Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 29

3224

1443 റബീഉല്‍ അവ്വല്‍ 22

ടി.കെ അബ്ദുല്ല സാഹിബും ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനവും

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

ജീവിതത്തിലെ തന്റെ ഏറ്റവും സുമോഹനമായ യാത്ര പുറപ്പെട്ടുകഴിഞ്ഞ പ്രിയ നേതാവിന് അല്ലാഹു ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഇടം നല്‍കുമാറാകട്ടെ.
പണ്ഡിതനും ചിന്തകനും പ്രഭാഷകനുമായ ടി.കെ അബ്ദുല്ലാ സാഹിബിന് ഇന്ത്യന്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ യാത്രാമൊഴി സമുചിതമാവണമെങ്കില്‍ അദ്ദേഹം നിര്‍വഹിച്ച ദൗത്യത്തെ സംബന്ധിച്ച ഗവേഷണ സ്വഭാവത്തിലുള്ള സൂക്ഷ്മവും വിപുലവുമായ പഠനം അനിവാര്യമാണ്. അനുയോജ്യമായ വേദിയില്‍നിന്ന് അത് പുറത്തുവരുമെന്നതിനാല്‍ അതിനിവിടെ മുതിരുന്നില്ല.
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിക്കും ടി.കെ നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാന്‍ ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ലോകത്തിന്റെ ചരിത്ര പശ്ചാത്തലം, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചിന്തകള്‍, ഏഴര പതിറ്റാണ്ട് കവിഞ്ഞുനില്‍ക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സംഘാടനവും അതിന്റെ വികാസപ്രക്രിയകളും എന്നിവയിലൂടെ സൂക്ഷ്മ സഞ്ചാരം നടത്തണം. ഒന്നുകൂടി, കൃത്യമായി പറഞ്ഞാല്‍ 1948-ല്‍നിന്നും 2021-ലേക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ ദിശ നിര്‍ണയിച്ചതിലും ഗതിവേഗം വര്‍ധിപ്പിച്ചതിലും അദ്വിതീയമായ പങ്കാണ്  ടി.കെ സാഹിബിന്റേത്. ആ പ്രഭാവം ഇനിയും ഏറെക്കാലം തുടരും. അബുല്ലൈസ് ഇസ്‌ലാഹി നദ്‌വിക്കു ശേഷം മൗലാനാ ശഫീ മൂനിസ്, ഡോ. എഫ്.ആര്‍ ഫരീദി, ഡോ. നജാത്തുല്ലാ സിദ്ദീഖി തുടങ്ങിയ ധൈഷണിക സംഘത്തിലെ അംഗമായിരുന്നു ടി.കെ. മുഹമ്മദ് യൂസുഫ്, സിറാജുല്‍ ഹസന്‍, ഡോ. അബ്ദുല്‍ഹഖ് അന്‍സാരി, ഇന്‍ആമുര്‍ഹ്മാന്‍ തുടങ്ങിയ പണ്ഡിതരോടും നേതാക്കളോടുമുള്ള ഊഷ്മളബന്ധവും ഉര്‍ദു ഭാഷാ പ്രാവീണ്യവും അദ്ദേഹത്തെ പരിപക്വമായ വ്യക്തിത്വമാക്കിത്തീര്‍ത്തു.
വിഭജനാനന്തരം ഇന്ത്യയിലെ മുസ്‌ലിം സമുദായവും ഇസ്‌ലാമിക പ്രസ്ഥാനവും ഏതുവഴിയെ സഞ്ചരിക്കണമെന്ന് പ്രവചനസ്വഭാവമുള്ള തന്റെ മദ്രാസ് പ്രഭാഷണത്തിലൂടെ സയ്യിദ് മൗദൂദി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇസ്‌ലാമിനെ കടന്നാക്രമിച്ച ആധുനികതക്കും അതിന്റെ മൂല്യവ്യവസ്ഥക്കും സാമ്രാജ്യത്വത്തിനുമെതിരെ ദയാരഹിതം പൊരുതിയ സയ്യിദ് മൗദൂദിയില്‍ സ്തംഭിച്ചുനില്‍ക്കാനല്ല, അതിനെ ജീവിക്കുന്ന സാഹചര്യത്തിനനുസരിച്ച് മുന്നോട്ട് ചലിപ്പിക്കാനാണ് മൗദൂദി തന്നെ ആ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്. പക്ഷേ, ആ വഴിയേ ഇസ്‌ലാമിക പ്രസ്ഥാനത്തെ നയിക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യമാണ് മേല്‍പറഞ്ഞ നേതൃനിര നിര്‍വഹിച്ചത്. ആ നേതൃത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള ഇടപഴക്കം സംബന്ധിച്ച ജമാഅത്തിന്റെ സമീപനങ്ങളിലെ വികാസങ്ങളെ ത്വരിപ്പിച്ചത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയ സംവിധാനങ്ങളുടെ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിലെ സാന്നിധ്യം വരെ ചെന്നെത്തി നില്‍ക്കുന്നുണ്ട് ടി.കെ സാഹിബിന്റെ കൈയൊപ്പുകള്‍.
