Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 29

3224

1443 റബീഉല്‍ അവ്വല്‍ 22

വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് ഒരാമുഖം

ടി.കെ അബ്ദുല്ല

വിശുദ്ധ ഖുര്‍ആനെ സാമാന്യമായി പരിചയപ്പെടുത്തുന്ന ഒരു പ്രബന്ധം തയാറാക്കണമെന്ന ആഗ്രഹമുണ്ടായി. സ്വന്തം പരിമിതിയെ കുറിച്ച് ബോധമുള്ളതോടൊപ്പം, ഒട്ടേറെ ചിന്തിച്ച്, ഒടുവില്‍, പ്രാര്‍ഥനാ മനസ്സോടെ എഴുതാനിരുന്നപ്പോള്‍, ആശങ്കിച്ചതുപോലെ, എന്റെ ഉള്ളുലക്കുന്നതായിരുന്നു ആദ്യമേ മുന്നില്‍ വന്ന ഖുര്‍ആന്‍ വചനം:

لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ﴿٢١﴾

(ഈ ഖുര്‍ആന്‍ നാം ഇറക്കിയത് ഒരു പര്‍വതത്തിനു മേല്‍ ആണെങ്കില്‍ ആ പര്‍വതം അല്ലാഹുവോടുള്ള ഭക്തിപാരവശ്യത്താല്‍ പേടിച്ചുവിറച്ച് പൊട്ടിപ്പിളരുന്നത് നിനക്ക് കാണാം -അല്‍ഹശ്‌റ്: 21).
അപ്പോഴുമതാ, മറുവശത്ത് ഒരു സമാശ്വാസത്തിന്റെ സാന്ത്വനസ്പര്‍ശം! അല്ലാഹു ഖുര്‍ആന്‍ നാമടക്കമുള്ള എല്ലാ മനുഷ്യരുടെയും ബോധവല്‍ക്കരണത്തിനു വേണ്ടി എളുപ്പമാക്കിത്തന്നിരിക്കുന്നുവെന്ന് അവന്‍ തന്നെ അറിയിച്ചതാണല്ലോ:

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴿١٧﴾

(നിശ്ചയം നാം, ഖുര്‍ആനിനെ ഉദ്‌ബോധനത്തിനു വേണ്ടി എളുപ്പമാക്കിയിരിക്കുന്നു. ആരുണ്ട് ഉദ്ബുദ്ധരാകാന്‍!? - അല്‍ഖമര്‍: 17).
114 അധ്യായങ്ങളില്‍ ആറായിരത്തില്‍പരം (6236) വാക്യങ്ങളടങ്ങിയ ഖുര്‍ആന്‍ എന്ന ദിവ്യ മഹാഗ്രന്ഥം ലോകത്ത് ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു വായിക്കപ്പെടുന്ന രണ്ടേ രണ്ട് ഗ്രന്ഥങ്ങളില്‍ ഒന്നാണ്. ഹൃദിസ്ഥമാക്കപ്പെടുന്നതില്‍ പ്രഥമവും.
ഖുര്‍ആനിന്റെ ഏറ്റവും വലിയ സവിശേഷത അല്ലാഹുവില്‍നിന്നുള്ള ഗ്രന്ഥം എന്നതു തന്നെയാണ്. ഇതേ നിലപാടില്‍നിന്നുകൊണ്ടാണ് ഖുര്‍ആന്‍ സംശയാലുക്കളെ വെല്ലുവിളിക്കുന്നതും. ഏറ്റവും ചെറിയ ഒരധ്യായത്തിന് തുല്യ ബദല്‍ കൊണ്ടുവരാനുള്ള വെല്ലുവിളിക്ക് ഉത്തരം കണ്ടെത്താന്‍ നടത്തപ്പെട്ട വിഫല ശ്രമങ്ങളുടെ കഥകള്‍ പലതും ചരിത്രത്തിലുണ്ട്. ഒരുദാഹരണം മാത്രം:
കവിസാമ്രാട്ടുകളുടെ മാസ്റ്റര്‍ പീസായ കവിതകള്‍ വായനക്കും വിലയിരുത്തലിനുമായി കഅ്ബാ ഭിത്തിയില്‍ തൂക്കിയിടുന്ന പതിവുണ്ടായിരുന്നു അറബ് സാഹിത്യലോകത്ത്; 'സബ്ഉല്‍ മുഅല്ലഖാത്ത്' പോ
ലെ. ഇതേ രീതിയില്‍ വിശുദ്ധ ഖുര്‍ആനിലെ മൂന്നേ മൂന്ന് വാക്യങ്ങളടങ്ങിയ ഏറ്റവും ചെറിയ അധ്യായവും എഴുതിത്തൂക്കി:

إِنَّا أَعْطَيْنَاكَ الْكَوْثَرَ ﴿١﴾ فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾ إِنَّ شَانِئَكَ هُوَ الْأَبْتَرُ ﴿٣﴾
നീണ്ട വായനക്കും വിലയിരുത്തലിനും ഒടുവില്‍ ഒരു ആസ്വാദകന്റെ അടിക്കുറിപ്പ് അതേ പ്രാസത്തില്‍ ഇങ്ങനെ:مَا هَذَا مِنْ قَوْلِ البَشر  (ഇത് മനുഷ്യവചനമേയല്ല!)


