Prabodhanm Weekly

Pages

Search

2021 നവംബര്‍ 26

3228

1443 റബീഉല്‍ ആഖിര്‍ 21

ദൈവാസ്തിക്യം ശാസ്ത്രീയമാണ്‌

പി.കെ സഈദ് പൂനൂര്‍

പ്രപഞ്ചത്തിനൊരു സ്രഷ്ടാവ് ഇല്ലെങ്കില്‍ എന്ന അനുമാനം മുന്‍നിര്‍ത്തിയാണ് മതനിരാസത്തിന്റെ പ്ലാറ്റ്‌ഫോമുകള്‍ രൂപപ്പെടുന്നത്. പക്ഷേ ശാസ്ത്രത്തിന് വലിയ സംഭാവനകള്‍ നല്‍കിയവരൊക്കെ പ്രപഞ്ചത്തിനു പിന്നില്‍ ഒരു പരികല്‍പ്പകനെ /ഡിസൈനറെ കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.  ലോകത്തിലെ പ്രമുഖ രാസ പരിണാമ സൈദ്ധാന്തികരില്‍ ഒരാളായിരുന്നു ഡീന്‍ കെനിയന്‍. ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള രാസ പരിണാമ വിശദീകരണങ്ങള്‍ തരുന്ന, ബെസ്റ്റ് സെല്ലറായ Biochemical Predestination എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്.  തെളിവുകള്‍  അംഗീകരിക്കാനും തന്റെ നാച്യുറലിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനും നിര്‍ബന്ധിതനായ കെനിയന്‍, ദൈവം ഉണ്ടെന്ന വിശ്വാസം സ്വീകരിക്കുകയാണ് ചെയ്തത്.
മറ്റൊരാള്‍ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി തത്ത്വചിന്തകനായ ആന്റണി ഫ്‌ളീവ് ആണ്. നീണ്ട അമ്പതു വര്‍ഷം നിരീശ്വരവാദത്തിന്റെ ബൗദ്ധിക മുന്നണിപ്പോരാളി (Intellectual Frontman) ആയാണിദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് അദ്ദേഹം എഴുതിയ Theology and Falsification ആണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പുനഃപ്രസിദ്ധീകരിക്കപ്പെട്ട ദാര്‍ശനിക ലഘുലേഖ. പുതിയ കണ്ടെത്തലുകള്‍ ഫ്‌ളീവിനെ മറിച്ച് ചിന്തിക്കാന്‍ നിര്‍ബന്ധിതനാക്കി. 2004-ല്‍ അദ്ദേഹം നാസ്തികതയുടെ പടിവിട്ടിറങ്ങി.  There Is A God: How the World's Most Notorious Atheist Changed His Mind  (ദൈവമുണ്ട്: ലോകത്തെ ഏറ്റവും കുപ്രസിദ്ധ നിരീശ്വരവാദിയുടെ  മനസ്സ് മാറിയതെങ്ങനെ?)എന്ന ഫ്‌ളീവിന്റെ തന്നെ പുസ്തകമാണ് ഇതിന്റെ മികച്ച റഫറന്‍സ്.
പ്രസിദ്ധമായ കോംപ്റ്റണ്‍ പ്രതിഭാസം (Compton Effect) കണ്ടെത്തിയ അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞനാണ് ആര്‍തര്‍ ഹോളി കോംപ്റ്റണ്‍. വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന് 1927-ലെ നോബല്‍ സമ്മാനം ലഭിച്ചു. സെയിന്റ് ലൂയിസ്സിലുള്ള വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലറായിരുന്ന കോംപ്റ്റണ്‍ പറയുന്നു:
For myself, faith begins with a realization that a supreme intelligence brought the universe into being and created man. It is not difficult for me to have this faith, for it is incontrovertible that where there is a plan there is intelligence-an orderly, unfolding universe testifies to the truth of the most majestic statement ever uttered- In the beginning God. 