സാമൂഹിക പരിവര്‍ത്തനത്തിന് ശ്രമിക്കുന്ന ഏതൊരു പ്രസ്ഥാനവും സ്വാഭാവികമായും നയവികാസങ്ങള്‍ക്ക് വിധേയമാവും. സാഹചര്യത്തിന്റെ സൗകര്യവും സമ്മര്‍ദവും മുന്നോട്ടു ഗമിക്കാനുള്ള അഭിവാഞ്ഛയുമൊക്കെ അതിന് കാരണമാവാം. ജമാഅത്തെ ഇസ്‌ലാമിക്കും ഇത് ബാധകമാണ്. പക്ഷേ, ഏത് നയനിലപാട് സ്വീകരിച്ചപ്പോഴും പ്രാസ്ഥാനികമായ അടിത്തറയില്‍ അതിനെ പിടിച്ചുകെട്ടി എന്നതാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സംഭാവന. മൗലികത ചോരാതെ ഭദ്രമായി നിലനില്‍ക്കാന്‍ പ്രസ്ഥാനത്തെ അതേറെ സഹായിച്ചു. ഓരോ നാല് വര്‍ഷത്തിലുമാണ് ജമാഅത്തെ ഇസ്‌ലാമി നയവും പരിപാടിയും രൂപപ്പെടുത്തുന്നത്. ഈ സന്ദര്‍ഭത്തില്‍ വന്നുചേരുന്നതും വെട്ടിമാറ്റുന്നതും ഭേദഗതികള്‍ക്ക് വിധേയമാകുന്നതുമായ തലക്കെട്ടുകള്‍ പ്രാസ്ഥാനിക പ്രയാണത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങളും ഫലങ്ങളുമുളവാക്കുന്നവയാണ്. ദേശീയതലത്തിലും കേരളത്തിലും പോളിസിമേക്കിംഗ് ചര്‍ച്ചകളുടെ ദിശ നിര്‍ണയിക്കുന്നതില്‍ ഈ ഇടപെടല്‍ വലിയ പങ്കുവഹിച്ചു.
ഇന്ത്യയിലെ മുസ്‌ലിം സമുദായം ടി.കെയുടെ നിതാന്തമായ ഒരസ്വസ്ഥതയായിരുന്നു. അവരുടെ ആദര്‍ശവല്‍ക്കരണം മാത്രമല്ല, ഭൗതികമായ അതിജീവനവും അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ഒരുപാടൊരുപാട് വിഷയീഭവിച്ചിട്ടുണ്ട്. ഒരു നവോത്ഥാന പ്രസ്ഥാനം എന്ന നിലക്ക് പരമ്പരാഗത സമുദായത്തോട് പലനിലക്കും വിയോജിക്കേണ്ടിവരും, ചിലപ്പോള്‍ ഏറ്റുമുട്ടേണ്ടതായി വരും. അപ്പോഴും ദീക്ഷിക്കേണ്ട ഗുണകാംക്ഷ കൈവിടാതെ നോക്കാന്‍ അദ്ദേഹം സാധാരണ പ്രവര്‍ത്തകരെ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരുന്നു. സാമുദായികതക്കും അതിവാദങ്ങള്‍ക്കുമെതിരെ അപ്രതിരോധ്യമായി നിലകൊള്ളുകയും ചെയ്തു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ നിര്‍വഹിക്കേണ്ട ദൗത്യത്തെ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടിരുന്നു- മരണം വരെ, മരണാനന്തരം പ്രകാശിതമായ ലേഖനത്തിലും! മുസ്‌ലിം സമുദായത്തോടുള്ള അദമ്യമായ ഈ ഇഷ്ടം ജമാഅത്തെ ഇസ്‌ലാമിയെയും സ്വാധീനിച്ചിട്ടുണ്ട്. വിഷന്‍ പോലുള്ള പദ്ധതികള്‍ ജമാഅത്ത് പരിപാടികളില്‍ കടന്നുവരുന്നത് അങ്ങനെയാണ്.
