ദാര്‍ശനികനായ ടി.കെ
പ്രവാചകന് മരണപ്പെട്ടപ്പോള്‍ പ്രായം ചെന്ന ഒരു സ്ത്രീ നിര്‍ത്താതെ കരയുന്നതു കണ്ടപ്പോള്‍ ആരോ അവരോട് ചോദിച്ചു: 'നിങ്ങള്‍ എന്തുകൊണ്ടാണ് ഇങ്ങനെ നിര്‍ത്താതെ കരുയുന്നത്?' അവരുടെ മറുപടി; 'ആകാശവുമായുള്ള നമ്മുടെ ബന്ധം അറ്റുപോയല്ലോ എന്നോര്‍ത്താണ് എനിക്ക് കരച്ചിലടക്കാന്‍ കഴിയാത്തത്.' പ്രവാചകന് അവതരിച്ചു കൊണ്ടിരുന്ന വഹ്‌യിന്റെ സാന്നിധ്യം ദൈവദൂതന്റെ മരണത്തോടെ തങ്ങളുടെ ജീവിതത്തില്‍ ഇല്ലാതായതിനെ സൂചിപ്പിക്കാനാണ് ആകാശവുമായുള്ള തങ്ങളുടെ ബന്ധം അറ്റുപോയി എന്ന് ആ മഹതി പറഞ്ഞത്. അതില്‍ ഒരത്ഭുതവുമില്ല. കാരണം അറിവിന്റെയും ബോധ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ടതും കുറ്റമറ്റതുമായ ഉറവിടം പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ടിരുന്ന വഹ്‌യ്, അഥവാ വെളിപാടുകളാണല്ലോ. പ്രവാചകന്‍ സംസാരിച്ചിരുന്നതെല്ലാം വെളിപാടിന്റെ അടിത്തറയിലായിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. പ്രവാചകനില്‍ വിശ്വസിച്ചവരുടെ ഏറ്റവും വലിയ ധൈര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ച വഴിയിലൂടെ സഞ്ചരിക്കാനുള്ള അവരുടെ ആത്മവിശ്വാസവും, പ്രവാചകന്‍ ചെയ്തതും സംസാരിച്ചതുമെല്ലാം സംശയരഹിതമായ വെളിപാടിന്റെ അടിത്തറയിലായിരുന്നു എന്നതാണ്. ശത്രുക്കള്‍ അദ്ദേഹത്തെ ഭയന്നതും അതുകൊണ്ടാണ്. പില്‍ക്കാല വിശ്വാസികളെ സംബന്ധിച്ചേടത്തോളം പ്രവാചകന് നല്‍കപ്പെട്ട വെളിപാടുകള്‍ ഖുര്‍ആനായും ഹദീസായും നമ്മുടെ മുമ്പിലുണ്ടെങ്കിലും സ്വഹാബികളുടെ കാലത്തുള്ളതുപോലുള്ള വെളിപാടിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിലില്ല. ചിന്തയും മനനവും നമ്മുടെ ഇസ്‌ലാമിക ജീവിതത്തിന് അനിവാര്യമായിത്തീരുന്നത് അതുകൊണ്ടാണ്. തെറ്റു പറ്റാന്‍ സാധ്യതയുള്ളതാണെങ്കിലും ചിന്തയും അറിവിന്റെയും ബോധ്യത്തിന്റെയും പ്രധാന ഉറവിടമാണല്ലോ. ദാര്‍ശനിക വ്യക്തിത്വമായ ടി.കെ അബ്ദുല്ലാ സാഹിബിന്റെ മരണം മറ്റാരുടെ മരണത്തേക്കാളും നമ്മെ ദുഃഖിപ്പിക്കുന്നതും അതുകൊണ്ടാണ്. അറിവുല്‍പാദനത്തിന്റെ വലിയൊരുറവയാണ് ആ വേര്‍പാടോടെ നമ്മില്‍നിന്നില്ലാതായിപ്പോയിരിക്കുന്നത്. അപ്പോള്‍ ദുഃഖിക്കാതിരിക്കുന്നതെങ്ങനെ?
കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ടി.കെയോളം ചിന്തിച്ച മറ്റൊരാളില്ല. ഇരുപത് വയസ്സ് തികയുന്നതിനു മുമ്പ് പ്രാസ്ഥാനിക ജീവിതം ആരംഭിച്ച ടി.കെ അന്നു തുടങ്ങിയ ചിന്തയും മനനവും മരിക്കുന്ന നിമിഷം വരെയും തുടര്‍ന്നു. ഇസ്‌ലാമിക പ്രസ്ഥാനം എന്നതിലുപരി ഇസ്‌ലാമിന്റെ ഭാവിയും ഇസ്‌ലാമിക സമൂഹത്തിന്റെ അതിജീവനവുമായിരുന്നു അദ്ദേഹത്തിന്റെ ആലോചനാ വിഷയം. അതുകൊണ്ടാണ് കഴിഞ്ഞ നൂറ്റാണ്ടിലെ താന്‍ അംഗീകരിക്കുന്ന ഒരു മുജദ്ദിദ് രൂപം നല്‍കിയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിന്ത പലപ്പോഴും മറ്റൊരു മുജദ്ദിദിനെ തേടിയത്. ആ ചിന്ത ചിലപ്പോള്‍ ഈസാ നബിയുടെ പുനരാഗമനത്തെ കുറിച്ച ഹദീസിലെ പ്രവചനത്തിലേക്കു വരെ എത്തിയിരുന്നു. ടി.കെ അവസാനമായി എഴുതി പ്രസിദ്ധീകരണത്തിന് നല്‍കിയ പുസ്തകത്തിലും ഈസാ നബിയുടെ പുനരാഗമനം പ്രവചിക്കുന്ന ഹദീസുകളെ കുറിച്ച അദ്ദേഹത്തിന്റെ നിരീക്ഷണമുണ്ട്.
ടി.കെ ഒരിക്കലും സാമുദായിക വാദിയായിരുന്നില്ല. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെ ആഴത്തിലും പരപ്പിലും വായിച്ച ടി.കെയെ പോലുള്ള ഒരാള്‍ക്ക് സാമുദായികവാദിയാകാനും കഴിയില്ല, ഇസ്‌ലാം താല്‍പര്യപ്പെടുന്ന മാനവികനാകാനേ പറ്റൂ. ടി.കെ അക്ഷരാര്‍ഥത്തില്‍ ഉയര്‍ത്തിപ്പിടിച്ചത് ഇസ്‌ലാമിന്റെ മാനവിക പക്ഷമാണ്. പ്രസ്ഥാനത്തെ അദ്ദേഹം അതിലൂടെ വഴിനടത്തുകയും ചെയ്തു. എന്നാല്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അടിത്തറയും ഭൂമികയും മുസ്‌ലിം സമുദായമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തൊഴിലാളിവര്‍ഗമെന്ന പോലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അടിത്തറയും ഭൂമികയും സമുദായമാണെന്ന് അദ്ദേഹം പേര്‍ത്തും പേര്‍ത്തും പറഞ്ഞു. അതിനെ അവഗണിക്കുന്ന സിദ്ധാന്തശൃംഖലകളോട് അദ്ദേഹം കലഹിച്ചു.
90-കളില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ വലിയ സ്വത്വ പ്രതിസന്ധി അഭിമുഖീകരിക്കാന്‍ തുടങ്ങിയ നാളുകളില്‍ മൂസാ പ്രവാചകന്റെ മുഖ്യദൗത്യം പരമ്പരാഗത മുസ്‌ലിം സമുദായമായ ഇസ്രാഈല്യരുടെ മോചനമായിരുന്നുവെന്നും ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനും സമാന ദൗത്യമാണ് നിര്‍വഹിക്കാനുള്ളത് എന്നുമുള്ള തിയറി ആദ്യമായി അവതരിപ്പിച്ചത് ടി.കെയാണ്. അതേ ടി.കെ എഴുപതുകളിലും എണ്‍പതുകളിലും മൊത്തം ജനതയുടെ മോചനമായിട്ടാണ് ഇസ്‌ലാമിനെ അവതരിപ്പിച്ചിരുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ ചിന്തയുടെ ചൂരും വികാരത്തിന്റെ തുടിപ്പുമുള്ള പ്രസംഗങ്ങള്‍ അതിന് സാക്ഷിയാണ്. അക്കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പരശ്ശതം യുവാക്കളെ ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ടി.കെയുടെ പ്രസംഗങ്ങളധികവും ഇസ്‌ലാമിനെ ഒരു വിമോചന പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. ഇറാന്‍ വിപ്ലവവും സോവിയറ്റ് യൂനിയനെതിരെ അഫ്ഗാന്‍ മുജാഹിദുകള്‍ നടത്തിക്കൊണ്ടിരുന്ന ചെറുത്തുനില്‍പും ടി.കെയില്‍ സൃഷ്ടിച്ച സ്വാധീനം അന്നത്തെ അദ്ദേഹത്തിന്റെ ഇസ്‌ലാമവതരണങ്ങളില്‍നിന്ന് വായിച്ചെടുക്കാം.
