Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

ലോട്ടറി; ഇസ്‌ലാമിന് പറയാനുള്ളത്‌

കെ. ഇല്‍യാസ് മൗലവി

ഇസ്‌ലാം ഒരു കാര്യം നിരോധിച്ചു എന്നതിനര്‍ഥം അതില്‍ യാതൊരു നന്മയും ഇല്ല എന്നല്ല. പ്രത്യുത ആ നന്മകള്‍ അതിലെ തിന്മകളെയും ദോഷങ്ങളെയും, അതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെയും അപേക്ഷിച്ച് വളരെ ചെറുതും നിസ്സാരവുമായിരിക്കും എന്നാണ്. ഈ ദോഷങ്ങളും പ്രത്യാഘാതങ്ങളും വ്യക്തിയിലോ കുടുംബത്തിലോ പരിമിതമായിരിക്കില്ല. സമൂഹത്തെ മൊത്തം ബാധിക്കുന്നതായിരിക്കും അവ.  ഭാവിതലമുറയെ പോലും ദോഷകരമായി ബാധിക്കും. മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ച് പറഞ്ഞപ്പോള്‍ അവ രണ്ടിലും ചില ഗുണങ്ങളൊക്കെ ഉണ്ട് എന്നുതന്നെ അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ:
''താങ്കളോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്'' (അല്‍ബഖറ: 219).
ഇക്കഴിഞ്ഞ ഓണം സീസണിലെ ലോട്ടറിയുടെ കാര്യം തന്നെ എടുക്കാം. 54 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ ഓണം പ്രമാണിച്ച് കേരള സര്‍ക്കാര്‍ വിറ്റത്. അതില്‍നിന്ന്  ഒരാള്‍ക്കാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിക്കുക. അത്രയും വലിയ തുകയല്ലേ, അന്ധനായ ഒരാള്‍ മാവിലെറിയുന്ന പോലെ എറിഞ്ഞുനോക്കാം എന്ന് ഇപ്പോഴും തോന്നുന്നുണ്ടോ? അങ്ങനെയെങ്കില്‍, എറിയാന്‍ പോവുന്ന മാവില്‍ അമ്പത്തിനാലു ലക്ഷം മാങ്ങയുണ്ടെന്നും ഒരൊറ്റ ഏറില്‍ കൃത്യം നിങ്ങളുടെ മാങ്ങ തന്നെ അന്ധന്‍ എറിഞ്ഞുവീഴ്ത്തണമെന്നും ഓര്‍ക്കണം. ആലോചിച്ചുനോക്കൂ, ഇത് പ്രായോഗികമായി അസാധ്യമായ കാര്യമാണ്. 12 കോടി എന്നത് വലിയൊരു തുകയല്ലേ, ഒരു സാധ്യത പരീക്ഷിക്കാം എന്നിപ്പോഴും കരുതുന്നുണ്ടോ? സത്യത്തില്‍ ലഭിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാല്‍ 12 കോടി എന്നത് നിസ്സാരമായ  തുകയാണെന്നു വേണം മനസ്സിലാക്കാന്‍. ഒരു ടിക്കറ്റിന്റെ വില മുന്നൂറു രൂപയാണ്, അതായത് 162 കോടി രൂപയുടെ ടിക്കറ്റാണ് വിറ്റിരിക്കുന്നത്. അതുകൂടി പരിഗണിക്കുമ്പോഴാണ് 12 കോടി  ചെറിയ തുകയാവുന്നത്. ഏതൊരു നിക്ഷേപത്തിനും പരിഗണിക്കേണ്ട ഒന്നാണ് റിസ്‌ക് - റിവാര്‍ഡ് റേഷ്യോ എന്നത്. അങ്ങനെ നോക്കിയാല്‍ അത്യന്തം അപകടകരമായ ഒരു ഭാഗ്യപരീക്ഷണമാണ് ലോട്ടറി എടുക്കല്‍ (റോഷന്‍ പി.എം-മീഡിയവണ്‍).

ഇസ്‌ലാം എന്തുപറയുന്നു?
