സൂക്ഷിക്കുക, പ്രകൃതിയെ തകര്‍ത്ത ലിബറലിസം കുടുംബത്തെയും തരിപ്പണമാക്കും
യൂറോപ്പിലുണ്ടായ നവോത്ഥാനത്തിന്റെ ഉല്‍പ്പന്നമാണ് ലിബറലിസം. മതത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണത്തില്‍നിന്ന് വ്യക്തിയെ പരമാവധി മോചിപ്പിക്കുകയും ശേഷം സ്റ്റേറ്റ് വ്യക്തിയുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുക എന്നതാണ് ലിബറലിസത്തിന്റെ കാഴ്ചപ്പാട്. ലിബറലിസത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടാണ് മുതലാളിത്തം; അല്ലെങ്കില്‍ ക്ലാസിക്കല്‍ ഇക്കണോമിക്സ്. അതിന്റെ രാഷ്ട്രീയ സമീപനമാണ് സെക്യൂലര്‍ ഡമോക്രസി. അതിന്റെ സാംസ്‌കാരിക കാഴ്ചപ്പാടിനെ കുറിക്കാനാണ് ലിബറലിസം എന്ന വാക്ക് പൊതുവെ ഉപയോഗിക്കാറുള്ളത്.
യൂറോപ്യന്‍ നവോത്ഥാനത്തെത്തുടര്‍ന്നാണ് ലിബറലിസത്തിന്റെ ഉത്ഭവമെങ്കിലും ചരിത്രത്തില്‍ ഇതിന് വേരുകളുണ്ട്. ബഹുദൈവത്വ സമൂഹങ്ങളിലെല്ലാം ലിബറല്‍ കാഴ്ചപ്പാടിന്റെ മതവല്‍ക്കരണം കാണാന്‍ കഴിയും. ക്രിസ്തുമതത്തില്‍നിന്ന് ദൈവിക നിയമവ്യവസ്ഥകള്‍ നീക്കം ചെയ്ത സെയ്ന്റ് പോള്‍ ലിബറലിസത്തിന്റെ ആദ്യകാല വക്താക്കളില്‍ ഒരാളാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . ദൈവിക നിയമങ്ങളില്‍നിന്ന് സഭയെയും സഭാ വിശ്വാസികളെയും സ്വതന്ത്രമാക്കിയത് സെയ്ന്റ് പോളാണ്.
പ്രയോഗത്തിലും മൂല്യത്തിലും പഴയ ബഹുദൈവത്വ സമൂഹങ്ങളും പുതിയ ലിബറല്‍ സമൂഹങ്ങളും തമ്മില്‍ വലിയ സാദൃശ്യങ്ങളുണ്ട്. പക്ഷേ തത്ത്വത്തില്‍ ഒരു വ്യത്യാസമുണ്ട്. പഴയ സമൂഹങ്ങളില്‍ സാമൂഹികഘടനയുടെ താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കപ്പെട്ടിരുന്നത്. ഈ സാമൂഹിക താല്‍പര്യമെന്നാല്‍ സമ്പത്തും അധികാരവുമുള്ളവരുടെ വ്യക്തിതാല്‍പര്യങ്ങളാണ് എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ ലിബറലിസത്തില്‍ പ്രാധാന്യം വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്കാണ്. അതിനെ സംരക്ഷിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം. സമൂഹ താല്‍പര്യങ്ങളുടെ പേരില്‍ വ്യക്തിയുടെ എല്ലാ അവകാശങ്ങളെയും അടിച്ചമര്‍ത്തിയതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ് കമ്യൂണിസം.
വ്യക്തിസ്വാതന്ത്ര്യത്തിലെ അതിരുകവിച്ചില്‍ വാദമാണ് ലിബറലിസം. സമൂഹ താല്‍പര്യത്തിന്റെ പേരില്‍ അധീശവര്‍ഗത്തിന്റെ വ്യക്തിതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഉദാഹരണങ്ങളാണ് പഴയ ബഹുദൈവത്വ സമൂഹങ്ങള്‍.
