Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 08

3247

1443 റമദാന്‍ 6

ഈ 'സൗഹൃദ വെടികള്‍' ഫാഷിസത്തിന്റെ കാലത്ത് പൊട്ടിക്കേണ്ടത് തന്നെ!

ബശീര്‍ ഉളിയില്‍

പ്രതിവിചാരം
 

സില്‍വര്‍ റെയിലിന് സമാന്തരമായി പോയവാരം മാധ്യമങ്ങളില്‍ ചീറിപ്പാഞ്ഞ രണ്ട് 'വണ്ടീം വലേം' ആയിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് 23 (ജി23) വിവാദവും, പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ക്ക് തയ്യാറെടുക്കുന്ന രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പുകഞ്ഞു കത്തിയ 'നവയുഗ' 'ചിന്ത'കളും. സ്വതവേ ദുര്‍ബലയായ കോണ്‍ഗ്രസ് പാര്‍ശ്വവര്‍ത്തിത്വത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഗര്‍ഭം കൂടി ധരിച്ചപ്പോഴാണ് പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ 23 മുന്‍നിര നേതാക്കള്‍ മുന്നിട്ടിറങ്ങിയത്. കപില്‍ സിബല്‍, ശശി തരൂര്‍, ഗുലാം നബി ആസാദ്, മനീഷ് തിവാരി അടക്കമുള്ള 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. കോണ്‍ഗ്രസ്സിന് പ്രത്യക്ഷത്തിലുള്ളതും സജീവവുമായ അധ്യക്ഷന്‍ വേണമെന്നായിരുന്നു കത്തിലെ ആവശ്യം. പോരാട്ടം സോണിയ ഗാന്ധിക്കെതിരല്ലെന്നും നവീകരണത്തിനായി നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ്പ് 23-ന്റെ നിലപാട്. അഥവാ, പ്രതിസന്ധി ഘട്ടങ്ങളില്‍ വനവാസം നടത്തുകയും, മുങ്ങുന്ന കപ്പലിന്റെ അമരത്തേക്ക് സ്വന്തം മാതാവിനെ തള്ളിവിടുകയും, പിന്നെ വീണ്ടും 'നാന്‍ താന്‍ റിയല്‍ ഹീറോ' എന്ന മട്ടില്‍ പ്രത്യക്ഷപ്പെട്ട് അണികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിക്കെതിരെയാണ് പടയൊരുക്കം  എന്ന് പറയാതെ പറയുകയാണ് ഈ അഖിലേന്ത്യാ തിരുത്തല്‍ നേതാക്കള്‍. ആത്മപരിശോധനയുടെ കാലം  കഴിഞ്ഞുവെന്നും ഇനി തീരുമാനമെടുക്കാനുള്ള സമയമാണെന്നുമാണ് അവരുടെ നിലപാട്. തോല്‍വികളില്‍ നിന്ന് പാഠം പഠിക്കാത്ത കോണ്‍ഗ്രസ്സിനെ ഗാന്ധികുടുംബത്തില്‍ നിന്നും അവരുടെ സ്തുതിപാഠകരില്‍ നിന്നും രക്ഷപ്പെടുത്തുകയും ഒരു വിശാല ജനാധിപത്യ ബദലിന്റെ ഭാഗമാക്കുകയും  ചെയ്താല്‍ മാത്രമേ  2024-ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റുകളുടെ തിരിച്ചു വരവില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന ജി23 നിലപാട് തീര്‍ച്ചയായും നാടിന്റെ പൊതു മനഃസാക്ഷിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ ഓരോ ആഘാതത്തിനു ശേഷവും 'കുളമെത്ര കൊക്കിനെ കണ്ടതാ' എന്ന മട്ടില്‍ നിസ്സംഗത ഒരലങ്കാരമായി  കൊണ്ടുനടക്കുകയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരികയും സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയും ചെയ്ത ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു കാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റിലെ ശക്തമായ പ്രതിപക്ഷ സാന്നിധ്യമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നില അതിനേക്കാള്‍ ദയനീയമാണ്.  