Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 29

3224

1443 റബീഉല്‍ അവ്വല്‍ 22

അവാച്യമായ ആത്മബന്ധത്തിന്റെ അരനൂറ്റാണ്ട്‌

ശൈഖ് മുഹമ്മദ് കാരകുന്ന്‌

1982 ജനുവരിയിലാണ് ഞാന്‍ ജമാഅത്തെ ഇസ്‌ലാമി അംഗമാകുന്നത്. അതേ വര്‍ഷം സംസ്ഥാന കൂടിയാലോചനാ സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിമിയില്‍നിന്ന് വിട്ടുപോന്ന ഉടനെയായിരുന്നു അത്. അതുകൊണ്ടുതന്നെ  സിമിയുടെ നേതാക്കളുമായുള്ള ആത്മബന്ധം അഗാധമായിരുന്നു. അതിനെ സംബന്ധിച്ച് അന്നത്തെ കേരള അമീറായിരുന്ന ടി.കെ അബ്ദുല്ലാ സാഹിബിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് എസ്.ഐ.ഒ രൂപീകരിക്കപ്പെട്ടപ്പോള്‍ അതില്‍ ചേരാന്‍ എന്നെ അല്‍പം പോലും നിര്‍ബന്ധിച്ചില്ല. പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതക്കും കൂട്ടുകാരോടുള്ള വൈകാരിക ബന്ധത്തിനുമിടയില്‍പെട്ട് അങ്ങേയറ്റം കലുഷിതമായ മനസ്സിന് അന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന ടി.കെ സാഹിബ് സ്വീകരിച്ച ഉദാരമായ സമീപനം സമ്മാനിച്ച സമാശ്വാസം അതിരുകളില്ലാത്തതാണ്. പ്രസ്ഥാന നേതൃത്വത്തോട് അതുണ്ടാക്കിയ അങ്ങേയറ്റത്തെ മതിപ്പും ആദരവും വാക്കുകളില്‍ വിവരിക്കാനാവില്ല.
ഞാന്‍ അംഗമായ ശേഷമുള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ ശൂറാ യോഗം കഴിഞ്ഞപ്പോള്‍ ടി.കെ സാഹിബ്, സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ലീവെടുത്ത് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ചുമതല ഏറ്റെടുക്കാമോ എന്ന് ചോദിച്ചു. ലീവെടുക്കുന്നതിന് തടസ്സമൊന്നുമില്ലെന്നും എന്നാല്‍ ഐ.പി.എച്ചിന്റെ ചുമതല വഹിക്കാന്‍ സാധിക്കുമോയെന്ന് സംശയമാണന്നും അറിയിച്ചു. അപ്പോള്‍ അദ്ദേഹം പകര്‍ന്നു തന്ന ധൈര്യവും പ്രോത്സാഹനവുമാണ് പ്രസ്തുത ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആത്മവിശ്വാസം നല്‍കിയത്. ജീവിതത്തിലെ എല്ലാ അര്‍ഥത്തിലുമുള്ള വഴിത്തിരിവായിരുന്നു അത്. വായനയുടെയും എഴുത്തിന്റെയും ലോകത്ത് ധാരാളമായി വ്യാപരിക്കാന്‍ അതവസരമൊരുക്കി. അതിനേക്കാള്‍ വലിയ നേട്ടവും സൗഭാഗ്യവുമായത് ടി.കെയോടൊന്നിച്ച് താമസിക്കാന്‍ സാധിച്ചുവെന്നതാണ്. വെള്ളിമാട്കുന്നിലെ ഐ.എസ്.ടി കോമ്പൗണ്ടില്‍ ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്നിടത്തുണ്ടായിരുന്ന കെട്ടിടത്തിലാണ് അന്ന് അമീറായിരുന്ന ടി.കെ സാഹിബ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ റൂമിനോട് ചേര്‍ന്നുള്ള മുറിയിലായിരുന്നു ഞാന്‍. അത് എല്ലാ ദിവസവും കണ്ടുമുട്ടാനും ധാരാളമായി സംസാരിക്കാനും ആശയവിനിമയം നടത്താനും അവസരമൊരുക്കി. അതെനിക്ക് വൈജ്ഞാനിക മേഖലയിലും പ്രാസ്ഥാനികരംഗത്തും വളരെയേറെ ഉപകരിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിതൃനിര്‍വിശേഷമായ സ്‌നേഹത്തോടെ അദ്ദേഹമെന്നെ രൂപപ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ അര്‍ഥത്തിലും എന്റെ വന്ദ്യനായ ഗുരുവര്യനാണ് ടി.കെ സാഹിബ്.

