Prabodhanm Weekly

Pages

Search

2021 നവംബര്‍ 26

3228

1443 റബീഉല്‍ ആഖിര്‍ 21

സി.എച്ച് സാലിഹ് കൊച്ചി

ഹഫീദ് നദ്വി കൊച്ചി

കൊച്ചങ്ങാടി കാര്‍കുന്‍ ഹല്‍ഖാ നാസിം, കൊച്ചി പ്രാദേശിക ജമാഅത്ത് അമീര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്ന സി.എച്ച് സാലിഹ് സാഹിബ് (75) അല്ലാഹുവിങ്കലേക്ക് യാത്രയായി. 
കൊച്ചങ്ങാടി കാര്‍കുന്‍ ഹല്‍ഖയുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു കൊച്ചി ഓര്‍മകള്‍. മദ്‌റസ, ചുള്ളിക്കല്‍ ബിലാല്‍ മസ്ജിദ്, മൈക്രോ ഫിനാന്‍സ് യൂനിറ്റ് തുടങ്ങിയവയുടെയെല്ലാം പിന്നില്‍ നിശ്ശബ്ദ സാന്നിധ്യമായി സാലിക്കയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ഇഖ്ബാല്‍ നൈന, എന്റെയുപ്പ എം. ഉസ്മാന്‍, കെ.എം ഹുസൈന്‍ (ഇണ്ട), റസാഖ് ബായ് (മാര്‍സന്‍) എന്നിവരെല്ലാമുണ്ടായിരുന്നു. കൊച്ചങ്ങാടി ഹല്‍ഖാ നാസിമായിരിക്കെ വെറും ബാലസംഘാംഗമായ എന്നെയും കൂട്ടി മര്‍ഹൂം എസ്.വി അബ്ദുര്‍റശീദ് സാഹിബിന്റെ  വീട്ടിലേക്ക് പോയി നമസ്‌കാരം കാസറ്റ് / ലഘുലേഖ പ്രാദേശികമായി പുറത്തിറക്കിയതാണ് 30 കൊല്ലം മുമ്പത്തെ ഓര്‍മ. ബിലാല്‍ മസ്ജിദ് തുടങ്ങിയ കാലത്ത് ഇമാമത്തിന് എന്നെ പ്രാപ്തനാക്കിയതും സ്വുബഹിനു ശേഷവും റമദാനില്‍ ളുഹ്‌റിനു ശേഷവുമുള്ള ക്ലാസുകള്‍ക്കും തയാറാക്കിയതും അദ്ദേഹമായിരുന്നു. പിന്നീട് ഞങ്ങള്‍ കാക്കനാട്ടേക്കും അദ്ദേഹം പള്ളുരുത്തിയിലെ തങ്ങള്‍ നഗറിലേക്കും പ്രവര്‍ത്തന മേഖല മാറ്റിയെങ്കിലും പള്ളുരുത്തിയിലെത്തിയാല്‍ മിക്കവാറും അദ്ദേഹത്തെ കാണാന്‍ ശ്രമിക്കാറുണ്ടായിരുന്നു. എണ്‍പതുകളില്‍ കമ്യൂണിസ്റ്റ് സഹചാരിയായിരുന്ന സാലിക്ക പ്രസിദ്ധ സലഫീ പണ്ഡിതന്‍ മര്‍ഹൂം സാലിഹ് മൗലവിയുടെ ഖുര്‍ആന്‍ ക്ലാസ് സംഘടിപ്പിച്ചു കൊണ്ട് സ്വയം ഖുര്‍ആന്‍ പഠനത്തിനും അധ്യാപനത്തിനുമായി ജീവിതം മാറ്റിവെക്കുകയായിരുന്നു. അവസാനകാലത്ത് ഓര്‍മ നഷ്ടപ്പെടുന്നതുവരെ ഖുര്‍ആന്‍ പാരായണവും പഠനവും ഗവേഷണവുമായി ജീവിക്കുകയായിരുന്നു.
 ഭാര്യ സുഹ്‌റ, മക്കളായ ഹാശിം, ഉമൈറ, ജുബി, വഹീദ, ഹാരിസ് എന്നിവരും മരുമക്കളായ പി.എച്ച് റഫീഖ് മുല്ലക്കര, അബ്ദുസ്സലാം ആലുവ, മുംതാസ്, സുറുമി എന്നിവരും പ്രസ്ഥാന പ്രവര്‍ത്തകരും സഹകാരികളുമാണ്.

കാഞ്ഞിരഞ്ചേരി മൊയ്തീന്‍ കോയ

ചേളന്നൂര്‍ എട്ടേനാലില്‍ (8/4) ഇസ്‌ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ചിട്ടുണ്ട് കാഞ്ഞിരഞ്ചേരി മൊയ്തീന്‍ കോയ സാഹിബ്. കൗമാരകാലത്തു തന്നെ എട്ടേനാല് സുന്നി മഹല്ല് പള്ളി സെക്രട്ടറിയായി. പുരോഗമനാശയക്കാരനായ മഹല്ല് ഖത്വീബ് ഹസന്‍ മുസ്‌ലിയാരുടെ ക്ലാസുകളില്‍ ആകൃഷ്ടരായ ഒരു കൂട്ടം യുവാക്കളുടെ കൂട്ടത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു.
1980-കളില്‍ സഹപ്രവര്‍ത്തകരോടൊപ്പം പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. തന്റെ കൂടി പരിശ്രമഫലമായി ചേളന്നൂര്‍ എട്ടേനാല്‍ മസ്ജിദുല്‍ ഫലാഹ് നിലവില്‍ വന്നപ്പോള്‍ അതിന്റെ കമ്മിറ്റിയുടെയും അല്‍ ഇഹ്‌സാന്‍ ട്രസ്റ്റിന്റെയും സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ഇടക്കാലത്ത് പള്ളിക്കമ്മിറ്റി പ്രസിഡന്റാവുകയും ചെയ്തു. എട്ടേനാല് ജമാഅത്തെ ഇസ്‌ലാമി ഘടകം സെക്രട്ടറിയുമായിരുന്നു.
മഹല്ല് മസ്ജിദിന്റെയും മദ്‌റസയുടെയും സാമ്പത്തിക ഇടപാടുകള്‍ ഒരു ദശാബ്ദത്തിലേറെ അതീവ ജാഗ്രതയോടെ നിര്‍വഹിച്ചു. കൃത്യനിഷ്ഠ ജീവിതത്തിന്റെ കാമ്പും കാതലുമായി കൊണ്ടുനടന്നു. ഖുത്വ്ബകളില്‍ ഇസ്‌ലാമിക ദായക്രമം, വിവാഹം, കുടുംബ ജീവിതം, മുത്ത്വലാഖ്, ബിദ്അത്ത് തുടങ്ങിയ വിഷയങ്ങള്‍ അക്കമിട്ട് പറഞ്ഞ് ജനങ്ങളെ ബോധവത്കരിക്കാന്‍ ഈയുള്ളവനോട് ആവശ്യപ്പെടുമായിരുന്നു. കുടുംബത്തിന്റെ നിത്യ ജീവിതത്തിനു നിദാനമായ ഓട്ടോറിക്ഷയുമായി കോഴിക്കോട് നഗരത്തില്‍ ഉപജീവനം നടത്തുമ്പോള്‍ സുഹൃത്ത് പരേതനായ ഹസന്‍ സാഹിബുമായി ചേര്‍ന്ന് മഹല്ല് മസ്ജിദിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നഗരപരിധിയിലെ മുസ്‌ലിം സമ്പന്നരെ ചെന്നു കാണുമായിരുന്നു.
ഭാര്യ: മര്‍യം. മക്കള്‍: നൗഫല്‍ (ദുബൈ), നദീര്‍ (ഒമാന്‍), നാഫില, നാസില. മരുമക്കള്‍: മുസ്ത്വഫ പള്ളിപ്പൊയില്‍, ഷിയാസ് ചെറുവണ്ണൂര്‍, ജഫ്‌ന ആരിഫ് മുണ്ടുമുഴി, നദ അത്താണിക്കല്‍.