''എന്നെ സംബന്ധിച്ചേടത്തോളം, ഒരു പരമമായ ബുദ്ധി പ്രപഞ്ചത്തെ ഉണ്മയിലേക്കു കൊണ്ടുവരുകയും മനുഷ്യനെ സൃഷ്ടിക്കുകയും ചെയ്തു എന്ന തിരിച്ചറിവിലാണ് വിശ്വാസം ആരംഭിക്കുന്നത്. ഈ വിശ്വാസം എനിക്കുണ്ടായിരിക്കുക എന്നത് പ്രയാസകരമല്ല, കാരണം ഒരു പദ്ധതി ഉള്ളിടത്ത് ബുദ്ധി ഉണ്ടെന്നത് തര്‍ക്കരഹിതമാണ് - ചിട്ടയൊത്ത, ചുരുളഴിയുന്ന പ്രപഞ്ചം ഇതുവരെ പറയപ്പെട്ടതില്‍ വെച്ച് ഏറ്റവും മഹത്തായ പ്രസ്താവനയുടെ സത്യത്തിന് സാക്ഷ്യം വഹിക്കുന്നു - 'തുടക്കത്തില്‍ ദൈവം ഉണ്ടായിരുന്നു' എന്നതിന്' (cf: Darwin's Demise, Joe White and Nicholas Comninellis, page 174).
ക്വാണ്ടം ഫിസിക്‌സിന്റെ കണ്ടെത്തലിലൂടെ എക്കാലത്തെയും മികച്ച ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളായി ഗണിക്കപ്പെടുന്ന മാക്‌സ് പ്ലാങ്ക്  1937-ല്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇങ്ങനെ പറയുകയുണ്ടായി:
Both religion and science require a belief in God. For believers, God is in the beginning, and for physicists He is at the end of all considerations... To the former He is the foundation, to the later, the crown of the edifice of every generalized world view.
There can never be any real opposition between religion and science; for the one is the complement of the other.
I regard consciounsess as fundamental. I regard matter as derivative from consciounsess. We cannot get behind consciounsess. Everything that we talk about, everything that we regard as existing, postulates consciounsess.
''മതത്തിനും ശാസ്ത്രത്തിനും ദൈവത്തില്‍ ഒരു വിശ്വാസം ആവശ്യമാണ്. വിശ്വാസികളെ സംബന്ധിച്ചേടത്തോളം ദൈവം ആദിയിലാണ്, ഭൗതികശാസ്ത്രജ്ഞരെ സംബന്ധിച്ചേടത്തോളം അവന്‍ എല്ലാ പരിഗണനകളുടെയും അവസാനത്താണ്... ആദ്യത്തേതിന് അവനാണ് അടിസ്ഥാനം. രണ്ടാമത്തേതിന്, പൊതുവായ എല്ലാ ലോകവീക്ഷണങ്ങളുടെയും മണിമാളികാ മകുടം''
''മതവും ശാസ്ത്രവും തമ്മില്‍ ഒരിക്കലും യഥാര്‍ഥ എതിര്‍പ്പുണ്ടാകില്ല; ഒന്ന് മറ്റൊന്നിന്റെ പൂരകമാണല്ലോ.''
''ഞാന്‍ ബോധത്തെ അടിസ്ഥാനമായി കാണുന്നു. ദ്രവ്യത്തെ ബോധത്തില്‍നിന്ന് ഉരുത്തിരിഞ്ഞതായാണ് ഞാന്‍ കാണുന്നത്. നമുക്ക് ബോധത്തെ പിന്നിലാക്കാന്‍ കഴിയില്ല. നമ്മള്‍ സംസാരിക്കുന്നതെല്ലാം, നിലവിലുള്ളതായി നാം കരുതുന്ന എല്ലാം ബോധത്തെ അംഗീകരിക്കുന്നു.'' (Religion and Natural Science {Lecture Given 1937} Scientific Autobiography and Other Papers, Trans. F. Gaynor {New York, 1949}, pp. 184).
