റബീഉല്‍ അവ്വല്‍: പ്രവാചക ചരിത്രത്തിന്റെ സ്ട്രാറ്റജിക് വായന
പ്രവാചക ചരിത്രകൃതികള്‍ ഒട്ടനവധിയുണ്ട്. യുഗശില്‍പ്പികളായ മഹാ പണ്ഡിതന്മാര്‍ മുതല്‍ അപ്രശസ്തരായ സാധാരണ എഴുത്തുകാര്‍ വരെ കൈവെച്ച മേഖലയാണത്. പരമ്പരാഗത ശൈലിയില്‍ വിഷയം കൈകാര്യം ചെയ്യുന്ന കൃതികളും വ്യത്യസ്തമായ ശൈലിയിലും വ്യതിരിക്തമായ വീക്ഷണകോണിലൂടെയും അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കൃതികളും കൂട്ടത്തിലുണ്ട്.
ലോകപ്രശസ്തമായ അല്‍ജസീറ വാര്‍ത്താചാനലുള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങള്‍ക്കു നേതൃത്വമേകുന്ന അല്‍ജസീറ നെറ്റ്‌വര്‍ക്കിന്റെ ജനറല്‍ മാനേജര്‍ പദവിയില്‍ 2003 മുതല്‍ 2011 വരെയുള്ള എട്ട് വര്‍ഷം പ്രവര്‍ത്തിച്ച വദ്ദാഹ് ഖന്‍ഫര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ 'റബീഉല്‍ അവ്വല്‍: പ്രവാചകചരിത്രം; ഒരു രാഷ്ട്രീയ-സ്ട്രാറ്റജിക് വായന' (അര്‍റബീഉല്‍ അവ്വല്‍: ഖിറാഅ സിയാസിയ്യ വ ഇസ്തിറാതീജിയ്യ ഫിസ്സീറതിന്നബവിയ്യ) എന്ന കൃതി പലതുകൊണ്ടും ശ്രദ്ധേയമാണ്. ആധുനിക യുഗത്തിലെ ഭരണകൂടങ്ങളുടെയും ഭരണാധികാരികളുടെയും സ്ട്രാറ്റജികള്‍ അംഗീകൃത രീതിശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് വിദഗ്ധര്‍ പരിശോധിക്കാറുണ്ടല്ലോ. സമാനമായൊരു പരിശോധനയാണ് ഖന്‍ഫര്‍ നിര്‍വഹിക്കുന്നത്.
ഗ്രന്ഥത്തെ സംബന്ധിച്ച് ഖന്‍ഫര്‍ തന്നെ പറയട്ടെ: ''നാം ഒരു തികവാര്‍ന്ന മനുഷ്യകര്‍മത്തിനു മുമ്പാകെയാണ്. ബുദ്ധിപരമായി ഉള്‍ക്കൊള്ളാവുന്നതും പ്രായോഗികമായി ന്യായീകരിക്കപ്പെടുന്നതുമായ മനുഷ്യകര്‍മം. മനുഷ്യവിമോചനം എന്ന ഉന്നതമായ ലക്ഷ്യമാണ് ആ കര്‍മത്തെ ചിട്ടപ്പെടുത്തുന്നത്. പ്രവാചകകാലത്തും തൊട്ടുമുമ്പുമുള്ള ലോകത്തിന്റെ പൂര്‍ണമായൊരു ചിത്രം വരക്കാന്‍ നാം ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുണ്ട്. അവിടെ ഇസ്‌ലാമിക സ്രോതസ്സുകളെ മാത്രം അവലംബിച്ച് മതിയാക്കിയിട്ടില്ല. മറിച്ച് ബൈസാന്റിയന്‍ സ്രോതസ്സുകളെയും കൂടെ ഹിംയര്‍, പേര്‍ഷ്യന്‍, അബ്‌സീനിയന്‍ സ്രോതസ്സുകളെയും കൂട്ടുപിടിച്ചിട്ടുണ്ട്. അവയെല്ലാം പ്രവാചകന്‍ സമ്പര്‍ക്കം പുലര്‍ത്തിയ സാമ്പത്തിക- രാഷ്ട്രാന്തരീയ പരിസരത്തിലേക്ക് വിവിധ കോണുകളിലൂടെ വെളിച്ചം വീശുന്നു....
മനോഹരമായ ഭൂതത്തില്‍ അഭിരമിക്കാനല്ല ഈ ഉദ്യമം. കര്‍മങ്ങളെയും നിലപാടുകളെയും വാഴ്ത്തിപ്പറയാനുമല്ല. മറിച്ച്, ഒരു അംഗീകൃത വൈജ്ഞാനിക രീതിശാസ്ത്രവും തികവാര്‍ന്നൊരു കര്‍മമാലയും നിര്‍മിച്ചെടുക്കാനുള്ള ശ്രമമാണ്. നമ്മുടെ സമകാല പരിസരത്തെ സംബന്ധിച്ച ഒരു രാഷ്ട്രീയ-സ്ട്രാറ്റജിക് അവബോധം നെയ്‌തെടുക്കാന്‍ അത് നമ്മെ സഹായിച്ചേക്കാം.''
ഗ്രന്ഥത്തിന്റെ ആമുഖമെന്ന നിലയില്‍ അദ്ദേഹമെഴുതിയ ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.
വിവ: ഹുസൈന്‍ കടന്നമണ്ണ
മുഹമ്മദ് നബിയുടെ നിയോഗം വേറിട്ടുനില്‍ക്കുന്നു. ദിവ്യബോധനവും മനുഷ്യരും തമ്മിലുള്ള ദാനാദാന ശ്രേണിയിലെ അവസാന നിയോഗമാണത്. മനുഷ്യര്‍ക്കുള്ള അവസാന പ്രവാചകന്‍! തന്റെ ജനതക്ക് മാത്രമുള്ള പ്രവാചകനല്ല, മറിച്ച് മാനവകുലത്തിനു മൊത്തമായുള്ള പ്രവാചകന്‍.
