പ്രിയപിതാവ് വിട പറയുമ്പോള്‍....
ബാപ്പ മരണപ്പെട്ട് അഞ്ചാം ദിവസം വീട്ടില്‍ സന്ദര്‍ശകരുടെ തിരക്ക് അല്‍പം ഒഴിഞ്ഞ ഒരു ഇടവേളയിലാണ് ഇത് എഴുതാനിരിക്കുന്നത്. മകന്‍ എന്ന നിലയില്‍ ബാപ്പയെക്കുറിച്ച് ധാരാളം എഴുതാനും പറയാനുമുണ്ടാവും. ദീര്‍ഘമായി എഴുതാന്‍ ഇപ്പോള്‍ അവസരമില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ബാപ്പയുടെ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ആഴവും പരപ്പും ഞങ്ങള്‍ അനുഭവിച്ചറിയുകയായിരുന്നു. സന്ദര്‍ശകരുടെ കൂട്ടത്തില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവരുണ്ട്. രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും പണ്ഡിതന്മാരും കവികളും സാംസ്‌കാരിക പ്രവര്‍ത്തകരും സാധാരണക്കാരില്‍ സാധാരണക്കാരുമുണ്ട്. എല്ലാവര്‍ക്കും ബാപ്പയെക്കുറിച്ച് അവരുടേതായ അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കാനുണ്ട്. ആശയപരമായി വിരുദ്ധ ധ്രുവങ്ങളില്‍പെട്ട ആളുകളെപ്പോലും ബാപ്പയിലേക്ക് ആകര്‍ഷിച്ച ഘടകം എല്ലാവരെയും കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഹൃദയവിശാലതയായിരുന്നു.
അറിവിന്റെയും ചിന്തയുടെയും ലോകത്ത് മാത്രം വിഹരിച്ച ഒരു സൈദ്ധാന്തികനായിരുന്നില്ല ബാപ്പ. മണ്ണിലേക്കിറങ്ങി വന്ന് മനുഷ്യരുടെ വികാരങ്ങളും വേദനകളും ഉള്‍ത്തുടിപ്പുകളും തൊട്ടറിഞ്ഞ മനുഷ്യ സ്‌നേഹിയായിരുന്നു. മണ്ണിനെ സ്‌നേഹിച്ച ബാപ്പയിലെ കര്‍ഷകന് അങ്ങനെ ആയിത്തീരാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. ബാപ്പയുടെ മനുഷ്യസ്‌നേഹത്തിന്റെ ഉറവിടം അഗാധമായ ദൈവസ്‌നേഹവും ഖുര്‍ആന്‍ വചനങ്ങളില്‍നിന്ന് ആവാഹിച്ച ജീവിത ദര്‍ശനവുമായിരുന്നു. അവസാന കാലത്ത് ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നത് അധികവും ഖുര്‍ആന്‍ വചനങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചും ഉള്‍പ്പൊരുളുകളെക്കുറിച്ചുമായിരുന്നു. ഓരോ സംസാരത്തിന്റെ കൂടെയും ഒരു ഖുര്‍ആന്‍ വചനം അല്ലെങ്കില്‍ ഒരു കവിതാ ശകലം ഉതിര്‍ന്നുവീഴും. ഇത്രയധികം കവിതകള്‍ തനിക്ക് ഹൃദിസ്ഥമായിരുന്നോ എന്ന് ബാപ്പ അത്ഭുതം കൂറുമായിരുന്നു. മുമ്പൊരിക്കലും ഈ കവിതകള്‍ താന്‍ ഓര്‍ത്തിരുന്നില്ലെന്നും പറയും. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയില്‍ എഴുതിത്തീര്‍ത്ത ലേഖനങ്ങളില്‍ ഒരു പ്രധാന ഭാഗം ഖുര്‍ആനെക്കുറിച്ചായിരുന്നു. ഖുര്‍ആന്റെ കൂടെ, ഖുര്‍ആന്റെ തണലില്‍ ജീവിക്കുകയായിരുന്നു എന്നു വേണം പറയാന്‍.
