ഇസ്ലാം എന്ന അപരം
അറിവും അധികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൊളോണിയല്‍ വെസ്റ്റ് അറിവിലൂടെ എങ്ങനെ അറബ് - മുസ്‌ലിം ലോകത്തിന്റെ മേല്‍ ആധിപത്യം നേടുന്നു എന്നും വിശദീകരിക്കവെ എഡ്വേഡ് സഈദ് 'ഓറിയന്റലിസം' എന്ന കൃതിയില്‍ എഴുതുന്നുണ്ട്: 'ഇംഗ്ലണ്ടിന് ഈജിപ്തിനെ അറിയാം. ഇംഗ്ലണ്ട് (ഈജിപ്തിനെക്കുറിച്ച്) എന്തറിയുന്നുവോ അതാണ് ഈജിപ്ത്. ഈജിപ്തിന് സ്വയംഭരണം സാധ്യമല്ല എന്ന് ഇംഗ്ലണ്ടിന് അറിയാം. ഈജിപ്തില്‍ അധിനിവേശം നടത്തിക്കൊണ്ട് ഇംഗ്ലണ്ട് അത് സ്ഥിരീകരിക്കുന്നു. ഇംഗ്ലണ്ട് കീഴടക്കി ഭരിക്കുന്നതെന്തോ അതാണ് ഈജിപ്തുകാര്‍ക്ക് ഈജിപ്ത്.' ഇസ്‌ലാം / മുസ്‌ലിം ലോകം എന്ന അപരത്തെക്കുറിച്ച് പടിഞ്ഞാറ് നിര്‍മിക്കുന്ന അറിവുകളിലൂടെയും ഭാവനകളിലൂടെയുമാണ് അത് രണ്ടും നിലനില്‍ക്കുന്നതെന്നും അറിയപ്പെടുന്നതെന്നും സഈദ് സമര്‍ഥിക്കുന്നു. അക്കാദമിക ലോകത്ത് കോളിളക്കം സൃഷ്ടിച്ച തന്റെ കൃതിയിലൂടെ1970-കളുടെ അവസാനത്തില്‍ സഈദ് പറഞ്ഞുവെച്ചത് വലിയ മാറ്റങ്ങളില്ലാതെ ഇപ്പോഴും തുടരുന്നുവെന്നു വേണം പറയാന്‍. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ലോകം ഇന്നും അറിയുന്നതും മനസ്സിലാക്കുന്നതും പടിഞ്ഞാറന്‍ മീഡിയയും അധികാരശക്തികളും പടച്ചുവിടുന്ന ഇസ്‌ലാമോഫോബിക് ഇമേജുകളിലൂടെയും കഥകളിലൂടെയുമാണ്. ഇസ്‌ലാമോഫോബിയയും ഇസ്‌ലാം വിമര്‍ശനങ്ങളും പരസ്പരം കണ്ണിചേര്‍ന്നാണ് നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. പടിഞ്ഞാറിന് ഇസ്‌ലാമിനെക്കുറിച്ച് അറിയാവുന്നതെന്താണോ അതാണ് ഇസ്‌ലാമിനെക്കുറിച്ച് നിലനില്‍ക്കുന്ന അറിവും പൊതുബോധവും. അറിവിന്റെ അധികാരത്തിലൂടെ പടിഞ്ഞാറ് നിര്‍മിച്ചെടുത്തതാണിത്.