എല്ലാ വ്യക്തികളും ആദരണീയരാണ്, അതുകൊണ്ട് വ്യക്തിയുടെ അവകാശങ്ങള്‍ പ്രധാനമാണ് എന്നത് എല്ലാ വ്യക്തികള്‍ക്കും ആത്മാവുണ്ടെന്നും എല്ലാവരും ആദരണീയരാണെന്നുമുള്ള ഇസ്‌ലാം, ക്രൈസ്തവ, ജൂത മതസങ്കല്‍പ്പത്തെ കടമെടുത്ത് വികസിപ്പിച്ചതാണ്. മതത്തിന്റെ പിന്‍ബലമില്ലാതെ ശാസ്ത്രം കൊണ്ടോ യുക്തി കൊണ്ടോ മനുഷ്യന്റെ ആദരണീയതയും അവകാശവും സ്ഥാപിക്കാന്‍ കഴിയില്ല. ഒരു സത്യത്തെ അതിന്റെ സന്തുലിതാവസ്ഥ ഉപേക്ഷിച്ച് ആത്യന്തികതയിലേക്ക് വികസിപ്പിച്ചതിന്റെ ഫലമാണ് ലിബറലിസം. അതുകൊണ്ടുതന്നെ അത് സമൂഹതാല്‍പര്യങ്ങള്‍ക്കും തുടര്‍ന്ന് വ്യക്തിയുടെ ആരോഗ്യകരമായ നിലനില്‍പ്പിനും എതിരായി മാറി.
യഥാര്‍ഥത്തില്‍ മൂന്ന് വഴിതെറ്റലുകളില്‍നിന്ന് മനുഷ്യസമൂഹം രക്ഷപ്പെടേണ്ടതുണ്ട്:
1. ലിബറലിസത്തിന്റ പ്രചീന രൂപമായ, സമൂഹ താല്‍പര്യം അല്ലെങ്കില്‍ ദൈവഹിതം എന്ന പേരില്‍ അധീശവര്‍ഗത്തിന്റെ വ്യക്തിതാല്‍പര്യങ്ങള്‍ നടപ്പിലാക്കല്‍. ഇതാണ് പഴയ ഇസ്‌ലാമേതര മത നാഗരികതകളില്‍ നടന്നത്.
2. വ്യക്തിയെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ആധുനിക ലിബറലിസം.
3. സമൂഹ താല്‍പര്യങ്ങളുടെ പേരില്‍ വ്യക്തിയുടെ എല്ലാ അവകാശങ്ങളെയും അടിച്ചമര്‍ത്തുന്ന കമ്യൂണിസം.
കമ്യൂണിസത്തിനും ലിബറലിസത്തിനും ഇടയിലുള്ള, വ്യക്തിയുടെയും സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് ഇടയിലുള്ള സമന്വയത്തിന്റെ വഴിയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ദൈവികമാര്‍ഗദര്‍ശനത്തിലൂടെ മാത്രമേ ഈ വ്യത്യസ്ത താല്‍പര്യങ്ങളെ സമന്വയിപ്പിക്കാന്‍ കഴിയുകയുള്ളൂ.
ലിബറലിസത്തിന്റെ
ആശയ പ്രശ്നങ്ങള്‍
ജീവിതത്തില്‍ ഇടപെടുന്ന ഏതൊരാശയത്തെ സംബന്ധിച്ചേടത്തോളവും ഏറ്റവും മൗലികമായ ചോദ്യം ശരിയും തെറ്റും തീരുമാനിക്കാനുള്ള മാനദണ്ഡം എന്താണ് എന്നതാണ്. ലിബറലിസം അതിനായി ചില തത്ത്വങ്ങളും മാനദണ്ഡങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്:
1. ഹാം പ്രിന്‍സിപ്പ്ള്‍ (Harm Principle). ലിബറല്‍ ധാര്‍മികതയുടെ ഏറ്റവും ശക്തിയും വ്യാപകത്വവുമുള്ള അടിത്തറ ഇതാണ്. മറ്റൊരാള്‍ക്ക് ദോഷകരമാവാത്ത തരത്തില്‍ വ്യക്തികള്‍ക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ട്. അതില്‍ മറ്റു വ്യക്തികളോ സമൂഹമോ രാഷ്ട്രമോ ഇടപെടരുത് എന്നതാണീ തത്ത്വം.