മജീദ് പള്ളിപ്പൊയില്‍

കെ. അലവി മൗലവി കടന്നമണ്ണ


കടന്നമണ്ണ പ്രാദേശിക ജമാഅത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ സെപ്റ്റംബര്‍ 14-ന് അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി യാത്രയായ കെ. അലവി മൗലവി. അധ്യാപകന്‍, മുഅദ്ദിന്‍, പ്രതിബദ്ധതയുള്ള പ്രസ്ഥാന പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. വിനയം, ലാളിത്യം, സത്യസന്ധത, കൃത്യനിഷ്ഠ, സമര്‍പ്പണം എന്നിവ അലവി മൗലവിയുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ദീര്‍ഘകാലം കടന്നമണ്ണ ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്നു. പ്രസ്ഥാനത്തിനു കീഴില്‍ പതിറ്റാണ്ടുകളോളം നടന്ന പലിശരഹിത നിധിയുടെ നടത്തിപ്പുകാരനും പ്രബോധനത്തിന്റെ വിതരണക്കാരനും അലവി മൗലവിയായിരുന്നു. കടന്നമണ്ണ  മാങ്കൂത്ത് പറമ്പിലെ മസ്ജിദ് ഉമര്‍ ഖത്ത്വാബ് പ്രസിഡന്റുമായിരുന്നു.
തിരൂര്‍ക്കാട് ഇലാഹിയാ കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഇരിക്കൂര്‍, കൊണ്ടോട്ടി മര്‍കസ്, ഓമശ്ശേരി, കടന്നമണ്ണ ഇഹ്‌യാഉദ്ദീന്‍ മദ്‌റസാ-അറബിക് കോളേജുകളിലുമായി ധാരാളം വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം ദീനീ വിജ്ഞാനം പകര്‍ന്നു കൊടുത്തു. കടന്നമണ്ണ ജുമാമസ്ജിദിലെ മുആദ്ദിനായും സേവനമനുഷ്ഠിച്ചു. കടന്നമണ്ണയില്‍ മാത്രം നാല്‍പ്പതിലേറെ വര്‍ഷം ഇഹ്‌യാഉദ്ദീന്‍ മദ്‌റസാ-കോളേജ് അധ്യാപനത്തിന് നേതൃത്വം നല്‍കിയ തലമുറകളുടെ ഗുരുനാഥനാണ് അദ്ദേഹം. 
മാതൃകാ ഇസ്‌ലാമിക കുടുംബമാണ് അദ്ദേഹത്തിന്റേത്. കുടുംബാംഗങ്ങളെ ഇസ്‌ലാമികമായി വളര്‍ത്തുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. കടന്നമണ്ണ വനിതാ ഹല്‍ഖയിലെ കാര്‍കുനാണ് ഭാര്യ ആഇശ. മക്കളായ നിഅ്മത്തുല്ല ജമാഅത്ത് റുക്‌നും അഫ്‌സല്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകനുമാണ്. മറ്റു മക്കള്‍: അത്തിയ്യ, നസീബ, നാസില, അമീന (ജി.എച്ച്.എസ്.വിളയൂര്‍).
മരുമക്കള്‍, ഹനീഫ (കടന്നമണ്ണ), സാബിഖ് (ഇരുമ്പുഴി), ഹബീബ് (ഖത്തര്‍), ശാക്കിര്‍ (സി.പി.ഒ. കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍), ശാഹിദ, ഹുസ്‌നുല്‍ ഹുദ.


സി. ഹാറൂന്‍


കെ.എ ഖാലിദ്

തൃശൂര്‍ ജില്ലയിലെ അഴീക്കോട് പ്രദേശത്ത്, ഇസ്ലാമിക പ്രസ്ഥാനമാര്‍ഗത്തില്‍ അര നൂറ്റാണ്ടുകാലം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു കൊല്ലത്ത് വീട്ടില്‍ കെ.എ  ഖാലിദ്. യാഥാസ്ഥിതികരുടെ എതിര്‍പ്പുകള്‍ ചങ്കൂറ്റത്തോടെയും നയചാതുരിയോടെയും മറികടന്ന് പള്ളി നിര്‍മാണം, പരിപാലനം,  മദ്‌റസ നടത്തിപ്പ് എന്നിവക്ക് അദ്ദേഹം മുന്നിട്ടിറങ്ങി. പ്രബോധനം, ആരാമം, മലര്‍വാടി, റേഡിയന്‍സ് എന്നിവയുടെ ആദ്യകാല ഏജന്റായിരുന്നു. ഒരിക്കല്‍ മികച്ച ഏജന്റായി ആദരിക്കപ്പെടുകയുണ്ടായി. പുസ്തക പ്രസിദ്ധീകരണങ്ങളുടെ വിതരണത്തിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രസ്ഥാനത്തെ പരിചയപ്പെടുത്താന്‍ ഏറെ യത്‌നിച്ചു. ആദ്യകാലത്ത് ഒരു ചെറിയ ബീഡി കമ്പനി നടത്തിയിരുന്ന അദ്ദേഹത്തിന് പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ചു. പ്രസ്ഥാന പ്രവര്‍ത്തനം എന്നും അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയിലുണ്ടായിരുന്നു. അഴീക്കോട് പ്രദേശത്ത് ഫിത്വ്ര്‍ സകാത്തും മറ്റും സംഘടിതമായി വിതരണം ചെയ്യാന്‍ അദ്ദേഹമാണ് മുന്‍കൈയെടുത്തത്. മയ്യിത്ത് പരിപാലന കിറ്റ് വിതരണം ഏറെ ഉപകാരമായിരുന്നു. സന്താനങ്ങളില്ലായിരുന്നെങ്കിലും പ്രസ്ഥാന വഴിയില്‍ അദ്ദേഹത്തിന്റെ താങ്ങും തണലുമായിരുന്ന ഭാര്യ ബീവി നാല് വര്‍ഷം മുമ്പ് മരണപ്പെട്ടു. രണ്ട് പേരും ഹല്‍ഖാ നാസിമുകളായി ഏറെകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഴീക്കോട്  ദാറുല്‍ അമാന്‍ ഇസ്‌ലാമിക് ട്രസ്റ്റിന്റെ സ്ഥാപക നേതാക്കളില്‍  ഒരാള്‍ കൂടിയായിരുന്നു ഖാലിദ്ക്ക.


