Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

ദൈവിക ഭൂഷണമല്ലാത്ത വൈദിക ഭാഷണങ്ങള്‍

നസീര്‍ അലിയാര്‍ പ്ലാമൂട്ടില്‍

മുമ്പൊരിക്കലുമില്ലാത്ത വിധം പ്രത്യക്ഷത്തില്‍ തന്നെ കേരളത്തിലെ ക്രൈസ്തവ പുരോഹിതര്‍, ബഹുസ്വര ദേശത്ത് പാലിക്കേണ്ട സര്‍വ സീമകളും ലംഘിച്ചുകൊണ്ട് ഒരു സമുദായത്തിനെതിരെ ഒരുവിധ തെളിവുകളോ യുക്തിയോ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണല്ലോ. മുസ്ലിം വിഭാഗത്തിനു നേരെ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രകടമായാണ് വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ കത്തോലിക്കാ പുരോഹിതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 
അന്വേഷണങ്ങള്‍ തങ്ങള്‍ ഇഛിക്കുന്നിടത്തേക്കെത്തിച്ച് തെളിവ് സംഘടിപ്പിക്കാന്‍ പാകമായ സകലമാന രാഷ്ട്രീയ-ഉദ്യോഗസ്ഥ അനുകൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടുപോലും യാതൊരു തെളിവുകളും കിട്ടാതെ, കോടതി പോലും തിരസ്‌കരിച്ചതാണ് ലൗ ജിഹാദ് ആരോപണം. എന്നിട്ടും പാലാ ബിഷപ്പ്, 'നാര്‍ക്കോട്ടിക് ജിഹാദ്' പോലുള്ള ആരോപണങ്ങള്‍ കേരളീയ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് ദൗര്‍ഭാഗ്യകരമാണ്.
ആഗോളതലത്തില്‍ കുറേ കാലങ്ങളായി സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ശത്രുസ്ഥാനത്തുണ്ടായിരുന്ന കമ്യൂണിസം പരാജയപ്പെട്ടപ്പോള്‍, ഇസ്ലാമും ഇസ്‌ലാമിക ദര്‍ശനങ്ങളും തല്‍സ്ഥനത്ത് പ്രതിഷ്ഠിക്കപ്പെട്ടതോടെ, ലോകത്തെവിടെയും നടക്കുന്ന സകല വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഇങ്ങ് കേരളത്തിലെ ഏതെങ്കിലുമൊരു മൂലയിലിരിക്കുന്ന മുസ്‌ലിം മറുപടി പറയേണ്ട സാഹചര്യമാണ്.
കത്തോലിക്കാ സഭയുടെ ആഗോള സംവിധാനവും കേരളത്തില്‍ അവരുടെ സ്വാധീനവും എല്ലാവര്‍ക്കും അറിവുള്ളതാണ്. കത്തോലിക്കാ സഭയിലെ, കേരളത്തിലുള്‍പ്പെടെ എല്ലാ പ്രദേശങ്ങളിലെയും മെത്രാന്‍, ബിഷപ്പുമാരെ നിയമിക്കുന്നതും നിയന്ത്രിക്കുന്നതും വത്തിക്കാനില്‍നിന്നാണ്. വത്തിക്കാന്‍ രാജ്യത്തെ ഭരണാധിപന്‍ കൂടിയായ മാര്‍പാപ്പയുടെ കല്‍പനകളും നിര്‍ദേശങ്ങളുമനുസരിച്ചാണ് ഇങ്ങ് കോതമംഗലം രൂപതാ ബിഷപ്പ് മുതല്‍ അങ്ങ് മാനന്തവാടി മെത്രാന്‍ വരെ പ്രവര്‍ത്തിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഏഴു പതിറ്റാണ്ടുകള്‍ക്കു മുമ്പ് വൈദേശിക വാഴ്ചയില്‍നിന്നും സ്വാതന്ത്ര്യം നേടി ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇന്ത്യയിലെ, കേരളത്തിലെ ഒരു മൂലയില്‍ പോലുമുള്ള ക്രൈസ്തവ സമുദായ പ്രവര്‍ത്തനങ്ങളുടെ ചരടിന്റെ അറ്റം പിടിച്ചിരിക്കുന്നത് ഒരു വിദേശ രാജ്യത്തലവന്‍ കൂടിയായ പോപ്പ് ആണെന്നതാണ്.