ഇതില്‍ ഒന്നാമതായി പരിശോധിക്കേണ്ടത്, മറ്റുള്ളവരെ ബാധിക്കാത്ത വ്യക്തിയുടെ അല്ലെങ്കില്‍ വ്യക്തികളുടെ കര്‍മം എന്ന ഒന്നുണ്ടോ എന്നതാണ്. യഥാര്‍ഥത്തില്‍ ഈ ലോകംതന്നെ പരസ്പരാശ്രയ ബന്ധത്തിലാണ് നിലകൊള്ളുന്നത്. സസ്യങ്ങള്‍ ഓക്സിജന്‍ പുറത്തു വിടുന്നു. ജന്തുക്കള്‍ അത് സ്വീകരിക്കുന്നു. സസ്യങ്ങള്‍ ജന്തുക്കള്‍ പുറത്തു വിടുന്ന കാര്‍ബ ഡൈ ഓക്സേഡ് ഭക്ഷ്യോല്‍പ്പാദനത്തിന്റെ ഭാഗമായി സ്വീകരിക്കുന്നു. ഈ ബന്ധ വ്യവസ്ഥ ലോകത്തുടനീളം കാണാന്‍ കഴിയും. അതുകൊണ്ടാണ് ബുദ്ധന്‍ പറഞ്ഞത്, 'അതുള്ളതുകൊണ്ട് ഇതുണ്ട്' എന്ന്. ഒരാളുടെ വ്യക്തിപരമായ കാര്യം സമൂഹത്തെ ബാധിക്കും എന്നതിന്റെ ഉദാഹരണമാണ് അമേരിക്കയില്‍ ഗര്‍ഭഛിദ്ര നിരോധം എടുത്തുകളഞ്ഞപ്പോള്‍ കുറ്റകൃത്യങ്ങളുടെ അളവ് കുറഞ്ഞു എന്ന പ്രതിഭാസം. ഗര്‍ഭഛിദ്ര നിരോധം നിലനില്‍ക്കുമ്പോള്‍ നിയമാനുസ്യത പിതാവില്ലാത്തതും അമ്മമാര്‍ക്ക് ഇഷ്ടമില്ലാത്തവരുമായ സന്താനങ്ങള്‍ പിറക്കുന്നു. ഇവര്‍ കുറ്റവാളികളായി മാറുന്നു. ഗര്‍ഭഛിദ്ര നിരോധം നീക്കുമ്പോള്‍ സ്വാഭാവികമായും കുറ്റകൃത്യങ്ങളുടെ തോത് കുറയുന്നു. ലിബറല്‍ കാഴ്ചപ്പാടനുസരിച്ച് ഗര്‍ഭഛിദ്രമെന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ വിഷയം മാത്രമാണ്. പക്ഷേ അതിന്റെ പ്രത്യാഘാതം അവരുടെ വ്യക്തിജീവിതത്തില്‍ പരിമിതമല്ല.
ഒരാള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നത് ലിബറല്‍ കാഴ്ചപ്പാടില്‍ അവന്റെ /അവളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. പക്ഷേ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉപയോഗിക്കുന്നവരില്‍ പരിമിതമായിരിക്കുകയില്ല. അവരുമായി ബന്ധപ്പെട്ട ഇണ, സന്തതികള്‍ മുതലായവരിലേക്ക് അതിന്റെ പലതരത്തിലുള്ള സ്വാധീനങ്ങള്‍ വ്യാപിക്കും. അവരും ഈ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും. 'അവനവനാത്മസുഖത്തിനായാചരിക്കുന്നത് അപരനു ഗുണത്തിനായി വരേണം' എന്ന് ശ്രീനാരായണഗുരു പറഞ്ഞതിന്റെ കാരണം ഇതാണ്. ഗുണത്തിനായി വന്നില്ലെങ്കില്‍ ദോഷത്തിനായി വരും.
2. സന്തോഷ സിദ്ധാന്തം അല്ലെങ്കില്‍ സുഖസിദ്ധാന്തം.
ഒരു പ്രവൃത്തിയുടെ ഫലം മൊത്തത്തില്‍ ദുഃഖത്തേക്കാള്‍ സന്തോഷമാണ് നല്‍കുന്നതെങ്കില്‍ അത് ശരിയാണ് എന്നതാണ് ലിബറല്‍ സിദ്ധാന്തം. ഒരു പെണ്‍കുട്ടിയെ ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം പത്തുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയാണ്. ഇവിടെ 10 പേരും അനുഭവിച്ച സുഖത്തേക്കാള്‍ കടുപ്പമേറിയ വേദന ആ പെണ്‍കുട്ടി അനുഭവിക്കുന്നില്ല. സന്തോഷ സിദ്ധാന്ത മാനദണ്ഡമനുസരിച്ച് ഇത്തരം കൂട്ട ബലാത്സംഗങ്ങള്‍ നന്മയായി കരുതേണ്ടിവരും. സ്ത്രീകളുടെ നഗ്ന വീഡിയോകള്‍ പകര്‍ത്തി മുഖം വ്യക്തമാകാതെ പ്രചരിപ്പിക്കുമ്പോള്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്. ആരും ഇവിടെ വേദനിക്കുന്നില്ല. കോടിക്കണക്കിന് മനുഷ്യര്‍ക്ക് ആനന്ദം ഉണ്ടാവുകയും ചെയ്യുന്നു (ഇസ്‌ലാമും ആധുനികതാ വാദങ്ങളും / പി.യു മുഹമ്മദ് ഫാരിസ്).