ഇസ്‌ലാമിനെതിരെ ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങളില്‍ ഏറ്റവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒന്ന് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെടുത്തിയാണ്. ഇസ്‌ലാം ഭീകരതയുടെയും തീവ്രവാദത്തിന്റെയും മതമാണെന്ന് നമ്മുടെ നാട്ടിലെ യുക്തിവാദികളും തീവ്ര വലതുപക്ഷ വിഭാഗങ്ങളും പറയുകയും എഴുതുകയും ചെയ്യുമ്പോള്‍ ഇസ്‌ലാമിനെക്കുറിച്ച് പടിഞ്ഞാറ് നിര്‍മിച്ചെടുത്ത അറിവ് ബോധത്തിലോ അബോധത്തിലോ ആവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. സംഘ് പരിവാറും യുക്തിവാദികളും ചില തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും യൂറോപ്പിലും അമേരിക്കയിലും ശക്തി പ്രാപിച്ചുവരുന്ന തീവ്ര വലതുപക്ഷ വിഭാഗങ്ങളും ഖുര്‍ആനിനും ഇസ്‌ലാമിനുമെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളിലെ സാദൃശ്യം പരിശോധിച്ചാല്‍ ഇത് ബോധ്യമാവും. ഐ.എസ്, അല്‍ഖാഇദ തുടങ്ങിയ മുസ്‌ലിം പശ്ചാത്തലമുള്ള സംഘടനകളും വ്യക്തികളും നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ പെട്ടെന്ന് അവര്‍ ഖുര്‍ആന്റെ ടെക്സ്റ്റിലേക്ക് ആരോപിക്കും. ചില ഖുര്‍ആന്‍ സൂക്തങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് അക്ഷര വായന നടത്തി ഖുര്‍ആനാണ് ഭീകരതക്ക് പ്രചോദനം നല്‍കുന്നത് എന്ന് കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്യും. 9/11 ആക്രമണത്തെ തുടര്‍ന്ന് അമേരിക്ക തുടങ്ങിവെച്ച 'ഭീകരതാവിരുദ്ധ യുദ്ധം' (War on Terror) മുന്നോട്ടു പോയത് മുസ്‌ലിംകളല്ല, ഇസ്‌ലാം തന്നെയാണ് പ്രശ്‌നം എന്നും ആഗോളാടിസ്ഥാനത്തില്‍ മുസ്‌ലിംകളെ ഡീറാഡിക്കലൈസ് ചെയ്യലാണ് പരിഹാരം എന്നും പ്രചരിപ്പിച്ചുകൊണ്ടും അതിനു വേണ്ടി നാനാ മുഖമായ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടും തങ്ങള്‍ക്കിഷ്ടമില്ലാത്ത മുസ്‌ലിം ഗ്രൂപ്പുകളെയും സംഘടനകളെയും വേട്ടയാടിക്കൊണ്ടുമാണല്ലോ. 9/11-ന്റെ പശ്ചാത്തലത്തില്‍ രംഗപ്രവേശം ചെയ്ത നവനാസ്തികതയുടെ (New Atheism) ആചാര്യന്മാരായ റിച്ചാഡ് ഡോക്കിന്‍സും സാം ഹാരിസും ക്രിസ്റ്റഫര്‍ ഹിച്ചന്‍സും ഇസ്‌ലാമിനെക്കുറിച്ച ഈ കൊളോണിയല്‍ പ്രചാരണത്തെ കൂടുതല്‍ അക്രമാസക്തമായി ഏറ്റെടുക്കുകയാണ് ചെയ്തത്. കേരളത്തില്‍ സി. രവിചന്ദ്രനെപ്പോലുള്ള നവനാസ്തികര്‍ 'ഇസ്‌ലാമിക ഭീകരവാദ'ത്തെക്കുറിച്ച് നിരന്തരം ഭയം ജനിപ്പിച്ചുകൊണ്ടിരിക്കുന്നത് പടിഞ്ഞാറന്‍ നവനാസ്തികരുടെ ഇസ്‌ലാമോഫോബിക് പ്രചാരവേലകളുടെ തുടര്‍ച്ച മാത്രമാണ്.
