Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

മുഹമ്മദ് നബി സ്ത്രീകളെ കേട്ട ജനനായകന്‍

അബ്ദുല്ലത്വീഫ് കൊടുവള്ളി

ഒരു പ്രസ്ഥാന നായകന്‍ കൂടിയായിരുന്ന നബി(സ) വനിതകളുടെ ആവശ്യങ്ങള്‍ എങ്ങനെ പരിഗണിച്ചു, പരാതികള്‍ക്ക് എവ്വിധം ചെവികൊടുത്തു എന്നത് സംബന്ധിച്ച ചില ചരിത്രാനുഭവങ്ങളാണ് ഈ ലേഖനത്തില്‍. വനിതകളുടെ പൊതുസാന്നിധ്യം വര്‍ധിച്ചുവെങ്കിലും അവര്‍ക്കു നേരെ ചില മേഖലകളില്‍നിന്ന് തുടരുന്ന 'അടഞ്ഞ നയം' സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവാചകാനുഭവങ്ങള്‍ മനസ്സിലാക്കുന്നത് സാധുവും സ്വീകാര്യവുമായ നിലപാട് കൈക്കൊള്ളാന്‍ നമ്മെ സഹായിക്കും.
ഇസ്‌ലാം ഒരു ആദര്‍ശ പ്രസ്ഥാനമാകയാല്‍ അതിന്റെ ആണും പെണ്ണുമായ വക്താക്കള്‍ തങ്ങളുടെ ലക്ഷ്യസാഫല്യത്തിനായി ഇഴചേര്‍ന്ന് നിലകൊള്ളണമെന്ന് ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്: ''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു...'' (അത്തൗബ: 71).
സൂക്തത്തിലെ 'അന്യോന്യം മിത്രങ്ങള്‍' എന്നതിന് ഖുര്‍ആന്‍ ഉപയോഗിച്ച 'ഔലിയാഅ്' എന്ന പദത്തിന് വിശേഷ വിവക്ഷയുണ്ട്. അതിന്റെ ക്രിയാരൂപമായ 'വലാ' എന്നതിന്റെ മൂലാശയം 'മൂന്നാമതൊരാള്‍ക്ക് ഇടയില്‍ കയറി നില്‍ക്കാന്‍ കഴിയാത്തവിധം രണ്ടു പേര്‍ ചേര്‍ന്നു നില്‍ക്കുക' എന്നാണ് (അല്‍ മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍). ഇസ്‌ലാമികാദര്‍ശ മാര്‍ഗത്തില്‍ ആണും പെണ്ണും അവിഛേദ്യമായ പാരസ്പര്യം പുലര്‍ത്തണമെന്നു സാരം.
ഇസ്‌ലാമേതര ആശയങ്ങളും അവയുടെ വക്താക്കളും ഈ പാരസ്പര്യം നിലനിര്‍ത്തി നിഷിദ്ധം കല്‍പിക്കുകയും നന്മ വിലക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സത്യവിശ്വാസി, വിശ്വാസിനി കൂട്ടായ്മയും രൂപപ്പെടാതിരിക്കുകയോ തദടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുകയോ ചെയ്താല്‍ അത് ഭൂമിയില്‍ വലിയ കുഴപ്പത്തിനു കാരണമാകുമെന്ന് ഖുര്‍ആന്‍ (അത്തൗബ: 67, അല്‍അന്‍ഫാല്‍: 73) താക്കീത് നല്‍കുന്നുണ്ട്. വനിതകള്‍ക്ക് ചെവികൊടുക്കുന്നത് പ്രധാനമാകുന്നത് മേല്‍ പശ്ചാത്തലത്തിലും കൂടിയാണ്.