പാര്‍ട്ടി ആദ്യം അധികാരത്തില്‍ വരും എന്ന് പ്രതീക്ഷിച്ച സംസ്ഥാനം ആന്ധ്രാപ്രദേശ് ആയിരുന്നു എന്നത്, നടന്നിട്ടില്ലാത്ത മനോഹരമായ ഒരു പഴങ്കഥയാണ്. 1952-ലെ ഒന്നാം പൊതു തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ നിന്ന് മാത്രം കമ്യൂണിസ്റ്റ് പാര്‍ട്ടി 13 എംപിമാരെ  പാര്‍ലമെന്റില്‍ എത്തിച്ചിരുന്നു. 1967 വരെ ഹിന്ദി മേഖലയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി എം.പിമാരെ തെരഞ്ഞെടുത്തയക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്.  തമിഴ്നാട്, ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, യു.പി, അസം, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് ശക്തമായ പോക്കറ്റുകളുമുണ്ടായിരുന്നു. അവയൊക്കെ മെലിഞ്ഞുണങ്ങുകയും സംസ്ഥാന ഭരണം ഉണ്ടായിരുന്ന  പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിധം അവശാവസ്ഥയിലാവുകയും ചെയ്തിരിക്കുന്നു എന്നതാണ് നിലവിലുള്ള അവസ്ഥ. ആകെ അവശേഷിക്കുന്ന കേരളത്തിലാണെങ്കില്‍ തലതിരിഞ്ഞ വികസന നയം നടപ്പാക്കുന്നത് മൂലം ശക്തമായ ജനവിരുദ്ധ വികാരത്തില്‍ ആടിയുലയുന്ന സ്ഥിതിയിലുമാണ്.
അബദ്ധങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ 'ചരിത്രപരമായ മണ്ടത്തരങ്ങള്‍'  ആവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നമ്മുടെ മതേതര ജനാധിപത്യ ക്രമത്തിന് നേരെ ഫാഷിസം ഭീഷണി ഉയര്‍ത്തുന്ന വര്‍ത്തമാന കാലത്ത് പോലും 'പ്രത്യയശാസ്ത്ര വ്യായാമ'ങ്ങളിലാണ് ഏറ്റവുമൊടുവില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒ.വി വിജയന്റെ 'സന്ദേഹിയുടെ സംവാദ'ത്തില്‍ പറഞ്ഞത് പോലെ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ നിന്ന് ഭൗതികവാദം കളഞ്ഞ് വൈരുധ്യം മാത്രം കൈമുതലായുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഓരോ പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പും പതിവായി ഉതിര്‍ക്കുന്ന വെടി കോണ്‍ഗ്രസ്സിനെതിരാണെങ്കില്‍ ഇത്തവണ രണ്ട് കമ്യുണിസ്റ്റ് പാര്‍ട്ടികളും പരസ്പരം 'സൗഹൃദ വെടികള്‍' കൂടി പൊട്ടിച്ച് ഒന്നുകൂടി വൈരുധ്യാത്മകമായി.
'തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെ സി.പി.എം പ്രസിദ്ധീകരണമായ ചിന്ത വാരികയാണ് സി.പി.ഐക്കെതിരെ ആദ്യവെടി ഉതിര്‍ത്തത്. പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സി.പി.ഐ തയാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരെയാണ്, റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐ എന്ന് ചിന്ത പ്രതികരിച്ചത്. കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയുമേന്താന്‍ സി.പി.ഐക്ക് അര്‍ഹതയില്ലത്രെ! 'ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി' എന്ന പദവി സി.പി.ഐ സ്വയം ഏറ്റെടുക്കുകയാണെന്നും ഇത് റിവിഷനിസ്റ്റ് രോഗത്തിന്റെ ബഹിര്‍പ്രകടനമാണ് എന്നുമൊക്കെയായിരുന്നു ചിന്തയിലെ ആക്ഷേപങ്ങള്‍. തൊട്ടുടനെ സി.പി.ഐയുടെ  നവയുഗം 'തിരിഞ്ഞുകുത്തുന്ന നുണകള്‍' എന്ന തലക്കെട്ടില്‍ മറുവെടിയും പൊട്ടിച്ചു. ശരിയും തെറ്റും അംഗീകരിക്കാന്‍ സി.പി.എമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. കൂട്ടത്തിലുള്ളവരെ വര്‍ഗവഞ്ചകര്‍ എന്ന് വിളിച്ചത് ഇ.എം.എസ് ആയിരുന്നു. യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയ സി.പി.എമ്മാണ് നക്സല്‍ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിനു കാരണം എന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തില്‍ ഇ.എം.എസിനെ പോലുള്ള നേതാക്കള്‍ കൗശലപൂര്‍വം തടിതപ്പുകയായിരുന്നു എന്നും, ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന അവരുടേതെന്നും പറയുന്ന പ്രദേശം എന്ന പരാമര്‍ശം ചൂണ്ടിക്കാട്ടി നവയുഗം പറയുന്നു. നേതാക്കള്‍ ചൈനീസ് സ്തുതിപാഠകരായി മാറുന്നത് ചരിത്ര സത്യങ്ങള്‍ക്ക് ചേരുന്നതല്ലെന്നും നവയുഗം ഓര്‍മിപ്പിക്കുന്നുണ്ട്.
ഭക്ഷണം, നിയമവ്യവസ്ഥ, വസ്ത്രധാരണം എന്നിങ്ങനെ ജനജീവിതത്തിന്റെ സകല മേഖലകളിലും ഫാഷിസം അരിച്ചുകയറുകയും മര്‍ദിതരുടെ ദീനരോദനം വനരോദനങ്ങളായി മാറുകയും ചെയ്യുന്ന സത്യാനന്തര കാലത്താണ്  ജനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മതേതര ജനാധിപത്യ ശക്തികള്‍ ഇവ്വിധം ചക്കളത്തിപ്പോരില്‍ ആറാടുന്നത്. ഫാഷിസത്തിന്റെ ആരംഭദശയില്‍ തന്നെ അതിനെ തിരിച്ചറിയുകയും അതിനെതിരില്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്തില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്ന് നാസി ജര്‍മനിയുടെ ചരിത്രം തെളിവാണ് എന്നറിയാത്തവരല്ല ഈ പാര്‍ട്ടികള്‍. അഡോള്‍ഫ് ഹിറ്റ്‌ലറെ ചാണിന് ചാണായും മുഴത്തിനു മുഴമായും അനുധാവനം ചെയ്യുന്ന സംഘ് പരിവാര്‍ ഫാഷിസം, ജര്‍മനിയിലെ ന്യൂനപക്ഷമായിരുന്ന ജൂതരുടെ വംശഹത്യക്ക് വേണ്ടി  ഡോ ഐക്മാന്റെ നേതൃത്വത്തില്‍ തയാറാക്കിയ  'ഒടുക്കത്തെ പരിഹാരം' (The Final Solution) പോലെയൊന്നു തയാറാക്കിയാല്‍ പോലും ജനാധിപത്യ മതേതര വേദികളില്‍ തിരുത്തല്‍ വാദവും സൈദ്ധാന്തിക വരട്ടു തത്ത്വവാദങ്ങളും  തുടര്‍ന്നു കൊണ്ടേയിരിക്കും.
ഇന്ത്യ എത്തിനില്‍ക്കുന്നത് ഫാഷിസത്തിലല്ല, നവ ലിബറല്‍ അമിതാധികാര വാഴ്ചയിലാണെന്ന് സിദ്ധാന്തിക്കുന്ന ഇടത് ബുദ്ധിജീവികള്‍ നമുക്കിടയില്‍ ഇപ്പോഴുമുണ്ട്. 'ബി.ജെ.പി ഒരു പിന്തിരിപ്പന്‍ പാര്‍ട്ടിയാണെന്ന് പറയാം. എന്നാല്‍, അതിനെ ഫാഷിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ല' (ഫാഷിസവും ഇന്ത്യന്‍ ഭരണവര്‍ഗവും-ദേശാഭിമാനി 28/7/2016) എന്ന് പറഞ്ഞത് സാക്ഷാല്‍ പ്രകാശ് കാരാട്ടാണ്. നേതാക്കളുടെ സൈദ്ധാന്തിക കമ്പവലി മത്സരങ്ങള്‍ കണ്ട് ആര്‍പ്പോ ഈറോ  വിളിക്കുന്ന ന്യായീകരണ  തൊഴിലാളികളായ അണികളാകട്ടെ 'ഞങ്ങളൊന്നുമറിഞ്ഞില്ല' എന്ന മട്ടിലാണ് താനും. ഹിറ്റ്‌ലറുടെ തിരോധാന ശേഷം ജര്‍മനി അധീനപ്പെടുത്തിയ അമേരിക്കന്‍-റഷ്യന്‍ അധികാരികള്‍ തദ്ദേശീയരെ ചോദ്യം ചെയ്തപ്പോള്‍ ഏകസ്വരത്തില്‍ അവര്‍ പറഞ്ഞത് 'ഞങ്ങളൊന്നുമറിഞ്ഞിരുന്നില്ല' എന്നായിരുന്നുവല്ലോ.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 71-76
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രാര്‍ഥനകള്‍ സഫലമാകാതിരിക്കില്ല
സഈദ് ഉമരി മുത്തനൂര്‍