ഈ ഇരട്ട നിയോഗത്തിന് അര്‍ഥതലങ്ങളേറെ. ഒന്നാമതായി, മാനവത സവിശേഷ പക്വതയുടെ ദശാസന്ധിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ ദൈവിക വിളംബരമാണത്. ദൈവിക ദര്‍ശനത്തെ അതിന്റെ പരിപൂര്‍ണ രൂപത്തില്‍ ഏറ്റെടുക്കാന്‍ ആ പക്വത മാനവതയെ പ്രാപ്തമാക്കുന്നു. അതുവഴി പുതിയൊരു ദൈവിക ബോധനം ആവശ്യമില്ലാതെ മുന്നോട്ടുപോകാന്‍ ലോകത്തിനാവും. രണ്ടാമതായി, സമുദായ-ഗോത്ര-വംശ-വര്‍ണ പരിസരങ്ങളെ മറികടന്ന് ആഗോളതയിലേക്ക് നീങ്ങുന്ന മാനവതക്കാവശ്യമായിട്ടുള്ളത് ഏതെങ്കിലും വിഭാഗത്തില്‍ പരിമിതമാവാത്ത ആഗോളഭാഷ്യമായിരുന്നു.
മുഹമ്മദീയ സന്ദേശം മാനവതയെ സംബന്ധിച്ചേടത്തോളം സുവാര്‍ത്തകള്‍ മേളിച്ച സന്ദേശമായിരുന്നു. പറഞ്ഞല്ലോ, അത് മനുഷ്യപക്വതയുടെയും ആഗോളതയുടെയും സമാരംഭ വിളംബരമായിരുന്നു. കാലഘട്ടങ്ങളിലൂടെ ആര്‍ജിച്ച അവബോധത്തിന്റെയും ആഗോള സങ്കല്‍പ്പത്തിന്റെയും ഘട്ടത്തിലേക്കുള്ള മാനവതയുടെ വളര്‍ച്ച സ്ഥല-കാല പരിമിതികളെ മറികടന്നുള്ളൊരു ആഗോള സന്ദേശത്തിന്റെ സംബോധിതരാവാന്‍ അവരെ യോഗ്യരാക്കുന്നു. ''പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ദൈവദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരാള്‍ക്കാണോ അവന്റെ ദൂതന്‍. അവനല്ലാതെ വേറൊരു ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതേ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന, അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍. നിങ്ങള്‍ക്കു നേര്‍മാര്‍ഗം പ്രാപിക്കാം'' (ഖുര്‍ആന്‍ 7:158).
മനുഷ്യരെ ഒന്നടങ്കം അഭിസംബോധന ചെയ്തുള്ള ദൈവിക വിളംബരം പൂര്‍വ പ്രവാചകന്മാരെപ്പോലുള്ള ഒരു കേവല പ്രവാചകന്റെ നിയോഗത്തെ സംബന്ധിച്ച വിളംബരമായിരുന്നില്ല. മുഹമ്മദിനു മുമ്പുള്ള പ്രവാചകന്മാര്‍ അവരവരുടെ ജനതയിലേക്കു മാത്രം നിയോഗിക്കപ്പെട്ടവരാണ്. തങ്ങളുടെ കാലത്ത് ജീവിച്ച ജനതയുടെ ജീവിതപരിസരത്തോടുള്ള സംവദിക്കലായിരുന്നു അവരോരുത്തരുടെയും സന്ദേശം. ആ സന്ദേശത്തിന് കാലപ്പഴക്കമേറുമ്പോള്‍ ദൈവം മറ്റൊരു പ്രവാചകനെ നിയോഗിക്കുന്നു. പുതിയ പ്രവാചകന്‍ വ്യതിചലനങ്ങളും കേടുപാടുകളും തീര്‍ക്കാന്‍ യത്‌നിക്കുന്നു. ആ പ്രതിഭാസം അങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. പില്‍ക്കാലത്ത് മാനവത ആശയവിനിമയത്തിന്റെയും, ചിന്തകളിലും ഉപജീവനത്തിലും താല്‍പര്യങ്ങളിലുമുള്ള പരസ്പരാശ്രിതത്വത്തിന്റെയും പുതിയൊരു വിതാനത്തിലേക്ക് പ്രവേശിച്ചു. തുറസ്സില്ലാതെ തുരുത്തുകളായി നില്‍ക്കുന്ന നാഗരിക കേദാരങ്ങളെ കൂട്ടിയിണക്കി മുന്നോട്ടു പോകുന്നത് ലോകത്തിനു പ്രയാസകരമായി. കൂട്ടത്തിലോരോ കേദാരവും തങ്ങള്‍ വശമാണ് പരമമായ സത്യമെന്നു വാദിക്കുകയും അപരരെ കാടന്മാരും പ്രാകൃതരുമായി കാണുകയും ചെയ്തു. അതിനാല്‍ പുതിയൊരു ആഗോളഭാഷ്യം ആവശ്യമായിരുന്നു. മനുഷ്യകുലത്തിന് ഭാവിയിലേക്ക് സുരക്ഷിതമായും സമാധാനത്തോടെയും നീങ്ങാന്‍ പ്രാപ്തിയേകുന്ന ഭാഷ്യം. സമ്പൂര്‍ണ മതദര്‍ശനം മനുഷ്യകുലത്തെ വിശ്വസിച്ചേല്‍പ്പിക്കുന്ന ഭാഷ്യം. അതുവഴി മനുഷ്യകുലം ആ ദര്‍ശനത്തോട് സംവദിക്കുകയും പുതിയ പ്രവാചകന്മാരെ അയച്ചുള്ള ദൈവിക ഇടപെടല്‍ ആവശ്യമില്ലാത്ത വിധം അതിന്റെ വഴിയില്‍ മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു.
ഏഴാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ സംഘര്‍ഷങ്ങള്‍ മാനവതക്ക് താങ്ങാനാവാത്ത ഭാരമായി. അത് മനുഷ്യജീവിതത്തില്‍ നാശവും ഭീകരതയും അടിമത്തവും സൃഷ്ടിച്ചു. 'മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കടലിലും കരയിലും കുഴപ്പം അരങ്ങേറി'യത് (ഖുര്‍ആന്‍ 30:41) ആ സന്ദര്‍ഭത്തില്‍ വ്യക്തമായിരുന്നു. മനുഷ്യരാശിക്ക് അതിന്റെ സന്തുലിതത്വം തിരിച്ചുപിടിക്കാനും പുരോഗതി പുനരാരംഭിക്കാനും പുതിയൊരു പ്രാപഞ്ചിക തത്ത്വശാസ്ത്രം അനിവാര്യമായിരുന്നു. വ്യവസ്ഥിതിയിലും വിചാരത്തിലും ആഗോള മാനമുള്ള വിപ്ലവം സൃഷ്ടിക്കുകയും കാലമെത്ര മുന്നോട്ടു നീങ്ങിയാലും മാനവതക്ക് വഴികാണിക്കാന്‍ പ്രാപ്തിയുറ്റതായി നിലനില്‍ക്കുകയും ചെയ്യുന്ന ഒരു ദര്‍ശനം അത്യാവശ്യമായിരുന്നു. അതിര്‍ത്തികള്‍ ഭേദിക്കുകയും സ്ഥല-കാല ബന്ധനത്തിലമര്‍ന്ന് വന്ധ്യത ബാധിച്ച ആഗോള ശക്തികള്‍ക്കുമേല്‍ ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന പുതിയൊരു പ്രസ്ഥാനം ഉദയം ചെയ്യേണ്ടതുണ്ടായിരുന്നു. അക്കാലത്തെ ലോകം ചിന്താപരമായും ദാര്‍ശനികമായും പിന്നെ ചൈതന്യത്തിലും പരിവര്‍ത്തിതമാകേണ്ടിയിരുന്നു. പുതിയൊരു ആഗോള വിപ്ലവം ഉടലെടുക്കുന്നതിനായി പരിമിതികളില്‍നിന്നും ബന്ധനങ്ങളില്‍നിന്നും മാനവത മോചിതമാകേണ്ടിയിരുന്നു.
ഇവിടെയാണ് അന്ത്യസന്ദേശം സ്വാഭാവിക നാമ്പായി പ്രത്യക്ഷപ്പെട്ടത്. അത് ആകസ്മികമോ ആശ്ചര്യജനകമോ ആയിരുന്നില്ല. കീഴ്‌വഴക്കമില്ലാത്ത നവീന കണ്ടുപിടിത്തവുമായിരുന്നില്ല. മാനവതക്ക് അതിന്റെ മൗലിക രൂപം - കാലാന്തരത്തില്‍ വ്യതിചലിച്ചുപോയിരുന്നെങ്കിലും - പരിചിതമായിരുന്നു. കാരണം അവ മനുഷ്യരുടെ മാനസികഘടനയുടെയും പരമ്പരാഗത സ്മ്യതിയുടെയും അംശമാണ്. പക്ഷേ ആ സ്മൃതികാലാവശിഷ്ടങ്ങളുടെയും താല്‍പ്പര്യങ്ങളുടെയും തോന്ന്യാസങ്ങളുടെയും അട്ടിപ്പേറിനു താഴെ അടക്കം ചെയ്യപ്പെട്ട അവസ്ഥയിലായിരുന്നു.
മാനവപൈത്യകവുമായി ബന്ധം മുറിക്കാതെയാണ് ഇസ്‌ലാമിക സന്ദേശം രംഗപ്രവേശം ചെയ്തത്. അല്ല, മുന്‍കാല ദൈവിക സന്ദേശങ്ങളുടെ നിയമാനുസ്യത അനന്തരാവകാശിയായിക്കൊണ്ടാണ് അതു രംഗത്തു വന്നത്. കാരണം അവയൊക്കെയും സാരാംശത്തില്‍ ഇസ്‌ലാമിക സന്ദേശങ്ങളായിരുന്നു. പക്ഷേ അവ സ്ഥല-കാല ബന്ധിതങ്ങളായിരുന്നു. അങ്ങനെയാണ് മുഹമ്മദിന്റെ സന്ദേശം പൂര്‍വ സന്ദേശങ്ങളെ പൂരിപ്പിക്കുന്ന മൗലിക സന്ദേശമായി രംഗത്തുവന്നത്. പൂര്‍വ സന്ദേശങ്ങളും നിയമവ്യവസ്ഥകളും അതിന്റെ ഭാഗമായിരുന്നെങ്കിലും അപൂര്‍ണങ്ങളായിരുന്നു. കാരണം അവയത്രയും വന്നത് മനുഷ്യ പുരോയാനത്തിന്റെ ചില നിര്‍ണിത ഘട്ടങ്ങളിലാണ്. എന്നാല്‍ ഇസ്‌ലാമിന്റെ മുഹമ്മദീയ പതിപ്പ് മനുഷ്യബോധം പാകമാവുകയും മുഴുസന്ദേശം വഹിക്കാന്‍ പ്രാപ്തമാവുകയും ചെയ്ത ശേഷമുള്ള സമ്പൂര്‍ണ മതദര്‍ശനമാണ്. ''ഇന്ന് ഞാന്‍ നിങ്ങള്‍ക്കു നിങ്ങളുടെ മതദര്‍ശനം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു'' (ഖുര്‍ആന്‍ 6:3).