മാറ്റത്തിന് കാരണമായ തിരുത്ത്
പതിറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദലി ജിന്നയുടെ വ്യക്തിജീവിതത്തെ വിശകലനം ചെയ്ത് വിമര്‍ശനവിധേയമാക്കുന്ന ഒരു ലേഖനമെഴുതി. അത് വായിച്ച ടി.കെ സാഹിബ് അടുത്ത് വിളിച്ച് വരുത്തി പറഞ്ഞു: 'ജിന്നയെ സംബന്ധിച്ച് എഴുതിയത് ശരിയായില്ല.'  ഞാന്‍ പറഞ്ഞു: 'ഇന്നയിന്ന പുസ്തകങ്ങളില്‍ അതൊക്കെ വ്യക്തമായി രേഖപ്പെടുത്തിയതാണല്ലോ.' ഉടനെ അല്‍പം ഗൗരവത്തില്‍ പറഞ്ഞു: 'അതൊന്നും സത്യമല്ലെന്നല്ല ഞാന്‍ പറഞ്ഞത്. എന്നാല്‍ എല്ലാ സത്യവും വിളിച്ചു പറയാനുള്ളതല്ല. ജിന്നയെ അങ്ങേയറ്റം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിനാളുകളുണ്ട്. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തി അവരെ പ്രതിയോഗികളാക്കിയിട്ട് താങ്കള്‍ക്കോ പ്രസ്ഥാനത്തിനോ എന്ത് നേട്ടമാണുണ്ടാവുക? അതിനാല്‍ ആ ചെയ്തത് ശരിയല്ല.'
എന്നെ അഗാധമായി സ്വാധീനിച്ച ഒന്നായിരുന്നു ടി.കെയുടെ സന്ദര്‍ഭോചിതമായ ആ തിരുത്ത്. വിമര്‍ശനത്തില്‍ സ്വീകരിക്കേണ്ട മര്യാദയെയും സംവാദ സംസ്‌കാരത്തെയും സംബന്ധിച്ച ആ  ശിക്ഷണം ജീവിതത്തില്‍ വളരെയേറെ ഉപകരിച്ചു. മൂന്നര പതിറ്റാണ്ട് കാലം മുജാഹിദുകളുമായി സംവാദം നടത്തേണ്ടിവന്നിട്ടും അതിന്റെ നേതാക്കളും പ്രവര്‍ത്തകരുമായുള്ള സുഹൃദ്ബന്ധം ഒട്ടും പോറല്‍ പറ്റാതെ കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. യുക്തിവാദികളുമായി നടത്തിയ നിരവധി സംവാദങ്ങളില്‍ മറുഭാഗത്ത് ശക്തനായ പ്രതിയോഗിയായി നിലകൊണ്ട യു. കലാനാഥന്‍ ഈ കോവിഡ് കാലത്തും ഇടക്കിടെ ഫോണ്‍ ചെയ്ത് ക്ഷേമാന്വേഷണം നടത്താറുണ്ടെന്നത് തന്നെ അദ്ദേഹം ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് എത്രമേല്‍ വില കല്‍പിക്കുന്നുണ്ടെന്നതിന് മതിയായ തെളിവാണ്. ശരീഅത്ത് സംവാദം തൊട്ട് സംവാദ രംഗത്ത് എതിര്‍ ചേരിയില്‍ നിലയുറപ്പിച്ച എം.എന്‍ കാരശ്ശേരി തന്റെ സൗഹൃദസന്ദേശം കൈമാറിയിട്ട് ഒരു മാസം ആകുന്നേയുള്ളൂ. സംവാദം സുഹൃദ്ബന്ധത്തെ ബാധിക്കാതിരിക്കുമാറ് സര്‍ഗാത്മകമാക്കുന്നതില്‍ ടി.കെ സാഹിബിന്റെ ഉപദേശനിര്‍ദേശങ്ങള്‍ വളരെയേറെ ഉപകരിക്കുകയുണ്ടായി.