മുസ്‌ലിംകളുടെയെന്ന പോലെ മറ്റു അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ വിമോചനവും ടി.കെ സാഹിബിന്റെ സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ധാരാളമായി അതുണ്ട്. അവരുടെ വിമോചന സ്വപ്‌നങ്ങളെ ഇസ്‌ലാമിനോട് ചേര്‍ത്തുവെച്ച് ഇസ്‌ലാമിന്റെ വിമോചന കാഴ്ചപ്പാട് അവരെക്കൂടി ഉള്‍ക്കൊള്ളുന്നതാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. 
നബി(സ)യോട് പ്രണയതുല്യമായ സ്‌നേഹമായിരുന്നു ടി.കെക്ക്. സംസാരങ്ങളില്‍ അത് കൂടെക്കൂടെ കടന്നുവരും. അകത്ത് അത് ഘനീഭവിച്ചുകിടക്കുന്നത് ആ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാം. 'ഹുബ്ബുര്‍റസൂല്‍' അല്‍പം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന പക്ഷക്കാരനുമായിരുന്നു.
വരാനിരിക്കുന്ന ഇസ്‌ലാമിക വിപ്ലവത്തെ കുറിച്ച സ്വപ്‌നം തീക്ഷ്ണമായി കെടാതെ സൂക്ഷിച്ചു. ഈസാ(അ)യുടെ പുനരാഗമനവും ദജ്ജാലിന്റെ പരാജയവും പ്രഭാഷണങ്ങളിലെ നിത്യസാന്നിധ്യങ്ങളായിരുന്നല്ലോ. 'തന്റെ മകള്‍ സാജിദക്ക്, അല്ല സാജിദയുടെ മക്കള്‍ക്ക് ആ നല്ല നാളെകള്‍ കാണാനാവും' എന്നര്‍ഥമുള്ള ഉര്‍ദു ഈരടികള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഉദ്ധരിക്കാറുണ്ടായിരുന്നു.
ടി.കെ എന്ന പ്രതിഭാസത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളും പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പണ്ഡിത പശ്ചാത്തലമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂമിലും കാസര്‍കോട് ആലിയാ അറബിക് കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ പഠനം.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്  ടി.കെ എന്ന രണ്ടക്ഷരം ഞാന്‍ കേട്ടുതുടങ്ങുന്നത്. അന്നൊരിക്കല്‍ തിരൂരില്‍ നടന്ന മേഖലാ സമ്മേളനത്തില്‍ വാപ്പയോടൊപ്പം പങ്കെടുത്തത് ഞാനോര്‍ക്കുന്നു. വിഷയമൊന്നും എനിക്കറിയില്ല. സമ്മേളനാനന്തരം ടി.കെയുടെ പ്രസംഗത്തെ കുറിച്ച് വാപ്പയടക്കം മുതിര്‍ന്നവര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിരുന്നു. പിന്നീട് തിരൂര്‍ക്കാട് ഇലാഹിയാ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ വെള്ളിമാട്കുന്നില്‍ ടി.കെയെ കാണാന്‍ പലതവണ വന്നിട്ടുണ്ട്. എസ്. ഐ.ഒ നേതൃത്വത്തിലെത്തിയതോടെ ടി.കെയോടൊത്തുള്ള സഹവാസങ്ങളുടെ ആഘോഷമായിരുന്നു. തിരൂര്‍ക്കാട്ട് നിന്നും ലഭിച്ച ദീനീവിദ്യാഭ്യാസത്തെയും കാഴ്ചപ്പാടുകളെയും പരിപക്വതയിലെത്തിച്ചതും പ്രാസ്ഥാനികമായി ഫ്രെയിം ചെയ്തതും ഈ സഹവാസങ്ങളായിരുന്നു. ശരീഅത്ത് വിവാദകാലത്ത് ദീനിന്റെയും ശരീഅത്തിന്റെയും ഫിഖ്ഹിന്റെയും ആഴങ്ങളിലേക്ക് ഇറങ്ങിയ അദ്ദേഹമടക്കമുള്ളവരുടെ പഠന ക്ലാസുകളാണ് പ്രവര്‍ത്തകരിലൂടെ കേരളീയ പൊതുസമൂഹത്തിലെത്തിയത്. ഇസ്‌ലാമിനെ ആത്മാഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാന്‍ കേരളീയ മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കിയ സുപ്രധാന സംഭവമായിരുന്നല്ലോ ശരീഅത്ത് വിവാദം.
ജമാഅത്ത് ശൂറാ അംഗമായതോടെ ബന്ധം കൂടുതല്‍ സുദൃഢമായി. അദ്ദേഹത്തിന്റെ സാന്നിധ്യം വല്ലാത്ത ആത്മധൈര്യമാണ് നമുക്ക് പകര്‍ന്നുതരിക. ഏറ്റവും പുതിയ സങ്കേതങ്ങളെ വരെ പഠിച്ചെടുത്ത്  അതിനോടുള്ള ഇസ്‌ലാമിക സമീപനം രൂപപ്പെടുത്തുന്നതില്‍ ഏതൊരു ഉത്സാഹിയും ചെറുപ്പക്കാരനുമായ ഗവേഷകനെയും മറികടന്നെത്താന്‍ ടി.കെക്ക് സാധിച്ചിരുന്നു. പുതിയ തലമുറ പോലും സ്തംഭിച്ചുപോകുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഹല്‍ഖാ അമീറായതോടെ വലിയ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. ദശകങ്ങള്‍ നീണ്ട നേതൃനിരയിലെ സാന്നിധ്യവും പാണ്ഡിത്യവും അനുസരണത്തിനും വിനയത്തിനും ഒരു കുറവും വരുത്തിയില്ല. 
ഏതാണ്ട് ഒമ്പത് വര്‍ഷം അദ്ദേഹം കേരളത്തില്‍ ഹല്‍ഖാ അമീറായിരുന്നു. 'ഇഹ്‌സാനിയത്തി'നായിരുന്നു  ആ കാലയളവില്‍ ഊന്നല്‍ നല്‍കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള പ്രസ്ഥാന സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും മികവോടെ, കാര്യക്ഷമതയും ഫലപ്രാപ്തിയും ഉറപ്പുവരുത്തി മുന്നോട്ട് കൊണ്ടുപോവുക എന്നായിരുന്നു ആ കാലയളവില്‍ ജമാഅത്ത് ശ്രദ്ധിച്ചത്. അതോടൊപ്പം പ്രസ്ഥാനത്തിന്റെ ജനകീയതക്ക് തുടക്കം കുറിച്ച ദഅ്‌വത്ത് നഗര്‍ സമ്മേളനവും ഇക്കാലയളവിലായിരുന്നു. ഈ സമ്മേളനത്തോടെയാണ് ജമാഅത്ത് വ്യത്യസ്ത മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നാന്‍ തുടങ്ങിയതും വിവിധ പോഷക വിഭാഗങ്ങളും ശാഖകളും ചിറക് വിടര്‍ത്താന്‍ തുടങ്ങിയതും. പി.എ അബ്ദുല്‍ ഹകീം സാഹിബിനൊപ്പം എസ്.ഐ.ഒവിന്റെ സംഘാടനത്തില്‍ അദ്ദേഹം വിശ്രമരഹിതമായി പരിശ്രമിച്ചു.
ജീവിതം വളരെ കരുതലോടെ ചെലവഴിച്ച വ്യക്തിത്വമായിരുന്നു, അദ്ദേഹം. ഒരു നിമിഷവും ഗൗരവം വിട്ട് അദ്ദേഹം സമയം ചെലവഴിച്ചിട്ടില്ല. വായനയും പഠനവും ചിന്തയും സംവാദങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ആയുസ്സിന്റെ നല്ലൊരു സമയവും കവര്‍ന്നെടുത്തത്. ആയുസ്സ് പോലെ തന്നെ   രാത്രി ഏറെ വൈകിയാണ് നിത്യവും അദ്ദേഹത്തിന്റെ ചിന്താ സപര്യ അവസാനിക്കുക. വിശുദ്ധ ഖുര്‍ആനിന്റെ ആഴങ്ങളിലേക്കിറങ്ങി, തന്റെ കാലത്തിന് ആവശ്യമുള്ളത് പുറത്തെടുത്തു.  സമസ്യകളുടെ പരിഹാരം ആത്മവിശ്വാസത്തോടെ ഖുര്‍ആനില്‍ പരതി. അതില്‍നിന്ന് കിട്ടുന്നവയെ ഊതിക്കാച്ചിയെടുത്ത് അവതരിപ്പിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു.