മുഹമ്മദിനു മുമ്പുള്ള പ്രവാചകന്മാര്‍ തങ്ങളുടെ ജനതക്കു പകര്‍ന്നത് ഇസ്‌ലാം ദര്‍ശനം തന്നെയാണ്. അഥവാ ഏകദൈവത്തിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസമുള്‍ക്കൊള്ളുന്ന ഇസ്‌ലാമിന്റെ അടിസ്ഥാന വശങ്ങളും അവരുടെ ആവശ്യത്തിനും പക്വതക്കും അനുയോജ്യമായ നിയമങ്ങളുമാണ് പകര്‍ന്നുനല്‍കിയത്. മുഹമ്മദ് വന്നതാകട്ടെ, തികവാര്‍ന്ന അടിസ്ഥാനങ്ങളും സമ്പൂര്‍ണ നിയമവ്യവസ്ഥയുമുള്ള ഇസ്‌ലാമിന്റെ പതിപ്പുമായിട്ടാണ്. മനുഷ്യബോധവുമായി വിളക്കിച്ചേര്‍ക്കാന്‍ ഉചിതമായ രൂപത്തിലാണത്. നിര്‍ണിതമായൊരു സ്ഥലത്ത്, സവിശേഷമായൊരു മുഹൂര്‍ത്തത്തില്‍ അത് പ്രയാണമാരംഭിച്ചു. പിന്നീട് അതിര്‍ത്തികള്‍ ഭേദിച്ച് ആഗോളതയുടെ ദിശയില്‍ നീങ്ങിത്തുടങ്ങി. ഭാവിയോടത് തുറന്ന സമീപനം പുലര്‍ത്തുന്നു. അതിന്റെ അടിസ്ഥാനങ്ങളില്‍ ഭേദഗതിയോ തിരുത്തോ ആവശ്യമില്ല.
മുഹമ്മദീയ സന്ദേശമുള്‍ക്കൊള്ളുന്ന പുതുമ എന്തെന്നു ചോദിച്ചാല്‍, അത് മനുഷ്യസമൂഹത്തെ ഒന്നടങ്കം ഉള്‍ക്കൊള്ളുന്ന ആദംവംശപരമ്പരയിലേക്കു ലോകത്തെ തിരിച്ചുകൊണ്ടുവന്നുവെന്നതാണ്. പരിമിത ബന്ധങ്ങളെ മറികടക്കുന്ന മാനവികതയാണത്. മനുഷ്യകുലത്തെ സംഘട്ടനങ്ങളിലേക്കും നാശങ്ങളിലേക്കും നയിച്ച അടഞ്ഞ പക്ഷപാതിത്വങ്ങളില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന മാനവികത. മതപരവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ അതിര്‍ത്തികളെ, സാമ്രാജ്യങ്ങളുടെയും രാഷ്ട്രങ്ങളുടെയും സമുദായങ്ങളുടെയും ചലനങ്ങളെ ഭരിക്കുന്ന 'അനിവാര്യ സംഘട്ടനം' എന്ന തത്ത്വത്തിനുപരിയായി ഉയര്‍ത്തിക്കൊണ്ടുപോവുകയും തല്‍സ്ഥാനത്ത് ഒരു ആഗോളക്രമം സ്ഥാപിക്കുകയും ചെയ്യുന്ന സന്ദേശമാണത്. ആ ആഗോളക്രമത്തിന്റെ ഉള്‍സാരം ഏകദൈവത്വമാണ്. അതിന്റെ അടിത്തറ ധാര്‍മികതയാണ്.
മുഹമ്മദീയ സന്ദേശം കാലപ്പഴക്കമേറ്റ് ദ്രവിച്ചുപോവുകയില്ല. മറിച്ച്, എല്ലാ തലമുറകള്‍ക്കും യോജിക്കുംവിധം സ്വയം നവീകൃതമായും സജീവമായും അവശേഷിക്കും. ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ ഇസ്‌ലാം 'ഭാവി'യില്‍ താമസമുറപ്പിക്കുന്നു. സമകാല പരിസരവുമായി ബന്ധം മുറുക്കിയും ഭാവിയോട് തുറന്ന സമീപനം സ്വീകരിച്ചും അത് നിത്യവികസ്വരമായി തുടരേണ്ടതുണ്ട്. ഇവിടെയാണ് തിരിഞ്ഞുനോക്കാതെ മുന്നേറുന്ന മാനവതയുടെ പ്രയാണത്തില്‍ ഇസ്‌ലാമിന് സ്വയംപ്രചോദനശേഷി പകരുന്ന ഒരു അപൂര്‍വ സമവാക്യം പ്രത്യക്ഷമാകുന്നത്. അടിയുറച്ച അടിസ്ഥാനപ്രമാണങ്ങള്‍ക്കും വികസിക്കുന്ന മനുഷ്യധിഷണക്കുമിടയിലുള്ള, ഇളകാത്ത പ്രമാണപാഠങ്ങള്‍ക്കും ചലിക്കുന്ന ആശയചൈതന്യത്തിനുമിടയിലുള്ള നിലക്കാത്ത ദാനദാനമാണത്. അതുവഴി അതത് കാലത്തെ മനുഷ്യജീവിത ചലനങ്ങളോട് താദാത്മ്യം പ്രാപിക്കുന്ന സജീവ ചിന്ത ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
ഈയര്‍ഥത്തില്‍ ഇസ്‌ലാം സജീവമായൊരു സൃഷ്ടിയാണ്. അതിന്റെ വളര്‍ച്ച നിലക്കുന്നില്ല. മാനവത ഏന്നെങ്കിലും അഭിമുഖീകരിക്കാനിടയുള്ള പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കുന്നതില്‍ അതൊരിക്കലും പരാജയപ്പെടില്ല. ഇസ്‌ലാം പ്രതിസന്ധിയിലാണെന്നു തോന്നുന്ന ഏതെങ്കിലും ഘട്ടത്തെ ആകസ്മികമായി അഭിമുഖീകരിക്കേണ്ടി വന്നാല്‍, മനസ്സിലാക്കണം, പ്രമാണ പാഠങ്ങളും ധിഷണയും തമ്മിലുള്ള ദാനാദാനമെന്ന സമവാക്യത്തിനു തകരാറ് പറ്റിയിരിക്കുന്നുവെന്ന്. അടിസ്ഥാനം സമ്പൂര്‍ണവും തികവാര്‍ന്നതുമാണെന്നിരിക്കെ സന്ദേശമേല്‍പ്പിക്കപ്പെട്ട ധിഷണ പ്രതിസന്ധിയിലും നിശ്ചലാവസ്ഥയിലുമാണെന്നു അനുമാനിക്കണം.