എല്ലാം ചെവിക്കൊള്ളുന്നവന്‍
'ആര്‍ എന്തുപറഞ്ഞാലും മുഹമ്മദ് കേട്ടുകൊടുക്കുന്നു' എന്ന് കപടവിശ്വാസികള്‍ നബി(സ)യെ പരിഹസിച്ചിരുന്നു. അതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: ''നബിയെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്നു പറയുകയും ചെയ്യുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്. പറയുക: അദ്ദേഹം നിങ്ങള്‍ക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാകുന്നു....'' (അത്തൗബ: 61). നബി(സ) ആരെ കേള്‍ക്കുന്നതും ആവശ്യമോ പരാതിയോ പറയുന്നവര്‍ക്കു മാത്രമല്ല, സമൂഹത്തിന് ഒന്നാകെ നന്മയാണെന്നു സാരം.
ഈ ഇനത്തിലെ ഏറ്റവും പ്രശസ്തവും ഖുര്‍ആന്‍ സവിശേഷം പരിഗണിച്ച് എടുത്തു പറഞ്ഞതുമായ സംഭവമാണ് സഅ്‌ലബ മകള്‍ ഖൗലയും ഭര്‍ത്താവ് സ്വാലിത്ത് മകന്‍ ഔസും തമ്മിലുള്ള ഒരു ദാമ്പത്യ പ്രശ്‌നവും അതേക്കുറിച്ച നിലപാടും.
''(നബിയേ) തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.'' (അല്‍മുജാദില: 1).
സൂക്തത്തില്‍ കേട്ടു, കേള്‍ക്കുന്നു/കേള്‍ക്കും, കേള്‍ക്കുക എന്നത് സ്ഥിര ഗുണമായവന്‍ (സമിഅ, യസ്മഉ, സമീഅ്) എന്നീ പദങ്ങള്‍, പരാതികള്‍ കേള്‍ക്കുക എന്നത് അല്ലാഹുവിന്റെയും നബി(സ)യുടെയും സാധാരണവും സ്വാഭാവികവുമായ രീതിയാണെന്നതിനാല്‍ സത്യവിശ്വാസികള്‍ മാതൃകയാക്കണമെന്ന പാഠമാണ് നമുക്ക് നല്‍കുന്നത്.
നബി(സ)യുടെ മുമ്പാകെ ഖൗല ഉന്നയിച്ച പരാതി നബി(സ)യും തുടര്‍ന്ന് അല്ലാഹുവും തല്‍സമയം പരിഗണിച്ചതോടെ ഖൗല ഇസ്‌ലാമിക സമൂഹത്തില്‍ ശ്രദ്ധാ കഥാപാത്രമായി, 'മുജാദില'(സംവാദക) എന്ന അധ്യായനാമത്തിലൂടെ പ്രശസ്തയുമായി. ഒരിക്കല്‍ ആളുകള്‍ക്കൊപ്പം ഒരിടത്തേക്കു പോവുകയായിരുന്ന ഉമറിനോട്, ഒരു വൃദ്ധ അവിടെ നില്‍ക്കൂ എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അവിടെ നിന്നു, അവരുമായി വളരെ അടുത്തുനിന്ന് അവരുടെ ചുമലില്‍ കൈവെച്ച് അവരുടെ വാക്കുകള്‍ക്ക് ചെവികൊടുത്തു. സംസാരിച്ച് കഴിയും വരെ അദ്ദേഹം ക്ഷമാപൂര്‍വം കേട്ടുനിന്നു. അപ്പോള്‍ ഒരാള്‍ ഉമറിനോട് പറഞ്ഞു: 'ഒരു വൃദ്ധയെ കേള്‍ക്കാന്‍ വേണ്ടി താങ്കള്‍ ഇത്രയും പേരെ തടഞ്ഞുവെക്കുകയോ?' ഉമര്‍(റ) പ്രതികരിച്ചു: 'ഏഴാം ആകാശത്തിന്റെ മീതെനിന്ന് അല്ലാഹു പരാതികേട്ട സഅ്‌ലബ മകള്‍ ഖൗലയാണ് ഇവര്‍. അല്ലാഹുവാണ, രാത്രിയാകുന്നതുവരെ അവര്‍ സംസാരിച്ചാലും ഞാന്‍ അവരെ കേള്‍ക്കും. അവര്‍ക്ക് പറയാനുള്ളതു മുഴുവന്‍ ഞാന്‍ ശ്രദ്ധിക്കും. അതിനിടെ നമസ്‌കാര സമയമായാല്‍ ഞാന്‍ നമസ്‌കരിച്ച് തിരികെ വന്ന് വീണ്ടും അവരെ കേള്‍ക്കും.' അല്ലാഹുവും നബി(സ)യും ശ്രവിച്ച വനിതയെ ഉമര്‍(റ) പരിഗണിച്ചതിലൂടെ വലിയൊരു സന്ദേശമാണ് സമൂഹത്തിനു നല്‍കിയത്.

വനിതകളുടെ പരാതികള്‍ക്ക് വിധേയരാകുന്നവര്‍
പലവിധ ആവശ്യങ്ങള്‍ക്കായി നബി(സ)യുടെ വീടുകളില്‍ വന്നുപോയിരുന്നവരില്‍ കൂടുതലും വനിതകളായിരുന്നു എന്ന് ഹദീസുകളില്‍നിന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നു. സ്വതന്ത്രമായും നിര്‍ഭയമായും തങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അദ്ദേഹവുമായി പങ്കുവെക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്വകാര്യമായ പരിഹാര ശ്രമങ്ങള്‍ക്കൊപ്പം അവരുടെ പരാതികളിലെ കാതലാശയവും അതേക്കുറിച്ച തന്റെ നിലപാടും മസ്ജിദുന്നബവിയിലെ മിമ്പറിലൂടെ അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചു. ഒരിക്കല്‍ അവിടുന്ന് ജനങ്ങളോടായി പറഞ്ഞു: 'മുഹമ്മദിന്റെ കുടുംബങ്ങള്‍ക്കരികെ -നബിപത്‌നിമാരുടെ അടുത്ത് - ധാരാളം സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് പരാതി ഉന്നയിച്ചെത്തുന്നുണ്ട്. ആ ഭര്‍ത്താക്കന്മാര്‍ നിങ്ങളിലെ ഉത്തമന്മാരല്ല' (അബൂദാവൂദ്, ഇബ്‌നുമാജ). ഇണകളോടുള്ള മാന്യമായ സഹവര്‍ത്തിത്വമാണ് ഭര്‍ത്താക്കന്മാരെ ഉത്തമരാക്കുന്നത് എന്നര്‍ഥം; ഭാര്യമാരുടെ പരാതികള്‍ക്ക് വിധേയരാകുന്ന ഭര്‍ത്താക്കന്മാര്‍ മാന്യന്മാരല്ല എന്നും ധ്വനി.