സ്‌നേഹപൂര്‍വമായ ശാസന
ശരീഅത്ത് സംവാദ കാലം. കോഴിക്കോട് ടൗണ്‍ ഹാളില്‍ ശ്രദ്ധേയമായൊരു സിമ്പോസിയം നടന്നു. ഇസ്‌ലാമിക പക്ഷത്ത് മൂന്നു പേരും ശരീഅത്ത് വിരുദ്ധ പക്ഷത്ത് മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍  വിജയം ശരീഅത്ത് പക്ഷത്തിനായിരുന്നു. പരിപാടി കഴിഞ്ഞ് വെള്ളിമാട്കുന്നിലെത്തി നമസ്‌കാരവും ഭക്ഷണവും കഴിഞ്ഞ് വരാന്തയിലേക്ക് കയറിയപ്പോള്‍ ചുമലില്‍ കൈവെച്ച് പിതൃതുല്യമായ സ്‌നേഹത്തോടെ ടി.കെ പറഞ്ഞു: 'നമുക്ക് ഒട്ടും അഹങ്കരിക്കാന്‍ വകയില്ല. നമ്മള്‍ നേരിട്ടത് വളരെ പ്രഗത്ഭരായ എതിരാളികളെയാണ്. നമ്മുടെ യോഗ്യത കൊണ്ടും കഴിവ് കൊണ്ടുമല്ല നാം മികവ് നേടിയത്. അല്ലാഹുവിന്റെ ശരീഅത്തിന്റെ കരുത്ത് കൊണ്ടാണ്. എന്നാല്‍ നമ്മള്‍ പറഞ്ഞത് ടൗണ്‍ ഹാളിലും പരിസരത്തുമുള്ള അറുനൂറോ എണ്ണൂറോ പേര്‍ കേട്ടിരിക്കും. നാളെ നാം പറഞ്ഞതൊന്നും പത്രത്തിലുണ്ടാവില്ല. മറുഭാഗം പറഞ്ഞത് ജനങ്ങളുടെ മുന്നിലെത്തുകയും ചെയ്യും.' അത് തീര്‍ത്തും ശരിയായിരുന്നു. പിറ്റേന്നത്തെ പ്രധാന പത്രങ്ങളിലെല്ലാം ശരീഅത്ത് വിമര്‍ശകരുടെ പ്രഭാഷണങ്ങളുടെ സംഗ്രഹമുണ്ടായിരുന്നു. ശരീഅത്ത് പക്ഷത്തിന്റെ പ്രസംഗങ്ങള്‍ ടി.കെ അബ്ദുല്ലയും ഒ. അബ്ദുര്‍റഹ്മാനും ശൈഖ് മുഹമ്മദ് കാരകുന്നും പ്രസംഗിച്ചുവെന്ന ഒറ്റ വാചകത്തിലൊതുങ്ങി.
ഇത്തരം അനുഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടതാണല്ലോ, എല്ലാവരുടെയും വാക്കുകള്‍ എല്ലാവരെയും കേള്‍പ്പിക്കുന്ന മാധ്യമ സംവിധാനത്തെ സംബന്ധിച്ച് ചിന്തിക്കാനും തീരുമാനമെടുക്കാനും അത് പ്രയോഗവല്‍ക്കരിക്കാനും തിരസ്‌കൃത സമൂഹത്തെ നിര്‍ബന്ധിതമാക്കിയത്.