ലബീദിന്റെ മാനസാന്തരം, ഉമറിന്റെയും


അറബി സപ്ത കവിസാമ്രാട്ടുകളില്‍പെട്ട ലബീദുബ്‌നു റബീഇന്റെ ഇസ്‌ലാം സ്വീകരണം അറബ് ലോകത്തെ ആകമാനം ഞെട്ടിച്ച മറ്റൊരു മഹാ വൃത്താന്തമാണ്. സൂഖ് ഉക്കാദിലെ കവിയരങ്ങില്‍ ലബീദിന്റെ ഒരു കവിതക്കു മുമ്പില്‍ കവിസാമ്രാട്ടുകള്‍ സാഷ്ടാംഗം നമിച്ച സംഭവം അറബ് സാഹിത്യലോകത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇസ്‌ലാമാശ്ലേഷത്തിനു ശേഷം പുതു കവിതാനിര്‍ഝരിയുടെ നിര്‍ഗമനം കാത്ത് കാത്ത് അക്ഷമരായ ആസ്വാദകവൃന്ദത്തോട് ലബീദിന്റെ പ്രതികരണം  أبعد القرآن؟എന്നായിരുന്നു; 'ഖുര്‍ആന്‍ കണ്ടെത്തിയ ശേഷം എന്തു കവിത?'
ഉമറുല്‍ ഫാറൂഖിന്റെ മാനസാന്തരമാണ് അത്യന്തം ഉദ്വേഗജനകമായ മറ്റൊരു കഥ. ഊരിപ്പിടിച്ച വാളുമായി ആജാനുബാഹുവായ ഉമര്‍ നടന്നുനീങ്ങുന്നത് നബിതിരുമേനി
യുടെ സന്നിധാനത്തിലേക്ക്. മുഹമ്മദിന്റെ തലയെടുത്തേ അടങ്ങൂ, എന്നിട്ടേ മടങ്ങൂ എന്ന് നിശ്ചയിച്ചുറപ്പിച്ചായിരുന്നു ആ നടത്തം. വഴിമധ്യേ കണ്ടുമുട്ടിയ സുഹൃത്ത് നഈം ഉമറിന്റെ സഹോദരി  ഫാത്വിമ ഇസ്‌ലാം സ്വീകരിച്ച സംഭവം സൂചിപ്പിച്ച് ഉമറിനെ അങ്ങോട്ട് വഴിതിരിച്ചുവിട്ടു (നഈമും തന്റെ ഇസ്‌ലാം സ്വീകരണം മറച്ചുവെക്കുകയായിരുന്നു).
പിന്നെ ഉമര്‍ നേരെ വെച്ചുപിടിച്ചത് സഹോദരി ഫാത്വിമയുടെ വീട്ടിലേക്ക്. ഫാത്വിമയെ അല്‍പം നോവേല്‍പ്പിച്ചതില്‍ ഖേദിച്ച ഉമര്‍ സഹോദരിയുടെ വാക്കനുസരിച്ച് ദേഹശുദ്ധി വരുത്തി അവരില്‍നിന്ന് ഖുര്‍ആന്‍ ആദരപൂര്‍വം ഏറ്റുവാങ്ങി. ദിവ്യവചനത്തിന്റെ മാസ്മരികതയില്‍ വീണുപോയ ഉമര്‍ ആളാകെ മാറിക്കഴിഞ്ഞിരുന്നു. ഇത് മറ്റൊരു ഉമര്‍! 
അതേ വാളുമായി തിരുസന്നിധിയില്‍ എത്തിയ ഉമറിനെ സഖാക്കള്‍ പ്രതിരോധിക്കാന്‍ ഒരുങ്ങിയപ്പോള്‍ തിരുനബി തടഞ്ഞു. ഉമറിലെ മാനസാന്തരം നബി (സ) തിരിച്ചറിഞ്ഞിരുന്നു. 
ഖലീഫ ഉമറിന്റെ സല്‍ഭരണം മാനവരാശിക്കു തന്നെ മഹത്തായ മാതൃകയും ലോക ഭരണകൂടങ്ങള്‍ക്ക് വഴികാട്ടിയുമാണ്. വെറുതെയല്ല, ഗാന്ധിജി തന്റെ സ്വപ്
നത്തിലുള്ള രാമരാജ്യത്തിന് ഖലീഫാ ഉമറിനെയാണ് മാതൃകയായി കണ്ടത്.