ഈ പ്രചാരണത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍ സൂയിസൈഡ് ബോംബിംഗിന്റെ ചരിത്രം പരിശോധിക്കുകയോ ഭീകരവാദത്തെക്കുറിച്ച ഡസന്‍ കണക്കിന് പഠനങ്ങള്‍ ഉദ്ധരിക്കുകയോ വേണ്ടതില്ല. നൂറ്റാണ്ടുകളായി ഖുര്‍ആന്‍ വായിക്കുകയും അതിനെ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ലോകത്തിലെ ബഹു ഭൂരിഭാഗം മുസ്‌ലിംകളും എന്തുകൊണ്ട് ഭീകരവാദികളാവുന്നില്ല എന്ന മറുചോദ്യം ഉന്നയിച്ചാല്‍ മതി. ലോകത്തിലെ അറിയപ്പെടുന്ന മുസ്‌ലിം പണ്ഡിതന്മാരും പണ്ഡിത സഭകളും എന്തുകൊണ്ട് തീവ്രവാദത്തെയും ഭീകരവാദത്തെയും തള്ളിപ്പറയുന്നു എന്ന് ആലോചിച്ചാല്‍ മതി. അറബ്,മുസ്‌ലിം ലോകത്ത് ഭീകരവാദം വളരാന്‍ എന്തുകൊണ്ട് പോസ്റ്റ് കൊളോണിയല്‍ അധിനിവേശ ചരിത്രം വരെ കാത്തിരിക്കേണ്ടി വന്നു എന്ന് ചോദിച്ചാല്‍ മതി. ഐ.എസിനെയും അല്‍ഖാഇദയെയും പ്രചോദിപ്പിക്കുന്നത് ഇസ്‌ലാമല്ലേ എന്നു ചോദിച്ചാല്‍ അതിന്റെ ലളിതമായ ഉത്തരം ഇസ്‌ലാം വിമര്‍ശകരെപ്പോലെ അവരും ഇസ്‌ലാമിക പ്രമാണങ്ങളെ തെറ്റായി വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുവെന്നാണ്. അതിലുപരി ഇസ്‌ലാമിനെ സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗപ്പെടുത്തുന്നു എന്നാണ്. അധിനിവേശത്തെ എതിര്‍ക്കുന്നു എന്ന വ്യാജേന അധിനിവേശ ശക്തികളുടെ ഉപകരണങ്ങളായി അവര്‍ മാറുന്നതിന് ധാരാളം തെളിവുകളുണ്ട്. ഐ.എസിന്റെ ഉത്ഭവം പോലെ തന്നെ അതിന്റെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം ഒരുപാട് ദുരൂഹതകളുള്ള കാര്യമാണ്. ഇസ്‌ലാമിനെ ലോകത്തിന്റെ മുന്നില്‍ പൈശാചികവല്‍ക്കരിക്കാനും ഭീകരതയുടെ മതം എന്ന നരേറ്റീവ് സൃഷ്ടിക്കാനും നിലനിര്‍ത്താനും ഇത്തരം സായുധ ഗ്രൂപ്പുകളുടെ സാന്നിധ്യം ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് കൂടിയേ തീരൂ. മുസ്‌ലിം ജനസാമാന്യത്തിനിടയില്‍ വേരോട്ടമില്ലാത്ത ഐ.എസ്, അല്‍ഖാഇദ തുടങ്ങിയ തീവ്രവാദ സംഘങ്ങളിലാണ് ഇസ്‌ലാമിന്റെ പ്രതിനിധാനം ഏല്‍പിക്കപ്പെടേണ്ടത് എന്നതും അവരിലൂടെയാണ് ഇസ്‌ലാമിനെക്കുറിച്ച ഇമേജ് നിര്‍മിക്കപ്പെടേണ്ടത് എന്നതും കൃത്യമായ ഒരു ഇസ്‌ലാംവിരുദ്ധ അജണ്ടയുടെ ഭാഗമാണ്.