ലോട്ടറിയുടെ ഇസ്‌ലാമിക വിധിയെക്കുറിച്ച് മുസ്‌ലിം സമൂഹം പൊതുവെ അജ്ഞരോ അശ്രദ്ധരോ ആണ്. ഒരു വലിയ വിഭാഗം അകപ്പെട്ടുകഴിഞ്ഞിട്ടുള്ള ഈ തിന്മയെ സംബന്ധിച്ച് ബോധവല്‍ക്കരിക്കേണ്ട പണ്ഡിതന്മാര്‍ അക്കാര്യത്തില്‍ വെച്ചുപുലര്‍ത്തുന്ന ആപത്കരമായ  മൗനം വിട്ടൊഴിയേണ്ട നിര്‍ബന്ധ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഈയൊരു പശ്ചാത്തലത്തില്‍ ഇസ്‌ലാം കര്‍ശനമായി വിലക്കിയ ഭാഗ്യക്കുറി എന്താണെന്നും അതേക്കുറിച്ച് ശരീഅത്ത് എന്തുപറയുന്നു എന്നും വിശദീകരിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ടിക്കറ്റുകള്‍ വില്‍പന നടത്തി നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്ന നമ്പറിന്റെ ടിക്കറ്റ് വാങ്ങിയവര്‍ക്ക് മാത്രം സമ്മാനം ലഭിക്കുന്ന ഇടപാടാണ് ലോട്ടറി. തനിക്ക് ലഭിക്കാനിരിക്കുന്ന വലിയ തുകയോ സമ്മാനമോ പ്രതീക്ഷിച്ച് ചെറിയ സംഖ്യ ചെലവഴിക്കാന്‍ ഇത് ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഈ രീതിയിലുള്ള ലോട്ടറികള്‍ക്ക് ഇസ്‌ലാം നിഷിദ്ധമാക്കിയ 'മൈസിറു'മായി ഏറെ സാദൃശ്യമുണ്ട്. ജാഹിലിയ്യാ കാലത്തെ ഭാഗ്യക്കുറി ലഭിക്കുന്നവര്‍ തങ്ങള്‍ക്ക് കിട്ടുന്ന പണം സ്വയം ഉപയോഗിക്കാറുണ്ടായിരുന്നില്ല, മറിച്ച് അത്രയും പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. എന്നിട്ടു പോലും അല്ലാഹു അത് ഹറാമാക്കി. അല്ലാഹു പറയുന്നു:
''വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയിലെ വെറുപ്പും വിദ്വേഷവും വളര്‍ത്താനും, അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആ തിന്മകളില്‍നിന്ന് വിരമിക്കാനൊരുക്കമുണ്ടോ? അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. നിങ്ങള്‍ ആജ്ഞയില്‍നിന്ന് പുറംതിരിയുകയാണെങ്കില്‍ അറിഞ്ഞിരിക്കുക, വിധികള്‍ വ്യക്തമായി എത്തിച്ചുതരുന്ന ഉത്തരവാദിത്തം മാത്രമേ നമ്മുടെ ദൂതനുള്ളൂ'' (അല്‍മാഇദ: 90-92).
മൈസിര്‍ എന്ന പദത്തിന് 'ചൂതാട്ടം' എന്നാണ് അര്‍ഥം കല്‍പിക്കപ്പെട്ടുവരുന്നത്. ഭാഷാപരമായി നോക്കുമ്പോള്‍ ആ പദത്തിന്റെ അര്‍ഥം, 'അധ്വാനമോ ക്ലേശമോ കൂടാതെ ഒരാളുടെ പണം എളുപ്പത്തിലും സുഗമമായും കൈക്കലാക്കുക' എന്നാണെന്ന് പ്രമുഖ താബിഈ പണ്ഡിതനായ ഇമാം മുഖാത്തിനെ ഉദ്ധരിച്ച് ഇമാം റാസി തന്റെ തഫ്സീറില്‍ രേഖപ്പെടുത്തുന്നുണ്ട്. എല്ലാതരം ചൂതുകളികളും പന്തയങ്ങളും അതിന്റെ പരിധിയില്‍ വരും. അതിനോട് തികച്ചും നീതി ചെയ്യുന്ന ഒറ്റവാക്ക് മലയാളത്തില്‍ കാണുന്നില്ല. നമ്മുടെ നാടുകളിലും നമ്മുടെ കാലത്തും ചില പ്രത്യേക തരം ചൂതാട്ടങ്ങളും ഷോടതികളും ഭാഗ്യക്കുറികളും പന്തയങ്ങളുമെല്ലാം നിലവിലുള്ളതുപോലെ, ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറബികള്‍ക്കിടയിലും ചില പ്രത്യേകതരം 'മൈസിറു'കള്‍ പ്രചാരത്തിലുണ്ടായിരുന്നു. എന്നുവെച്ച് അവ മാത്രമാണ് ഇവിടെ ഉദ്ദേശ്യമെന്നു പറയാന്‍ നിവൃത്തിയില്ല. ചൂതാട്ടങ്ങളും പന്തയങ്ങളും ഷോടതികളുമെല്ലാം തന്നെ നിഷിദ്ധങ്ങളാകുന്നു. ആകര്‍ഷകമോ സുന്ദരമോ ആയ വല്ല പുതിയ പേരുകളും നല്‍കിയതുകൊണ്ടോ, എന്തെങ്കിലും ചില യുക്തികള്‍ പറഞ്ഞ് ന്യായീകരിച്ചതുകൊണ്ടോ ഒരു മുസ്‌ലിമിന് അവയിലൊന്നും പങ്കെടുക്കാവതല്ല.