ഖുര്‍ആന്‍ സാധിച്ച സാമൂഹിക വിപ്ലവം


വ്യക്തിഗത മാറ്റങ്ങളിലോ അറേബ്യന്‍ ഉപദ്വീപി
ലോ ഒതുങ്ങുന്നതല്ല, ഖുര്‍ആന്‍ സാക്ഷാല്‍ക്കരിച്ച സമഗ്ര സാമൂഹിക വിപ്ലവം. വിശാലമായ മധ്യപൗരസ്ത്യ ദേശങ്ങളുടെ ഭാഷയും സംസ്‌കൃതിയും അടിമുടി പരിവര്‍ത്തിപ്പിക്കാന്‍ അത് പ്രചോദനമായി. ഒരു പുതിയ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-നാഗരിക സംവിധാനത്തിന് ഖുര്‍ആന്‍ അടിത്തറ പാകി. കൊര്‍ദോവ പള്ളിയും അല്‍ഹംറാ കൊട്ടരവും മുതല്‍ താജ്മഹല്‍ സ്തംഭങ്ങളിലെ അക്ഷരങ്ങളില്‍ വരെ ആ നാഗരികതയുടെ ചരിത്ര സാക്ഷ്യങ്ങള്‍ ഉല്ലേഖിതമാണ്. 
അസ്വസ്ഥമായ മനുഷ്യമനസ്സ് ഇന്നും ഖുര്‍ആന്റെ കാരുണ്യത്തണലില്‍ ശാന്തിയും ശക്തിയും കണ്ടെത്തുന്നു. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മുസ്‌ലിം ജനത അവരുടെ കുതിപ്പിലും കിതപ്പിലും ഊര്‍ജം തേടുന്നതും ഖുര്‍ആനിലും പ്രവാചകനിലും തന്നെ. ഇസ്‌ലാമിക സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിലും മുസ്‌ലിം ജനതയുടെ ഊര്‍ജസ്വലതയിലും ഖുര്‍ആനും പ്രവാചകനും തന്നെ അവര്‍ക്ക് ഉത്തേജനം. കെട്ട, ചീഞ്ഞളിഞ്ഞ ലോക വ്യവസ്ഥയെ തൂത്തെറിഞ്ഞ്, പ്രസാദാത്മകമായ ഒരു പുതു യുഗപ്പിറവിയുടെ ശുഭാശംസകള്‍ ദിവ്യഗ്രന്ഥത്തിന്റെ വരികളി
ലും വരികള്‍ക്കിടയിലും അവര്‍ വായിച്ചെടുക്കുന്നു.
തീവ്ര വലതുപക്ഷങ്ങളുടെ ഹാലിളക്കവും ഇസ്‌ലാമോഫോബിയയുടെ കോലാഹലവും ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പ്രതിവായനകളായി കണ്ടാല്‍ മതി. പ്രതികൂല സ്വരങ്ങളെയെല്ലാം പുറംതള്ളിക്കൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് ഇന്നും ഇസ്‌ലാമിന്റെ 'ഈന്തപ്പനത്തണലില്‍' ആശ്വാസം തേടിയെത്തുന്നത്.
ഇതിനെല്ലാം ഉപരിയാണ് മനുഷ്യന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടിയും, അടിച്ചമര്‍ത്തപ്പെട്ട പതിത ജനങ്ങള്‍ക്കു വേണ്ടിയും ഖുര്‍ആന്‍ നയിക്കുന്ന വിമോചന പോരാട്ടങ്ങള്‍. 
''എന്തുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലും ദുര്‍ബലരാക്കപ്പെട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും പോരാടുന്നില്ല'' (അന്നിസാഅ്: 75).
''ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമേല്‍ അനുഗ്രഹവര്‍ഷം ചൊരിയാനും, അവരെ അധികാരികളും അവകാശികളുമാക്കി മാറ്റാനും നാം നിശ്ചയിച്ചിരിക്കുന്നു'' (അല്‍ഖസ്വസ്വ്: 5).
 ''അവരുടെ മുതുക് ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാണ്ഡക്കെട്ടുകള്‍ പ്രവാചകന്‍ ഇറക്കിവെക്കുകയും പാരതന്ത്ര്യത്തിന്റെ ഊരാക്കുടുക്കുകളില്‍നിന്ന് അവരെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു'' (അല്‍ അഅ്‌റാഫ്: 157).

ആത്മീയ മുഖം
ഇതിലേറെ അഴകും മിഴിവും ഉള്ളതാണ് ഖുര്‍ആന്റെ ആത്മീയമുഖം. ശരീരം മാത്രമല്ല ആത്മാവും കൂടിയതാണല്ലോ മനുഷ്യന്‍. ആത്മീയ ദാഹശമനം കൊണ്ട് മാത്രമേ ഹൃദയാന്തരങ്ങള്‍ ശാന്തമാകൂ! 

أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوب

ആത്മീയത കൈമോശം വന്ന ആധുനിക ലോകത്തില്‍ വിഹ്വലതകളും വ്യാകുലതകളും സര്‍വത്ര ചര്‍ച്ചാവിഷയമാണിന്ന്. 