ഇവിടെയാണ് ഇസ്‌ലാം ശരിതെറ്റുകള്‍ നിര്‍ണയിക്കാനുള്ള മാനദണ്ഡമായി അല്ലാഹുവിന്റെ വിധിവിലക്കുകളെ അവതരിപ്പിക്കുന്നത്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് നിശ്ചയിക്കാനുള്ള അധികാരകേന്ദ്രം യഥാര്‍ഥത്തില്‍ ഏകനായ ദൈവമാണ്. അത് അംഗീകരിക്കുന്നതിലൂടെ മാത്രമേ ശരിതെറ്റ് നിര്‍ണയത്തിന്റെ വിഷമവൃത്തത്തില്‍നിന്ന് നമുക്ക് പുറത്തു കടക്കാന്‍ കഴിയുകയുള്ളൂ. അതുവഴി മാത്രമേ വ്യക്തി, സമൂഹ താല്‍പര്യങ്ങളെ സമന്വയിപ്പിക്കാന്‍ കഴിയൂ. എല്ലാ വ്യക്തികള്‍ക്കും നീതി ലഭിക്കുക ഈ നിയമവഴിയിലൂടെ മാത്രമാണ്.
ഉടമസ്ഥത ആര്‍ക്ക്?
ഓരോ ശരീരത്തിന്റെയും ഉടമസ്ഥര്‍ അതത് വ്യക്തികളാണ് എന്നത് ലിബറലിസത്തിന്റെ പ്രധാന വാദമുഖമാണ്. ഇത്, സമ്പത്തിന്റെ ഉടമ സമ്പാദിക്കുന്നവരാണ് എന്ന മുതലാളിത്ത സിദ്ധാന്തത്തിന്റ തുടര്‍ച്ചയാണ്. യഥാര്‍ഥത്തില്‍ സമ്പത്തിന്റെയും ശരീരത്തിന്റയുമെല്ലാം ആത്യന്തിക ഉടമസ്ഥന്‍ ഏകനായ ദൈവമാണ്. മനുഷ്യന്‍ എല്ലാ കാര്യത്തിലും അവന്റെ പ്രതിനിധി മാത്രമാണ്. 'നിങ്ങളെ ഞാന്‍ പ്രതിനിധിയാക്കിയ സമ്പത്തില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുക' (അല്‍ഹദീദ് - 7) എന്ന് ഖുര്‍ആന്‍. സ്വന്തം ശരീരത്തിലും മനുഷ്യന്‍ ദൈവഹിതങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ദൈവത്തിന്റെ പ്രതിനിധിയാണ്; ഉടമസ്ഥനല്ല. ശരീരത്തിന്റെ ഉടമസ്ഥര്‍ അവരവരാണ് എന്ന ലിബറല്‍ വാദമാണ് വേശ്യാവൃത്തിയെ ഒരു തൊഴിലായി കാണാന്‍ കാരണമാക്കിയത്.
ലിബറലിസത്തിന്റെ ദുരന്ത ഫലങ്ങള്‍
ലിബറലിസത്തിന്റെ സ്വാധീനമുള്ള സമൂഹങ്ങളെക്കുറിച്ച് പറയാറുള്ള കാര്യം അവിടെ പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളുടെ കൈയില്‍ ഒരു തോക്കും പെണ്‍കുട്ടികളുടെ കൈയില്‍ അഛനില്ലാത്ത ഒരു കുഞ്ഞുമുണ്ടായിരിക്കുമെന്നാണ്. അതിശയോക്തിയുടെ അംശങ്ങള്‍ ഉണ്ടാകാമെങ്കിലും ഒരു സമൂഹത്തിന്റെ ധാര്‍മികാവസ്ഥയെക്കുറിച്ച ചിത്രം ഇതില്‍നിന്ന് ലഭിക്കും. ഡേവിഡ് ബ്ലാങ്കന്‍ഹോനിന്റെ പ്രസിദ്ധ പുസ്തകമാണ് 'ഫാദര്‍ലെസ്സ് അമേരിക്ക'. മനുഷ്യചരിത്രത്തില്‍ പലതരം വിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ലിബറല്‍ സദാചാരത്തിന്റെ സംഭാവന സെക്ഷ്വല്‍ റവല്യൂഷന്‍ ആണ്. കുടുംബ വ്യവസ്ഥയുടെ തകര്‍ച്ച, സിങ്കിള്‍ പാരന്റിംഗ്, സ്വവര്‍ഗ വിവാഹങ്ങള്‍ എന്നിവയാണ് ലിബറല്‍ സദാചാരം ലോകത്തിന് സംഭാവന ചെയ്തത്. ലിബറല്‍ സാമ്പത്തിക വാദമാണ് ഇന്ന് ലോകം അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. മുതലാളിത്തലോകം പോലും