ഡോ. കെ.എ നവാസ്

എ. സാഹിദ

പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസില്‍നിന്ന് റേഷന്‍ ഇന്‍സ്‌പെക്ടറായി വിരമിച്ച എ. സാഹിദ (57) അല്ലാഹുവിലേക്ക് യാത്രയായി. സെപ്റ്റംബര്‍ 24-ന് അടുക്കളയോട് ചേര്‍ന്ന പറമ്പില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ കെ.എ കരീം-ഹസന്‍ ബീവി ദമ്പതികളുടെ മകളായ സാഹിദ 2020 മാര്‍ച്ചിലാണ് ഔദ്യോഗിക പദവിയില്‍നിന്ന് വിരമിച്ചത്. ജുഡീഷ്യറി വകുപ്പിലും നേരത്തേ ജോലി ചെയ്തിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി മലപ്പുറം ജില്ലാ ഓഫീസില്‍നിന്ന് ഹെഡ് ക്ലര്‍ക്കായി റിട്ടയര്‍ ചെയ്ത അമ്പലപ്പുഴ കരുമാടിയിലെ മണക്കാട് വീട്ടില്‍ അതാഉര്‍റഹ്മാനാണ് ഭര്‍ത്താവ്. നാല് മാസം മുമ്പാണ് അതാഉര്‍റഹ്മാന്‍ മരണപ്പെട്ടത്. ആ വേര്‍പാടിന്റെ ആഘാതം മാറും മുമ്പേയാണ് സാഹിദയുടെയും വേര്‍പാട്.
വശ്യമായ പെരുമാറ്റവും കളങ്കമറ്റ സ്വഭാവമഹിമയും കൊണ്ട് ബന്ധപ്പെടുന്നവരുടെയെല്ലാം സ്‌നേഹാദരവുകള്‍ പിടിച്ചുപറ്റാന്‍ കഴിഞ്ഞ സാഹിദ സര്‍വീസ് മേഖലയിലും മാതൃകാ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ എത്തുന്നവര്‍ക്ക് കൃത്യനിഷ്ഠയോടെ അവ നിര്‍വഹിച്ചു കൊടുക്കുന്നതില്‍ കണിശത പുലര്‍ത്തിയിരുന്നു. പിതാവ് കെ.എ കരീം ജമാഅത്തെ ഇസ്‌ലാമി അനുഭാവിയായിരുന്നു. 2005 മുതല്‍ മലപ്പുറം ജില്ലയിലെ എടയൂരിനടുത്തുള്ള വെങ്ങാട് പ്രദേശത്തായിരുന്നു അതാഉര്‍റഹ്മാനും കുടുംബവും താമസിച്ചിരുന്നത്. അന്നു മുതലേ കുടുംബം ജമാഅത്ത് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. അവരുടെ വീട്ടില്‍ വെച്ചായിരുന്നു വനിതാ ഹല്‍ഖാ യോഗം ചേര്‍ന്നിരുന്നത്. 2016 മുതല്‍ കൊളത്തൂരില്‍ താമസമാക്കിയതിനു ശേഷം ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. കുറുപ്പത്താല്‍ കാര്‍കുന്‍ ഹല്‍ഖാ നാസിമായിരുന്നു ഭര്‍ത്താവ് അതാഉര്‍റഹ്മാന്‍. വിവിധ സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ അങ്ങേയറ്റം തല്‍പരയായിരുന്നു ഭര്‍ത്താവിനെ പോലെ സാഹിദയും.
മക്കള്‍: എ. ആരിഫുദ്ദീന്‍ (ബിസിനസ്, കോയമ്പത്തൂര്‍), എ. അനസ്. മരുമകള്‍: പി.വി മിഥില.