അസ്മാഅ് ബിന്‍ത് യസീദ്
ഈ ഗണത്തില്‍ ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിച്ചവരായിരുന്നു അസ്മാഅ് ബിന്‍ത് യസീദ്. വാക് ചാതുരിയാലും തന്റേടത്താലും അവര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത് 'ഖത്വീബത്തുന്നിസാഅ്' (വനിതകളിലെ പ്രാസംഗിക) എന്നാണ്. ഒരിക്കല്‍ നബി (സ) സ്വഹാബികള്‍ക്കൊപ്പം ഇരിക്കവെ, അവിടേക്ക് കടന്നുവന്ന അസ്മാഅ്(റ) പറഞ്ഞു: 'ഞാന്‍ വനിതകളുടെ പ്രതിനിധിയായാണ് വന്നിരിക്കുന്നത്. തീര്‍ച്ചയായും അല്ലാഹു താങ്കളെ പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കുമായാണ് നിയോഗിച്ചിരിക്കുന്നത്. ഞങ്ങള്‍ വീടകങ്ങളില്‍ കഴിയുന്നവരും നിങ്ങളുടെ വികാരങ്ങള്‍ ശമിപ്പിക്കുന്നവരും നിങ്ങളുടെ മക്കളെ ഗര്‍ഭം ചുമക്കുന്നവരുമാണ്. നിങ്ങള്‍ ഞങ്ങളേക്കാള്‍ കൂടുതലായി ജുമുഅകളിലും സംഘടിത നമസ്‌കാരങ്ങളിലും പങ്കെടുക്കുന്നു. രോഗികളെ സന്ദര്‍ശിക്കുന്നു. ജനാസ നമസ്‌കാരങ്ങളില്‍ സന്നിഹിതരാവുന്നു. വീണ്ടും വീണ്ടും ഹജ്ജ് ചെയ്യുന്നു. പുരുഷന്മാര്‍ ഹജ്ജിനോ ഉംറക്കോ പോകുമ്പോള്‍ ഞങ്ങള്‍ അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നു, വസ്ത്രങ്ങള്‍ നെയ്യുന്നു, മക്കളെ പരിപാലിക്കുന്നു. അതേസമയം പുണ്യത്തിലോ പ്രതിഫലത്തിലോ ഞങ്ങള്‍ പങ്കാളികളാകുന്നില്ല.....' ഇതു കേട്ടപ്പോള്‍ നബി(സ) തന്റെ അനുയായികളുടെ നേരെ മുഴുവനായി തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ ഇതുപോലെ ഒരു വനിതയുടെ സംസാരം മുമ്പ് കേട്ടിട്ടുണ്ടോ?' തുടര്‍ന്ന് അവിടുന്ന് അസ്മാഇന്റെ നേരെ തിരിഞ്ഞ് ആണുങ്ങള്‍ ചെയ്യുന്ന പലതും ചെയ്യാതെ തന്നെ പുണ്യം നേടാന്‍ സ്ത്രീകള്‍ക്ക് അവസരമുണ്ടെന്ന് സമാശ്വസിപ്പിക്കുകയുണ്ടായി (ബസ്സാര്‍, ത്വബറാനി).

