Prabodhanm Weekly

Pages

Search

2021 നവംബര്‍ 26

3228

1443 റബീഉല്‍ ആഖിര്‍ 21

സുന്നത്തും ആദത്തും തമ്മിലുള്ള വ്യത്യാസം

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

ചോദ്യം: തഖ്‌വാ പ്രകടനത്തെക്കുറിച്ച അഭിപ്രായങ്ങള്‍ ബലപ്പെടുത്തിക്കൊണ്ട് സുന്നത്തിനെയും ബിദ്അത്തിനെയും കുറിച്ച് താങ്കള്‍ എഴുതുകയുണ്ടായി. 'സുന്നത്ത്, ബിദ്അത്ത് തുടങ്ങിയ സാങ്കേതിക ശബ്ദങ്ങളെക്കുറിച്ച് നിങ്ങളെപ്പോലുള്ളവര്‍ക്കിടയില്‍ പ്രചാരത്തിലുള്ള വിവക്ഷകള്‍ തെറ്റ് മാത്രമല്ല, ദീനില്‍ മാറ്റത്തിരുത്തല്‍ വരുത്തല്‍ കൂടിയായാണ് മനസ്സിലാക്കുന്നതെ'ന്ന് അതില്‍ താങ്കള്‍ പറയുന്നു. യഥാര്‍ഥത്തില്‍ ഈ പ്രശ്‌നം അടിസ്ഥാന പ്രധാനമാണെന്ന് പറയട്ടെ. തദ്‌സംബന്ധമായി തൃപ്തികരമായ ഒരു തീര്‍പ്പിലെത്തുകയാണെങ്കില്‍ ഒട്ടനേകം ശാഖാപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, ഒരുപാട് തര്‍ക്കങ്ങളും ബൗദ്ധിക സങ്കീര്‍ണതകളും അവസാനിക്കും. അതിനാല്‍ സുന്നത്തിനും ആദത്തിനും സമഗ്രമായൊരു നിര്‍വചനം നല്‍കിയാലും; ഒപ്പം ബിദ്അത്തിനെക്കുറിച്ച് താങ്കളുടെ ഗവേഷണഫലവും വെളിച്ചത്ത് കാണിക്കുക. 
കൂടുതല്‍ പശ്ചാത്തല വിശദീകരണാര്‍ഥം താങ്കളുടെ താഴെ കൊടുത്ത ഉദ്ധരണി കൂടി ചേര്‍ക്കട്ടെ:
നബിതിരുമേനി എത്രയളവില്‍ താടി നീട്ടി വളര്‍ത്തിയോ അതേ അളവില്‍ താടി വെക്കുന്നതാണ് സുന്നത്തും ഉസ്‌വത്തുമെന്നാണ് താങ്കളുടെ ധാരണ. അതിനര്‍ഥം നബി തിരുമേനിയും ഇതര പ്രവാചകന്മാരും നടപ്പിലാക്കാന്‍ നിയോഗിതരായ സുന്നത്തിനുള്ള അതേ അര്‍ഥം ആദാത്തിനും (നാട്ടുനടപ്പുകള്‍) നിങ്ങള്‍ കല്‍പിച്ചരുളുന്നു എന്നാണ്. താങ്കള്‍ ഇപ്പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. താടി നിര്‍ബാധം നീട്ടി വളര്‍ത്തുന്നത് റസൂലിന്റെ സുന്നത്താണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എങ്കിലും അതാണ് പ്രവാചകനിയോഗത്തിന്റെ ലക്ഷ്യമെന്ന് ഇന്നേക്ക് പത്ത് വര്‍ഷം മുമ്പോ ഇപ്പോള്‍ തന്നെയോ ഒരു തെറ്റിദ്ധാരണ എനിക്കുണ്ടായിട്ടില്ല. പ്രവാചക നിയോഗലക്ഷ്യമായ സുന്നത്ത് ഇഖാമത്തുദ്ദീന്‍ അഥവാ ദൈവത്തിനുള്ള അനുസരണം നിലനിര്‍ത്തുക എന്ന ഒന്നു മാത്രമാണെന്ന് തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. ബാക്കിയുള്ളതിനൊക്കെ അതിന്റെ സ്ഥാനമനുസരിച്ചുള്ള പ്രാധാന്യമേയുള്ളൂ. നബിതിരുമേനിയുടെ വ്യക്തിപരമായ താടി നീട്ടി വളര്‍ത്തല്‍ ശര്‍ഈ ബാധ്യതകള്‍(ഫറാഇദ്)ക്ക് ശേഷമുള്ള സുന്നത്താണെന്നാണ് ഇതേവരെയും ഞാന്‍ മനസ്സിലാക്കി പോന്നിട്ടുള്ളത്. അതിന് ബലം നല്‍കാനാണ് നെഞ്ചോളം എന്ന വിശദീകരണം നല്‍കിയത്.