ഖദീജ ടീച്ചര്‍ കൊളത്തൂര്‍


ബി. അബ്ദുശ്ശുകൂര്‍ സാഹിബ്


ലക്ഷദ്വീപിലെ അഗത്തി കാര്‍കുന്‍ ഹല്‍ഖാ നാസിമായിരുന്നു ബി. അബ്ദുശ്ശുകൂര്‍ സാഹിബ് (69). ലക്ഷദ്വീപ് മുസ്‌ലിം അസോസിയേഷന്റെ സ്ഥാപക വൈസ് പ്രസിഡന്റ്, മിസ്ബാഹുല്‍ ഉലൂം ട്രസ്റ്റിന്റെ വൈസ് ചെയര്‍മാന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. ഇതിലൂടെ ലക്ഷദ്വീപിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അതിന്റെ പ്രവര്‍ത്തനരംഗത്ത് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഫാറൂഖ് കോളേജില്‍നിന്നും പി.ജി നേടിയ ശുകൂര്‍ സാഹിബ് ലക്ഷദ്വീപ് ഗവണ്‍മെന്റ് സര്‍വീസില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുകയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്ത ശേഷം, ഡയറക്ടര്‍ ഓഫ് പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് പദവിയില്‍നിന്ന് വിരമിക്കുകയും ചെയ്തു. ഔദ്യോഗിക ജീവിതകാലത്ത് തന്നെ പ്രസ്ഥാനത്തെ മനസ്സിലാക്കുകയും അതിന്റെ പൊതുപരിപാടികളുമായി സഹകരിക്കുകയും ചെയ്തിരുന്നു. സര്‍വീസില്‍നിന്നും വിരമിച്ചതിനു ശേഷം ശിഷ്ട ജീവിതം പ്രസ്ഥാനത്തിനു വേണ്ടി മാറ്റിവെച്ചു. ദ്വീപിന്റെ പല മേഖലകളിലും പ്രസ്ഥാന സന്ദേശമെത്തിക്കാന്‍ അദ്ദേഹം യത്‌നിക്കുകയുണ്ടായി. അതിനുവേണ്ടി പല ദ്വീപുകളിലും യാത്ര ചെയ്തു. തനിക്ക് ലക്ഷദ്വീപിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്ന ബന്ധങ്ങള്‍ ഊഷ്മളമായി കാത്തു സൂക്ഷിക്കുന്നതിലും പ്രസ്ഥാനത്തിനു വേണ്ടി ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ വീഴ്ച കൂടാതെ നിര്‍വഹിക്കുന്നതിലും അദ്ദേഹം മാതൃകയായിരുന്നു. ഗവ. സര്‍വീസിലായതിനാല്‍ തിരക്കു പിടിച്ച ഔദ്യോഗിക ജീവിതത്തില്‍ പ്രവര്‍ത്തന രംഗത്ത് സജീവമാകാന്‍ കഴിയാത്തതിലുള്ള ഖേദം അദ്ദേഹം പങ്കു വെക്കാറുണ്ടായിരുന്നു. അതിന്റെ പ്രായശ്ചിത്തമായിട്ടാണ് റിട്ടയര്‍മെന്റ് ജീവിതം പൂര്‍ണമായി പ്രസ്ഥാനമാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധനായത്. ലക്ഷദ്വീപില്‍ ഇസ്‌ലാമിക പ്രസ്ഥാന സന്ദേശമെത്തിച്ച ദ്വീപ് മൗലവി എന്ന പേരില്‍ അറിയപ്പെട്ട അഗത്തിയിലെ താളാക്കാട മുഹമ്മദ് മൗലവിയുടെയും ബീ കുട്ടിളംമാട ചെറിയ ബീയുടെയും മൂന്നാമത്തെ മകനാണ് ശുകൂര്‍ സാഹിബ്. ഭാര്യ ഹബ്‌സ. മക്കള്‍: ഹനിയ, ഹകീമ, അബ്ദുല്‍ ഹഖ്.

അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി
ലക്ഷദ്വീപ് മുസ്‌ലിം അസോസിയേഷന്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 56-64
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിന്റെ സുഗന്ധം തടയപ്പെടുന്നവന്‍
ഡോ. കെ. മുഹമ്മദ്, പണ്ടിക്കാട്‌