കേരളത്തില്‍ കമ്യൂണിസം കത്തിനിന്ന കാലത്ത് അതിനെ ആശയപരമായി നേരിടുന്നതില്‍ ടി.കെ അബ്ദുല്ല സാഹിബ് വഹിച്ച പങ്ക് സുവിദിതമാണ്. നിരവധി പേരെ തന്റെ വ്യക്തി സംഭാഷണങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കമ്യൂണിസത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്രകാരംതന്നെ യുക്തിവാദികളെയും മതനവീകരണവാദികളെയും പ്രമാണബദ്ധമായും യുക്തിനിഷ്ഠമായും അഭിമുഖീകരിക്കാനും പ്രതിരോധിക്കാനും ആ പണ്ഡിതശ്രേഷ്ഠന് സൗഭാഗ്യം സിദ്ധിച്ചു.

പ്രവാഹം പോലെ പ്രഭാഷണം
കേരളത്തില്‍ ആദ്യമായി നടന്ന സൗഹൃദപൂര്‍ണമായ  മതാന്തര സംവാദം തൃശൂരില്‍ എസ്.ഐ.ഒ സംഘടിപ്പിച്ചതായിരുന്നു. അതില്‍ ഇസ്‌ലാമിക പക്ഷത്തു നിന്ന് വിഷയമവതരിപ്പിച്ചത് ടി.കെ അബ്ദുല്ല സാഹിബാണ്.  പരിപാടിയില്‍ പങ്കെടുക്കേണ്ട ടി.കെ സാഹിബും ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബും ഈ ലേഖകനും തലേന്ന് രാത്രി താമസിച്ചത് തൃശൂരിലെ ഒരു ലോഡ്ജിലാണ്. ആ രാത്രി ടി.കെ സാഹിബിന് അല്‍പം പോലും ഉറങ്ങാന്‍ കഴിഞ്ഞില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, 'വിഷയാവതരണത്തിലോ ചോദ്യോത്തരങ്ങളിലോ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് ദോഷം ചെയ്യുക ഇസ്‌ലാമിനും  ഇസ്‌ലാമിക പ്രസ്ഥാനത്തിനുമാണല്ലോ; അതേക്കുറിച്ച ആലോചനകളാണ് എന്റെ ഉറക്കം കെടുത്തിയത്' എന്നാണ്. ഇസ്ലാമിനോടും ഇസ്‌ലാമിക പ്രസ്ഥാനത്തോടുമുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ പ്രതിബദ്ധതയെയും താന്‍ കാരണമായി അതിനൊരു ദോഷവും സംഭവിക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ ജാഗ്രത്തായ മനസ്സിനെയുമാണ് ഇത് വിളംബരം ചെയ്യുന്നത്.
തന്റെ പ്രഭാഷണങ്ങളിലും ചോദ്യങ്ങള്‍ക്കുള്ള മറുപടികളിലും അസാധാരണമായ സൂക്ഷ്മത  പുലര്‍ത്തിയ പ്രഗത്ഭനായ പ്രഭാഷകനാണ് ടി.കെ അബ്ദുല്ലാ സാഹിബ്. സുകുമാര്‍ അഴീക്കോട്, എം.എന്‍ വിജയന്‍, അരങ്ങില്‍ ശ്രീധരന്‍, സി.എച്ച് മുഹമ്മദ് കോയ തുടങ്ങിയവരോടൊപ്പമാണ് പ്രഭാഷണ രംഗത്ത് അദ്ദേഹത്തിന്റെ സ്ഥാനം. അളന്നു മുറിച്ച വാക്കുകള്‍ അതീവ ചാരുതയോടെ ചേര്‍ത്തുവെച്ച ആ പ്രസംഗം എത്ര മണിക്കൂര്‍ കേട്ടിരുന്നാലും ശ്രോതാക്കള്‍ അത് നിര്‍ത്താതിരിക്കട്ടെ എന്നാഗ്രഹിച്ചുപോവുക പതിവായിരുന്നു. ഗിരിശൃംഗങ്ങളില്‍നിന്ന് ആര്‍ത്തലച്ചുവരുന്ന ഒരു മഹാ പ്രവാഹം പോലെ ഒഴുകിയെത്തുന്ന വാക്കുകള്‍ കേള്‍വിക്കാരുടെ കാതുകളിലൂടെ തുളച്ചുകയറി അകത്തളങ്ങളില്‍ ആന്ദോളനങ്ങള്‍  സൃഷ്ടിക്കുമായിരുന്നു. ഒരു കുറിപ്പ് പോലുമില്ലാതെയാണ് അദ്ദേഹം മണിക്കൂറുകളോളം പ്രസംഗിക്കുക. എന്നാല്‍ ആലോചിച്ചും ചിന്തിച്ചും പൂര്‍ണമായ തയാറെടുപ്പോടെയാണ് അത് നിര്‍വഹിക്കുക. നര്‍മരസം തുളുമ്പുന്ന പ്രഭാഷണങ്ങള്‍ എതിരാളികളില്‍പോലും മതിപ്പും വിസ്മയവും സൃഷ്ടിക്കുന്നവയായിരുന്നു; ഒപ്പം അവരെപ്പോലും ചിരിപ്പിക്കുന്നവയും. ഏതു വിഷയത്തെ സംബന്ധിച്ചും അത്യന്തം ആകര്‍ഷകമായും അതീവ സുന്ദരമായും ഏറെ ഹൃദ്യമായും അനായാസം പ്രസംഗിക്കുമായിരുന്നു. മൂന്നും നാലും മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ചാലും അദ്ദേഹം നിര്‍ത്തരുതേ എന്നാണ് ശ്രോതാക്കള്‍ ആഗ്രഹിക്കുക.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിലാണ് ടി.കെ സാഹിബുമായി ആദ്യമായി വേദി പങ്കിടാന്‍ അവസരം ലഭിച്ചത്. മാട്ടൂലില്‍ സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തില്‍ വെച്ചായിരുന്നു അത്. പിന്നീട് അദ്ദേഹവുമായി നൂറുകണക്കിന്  വേദികള്‍ പങ്കിടാന്‍ അവസരം ലഭിച്ചു. ചിന്താപരമായ ഐക്യവും ആശയപരമായ ഏകീഭാവവും കാരണമാവാം അദ്ദേഹം നടത്തിക്കൊണ്ടിരുന്ന പ്രസംഗം ശബ്ദതടസ്സം കാരണം ഇടക്കു വെച്ച് നിര്‍ത്തേണ്ടി വന്നപ്പോള്‍ അത് പൂര്‍ത്തീകരിക്കാന്‍ എന്നോട് ആവശ്യപ്പെടാന്‍ അദ്ദേഹത്തിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അത് പൂര്‍ത്തീകരിക്കാന്‍ എനിക്കും പ്രയാസപ്പെടേണ്ടിവന്നില്ല. 1984-ല്‍ ശാന്തപുരത്ത് നടന്ന ഇസ്‌ലാമിയാ കോളേജിന്റെ സില്‍വര്‍ ജൂബിലി സമ്മേളനത്തിലെ സെമിനാറില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് അത് തുടരാന്‍ സാധിക്കാതെ വന്നു. ഉടനെ എന്നോട് അത് പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം നിര്‍ത്തിയിടത്തു നിന്ന് ആരംഭിച്ച് അരമണിക്കൂറെടുത്ത് വിഷയം പൂര്‍ത്തീകരിച്ചു. ഇത് സാധ്യമാകുംവിധം വീക്ഷണപരമായ ഏകീഭാവമുണ്ടാകാന്‍ ഞങ്ങള്‍ക്കിടയിലെ നിരന്തര സമ്പര്‍ക്കവും സംസാരവും ചര്‍ച്ചകളും അവയിലൂടെയുള്ള ആശയവിനിമയവും  സഹായകമായിരുന്നു.
ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം കെട്ടിപ്പടുത്ത ഹാജി മുഹമ്മദലി സാഹിബിന്റെ കാലം തൊട്ട് കര്‍മരംഗത്ത് നിറഞ്ഞുനിന്ന നേതാവാണ് ടി.കെ. തുടര്‍ന്ന് ഏഴര പതിറ്റാണ്ട് കാലം പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അദ്ദേഹം നിര്‍ണായകമായ പങ്ക് വഹിച്ചു. അതിന്റെ ഓരോ തുടിപ്പിലും മിടിപ്പിലും അദ്ദേഹത്തിന്റെ ഹൃദയമിടിപ്പുകള്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ഉണര്‍ന്നിരിക്കുമ്പോഴെല്ലാം അദ്ദേഹം ചിന്തിച്ചുകൊണ്ടിരുന്നത് ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും സംബന്ധിച്ചായിരുന്നു.