'അവര്‍ (അറബികള്‍)  ഒട്ടകത്തെ അറുത്ത് ഇരുപത്തി എട്ട് ഓഹരി ആക്കി വീതിക്കുന്നു. ശേഷം, ശകുനം നോക്കുന്ന പത്ത് അമ്പുകള്‍ എടുത്ത് അതിലെ മൂന്ന് എണ്ണത്തിന് 0 എന്ന നമ്പറിടുന്നു. ബാക്കി ഏഴെണ്ണത്തിന് ഏഴു വരെ നമ്പറിടുന്നു. എന്നിട്ട് ഈ അമ്പുകള്‍ ഒരു വ്യക്തിയെ ഏല്‍പിക്കുന്നു. ശേഷം അദ്ദേഹം ഓരോരുത്തരുടെയും പേരു പറഞ്ഞ് ഓരോ അമ്പും സഞ്ചിയില്‍നിന്നെടുക്കുന്നു. അങ്ങനെ നമ്പര്‍ അനുസരിച്ച് ആ അളവിലുള്ള  മാംസം അവന് ലഭിക്കുന്നു. പൂജ്യം ലഭിക്കുന്നവര്‍ക്ക് ഒന്നും കിട്ടില്ല. അവര്‍ ആ ഒട്ടകത്തിന്റെ മുഴുവന്‍ പണവും എടുക്കണം.' ഇതായിരുന്നു വ്യവസ്ഥ.  ജാഹിലിയ്യത്തില്‍ നിലനിന്നിരുന്ന ഈ ചൂതാട്ടത്തെ ഖുര്‍ആന്‍ അതിശക്തമായി വിമര്‍ശിച്ചു. എന്നാല്‍ അറബികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന മാംസം അവിടത്തെ പാവങ്ങള്‍ക്ക് നല്‍കി അതിന്റെ പേരില്‍ അഹങ്കരിക്കുമായിരുന്നുവെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നുണ്ട്. എന്നിട്ടുകൂടി അല്ലാഹു മൈസിറിനെ കര്‍ശനമായി നിരോധിച്ചുവെങ്കില്‍ കുത്തക മുതലാളിമാരുടെ പോക്കറ്റുകളിലേക്ക് പോകുന്ന ലോട്ടറിപ്പണം എത്രമാത്രം നിഷേധാര്‍ഹമല്ല!

എന്താണ് ഭാഗ്യക്കുറി?
ഭാഗ്യക്കുറി ഒരുതരം ചൂത് തന്നെയാണ്. അതിനെ നിസ്സാരമായി കാണാവതല്ല. 'മാനുഷികമായ ലക്ഷ്യങ്ങള്‍ക്കുള്ളതാണ്, ധര്‍മസ്ഥാപനമാണ്' എന്നെല്ലാം പറഞ്ഞ് ഇളവ് അനുവദിക്കാവതല്ല. ഈ ലക്ഷ്യങ്ങള്‍ക്കായി അത് അനുവദിച്ചുകൊടുക്കുന്നവര്‍ ഇസ്‌ലാം നിഷിദ്ധമാക്കിയ അശ്ലീല നൃത്തങ്ങളിലൂടെയും വിലക്കപ്പെട്ട 'കല'കളിലൂടെയും സംഭാവനകള്‍ ശേഖരിക്കുന്നവരെപ്പോലെയാണ്. ഇവരോടും അവരോടുമൊക്കെ നമുക്ക് പറയാനുള്ളത്; 'അല്ലാഹു നല്ലവനാണ്. നല്ലതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല' എന്ന നബി (സ)യുടെ അധ്യാപനമാണ്.