ഇന്ന് അതിനെതിരായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിക്കൊണ്ടിരിക്കുകയാണ്. മുതലാളിത്തരാഷ്ട്രങ്ങള്‍ തന്നെ കാലാവസ്ഥാ വ്യതിയാനം മാത്രം അജണ്ടയാക്കി ഉച്ചകോടികള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ഇതേപോലെ, മുതലാളിത്ത സാംസ്‌കാരിക ക്രമമായ ലിബറലിസം വമ്പിച്ച സദാചാര തകര്‍ച്ചക്ക് വഴിയൊരുക്കിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി പ്രശ്നം തിരിച്ചറിയാന്‍ മുതലാളിത്ത ലോകം വൈകിയതുപോലെതന്നെ ഇതിനെയും തിരിച്ചറിയാന്‍ വൈകുന്നു എന്നുമാത്രം. അന്തരീക്ഷ മലിനീകരണം തിരിച്ചറിയുന്നവര്‍ക്ക് സദാചാര മലിനീകരണം തിരിച്ചറിയാന്‍ കഴിയാതെ പോവുന്നു. വികസനം എന്ന മുദ്രാവാക്യമാണ് ഇത്ര ഭീകരമായ പാരിസ്ഥിതിക തകര്‍ച്ചക്ക് കാരണമായതെങ്കില്‍ വ്യക്തിസ്വാതന്ത്ര്യം എന്ന ആശയമാണ് ഭീകരമായ സദാചാരത്തകര്‍ച്ച സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
കുടുംബത്തകര്‍ച്ചയുടെ പ്രത്യാഘാതം വളരെ വലുതാണ്. പുതിയ തലമുറയുടെ വിദ്യാഭ്യാസത്തെ വരെ അത് ബാധിക്കുന്നു. അതുകൊണ്ടാണ് ഒരു ഘട്ടത്തില്‍ ബ്രിട്ടനിലെ മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷന്‍ രാജ്യത്തെ വിദ്യാര്‍ഥികളുടെ ഗണിത അധ്യയനം ശക്തിപ്പെടണമെങ്കില്‍ ബ്രിട്ടനില്‍ കുടുംബവ്യവസ്ഥ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത്, ഗണിതശാസ്ത്രത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാതൃകയാക്കണമെന്ന് അമേരിക്കന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു നാഗരികത ദീര്‍ഘകാലം നിലനില്‍ക്കുകയില്ല എന്നതാണ് സത്യം.
അനീതിയുടെ സദാചാരക്രമം
സ്ത്രീയും പുരുഷനും അനീതിക്കിരയാവുന്ന സദാചാര ക്രമമാണ് ലിബറലിസത്തിന്റേത്. ലിബറലിസത്തില്‍ ലൈംഗികബന്ധത്തിനുള്ള ഉപാധി പരസ്പര സമ്മതമാണ്. അങ്ങനെ പരസ്പര സമ്മതത്തോടെ ബന്ധത്തിലേര്‍പ്പട്ട ഒരു സ്ത്രീക്ക് എത്ര കാലത്തിനു ശേഷവും അത് ബലാല്‍ക്കാരം ആയിരുന്നു എന്ന് പറയാന്‍ കഴിയും. അത്തരം ആരോപണങ്ങള്‍ സമൂഹത്തില്‍ ഇപ്പോള്‍ ധാരാളമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുതലാളിത്ത മാധ്യമ വ്യവസായത്തിന് അതും ഒരു അസംസ്‌കൃത വസ്തുവാണ്. ഇത്തരം ആരോപണങ്ങളില്‍ ചിലത് വസ്തുതാപരമായിരിക്കും. ചിലത് കേവല ആരോപണങ്ങളും. യഥാര്‍ഥത്തില്‍ പിന്നീട് വിവാദമാകുന്ന ലൈംഗിക ബന്ധത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ ഒരു രേഖയും ഉണ്ടാവുകയില്ല. അതില്‍ സ്ത്രീയുടെ വാക്ക് ആധികാരികമായി പരിഗണിക്കണം എന്നതാണ് പൊതുവെ ലിബറലിസത്തിന്റെ കാഴ്ചപ്പാട്. ഇത് തികഞ്ഞ അനീതിയും ഏകപക്ഷീയതയുമാണ്.