ഉത്തരം: നബിതിരുമേനി ജീവിതത്തില്‍ എന്തെല്ലാം ചെയ്‌തോ അതൊക്കെ സുന്നത്താണെന്നാണ് പൊതുവെ ജനം ധരിക്കുന്നത്. ഇത് വലിയൊരാളവോളം ശരിയാണെങ്കിലും ഒരളവില്‍ തെറ്റുമാണ്. ഏതൊരു സംഗതി പഠിപ്പിക്കാനും നിലനിര്‍ത്താനും അല്ലാഹു തന്റെ പ്രവാചകനെ നിയോഗിക്കുന്നുവോ ആ കര്‍മരീതിയാണ് യഥാര്‍ഥത്തില്‍ സുന്നത്ത്. അതില്‍നിന്ന് നബിതിരുമേനിയുടെ വ്യക്തിജീവിതത്തിലെ രണ്ട് രീതികള്‍ പുറത്താണ്. ഒന്ന്, നബി ഒരു മനുഷ്യനെന്ന നിലക്ക് സ്വീകരിക്കുന്ന രീതി. ചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ ജനിച്ച വ്യക്തി എന്ന നിലക്ക് സ്വീകരിക്കുന്ന രീതികളാണ് മറ്റൊന്ന്. ഇവ രണ്ടും ചിലപ്പോള്‍ ഒരേ പ്രവൃത്തിയില്‍ സങ്കലിതമാകാം. അത്തരം രൂപത്തില്‍ അതിലേതാണ് സുന്നത്ത്, ഏതാണ് ആദാത്ത് (ആചാര സമ്പ്രദായം) എന്ന് വേര്‍തിരിച്ചറിയുക ഒരു പ്രശ്‌നമാണ്. ദീനിന്റെ സ്വഭാവപ്രകൃതം (മിസാജ്) നന്നായറിയുന്ന ആള്‍ക്കേ അത് സാധിക്കുകയുള്ളൂ.
അടിസ്ഥാനപരമായി ഇങ്ങനെ മനസ്സിലാക്കുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതത്തില്‍ സൃഷ്ടിച്ചോ ആ പ്രകൃതത്തിന് തികച്ചും അനുസൃതമായ ജീവിതരീതികളും ഉത്തമ സ്വഭാവചര്യകളും മനുഷ്യനെ അഭ്യസിപ്പിക്കാനായാണ് ദൈവദൂതന്മാര്‍ വന്നുകൊണ്ടിരുന്നത്. ഈ ഉത്തമ സ്വഭാവചര്യകളിലും കര്‍മരീതികളിലുമുള്ള ഒരു സംഗതി അതിലെ സത്തയും ചൈതന്യവുമുള്‍ക്കൊള്ളുക എന്നതാണ്. ബാഹ്യാവരണത്തിന്റെ നിലയിലുള്ളതാണ് മറ്റൊന്ന്. വാക്കിലും പ്രവൃത്തിയിലും നബി ഏത് രൂപത്തില്‍ വ്യക്തമാക്കിയോ ചൈതന്യത്തിലും ആവരണത്തിലും അതേ രീതി താല്‍പര്യപ്പെടുന്നതാണ് ചില കാര്യങ്ങള്‍. മറ്റു ചില കാര്യങ്ങള്‍ക്ക് ധാര്‍മിക ചൈതന്യത്തിനും പ്രകൃതത്തിന് വേണ്ടി തന്റെ കാലഘട്ടത്തിലെ സവിശേഷ നാഗരികാവസ്ഥകള്‍ക്കും സ്വന്തം സ്വഭാവ പ്രകൃതത്തിനുമനുസരിച്ച് നബിതിരുമേനി സവിശേഷമായൊരു കര്‍മമൂശ സ്വീകരിക്കുന്നു. അത്തരം കാര്യങ്ങളില്‍ ശരീഅത്ത് നമ്മോട് ആവശ്യപ്പെടുന്നത് ആ ധാര്‍മിക ചൈതന്യവും പ്രകൃതവും മാനിക്കാന്‍ മാത്രമാകും. പ്രവാചകന്‍ അതിന് സ്വീകരിച്ച കര്‍മ ചട്ടക്കൂടാകട്ടെ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും നമുക്ക് ശര്‍ഇല്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. ആദ്യ ഇനം വ്യവഹാരങ്ങളില്‍ ചൈതന്യവും ചട്ടക്കൂടും രണ്ടും കൂടിയുള്ളതിന്റെ പേരാണ് സുന്നത്ത്. രണ്ടാമത്തെ ഇനം വ്യവഹാരങ്ങളിലാകട്ടെ ശരീഅത്തിന്റെ താല്‍പര്യമായ ആ ചൈതന്യവും പ്രകൃതവും മാത്രമായിരിക്കും സുന്നത്ത്. ശഷീഅത്തിന്റെ ആവിഷ്‌കര്‍ത്താവ് ആ ചൈതന്യം പ്രകടമാക്കാന്‍ സ്വീകരിച്ച കര്‍മാവരണമായിരിക്കില്ല.
ഒരു ഉദാഹരണം പറയാം. നാം അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും അവനെ സ്മരിക്കുകയും ചെയ്യുക എന്നതാണ് ദീനിന്റെ ഉദ്ദേശ്യം. അതിനായി ചില കര്‍മങ്ങള്‍ നബിതിരുമേനി ആവിഷ്‌കരിച്ചിട്ടുണ്ട്. അതിന്റെ ചൈതന്യവും കര്‍മരൂപവും രണ്ടും സുന്നത്ത് തന്നെ. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയവ ഉദാഹരണം. എന്നാല്‍ മറ്റു ചില രീതികളും പ്രവാചകന്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ചൈതന്യം തീര്‍ച്ചയായും നമ്മുടെ പ്രവൃത്തികളില്‍ ഉണ്ടാകണം. എന്നാല്‍ രൂപം അതേപടി പിന്തുടരേണ്ട ആവശ്യമില്ല. പ്രത്യുത ആ ചൈതന്യം പ്രകടമാക്കാന്‍ ഉചിതമായി തോന്നുന്ന ഏത് രൂപവും സ്വീകരിക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. പ്രവാചകന്‍ സമയാസമയം ചെയ്യാറുണ്ടായിരുന്ന പ്രാര്‍ഥനയില്‍ ഉപയോഗിച്ച അതേ വാചകങ്ങള്‍ തന്നെ ഉപയോഗിക്കേണ്ട നിര്‍ബന്ധം അതില്‍ നമുക്കില്ല. എന്നാല്‍ പ്രാര്‍ഥനകളുടെ രീതിയും അര്‍ഥ സവിശേഷതകളും പാലിച്ചുകൊണ്ട് ഏത് വാക്കുകളില്‍ നാം പ്രാര്‍ഥിച്ചാലും അതിനകത്ത് നബി തിരുമേനിയുടെ പ്രാര്‍ഥനകളുടെ ചൈതന്യം തുടിച്ചിരിക്കണം; അതുപോലെ തന്നെ ദിക്‌റുകളും. ഏതൊരാളും തന്റെ ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളിലും പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിനെ ഓര്‍ക്കണം എന്നതാണ് ദിക്‌റിലെ സുന്നത്ത്. അല്ലാഹുവില്‍നിന്ന് ഉപകാരവും സഹായവും തേടണം. അവനില്‍നിന്ന് ക്ഷേമം ആഗ്രഹിക്കുകയും അവന് നന്ദിയോതുകയും ചെയ്യണം. ഇതിനായി പ്രവാചകന്‍ തന്റെ കര്‍മജീവിതത്തില്‍ വ്യത്യസ്ത ദിക്‌റുകളുടെ രൂപത്തില്‍ അവ പ്രകടിപ്പിക്കുകയും നടത്തിപ്പോരുകയും ചെയ്തിട്ടുണ്ട്. ഹദീസുകളില്‍ അവ പരാമര്‍ശിക്കപ്പെട്ടതായി കാണാം. ആരെങ്കിലും ആ ദിക്‌റുകള്‍ ഹദീസുകളില്‍ വന്ന അതേ വാക്കുകളില്‍തന്നെ  ചൊല്ലുകയാണെങ്കില്‍ അത് ഏറെ അഭികാമ്യവും ഉത്തമവും തന്നെ. പക്ഷേ, അതങ്ങനെത്തന്നെ പിന്തുടരുക എന്നത് സുന്നത്തിന്റെ അനിവാര്യ താല്‍പര്യമല്ല. ഇനി ആരെങ്കിലും ഈ സുന്നത്ത് നന്നായി മനസ്സിരുത്തി മറ്റൊരു രീതിയില്‍ അത് പ്രവൃത്തിയില്‍ കൊണ്ടുവന്നു എന്നിരിക്കട്ടെ. അതിനയാള്‍ വേറെ വാക്കുകള്‍ ഉപയോഗിച്ചാലും സുന്നത്ത് തന്നെയാണ് അയാളും പിന്തുടരുന്നത്. അതിനെ കുറിച്ച് സുന്നത്ത് ലംഘനം നടത്തി എന്ന് ആരോപിക്കാവതല്ല.
ഇതേ വ്യത്യാസം തന്നെയാണ് നാഗരികവും സാമൂഹികവുമായ വ്യവഹാരങ്ങളിലുമുള്ളത്. വസ്ത്രം ഉദാഹരണം. നഗ്നത മറക്കുന്നതാകണം വസ്ത്രം. അതാണ് പ്രവാചക നിയോഗത്തിലൂടെ വസ്ത്രധാരണ വിഷയത്തില്‍ പാലിക്കപ്പെടണമെന്ന് ഉദ്ദേശിച്ചിട്ടുള്ള ധാര്‍മികവും പ്രകൃതിപരവുമായ പരിധികള്‍. അതില്‍ ധൂര്‍ത്തും അഹങ്കാരവും പാടില്ല, അവിശ്വാസി സമൂഹത്തോട് സാദൃശ്യം അരുത് തുടങ്ങിയവയൊക്കെയാണ് അതില്‍ ദീക്ഷിക്കപ്പെട്ടിട്ടുള്ള പരിധികള്‍. ധാര്‍മികവും പ്രകൃതിപരവുമായ ഈ ചൈതന്യ പ്രകടനത്തിന് വസ്ത്രധാരണത്തില്‍ പ്രവാചകന്‍ ദീക്ഷിച്ച ചില കാര്യങ്ങളുണ്ട്. അവ അതേപടി നാം സ്വീകരിക്കേണ്ടതാണ്. നഗ്നത മറക്കേണ്ട പരിധികള്‍, തുണി നിലത്തിട്ട് വലിക്കാതിരിക്കല്‍ തുടങ്ങിയവ. ഇനി പ്രവാചകന്‍ ദീക്ഷിച്ച ഇതല്ലാത്ത മറ്റു ചില സംഗതികളുമുണ്ട്. പ്രവാചകന്റെ വ്യക്തിപരമായ അഭിരുചികള്‍, ദേശീയവും അക്കാലത്തെ നാഗരികതയുമായി ബന്ധപ്പെട്ടവയുമായ കാര്യങ്ങള്‍. സുന്നത്താക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്തവയാണ് അവ. ഹദീസ് ദൃഷ്ട്യാ ഈ വസ്ത്രസമ്പ്രദായങ്ങള്‍ നബി സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ അവ പിന്‍പറ്റണമെന്ന് ശഠിക്കാന്‍ പറ്റുകയില്ല. ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ അഭിരുചിയോ സമൂഹത്തിന്റെ സവിശേഷ നാഗരികതയോ പ്രത്യേക കാലഘട്ടത്തിലെ നടപ്പുരീതികളോ ലോകമെങ്ങും എന്നന്നേക്കുമായി നടപ്പിലാക്കുന്നതിനായി അതൊക്കെ സുന്നത്താക്കാന്‍ വേണ്ടിയല്ല ദൈവിക ശരീഅത്ത് വന്നിട്ടുള്ളത്.