ആഗോളവല്‍ക്കരണത്തിലൂടെയും നവ ലിബറല്‍ സാമ്പത്തിക നയങ്ങളിലൂടെയും പുത്തന്‍ മൂലധന സാമ്രാജ്യത്വം ലോകത്ത് ശക്തിപ്പെട്ട രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ ടി.കെയുടെ ആലോചനയും ചിന്തയും മൂലധനാധിപത്യത്തെ ഇസ്‌ലാമികാടിത്തറയില്‍ എങ്ങനെ ദാര്‍ശനികമായി നേരിടാം എന്നതിനെ കുറിച്ചായിരുന്നു. സയ്യിദ് മൗദൂദി നിയമനിര്‍മാണത്തിന്റെ പരമാധികാരം ദൈവത്തിനാണ് എന്ന സിദ്ധാന്തം അവതരിപ്പിച്ചതുപോലെ ധനത്തിന്റെ പരമമായ ഉടമാവകാശം ദൈവത്തിനാണെന്നും മൂലധനാധിപത്യം ഈ ഉടമാവകാശത്തെയാണ് വെല്ലുവിളിക്കുന്നത് എന്നുമുള്ള പുതിയൊരു തിയറി ടി.കെ അവതരിപ്പിച്ചിരുന്നു. അക്കാലത്ത് നടന്ന ഒരു പഠന സഹവാസത്തിലാണ് ഈ തിയറി ടി.കെ സാഹിബ് അവതരിപ്പിച്ചത്.
മുതലാളിത്ത വികസന നയങ്ങളും അജണ്ടകളും പ്രകൃതിയുടെ സന്തുലിതത്വം തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ ഇസ്‌ലാമികമായ ഒരു വികസന ബദല്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ച ആലോചനയുടെ ഭാഗമായി ടി.കെ അവതരിപ്പിച്ച തിയറിയാണ്, ദൈവവും മനുഷ്യനും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള മൂന്ന് തരത്തിലുള്ള ബന്ധങ്ങളിലെ താളൈക്യമാണ് മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നതും ഇസ്‌ലാമിന്റെ വികസനം നയം ഈ ബന്ധങ്ങളെ പരിഗണിച്ചുള്ളതായിരിക്കും എന്നതും. പാശ്ചാത്യ മോഡല്‍ വികസനം ദൈവം ഉറപ്പിക്കാന്‍ താല്‍പര്യപ്പെടുന്ന ബന്ധങ്ങളെ ശിഥിലമാക്കുകയാണെന്നും ടി.കെ സമര്‍ഥിച്ചു.
ഡോ. എ.എ ഹലീം എഡിറ്റ് ചെയ്ത് സോളിഡാരിറ്റി പുറത്തിറക്കിയ 'വികസനം, പരിസ്ഥിതി, ആഗോള മുതലാളിത്തം' എന്ന ലേഖന സമാഹാരത്തിലെ തന്റെ ലേഖനത്തിലാണ് ഈ തിയറി ടി.കെ അവതരിപ്പിക്കുന്നത്.
ആധുനികതയെ കൃത്യമായി മനസ്സിലാക്കിയ ദാര്‍ശനികനായിരുന്നു ടി.കെ അബ്ദുല്ല. സയ്യിദ് മൗദൂദിയുടെയും മുഹമ്മദ് ഇഖ്ബാലിന്റെയും യഥാര്‍ഥ ശിഷ്യന് ആധുനികതയെ മനസ്സിലായതില്‍ അല്‍ഭുതമില്ല. അതുകൊണ്ടുതന്നെ മതപണ്ഡിതന്മാരുടെ ഇബാദത്ത് ചര്‍ച്ചയില്‍ ടി.കെ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.
