വ്രതോത്സവം
ഉസ്മാന്‍ പാടലടുക്ക
ഹൃദയത്തിന്
ഇളകാതിരിക്കാനാകില്ല;
കപ്പലുപോലെയാണ്.
മുമ്പെപ്പോഴോ
നന്നേ പാടുപെട്ടുയര്‍ത്തിയ
വിളക്കുമരങ്ങള്‍
ഇപ്പോളവിടെ
തെളിഞ്ഞും മുനിഞ്ഞും
വെളിച്ചപ്പെട്ട്
കുറ്റിയറ്റു തുടങ്ങി.
അകം,
പല ഋതുഭേദങ്ങളും നൂണ്ട് ബഹുവര്‍ണമായി.
ഇനി,
തിരിച്ചു നടന്നു കൂടെ
ആത്മാവിനോരത്തേക്ക്.
ഇരുള്‍ പരപ്പു നീങ്ങി
പുതുവെളിച്ചം സാധിതമാകുന്നിടത്തേക്ക്.
ഒരു വൈറസിനും
ഉഴുതുമറിക്കാനാകാ-
ത്തിടത്തേക്ക്.
നന്മയുണ്മകള്‍
കളിയാടുന്ന
രാപ്പകലുകളുടെ
ആത്മീയാഘോഷമാണ്
വ്രതനാളുകള്‍.
ഹൃദയത്തിന്റെ കറ
കളയുന്ന സോപ്പ്.
അതെ,
നിലം പാകണം.
വിത്തിറക്കണം.
അവയുടെ വേരുകള്‍
ഊര്‍ന്നിറങ്ങണം.
വിണ്ണിലെ
പറവയെയും
മണ്ണിലെ
മണ്ണിരയെയും
ഒരുപോലെ
ആലിംഗനം ചെയ്യണം.
അങ്ങനെ,
വിളവെടുപ്പു നാളില്‍
നൂറുമേനി വിളയണം.
Comments