ഈ ശാസ്ത്രജ്ഞരെല്ലാം ദൈവാസ്തിക്യത്തിലേക്കുള്ള സൂചനകള്‍ കൃത്യമായി നല്‍കിയിട്ടുണ്ട്. പക്ഷേ നാസ്തികര്‍ ഈ വസ്തുത അംഗീകരിക്കാന്‍ തയാറാവുന്നില്ല.

യുക്തിവാദത്തിലെ അശാസ്ത്രീയത

യുക്തിവാദി, അജ്ഞേയവാദി, നിരീശ്വരവാദി, നിര്‍മതന്‍, മതേതരന്‍, സ്‌കെപ്റ്റിക്, കമ്യൂണിസ്റ്റ് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നവര്‍ക്കിടയില്‍ അടിസ്ഥാനപരമായ അന്തരമില്ല. ശാസ്ത്രത്തിന്റെ ലബോറട്ടറിയില്‍ ദൈവാസ്തിക്യം സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ വിശ്വസിക്കുമെന്നു പറയുന്നവര്‍, യഥാര്‍ഥത്തില്‍ അപ്പോഴും ദൈവത്തിലല്ല  ശാസ്ത്രത്തില്‍ തന്നെയാണ് വിശ്വസിക്കുന്നത്. മതവിഭാഗങ്ങളെ അന്ധവിശ്വാസികളെന്നു പരിഹസിക്കുന്നവര്‍ ഇവിടെ സ്വയം അന്ധവിശ്വാസികളായിത്തീരുകയാണ്. ശാസ്ത്രത്തില്‍ അഥവാ മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞന്മാരില്‍ അന്ധമായി വിശ്വസിക്കുന്നവരാണ് യുക്തിവാദികള്‍. ഒരു വിഭാഗം ഇവിടെ തെറ്റുപറ്റാനിടയുള്ള ശാസ്ത്രജ്ഞന്മാരുടെ വാക്കുകളിലും കണ്ടെത്തലുകളിലും അന്ധമായി വിശ്വസിക്കുന്നു.
മറുവിഭാഗം തെറ്റുപറ്റാന്‍ ഇടയില്ലാത്തവിധം പ്രവാചകന്മാര്‍ക്ക് അനുഭവപ്പെടുകയും ബോധ്യപ്പെടുകയും ചെയ്ത കാര്യങ്ങള്‍ അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നു. രണ്ടു വിഭാഗവും ഇവിടെ മനുഷ്യരുടെ വാക്കുകളില്‍ വിശ്വസിക്കുന്നവരാണ്. തെറ്റുപറ്റാനിടയില്ലാത്തതുകൊണ്ട് തന്നെ കൂടുതല്‍ യുക്തിഭദ്രം മതവിശ്വാസമാണ്. ദൈവാസ്തിക്യം അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടാല്‍ ദൈവവിശ്വാസികളാകുമെന്നു പറയുന്നവര്‍ മറന്നുപോവുകയോ മറച്ചുവെക്കുകയോ ചെയ്യുന്ന വസ്തുതകളാണ് മതത്തിന്റെയും ശാസ്ത്രത്തിന്റെയും കൈകാര്യ മേഖലകള്‍.
അതിന്ദ്രീയനും അരൂപിയുമായ ദൈവത്തെ കുറിച്ചാണ് മതം സംസാരിക്കുന്നത്. ശാസ്ത്രമാവട്ടെ ഇന്ദ്രിയങ്ങള്‍ക്ക് അധീനമായ വസ്തുക്കളെ കുറിച്ചും.  രണ്ടും വ്യത്യസ്ത മേഖലകളാണ്. സയന്‍സ് ലാബില്‍ ദൈവാസ്തിക്യം പരിശോധിക്കപ്പെടണമെങ്കില്‍ ദൈവം ഇന്ദ്രിയഗോചരമാവുകയോ ശാസ്ത്രം അതീന്ദ്രിയമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയോ വേണം. ഇതു രണ്ടും ഇല്ലാത്തിടത്തോളം കാലം ദൈവാസ്തിക്യം ശാസ്ത്രീയമായി നിസ്സംശയം തെളിയിക്കപ്പെട്ടാലേ വിശ്വസിക്കൂ എന്നു പറയുന്നത് മൗഢ്യമാണ്.