ഇസ്‌ലാം വന്ന വഴി, ഖുര്‍ആനും


അല്ലാഹു മനുഷ്യനെ ഭൂമിയില്‍ അവന്റെ പ്രതിനിധിയായി നിയോഗിച്ച വൃത്താന്തം വിശുദ്ധ ഖുര്‍ആന്‍ പ്രാധാന്യപൂര്‍വം അടിവരയിടുന്നുണ്ട്. (അല്‍ബഖറ: 30). ആദിപിതാക്കളായ ആദം-ഹവ്വ ദമ്പതിമാരെ ഭൂമിയിലേക്ക് അയച്ചപ്പോള്‍ അവരുടെ കൈയില്‍ 'ഹുദ' എന്ന ഒരു ദീപശിഖയും കൊടുത്തുവിട്ടിരുന്നു. ഈ വഴിവിളക്ക് ഇസ്‌ലാം എന്ന വെളിച്ചമാണെന്ന് ഖുര്‍ആന്‍തന്നെ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട് (അസ്സ്വഫ്ഫ്: 8-9). അല്ലാഹു അവന്റെ ദീന്‍ ഓരോ മനുഷ്യന്നും നേരില്‍ എത്തിച്ചുകൊടുക്കുന്ന രീതി സ്വീകരിച്ചിട്ടില്ല. മനുഷ്യരില്‍നിന്ന് സവിശേഷം തെരഞ്ഞെടുത്ത അമ്പിയാ-മുര്‍സലുകള്‍ (പ്രവാചകന്മാര്‍) മുഖേനയാണ് അവന്‍ മനുഷ്യനോട് സംവദിക്കുന്നത് (അശ്ശൂറാ: 51). ഇവ്വിധമുള്ള പ്രവാചകന്മാര്‍ എല്ലാ ജനപദങ്ങളിലും നിയോഗിതരായിട്ടുണ്ട് (അന്നഹ്ല്‍: 36, അല്‍ഫാത്വിര്‍: 24).
മാനവരാശിയുടെ നീണ്ട നൂറ്റാണ്ടുകളിലൂടെയുള്ള പ്രയാണപഥങ്ങളില്‍ ആയിരക്കണക്കായ പ്രവാചകന്മാര്‍ നിയോഗിതരായെങ്കിലും ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേര് മാത്രമേ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുള്ളൂ (അല്‍അന്‍ആം: 83-86, അല്‍അഅ്‌റാഫ്: 65-73, 85. മര്‍യം: 58, അല്‍അമ്പിയാഅ്: 83,85. അല്‍ഫത്ഹ്: 29). പ്രവാചക കുലത്തിലെ കുലപതികളായി അഞ്ചു പേരെ ഖുര്‍ആന്‍ സവിശേഷം എടുത്തു പറയുന്നുണ്ട് (അല്‍അഹ്‌സാബ്: 7, അശ്ശൂറ: 13). നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ് എന്നിവരാണവര്‍ (അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും അവരുടെ മേല്‍ സദാ വര്‍ഷിക്കുമാറാകട്ടെ). പ്രവാചകത്വ പരിസമാപ്തി തിരുനബിയിലെന്ന പോലെ ശ്രദ്ധേയമായ ഒരു വസ്തുത, ദിവ്യഗ്രന്ഥങ്ങളുടെ പരിപൂര്‍ണതയും പരിസമാപ്തിയും ഖുര്‍ആനിലാണ് എന്നുള്ളതുമാണ്. പൂര്‍വ വേദങ്ങളുടെ മേല്‍ ആധികാരിക ഗ്രന്ഥം എന്ന നിലയില്‍ 'മുഹൈമിന്‍' എന്ന് വിശേഷിപ്പിച്ചതും ഈ അര്‍ഥത്തില്‍തന്നെ (അല്‍മാഇദ: 48).
ഓരോ പ്രവാചകനും സ്വന്തം ജനതയോട് എന്തൊരു സ്‌നേഹ-സാഹോദര്യഭാവത്തിലാണ് ഇടപെട്ടുകൊണ്ടിരുന്നത് എന്നതിന്റെ നീണ്ട ചരിത്രം ഖുര്‍ആനിന്റെ താളുകളില്‍ നിറഞ്ഞുനില്‍പ്പുണ്ട്. സ്വജനതയെ, 'എന്റെ ജനമേ!' എന്ന് സംബോധന ചെയ്യുന്ന ഓരോ പ്രവാചകനെയും 'അവരുടെ സഹോദരന്‍' എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. നൂഹ് നബിയുടെ മാത്രം ഉദാഹരണം മതി, സ്വജനതയുടെ നന്മക്കു വേണ്ടി അവര്‍ അര്‍പ്പിച്ച ത്യാഗവും സഹനവും മനസ്സിലാക്കാന്‍. നീണ്ട 950 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവം നൂഹ് നബി അല്ലാഹുവിനു മുമ്പില്‍ സംഗ്രഹിച്ച് പറയുന്നതിലെ വികാരവും വേദനയും വിവരണാതീതമാണ്. ഈ ത്യാഗനിര്‍ഭരമായ നീണ്ട കഥയുടെ പരിഛേദമാണ് സൂറ നൂഹ്. ആ നീണ്ട ദിവ്യവചനം ഇവിടെ പകര്‍ത്താന്‍ പരിമിതിയുണ്ട്. അനുവാചകര്‍ ഖുര്‍ആന്‍ വിവര്‍ത്തന ഗ്രന്ഥങ്ങളിലൂടെ അവ പഠിക്കുന്നത് അത്യന്തം ഫലപ്രദവും പ്രയോജനകരവുമാണ്. പ്രകാരന്തരേണ, ഇതേ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടുള്ളവരാണ് മറ്റെല്ലാ പ്രവാചകന്മാരും. ഖുര്‍ആന്‍ അത് സംഗ്രഹിച്ചിരിക്കുന്നത് ഇങ്ങനെ: 

أَفَكُلَّمَا جَاءَكُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُكُمُ اسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ
(നിങ്ങളുടെ ഇഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം, നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ!?  അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറയുകയും, മറ്റൊരു കൂട്ടരെ കൊല്ലുകയുമല്ലേ നിങ്ങള്‍ ചെയ്തത്? -അല്‍ബഖറ: 87).