ഇന്ത്യയിലെ വേറൊരു മതസമൂഹത്തിലും ഇല്ലാത്ത രീതിയാണിത്. ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ വിഭാഗങ്ങളിലോ, ക്രൈസ്തവതയെപ്പോലെ തന്നെ വൈദേശിക മതമെന്ന് ആക്ഷേപിക്കപ്പെടുന്ന ഇസ്‌ലാമിന്റെ അനുയായികളിലോ ഇങ്ങനെ ഒരു രീതിയില്ല. ഇന്ത്യയിലെ ഏതെങ്കിലുമൊരു പ്രദേശത്തെ ഇമാമിനെയോ  ഖാദിയെയോ നിയമിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ, മക്കയില്‍നിന്നോ മദീനയില്‍നിന്നോ ഒരു നിയമന-നിയന്ത്രണാധികാര കേന്ദ്രവുമില്ലെന്നതാണ് വസ്തുത. 
അതതു പ്രദേശങ്ങളിലെ ഖാദി, ഇമാമുമാരെ നിയമിക്കുന്നത് അവിടത്തെ വിശ്വാസികളാണ്.  ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭൗതിക-ആത്മീയ പ്രവര്‍ത്തനങ്ങളിലൊന്നും തന്നെ ഒരു വിദേശി ഇടപെടലുകളുമില്ല തന്നെ. 
മുമ്പ് ആഗോള മുതലാളിത്തത്തിന്റെ നോട്ടപ്പട്ടികയിലുണ്ടായിരുന്നത് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളായിരുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ  ഇ.എം.എസ് മന്ത്രിസഭയെ  അമേരിക്കന്‍ സാമ്രാജ്യത്വം നോട്ടമിട്ടത് സ്വാഭാവികം മാത്രം. സി.ഐ.എ വഴി അതിന് കരുക്കള്‍ നീക്കിയിരുന്നതായി പിന്നീട് വ്യക്തമായിട്ടുണ്ട്. വിമോചന സമരമെന്ന പേരില്‍ അതിന്റെ നടത്തിപ്പ് ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ മേല്‍നോട്ടത്തിലുമായിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചില ജാതി സംഘടനകളും മുന്‍നിരയില്‍ അണിനിരന്നു. മലയാള മനോരമ, ദീപിക തുടങ്ങിയ ക്രൈസ്തവ മാനേജ്മെന്റ് പത്രങ്ങള്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തെ വെച്ചുവാഴിക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്തു; തുടര്‍ മുഖപ്രസംഗങ്ങളെഴുതി. സോവിയറ്റ് യൂനിയനും അതിന്റെ സോഷ്യലിസ്റ്റ് ഉപഗ്രഹ രാജ്യങ്ങളും കൊഴിഞ്ഞുവീണതോടെ മുതലാളിത്ത ക്രൈസ്തവതക്ക് നേര്‍ക്കുനേരെയൊരു 'പ്രതിനായകന്‍' ഇല്ലെന്നായി. പകരം 'ഇസ്‌ലാം' ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു.
കുറേ നാളുകളായി കേരളത്തിലെ ക്രൈസ്തവ പാതിരിമാര്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരെ ഇടയലേഖനങ്ങളൊന്നും തന്നെ വായിക്കാറില്ല. ഒരു ഘട്ടത്തില്‍ പിണറായി വിജയന്റെ 'നികൃഷ്ട ജീവി' പ്രയോഗത്തില്‍ ഇളകിവശായിരുന്ന മതമേലധ്യക്ഷന്മാര്‍ ഇപ്പോള്‍ പുതുതായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഇസ്‌ലാം എന്ന സാങ്കല്‍പിക ശത്രുവിനു നേരെയാണ് വെടിയുതിര്‍ത്തുകൊണ്ടിരിക്കുന്നത്. സംഘ് പരിവാര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ തുടര്‍ ഭരണവും കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവിന് സാധ്യതയില്ല എന്ന തിരിച്ചറിവും അവരെ കൂടുതലായി ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കുകയാണ്. പ്രായോഗിക കൗശല ബുദ്ധി ഏറെയുണ്ട് എന്നു പൊതുവില്‍ കരുതപ്പെടുന്ന മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉത്തരേന്ത്യയില്‍ ഇടക്കിടെ നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ കാര്യമായൊന്നും പ്രതികരിക്കാറില്ല. ഫാ. സ്റ്റാന്‍ സ്വാമി സംഭവം ഒടുവിലത്തെ ഉദാഹരണം.