പ്രത്യേക ചുമതലകളൊന്നുമില്ലാതെ തന്നെ ഹിറാ സെന്ററില്‍ അദ്ദേഹത്തിന് ഒരു റൂമുണ്ടായിരുന്നു. എഴുത്തിനും റഫറന്‍സിനും സഹായിക്കാന്‍ ഒരാളെ വേണമെന്ന് നിര്‍ദേശിച്ചപ്പോള്‍ കെ. നജാത്തുല്ലയെ  ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ പകര്‍ത്തിയെഴുതി. പലപ്പോഴായി അതിന്റെ പല ഭാഗങ്ങളും പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചു. ഹിറയിലേക്ക് അദ്ദേഹം നേതാക്കളെയും പണ്ഡിതരെയും പ്രവര്‍ത്തകരെയും വിളിച്ചുവരുത്തി. അനുഭവങ്ങളുടെ ബലത്തില്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കി. പഠിക്കാനും ചിന്തിക്കാനും ശേഷിയുണ്ടായിരുന്നിട്ടും അലസരായിപ്പോകുന്നവരെ ചിലപ്പോള്‍ മൃദുലമായി ശകാരിച്ചു. ടി.കെ ഇടക്കിടെ ഫോണ്‍ ചെയ്യും. മറുതലക്കല്‍ ഡോ. നജാത്തുല്ല സിദ്ദീഖി, ഡോ. ഹസന്‍ രിദാ, മുഹമ്മദ് ജഅ്ഫര്‍ സാഹിബ്, ഡോ. ഇനായത്തുല്ല സുബ്ഹാനി തുടങ്ങിയ ഉത്തരേന്ത്യന്‍ വ്യക്തിത്വങ്ങള്‍ മുതല്‍ കേരളത്തിലെ ചരിത്രകാരന്മാരോ മലയാളം, അറബി, ഉര്‍ദു ഭാഷാപണ്ഡിതന്മാരോ വരെ ആരുമാവാം. പ്രസിദ്ധീകരണ വിഭാഗങ്ങളുടെ ചുമതലയുള്ളവരും എഴുത്തുകാരും പണ്ഡിതരുമായ വ്യക്തിത്വങ്ങളുമൊക്കെ പലതവണ ഇക്കാലത്ത് ടി.കെയുടെ റൂമിലെത്തിയിട്ടുണ്ട്. എഴുത്തും വായനയും ചിന്തയും സംവാദങ്ങളും ആഘോഷമായി നീണ്ട ആ കാലം അവസാനിച്ചത് കോവിഡ് സമൂഹത്തെ അടച്ചുപൂട്ടിയതോടെയാണ്. പിന്നീട് പലതവണ ഹിറയില്‍ വരാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നെങ്കിലും അനാരോഗ്യം അതിനനുവദിച്ചില്ല. തുടര്‍ന്ന് വീട്ടില്‍ വെച്ചും പഠനമനനങ്ങള്‍ തുടര്‍ന്നു.
കൗതുകകരമായ മറ്റൊരു കാര്യം ഒരിക്കല്‍ മാത്രം ബന്ധപ്പെടുന്നവര്‍ക്കുപോലും ദീനും ദാര്‍ശനികതയും ഹാസ്യവും എല്ലാം ആവശ്യത്തിന് ചേര്‍ത്ത തന്റെ നിലവാരത്തിനൊത്ത ഒരനുഭവം അദ്ദേഹം സമ്മാനിച്ചിരിക്കും എന്നതാണ്.