സുന്നത്തിന്റെ ഈ വിശദീകരണം മനസ്സിലിരുത്തുക. ശര്‍ഇന്റെ സാങ്കേതിക പ്രയോഗത്തില്‍ സുന്നത്തല്ലാത്തവയെ വ്യഥാ സുന്നത്തായി സ്വീകരിച്ചാല്‍ മൊത്തത്തില്‍ സംഭവിക്കുക ദീനിന്റെ സംവിധാനം തന്നെ മാറ്റിമറിക്കുന്ന ബിദ്അത്തുകളായിരിക്കും എന്ന് അപ്പോള്‍ എളുപ്പം ബോധ്യമാകും.
ഇനി ഈ ചര്‍ച്ചക്ക് തുടക്കമിട്ട താടിയുടെ വിഷയമെടുക്കാം. ഇവ്വിഷയകമായി നമ്മുടെ കര്‍മജീവിതത്തില്‍ പ്രകടമായി കാണാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുള്ള ധാര്‍മിക ചൈതന്യവും പ്രകൃതിയും മീശ വെട്ടിച്ചുരുക്കുകയും താടി വെക്കുകയും ചെയ്യുക എന്നത് മാത്രമാണ്. ഇത്രയുമേ ഈ വിഷയത്തില്‍ നബിതിരുമേനി നമ്മോട് നിര്‍ദേശിച്ചിട്ടുള്ളൂ. അതുതന്നെയാണ് ആ വിഷയത്തിലെ സുന്നത്തും. ഇനി അതിന്റെ കര്‍മരീതിയുടെ നിര്‍ണിത രൂപമാണെങ്കില്‍ അതില്‍ പ്രത്യേക നിര്‍ദേശമൊന്നും പ്രവാചകന്‍ നല്‍കിയിട്ടില്ല. താടി നീട്ടുന്നതിന്റെയോ മീശ വെട്ടിച്ചുരുക്കുന്നതിന്റെയോ നിര്‍ണിതമായ അളവ് സംബന്ധമായി പ്രവാചകന്റെ കല്‍പനകളൊന്നുമില്ല. ഞാന്‍ എങ്ങനെ നമസ്‌കരിച്ചോ അപ്രകാരം നമസ്‌കരിക്കുക എന്നു പറഞ്ഞ പോലെ താടിയും മീശയും താന്‍ ഏത് ഘടന സ്വീകരിച്ചോ അതേ ഘടന സ്വീകരിക്കുക എന്ന് നബി പറഞ്ഞതായി കാണുകയില്ല. ഒരു പരിധിയും ഈ വിഷയത്തില്‍ നബി നിര്‍ണയിച്ചിട്ടില്ല. ഒരു പൊതു നിര്‍ദേശം നല്‍കി നമ്മുടെ സ്വാതന്ത്ര്യത്തിന് വിട്ടേച്ചിരിക്കുകയാണ്. ഇതില്‍നിന്ന് ഒരു കാര്യം സ്വയം വ്യക്തമാകുന്നു. ഈ വിഷയത്തില്‍ ഏതൊരു ധാര്‍മിക ചൈതന്യവും പ്രകൃതിയുമാണോ താല്‍പര്യപ്പെടുന്നത് ആ ഉദ്ദേശ്യം പൂര്‍ത്തിയാകാന്‍ താടി വെക്കുകയും മീശ വെട്ടുകയും ചെയ്താല്‍ തന്നെ മതിയാകും എന്നതാണത്. അത്രയേ അതിന് ആവശ്യവുമുള്ളൂ. അതിന് ഏതെങ്കിലും ഒരു അളവ് കൂടി ആവശ്യമായിരുന്നെങ്കില്‍, പ്രവാചകന്റെ ദൗത്യപൂര്‍ത്തീകരണത്തിന് ആ അളവു കൂടി അനിവാര്യമായിരുന്നെങ്കില്‍ തീര്‍ച്ചയായും തിരുമേനി അതിന്റെ നിര്‍ണയത്തില്‍ ഒരു വീഴ്ചയും വരുത്തുമായിരുന്നില്ല. പൊതുവായ ഒരു വിധി നല്‍കുന്നതില്‍ മതിയാക്കുക, നിര്‍ണയത്തില്‍നിന്ന് വിട്ടുനില്‍ക്കുക എന്നിവ തന്നെ താടി വെക്കുകയും മീശ വെട്ടുകയും ചെയ്യുമ്പോള്‍ ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചിക്കൊത്ത രൂപം സ്വീകരിക്കാന്‍ ശരീഅത്ത് സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണെന്നതിന്റെ തെളിവാകുന്നു.
ഇനി ഒരാള്‍ മീശ രോമങ്ങള്‍ പറ്റെ വടിക്കുകയും മറ്റൊരാള്‍ ആഹാരപാനീയങ്ങള്‍ കഴിക്കുമ്പോള്‍ അതില്‍ തട്ടാതിരിക്കാന്‍ മാത്രം മീശ രോമങ്ങള്‍ കത്രിക്കുകയുമാണെങ്കില്‍ രണ്ടു പേര്‍ക്കും അതിന് സ്വാതന്ത്ര്യമുണ്ട്. താന്‍ സ്വീകരിച്ച ഈ രീതിയിലൂടെയാണ് വിധിയുടെ താല്‍പര്യം എന്റെ അടുക്കല്‍ പൂര്‍ത്തിയാവുക എന്ന് ഓരോരുത്തര്‍ക്കും പറയാവുന്നതുമാണ്. എന്നാല്‍, അവരിലാര്‍ക്കും തന്റെ അഭിപ്രായം ശരീഅത്താക്കി സകല മനുഷ്യരുടെയും മേല്‍  അടിച്ചേല്‍പിക്കാനുള്ള അവകാശമുണ്ടായിരിക്കുന്നതല്ല. അതിന് എതിര്‍ പ്രവര്‍ത്തിക്കുന്നവരെ അവര്‍ ആക്ഷേപിക്കുകയാണെങ്കില്‍ അത് ബിദ്അത്തായിത്തീരുന്നതാണ്. കാരണം, സുന്നത്തല്ലാത്ത ഒരു കാര്യം അയാള്‍ ബലാല്‍ക്കാരം സുന്നത്താക്കുകയാണ്. മീശ വെട്ടുക എന്നത് മാത്രമാണ് സുന്നത്ത്; ആരെങ്കിലും ഗവേഷണം നടത്തി ഒരു പ്രത്യേക രൂപത്തിന്റെ നിഗമനത്തിലെത്തി സ്വന്തം അഭിരുചിക്കും വാസനക്കുമനുസരിച്ച് സ്വീകരിക്കുന്ന സവിശേഷ രൂപമല്ല അത്.