വര്‍ഷങ്ങളായി വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച, കോടതി തന്നെ തള്ളിക്കളഞ്ഞ ലൗ ജിഹാദ് എന്ന ഉണ്ടയില്ലാ വെടിക്കൊപ്പം 'നാര്‍ക്കോട്ടിക് ജിഹാദ്' എന്നൊരു വിദ്വേഷ ഇനം കൂടി കണ്ടുപിടിച്ചിരിക്കുകയാണ് ചില പ്രമുഖ ബിഷപ്പുമാര്‍. ധാര്‍മിക-സദാചാര മൂല്യങ്ങള്‍ കുര്‍ബാന പ്രഭാഷണങ്ങളിലെ ഉപദേശങ്ങളില്‍ ഒതുക്കാതെ, യുവ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടുപോകാത്ത വിധം പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയാണ് ബിഷപ്പുമാര്‍ ചെയ്യേണ്ടത്.  ആ സംസ്‌കരണം ആദ്യമേ പള്ളിയരമനകളിലെ തീന്മേശകളില്‍നിന്ന് തുടങ്ങണം. പ്രാര്‍ഥനക്കും പ്രാതലിനും 'വീഞ്ഞ്' (ലഹരിയില്ലാത്ത പഴച്ചാറ്) എന്ന നൂറ്റാണ്ടു കാലത്തെ ആചാരക്രമങ്ങള്‍ തിരുത്തണം.  വിശ്വാസാനുഷ്ഠാന വിഷയങ്ങളിലും വിവാഹമോചന നിയമങ്ങളിലും കാലോചിതമായ എത്രയോ മാറ്റങ്ങള്‍ക്ക് പോപ്പ് മുന്‍കൈയെടുത്തിട്ടുണ്ട്.
ക്രിസ്മസ്, ഈസ്റ്റര്‍ കാലത്തെ മദ്യമൊഴുക്ക് കുറക്കാനും യേശു ക്രിസ്തുവിന്റെ സ്മരണാ മുഹൂര്‍ത്തങ്ങള്‍ 'മദ്യ വിപണന സൂപ്പര്‍ സെയില്‍' സീസണായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന രീതികള്‍ക്കെതിരെ നിലപാടെടുക്കാനും കഴിയണം. സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ കേസ് വക്കാലത്തെടുക്കാന്‍ പോലും ആളില്ലാതെ പോയ സാഹചര്യങ്ങള്‍ എങ്ങനെ ഭവിക്കുന്നൂ എന്ന് ആലോചിക്കണം. സദാചാര പാഠങ്ങള്‍ 'നീതികിട്ടാത്ത നിലവിളികള്‍' പ്രതിധ്വനിക്കുന്ന കോണ്‍വെന്റുകളില്‍നിന്നും പള്ളിയരമനകളില്‍നിന്നും തുടങ്ങട്ടെ. 
പരമത സഹിഷ്ണുത ഘോഷിക്കുന്ന സഭാ വിദ്യാലയങ്ങളില്‍ മിക്കതിലും ഇക്കാലത്തും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം വിലക്കപ്പെടുന്നു, അതും ശിരോവസ്ത്രവും 'പര്‍ദ'യും ധരിക്കുന്ന കന്യാസ്ത്രീ അധ്യാപികമാര്‍ പഠിപ്പിക്കുന്നിടത്ത്! ശിരോവസ്ത്രമണിഞ്ഞ് സ്‌കൂളിലെത്തുന്ന മുസ്‌ലിം വിദ്യാര്‍ഥിനിക്ക് സ്‌കൂള്‍ കവാടം വരെയേ അത് ധരിക്കാനാകൂ. ഗേറ്റ് കടന്നാല്‍ അത് മടക്കി ബാഗിനുള്ളില്‍ തിരുകുകയാണ് പതിവ്. കര്‍ത്താവിന്റെ രൂപക്കൂടിനു മുന്നിലും പ്രാര്‍ഥനാ വേളകളിലും സഹോദരിമാര്‍ തട്ടമിടുന്ന ഒരു 'സല്‍ക്കര്‍മം' മുസ്‌ലിം പെണ്‍കുട്ടികള്‍ സദാ ആചരിക്കുന്നതുകൊണ്ടെന്തു കുഴപ്പം?