ലിബറല്‍ സദാചാരക്രമത്തില്‍ സ്ത്രീകളെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് വഞ്ചിക്കാന്‍ കഴിയും. അത്തരം വാര്‍ത്തകള്‍ പത്രമാധ്യമങ്ങളില്‍ നാം ധാരാളം കാണാറുണ്ട്. ഏത് ഉടമ്പടിയനുസരിച്ചാണ്, എന്ത് വ്യവസ്ഥ പ്രകാരമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നതിന് അവര്‍ക്കിടയിലും, അവര്‍ക്കും സമൂഹത്തിനും ഇടയിലും ഒരു പ്രമാണവും ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ ഏതു നിമിഷവും അനീതിയിലേക്ക് കൂപ്പുകുത്താവുന്ന സദാചാരക്രമമാണിത്.
എന്നാല്‍ ഇസ്‌ലാമിക സംസ്‌കാരത്തിനകത്ത് ശരിയോ തെറ്റോ ആയ മീ റ്റു കാമ്പയിനോ വിവാഹവാഗ്ദാനം ചെയ്ത് വഞ്ചിക്കലോ സാധ്യമല്ല. ഇസ്‌ലാമില്‍ ലൈംഗിക ബന്ധത്തിനുള്ള ഉപാധി വിവാഹമാണ്, പരസ്പര സമ്മതമല്ല. ഒരു വിവാഹബന്ധം തകര്‍ന്നുപോയാലും സ്ത്രീയോ പുരുഷനോ ഇരയാക്കപ്പെടുകയില്ല. രണ്ടുകൂട്ടരുടെയും അവകാശങ്ങളും ബാധ്യതകളും കൃത്യവും വ്യക്തവുമാണ്. കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ അവകാശങ്ങളും കൃത്യപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആര്‍ക്കും ആരെയും വഞ്ചിക്കാന്‍ കഴിയില്ല എന്നതാണ് ഈ നിയമവ്യവസ്ഥയുടെ പ്രത്യേകത. 'നിങ്ങള്‍ അക്രമിക്കുകയുമരുത്; അക്രമിക്കപ്പെടുകയുമരുത്' (അല്‍ബഖറ 279) എന്ന തത്ത്വം ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ ആധാര ശിലയാണ്.
പൊതുവില്‍ ആധുനിക ദര്‍ശനങ്ങള്‍ ശക്തരെ മാത്രമാണ് പരിഗണിക്കുക. അവയില്‍ പലതും ദുര്‍ബലരുടെ ഭാഷയില്‍ സംസാരിക്കാറുണ്ടെങ്കിലും കുടുംബം എന്ന സാമൂഹിക സ്ഥാപനത്തെ തകര്‍ക്കണമെന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ആ തകര്‍ച്ച സമൂഹത്തിലെ ദുര്‍ബലരെ മുഴുവന്‍ നിരാലംബരാക്കും. കുട്ടികള്‍, വൃദ്ധര്‍, പ്രായമുള്ളവര്‍, ശാരീരികമോ മാനസികമോ ആയ വെല്ലുവിളി നേരിടുന്നവര്‍, രോഗികള്‍ എന്നിവരെല്ലാം കുടുംബമില്ലാതായാല്‍ അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെടും. പ്രായമുള്ളവര്‍ ശാരീരികവും മറ്റുമായ ഒരുപാട് ദുര്‍ബലതകള്‍ അനുഭവിക്കുന്നവരായിരിക്കും. അവര്‍ ഉല്‍പ്പാദനത്തില്‍ പങ്കില്ലാത്തവരോ ചെറിയ പങ്കുമാത്രം ഉള്ളവരോ ആയിരിക്കും. അതുകൊണ്ടുതന്നെ സമൂഹത്തില്‍ അവരുടെ സ്ഥാനവും താരതമ്യേന ചെറുതായിരിക്കും. എന്നാല്‍ കുടുംബത്തില്‍ കാര്യം നേരെ മറിച്ചാണ്. അവിടെ പ്രായമേറുന്നതിനനുസരിച്ച് ആളുകളുടെ പ്രസക്തിയും പ്രാധാന്യവും മൂല്യവും വര്‍ധിക്കുകയാണ് ചെയ്യുക. സ്ത്രീയാവട്ടെ, പുരുഷനാകട്ടെ പ്രായമുള്ളവരുടെ ഈ മൂല്യം കുടുംബം ഉണ്ടാകുമ്പോള്‍ മാത്രം കൈവരുന്ന മൂല്യമാണ്. കേവല ഭൗതികാര്‍ഥത്തില്‍ ആലോചിച്ചാല്‍ കാര്യമായ ഒരുപകാരവുമില്ലാത്ത വളരെ ദുര്‍ബലരായ ഒരു വിഭാഗത്തിന് കുടുംബ വൃവസ്ഥ വലിയ മൂല്യം നല്‍കുകയാണ്. ഈ മൂല്യം ഒരിക്കലും ഒരു വൃദ്ധസദനത്തില്‍ ലഭ്യമാകുന്ന മൂല്യമല്ല.