ബാപ്പയില്‍ നല്ല ഒരു സഹൃദയന്‍ മാത്രമല്ല, നല്ല ഒരു കവിയുമുണ്ടായിരുന്നു. ആ കവിത്വത്തിന് ദാര്‍ശനികതയുടെ ഉള്‍ക്കരുത്തുണ്ടായിരുന്നു. അതിന്റെ ചെറിയ ഒരംശം മാത്രമാണ് വളരെ ചുരുക്കം കവിതകളും പാട്ടുകളുമായി ആവിഷ്‌കൃതമായത്. ഇഖ്ബാല്‍ കവിതകളോടുള്ള അനുരാഗം ഈ കവിമനസ്സില്‍നിന്ന് ഉറപൊട്ടിയതാവാനേ തരമുള്ളൂ. ബാപ്പയിലെ കവി നിറഞ്ഞാടിയത് പ്രഭാഷണങ്ങളിലൂടെയായിരുന്നു. പ്രഭാഷണങ്ങളിലെ പ്രാസഭംഗിയും അര്‍ഥപുഷ്ടമായ ഉപമകളും ഇമേജറികളും ഒരു കവിത പോലെ മനോഹരമായിരുന്നു. ബാപ്പയുടെ പ്രഭാഷണങ്ങളെ അനിതരസാധാരണമാക്കിയത് അവതരിപ്പിക്കുന്ന കാര്യങ്ങളെക്കാളേറെ അതിന്റെ രീതിയും ശൈലിയുമായിരുന്നു എന്ന് അത് കേള്‍ക്കുന്നവര്‍ക്കൊക്കെ അറിയാം. സംഭവങ്ങളെയും ആശയങ്ങളെയും അത്ഭുതകരമായ നിരീക്ഷണ പാടവത്തിലൂടെ കാച്ചിയെടുത്ത് അത് വാഗ്പ്രവാഹമായി ഒഴുകി വരുമ്പോള്‍ ആരും അതില്‍ ലയിച്ചിരുന്നുപോകും.
സാഗരഗര്‍ജനം പോലെ വരുന്ന വാഗ്‌ധോരണിയില്‍ അവസരോചിതം ഫലിതങ്ങള്‍ വിളക്കിച്ചേര്‍ക്കുക എളുപ്പമുള്ള കാര്യമല്ല. പ്രഭാഷണങ്ങളിലെ ഫലിതോക്തികള്‍ ആഴമുള്ളതും കുറിക്കു കൊള്ളുന്നതുമായിരുന്നു. ബാപ്പയുടെ പ്രഭാഷണങ്ങളെ അനനുകരണീയായി മാറ്റുന്നത് ഇത്തരം സവിശേഷതകളാണ്. ഒരു മകന്റെ പ്രശംസാ വചനങ്ങളല്ല ഇത്; ഒരു കേള്‍വിക്കാരന്റെ നിരീക്ഷണങ്ങളാണ്. പ്രസംഗങ്ങളെക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ബാപ്പ പറഞ്ഞതിങ്ങനെ: 'ആദ്യത്തെ കുറച്ച് വാചകങ്ങള്‍ പ്രാസഭംഗിയോടെയും ആളുകളെ ആകര്‍ഷിക്കുന്ന വിധത്തിലും ഞാന്‍ നേരത്തേ കണ്ടുവെക്കും. പിന്നീട് പ്രസംഗിക്കുന്നത് ഞാനല്ല, എന്നെയും കൊണ്ട് വാക്കുകള്‍ ഒഴുകുകയാണ്.''
ബാപ്പയുടെ വ്യക്തിത്വത്തില്‍ എന്നെ ഏറ്റവുമധികം അത്ഭുതപ്പടുത്തിയതും എനിക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്തതുമായ ഘടകം ആളുകളുമായി ബാപ്പ വളര്‍ത്തിയെടുക്കുന്ന ആത്മബന്ധമാണ്. അതില്‍ പ്രായവ്യത്യാസമോ, ജാതിമത ഭേദങ്ങളോ സ്ഥാനമാനങ്ങളോ ഇല്ല. ബാപ്പയുമായി സംസാരിക്കുന്ന ഏതൊരാളും കരുതുക ആ മനസ്സില്‍ തനിക്ക് പ്രത്യേകമായ ഒരിടമുണ്ടെന്നാണ്. ധാരാളമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ അത്തരം അനുഭവങ്ങള്‍ പങ്കുവെച്ചത് കണ്ടിട്ടുണ്ട്. ഏതു വിഷയത്തിലും ബാപ്പക്ക് സ്വന്തമായ, ഒത്തുതീര്‍പ്പില്ലാത്ത നിലപാടുണ്ടാവും. അതുള്ളതോടൊപ്പം തന്നെ മറ്റുള്ളവരെ കേള്‍ക്കാനുള്ള ക്ഷമയും സന്നദ്ധതയുമാണ് ഒരിക്കല്‍ കണ്ടുമുട്ടിയവരെ വീണ്ടും വീണ്ടും ബാപ്പയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്നത്. അതിലുപരി ആ സംസാരത്തിന്റെ മാധുര്യവും മാസ്മരികതയും. പല തരത്തിലുള്ള ആളുകളുമായി സംസാരിക്കുമ്പോള്‍ നമ്മളൊക്കെ അനുഭവിക്കുന്ന വിഷയദാരിദ്ര്യം ബാപ്പക്ക് ഒട്ടുമുണ്ടായിരുന്നില്ല. രാഷ്ട്രീയക്കാരനോട് രാഷ്ട്രീയക്കാരന്റെ ഭാഷയിലും പണ്ഡിതനോട് പണ്ഡിതന്റെ ഭാഷയിലും കര്‍ഷകനോട് കര്‍ഷകന്റെ ഭാഷയിലും തൊഴിലാളിയോട് തൊഴിലാളിയുടെ ഭാഷയിലും കച്ചവടക്കാരനോട് കച്ചവടക്കാരന്റെ ഭാഷയിലും സംസാരിക്കാന്‍ ബാപ്പക്ക് അസാധാരണമായ കഴിവുമുണ്ടായിരുന്നു. ജീവിതത്തിന്റെ വിവിധ തുറകളില്‍ വ്യാപൃതനായിക്കൊണ്ട് ബാപ്പ ആര്‍ജിച്ചെടുത്ത പ്രായോഗിക ജ്ഞാനവും ആ അറിവിനെ, ശ്രോതാവിനെ പിടിച്ചുനിര്‍ത്തുന്ന തരത്തിലുള്ള മധുരഭാഷണങ്ങളാക്കി മാറ്റാനുള്ള ജന്മസിദ്ധമായ കഴിവുമാണ് അത് സാധ്യമാക്കിയത്.