സയന്റിസത്തിന്റെ നവനാസ്തിക രൂപങ്ങള്‍ തന്നെ യുക്തിവാദം ശാസ്ത്രവിരുദ്ധമാണെന്നതിന്റെ  തെളിവാണ്. ഓരോ തരത്തിലുള്ള അറിവന്വേഷണങ്ങള്‍ക്കും അതിന്റേതായ മേഖലകളുണ്ട്. എന്നാല്‍ സര്‍വ മേഖലയിലും സയന്‍സിനെ ഉപയോഗിക്കാം എന്ന അതിരുകടന്ന വാദത്തിലെത്തുന്നതിനെയാണ് പൊതുവില്‍ ശാസ്ത്രമാത്രവാദം (SCIENTISM) എന്നു പറയുന്നത്.
Science modeled on the natural sciences is the only source of real knowledge
(ശരിയായ അറിവ് നേടാന്‍ യോഗ്യമായ ഒരേയൊരു മാര്‍ഗം ശാസ്ത്രം മാത്രമാണെന്ന നിലപാട്) എന്നാണ് ഭൗതിക ശാസ്ത്രകാരനായ ലാന്‍ ഹച്ചിന്‍സണ്‍ (Lan Hutchinson) സയന്റിസത്തെ നിര്‍വചിക്കുന്നത്.  ശാസ്ത്രത്തിന്റെ വിഷയത്തില്‍ കൂടുതല്‍ തീവ്രമായ അതിവാദങ്ങള്‍ ഉന്നയിക്കുന്ന ഈ പ്രവണത കേവല സൈദ്ധാന്തിക സാധ്യതയായല്ല പറയുന്നത്, മറിച്ച് പല ആധുനിക ബുദ്ധി ജീവികളില്‍ പോലും സയന്റിസത്തിന് ജീവിക്കുന്ന ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഈ അന്ധമായ ശാസ്ത്ര മമത തന്നെയാണ് സത്യത്തില്‍ നാസ്തികതയിലെ ശാസ്ത്രവിരുദ്ധത. സയന്‍സിന്റെ  നിര്‍വചനത്തില്‍നിന്നു തന്നെ കാര്യം ഗ്രഹിക്കാനാവും.

നാസ്തികതയുടെ 
വസ്തുതാവിരുദ്ധത

ഭൗതികലോകത്തെ പ്രതിഭാസങ്ങള്‍ വിശദീകരിക്കാനുള്ള ജ്ഞാനമാര്‍ഗമാണ് ശാസ്ത്രം. അതുകൊണ്ടുതന്നെ, ഭൗതികലോകത്തെ വേണ്ടവിധം മനസ്സിലാക്കാന്‍ ആവശ്യമായ ശാസ്ത്രീയ ചിന്താരീതി വികസിപ്പിച്ചെടുക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. എന്നാല്‍ ഭൗതികലോകത്തെ ജ്ഞാനമാര്‍ഗമുപയോഗിച്ച് മനസ്സിലാക്കാന്‍ കഴിയാത്തതാണ് ദൈവാസ്തിക്യവും അനുബന്ധ കാര്യങ്ങളും. ഭൗതികലോകത്തിനു പുറത്തുള്ള മറ്റൊരു ജ്ഞാനമണ്ഡലത്തിലാണ് അവ സ്ഥിതിചെയ്യുന്നത്. അവ മനസ്സിലാക്കാന്‍ ഉപയോഗിക്കേണ്ടത് അവയുടേതായ അതിഭൗതികമായ ചില ജ്ഞാനമാര്‍ഗങ്ങളാണ്. അതിനാല്‍ ശാസ്ത്രം എന്ന ജ്ഞാനമാര്‍ഗമുപയോഗിച്ച് എല്ലാ ജ്ഞാനമണ്ഡലങ്ങളും വിശദീകരിക്കാന്‍ കഴിയില്ല എന്നാണ് വിശ്വാസി മനസ്സിലാക്കേണ്ടത്. എന്നാല്‍, ഭൗതികലോകത്തെ മനസ്സിലാക്കാന്‍ അവന് ശാസ്ത്രീയ രീതി അവലംബിക്കുകയുമാവാം. ഇതാണ് മതവിശ്വാസവും ശാസ്ത്രീയ ചിന്തയും തമ്മിലുള്ള ബന്ധം. ഇത് മനസ്സിലാക്കാത്ത വിശ്വാസിയും യുക്തിവാദിയും ഒരുപോലെ അപകടകാരികളാണ്.