ലോകജനതക്കു മാതൃക
പ്രവാചക ചരിത്രം വായിക്കുന്നവര്‍ക്ക് തിരുമേനിയുടെ നേതൃപരമായ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ കോര്‍വയും ചേര്‍ച്ചയും കാണാം. മുന്‍ഗണനകളെ സംബന്ധിച്ച സ്ഥിരമായ വ്യക്തത, സന്തുലിതത്വങ്ങളെ സംബന്ധിച്ച നിതാന്ത ബോധ്യം, സവിശേഷ സംഗതികളെ കുറിച്ച അഗാധ ജ്ഞാനം, ഗോത്രങ്ങളുടെയും സമൂഹങ്ങളുടെയും ചരിത്രപശ്ചാത്തലങ്ങളെ കുറിച്ചും പരമ്പരാഗത സ്മൃതികളെ കുറിച്ചുമുള്ള നല്ല ധാരണ, വ്യത്യസ്ത സഖ്യങ്ങള്‍ക്കിടയിലെ തന്ത്രപരമായ വിള്ളലുകള്‍ കണ്ടെത്തുന്നതിലുള്ള അതിബുദ്ധി, പിന്നെ അത്തരം സാധ്യതകളെ സ്വന്തമായ സഖ്യങ്ങളും മുന്നണികളും രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്നതിലുള്ള ലക്ഷണമൊത്ത പ്രാപ്തി... എല്ലായിടത്തും ആ കോര്‍വയും ചേര്‍ച്ചയും വെളിവാകുന്നു.
അറേബ്യന്‍ ഉപദ്വീപിലൊന്നാകെ പരന്നുകിടക്കുന്ന അറബ് - ഖുറൈശി തലങ്ങളിലുള്ള രാഷ്ട്രീയപരവും തന്ത്രപരവുമായ ജീവിത പരിസരങ്ങളെ സംബന്ധിച്ച പൂര്‍ണ ബോധ്യത്തോടൊപ്പം പ്രവാചകന് തനിക്കു ചുറ്റുമുള്ള ശാക്തിക ചേരികളെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നു. അത് ഉപദ്വീപിന്റെ അറ്റങ്ങളിലുള്ള ഗസ്സാന്‍, മുന്‍ദിര്‍, യമന്‍, എത്യോപ്യ രാജ്യങ്ങളെപ്പോലുള്ള മേഖലാ ശക്തികളാവട്ടെ, റോം - പേര്‍ഷ്യകളെപ്പോലുള്ള രാജ്യാന്തര ശക്തികളാവട്ടെ.
'പ്രവാചക സ്ട്രാറ്റജി' അറേബ്യന്‍ ഉപദ്വീപില്‍ ആഴത്തിലുള്ളതും ആകസ്മികവുമായ മാറ്റം സംജാതമാക്കിയതില്‍ അത്ഭുതമില്ല. അത് എട്ട് നൂറ്റാണ്ടു കാലമായി സ്ഥിരപ്രതിഷ്ഠ നേടിയ രാഷ്ട്രാന്തരീയ ശാക്തിക സമവാക്യത്തില്‍ തന്ത്രപ്രധാനവും ലോകവ്യാപകവുമായ ഭൂകമ്പം സൃഷ്ടിച്ചു. വെറും രണ്ട് പതിറ്റാണ്ടെന്ന വളരെ കുറഞ്ഞ കാലത്തിനിടയിലാണ് 'ഇസ്‌ലാമിക് സ്ട്രാറ്റജി' വിപ്ലവം സൃഷ്ടിച്ചത്. രാഷ്ട്രാന്തരീയ സ്ട്രാറ്റജി ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്നതും സുപ്രധാനവുമായ വിപ്ലവമാണത്.
പ്രവാചകചരിത്ര ഗ്രന്ഥങ്ങള്‍ തിരുമേനിയുടെ യുദ്ധങ്ങള്‍, സഖ്യങ്ങള്‍, മൊഴികള്‍ എന്നിവയെ സംബന്ധിച്ച വ്യത്യസ്ത റിപ്പോര്‍ട്ടുകളാല്‍ സമ്പന്നമാണ്. എന്നാല്‍ അവയെല്ലാം ഇപ്പോഴും അസംസ്‌കൃത പാഠങ്ങളായി ശേഷിക്കുകയാണ്. അവ ശോധന ചെയ്യപ്പെടേണ്ടതുണ്ട്, രേഖീകരിക്കപ്പെടേണ്ടതുണ്ട്. സംഭവങ്ങളെ പരസ്പരം കണ്ണിചേര്‍ക്കുകയും തനതു സന്ദര്‍ഭങ്ങളില്‍ നിര്‍ത്തി വായിക്കുകയും ചെയ്യുന്ന പൊതുസ്വീകൃത രീതിശാസ്ത്രമനുസരിച്ച് ക്രമീകരിക്കപ്പെടേണ്ടതുണ്ട്. അതുവഴി പൂര്‍ണതയും കോര്‍വയും ദൃഢഗാത്രതയുമുള്ളൊരു ചിത്രം നമ്മുടെ മുമ്പില്‍ രൂപപ്പെടുന്നു. അങ്ങനെ പ്രവാചകന്റെ സ്ട്രാറ്റജിക് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനങ്ങളെ സംബന്ധിച്ച അഗാധ ജ്ഞാനത്തിലേക്ക് നാം ചെന്നെത്തുന്നു.