പ്രതിഭാധനനായ പണ്ഡിതന്‍, പ്രത്യുല്‍പന്നമതിയായ പരിഷ്‌കര്‍ത്താവ്, ക്രാന്തദര്‍ശിയായ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ഉജ്ജ്വല പ്രഭാഷകന്‍, ഗവേഷണതല്‍പരനായ എഴുത്തുകാരന്‍, സൂക്ഷ്മദൃക്കായ പത്രാധിപര്‍, ധിഷണാശാലിയായ നേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ അബ്ദുല്ലാ സാഹിബ് ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകള്‍  രൂപീകരിക്കുന്നതില്‍ ആറ് പതിറ്റാണ്ടിലേറെ കാലം നേതൃപരമായ പങ്ക് വഹിച്ചു. പ്രസ്ഥാനത്തിന്റെ പല പ്രധാന കാല്‍വെപ്പുകളിലും അദ്ദേഹത്തിന്റെ ചിന്തയും പഠനവുമുണ്ട്.
കര്‍മരംഗത്തേക്കാളേറെ ചിന്താ രംഗത്തും പഠനമേഖലയിലും ഗവേഷണ മണ്ഡലത്തിലുമാണ് ടി.കെ സാഹിബിന്റെ അമൂല്യമായ സംഭാവനകള്‍ പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായത്. അസാധാരണമായ സൂക്ഷ്മതയും ശ്രദ്ധയും കൂര്‍മബുദ്ധിയും കൈമുതലായുണ്ടായിരുന്നതിനാല്‍ തനിക്കും സംഘത്തിനും നേരിയ വ്യതിചലനം പോലും സംഭവിക്കാന്‍ സമ്മതിച്ചിരുന്നില്ല.
ചെറുപ്രായം മുതല്‍ തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സില്‍ അന്ത്യശ്വാസം വലിക്കുന്നതു വരെ വായനയും പഠനവും അന്വേഷണവും ചിന്തയും അവിരാമം തുടര്‍ന്നു. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാം അറിയാന്‍ എന്നും അതിയായ താല്‍പര്യം കാണിച്ചു. ശാസ്ത്ര-സാങ്കേതിക രംഗത്തായാലും രാഷ്ട്രീയ-ഭരണ മേഖലയിലായാലും മതമണ്ഡലത്തിലായാലും വൈദ്യശാസ്ത്രത്തിലായാലും മറ്റേത് കാര്യത്തിലായാലും പുതുതായുണ്ടാകുന്ന ഏതും എന്തും അറിയാന്‍  താല്‍പര്യം കാണിച്ചു. സാമാന്യ അറിവോ പൊതുധാരണയോ ഒരിക്കലും അദ്ദേഹത്തെ തൃപ്തിപ്പെടുത്തുമായിരുന്നില്ല. അതിസൂക്ഷ്മമായി അറിയുന്നതുവരെ അന്വേഷണം തുടരും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഒഴുക്കന്‍മട്ടില്‍ ഉത്തരം പറഞ്ഞ് രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഏറ്റവും പുതിയ തലമുറയിലെ  പ്രഗത്ഭരുമായി ഉറ്റ സമ്പര്‍ക്കം പുലര്‍ത്തിയും ആശയവിനിമയം നടത്തിയും അവരുടെ വികാരവിചാരങ്ങളും വീക്ഷണങ്ങളും നന്നായി മനസ്സിലാക്കിയിരുന്നു.