വിമര്‍ശിക്കപ്പെടുന്ന ഇസ്‌ലാം
സോഷ്യല്‍ മീഡിയയില്‍ യുക്തിവാദികളും സ്വയംപ്രഖ്യാപിത ലിബറലുകളും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ഉന്നയിക്കുന്ന വാദകോലാഹലങ്ങള്‍ ശ്രദ്ധിക്കുന്ന ആരും ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്; എന്തുകൊണ്ട് ഇസ്ലാം ഇത്രയധികം വിമര്‍ശിക്കപ്പെടുന്നു? മറ്റു മതഗ്രന്ഥങ്ങളുടെ കാര്യത്തിലൊന്നും കാണപ്പെടാത്ത വിധത്തില്‍ ഇസ്‌ലാമിന്റെ ഓരോ ടെക്സ്റ്റും എന്തുകൊണ്ട് ഇഴകീറി പരിശോധിക്കപ്പെടുന്നു? പല പശ്ചാത്തലത്തില്‍നിന്ന് വരുന്ന ഇസ്‌ലാംവിമര്‍ശകര്‍ എന്തുകൊണ്ട് ഒരേ ഭാഷയിലും ശൈലിയിലും സംസാരിക്കുന്നു? മുസ്‌ലിം പെണ്ണിന്റെ വസ്ത്രവും ആഇശാ ബീവിയുടെ വിവാഹവും ഒരിക്കലും തീരാത്ത ചര്‍ച്ചകളായി എന്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നു? ഹലാല്‍ ഫുഡും ലൗ ജിഹാദും എന്തുകൊണ്ട് അറ്റമില്ലാത്ത വിവാദതരംഗങ്ങള്‍ സൃഷ്ടിക്കുന്നു? കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളിലെ മുസ്‌ലിം പേരുകള്‍ക്കു മാത്രം എന്തുകൊണ്ട് മതവര്‍ണം ചാര്‍ത്തപ്പെടുന്നു? ചോദ്യങ്ങളുടെ പട്ടിക ഇനിയും നീളും.
ഈ ചോദ്യങ്ങള്‍ക്ക് നിരവധി ഉത്തരങ്ങള്‍ കണ്ടെത്താനാവും. കേരളത്തില്‍ നടക്കുന്ന ഇസ്ലാംവിരുദ്ധ വാദകോലാഹലങ്ങള്‍ ഒരു ആഗോള ചിത്രത്തിന്റെ കേരളീയ മാനങ്ങളുള്ള ആവിഷ്‌കാരങ്ങള്‍ ആണെന്ന് ഒന്നാമതായി മനസ്സിലാക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവുമധികം ആശയപരമായ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മതം ഇസ്‌ലാമാണ്. 9/11-നു ശേഷം പടിഞ്ഞാറന്‍ ലോകത്ത് ഇസ്‌ലാമിനെക്കുറിച്ചും 'പൊളിറ്റിക്കല്‍ ഇസ്‌ലാമി'നെക്കുറിച്ചും എഴുതപ്പെട്ട കൃതികളുടെ ബാഹുല്യം അമ്പരപ്പിക്കുന്നതാണ്. മുമ്പ് സൂചിപ്പിച്ചതുപോലുള്ള പടിഞ്ഞാറിന്റെ സ്റ്റീരിയോടൈപ്പ് നിര്‍മിതികള്‍ നിറഞ്ഞ വിമര്‍ശനങ്ങള്‍ മാത്രമല്ല, അത്തരം നിര്‍മിതികളെ ചോദ്യം ചെയ്യുകയും നിരാകരിക്കുകയും ചെയ്യുന്ന പഠനങ്ങളും എണ്ണത്തില്‍ കുറവാണെങ്കിലും പുറത്തിറങ്ങുന്നുണ്ട്. ഇസ്‌ലാമിനെതിരെ ആഗോളവ്യാപകമായ ഒരു ഹേറ്റ് കാമ്പയിനിന് തുടക്കം കുറിക്കാന്‍ വേണ്ടി ഉപയോഗിക്കപ്പെട്ട 9/11 ആക്രമണം പോലും മറ്റൊരര്‍ഥത്തില്‍ ഇസ്‌ലാമിനെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി എന്നതാണ് വാസ്തവം. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വംശീയ സ്വഭാവമുള്ള വിമര്‍ശനങ്ങളും കടന്നാക്രമണങ്ങളും നടന്നുകൊണ്ടിരിക്കെത്തന്നെ പടിഞ്ഞാറന്‍ ലോകത്ത് ധാരാളമാളുകള്‍ ഇപ്പോഴും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.
