Prabodhanm Weekly

Pages

Search

2021 നവംബര്‍ 26

3228

1443 റബീഉല്‍ ആഖിര്‍ 21

നരേന്ദ്ര മോദിയുടെ 20 വര്‍ഷങ്ങള്‍

എ.ആര്‍

സ്വാതന്ത്ര്യ സമരത്തിന്റെ തലയെടുപ്പുള്ള നായകനും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും മതനിരപേക്ഷ  ജനാധിപത്യ സോഷ്യലിസ്റ്റ് ഇന്ത്യയുടെ ശക്തനായ വക്താവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 പതിവുപോലെ രാജ്യത്തൊട്ടാകെ കോണ്‍ഗ്രസ്സുകാര്‍ ആഘോഷിച്ചു. എന്നാല്‍ സാമ്പ്രദായിക ശിശുദിനാഘോഷത്തിന്റെ പൊലിമയൊന്നും എവിടെയും ദൃശ്യമായില്ല. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നെഹ്‌റുവിന്റെ ഛായാ പടത്തിനു താഴെ നെഹ്‌റുവിന്റെ സ്മരണക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവോ ലോക്‌സഭാ അധ്യക്ഷനോ കേന്ദ്ര കാബിനറ്റ് അംഗങ്ങളില്‍ ആരെങ്കിലുമോ പങ്കെടുക്കുകയുണ്ടായില്ല. ഒരു സഹമന്ത്രി മാത്രമാണ് സര്‍ക്കാറിനെ പ്രതിനിധീകരിച്ചത്. മുഖ്യമായും നെഹ്‌റു കുടുംബവും കോണ്‍ഗ്രസ്സ് നേതാക്കളുമാണ് ചടങ്ങില്‍ സംബന്ധിച്ചത്. നെഹ്‌റു കുടുംബ മുക്ത, കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപിത മുദ്രാവാക്യവുമായി മുന്നോട്ടു പോകുന്ന ഹിന്ദുത്വ ശക്തികളുടെ ബോധപൂര്‍വമായ അവഗണനയുടെ സ്വാഭാവിക പ്രദര്‍ശനം എന്നിതിനെ വിശേഷിപ്പിക്കാവുന്നതേയുള്ളൂ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പെഴുതിക്കൊടുത്ത് വെള്ളക്കാരന്റെ മുന്നില്‍ വിനീത വിധേയത്വം തെളിയിച്ച് ജയില്‍മുക്തനായ വി.ഡി സവര്‍ക്കറെയും ദേശീയ സ്വാതന്ത്ര്യ പതാക ഒരിക്കല്‍ പോലും സംഘ് കാര്യാലയത്തില്‍ ഉയര്‍ത്താതിരിക്കാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയ എം.എസ് ഗോള്‍വാള്‍ക്കറെയും ഗാന്ധിഘാതകന്‍ നാഥുറാം ഗോദ്‌സെയെയും പൂജിക്കാന്‍ ക്ഷേത്രം പണിയുന്നവരില്‍നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. സെക്യുലര്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പ്രയാണത്തില്‍ ബഹുദൂരം പിന്നിട്ടു കഴിഞ്ഞ സംഘ് പരിവാര്‍ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ലക്ഷ്യം പൂര്‍ണമായി സാക്ഷാത്കരിക്കാനാവുമെന്ന് കണക്കുകൂട്ടുന്നു.
പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ മൂന്നേ മൂന്ന് സംസ്ഥാനങ്ങളുടെ ഭരണവും ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഭരണപങ്കാളിത്തവും മാത്രം തല്‍ക്കാലം കൈവശമുള്ള കോണ്‍ഗ്രസ്സിന്റെ നേതൃരാഹിത്യവും അന്തഃഛിദ്രതയും ജനവിശ്വാസത്തെ കൊഞ്ഞനം കുത്തുന്ന മറുകണ്ടം ചാടലും മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളുടെ പിതൃത്വവും ഇനിയൊരു തിരിച്ചുവരവിനെ ചോദ്യചിഹ്നമാക്കുന്നുണ്ട് എന്ന് സംഘ് പരിവാര്‍ മാത്രമല്ല, നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകരും തിരിച്ചറിയുന്നു എന്ന് സമ്മതിക്കേണ്ടതായി തന്നെ വരും. ബിഹാറില്‍ നിതീഷ് കുമാറിനും ബംഗാളില്‍ മമതാ ബാനര്‍ജിക്കും ഭരണത്തുടര്‍ച്ച നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രശാന്ത് കിഷോര്‍ എന്ന കിംഗ് മേക്കര്‍, കോണ്‍ഗ്രസ്സിന്റെ രക്ഷക്കായി അവതരിക്കാന്‍ പോകുന്നു എന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍ തുറന്നു പറയുന്ന കാര്യം അടുത്ത ഇരുപത് വര്‍ഷത്തേക്ക് ഇന്ത്യയില്‍ ഭരണമാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ്. ബി.