ശാസ്ത്രവും മതവും ഭിന്നമായ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന സ്റ്റീഫന്‍ ഗൗള്‍ഡിനെപ്പോലെയുള്ളവരും  എല്ലാ മതവിശ്വാസികളെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കരുതുന്ന മൈക്ക്ള്‍ ഷെര്‍മറെപ്പോലുള്ളവരും നിരീശ്വരവാദികളിലുണ്ട്. പൊതുവെയുള്ള ധാരണ മതം ശാസ്ത്രത്തിനെതിരും നാസ്തികത ശാസ്ത്രീയവുമാണ് എന്നതാണ്. പക്ഷേ വാസ്തവം അതല്ല. ഒരു കാര്യത്തിന്റെ പരമാവധി സാധ്യതകളെ എത്രത്തോളം സങ്കുചിതമാക്കാം എന്ന ചിന്തയാണ് യുക്തിവാദം. അജ്ഞാതമായതിന്റെ അസ്തിത്വം നിരന്തരം നിഷേധിക്കാനാണ് അവരുടെ ഉത്സാഹം. ഈ സമീപനം ശാസ്ത്രവിരുദ്ധമാണ്. കാരണം സൂചനകളില്‍നിന്നും സൂക്തങ്ങളില്‍നിന്നും അജ്ഞാതമായ കാര്യങ്ങളിലേക്കുള്ള പരീക്ഷണ സഞ്ചാരമാണ് ഭൗതികശാസ്ത്രം. അവര്‍ പുതിയ കാര്യത്തെ നിര്‍മിക്കുകയല്ല, നേരത്തേ തന്നെ ഉണ്ടായിരുന്നതിലേക്ക് എത്തിച്ചേരുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍  സമവാക്യങ്ങള്‍ ഉണ്ടാക്കുകയും പ്രയോഗവല്‍ക്കരിക്കുകയുമൊക്കെ ചെയ്ത് നിരന്തരം അജ്ഞാതമായതിനെ ജ്ഞാതമാക്കാന്‍ ശാസ്ത്രം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെ ശാസ്ത്രം, ദൈവം നേരത്തേ ഉണ്ടാക്കി വെച്ചതിലേക്ക് എത്തിച്ചേരുന്നു. 
ഉദാഹരണത്തിന് ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം ഉണ്ടാക്കുകയല്ല, കണ്ടെത്തുകയാണ് ചെയ്തത്. ഊര്‍ജസിദ്ധാന്തവും ആപേക്ഷിക സിദ്ധാന്തവുമെല്ലാം തഥൈവ. ഉണ്മ പ്രാക്തനമാണ്, പ്രാപ്തി നവ്യമാണ് എന്നാണ് അതിന്റെ തത്ത്വം. ശാസ്ത്രീയ സിദ്ധാന്തങ്ങളിലൂടെ നാസ്തികതയുടെ വ്യര്‍ഥത ബോധ്യമാവുന്നതാണ്.