ജനപക്ഷ വായന


പ്രവാചകന്മാരെ ധിക്കരിക്കുകയും അവരില്‍ പലരെയും വധിച്ചുകളയുകയും ചെയ്ത ദുരന്ത കഥയാണ് ഉപരിസൂചിത സൂക്തത്തിന്റെ ഉള്ളടക്കം. നന്ദികെട്ട ജനത്തിന്റെ ധിക്കാര നടപടികളെ ഭര്‍ത്സിക്കുമ്പോഴും കരുണാമയനായ സൃഷ്ടികര്‍ത്താവ് അവരോടുള്ള ദയാവായ്പിന്റെ ഒരു കരുതല്‍ നിലനിര്‍ത്തുന്നതായി സൂക്ഷ്മദൃക്കുകള്‍ക്ക് വായിച്ചെടുക്കാം. തലമുറകളായി തുടരുന്ന പൈതൃകങ്ങളും പാരമ്പര്യങ്ങളും ഒറ്റയടിക്ക് അറുത്തുമാറ്റാനുള്ള ജനത്തിന്റെ വിമ്മിഷ്ടവും വൈമുഖ്യവും മനസ്സിലാക്കാവുന്നതേയുള്ളൂ. സ്വാര്‍ഥ ലാഭങ്ങളിലും സുഖലോലുപതയിലും കെട്ടുപി
ണഞ്ഞ ജീവിത ശൈലിയില്‍ മാറ്റം ആവശ്യപ്പെടുന്ന ഏതു വിപ്ലവ പ്രസ്ഥാനത്തെയും തുടക്കത്തില്‍ ധിക്കരിച്ച കഥകളാണ് നവോത്ഥാന ചരിത്രത്തിന് പറയാനുള്ളത്. പാരമ്പര്യ ജനമനസ്സില്‍ സത്യത്തിന്റെ പുതുവെളിച്ചം കടന്നുചെല്ലാനുള്ള പരിമിതിയും വസ്തുതയാണ്. ഇവ്വി
ധം ഒരനുഭവം വിശുദ്ധ ഖുര്‍ആന്‍ അടിവരയിടുന്നത് ശ്രദ്ധേയമാണ്. മൂസാ നബിയില്‍ അദ്ദേഹത്തിന്റെ ജനം (ബനൂ ഇസ്രാഈല്‍) വിശ്വാസം പ്രകടിപ്പിച്ച് മുന്നോട്ടുവരാന്‍ ധൈര്യപ്പെട്ടില്ല; ഏതാനും യുവാക്കളല്ലാതെ.  ഫിര്‍ഔന്‍ അവരെ ഫിത്‌നയില്‍ പെടുത്തിക്കളയും എന്ന ഭീതിയായിരുന്നു അവര്‍ക്ക്. ഈ ഫിത്‌നയില്‍ പെടുത്തലിന്റെ വിശദാംശങ്ങള്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നില്ലെങ്കിലും അത് മനസ്സിലാക്കാവുന്നതേയുള്ളൂ (യൂനുസ്: 83).
'താങ്കള്‍ പറയുന്ന പലതും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെ'ന്ന ശുഐബ് നബിയുടെ ജനത്തിന്റെ ന്യായീകരണം-  قَالُوا يَا شُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ   അവരുടെ മാത്രം പ്രത്യേകതയല്ല (ഹൂദ്: 91).

മുഅ്ജിസാത്ത്


ഒരു ജനത്തിന്റെ ഈ പരിമിതിയും ദൗര്‍ബല്യവും പരിഗണിച്ചാവണം അല്ലാഹു 'മുഅ്ജിസത്ത്' എന്ന അമാനുഷിക ദൃഷ്ടാന്തം പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തിപ്പോന്നത്. നഗ്നദൃഷ്ടികൊണ്ട് കാണാവുന്ന അത്ഭുത കാഴ്ചകളും അപൂര്‍വ സിദ്ധികളുമാണ് മുഅ്ജിസാത്ത്. ഇത്തരം മുഅ്ജിസത്തുകളുടെ നീണ്ട വിവരണം ഖുര്‍ആനില്‍ ധാരാളം വായിച്ചെടുക്കാം. നൂഹ് നബിയുടെ കപ്പല്‍, ഇബ്‌റാഹീം നബിക്ക് അഗ്നി തണുപ്പായത്, മൂസാ നബിയുടെ വടി, ഈസാ നബിയുടെ ജന്മം എന്നിവ പോലെ.
ഈ അത്ഭുതാഭിമുഖ്യ പ്രകൃതവും അമാനുഷികത്വ കൗതുകവും അന്ധവിശ്വാസജഡിലമായ ജനമനസ്സില്‍ അന്ത്യപ്രവാചകരുടെ കാലത്തും തുടര്‍ന്നുപോന്നതില്‍ അസ്വാഭാവികതയില്ല. ഇതിന്റെ ചേതോഹരമായ ചിത്രം അല്‍പം നര്‍മോക്തിയില്‍ ഖുര്‍ആന്‍ വരച്ചുകാട്ടുന്നത് ഇങ്ങനെ: ''അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്ക് ഈ മരുഭൂമിയില്‍ ഒരു നീരുറവ ഒഴുക്കിത്തരും വരെ ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയില്ല. അല്ലെങ്കില്‍ താങ്കള്‍ക്ക് ഇവിടെ, ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടം ഉണ്ടാവുകയും അവക്കിടയിലൂടെ താങ്കള്‍ അരുവികള്‍ ഒഴുക്കിക്കൊണ്ടിരിക്കുകയും വേണം. അല്ലെങ്കില്‍ താങ്കള്‍ അന്ത്യനാളിനെപ്പറ്റി വീരവാദം മുഴക്കും പോലെ ആകാശത്തെ തുണ്ടംതുണ്ടമാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുക. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടമായി ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവരിക. അതുമല്ലെങ്കില്‍ താങ്കള്‍ക്ക് ഒരു സ്വര്‍ണക്കൊട്ടാരം ഉണ്ടാകട്ടെ. അല്ലെങ്കില്‍ താങ്കള്‍ ആകാശത്തേക്ക് കയറിപ്പോവുക. കയറിപ്പോയതുകൊണ്ടു മാത്രം ഞങ്ങള്‍ വിശ്വസിക്കുകയില്ല. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം കൂടെ കൊണ്ടുവരുന്നതുവരെ. അല്ലാഹുവിന്റെ കല്‍പന: പറയുക, സുബ്ഹാനല്ലഹ്! ഞാന്‍ പ്രവാചകനെങ്കിലും ഒരു മനുഷ്യനല്ലേ!?'' (അല്‍ഇസ്‌റാഅ്: 90-93).