തദനുസാരം, നാല് സ്രോതസ്സുകളെ (റഫറന്‍സ്) അവലംബിച്ച് നബിചരിത്രത്തിലെ തന്ത്രപ്രധാന മാനമുള്ള പ്രമാണപാഠങ്ങളെ പഠനവിധേയമാക്കാന്‍ നാം തീരുമാനിച്ചു.
ഒന്നാമത്തെ സ്രോതസ്സ് വിശുദ്ധ ഖുര്‍ആന്‍ തന്നെ. സംശയമറ്റ പ്രമാണപാഠമാണല്ലോ ഖുര്‍ആന്‍. പ്രവാചകന്റെ ജീവിതകാലത്ത് നടന്ന സംഭവങ്ങളെപ്പറ്റിയുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യവും സൂക്ഷ്മമായ ആവിഷ്‌കാരശേഷിയുമുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നബിചരിത്ര സംഭവങ്ങളെ അവയുമായി ബന്ധമുള്ള സ്ഥല-കാലങ്ങളില്‍ അവതീര്‍ണമായ ഖുര്‍ആന്‍ വചനങ്ങളുമായി വിളക്കിച്ചേര്‍ക്കേണ്ടത് അനിവാര്യം. പ്രവാചക പ്രബോധനത്തിന്റെ ഘട്ടവിഭജനത്തെയും സംഭവങ്ങളുടെ വികാസപരിണാമങ്ങളെയും ഖുര്‍ആന്‍ അംഗീകരിച്ചിട്ടുണ്ടല്ലോ. ഖുര്‍ആന്‍ വചസ്സുകളെ അവതരണക്രമത്തിനും പശ്ചത്തലത്തിനുമനുസരിച്ച് ഉദ്ധരിക്കുന്നത് പ്രവാചക ചരിത്രത്തെയും സംഭവങ്ങളെയും സന്ദര്‍ഭങ്ങളെയും മനസ്സിലാക്കുന്നതിനുള്ള ഒന്നാന്തരം ജ്ഞാനസ്രോതസ്സാണ്. ഓരോ സമയത്തും അവതീര്‍ണമായ ദൈവിക വചനം സമകാല പൊതുജനാഭിപ്രായവുമായുള്ള സംവദിക്കലുമാണല്ലോ. അവയില്‍ പ്രവാചകനും മുസ്‌ലിംബഹുജനത്തിനുമുള്ള കല്‍പ്പനാപരമായ ഉള്ളടക്കമുണ്ടാവും, അപരര്‍ക്കുള്ള തുറന്ന സന്ദേശങ്ങളുണ്ടാവും. ഏതെങ്കിലും സന്ദര്‍ഭത്തില്‍ അവതീര്‍ണമായ ഇത്തരം സന്ദേശങ്ങളും ഖുര്‍ആനിക വിളംബരങ്ങളുമുളവാക്കിയ രാഷ്ട്രീയപരവും തന്ത്രപരവുമായ പ്രതികരണങ്ങളും പഠനവിധേയമാക്കുകയാണെങ്കില്‍, പ്രവാചകന്റെ ആ സന്ദര്‍ഭത്തിലെ പ്രവൃത്തിയെ നിയന്ത്രിച്ച സ്ട്രാറ്റജിക് മാനം കണ്ടെത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ഇക്കാലത്തെ രാഷ്ട്രങ്ങളുടെയും സര്‍ക്കാറുകളുടെയും നേതൃത്വം പുറപ്പെടുവിക്കുന്ന പ്രസ്താവനകളും ദേശസുരക്ഷാ പ്രഭാഷണങ്ങളും നിരൂപണം ചെയ്യുന്നതിനു തുല്യമാണ്. രാഷ്ട്രങ്ങളുടെയും സര്‍ക്കാറുകളുടെയും മുന്‍ഗണനകളും ദേശസുരക്ഷാപരമായ കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടുകളും രാഷ്ട്രാന്തരീയ ബന്ധ-സഖ്യങ്ങളുമായി ബന്ധപ്പെട്ട അഭിരുചികളും മനസ്സിലാക്കുന്നതിനാണല്ലോ അത്തരം നിരൂപണങ്ങള്‍. അതിനനുസരിച്ചാണല്ലോ നാം രാഷ്ട്രാന്തരീയരംഗത്തെ ഭാവി ശാക്തിക ബലാബലങ്ങളെ കണ്ടെത്തുന്നത്.