അപര നിര്‍മിതി
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപര സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് പടിഞ്ഞാറ് അതിന്റെ നാഗരികത കെട്ടിപ്പടുത്തത് എന്നാണ് എഡ്വേഡ് സഈദിനെപ്പോലുള്ളവര്‍ വാദിച്ചത്. ആധുനികത മുന്നോട്ടു വെച്ച ലിബറല്‍ മൂല്യങ്ങളുടെ അപരമായിട്ടാണ് ഇസ്‌ലാമിനെ പടിഞ്ഞാറ് നിര്‍മിച്ചെടുത്തത്. കഹെമാ ശി ഘശയലൃമഹശാെ എന്ന കൃതിയില്‍ ജോസഫ് മസദ് പറയുന്നതുപോലെ ചില പദങ്ങളുടെ വിപരീതമായിട്ടും മറ്റു ചില പദങ്ങളുടെ പര്യായമായിട്ടുമാണ് ഇസ്‌ലാം മനസ്സിലാക്കപ്പെടുന്നത്. ക്രിസ്ത്യാനിറ്റി, വെസ്റ്റ്, ലിബറലിസം, വ്യക്തിവാദം, ജനാധിപത്യം, സ്വാതന്ത്ര്യം, പൗരാവകാശം, സെക്യുലരിസം, യുക്തിചിന്ത, സഹിഷ്ണുത, മനുഷ്യാവകാശങ്ങള്‍, സ്ത്രീസ്വാതന്ത്ര്യം, ലൈംഗികാവകാശങ്ങള്‍ എന്നിവയുടെ വിപരീതം. അടിച്ചമര്‍ത്തല്‍, ഏകാധിപത്യം, സര്‍വാധിപത്യം, അനീതി, അസഹിഷ്ണുത, അയുക്തി, ക്രൂരത, സ്ത്രീവിരുദ്ധത, ഹോമോഫോബിയ എന്നിവയുടെ പര്യായം. 'അതുകൊണ്ട് ഇസ്‌ലാം എന്ന മനോരോഗത്തെ ഇല്ലാതാക്കിയാല്‍ പോരാ, മനശ്ശാസ്ത്ര വിശകലനത്തിനു വിധേയമാക്കണം. മുസ്‌ലിംകള്‍ ലിബറലിസത്തിലേക്ക്, നന്നെച്ചുരുങ്ങിയത് ലിബറലിസത്തിന് അംഗീകരിക്കാവുന്ന തരം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ആയുധ ശക്തിയുപയോഗിച്ച് അവരെ പരിവര്‍ത്തനം ചെയ്യിക്കണം. കാരണം അവരുടെ ചെറുത്തുനില്‍പ്പ് ലിബറലിസത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് - സാര്‍വലൗകികതയും അതിന്റെ അനിവാര്യതയായ ഗ്ലോബലൈസേഷനും - വെല്ലുവിളിയുയര്‍ത്തുന്നതാണ്' (Joseph A Massad- Islam in Liberalism). ഹോമോസെക്ഷ്വാലിറ്റി, സ്വതന്ത്ര ലൈംഗികത, സ്ത്രീ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച ലിബറല്‍ കാഴ്ചപ്പാടുകള്‍ മുസ്ലിം ലോകത്തേക്ക് കയറ്റുമതി ചെയ്യാന്‍ എങ്ങനെയാണ് പടിഞ്ഞാറ് ശ്രമിക്കുന്നത് എന്നതാണ് പുസ്തകത്തിന്റെ പ്രമേയം.