ഈ ശൈലി അവലംബിക്കുന്നവര്‍, സമൂഹത്തില്‍ നന്മയുടെയും കാരുണ്യത്തിന്റെയും സുകൃതത്തിന്റെയും ചോദനകള്‍ ശോഷിച്ചുപോയെന്നും ധനശേഖരണത്തിന് ഭാഗ്യക്കുറിയും നിഷിദ്ധ വിനോദങ്ങളുമല്ലാതെ മാര്‍ഗമില്ലെന്നുമുള്ള ചിന്തയെയാണ് പ്രതിനിധാനം ചെയ്യുന്നത്. സമൂഹത്തെ സംബന്ധിച്ച് ഇത്തരമൊരു സങ്കല്‍പം ഇസ്‌ലാമിലില്ല. മനുഷ്യരിലെ നന്മയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.
അതിനാല്‍, ശ്രേഷ്ഠമായ ലക്ഷ്യങ്ങള്‍ക്ക് വിശുദ്ധമായ മാര്‍ഗമേ അവലംബിക്കാവൂ എന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ആ മാര്‍ഗം നന്മയിലേക്കുള്ള ക്ഷണമാണ്. മാനുഷിക വികാരങ്ങളെ ഉജ്ജീവിപ്പിക്കലും അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം ഉണര്‍ത്തലുമാണ്.
ലോട്ടറി നേരത്തേ പറഞ്ഞതു പോലുള്ള ചൂതാട്ടമാണെന്ന് പറയാന്‍ കാരണം, ഇവിടെ പണം മുടക്കുന്നവര്‍ക്ക് മിക്കപ്പോഴും ഒന്നും ലഭിക്കുന്നില്ല. അതേസമയം കിട്ടുന്നവര്‍ക്ക് ലഭിക്കുന്നത് എത്രയോ വലിയ തുകയും. അതാകട്ടെ മറ്റുള്ളവരുടെ അവകാശവും. ഇമാം ഗസ്സാലി പറയുന്നത് കാണുക: 'ഓരോരുത്തരുടെയും കാര്യത്തില്‍ ലാഭനഷ്ടങ്ങളുടെ സാധ്യത ഒരുമിച്ചുചേരലാണ് ചൂതാട്ടം. ചൂതാട്ടത്തിലേര്‍പ്പെടുന്ന ഓരോരുത്തനും ധനമിറക്കുന്നു. വിജയിക്കുന്നവന്‍ തന്റെയും കൂട്ടുകാരന്റെയും ധനം ഒരുമിച്ച് കൈയടക്കുന്നു. ഇത് ഉറപ്പായും ഹറാംതന്നെ' (അല്‍വജീസ്). ലാഭത്തിനും നഷ്ടത്തിനും സാധ്യതയുള്ള എല്ലാ കളികളും ചൂതാട്ടമാണ് (ശര്‍വാനി: 10/217).  ലോട്ടറിയില്‍ എല്ലാവരും ലാഭത്തെയും നഷ്ടത്തെയും പ്രതീക്ഷിക്കുന്നു. ഇമാം നവവി (റ) പറയുന്നു: 'ജയിച്ചവന് എടുക്കാമെന്ന വ്യവസ്ഥയില്‍ രണ്ടു പേര്‍ പണം ചെലവഴിക്കുന്നുവെങ്കില്‍ അതും ചൂതാട്ടമാണ്' (മജ്മൂഅ്: 20/228). വിജയിച്ചവന് ഇത്ര സംഖ്യ മറ്റേ ആള്‍ നല്‍കണമെന്ന് വ്യവസ്ഥ ചെയ്താല്‍ അത് സ്വഹീഹാകുന്നതല്ല. കാരണം അയാള്‍ക്ക് ലാഭമാണോ നഷ്ടമാണോ സംഭവിക്കുക എന്ന് ഉറപ്പില്ല. ഇത് നിഷിദ്ധമായ ചൂതാട്ടമാണ് (തുഹ്ഫ: 9/402).