 

വാത്സല്യത്തിന്റെ പെരുമഴയായിരുന്നു ഞങ്ങളുടെ ഉപ്പപ്പ

ഹംദാന്‍ അന്‍വര്‍ സഇൗദ്

മഞ്ചേരിയിലെ ഞങ്ങളുടെ തറവാടിന്റെ പേരാണ് 'ദാറുല്‍ അമാന്‍.' ഉപ്പപ്പ അബ്ദുല്ല ഹസന്‍ ഉണ്ടാക്കിയ വീട്. ഞാന്‍ പഠനത്തിനായി അമേരിക്കയിലെ നെബ്രാസ്‌കയിലേക്ക് വരുന്ന അന്ന് നാട്ടിലുള്ള ദാറുല്‍ അമാനിയന്‍സ് മൊത്തം ഉണ്ടായിരുന്നു എന്നെ യാത്രയയക്കാന്‍. ഇത് ഞങ്ങളുടെ കുടുംബത്തിന്റെ ഒരു രീതിയാണ്. ആര് വരുമ്പോഴും പോകുമ്പോഴും ഞങ്ങളുടെ വലിയ കുടുംബത്തില്‍നിന്ന് സ്ഥലത്തുള്ളവരൊക്കെ,  ഉപ്പപ്പ മുതല്‍ പേര-പേരക്കുട്ടികള്‍ വരെ ഒത്തുകൂടാറുണ്ട്. പുറത്തു നിന്ന് വരുന്നവര്‍ ആദ്യം സലാം പറയുന്നതും പോകുന്നവര്‍ ദീര്‍ഘനേരം കെട്ടിപ്പിടിച്ച് സലാം പറഞ്ഞിരുന്നതും ഉപ്പപ്പാനോട് തന്നെയായിരുന്നു. എന്റെ യാത്രയയപ്പിലും അങ്ങനെത്തന്നെയായിരുന്നു. മനസ്സലിയിക്കുന്ന പുഞ്ചിരിയുമായി, പ്രാര്‍ഥിച്ചുകൊണ്ടും പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു ഉപ്പപ്പ എന്നെ യു.എസിലേക്ക് പറഞ്ഞയച്ചത്.
പലര്‍ക്കും അദ്ദേഹം ഉസ്താദും പണ്ഡിതനും എഴുത്തുകാരനുമായിരുന്നപ്പോള്‍, ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതിനേക്കാളുപരി വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും നിലക്കാത്ത പെരുമഴയായിരുന്നു. കുടുംബത്തിലെ ഏതൊരംഗത്തെയും അവരെയാണ് ഉപ്പപ്പ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് എന്ന് തോന്നിപ്പിക്കുമാറ് ആഴമുണ്ടായിരുന്നു ആ സ്‌നേഹത്തിന്. ഓരോരുത്തരെയും അവരുടെ വിളിപ്പേരിലേ വിളിക്കുകയുള്ളൂ. മരുമക്കളെ 'മോളേ' എന്നല്ലാതെ ഒരിക്കലും അഭിസംബോധന ചെയ്യില്ല. കുട്ടികളെ വലിയ ഇഷ്ടമായിരുന്നു.
ഉപ്പപ്പാനെ സംബന്ധിച്ചേടത്തോളം അദ്ദേഹത്തിന്റെ വലിയ കുടുംബം എന്നുള്ളത് അഭിമാനവും സന്തോഷവുമായിരുന്നു. എല്ലാവരും ഒരുമിച്ചുകൂടുന്നത് വളരെ ഇഷ്ടമായിരുന്നു. പലരും ലോകത്തിന്റെ പല ഭാഗങ്ങളിലായിരുന്നിട്ടും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും ഒരുമിക്കാന്‍ ശ്രമിക്കാറുണ്ട്. മക്കള്‍ക്ക് സ്വന്തമായി വീടൊക്കെ ആകുന്നതിനു മുമ്പ് വെക്കേഷന് നാട്ടില്‍ പോകുമ്പോള്‍ തറവാട് ഒരു മാസത്തേക്ക് കല്യാണവീട് പോലെയായിരുന്നു. കുവൈത്തില്‍നിന്നും ഖത്തറില്‍നിന്നുമുള്ളവരൊക്കെ 'ദാറുല്‍ അമാനി'ല്‍ തന്നെയായിരുന്നു പാര്‍ത്തിരുന്നത്. അതിരാവിലെ 'വെറുപ്പിക്കുന്ന' ബെല്‍ അടിപ്പിച്ച് സ്വുബ്ഹിന് വിളിക്കുന്നതും, മഗ്രിബ് നമസ്‌കാരത്തിന് മുമ്പ് കളി തീരാത്തതില്‍ ഒരല്‍പം ചീത്ത പറയുന്നതും, രാത്രി വൈകുവോളം എല്ലാവരും കൂടി ഇരുന്ന് കഥ പറഞ്ഞും തമാശ പറഞ്ഞും തര്‍ക്കിച്ചും കഴിഞ്ഞിരുന്നതുമായ എത്രയോ ഓര്‍മകള്‍.