വിജ്ഞാനവിസ്‌ഫോടനത്തിന്റെ പടിവാതില്‍ക്കല്‍


ഇങ്ങനെ ജനമനസ്സിന്റെ അതിശയ കൗതുകത്തെ നിശിതമായി നിരോധിക്കുമ്പോഴും ജനത്തോടുള്ള സ്‌നേഹാനുകമ്പയുടെയും കാരുണ്യാതിരേകത്തിന്റെയും പ്രതിഫലനമായി മറ്റൊരു അമാനുഷികത കൊണ്ട് അല്ലാഹു അവരെ തഴുകി തലോടുകയാണ്. അതാണ് ഖുര്‍ആന്‍ എന്ന 'മുഅ്ജിസത്ത്.'
മുകളിലുദ്ധരിച്ച സൂക്തങ്ങളുടെ തൊട്ടു മുമ്പു തന്നെ അത് വായിക്കാം: ''പറയുക, ഇതിനു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ ജിന്നും ഇന്‍സും ഒത്തുചേര്‍ന്ന് കൈകോര്‍ത്തു പിടിച്ചാലും ഇതുപോലൊന്ന് കൊണ്ടുവരാന്‍, അവര്‍ക്ക് സാധ്യമേയല്ല'' (അല്‍ഇസ്‌റാഅ്: 88).
ഈ അമാനുഷികതക്കാകട്ടെ അതിന്റെതായ വ്യത്യസ്തതയും വ്യതിരിക്തതയും ഉണ്ട്. അത് അഭിസംബോധന ചെയ്യുന്നത് കണ്ണിനെയും കാഴ്ചയെയും അല്ല; മനുഷ്യന്റെ ബുദ്ധിയെയും ബോധത്തെയുമാണ്. അവന്റെ പ്രതിഭയെയും പ്രബുദ്ധതയെയുമാണ്. സര്‍വോപരി മനുഷ്യനില്‍  നിലീനമായ ധര്‍മബോധത്തെ അത് ഗാഢമായി ആശ്ലേഷിക്കുന്നു. 
മറ്റൊരു വിധം പറഞ്ഞാല്‍, മാനവരാശി വിജ്ഞാനവിസ്‌ഫോടനത്തിന്റെ പുതുയുഗപ്പുലരിയിലേക്ക് കാലെടുത്തുവെക്കുന്ന ചരിത്രസന്ധിയിലാണ് ഖുര്‍ആന്‍ അവരെ എതിരേല്‍ക്കുന്നത്. ഖുര്‍ആന്‍ എന്ന പേരില്‍നിന്നുതന്നെ തുടങ്ങാം. വായന എന്ന അര്‍ഥമുള്ള ഈ പദപ്രയോഗം ഇതേ അക്ഷരത്തില്‍ തന്നെ ഖുര്‍ആനില്‍തന്നെ വന്നിട്ടുള്ളതാണ്:

لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ ﴿١٦﴾ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ ﴿١٧﴾
ഹിറാ ഗുഹയില്‍ അല്ലാഹു ഇറക്കിയ ആദ്യ വചനങ്ങള്‍ ശ്രദ്ധിക്കുക; ഈ അഞ്ചേ അഞ്ചു വാക്യങ്ങളില്‍ 'വായന' രണ്ടു വട്ടവും 'തൂലിക' ഒരു വട്ടവും 'ജ്ഞാന-വിജ്ഞാനീയം' രണ്ടു വട്ടവും വന്നത് അര്‍ഥവത്താണ്. മറ്റു മക്കീ സൂക്തങ്ങളും ഇതിന് പിന്‍ബലം നല്‍കുന്നതായി കാണാം: ''മഷിയും പേനയും സാക്ഷി. അവര്‍ എഴുതിവെക്കുന്നതും'' (അല്‍ഖലം: 1), ''അവന്‍, കാരുണ്യവാന്‍. ഖുര്‍ആന്‍ പഠിപ്പിച്ചു. മനുഷ്യനെ സൃഷ്ടിച്ചു. ആവിഷ്‌കാരം അഭ്യസിപ്പിച്ചു'' (അര്‍റഹ്മാന്‍: 1-3).