ഇസ്‌ലാമിക ശരീഅത്തില്‍, ശരിയായ പകരം (മുഖാബല) കൂടാതെ പണംനേടല്‍ നിഷിദ്ധമാണ്. ലോട്ടറിയില്‍ കുറഞ്ഞ വിലയുടെ ടിക്കറ്റ് വാങ്ങുന്നവന് സമ്മാനം ലഭിക്കുന്നത് വലിയ തുകയാണ്. അവന്റെ ചെറിയ തുക ഈ സമ്മാനത്തിന് ഒരിക്കലും പകരമാവുന്നില്ല. ലോട്ടറി നിഷിദ്ധമാവുന്ന മറ്റൊരു വശം ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം പണം അനാവശ്യമായി ചെലവഴിക്കുക (ഇളാഅത്തുല്‍ മാല്‍) എന്നതാണ്. ഇവിടെ ചെലവഴിക്കുന്ന പണത്തിന് മിക്കപ്പോഴും പകരമായി ഒന്നും ലഭിക്കുന്നില്ല എന്ന കാരണത്താല്‍ ഇതും അനാവശ്യമായ പണം ചെലവഴിക്കല്‍ ആയിത്തീരും. നിഷിദ്ധമാവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അതിന്റെ യഥാര്‍ഥ ഉടമസ്ഥര്‍ക്കെല്ലാം (ടിക്കറ്റ് വാങ്ങിയ മറ്റുള്ളവര്‍) തൃപ്തി ഉണ്ടാവാന്‍ ഇടയില്ല. കാരണം അവരും ടിക്കറ്റ് എടുക്കുന്നത് തങ്ങള്‍ക്ക് സമ്മാനം ലഭിക്കാന്‍ വേണ്ടി ആണല്ലോ. ഇവിടെ മറ്റുള്ളവരുടെ സമ്പത്ത് എടുക്കുന്നവന്‍ അവരുടെ തൃപ്തി (രിളാ) കൂടാതെ എടുക്കുന്നത് അനുവദനീയമല്ല. ഇനി എല്ലാവര്‍ക്കും തൃപ്തിയാണ് എന്നു പരസ്യമായി പറഞ്ഞാലും ഈ ഇടപാട് അനുവദനീയമാവുകയില്ല. കാരണം പരസ്പര സംതൃപ്തി ഹറാമിനെ ഒരിക്കലും ഹലാലാക്കുകയില്ല.

സാമൂഹിക തലം
സാമൂഹിക ജീവിതത്തില്‍ ലോട്ടറി വെറുക്കപ്പെട്ടതാവാന്‍ കാരണം, ഒന്നാമതായി അത് മനുഷ്യന്റെ അധ്വാന ശീലത്തിന് കോട്ടം വരുത്തുന്നു എന്നതാണ്. അധ്വാനിക്കുന്ന സമൂഹത്തെ അലസരാക്കി സ്വപ്‌നം കണ്ടിരിക്കാന്‍ ലോട്ടറി പ്രേരിപ്പിക്കുന്നു. ഇതിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം വേറെ. നമുക്കു ചുറ്റും പല തരത്തിലും ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്ന് എല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. പല പ്രാവശ്യം ടിക്കറ്റ് എടുത്തിട്ടും ഭാഗ്യം തുണക്കാത്തവര്‍ തങ്ങളുടെ തലവരയെയും ഭാഗ്യദോഷത്തെയും പഴിച്ച് വിഷാദ രോഗികളാവുന്നതും ഒരു സാമൂഹിക പ്രശ്നമാണ്. ഈയടുത്ത് കേരള ഹൈക്കോടതി സര്‍ക്കാറിനോട് ലോട്ടറി നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ അത് നിരോധിച്ചുകൂടേ എന്നു ചോദിച്ചിരുന്നു.
