ആ ധിഷണയെ ജ്വലിപ്പിച്ചത് മൗദൂദിയും ഇഖ്ബാലും
ടി.കെ അബ്ദുല്ല സാഹിബിന്റെ വേര്‍പാട് മരണദിവസം അസ്വ്ര്‍ നമസ്‌കാരത്തിന് തൊട്ട് മുമ്പാണ് അറിഞ്ഞത്. ക്ഷണനേരം മനസ്സുലഞ്ഞു. തസ്ബീഹ് മാലയിലെ മുത്തുമണികള്‍ കണക്കെ അദ്ദേഹത്തെ സംബന്ധിച്ച ഓര്‍മകള്‍ മനസ്സില്‍ വരിവരിയായി നിറഞ്ഞു. ഇനി ആരെന്ന ചോദ്യം മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയാണെന്ന വിവരം തൊട്ടുമുമ്പ് നടന്ന കേന്ദ്ര കൂടിയാലോചനാ സമിതി യോഗത്തില്‍ വെച്ച് ലഭിച്ചിരുന്നു. അന്നു മുതല്‍ക്കേ ടി.കെയെ സംബന്ധിച്ച ഓര്‍മകള്‍ മനസ്സില്‍ അലയടിച്ചുകൊണ്ടേയിരിക്കുകയാണ്. ഒക്‌ടോബര്‍ ഏഴു മുതല്‍ 10 വരെ നടന്ന മജ്‌ലിസെ നുമാഇന്ദഗാനിലും കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ സംഭാഷണമധ്യേ ടി.കെയുടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നു.
വല്ലാത്തൊരു വ്യക്തിത്വമായിരുന്നു ടി.കെ. പൂന്തോട്ടവും വസന്തവും പ്രസന്നപ്രകൃതവും എപ്പോഴും വിരിഞ്ഞുനിന്ന മനുഷ്യന്‍. ചിലപ്പോഴൊക്കെ വാഗ്‌ധോരണികള്‍ കൊണ്ട് ചിരിയുടെ മാലപ്പടക്കത്തിന് അദ്ദേഹം തിരികൊളുത്തും. മനോഹര ചിന്തകള്‍ ആ സദസ്സില്‍ വര്‍ണശബളിമ പടര്‍ത്തും. എന്നാല്‍ അവ കേവല തമാശകളോ ഫലിതങ്ങളോ ആയിരിക്കില്ല. മറിച്ച് തെളിഞ്ഞ ചിന്തകളും ബുദ്ധികൂര്‍മതയുടെ പൂര്‍ണതയുമാണ് അവിടെ നിറയുക. സന്തുലിതവും ഫലസമൃദ്ധവുമായ ആശയങ്ങള്‍ കേള്‍വിക്കാരായ നമ്മിലേക്ക് വന്നുകൊണ്ടിരിക്കും. അതില്‍നിന്ന് അദ്ദേഹത്തിന്റെ സ്വന്തം ചിന്തകളും ഭാവനകളും വേണ്ടുവോളം നമുക്ക് കണ്ടെടുക്കാം. തനതായ ആ ശൈലീവൈഭവം അതിന് മനോഹാരിതയേറ്റും. അദ്ദേഹത്തിന്റെ സംഭാഷണത്തിന് പ്രത്യേകമായൊരു ശോഭയും സൗരഭ്യവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഇരുന്ന് സംവദിക്കുമ്പോഴൊക്കെ ഒരു വൈജ്ഞാനിക - ചിന്താ ലോകത്തിലൂടെയുള്ള വിനോദ സഞ്ചാരമായാണ് നമുക്ക് അനുഭവപ്പെടുക. ആ വ്യക്തിത്വമാകട്ടെ ഏറെ തെളിച്ചമുള്ളതും പ്രസന്നതയുള്ളതുമായിരുന്നു. തെളിഞ്ഞ വീക്ഷണങ്ങള്‍ക്കുടമ. ലോകമാന്യം അദ്ദേഹത്തെ തൊട്ടുതീണ്ടിയിരുന്നില്ല.