ഖുര്‍ആനിലെ മനുഷ്യന്‍


ഖുര്‍ആന്‍ രണ്ടാം അധ്യായം 30-33 സൂക്തത്തില്‍ അല്ലാഹു അരുളുന്നു: ''ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധി(ഖലീഫ)യെ നിശ്ചയിക്കാന്‍ പോകുന്നുവെന്ന് നിന്റെ നാഥന്‍ മലക്കുകളെ അറിയിച്ച സന്ദര്‍ഭം. അവര്‍ അന്വേഷിച്ചു: 'ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയോ നീ അവിടെ നിശ്ചയിക്കാന്‍ പോകുന്നത്!? ഞങ്ങളോ നിന്റെ മഹത്വം വാഴ്ത്തുകയും നിന്റെ വിശുദ്ധിയെ പുകഴ്ത്തുകയും ചെയ്യുന്നുവല്ലോ!', അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ അറിയാത്തതെല്ലാം ഞാന്‍ അറിയുന്നു.', അല്ലാഹു ആദമിന് എല്ലാ നാമങ്ങളും പഠിപ്പിച്ചു. എന്നിട്ട് അവരെയെല്ലാം മലക്കുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു: 'നിങ്ങള്‍ ധരിച്ചത് ശരിയാണെങ്കില്‍, ഇവരുടെ പേരുകളെല്ലാം എന്നെ അറിയിക്കുവിന്‍!' മലക്കുകള്‍ പറഞ്ഞു: 'സുബ്ഹാനല്ലാഹ്! നീ പഠിപ്പിച്ചുതന്നതല്ലാത്ത  യാതൊന്നും ഞങ്ങള്‍ക്കറിയില്ല. നിശ്ചയം നീയല്ലോ, സര്‍വജ്ഞനും യുക്തിമാനും.' ആദമേ! അവരുടെ പേരുകള്‍ ഇവരെ അറിയിക്കുക എന്ന് അല്ലാഹു കല്‍പിച്ചു. അങ്ങനെ അവരുടെ പേരുകള്‍ ആദം മലക്കുകളെ അറിയിച്ചപ്പോള്‍ അല്ലാഹു മലക്കുകളോട് ചോദിച്ചു: ആകാശ ഭൂമികളിലെ അദൃശ്യം ഞാനാണ് അറിയുക എന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നില്ലേ? നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെച്ചതും ഞാന്‍ അറിയുമെന്നും.''
അല്ലാഹു മനുഷ്യനെ ഭൂമിയില്‍ അവരുടെ പ്രതിനിധിയായി നിയോഗിച്ച നിര്‍ണായക നടപടിയുടെ പ്രഖ്യാപനമാണ് ഈ സൂക്തങ്ങളിലെ പ്രതിപാദ്യം. ഇവിടെ ആദിപിതാവ് ആദം ഒരു വ്യക്തിയല്ല, മാനവതയുടെ പ്രതീകവും പ്രതിനിധാനവുമാണ്. പേരുകള്‍ പഠിപ്പിച്ചു എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, പേരുകളുടെ ഒരു നീണ്ട പട്ടിക ആദമിനെ ഏല്‍പിച്ചു എന്നല്ല; സമസ്ത വസ്തുക്കളുടെയും വസ്തുതകളുടെയും യാഥാര്‍ഥ്യം കണ്ടെത്താനുള്ള അറിവുകൊണ്ട് അവനെ അനുഗ്രഹിച്ചു എന്നാണ്, പഠനഗവേഷണങ്ങളിലൂടെ അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കാനുള്ള ബുദ്ധിയും പ്രതിഭയും ജ്ഞാനോ
ല്‍പാദന ശേഷിയും അവന് നല്‍കിയെന്നാണ്. 'അല്ലമ' (عَلَّمَ) എന്ന പ്രയോഗം അത് സമര്‍ഥിക്കുന്നു. മനുഷ്യന്‍ അല്ലാത്ത ഒരു സൃഷ്ടിക്കും -ജിന്നോ മലക്കോ ആകട്ടെ- പ്രത്യുല്‍പന്നമതിത്വമെന്ന കഴിവ് അല്ലാഹു നല്‍കിയിട്ടില്ല. മനുഷ്യനിലെ കുറ്റവാസനയും അക്രമാസക്തിയും മലക്കുകള്‍ ചൂണ്ടിക്കാണിച്ചത് ശരിയായിരിക്കെ, അതവഗണിച്ചും പ്രാതിനിധ്യപദവിയില്‍ അവനെ അവരോ
ധിച്ചത്, ഭൂലോകഭരണവും അവിടത്തെ കാര്യനിര്‍വഹണവും അവന്നേ സാധ്യമാകൂ എന്നതുകൊണ്ടാണ്. മനുഷ്യനന്മയുടെ മഹത്തായ മറുവശവും ഖിലാഫത്ത്‌ലബ്ധിയില്‍ പരിഗണനീയം തന്നെ. അധര്‍മം മാത്രമല്ല, ധര്‍മവും മൂല്യബോധവും മാനുഷികതയുടെ അനിഷേധ്യ ഭാഗമാണെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു (അശ്ശംസ്: 7-8).
ആകാശലോകങ്ങളെയും സൂര്യ-ചന്ദ്ര-നക്ഷത്രാദികളെയും മനുഷ്യന് വിധേയപ്പെടുത്തിയെന്നും ഖുര്‍ആന്‍ സമര്‍ഥിക്കുന്നുണ്ട്. ഭൂമിയിലെന്ന പോലെ ഉപരിലോകങ്ങളിലും പഠന-പര്യവേക്ഷണം നടത്തി നവംനവങ്ങളായ കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്താനുള്ള പ്രചോദനമായും നമുക്കത് വായിച്ചെടുക്കാവുന്നതാണ്. ഈ ആശയത്തെ മറ്റൊരു ഖുര്‍ആന്‍ വചനം ബലപ്പെടുത്തുന്നുണ്ട്: ''നമ്മുടെ ആയത്തുകള്‍ -അടയാളങ്ങളും ദൃഷ്ടാന്തങ്ങളും- നാം അവര്‍ക്ക് കാണിച്ചു കൊടുത്തുകൊണ്ടേയിരിക്കും. ചക്രവാളപ്പരപ്പുകളിലും അവരുടെ ശരീരാത്മാക്കളിലും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടാന്‍ വേണ്ടി'' (ഫുസ്സ്വിലത്ത്: 53).
ഇവിടെ 'ആയാത്ത്' എന്ന പ്രയോഗം ശ്രദ്ധേയമാണ്. 'അടയാളം' എന്നാണ് 'ആയത്തി'ന്റെ നേര്‍ അര്‍ഥം. ഖുര്‍ആനിലെ 'ആയത്തു'കള്‍ എന്നപോലെ പ്രപഞ്ചത്തിലെ 'ആയത്തു'കളും അല്ലാഹുവിനെ കണ്ടെത്താനുള്ള അടയാളങ്ങളാണെന്നാണ് ഖുര്‍ആന്‍ ഇവിടെ സമര്‍ഥിക്കുന്നത്. 'പണ്ഡിതന്മാരാണ് അല്ലാഹുവിനെ ഭയപ്പെടുന്നവര്‍' എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ തൊട്ടുമുമ്പുള്ള വാക്യങ്ങളും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. കേവല മതപരിജ്ഞാനമല്ല, പ്രപഞ്ച പഠന നിരീക്ഷണവും പാണ്ഡിത്യത്തിന്റെ അനിവാര്യ ഘടകമാണെന്ന് അതിലൂടെ ഗ്രഹിക്കാം (അല്‍ഫാത്വിര്‍: 27-28). ഈ ആഖ്യാനത്തിലെ ചിന്തോദ്ദീപകമായ പ്രപഞ്ചനിരീക്ഷണങ്ങളും ചേതോഹരമായ പ്രകൃതിവര്‍ണനകളും ഏതൊരു സത്യാന്വേഷിയെയും ആശ്ചര്യപ്പെടുത്തുകയും ആവേശഭരിതനാക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
ഖുര്‍ആന്‍ മനുഷ്യന് നല്‍കിയ സ്ഥാനപദവിക്ക് തുല്യമായ ഒരു മനുഷ്യസങ്കല്‍പം ലോകത്തൊരു ദര്‍ശനത്തിലും പ്രത്യയശാസ്ത്രത്തിലും കണ്ടെത്തുക സാധ്യമല്ലെന്ന് ഉപരിസൂചിത വിശദീകരണങ്ങള്‍ സംശയാതീതമായി ബോധ്യപ്പെടുത്തുന്നുണ്ട്.