അത്ഭുതമതല്ല, ടി.കെയുടെ ചിന്ത ആധുനികതയെയും വിട്ട് ഉത്തരാധുനികതയിലേക്കു കൂടി നീണ്ടിരുന്നു എന്നതാണ്. ഒരു ഘട്ടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ പൊതുവെയും യുവ ബുദ്ധിജീവികള്‍ക്കിടയില്‍ സവിശേഷമായും സജീവ ചര്‍ച്ചാവിഷയമായ ബഹുസ്വരതയിലും മഴവില്‍ ഇസ്‌ലാം ആലോചനയിലും ടി.കെ ഇടപെട്ടത് ഉത്തരാധുനികതയുടെ ചിന്താപരിസരത്തെ കുറിച്ച തന്റെ കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. വൈവിധ്യത്തെയും ബഹുസ്വരതയെയും ഒരു യാഥാര്‍ഥ്യമായി തീര്‍ച്ചയായും ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. ബലാല്‍ക്കാരം വൈവിധ്യത്തെ ഇല്ലാതാക്കുന്നതിനെ ഇസ്‌ലാം ശക്തമായി വിലക്കുകയും ചെയ്യുന്നു. പക്ഷേ അതില്‍ പിടിച്ച് ബഹുസ്വരതയാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്നു വരെ ചിലര്‍ പറയാന്‍ തുടങ്ങിയപ്പോഴാണ് ടി.കെ ശക്തമായി ഇടപെട്ടത്. ബഹുസ്വരതക്ക് ഒരു ഫിലോസഫിയുണ്ടെന്നും ശാശ്വത സത്യമായി ഒന്നുമില്ലെന്ന ഉത്തരാധുനികതയുടെ ഫിലോസഫിയാണ് ബഹുസ്വരതയുടേതെന്നും ദാര്‍ശനികമായി സമര്‍ഥിച്ചുകൊണ്ടാണ് ആ ചര്‍ച്ചയില്‍ ടി.കെ ഇടപെട്ടത്. പ്രസ്ഥാനത്തിലെ പണ്ഡിതന്മാരെയും ബുദ്ധിജീവികളെയും പങ്കെടുപ്പിച്ച് നടത്തിയ ഒരു പഠന സഹവാസത്തിലാണ് ടി.കെ ഈ ഇടപെടല്‍ നടത്തിയത്. ടി.കെ അവതരിപ്പിച്ചതില്‍ ചിലതിനോട് വിയോജിച്ചവരെ പോലും ഉത്തരാധുനികതയെ കീറിമുറിച്ച് ടി.കെ അന്ന് നടത്തിയ അഞ്ച് മണിക്കൂര്‍ പ്രഭാഷണം അത്ഭുതപ്പെടുത്തുകയുണ്ടായി. സ്വത്വവാദത്തിന്റെ പ്രശ്‌നങ്ങളെയും ടി.കെ അതില്‍ അഭിസംബോധന ചെയ്യുകയുണ്ടായി.
പണ്ഡിതനായതോടൊപ്പം ചിന്തകന്‍ കൂടി ആയതുകൊണ്ടാണ് ടി.കെക്ക് ഇത്തരത്തില്‍ പുതിയ കാലഘട്ടത്തെ മനസ്സിലാക്കാനും അതില്‍ ഇടപെടാനും കഴിയുന്നത്. കേവല പണ്ഡിതന്മാര്‍ അറിവ് വിതരണം ചെയ്യുക മാത്രമേ ചെയ്യൂ, അറിവുകളൊന്നും ഉല്‍പാദിപ്പിക്കുകയില്ല; ചിന്തകന്മാര്‍ക്കു മാത്രമേ അത് സാധിക്കൂ. സാധാരണക്കാര്‍ക്ക് ഇസ്‌ലാമിക ജീവിതം നയിക്കാന്‍ പണ്ഡിതന്മാര്‍ വിതരണം ചെയ്യുന്ന അറിവുകള്‍ മതി. എന്നാല്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ ഒരു പ്രസ്ഥാനത്തിന് സ്തംഭനം നേരിടാതെ മുന്നോട്ടു പോകണമെങ്കില്‍ പണ്ഡിതന്മാര്‍ വിതരണം ചെയ്യുന്ന അറിവുകള്‍ മാത്രം പോരാ, അറിവുകളുടെ ഉല്‍പാദനം നടക്കുന്ന ചിന്തയും ആലോചനയും കൂടി വേണം. ടി.കെ അബ്ദുല്ലാ സാഹിബ് കഴിഞ്ഞ ഏഴു പതിറ്റാുകളായി ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ നിര്‍വഹിച്ച പ്രധാന ദൗത്യം അതായിരുന്നു.
ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും സന്ദേഹങ്ങളും സംശയങ്ങളും ഉണ്ടാകും. എന്നുവെച്ച് ചിന്തിക്കാതിരിക്കാനാവില്ല. അത്തരക്കാര്‍ക്ക് അവരുടെ ചിന്താഭാരം ഇറക്കിവെച്ച് ആശ്വാസം കൊള്ളാവുന്ന അത്താണിയാകാന്‍ കൂടി ടി.കെയെ പോലുളളവരുടെ സാന്നിധ്യം അനിവാര്യമാണ്. അറിവിന്റെ അത്തരമൊരു സോഴ്‌സ് അടഞ്ഞുപോയതിലുള്ള ദുഃഖമാണ് തുടക്കത്തില്‍ പ്രകടിപ്പിച്ചത്.
പ്രസ്ഥാനത്തില്‍ ടി.കെയുടെ സമകാലികരിലും പിന്‍തലമുറയിലും പാണ്ഡിത്യത്തിന്റെ കാര്യത്തില്‍ ടി.കെക്ക് സമശീര്‍ഷരോ ടി.കെയേക്കാള്‍ മികച്ചവരോ ഉണ്ടാകാം. എന്നാല്‍ പാണ്ഡിത്യവും ചിന്തയും കൂടിച്ചേര്‍ന്ന ടി.കെയെ പോലെ മറ്റൊരാള്‍ കേരള ജമാഅത്തിലില്ല. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ഡോ. നജാത്തുല്ലാ സിദ്ദീഖി, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, ഡോ. ഫദ്‌ലുര്‍റഹ്മാന്‍ ഫരീദി, ഡോ. മുഹമ്മദ് റഫ്അത്ത് എന്നിവരുടെ നിരയിലാണ് ടി.കെയുടെ സ്ഥാനം. അന്‍സാരിയും ഫരീദിയും റഫ്അത്തും നേരത്തേ വിടപറഞ്ഞു. ഇപ്പോള്‍ ടി.കെയും. നജാത്തുല്ലാ സിദ്ദീഖി അമേരിക്കയില്‍ അസുഖബാധിതനാണെന്നാണ് അറിവ്. നിലവിലെ ജമാഅത്ത് അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി തീര്‍ച്ചയായും ആ നിരയില്‍പെട്ട ഒരാള്‍ തന്നെയാണ്. അല്ലാഹു അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നല്‍കട്ടെ.
ചിന്തിക്കുന്നവരെ ടി.കെക്ക് ഇഷ്ടമായിരുന്നു. മറ്റുള്ളവരോട് പറയാത്ത പല കാര്യങ്ങളും അദ്ദേഹം അവരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. പക്ഷേ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയുമുണ്ടായിരുന്നു. അത് അദ്ദേഹം ഈ ലേഖകനോടടക്കം പലരോടും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമികവും പ്രാസ്ഥാനികവുമായ അടിത്തറ ഉറപ്പിക്കാത്തതിലായിരുന്നു ടി.കെയുടെ പരാതി.
ഒരു ചിന്തകനെന്ന നിലയില്‍ സന്ദേഹം തീര്‍ച്ചയായും ടി.കെക്കും ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അടിത്തറ ഉറച്ചതായിരുന്നു. അചഞ്ചലമായ ദൈവവിശ്വാസം, ഖുര്‍ആനിലുള്ള അവഗാഹം, സംശയമില്ലാത്ത പരലോകബോധം, പ്രവാചകസ്‌നേഹം- ഇതായിരുന്നു ടി.കെയുടെ ചിന്തയുടെ അടിത്തറ. സയ്യിദ് മൗദൂദിയുടെയും അല്ലാമാ ഇഖ്ബാലിന്റെയും ചിന്തകള്‍ അതിന്റെ ചട്ടക്കൂടായി വര്‍ത്തിക്കുകയും ചെയ്തു.
Comments