കുടുംബം ദുര്‍ബലര്‍ക്ക് അത്താണിയാവുന്നു എന്നത് കുടുംബത്തിലെ സ്ത്രീകളുടെ തൊഴില്‍പരവും സര്‍ഗാത്മകവും സാമൂഹിക പ്രവര്‍ത്തനപരവുമായ സാധ്യതകളെ തടയുന്നതാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ദുര്‍ബലരുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ സ്ത്രീയും പുരുഷനും എല്ലാം ചേര്‍ന്ന് മുന്നോട്ടുകൊണ്ടുപോവുകയാണ് ചെയ്യേണ്ടത്. നല്ല കുടുംബങ്ങളില്‍ നടക്കുന്നതും അതു തന്നെയാണ്. മറ്റു ദുര്‍ബലര്‍ക്കു നേരെയെല്ലാം കണ്ണടച്ച്, സ്ത്രീയെ മാത്രം ദുര്‍ബലയായി ഉയര്‍ത്തിക്കൊണ്ടുവന്ന് അവളുടെ പേരിലാണ് കുടുംബം എന്ന സാമൂഹിക സ്ഥാപനത്തെ തകര്‍ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. നമുക്ക് എല്ലാ ദുര്‍ബലരെയും കുറിച്ച് സംസാരിക്കാം. അപ്പോള്‍ കുടുംബം മഹത്തായ ഒരു മാനവിക സ്ഥാപനം ആണെന്ന് മനസ്സിലാവും.
ശക്തരുടെ ആവശ്യം ദുര്‍ബലരുടെ പേരില്‍ നടപ്പിലാക്കുന്നതിന്റെ പേരാണ് ലിബറലിസത്തിന്റെ കുടുംബവിരുദ്ധവാദം. ദുര്‍ബലരോടുള്ള അനുകമ്പ എന്നത് യഥാര്‍ഥത്തില്‍ ഒരു ഭൗതിക ആശയമല്ല; മതാത്മക ആശയമാണ്. ഭൗതിക ദര്‍ശനങ്ങള്‍ക്ക് ഒരിക്കലുമത് സത്യസന്ധമായും സമതുലിതമായും മനസ്സിലാക്കാനോ നടപ്പിലാക്കാനോ കഴിയില്ല.
ബഹുദൈവത്വ സമൂഹങ്ങളില്‍ ആധിപത്യമുള്ളവരുടെ താല്‍പര്യങ്ങള്‍ മതതത്ത്വങ്ങളായി അവതരിപ്പിക്കപ്പെട്ടപോലെ ഇന്ന് ശക്തനായ പുരുഷന്റെ താല്‍പര്യങ്ങള്‍ പൊതുതാല്‍പര്യങ്ങളായും മര്‍ദിതന്റെ താല്‍പര്യങ്ങളായും അവതരിപ്പിക്കപ്പെടുകയാണ്. സ്ത്രീസ്വാതന്ത്ര്യം എന്നു വിളിക്കപ്പെടുന്ന കാര്യങ്ങളില്‍ പലതും വേഷം മാറിവന്ന പുരുഷ സ്വാതന്ത്ര്യമാണെന്ന് കാണാന്‍ കഴിയും. അതും വെറും സ്വാതന്ത്ര്യമല്ല; സ്ത്രീശരീരത്തെ ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം.