ഉപ്പപ്പാക്ക് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടം. പക്ഷേ കുറേ അംഗങ്ങള്‍ ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും എപ്പോഴും ഒരുമിച്ചിരുന്ന് കഴിക്കാന്‍ പറ്റുമായിരുന്നില്ല.  ആദ്യം ഒരു കൂട്ടര്‍ ഭക്ഷണത്തിന് ഇരിക്കും. അതുകഴിഞ്ഞ് അടുത്ത കൂട്ടര്‍ ഇരിക്കും. ഉപ്പപ്പ ആദ്യ ട്രിപ്പില്‍ ഇരുന്ന് അവരോടൊപ്പം ഭക്ഷണം കഴിക്കും.  അവരുടെ ഭക്ഷണം കഴിഞ്ഞാലും ഉപ്പപ്പ എഴുന്നേറ്റുപോകില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ബാക്കിയുള്ളവരോടൊപ്പം കൂടി ഇരുന്ന് അവര്‍ കൂടി കഴിച്ചുകഴിഞ്ഞിട്ടേ ഉപ്പപ്പ എഴുന്നേല്‍ക്കാറുള്ളു. അതിരറ്റ പരിഗണനയുടെയും കരുതലിന്റെയും മാതൃകകള്‍ ഞങ്ങള്‍ക്ക് ബാക്കിവെച്ചുകൊണ്ടാണ് ഉപ്പപ്പ ഈ ലോകത്തോട്  യാത്രപറഞ്ഞത്.
ഈ മരണം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഉപ്പപ്പാക്ക് കോവിഡ് നെഗറ്റീവ് ആവുകയും ഐ.സി.യുവില്‍നിന്ന് റൂമിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. 15-09-2021 ബുധനാഴ്ചയാണ് ഉപ്പപ്പ മരിക്കുന്നത്. വ്യാഴാഴ്ച കുവൈത്തില്‍നിന്ന് നാട്ടിലേക്ക് തിരിക്കാന്‍ വിചാരിച്ചിരുന്നതാണ് എന്റെ കുടുംബം. 'ഞങ്ങള്‍ നാളെ തന്നെ പോവുകയാണ്' എന്ന് അബൂയ (എന്റെ ഉപ്പ) തിങ്കളാഴ്ച രാത്രി എന്നെ വിളിച്ചു പറഞ്ഞു. അബൂയാന്റെ അല്ലറ ചില്ലറ വര്‍ക്കില്‍ ഞാനും കൂടിക്കൊടുക്കാറുള്ളതുകൊണ്ട് അത് എത്ര തിരക്കുള്ള സമയമാണ് എന്ന് എനിക്കറിയാമായിരുന്നു. ആ വേവലാതി ഞാന്‍ പങ്കുവെച്ചപ്പോള്‍ അതൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും വരുന്നിടത്തു വെച്ചു കാണാമെന്നുമായിരുന്നു മറുപടി. അബൂയാന്റെ ആ  തീരുമാനത്തിന് ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എയര്‍പോര്‍ട്ടില്‍നിന്ന് ഇറങ്ങി കുടുംബം മൊത്തം ഓടിപ്പിടിച്ച് എത്തിച്ചേര്‍ന്നത് ഐ.സി.യുവില്‍നിന്ന് നേരെ റൂമിലേക്ക് മാറ്റിയ ഉപ്പപ്പാന്റെ അടുത്തേക്കായിരുന്നു. വര്‍ത്തമാനം പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നെങ്കിലും മക്കളെയും പേരമക്കളെയും കണ്ടതില്‍ ഉപ്പപ്പ അതിയായി സന്തോഷിച്ചിരുന്നു. എല്ലാവരെയും നടുക്കിക്കൊണ്ട് തൊട്ട് പിറ്റേന്ന് രാവിലെയായിരുന്നു ഉപ്പപ്പാന്റെ മരണം. കൃത്യസമയത്ത്, അവസാന മണിക്കൂറുകളില്‍ അബൂയാക്കും കുടുംബത്തിനും അവിടെ എത്താനും എല്ലാവരോടുമൊത്ത് ഉപ്പപ്പാന്റെ അടുത്ത് സമയം ചെലവഴിക്കാനും സാധിച്ചത് പടച്ചവന്റെ അകമഴിഞ്ഞ അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