസാരിക്കുന്ന മിക്കവാറും ആളുകള്‍ സമുദായ സംഘടനകള്‍ക്ക് പുറത്തുള്ള ആളുകളും ആയിരുന്നു. ഇന്ന് പുതിയ മുസ്‌ലിം യുവാക്കള്‍ പരമ്പരാഗതമായ സമുദായ സംഘടനകളെ മുഖവിലക്കെടുത്ത് കൊണ്ട് തന്നെ, സംഘടനകള്‍ക്കതീതമായ ഒരു ബന്ധവും വൃത്തവും ഉണ്ടാക്കിയിരിക്കുന്നു. സമുദായ സംഘടനകള്‍ക്ക് പുറത്തുള്ളവര്‍ പോലും അവയുടെ സംഭാവനകളെ തിരസ്‌കരിക്കുന്നില്ല. മുസ്‌ലിം യുവതക്ക് സ്വന്തമായ ഭാഷ നവീകരീച്ചെടുക്കാന്‍ സാധിച്ചു എന്നുള്ളതാണ് ഈ കാലത്തിന്റെ മറ്റൊരു സവിശേഷത. മുസ്‌ലിം ജനതക്ക് എക്കാലത്തും പുതിയ ആശയങ്ങളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും സംസാരിക്കാന്‍ സ്വന്തമായ ഭാഷ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടെപ്പോഴോ, ഇസ്‌ലാമിന് പുറത്തുള്ള ഇസങ്ങളുടെ ഭാഷയില്‍ ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കുക എന്നതാണ് പുരോഗമനപരം എന്ന ഒരു തോന്നല്‍ ഉണ്ടായി. ഇപ്പോള്‍ ആ ചിന്താഗതിക്ക് മാറ്റം വന്നിരിക്കുന്നു.
അതിനാല്‍, പുതിയ വിഷയങ്ങളിലുള്ള മതപരമായ ഗവേഷണങ്ങള്‍, ഇസ്ലാമിന്റെ വൈജ്ഞാനിക പാരമ്പര്യത്തിന്റെ വികാസക്ഷമതയെ ഉപയോഗപ്പെടുത്തല്‍, അക്കാദമിക രംഗത്തെ പുതിയ ചര്‍ച്ചകളെ സ്ഥാനപ്പെടുത്താനുള്ള സാംസ്‌കാരിക മൂലധനം തുടങ്ങിയവയാണ് മുസ്‌ലിം സമുദായത്തെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങള്‍. ആത്മനിഷ്ഠമല്ലാത്ത യുക്തിവിചാരവും വിശ്വാസം കൊണ്ട് ഭദ്രമാക്കപ്പെട്ട ധൈഷണികതലവുമാണ് മുന്നോട്ടുള്ള പോക്കില്‍ ഇന്ധനമായി വര്‍ത്തിക്കേണ്ടത്.
Comments