രണ്ടാമത്തെ റഫറന്‍സ് ഇസ്‌ലാമിക ജ്ഞാനസ്രോതസ്സുകളില്‍ പരാമൃഷ്ടമായ നബിചരിത്ര സംഭവങ്ങളുടെ പഠനമാണ്. അതേ കാലഘട്ടത്തില്‍ പേര്‍ഷ്യക്കാരും റോമക്കാരും അബ്‌സീനിയക്കാരും ഹിംയരികളും ഉള്‍പ്പെടുന്ന ഇതര സമൂഹങ്ങള്‍ രേഖപ്പെടുത്തിവെച്ച ചരിത്രവുമായി താരതമ്യം ചെയ്തുകൊണ്ടാണ് ആ പഠനം നടക്കേണ്ടത്. കാരണം നബിചരിതഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്ത സ്ട്രാറ്റജിക് മാനമുള്ള നിരവധി സംഭവങ്ങള്‍ ഇതര സമൂഹങ്ങളുടെ ചരിത്ര ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. റോമന്‍ ചരിത്രത്തില്‍, വിശിഷ്യാ ബൈസാന്റിയന്‍ ചരിത്രകാരന്മാര്‍ തങ്ങളുടെ ചക്രവര്‍ത്തിമാരുടെയും അവര്‍ ചെയ്ത യുദ്ധങ്ങളുടെയും ചരിത്രീകരണം കാര്യമായി പരിഗണിച്ചിരുന്നു. അത്തരം സംഭവങ്ങളിലധികവും അരങ്ങേറിയത് ബൈസാന്റിയന്‍ സാമ്രാജ്യത്തിനു കീഴിലുണ്ടായിരുന്ന പ്രദേശങ്ങളിലാണ്. ഇതര സാമ്രാജ്യങ്ങളുമായി നടന്ന ഇടപാടുകളെയും അവര്‍ ചരിത്രീകരിച്ചിട്ടുണ്ട്. ഇത്തരം രേഖകളുടെ പരിശോധന സമാനകാലത്ത് നബിചരിത്രത്തില്‍ പരാമൃഷ്ടമായ സംഭവങ്ങളുടെ രാഷ്ട്രാന്തരീയ പരിസരവും മേഖലാ പശ്ചാത്തലവും മനസ്സിലാക്കാന്‍ സഹായകമാണ്. ചില ഹിംയരീ ചരിത്രങ്ങള്‍ മുസ്‌നദ് ലിപിയിലാണ് (ക്രി.മു. 9-10 നൂറ്റാണ്ടുകളില്‍ അറേബ്യന്‍ ഉപദ്വീപിന്റെ ദക്ഷിണ ഭാഗത്ത് യമനില്‍ വികാസം പ്രാപിച്ച ലിപി) എഴുതപ്പെട്ടിട്ടുള്ളത്. ഹിംയരീ രാജാവായ ദൂ നവാസ് നടത്തിയ പോരാട്ടങ്ങളും ക്രൈസ്തവര്‍ക്കെതിരെയുള്ള യുദ്ധങ്ങളും രേഖപ്പെടുത്തിയ നാല് ഗ്രന്ഥങ്ങള്‍ ഉദാഹരണം. കൂട്ടത്തില്‍ രണ്ടെണ്ണത്തില്‍ ദൂ നവാസിന്റെ ഒപ്പ് പതിഞ്ഞിട്ടുണ്ട്. അക്കാലത്ത് രേഖീകൃതമായ ചില ബൈസാന്റിയന്‍ റിപ്പോര്‍ട്ടുകളും ദൂതുകളും ദൗത്യങ്ങളും അതിലേക്ക് ചേര്‍ത്തുവായിക്കേണ്ടതാണ്.
മൂന്നാമത്തെ റഫറന്‍സ്, ഒറ്റപ്പെട്ട സംഭവങ്ങളെ അവയുടെ പൊതു സന്ദര്‍ഭത്തില്‍ നിര്‍ത്തി വായിക്കുകയെന്ന പ്രക്രിയയാണ്. വിവരങ്ങളെ മാത്രം അവലംബിക്കുന്നത്, അവ സത്യസന്ധമാണെങ്കിലും, സംഭവങ്ങളെയും അവയുടെ സൂചനകളെയും മനസ്സിലാക്കാന്‍ അപര്യാപ്തമായിരിക്കുമെന്ന, രാഷ്ട്രീയരംഗത്ത് പ്രചാരത്തിലുള്ള ഒരു തത്ത്വമനുസരിച്ചാണത്.
സന്ദര്‍ഭത്തോട് ചേര്‍ത്തുവെച്ച് വിളമ്പാത്ത വിവരം വിജ്ഞാനമാവില്ല. വിവരങ്ങള്‍ 'അതിസൂക്ഷ്മമായ വ്യാജങ്ങള്‍' ആണെന്നു പറഞ്ഞ മഹാനോട് ഞാന്‍ യോജിക്കുന്നു. കാരണം സംഭവത്തിന് ഹേതുവായി ഭവിച്ച പ്രചോദനങ്ങളില്‍നിന്നും നിമിത്തങ്ങളില്‍നിന്നും വേരുകളില്‍നിന്നും വേര്‍പ്പെട്ട വിവരം വസ്തുത മനസ്സിലാക്കാന്‍ കൊള്ളില്ല. എന്നല്ല, പലപ്പോഴുമത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നു. ചിലപ്പോഴത് വേറൊരു കക്ഷിയുടെ ആജ്ഞാനുസൃതം നിര്‍മിക്കപ്പെട്ടതായിരിക്കുമെന്ന വശവും ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടര്‍മാരും ചരിത്രകാരന്മാരും മനുഷ്യരാണല്ലോ. അവര്‍ക്ക് അവരുടേതായ ഇഷ്ടങ്ങളുണ്ട്, താല്‍പ്പര്യങ്ങളുണ്ട്, രാഷ്ട്രീയപരവും വീക്ഷണപരവുമായ ആഭിമുഖ്യങ്ങളുണ്ട്, സ്വാഭാവിക പക്ഷപാതിത്വങ്ങളുണ്ട്. ചിലപ്പോള്‍ റിപ്പോര്‍ട്ടര്‍, അല്ലെങ്കില്‍, ചരിത്രകാരന്‍ വസ്തുതയെ വിവരപരമായ സൂക്ഷ്മതയോടെ പകര്‍ന്നുതന്നിട്ടുണ്ടാവും. പക്ഷേ തനിക്കു ചായ്‌വുള്ള ഒരു ആശയത്തിന്റെ ധ്വനി കലര്‍ത്തിക്കൊണ്ടായിരിക്കുമത്. അങ്ങനെ സംഭവം നമുക്കേകുന്ന പാഠങ്ങളില്‍നിന്ന് വിദൂരമായൊരു സന്ദര്‍ഭത്തില്‍ അതിനെ വെച്ചുപയോഗിക്കുന്ന രീതി വ്യാപകം.