അദ്ദേഹത്തെ പോലുള്ള ഉയര്‍ന്ന ചിന്തകരുടെയും പണ്ഡിതരുടെയും വ്യക്തിജീവിതം പലപ്പോഴും ശുഷ്‌കവും പച്ചപ്പ് മാഞ്ഞതും പെരുമാറാന്‍ കഴിയാത്തവിധം മുള്‍പടര്‍പ്പ് കയറിയതുമായിരിക്കും. എന്നാല്‍ ടി.കെ അങ്ങനെയൊന്നുമായിരുന്നില്ല.
ഇസ്‌ലാമിനെ സംബന്ധിച്ച ഗഹനമായ പഠനത്തി(അത്തഫഖ്ഖുഹു ഫിദ്ദീന്‍)ലും ആനുകാലിക സംഭവങ്ങളെ അപഗ്രഥിക്കുന്നതിലും ഗവേഷണാത്മക (മുജ്തഹിദാന) വീക്ഷണം വെച്ചുപുലര്‍ത്തിയ വ്യക്തിത്വമാണ് ടി.കെ. സംഭാഷണങ്ങളില്‍ ഒട്ടും കൃത്രിമത്വമുണ്ടായിരുന്നില്ല; അവ തീര്‍ത്തും നിര്‍മലവും ആര്‍ജവമുള്ളതുമായിരുന്നു. മറ്റുള്ളവരില്‍നിന്ന് കടമെടുത്ത ഒരു പ്രയോഗവും ഞാന്‍ അദ്ദേഹത്തില്‍നിന്ന് ഒരിക്കലും കേട്ടിട്ടില്ല. പറയുന്നവയെല്ലാം തന്റേതായ ദീര്‍ഘവീക്ഷണത്തോടെയും ഉള്‍ക്കാഴ്ചയോടെയും അവതരിപ്പിക്കുന്നവ. വൈജ്ഞാനികാവതരണങ്ങളില്‍ ചിലപ്പോള്‍ മലയാള ശൈലികള്‍ വരെ മേമ്പൊടി ചേര്‍ത്ത് ഹൃദ്യമാക്കാറുണ്ട്. ബുദ്ധിസാമര്‍ഥ്യവും നര്‍മവും മനോരമ്യതയും അദ്ദേഹത്തിന്റെ പ്രകൃതത്തില്‍ മുറിച്ചുമാറ്റാനാകാത്ത വിധം ചേര്‍ന്നു നില്‍ക്കും. തികഞ്ഞ ആത്മാര്‍ഥതയും അര്‍പ്പണബോധവുമുള്ളവര്‍ക്ക് അല്ലാഹു നല്‍കുന്ന സവിശേഷ അനുഗ്രഹമാണത്. കുടുസ്സു ഹൃദയമുള്ളവര്‍ക്ക് അതൊരിക്കലും ലഭ്യമാകില്ല.