ഇപ്രകാരം തന്നെ താടി അറ്റമില്ലാതെ നീട്ടി വളര്‍ത്തുന്നതാണ് വിധിയുടെ താല്‍പര്യമെന്ന് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടെങ്കില്‍ അയാള്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളട്ടെ. മറ്റൊരാള്‍ ചുരുങ്ങിയത് ഒരു കൈപ്പിടിയെങ്കിലും നീളമുണ്ടാകണമെന്നാണ് മനസ്സിലാക്കുന്നതെങ്കില്‍ അയാള്‍ അങ്ങനെയും പ്രവര്‍ത്തിച്ചുകൊള്ളട്ടെ. അളവിന്റെ ഉപാധിയൊന്നുമില്ലാതെ കേവലം താടി വെച്ചാല്‍ മാത്രം മതിയെന്ന് കരുതുന്നവര്‍ അങ്ങനെ ചെയ്യട്ടെ. എന്നാല്‍ സ്വന്തം അന്വേഷണത്തിലൂടെ തങ്ങള്‍ കണ്ടെത്തിയ രൂപമാണ് ശരീഅത്ത് എന്നും അത് പിന്‍പറ്റല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ് എന്നും പറയാന്‍ ഈ മൂന്ന് വിഭാഗത്തില്‍ ആര്‍ക്കും അവകാശമില്ല. സുന്നത്താണെന്നതിന് യാതൊരു തെളിവുമില്ലാത്ത ഒന്നിനെ സുന്നത്താക്കുന്നതാണ് അത്തരം അഭിപ്രായങ്ങള്‍. ഞാന്‍ ഇതിനെയാണ് ബിദ്അത്ത് എന്ന് വിശേഷിപ്പിച്ചത്.
നബിതിരുമേനി താടി വെക്കാന്‍ കല്‍പിച്ചിട്ടുണ്ടെന്നും ഒരു പ്രത്യേക രീതിയില്‍ താടി വെച്ചുകൊണ്ട് അതിലൂടെ അതിന്റെ പ്രാവര്‍ത്തിക രൂപം കാണിച്ചുതന്നിട്ടുണ്ടെന്നും അതിനാല്‍ ഹദീസില്‍ വന്നിട്ടുള്ള നബിയുടെ അതേ രീതിയിലുള്ള താടി വെക്കല്‍ സുന്നത്താണെന്നുമുള്ള വാദമാണ് ഇനിയുള്ളത്. നബി തിരുമേനി പ്രത്യേകമൊരു വസ്ത്രധാരണാ രീതി സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ അതേ രീതിയിലുള്ള വസ്ത്രമാണ് സുന്നത്തെന്നും വാദിക്കുന്നതു പോലെയുള്ള ഒരു തെളിവ് രീതിയാണിത്. തെളിവ് കണ്ടെത്തുന്ന ഈ രീതി ശരിയാണെങ്കില്‍ ഇന്ന് സുന്നത്ത് പിന്തുടരുന്ന ഒരാളും ഈ സുന്നത്ത് പിന്തുടരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ മുന്നേ പറഞ്ഞ പോലെ സാമൂഹിക-നാഗരിക വ്യവഹാരങ്ങളില്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നബിതിരുമേനി കൊണ്ടുവന്ന ഒരു സംഗതി ധാര്‍മിക മൂല്യങ്ങളാണ്. ഈ ധാര്‍മിക മൂല്യങ്ങള്‍ പിന്‍പറ്റാന്‍ നബിതിരുമേനി സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച പ്രാവര്‍ത്തിക രൂപങ്ങളാണ് മറ്റൊരു സംഗതി. ഈ പ്രാവര്‍ത്തിക രൂപങ്ങളില്‍ ചിലത് തിരുമേനിയുടെ വ്യക്തിപരമായ അഭിരുചികളിലും പ്രകൃതത്തിലുമധിഷ്ഠിതമത്രെ; ചിലതാകട്ടെ നബി ജന്മം കൊണ്ട രാജ്യത്തിലെ സാമൂഹികാവസ്ഥകളിലും നിയുക്തനായ കാലഘട്ടത്തിന്റെ പരിതോവസ്ഥകളിലും അധിഷ്ഠിതമായവയും. അവയൊന്നും തന്നെ എല്ലാ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ലോകര്‍ക്കും സുന്നത്താക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയല്ല (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജനുവരി 1946). 
വിവ: വി.എ.കെ
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 56-64
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിന്റെ സുഗന്ധം തടയപ്പെടുന്നവന്‍
ഡോ. കെ. മുഹമ്മദ്, പണ്ടിക്കാട്‌