അമേരിക്കയുടെ പരാജയപ്പെട്ട അഫ്ഗാന്‍ അധിനിവേശത്തിന്റെ പറയപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് 'അപരിഷ്‌കൃതരായ' അഫ്ഗാന്‍ ജനതയെ പരിഷ്‌കരിക്കുക എന്നതും മൂടുപടത്തിനുള്ളില്‍നിന്ന് അഫ്ഗാന്‍ സ്ത്രീകളെ പുറത്തുകൊണ്ടുവരിക എന്നതുമായിരുന്നല്ലോ. 'പൊളിറ്റിക്കല്‍ ഇസ്‌ലാം' എന്ന് പടിഞ്ഞാറ് പേരിട്ടു വിളിക്കുന്ന ഇസ്‌ലാമിന്റെ രാഷ്ട്രീയാവിഷ്‌കാരങ്ങളെക്കുറിച്ച ആകുലതകളിലും ഈ ലിബറല്‍ അജണ്ട ഒളിഞ്ഞു കിടക്കുന്നുണ്ട്. 'ഇസ്‌ലാമിസം' എന്ന പേരില്‍ വ്യവഹരിക്കപ്പെട്ടിരുന്ന സംഘടനകളെയും ആശയങ്ങളെയുമാണ് ഇപ്പോള്‍ 'പൊളിറ്റിക്കല്‍ ഇസ്‌ലാം' എന്ന വാക്കു കൊണ്ട് സൂചിപ്പിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെ വിശേഷിപ്പിക്കാന്‍ വേണ്ടി തുടക്കത്തില്‍ ഉപയോഗിക്കപ്പെട്ടിരുന്ന 'ഇസ്‌ലാമിസം' എന്ന പ്രയോഗത്തിലേക്ക് ഐ.എസ്, അല്‍ ഖാഇദ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിസം സമം ഭീകരവാദം എന്ന സമവാക്യം നിര്‍മിച്ചെടുക്കുകയാണ് ചെയ്തത്. ഇതിന്റെ പര്യായമായാണ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഉപയോഗിക്കപ്പെടുന്നത്. ഇസ്‌ലാമിന്റെ എല്ലാ തരം രാഷ്ട്രീയാവിഷ്‌കാരങ്ങളും ലിബറല്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന ധാരണ മുസ്‌ലിം സമൂഹങ്ങളില്‍ തന്നെ സൃഷ്ടിക്കുകയും അരാഷ്ട്രീയമായ ഒരു ഇസ്‌ലാമിനെ പകരം വെക്കുകയും ചെയ്തുകൊണ്ടാണ് ഈ അജണ്ട മുന്നോട്ടു നീങ്ങുന്നത്.
കേരളത്തില്‍ ഇസ്‌ലാമിനെതിരെ നടക്കുന്ന പ്രചണ്ഡമായ സോഷ്യല്‍ മീഡിയാ പ്രചാരവേലകളിലും ഇത്തരം ലിബറല്‍ ആകുലതകള്‍ തെളിഞ്ഞുകാണാം. ഇസ്‌ലാമിലെ സ്ത്രീ ലിബറല്‍, യുക്തിവാദി വിമര്‍ശനങ്ങളുടെ കേന്ദ്രമായി നിലകൊള്ളുന്നതിന് വ്യക്തമായ കാരണമുണ്ട്. കുടുംബത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സദാചാരത്തെക്കുറിച്ചുമുള്ള ലിബറല്‍ കാഴ്ചപ്പാടുകളെ ഇസ്‌ലാം നിരാകരിക്കുകയും സുബദ്ധമായ ധാര്‍മിക, സദാചാര മൂല്യങ്ങളില്‍ അധിഷ്ഠിതമായ പ്രായോഗിക മാതൃകകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു എന്നതാണ് അത്. മുസ്‌ലിം സമൂഹത്തെ സ്വന്തം ലക്ഷ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമൊത്ത് പാകപ്പടുത്താനുള്ള ഏറ്റവും നല്ല വഴി അവരുടെ വിശ്വാസപരവും ധാര്‍മികവുമായ അടിത്തറയെ തകര്‍ക്കുക എന്നതാണെന്ന് ലിബറലുകള്‍ക്കും ഇടത്, വലത് രാഷ്ട്രീയ മോഹികള്‍ക്കും നന്നായി അറിയാം.