ഖുര്‍ആനിലെ പ്രവചനങ്ങള്‍


വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയെ വെളിപ്പെടുത്തുന്ന ഒട്ടേറെ പ്രവചനങ്ങളും അവയുടെ പുലര്‍ച്ചകളും ഖുര്‍ആനില്‍തന്നെ വന്നിട്ടുള്ളതാണ്. അവയെല്ലാം മാറ്റിവെച്ച് പുലരാന്‍ പോകുന്ന ഏറ്റവും വലിയ രണ്ട് പ്രവചനങ്ങള്‍ മാത്രമേ ഇവിടെ രേഖപ്പെടുത്തുന്നുള്ളൂ:
ഒന്ന്, ഉപരിലോകത്ത് ചലിക്കുന്ന, നടക്കുന്ന ജീവികളുണ്ട്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ഇരു ലോകങ്ങളിലുമുള്ള ജീവിവര്‍ഗങ്ങളെ ഒന്നിച്ചു ചേര്‍ക്കാന്‍ അവന്‍ കഴിവുള്ളവനാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (അശ്ശൂറാ: 9).
ഭൂമിയിലെന്ന പോലെ ആകാശലോകത്തും ചലിക്കുന്ന ജീവികളുണ്ട് എന്നത് വസ്തുതാ വിവരണമാണ്. ആകാശജീവികളെയും ഭൂലോകജീവികളെയും അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ 'ഒരുമിച്ചുകൂട്ടും' എന്നതിലാണ് പ്രവചനം.
രണ്ട്,  ഒരുനാള്‍ ഭൂമിയും ആകാശവും അടക്കമുള്ള പ്രപഞ്ചം പൊട്ടിത്തകരുമെന്നും ആ മഹാവിസ്‌ഫോടനം ലോകാവസാനമായിരിക്കുമെന്നുള്ളതാണ് രണ്ടാമത്തെ പ്രവചനം. ഉദ്ധരണി ആവശ്യമില്ലാത്തവിധം ഈ വൃത്താന്തം ഖുര്‍ആനില്‍ നിറഞ്ഞു നില്‍ക്കുന്നു. അത് വായിക്കുമ്പോള്‍ ആകാശഭൂമികള്‍ പടപടായെന്ന് പൊട്ടിത്തെറിക്കുന്ന ഭയാനകമായ അനുഭവം നമ്മെ വിറകൊള്ളിക്കാന്‍ പര്യാപ്തമാണ്.
പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറം അറേബ്യയിലെ 'ഉമ്മിയ്യായ' പ്രവാചകന് കിനാവ് കാണാന്‍ പോലും സാധ്യമല്ലാത്തതാണ് ഈ പ്രവചനങ്ങള്‍. ഇത് പുലര്‍ന്നില്ലെങ്കില്‍ ഖുര്‍ആനിനും പ്രവാചകനും നില്‍ക്കക്കള്ളിയില്ല. അഥവാ പുലര്‍ന്നാല്‍ അതാണ് പ്രവാചകന്റെ ഏറ്റവും വലിയ മുഅ്ജിസത്ത്, ഖുര്‍ആന്റെയും. അത് പുലരുമെന്നതില്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്ക് സംശയമേ ഇല്ല. 
ഇനി നോക്കാനുള്ളത് ശാസ്ത്രം എവിടെ നില്‍ക്കുന്നു എന്നതാണ്. ഉപരിലോകത്ത് ജീവിവര്‍ഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അംഗീകരിച്ചുകൊണ്ടാണ് ശാസ്ത്രലോകം മുന്നോട്ടുപോകുന്നത്. പ്രപഞ്ചം ഒരുനാള്‍ തകരുമെന്നും ശാസ്ത്രം അംഗീകരിക്കുന്നുണ്ട്. ലോകാവസാനം വര്‍ഷലക്ഷങ്ങള്‍ക്കുമപ്പുറമാണെന്ന് പ്രവചിക്കുന്ന ശാസ്ത്രപഠനം, തകര്‍ച്ചയുടെ പ്രാരംഭ ലക്ഷണങ്ങള്‍ പത്തു വര്‍ഷത്തിനിടെ സംഭവിക്കുമെന്ന് അഭിപ്രായപ്പെടുന്നുണ്ട് (The Royal Astronamical Society website)-ല്‍ ഇലനോയ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഭൗതിക ശാസ്ത്രജ്ഞനായ മാറ്റ് കാപ്ലാന്‍ പ്രസിദ്ധീകരിച്ച പഠനം). 1992-ല്‍ 1700 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ട മറ്റൊരു പ്രവചനവും പുറത്തുവന്നിട്ടുണ്ട്. 
(ഐ.പി.എച്ച് പ്രസിദ്ധീകരിക്കാനിരിക്കുന്ന ടി.കെയുടെ അവസാന പുസ്തകത്തില്‍നിന്ന്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 39-42
ടി.കെ ഉബൈദ്‌