സ്ത്രീ അര്‍ധനഗ്നയായി വസ്ത്രം ധരിക്കണം എന്നത് സ്ത്രീയുടെ താല്‍പര്യമല്ല, സ്ത്രീ ശരീരങ്ങളെ നയനാനന്ദമായി കാണുന്ന പുരുഷന്റെ താല്‍പര്യമാണ്. നൈമിഷിക വികാരത്തില്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതിന്റെ എല്ലാ ഭാരവും മറ്റൊരു പിന്തുണയുമില്ലാതെ വഹിക്കേണ്ടിവരുന്നത് സ്ത്രീയാണ്. ഏകാംഗ രക്ഷാകര്‍തൃത്വം (സിംഗിള്‍ പാരന്റിംഗ്) എന്നത് സ്ത്രീയുടെ മേലും കുട്ടികളുടെ മേലും അടിച്ചേല്‍പ്പിക്കപ്പെടുന്ന കടുത്ത അനീതിയാണ്. പുതിയ ഒരു കണക്കനുസരിച്ച് പതിനഞ്ച് ലക്ഷം അമ്മമാരാണ് മക്കളെ ഒറ്റക്ക് വളര്‍ത്തേണ്ടിവരുന്നത്. ഇത് ഏകാംഗ രക്ഷിതാക്കളായ പിതാക്കളുടെ എട്ടിരട്ടിയാണ്. ഏകാംഗ രക്ഷാകര്‍തൃത്വം എന്ന ലിബറല്‍ സദാചാരത്തിന്റെ ആവിഷ്‌കാരം എത്ര ആഴത്തിലും പരപ്പിലുമാണ് സ്ത്രീവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2011-ല്‍ യു.കെയില്‍ നടത്തിയ പഠനത്തില്‍ 1.5 മില്യന്‍ അമ്മമാര്‍ക്ക് തങ്ങളെ മാത്രം ആശ്രയിക്കുന്ന മക്കളുണ്ട്.
കമ്യൂണിസത്തിന്റെ പ്രതിസന്ധി
മുതലാളിത്തത്തില്‍നിന്ന് വ്യത്യസ്തമായ വികസന കാഴ്ചപ്പാട് മുന്നോട്ടുവെക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സോവിയറ്റ് യൂനിയന്റെ പരാജയത്തിന് കാരണമെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. സോവിയറ്റ് റഷ്യ വികസനവീക്ഷണത്തിന്റെ കാര്യത്തില്‍ അമേരിക്കയോട് മല്‍സരിക്കാനാണ് ശ്രമിച്ചത്. അഥവാ നല്ല അമേരിക്കയാവാനായിരുന്നു യു.എസ്.എസ് ആറിന്റെ ശ്രമം. നല്ല അമേരിക്കയാവാന്‍ അമേരിക്കക്ക് തന്നെയാണ് കഴിയുക എന്ന് സോവിയറ്റ് യൂനിയനില്‍ പ്രവര്‍ത്തിച്ച ആണവ ശാസ്ത്രജ്ഞന്‍ കൂടിയായ മലയാളി കമ്യൂണിസ്റ്റ് എം.പി പരമേശ്വരന്‍ സോവിയറ്റു റഷ്യയുടെ തകര്‍ച്ചയെക്കുറിച്ച് പറയവെ നിരീക്ഷിക്കുന്നുണ്ട്.
മുതലാളിത്തത്തില്‍നിന്ന് ഭിന്നമായ ഒരു സദാചാര കാഴ്ചപ്പാടും കമ്യൂണിസത്തിനില്ല. തത്വത്തില്‍ ഉണ്ട് എന്ന് അവകാശപ്പെടാമെന്ന് മാത്രം. അത് വര്‍ഗരഹിത സംഘത്തിലെ സദാചാരത്തെ കുറിച്ച ഒരു കാല്‍പ്പനിക സ്വ
പ്‌നം മാത്രമാണ്. മുതലാളിത്തത്തിന്റെ ലിബറല്‍ സദാചാര കാഴ്ചപ്പാട് തന്നെയാണ് കമ്യൂണിസവും പിന്തുടരുന്നത്. അതുകൊണ്ടുതന്നെയാണ് കമ്യൂണിസത്തിന് മുതലാളിത്തത്തിന് ബദലാകാന്‍ കഴിയാതെ പോയതും. കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ മതവിരുദ്ധമായ ലിബറല്‍ സദാചാരത്തിന്റെ ഏറ്റവും വലിയ പ്രചാരകരായി മാറിക്കൊണ്ടിരിക്കുകയാണ്. മതങ്ങളെ പൊതുവിലും ഇസ്‌ലാമിനെ പ്രത്യേകിച്ചും തകര്‍ക്കാനുള്ള എളുപ്പവഴി ഇതാണ് എന്ന് അവര്‍ മനസ്സിലാക്കുന്നു. ലൈംഗിക സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് യുവതീയുവാക്കളെ ആകര്‍ഷിക്കാനും അതുവഴി അവരെ ഇസ്‌ലാം വിരുദ്ധരാക്കി മാറ്റാനുമാണ് സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Comments