പല പേരിലും ഭാവത്തിലും ഭാഗ്യപരീക്ഷണങ്ങള്‍ സര്‍വവ്യാപിയാകുമ്പോള്‍ സമൂഹം അമ്പരന്നുനില്‍ക്കരുത്. തിന്മയുടെ വാതായനങ്ങള്‍ എപ്പോഴും ചടുലവും ആകര്‍ഷകവുമായിരിക്കും. അതൊരു വെല്ലുവിളിയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ അധ്വാനിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരു ലോട്ടറി ടിക്കറ്റും വാങ്ങി സ്വപ്‌നജീവികളായി മാറുന്ന ഒരു സമൂഹം ആത്യന്തികമായി പറഞ്ഞാല്‍ നാശോന്മുഖമാണ്.
ചീട്ടുകളി, ഭാഗ്യക്കുറി, വാതുവെപ്പ് തുടങ്ങി പല പേരുകളിലും രൂപങ്ങളിലും ചൂതാട്ടത്തിന് വേഷപ്പകര്‍ച്ചകളുണ്ട്. ലോട്ടറിയും പന്തയവുമെല്ലാം നികുതിയടച്ചുള്ളതാണെങ്കില്‍ അനുവദനീയവും സാമൂഹിക നന്മയുമായി മാറിയിരിക്കുന്നു! പണം വെച്ച ചീട്ടുകളി കുറ്റകരമാണെങ്കില്‍ സമ്മാനക്കൂപ്പണുകളുടെ മറവിലുള്ള ചീട്ടുകളിയും ഭാഗ്യപരീക്ഷണവും അനുവദനീയമായി ലോകം കാണുന്നു. ഇന്ന് ലോകത്തിന്റെ സാമ്പത്തിക അച്ചുതണ്ടിനെ തന്നെ മറിച്ചിടാന്‍ പോന്ന സാമ്പത്തിക ശക്തിയായി ചൂതാട്ടം വളര്‍ന്നിക്കുന്നു. കോടീശ്വരന്മാരുടെ കാസിനോകളില്‍ രാഷ്ട്രഭരണംപോലും ചൂതുവെക്കപ്പെടുന്നു. കളികള്‍, കലകള്‍, തെരഞ്ഞെടുപ്പുകള്‍ തുടങ്ങി എല്ലാം ചൂതാട്ടമായി പരിണമിക്കുന്നു. പല സര്‍ക്കാരുകളുടെയും പ്രധാന വരുമാനമായി ചൂതിന്റെ മാന്യ വേര്‍ഷനായ ലോട്ടറി ഇടം പിടിച്ചുകഴിഞ്ഞു. ജനങ്ങളുടെ ആര്‍ത്തിയെയും പെട്ടെന്ന് ധനികരാകാനുള്ള തൃഷ്ണയെയും ഭാഗ്യപരീക്ഷണത്തിലൂടെ ത്രസിപ്പിച്ച് സര്‍ക്കാരുകളും അതിനേക്കാള്‍ കൂടുതലായി അവരുടെ ഏജന്റുമാരും തടിച്ചുകൊഴുക്കുന്നു. 
വിനോദത്തിനു വേണ്ടിയുള്ള കളികളും ആരോഗ്യകരമായ മത്സരങ്ങളും ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ അവ ചൂതാട്ടത്തിനുള്ള അവസരങ്ങളാകരുത്. പകിടകളി, ശീട്ടുകളി എന്നിവ പൊതുവെ പണംവെച്ചുള്ള ചൂതിനു കാരണമാകുന്നതിനാല്‍ പണമില്ലാതെയും അതു കളിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അല്ലാഹുവിന്റെ അതിര്‍ത്തി കടന്ന് മേയാന്‍ അത് കാരണമായേക്കും (ബുഖാരി). അതുപോലെ കളികളോടനുബന്ധിച്ചുള്ള വാതുവെപ്പു പണവും ചൂതിലാണ് ഉള്‍പ്പെടുന്നത്. രണ്ടു പേരും ഓഹരിയിട്ട് സമ്മാനം ശേഖരിക്കുകയും ജയിച്ചവന്‍ അത് കരസ്ഥമാക്കുകയും ചെയ്യുന്ന സമ്മാനപ്പന്തയവും ഇസ്‌ലാം നിഷിദ്ധമാക്കി. ഇങ്ങനെയുള്ള കുതിരപ്പന്തയത്തിനുവേണ്ടി  പരിപാലിക്കുന്ന കുതിര ചെകുത്താന്റേതാണെന്നാണ് നബി(സ) പറഞ്ഞത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