അതിനാല്‍, ഒരു ചരിത്രാനുഭവത്തെ മനസ്സിലാക്കാനും അതില്‍നിന്ന് ഗുണപാഠങ്ങള്‍ ചേറിയെടുക്കാനും നാം കൈവശമുള്ള റിപ്പോര്‍ട്ടുകളെയും വിവരങ്ങളെയും ചേരുവയൊത്തൊരു രീതിശാസ്ത്രമനുസരിച്ച് വായിക്കേണ്ടതുണ്ട്. അവിടെ നാം സംഭവകര്‍ത്താക്കളുടെ ഉദ്ദേശ്യസാകല്യം മുന്നില്‍ വെക്കുന്നു, രാഷ്ട്രീയ രംഗത്തെ ശാക്തിക ബലാബലങ്ങളെയും സഖ്യങ്ങളെയും സൂക്ഷ്മ നിരൂപണം നടത്തുന്നു, സംഭവം നടക്കുന്ന സമയത്തുള്ള വ്യത്യസ്ത കക്ഷികളുടെ താല്‍പര്യങ്ങള്‍ വിലയിരുത്തുന്നു, ശക്തി-ക്ഷയ കാരണങ്ങളെയും ചരിത്രസംഭവം അരങ്ങേറുന്ന സമയത്ത് സംഭവകര്‍ത്താക്കള്‍ കണ്ട അനുകൂല-പ്രതികൂല ഘടകങ്ങളെയും മുമ്പില്‍ നിരത്തുന്നു.
നാം സ്വീകരിച്ച രീതിശാസ്ത്രം ഒറ്റപ്പെട്ട സംഭവത്തെ മൊത്തം സംഭവപരമ്പരങ്ങളുടെ ഒരു അംശമായി കാണുന്നു. അതുവഴി ഒറ്റപ്പെട്ട സംഭവത്തിനു അര്‍ഥവും ചൈതന്യവും തുടിപ്പും കൈവരുന്നു. ക്ഷണീകരണ-ചൂഷണ പ്രവണതയില്‍നിന്നന അതിന് രക്ഷ കിട്ടുന്നു. അങ്ങനെ കേവല വിവരത്തില്‍നിന്ന് വിജ്ഞാനത്തിലേക്കു നീങ്ങാന്‍ നമുക്കാവുന്നു. ചരിത്ര റിപ്പോര്‍ട്ട് അക്ഷരക്കൂടുകളില്‍നിന്നും അതിശയോക്തികളില്‍നിന്നും രാഷ്ട്രീയപ്രേരിതമായ വെട്ടിമാറ്റലുകളില്‍നിന്നും മുക്തി നേടി ഒരു പരിപൂര്‍ണ ഭാഷ്യമായി രൂപപ്പെടുന്നു. നബിചരിത്രത്തിന്റെ ചൈതന്യവും ഉദാത്ത ഉദ്ദേശ്യലക്ഷ്യങ്ങളും പൂര്‍ണമായി ഉള്‍ക്കൊള്ളാനുള്ള ശ്രമവുമായി അത് താദാത്മ്യം പ്രാപിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ സ്വാഭാവിക കീഴ്‌വഴക്കങ്ങളുമായും സര്‍ഗാത്മകതയുമായും ചേരുംപടി ചേരുന്നു.
നാലാമത്തെ റഫറന്‍സ് കുടികൊള്ളുന്നത് സ്ട്രാറ്റജിക് പരിസരത്തെ പൂര്‍ണമായി കാണുന്നതിലാണ്. സ്ട്രാറ്റജിയെന്നത് സൈനിക ശക്തിയോ സഖ്യങ്ങളോ മാത്രമല്ല, മറിച്ച് അത് വ്യത്യസ്ത ഘടകങ്ങള്‍ ചേര്‍ന്നൊരു രാസപ്രക്രിയയുടെ ഉല്‍പ്പന്നമാണ്. അതില്‍ രാഷ്ട്രീയപരവും സാമ്പത്തികവും സാമൂഹികവും മതപരവുമായ ഘടകങ്ങള്‍ ഇഴചേരുന്നു. മേഖലാപരവും രാഷ്ട്രാന്തരീയവുമായ ഘടകങ്ങള്‍ രാസക്രിയ നടത്തുന്നു. അതിനാല്‍ പ്രവാചക സ്ട്രാറ്റജി പിറവിയെടുക്കുകയും രൂപപ്പെടുകയും ചെയ്ത പരിസരം വരച്ചെടുക്കാനുള്ള ശ്രമത്തിലാണ് നാം. വസ്തുതയെ അതിന്റെ ശാഖോപശാഖകളോടെയും പാതവൈവിധ്യത്തോടെയും നോക്കുന്നതിനായി നോട്ടവട്ടം നാം വിപുലീകരിക്കും. അഥവാ, ഈ ഗ്രന്ഥത്തില്‍ നാം നടത്തുന്ന തിരുചരിത വായന ഇത്തരം ഘടകങ്ങളെല്ലാം ഉള്‍ച്ചേര്‍ന്ന സമ്പൂര്‍ണ വായനയാണ്. അത് ഒരേസമയം തിരുചരിത സംഭവങ്ങളെ ചരിത്രകാരന്മാര്‍ സമര്‍പ്പിച്ചതുപോലെ സ്വാംശീകരിക്കുന്ന വായനയും ഒപ്പം മൂന്നു നൂറ്റാണ്ടു കാലം മേഖലയിലും ലോകത്തും ആധിപത്യം വാണ സ്ട്രാറ്റജിപരവും സാമ്പത്തികവും മതപരവുമായ സന്ദര്‍ഭങ്ങളുടെ പഠനവുമാണ്.
(തുടരും)
Comments