മുതലാളിത്തത്തിന്റെ വിപണന താല്‍പര്യങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്ന പ്രശ്‌നം കൂടിയുണ്ട്. മുതലാളിത്തം ലിബറലിസത്തിന്റെ സാമ്പത്തിക മുഖം ആയതിനാല്‍ ഈ പ്രശ്‌നത്തിന് ഒരു ആഗോള സ്വഭാവമുണ്ട്. സ്വതന്ത്ര ലൈംഗികതയും സ്ത്രീ നഗ്നതയും പോര്‍ണോഗ്രഫിയുമൊക്കെ പുതിയ തരം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും അത് വിറ്റഴിക്കാനുമുള്ള മുതലാളിത്തത്തിന്റെ കൈയിലെ ആയുധങ്ങളാണ്. മനുഷ്യന്റെ സുഖഭോഗതൃഷ്ണയെ കെട്ടഴിച്ചുവിട്ടുകൊണ്ടാണ് മുതലാളിത്തം അതിന്റെ വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഗേ, ലസ്ബിയന്‍ ജീവിതരീതികളിലൂടെ പുതിയ ലൈംഗിക സാഹസങ്ങളില്‍ (sexual adventures) മനുഷ്യര്‍ ഏര്‍പ്പെടുമ്പോള്‍ പുതിയ ലൈംഗിക ഉല്‍പന്നങ്ങള്‍ക്ക് വിപണികള്‍ സൃഷ്ടിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്. മനുഷ്യരുടെ അറ്റമില്ലാത്ത ആര്‍ത്തികളെയും അവര്‍ പോലുമറിയാതെ അവരില്‍ സൃഷ്ടിക്കപ്പെടുന്ന അഭിനിവേശങ്ങളെയും ധാര്‍മിക മൂല്യങ്ങളിലൂടെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ദര്‍ശനവും മുതലാളിത്തത്തിന്റെയും ലിബറലിസത്തിന്റെയും ശത്രുവാകാതെ തരമില്ല.
ഇസ്‌ലാം ഇത്രയധികം എതിര്‍ക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നതിന്റെ മറ്റൊരു കാരണം അത് ഏട്ടിലെ പശുവല്ല, ജീവിക്കുന്ന ദര്‍ശനമാണ് എന്നതാണ്. കോടിക്കണക്കിന് മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ ഓരോ ചലനങ്ങളെയും അല്ലാഹു എന്ന ഏക ദൈവത്തിലുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഇസ്‌ലാം നിയന്ത്രിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. മുഹമ്മദ് നബി അവര്‍ക്ക് വെറും ചരിത്ര പുരുഷനല്ല, നിത്യജീവിതത്തിലെ വഴികാട്ടിയാണ്. മുസ്‌ലിം സ്ത്രീ ഹിജാബ് ധരിക്കണമെന്നും മുസ്‌ലിംകള്‍ ഹലാല്‍ ഭക്ഷണം വേണമെന്നും നിര്‍ബന്ധം പിടിക്കുന്നത് ഒരു ആചാരത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഭാഗമായിട്ട് മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത വിശ്വാസത്തിന്റെയും അല്ലാഹുവിനുള്ള സമര്‍പ്പണത്തിന്റെയും ഭാഗമായിട്ടു കൂടിയാണ്. അവരുടെ പ്രമാണ ഗ്രന്ഥങ്ങളിലെ അവസാനത്തെ അക്ഷരവും ഭൂതക്കണ്ണാടി വെച്ച് വായിക്കപ്പെടുന്നതിന്റെ കാരണം ഇതു കൂടിയാണ്. കാലഹരണപ്പെട്ടതെന്ന് ആക്ഷേപിക്കപ്പെടുന്ന ഇസ്‌ലാമിന്റെ ആശയങ്ങള്‍ വിമര്‍ശനവിധേയമാകുമ്പോള്‍ അതിന് പുതിയ കാലത്തിന്റെ ഭാഷയിലും ശൈലിയിലും മറുപടി പറയാന്‍ മുസ്‌ലിംകള്‍ ധൃഷ്ടരാവുന്നു എന്നതാണ് വിമര്‍ശകരെ വല്ലാതെ പ്രകോപിപ്പിക്കുന്നത്.