രണ്ടു പേരും ചേര്‍ന്ന മൂന്നാമന്‍
ടി.കെ സാഹിബ് എന്നോട് സദാ പറയാറുള്ള ഒരു വാചകമുണ്ട്; 'എന്റെ സൂക്ഷ്മതയും നിങ്ങളുടെ വേഗതയുമുള്ള ഒരാളെയാണ് നമുക്കാവശ്യം.' പ്രകൃത്യാ വേഗതയുള്ള എന്നില്‍നിന്ന് ചോര്‍ന്നുപോകുന്ന ജാഗ്രതയെയും തികവിനെയും സംബന്ധിച്ച് എന്നെ നിരന്തരം ഓര്‍മപ്പെടുത്തുകയായിരുന്നു യഥാര്‍ഥത്തില്‍ അദ്ദേഹം.
പല നിര്‍ണായക സന്ദര്‍ഭങ്ങളിലും ടി.കെ സാഹിബിന്റെ ഉപദേശനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ വഴിത്തിരിവായിത്തീര്‍ന്നിട്ടുണ്ട്. നീണ്ട മുപ്പത്തിയെട്ടു വര്‍ഷം അദ്ദേഹത്തോടൊന്നിച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതിയില്‍ അംഗമായി. ദീര്‍ഘമായ ഈ കാലയളവില്‍ നിരവധി വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പല തവണ വിയോജിക്കേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊക്കെയും വളരെ ശക്തമായിത്തന്നെ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിരുന്നു. അതൊന്നും ഞങ്ങളുടെ  ആത്മബന്ധത്തിന് അല്‍പം പോലും പോറലേല്‍പിച്ചില്ലെന്നു മാത്രമല്ല, അതിനെ അങ്ങേയറ്റം സുദൃഢവും സ്‌നേഹോഷ്മളവുമാക്കുകയാണുണ്ടായത്.
ആ സ്‌നേഹോഷ്മളമായ ബന്ധം കുടുംബത്തിലേക്കും പരന്നൊഴുകി. കുടുംബിനിയുടെയും കുട്ടികളുടെയും വിവരം അന്വേഷിച്ചറിയുക മാത്രമല്ല, കുടുംബത്തെ കാണാന്‍ വീട്ടില്‍ വരികയും ദീര്‍ഘമായ സമയം വീട്ടില്‍ കഴിച്ചുകൂട്ടുകയും ചെയ്തു. ഞങ്ങള്‍ക്കിടയിലെ ഈ ആത്മബന്ധത്തിന് അല്ലാഹു ഇഹലോകത്തു വെച്ച് നല്‍കിയ പാരിതോഷികമായിരിക്കാം ടി.കെ സാഹിബിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ മനസ്സറിഞ്ഞും മനം കവര്‍ന്നും അദ്ദേഹത്തെ ചികിത്സിക്കാനും പരിചരിക്കാനും മകളുടെ ഭര്‍ത്താവ് ഡോക്ടര്‍ അബ്ദുര്‍റഹ്മാന്‍ ദാനിക്ക് അവസരം ലഭിച്ചത്. അവസാനമായി കുടുംബിനിയോടൊന്നിച്ച് കുറ്റ്യാടിയിലെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ അതേക്കുറിച്ച് തമാശയായി പറഞ്ഞു: 'നിങ്ങളുടെ മരുമകനോട് ഞാന്‍ സംസാരിച്ച പോലെ സമയമെടുത്ത് നിങ്ങള്‍ സംസാരിച്ചിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ ഒറ്റയിരുപ്പില്‍ ഡോ. അബ്ദുര്‍റഹ്മാനുമായി മണിക്കൂറുകളോളം സംസാരിക്കാറുണ്ട്. അങ്ങനെ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടാവില്ലല്ലോ.'
അന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ടി.കെ സാഹിബ് കുടുംബിനിയോട് പറഞ്ഞു: 'ഇനി നമുക്ക് സ്വര്‍ഗത്തില്‍ വെച്ച് കണ്ടുമുട്ടാം.'
'അല്ലാഹു അനുഗ്രഹിക്കട്ടെ' - ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ക്കിടയിലെ അവസാനത്തെ കൂടിക്കാഴ്ചയും അതായിരുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 39-42
ടി.കെ ഉബൈദ്‌