സഹൃദയനായ ഒരു വായനക്കാരന്‍ എന്നതിനപ്പുറം അറിവിന്റെയും സാഹിത്യത്തിന്റെയും മേഖലയിലെ കപ്പിത്താനായിരുന്നു ടി.കെ. മലയാളത്തില്‍ ഈ സ്വഭാവത്തിലുള്ള വൈജ്ഞാനികവും ഗവേഷണാത്മകവുമായ രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. മൗദൂദിയോടെന്ന പോലെ അല്ലാമാ ഇഖ്ബാലിനോടും അഭിനിവേശമുണ്ടായിരുന്നു അദ്ദേഹത്തിന്. സമയവും സന്ദര്‍ഭവും കിട്ടുമ്പോഴൊക്കെ ഇഖ്ബാലിനെ സംബന്ധിച്ച് അദ്ദേഹം ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടു. ഇഖ്ബാലിനെ പറ്റിയുള്ള നല്ല കൃതികള്‍ അദ്ദേഹം ചോദിച്ചുകൊണ്ടേയിരുന്നു. ഇഖ്ബാലിനോട് അടുപ്പവും സ്‌നേഹവും കാത്തുസൂക്ഷിക്കാത്തവര്‍ ഇക്കാലത്ത് മന്ദബുദ്ധികളായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
കടഞ്ഞെടുത്ത വാക്കുകള്‍ തെരഞ്ഞെടുത്ത് വാചകങ്ങളുടെ കോര്‍വയൊരുക്കി എഴുത്തും പ്രഭാഷണവും നിര്‍വഹിക്കുക ഏറെ പ്രയാസകരമാണ്. അക്കാര്യത്തില്‍ അങ്ങേയറ്റം പ്രാഗത്ഭ്യം തെളിച്ചയാളാണ് ടി.കെ. മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന ടി.കെയെക്കൊണ്ട് ഏറെ താല്‍പര്യമെടുത്ത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യിച്ചതാണ്. ഇക്കാര്യം എന്നോട് നേരിട്ട് ടി.കെതന്നെ പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: ആദ്യം അദ്ദേഹം അത് മലയാളത്തിലേക്ക് ഭാഷാന്തരം നടത്തി. എന്നിട്ട് ഉര്‍ദു അറിയുന്ന മറ്റൊരു മലയാളി പണ്ഡിതന്‍ വശം അത് നല്‍കി, ആ മലയാളത്തെ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഏല്‍പിച്ചു. ശേഷം ആ ഉര്‍ദു വിവര്‍ത്തനത്തെ ഉര്‍ദു ഭാഷയിലുള്ള ഒറിജിനല്‍ ഭരണഘടനയുമായി തട്ടിച്ചു നോക്കുകയും മലയാളത്തില്‍ ഉര്‍ദുവിലെ കൃത്യമായ ആശയം വന്നിരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വേണ്ട തിരുത്തുകള്‍ വരുത്തുകയും ചെയ്തു. എന്നിട്ടവ മൂന്നും മൗലാനാ അബുല്ലൈസ് സാഹിബിനെ കാണിച്ച് ബോധ്യപ്പെടുത്തി. ഇങ്ങനെ പതിവില്‍ കവിഞ്ഞ സൂക്ഷ്മതയോടുകൂടി നല്ല സമയമെടുത്ത് ടി.കെ നിര്‍വഹിച്ചതാണ് ജമാഅത്തെ ഇസ്‌ലാമി ഭരണഘടനയുടെ മലയാള വിവര്‍ത്തനം.
പൂര്‍ണതയും പ്രസരിപ്പുമുള്ള ഭരണഘടനാ വിവര്‍ത്തനം മാത്രമല്ല അദ്ദേഹം നിര്‍വഹിച്ചത്. പ്രത്യുത ആ ഭരണഘടനയുടെ പ്രായോഗിക ജീവിതം സ്വന്തം പ്രാസ്ഥാനിക ജീവിതത്തിലൂടെ സമ്പൂര്‍ണമായും വരച്ചുകാണിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ വേര്‍പാടോടു കൂടി കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അതിന്റെ മജ്ജയും ഔദ്യോഗിക വക്താവുമാണ് നഷ്ടമായിരിക്കുന്നതെന്ന് പറയേണ്ടിവന്നിരിക്കുകയാണ്. പ്രാസ്ഥാനിക രംഗത്ത് പുതിയ ഇസ്‌ലാമിക ചിന്തകളെ ആനുകാലിക സംഭവങ്ങളുമായി ഉരസി നോക്കി തെളിച്ചം പ്രസരിപ്പിച്ച ഒരു ധൈഷണിക - ബൗദ്ധിക വ്യക്തിത്വമാണ് വിടവാങ്ങിയിരിക്കുന്നത്. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കുമാറാകട്ടെ. കുടുംബാംഗങ്ങള്‍ക്കും അനുയായികള്‍ക്കും ക്ഷമയും സ്ഥൈര്യവും പ്രദാനം ചെയ്യുമാറാകട്ടെ.
Comments