മതവും ശാസ്ത്രവും ഭിന്നധ്രുവങ്ങളിലല്ല, രണ്ടും പരസ്പരപൂരകങ്ങളാണ്. ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലും മതത്തിന്റൈ ദണ്ഡുപയോഗിച്ച് അധികാരം വാണ പുരോഹിതന്മാര്‍ ശാസ്ത്രത്തിനു നേരെ പുറംതിരിഞ്ഞു നില്‍ക്കുകയും ശാസ്ത്രജ്ഞന്മാരെ പീഡിപ്പിക്കുകയും ചെയ്തതുകൊണ്ടാവാം ഇത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണ പരന്നത്. ഖുര്‍ആന്‍  ശാസ്ത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആന്‍ വിശദീകരിച്ച ശാസ്ത്രീയ കാര്യങ്ങള്‍ യഥാര്‍ഥ ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമാവില്ല. കാരണം, യഥാര്‍ഥ ശാസ്ത്രവും ഖുര്‍ആനും തമ്മില്‍ വൈരുധ്യമുണ്ടാവുക  അസംഭവ്യമാണ്. മതം അല്ലാഹു മനുഷ്യന് അവതരിപ്പിച്ചുകൊടുത്ത ജീവിതവ്യവസ്ഥയാണ്.
ശാസ്ത്രമാവട്ടെ അല്ലാഹുവിന്റെ സൃഷ്ടിയെക്കുറിച്ചുള്ള പഠനവുമാണ്. ധാര്‍മിക നിയമങ്ങളാണ് മതത്തിന്റൈ വിഷയം, ശാസ്ത്രത്തിന്റേത് പ്രകൃതിനിയമങ്ങളാണ്. രണ്ടും അല്ലാഹുവിന്റേതായിരിക്കെ അവ തമ്മില്‍ വൈരുധ്യമുണ്ടാവുകയില്ല. എന്നല്ല, ശാസ്ത്രവിജ്ഞാനം ഉപയോഗപ്പെടുത്തിക്കൊണ്ട് ആധ്യാത്മികതയുടെയും മതവിശ്വാസത്തിന്റെയും പ്രസക്തി സമര്‍ഥിക്കുന്ന രീതി മതസമൂഹങ്ങള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഖുര്‍ആനിക സൂക്തങ്ങളുടെ ബാഹ്യാര്‍ഥങ്ങള്‍ അവലംബിച്ച് സുസ്ഥാപിത ശാസ്ത്ര സത്യങ്ങളെ വരെ നിഷേധിക്കുന്ന  പ്രവണത ചില മുസ്ലിംകളില്‍ കാണുന്നുണ്ട്. ഇവര്‍ ഇമാം ഗസ്സാലി പറഞ്ഞതു പോലെ മതത്തിന്റെ വിഡ്ഢികളായ സുഹൃത്തുക്കളാണ് (സ്വദീഖുന്‍ ജാഹില്‍). ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ പാഠ(ടെക്സ്റ്റ്)ങ്ങളെ വായിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനുമായി പണ്ഡിതര്‍ വികസിപ്പിച്ചെടുത്ത രീതിശാസ്ത്രത്തെ കുറിച്ച അജ്ഞതയാണ് ഈ വിഭാഗത്തെ നയിക്കുന്നത്. ചരിത്രത്തിലേക്ക് നോക്കിയാല്‍ കേവലമായ ഏതെങ്കിലും ശാസ്ത്ര വിഷയത്തില്‍ മാത്രം അറിവ് നേടി ഒതുങ്ങുന്ന വിദ്യാഭ്യാസ രീതിയല്ല കാണാനാവുക. മറിച്ച്, സമഗ്രമായ ലോകബോധമുണ്ടാക്കാന്‍ അതിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അറിയപ്പെടുന്ന ചിന്തകരെല്ലാം കടുത്ത ദൈവവിശ്വാസികള്‍ കൂടിയായിരുന്നു. അരിസ്റ്റോട്ടിലും ദെക്കാര്‍ത്തെയും അല്‍ഗസാലിയും  ന്യൂട്ടണുമൊക്കെ ദൈവത്തെ അംഗീകരിച്ചത് അവര്‍ക്ക് ലോകത്തെ സംബന്ധിച്ച് സമഗ്രമായ ബോധം കൂടി ഉണ്ടായതുകൊണ്ടാണ്. ഫിലോസഫിയും ജ്ഞാനശാസ്ത്രവും പ്രകൃതിശാസ്ത്രവും ലോജിക്കും എത്തിക്സും തിയോളജിയും എല്ലാം അവര്‍ക്ക് ഒരുപോലെ പഠനവിഷയങ്ങളായിരുന്നു.