സര്‍വോപരി ടി.കെ പച്ചയായ ഒരു നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ ഭക്തി തൊട്ടടുത്തുനിന്നാല്‍ നമ്മെ ചൂടുപിടിപ്പിക്കും. നമസ്‌കാരം കണ്ടുനില്‍ക്കുന്നതു തന്നെ ആനന്ദകരമാണ്. അദ്ദേഹത്തോടൊപ്പം ഹജ്ജ് ചെയ്തവരും അത്തരം അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മനുഷ്യന്‍ മാത്രമല്ല, മണ്ണ്, കന്നുകാലികള്‍, സസ്യലതാദികളൊക്കെ ടി.കെയുടെ വാത്സല്യം ഏറ്റുവാങ്ങിയവരാണ്. പ്രകടനപരതയുടെ അംശം ഒട്ടുമേ ഇല്ലാത്ത ആ വ്യക്തിത്വത്തോട് ഇടപഴകിയവര്‍ക്ക് അതിന്റെ ധാരാളം ഉദാഹരണങ്ങള്‍ പറയാനുണ്ടാവും.
പ്രഭാഷണം അദ്ദേഹത്തിന് ഒരു ദൗത്യമായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ആരവവും ആവേശവും കണ്ടിട്ട് ഒരു വാക്കുപോലും അദ്ദേഹത്തില്‍നിന്ന് പുറപ്പെട്ടിട്ടുണ്ടാവില്ല. നേരത്തേ മനസ്സില്‍ തയാറാക്കിവെച്ച വാക്കുകള്‍, വാക്യഘടനകള്‍, ഉപമകള്‍, ഉപമാലങ്കാരങ്ങള്‍, നര്‍മങ്ങള്‍ ചിട്ടയോടെ പുറത്തെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണ കല. എഴുത്തില്‍നിന്നും ഒന്നും വെട്ടിമാറ്റാനുണ്ടാവുകയില്ല. അദ്ദേഹം ഒരു പരിഷ്‌കര്‍ത്താവൊന്നുമല്ലെന്ന് നമുക്ക് സൂക്ഷ്മതക്കു വേണ്ടി പറയാം. പക്ഷേ, ഒരു നവോത്ഥാന സംരംഭത്തെ മുക്കാല്‍ നൂറ്റാണ്ട് നയിച്ചു എന്ന അര്‍ഥത്തില്‍ മുജദ്ദിദിന്റെ ലക്ഷണമൊത്ത പിന്‍ഗാമി എന്ന് അദ്ദേഹത്തെ വിളിക്കാം. സയ്യിദ് മൗദൂദിയെ സംബന്ധിച്ച് ടി.കെ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തെ സംബന്ധിച്ചും പറയാവുന്നതേയുള്ളൂ. ''...പുസ്തകമെഴുത്തുകാരനായ അക്കാദമിക് പണ്ഡിതനോ ദന്തഗോപുര ബുദ്ധിജീവിയോ അല്ല, പരിവര്‍ത്തന ദാഹിയായ പ്രബോധകന്‍! അളന്നു മുറിച്ച അക്ഷരങ്ങളേക്കാള്‍ ആഴത്തില്‍ ആഞ്ഞുതറക്കുന്ന ആശയങ്ങളിലാണയാള്‍ക്ക് താല്‍പര്യം...''
അദ്ദേഹത്തിന്റെ സഹധര്‍മിണിയെ കൂടി പറയാതെ ടി.കെയെ കുറിച്ചുള്ള വര്‍ത്തമാനം അവസാനിക്കില്ല. ആ മഹാമനുഷ്യനെ തടസ്സമേതുമില്ലാതെ നമുക്ക് നല്‍കിയതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്. ടി.കെയുടെ കൂടെ ടി.കെക്കു വേണ്ടി അവര്‍ ഉറച്ചുനിന്നു. അനേകം ശാരീരിക അവശതകള്‍ക്കിടയിലും ചിന്താമണ്ഡലത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അവര്‍ നല്‍കിയ ബലം അപാരമാണ്. ടി.കെക്ക് ആളുകള്‍ നല്‍കുന്ന ബഹുമാനാദരങ്ങള്‍ വാത്സല്യമായി അവരില്‍നിന്നും തിരിച്ചുകിട്ടി. മാതൃകയാണ് ആ ദമ്പതികള്‍. മക്കളെ ദീനും പ്രസ്ഥാനവും നല്‍കി വളര്‍ത്തി.
 കുടുംബത്തെ കുറിച്ചും പ്രസ്ഥാനത്തെ കുറിച്ചും ഏറെ ആഹ്ലാദത്തോടെ തന്നെയായിരിക്കും അദ്ദേഹം നാഥനു മുന്നില്‍ സന്നിഹിതനാവുക.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 39-42
ടി.കെ ഉബൈദ്‌