ഞങ്ങള്‍ക്ക് അടുത്ത് പരിചയമില്ലാത്ത ധാരാളം സുഹൃത്തുക്കള്‍ ബാപ്പക്കുണ്ടായിരുന്നു. ആരോഗ്യമുള്ള കാലത്ത് ബാപ്പ മണിക്കൂറുകളോളം അവരോടൊപ്പം സംസാരിച്ചിരിക്കുമായിരുന്നു. ഈ സംഭാഷണങ്ങളെ അറിവ് കൈമാറാന്‍ മാത്രമല്ല, മറ്റുള്ളവരുടെ അറിവുകള്‍ പരമാവധി ചോര്‍ത്തിയെടുക്കാനുള്ള അവസരങ്ങളായിട്ടാണ് ബാപ്പ ബോധപൂര്‍വം ഉപയോഗപ്പെടുത്തിയത്. പല തലത്തില്‍പെട്ട ആളുകളുമായുള്ള ദീര്‍ഘ സംഭാഷണങ്ങളിലൂടെയാണ് ബാപ്പ സ്വന്തം അറിവിനെ നവീകരിച്ചുകൊണ്ടിരുന്നത്.
തൊണ്ണൂറ്റി രണ്ടാം വയസ്സിലും ബാപ്പയുടെ ബുദ്ധിക്കോ ചിന്തക്കോ ഒട്ടും വാര്‍ധക്യം ബാധിച്ചിരുന്നില്ല. രോഗിയും അവശനുമായി മറ്റുള്ളവര്‍ തന്നെ മനസ്സിലാക്കുന്നത് ബാപ്പക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. അവസാന കാലത്ത് ക്ഷീണാധിക്യം കാരണം സന്ദര്‍ശകരെ വിലക്കിയത്, തന്റെ സംസാരം കേള്‍ക്കാന്‍ വരുന്ന ആളുകളെ പഴയതുപോലെ സംസാരിച്ച് സന്തോഷിപ്പിക്കാന്‍ കഴിയില്ലല്ലോ എന്ന ആധി കൊണ്ടായിരുന്നു. വിപ്ലവകാരിയായ ഒരു യുവാവിനെപ്പോലെയാണ് പുതിയ ലോകത്തെക്കുറിച്ച സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ബാപ്പ വിടപറഞ്ഞത്. എല്ലാ ദൗത്യങ്ങളും പൂര്‍ത്തീകരിച്ച്, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ബാപ്പ അവസാനത്തെ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. അല്ലാഹു പ്രിയപിതാവിന് മര്‍ഹമത്തും മഗ്ഫിറത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആകാശഭൂമികളേക്കാള്‍ വിശാലമായ സ്വര്‍ഗത്തെക്കുറിച്ചാണ് അവസാന കാലത്ത് ബാപ്പ ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വരുന്നവരോടൊക്കെ സംസാരിച്ചുകൊണ്ടിരുന്നത്. ആ സ്വര്‍ഗത്തില്‍ വീണ്ടും കണ്ടുമുട്ടാന്‍ അല്ലാഹു ബാപ്പക്കും നമുക്കും തൗഫീഖ് നല്‍കട്ടെ. ബാപ്പയുടെ വേര്‍പാട് അവശേഷിപ്പിക്കുന്ന ശൂന്യതയെ ആത്മബലത്തോടെ അഭിമുഖീകരിക്കാന്‍ അവന്‍ ഞങ്ങള്‍ക്ക് കരുത്തു നല്‍കട്ടെ.
Comments