പദാര്‍ഥപരമായ സീമകള്‍ക്കെല്ലാം അപ്പുറം പദാര്‍ഥലോകത്തിന്റെ തന്നെ ഉല്‍പത്തിക്ക് കാരണഹേതുവായ അസ്തിത്വത്തെയാണ് ദൈവമെന്ന് വിളിക്കുന്നത്. പ്രപഞ്ചത്തില്‍ നാമനുഭവിക്കുന്ന സ്ഥലകാലദ്രവ്യമാനങ്ങളെല്ലാം പ്രപഞ്ചോല്‍പത്തിയോടെ മാത്രമുണ്ടായവയാണ്. അങ്ങനെയുള്ള പ്രപഞ്ചം മൊത്തമായെടുത്താല്‍ ഒരു മണ്‍തരിയുടെയത്ര പോലും സ്ഥാനമില്ലാത്തത്ര നിസ്സാരമായ ഭൂമിയില്‍ ജനിച്ചു ജീവിക്കുന്ന, തന്റെ ചുറ്റുപാടിനനുസരിച്ചുള്ള യുക്തിയും ഇന്ദ്രിയങ്ങളുമടങ്ങിയ ജീവിയാണ് മനുഷ്യന്‍. ഈ മനുഷ്യന്‍ അവന്റെ ചുറ്റുപാടിനെ പഠിക്കാനുപയോഗിക്കുന്ന ഉപാധി മാത്രമാണ് ശാസ്ത്രം. Science is the intellectual and practical activity encompassing the systematic study of the structure and behaviour of the physical and natural world through observation and experiment ഇതനുസരിച്ച് ഒരു വിഷയം ശാസ്ത്രത്തിന്റെ കീഴില്‍ വരണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ ബാധകമാണ്:
1) Experimental ആവണം.
2) Observable ആയിരിക്കണം.
3) Physical/Natural ആവണം.
ദൈവം ഭൗതികമായ ഇത്തരം പരികല്‍പനകള്‍ക്കെല്ലാം അതീതവും ഇങ്ങനെയൊരു ഭൗതിക ലോകത്തിന്റെ തന്നെ സ്രഷ്ടാവുമാണെന്നിരിക്കെ പദാര്‍ഥത്തെ വിലയിരുത്തുന്ന ഈ രീതിശാസ്ത്രം കൊണ്ട് അതിന്റെ സ്രഷ്ടാവിനെ നിരാകരിക്കാനിറങ്ങുന്നവര്‍ക്ക് വിവരമില്ലായ്മ ലേശമൊന്നുമല്ല ഉള്ളത്.  ഒരു വിഷയത്തെ മനസ്സിലാക്കാന്‍ അതിന് യോജിച്ച ജ്ഞാനമാര്‍ഗം തന്നെ ഉപയോഗിക്കണം എന്നതാണ് യുക്തി. കാഴ്ച കാണുന്നതിന് കണ്ണിനെത്തന്നെ ഉപയോഗിക്കണം; മറിച്ച് കാതു കൊണ്ട് കാഴ്ച കാണുന്നില്ലെന്നും അതുകൊണ്ട് കാഴ്ച തന്നെയില്ലെന്നും വാദിച്ചാല്‍ അത് എത്ര വലിയ മണ്ടത്തരമാണ്. അതിന് സമാനമാണ് ഇത്തരം നാസ്തിക ന്യായങ്ങളും.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 56-64
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിന്റെ സുഗന്ധം തടയപ്പെടുന്നവന്‍
ഡോ. കെ. മുഹമ്മദ്, പണ്ടിക്കാട്‌