ജെ.പിയെ മുഖ്യശത്രുവായി കണ്ട് ഭിന്ന നയപരിപാടികളോടെ രംഗത്തുള്ള ഏക മുഖ്യമന്ത്രി ബംഗാളിലെ മമതാ ബാനര്‍ജിയാണ്. തമിഴ്‌നാട്ടിലെ എം.കെ സ്റ്റാലിന്‍ ഭിന്നവും സ്വതന്ത്രവുമായ കാഴ്ചപ്പാടിലൂടെ നീങ്ങുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയും. കേരളത്തിലെ പിണറായി വിജയനും ആ പട്ടികയില്‍ വരുന്നുണ്ടെങ്കിലും മോദിയുമായി ഒരേറ്റുമുട്ടല്‍ അദ്ദേഹം ഉദ്ദേശിക്കുന്നതായി വിലയിരുത്താനാവില്ല. കരുതലോടെയാണ് ഓരോ നീക്കവും എന്നര്‍ഥം. ഒഡീഷയിലെ നവീന്‍ പട്‌നായിക്കും ആന്ധ്രയിലെ ജഗ്‌മോഹന്‍ റെഡ്ഡിയും തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവും പുറമേക്ക് മോദിയോട് വിധേയത്വം പ്രകടിപ്പിക്കുന്നില്ല; എന്നാല്‍ ആവശ്യ ഘട്ടങ്ങളിലൊക്കെ മോദി-അമിത് ഷാ ടീമിനോടൊപ്പമാണ് നിലയുറപ്പിക്കാറ്. മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഉദ്ധവ് താക്കറെ തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയില്ലെങ്കില്‍ ഏതു ഘട്ടത്തിലും കാവിപ്പടയിലേക്ക് തിരിച്ചുപോകാന്‍ വൈമനസ്യം കാട്ടുകയില്ലെന്നുറപ്പ്. ഇതുകൊണ്ടൊക്കെ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി കനത്ത തിരിച്ചടി പ്രതീക്ഷിക്കുന്നില്ല എന്നേ കരുതാനാവൂ. എന്നാല്‍ ചില കണക്കുകൂട്ടലുകള്‍ പിഴക്കാനിടയുണ്ട് എന്നു മാത്രം പറയാം. ഈ പശ്ചാത്തലത്തില്‍ തന്നെയാണ് സി.പി.എം പോളിറ്റ് ബ്യൂറോ, നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായി ധാരണയോ സഖ്യമോ വേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നതും. അതുകൊണ്ട് വിശേഷിച്ചൊന്നും നേടാനാവില്ലെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു, കോണ്‍ഗ്രസ്സും തഥൈവ.
ഇന്ത്യയില്‍ ജനാധിപത്യവും മതനിരപേക്ഷതയും സര്‍വോപരി സ്വാതന്ത്ര്യവും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവരെയും രാജ്യത്തിന്റെ പോക്കില്‍ അങ്ങേയറ്റം അസ്വസ്ഥരായ മതന്യൂനപക്ഷങ്ങളെയും വല്ലാതെ ഉത്കണ്ഠാകുലരാക്കുന്ന സ്ഥിതിവിശേഷമാണിത്. 2001 മുതല്‍ മൂന്ന് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി വാണ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഒന്നാമൂഴം പൂര്‍ത്തിയാക്കി സംഘ് പരിവാറിനകത്തോ പുറത്തോ പ്രസ്താവ്യമായ ഭീഷണി നേരിടാതെ, സര്‍വേ പ്രകാരം 70 ശതമാനം ജനപിന്തുണ ഉറപ്പാക്കിക്കൊണ്ട് വിപത്കരമായ തന്റെ അജണ്ടയുമായി കുതിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭാവിയെപ്പറ്റി ആഗോളതലത്തില്‍ തന്നെ ആശങ്കകളുയരുന്നുണ്ട്. ഇന്ത്യയില്‍ തമസ്‌കരിക്കപ്പെടുന്നുണ്ടെങ്കിലും ലോക മീഡിയയില്‍ ഇവ്വിധമുള്ള നിരീക്ഷണങ്ങള്‍ പുറത്തുവരുന്നുമുണ്ട്. സാധാരണ കുടുംബത്തില്‍ പിറന്ന് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പിതാവിന്റെ ചായക്കടയില്‍ സഹായിയായി ജീവിച്ച നരേന്ദ്ര മോദി, ശരാശരി രാഷ്ട്രീയ സ്വയംസേവകനായി കാക്കി ട്രൗസറുമിട്ട് നടക്കെ, അവിചാരിതമായി ഉയര്‍ച്ചയുടെ പടവുകള്‍ ചാടിക്കയറി ഇന്ന് കാണുന്നവിധം മുടിചൂടാമന്നനായി വിലസുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമായും രണ്ട് ഘടകങ്ങളാണ്: ഒന്ന്, ക്രമപ്രവൃദ്ധമായി രാജ്യത്ത് വളര്‍ത്തപ്പെട്ട തീവ്ര ദേശീയതയുടെ കരുത്തുള്ള പിന്‍ബലം. രണ്ട്, കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ ഭരണകാലത്ത് ആരംഭിച്ച ആഗോളീകരണ-ഉദാരീകരണ സാമ്പത്തിക നയം. മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രി സ്ഥാനാരോഹണത്തോടെ സമ്പൂര്‍ണ മുതലാളിത്ത പാതയിലേക്കുള്ള രാജ്യത്തിന്റെ ഗതിമാറ്റത്തിന് വേഗം കൂട്ടിയ കോര്‍പ്പറേറ്റ് നിയന്ത്രിത സമ്പദ് വ്യവസ്ഥയുടെ സമ്പൂര്‍ണ സ്‌പോണ്‍സര്‍ഷിപ്പ്. സത്യാനന്തര യുഗത്തിന്റെ സമസ്ത സാങ്കേതിക സാധ്യതകളും ഉപയോഗിച്ച് അദാനി-അംബാനി-ടാറ്റ പ്രഭൃതികള്‍, ഭൂരിപക്ഷ മനസ്സുകളില്‍ വിഗ്രഹമായി പ്രതിഷ്ഠിക്കപ്പെട്ട മോദിയെ ദത്തുപുത്രനാക്കി രാജ്യ സമ്പദ് വ്യവസ്ഥയെ തന്നെ സ്വകാര്യവത്കരിക്കുകയായിരുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്രം, സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ, ഗോമാതാ ഭക്തി, പുരാതന ആര്യ സംസ്‌കൃതിയുടെ പുനരുജ്ജീവനം തുടങ്ങിയ അതിവൈകാരിക അജണ്ടയില്‍ ഭൂരിപക്ഷ സമൂഹത്തെ ഉറക്കിക്കിടത്തി ധനവും ധനോല്‍പാദന ഉപാധികളും സ്വന്തമാക്കാന്‍ ശതകോടീശ്വരന്മാര്‍ക്ക് പ്രയാസമേതുമുണ്ടായില്ല. എതിര്‍ക്കുന്നവരെ ഇ.ഡിയും ഐ.ടിയും യു.എ.പി.എയും എന്‍.ഐ.എയും ഉപയോഗിച്ച് വേട്ടയാടാനും ഇരുമ്പഴിക്കുള്ളില്‍ തളച്ചിടാനും ഭരണഘടനയോ  ജുഡീഷ്യറിയോ തടസ്സമായില്ല. ഏതെങ്കിലും കേന്ദ്രത്തില്‍നിന്നുയരുന്ന 'അപശബ്ദങ്ങളെ' അടിച്ചിരുത്താന്‍ മുട്ടിലിഴയുന്ന മീഡിയയുടെ പൂര്‍ണ സഹകരണം വാഴുന്നവര്‍ ഉറപ്പാക്കുക കൂടി ചെയ്തതോടെ എല്ലാം ഭദ്രം, സുരക്ഷിതം. എന്നാല്‍ സര്‍വജ്ഞനും സര്‍വശക്തനും തന്ത്രജ്ഞനുമായ ജഗദീശ്വരന്റെ അപ്രതീക്ഷിതമായ ഇടപെടല്‍ ഏകാധിപത്യത്തെയോ സമഗ്രാധിപത്യത്തെയോ ശാശ്വതീകരിക്കാന്‍ ഇട നല്‍കിയിട്ടില്ലെന്നതാണ് മനുഷ്യ ചരിത്രത്തിന്റെ ഇതഃപര്യന്തമുള്ള പാഠം. ഘനാന്ധകാരത്തില്‍ വെളിച്ചത്തിനു വേണ്ടിയുള്ള പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടെ മാനവികതയുടെ വീണ്ടെടുപ്പിന് പണിയെടുക്കുന്ന മനുഷ്യസ്‌നേഹികള്‍ക്ക് ഇന്ത്യാ മഹാ രാജ്യത്ത് വംശനാശം സംഭവിച്ചിട്ടില്ലെന്ന തിരിച്ചറിവ് നമ്മെ ജീവിപ്പിക്കട്ടെ. വമാ മിന്‍ ളാലിമിന്‍ ഇല്ലാ സയൂബ്‌ലാ ബി അള്‌ലമി (മറ്റൊരു കൊടും അക്രമിയാല്‍ പരീക്ഷിക്കപ്പെടാത്ത ഒരു അക്രമിയുമില്ല) എന്ന് അറബി കവിതാ ശകലം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 56-64
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിന്റെ സുഗന്ധം തടയപ്പെടുന്നവന്‍
ഡോ. കെ. മുഹമ്മദ്, പണ്ടിക്കാട്‌