പടിഞ്ഞാറ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപരവല്‍ക്കരിച്ചതുമായി സമാനതകളുള്ളതാണ് ഇന്ത്യന്‍ മുസ്‌ലിംകളെയും ഇന്ത്യയിലെ ഇസ്‌ലാമിന്റെ പ്രതീകങ്ങളെയും പ്രതിനിധാനങ്ങളെയും അപരസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് സംഘ് പരിവാര്‍ അതിന്റെ ഐഡിയോളജിയും പ്രവര്‍ത്തന രീതിയും വികസിപ്പിച്ചെടുത്തത്. അധികാരത്തിന്റെ ബലത്തില്‍ മുസ്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ഒരു വശത്ത് ആവിഷ്‌കരിക്കപ്പെടുമ്പോള്‍ അതിന് മണ്ണൊരുക്കാന്‍ വേണ്ടിയുള്ള ഹേറ്റ് കാമ്പയിന്‍ മറുവശത്ത് നടക്കുന്നു. വിവാദമായ നോ ഹലാല്‍ ഹോട്ടലിന്റെ ഉടമയുമായി ബന്ധപ്പെട്ട് ഈയിടെ നടന്ന, മുസ്‌ലിംകള്‍ കക്ഷിയല്ലാത്ത ഒരു പ്രാദേശിക സംഘര്‍ഷത്തെ കേരളത്തിലെ മുസ്‌ലിംകള്‍ക്കെതിരെ ഇന്ത്യയൊട്ടുക്കും വിദ്വേഷ പ്രചാരണം നടത്താനുള്ള ആയുധമായി സംഘ് പരിവാര്‍ ഉപയോഗപ്പെടുത്തിയത് നാം കണ്ടു. കേരളത്തില്‍ തിരികൊളുത്തപ്പെട്ട ലൗ ജിഹാദ് വിവാദം സംഘ് പരിവാര്‍ ഏറ്റെടുത്ത് അഖിലേന്ത്യാ കാമ്പയിന്‍ ആക്കി മാറ്റി. മുസ്‌ലിം വിരോധം ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് വളം വെച്ചു കൊടുക്കാന്‍ യുക്തിവാദികളും അടുത്ത കാലത്തായി ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളും കേരളത്തില്‍ സജീവമായി രംഗത്തുണ്ട് എന്നത് സംഘ് പരിവാറിന്റെ പണി എളുപ്പമാക്കുന്നു. ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇസ്‌ലാംവിരുദ്ധ പ്രചാരവേലകളും മുന്‍വിധികള്‍ നിറഞ്ഞ ഇസ്‌ലാംവിമര്‍ശനങ്ങളും കേരളത്തില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നത്. നീതിയിലും മനുഷ്യ സാഹോദര്യത്തിലും അധിഷ്ഠിതമായ ഇസ്‌ലാമിന്റെ ആദര്‍ശവും മൂല്യങ്ങളും സൗഹൃദപൂര്‍ണവും സമാധാനപൂര്‍ണവുമായ ആശയസംവാദത്തിന്റെ അന്തരീക്ഷത്തില്‍ സമൂഹത്തിന് പകര്‍ന്നുകൊടുക്കേണ്ടത് എന്നത്തേക്കാളും ഇപ്പോള്‍ പ്രസക്തമായിരിക്കുന്നു.
Comments