പാദം തിരയുന്ന (വാര്‍)ചെരിപ്പുകള്‍
പുറത്തു കൂട്ടിയ അടുപ്പിന്നോ-
രം വേവുമണം ഞൊട്ടിനുണഞ്ഞ് കുട്ടി-
പ്പട
ആകാശത്തിന്നദൃശ്യവേലികള്‍
നൂണ്ടിരമ്പിക്കയറുന്നൂ അധിനിവേശ-
പ്പട
മുറത്തിലിട്ട് ചേറ്റും ധാന്യമണികളില്‍
ഉതിര്‍ന്നുവീഴുന്നൂ വെടി-
ച്ചുള
വെടിയുണ്ടകള്‍ക്കു പകരം
ധാന്യമണികള്‍ തരൂ:
കാളുന്ന വയറിന്‍ പെരു-
മ്പറ
കരി തിങ്ങിയ കലത്തില്‍
മുരണ്ടു മറിയുന്നു തീരാ വിശപ്പിന്‍
തിള
തീക്കനലില്‍ തിളങ്ങുന്നൂ
അന്നേരമാ കുട്ടികളുടെ കണ്ണിന്‍
വിറ
ഉയിരില്‍ പടരും തീക്കൊപ്പമാളുന്നൂ
കിനാവില്‍ കുറുകിയ വെള്ളരിപ്പിറാവിന്‍
ചിത
ഇളം മേനിയിലാകെപ്പടരുന്നൂ
തിണര്‍ത്തുപൊന്തിയ ബൂട്ടിന്‍
കല
ചിറി നക്കിനക്കി നുണയുന്നു
ചോരക്കൊതി തീരാതെ വാള്‍-
ത്തല
ശവക്കൂമ്പാരങ്ങള്‍ക്കിടയില്‍ ഇളം
ചുണ്ടുകളീമ്പുന്നു വൃഥാ പാലുറഞ്ഞ
മുല
യുദ്ധം ചിലങ്കയഴിക്കുമ്പോള്‍ തീന്‍-
മേശയിലെ പാനപാത്രത്തില്‍ രക്ത-
ക്കറ
പതഞ്ഞുപൊങ്ങും വീഞ്ഞില്‍
ഇനിയും നിലക്കാത്ത നിലവിളി തന്‍
നുര
ചുണ്ടിന്മേലെ മീശ വരക്കുന്നൂ
ചുടുചോരച്ചാറിന്‍
പത
പച്ചമാംസം വെന്ത ഗന്ധം പേറി
ആകാശച്ചെരിവില്‍ തൊടുന്നൂ വെടി-
പ്പുക
യുദ്ധമില്ലാത്ത ലോകം
കിനാവു കണ്ടുറങ്ങി
ഇനിയുമുണരാത്തവരുടെ
പാദങ്ങളെ കാത്തുകാത്ത്
അവരഴിച്ചിട്ട വാര്‍ച്ചെരിപ്പി-
ന്നിണ.
Comments