'ദീനെ ഇബ്‌റാഹീമി!'
കഴിഞ്ഞ നവംബര്‍ എട്ടിന് 'ബൈത്തുല്‍ ആഇല അല്‍ മിസ്വ്‌രിയ്യ' എന്ന കൂട്ടായ്മയുടെ പത്താം വാര്‍ഷികത്തില്‍ സംസാരിക്കവെ 'ഇബ്‌റാഹീമി മത'(അദ്ദിയാനതുല്‍ ഇബ്‌റാഹീമിയ്യ)ത്തിനെതിരെ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലാ റെക്ടര്‍ അഹ്മദ് ത്വയ്യിബ് ആഞ്ഞടിക്കുകയുണ്ടായി. അപ്പോഴാണ് 'ദീനെ ഇലാഹി' മാതൃകയിലുള്ള ഈ 'ദീനെ ഇബ്‌റാഹീമി'യെക്കുറിച്ച് പലരും അറിയുന്നതു തന്നെ. പല നിലക്കും ദീനെ ഇലാഹിയോട് സാമ്യതയുള്ള ഒന്നു തന്നെയാണ് ഇതെങ്കിലും, ഈ 'മത'ത്തിന്റെ വേദഗ്രന്ഥമോ അനുയായികളോ ഒന്നും എവിടെ പരതിയാലും കണ്ടുകിട്ടുകയില്ല. എന്നാല്‍ അണിയറയില്‍ ഇതിനെക്കുറിച്ച വര്‍ത്തമാനങ്ങള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യ സന്ദര്‍ശിച്ച് 'നൂറ്റാണ്ടിന്റെ കരാര്‍' ഉറപ്പിച്ചുപോയ ശേഷം കേട്ടു തുടങ്ങിയിട്ടുണ്ട്. ഇസ്രയേലുമായി ബന്ധം നന്നാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ആശയം ഉയര്‍ത്തിക്കൊണ്ടുവന്നത്. ജൂത, ക്രിസ്ത്യന്‍, മുസ്‌ലിം മതാനുയായികളെ പൊതു ധാര്‍മിക മൂല്യങ്ങളില്‍ ഒന്നിപ്പിക്കുകയാണത്രെ ഇതിന്റെ ലക്ഷ്യം. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലും പിന്നെ ഫ്‌ളോറിഡ യൂനിവേഴ്‌സിറ്റിയിലും ഈ വിഷയം അല്‍പകാലം തത്തിക്കളിച്ച ശേഷം സി.ഐ.എ പിന്‍ബലമുള്ള റാന്‍ഡ് കോര്‍പ്പറേഷന്‍ അത് ഏറ്റെടുത്തു. റോക് ഫെല്ലര്‍ കുടുംബം അതിന് സാമ്പത്തിക സഹായം നല്‍കാമെന്നുമേറ്റു. വേണ്ട നയതന്ത്ര കളികളൊക്കെ നടത്താമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പും സമ്മതിച്ചു. ഇങ്ങനെ മതവും രാഷ്ട്രീയവുമൊക്കെ ചേര്‍ന്ന മിശ്രിതം മാര്‍ക്കറ്റ് ചെയ്യേണ്ടത് മുസ്‌ലിം/അറബ് ലോകത്താണ്. അതിന് മൗറിത്താനിയക്കാരനായ ബിന്‍ ബയ്യ, ജോര്‍ദാന്‍കാരനായ വസീം യൂസുഫ് തുടങ്ങിയ പണ്ഡിതന്മാരെ വിലയ്‌ക്കെടുത്ത് തല്‍പര കക്ഷികള്‍ കളത്തിലിറക്കി. ഇബ്‌റാഹീമിന്റെ പാത നിങ്ങള്‍ പിന്‍പറ്റണമെന്നും (അന്നഹ്ല്‍ 123) ഇബ്‌റാഹീം നബിയില്‍ നിങ്ങള്‍ക്ക് മികച്ച മാതൃകയുണ്ടെന്നും (അല്‍ മുംതഹിന 4) പറയുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ 'ദീനെ ഇബ്‌റാഹീമി'യിലേക്ക് ആളെ കൂട്ടാനായി ഇക്കൂട്ടര്‍ എടുത്തുദ്ധരിക്കുന്നതു കണ്ട് തരിച്ചിരിപ്പാണ് മുസ്‌ലിം ലോകം.
സയണിസവുമായി സന്ധിയാവുന്നതിന് ന്യായം ചമക്കാനാണ് ഇത്തരം അഭ്യാസങ്ങളൊക്കെയെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം. വിശ്വാസപരമായി മൗലിക ഭിന്നതകളുള്ള ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ എങ്ങനെയാണ് ഒരൊറ്റ മതത്തില്‍ ഒന്നിക്കുക? ക്രൈസ്തവ പുരോഹിതരും ഇത് അസാധ്യമെന്ന് തള്ളിപ്പറഞ്ഞിട്ടുണ്ട്. 'അബ്രഹാമിക് പാത' ഏത് എന്ന ചോദ്യവും പ്രസക്തം. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ഇബ്‌റാഹീമീ പാത ജൂത-ക്രൈസ്തവ വിഭാഗങ്ങള്‍ അംഗീകരിക്കുകയില്ലല്ലോ. എങ്കില്‍ ഈ മൂന്ന് വിഭാഗവും അംഗീകരിക്കേണ്ടുന്ന ഇബ്‌റാഹീമീ പാത ഏതാണ്?
അസ്ഹര്‍ റെക്ടര്‍ തന്റെ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഗോളവത്കരണം, ലോക ധാര്‍മികത, ചരിത്രത്തിന്റെ അന്ത്യം പോലുള്ള മധുര പ്രയോഗങ്ങളാല്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ് 'ഇബ്‌റാഹീമീ മത'ത്തിന്റെയും പ്രചാരകര്‍. ഒളിയജണ്ടകള്‍ എളുപ്പത്തില്‍ തിരിച്ചറിയാം. ഇതൊക്കെ പാഴ് സ്വപ്‌നങ്ങളാണെന്നും അദ്ദേഹം കളിയാക്കി. ഈ സര്‍വമത സത്യവാദത്തിന്റെ പലതരം വേര്‍ഷനുകളിലൊന്നാണ് കേരളത്തില്‍ ഇപ്പോള്‍ വിറ്റഴിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
Comments