'ഞാനും മനുഷ്യനാണ്'
പ്രവാചകകാലത്തെ നിര്‍ണായകമായ പല മുഹൂര്‍ത്തങ്ങളും അപ്പടി പകര്‍ന്നുതരികയും ചില സന്ദിഗ്ധ ഘട്ടങ്ങളില്‍ പുരുഷന്മാരെ കവച്ചുവെക്കുന്ന രീതിയില്‍ ഇടപെടുകയും ചെയ്ത മഹതിയായിരുന്നു പില്‍ക്കാലത്ത് നബിപത്‌നിയായ ഉമ്മുസലമ(റ). അബ്‌സീനിയ ഹിജ്‌റ ഘട്ടത്തിലെ പലായന ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും നമുക്ക് ലഭിച്ചത് പ്രധാനമായും അവരില്‍നിന്നാണ്. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ത്വബഖാത്തു ഇബ്‌നുസഅ്ദില്‍ കാണാം. മുസ്‌ലിംകള്‍ക്ക് അഭയം കൊടുത്തതിന്റെ പേരില്‍ നജ്ജാശിക്കെതിരെ ആഭ്യന്തര വിപ്ലവം നടന്നത്, തുടര്‍ന്ന് നടന്ന യുദ്ധത്തിന്റെ ഗതി അറിഞ്ഞുവരാന്‍ സുബൈറുബ്‌നുല്‍ അവ്വാം നടത്തിയ സാഹസിക യാത്ര, യുദ്ധം നജ്ജാശിക്കനുകൂലമായി പര്യവസാനിച്ചത്, മുസ്‌ലിംകള്‍ക്കുണ്ടായ സന്തോഷം തുടങ്ങി പലതും നാം അറിയുന്നത് ഉമ്മുസലമയില്‍നിന്നാണ്. ഹിജ്‌റ വേളയില്‍ അവര്‍ നടത്തിയ ഇടപെടല്‍ ചരിത്രപ്രസിദ്ധമാണല്ലോ.
ഒരിക്കല്‍ ഒരു അടിമപ്പെണ്‍കുട്ടി ഉമ്മുസലമയുടെ മുടിചീകിക്കൊടുക്കുന്നതിനിടയില്‍ നബി(സ) പള്ളിയില്‍ വെച്ച് 'ഹേ, ജനങ്ങളേ' എന്ന് ആഹ്വാനം ചെയ്തു. അതു കേട്ട അവര്‍ തന്റെ മുടിചീകുകയായിരുന്ന പെണ്‍കുട്ടിയോട്, 'മാറിനില്‍ക്കു, ഞാന്‍ പോകട്ടെ' എന്നു പറഞ്ഞു. 'നബി(സ) ആണുങ്ങളെയാണ് വിളിച്ചത്, പെണ്ണുങ്ങളെയല്ല' എന്ന് അവള്‍ തടസ്സം പറഞ്ഞു. അതിന് ഉമ്മുസലമയുടെ പ്രതികരണം, 'ഇന്നനീ മിനന്നാസ്' (ഞാന്‍ മനുഷ്യരില്‍പെട്ടവളാണ് അഥവാ ഞാനും മനുഷ്യനാണ്) എന്നായിരുന്നു (മുസ്‌ലിം).
ഹുദൈബിയ്യ സന്ധി സംഭാഷണ ശേഷം, നബി(സ) 'എല്ലാവരും ബലിയറുത്ത് തലമുണ്ഡനം ചെയ്യുക' എന്ന് സ്വഹാബികളോട് ആഹ്വാനം ചെയ്തു. മൂന്നു തവണ പറഞ്ഞിട്ടും ആളുകള്‍ തയാറാകാതിരുന്നപ്പോള്‍, അവിടുന്ന് പത്‌നി ഉമ്മുസലമയോട് ആളുകളുടെ നിസ്സംഗാവസ്ഥയെക്കുറിച്ച് പറഞ്ഞു. അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു; 'താങ്കള്‍ പോയി, ആരോടും പറയാതെ ഒട്ടകത്തെ ബലിയറുക്കുക, ക്ഷുരകനെ വിളിച്ച് തലമുണ്ഡനം ചെയ്യുക.' അതുപ്രകാരം നബി(സ) ആരോടും പറയാതെ ഉമ്മുസലമയുടെ നിര്‍ദേശം നടപ്പിലാക്കി. അതു കണ്ട് സ്വഹാബികളും അവ്വിധം ചെയ്തു (ഇബ്‌നു ഹിശാം). പ്രമുഖരായ പുരുഷ സ്വഹാബികളുടെ സാന്നിധ്യത്തില്‍പോലും ഒരര്‍ഥത്തില്‍ അവരെയും തിരുത്താന്‍ പാകത്തില്‍ ഉമ്മുസലമക്ക് ഇടപെടാന്‍ കഴിഞ്ഞത് അത്തരമൊരു സ്വാതന്ത്ര്യം അവര്‍ക്ക് ലഭിച്ചതിനാലും, അത് നേതൃത്വം അവര്‍ക്ക് വകവെച്ചുകൊടുത്തതിനാലുമാണ്.

കരുതലും പരിഗണനയും
വനിതകളുടെ താല്‍പര്യങ്ങളോട് നബി(സ) എത്രമാത്രം ക്രിയാത്മകമായി പ്രതികരിച്ചിരുന്നു, അവരെ പങ്കാളികളാക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഖൈബര്‍ യുദ്ധവേളയിലെ ഒരനുഭവം.
അബുസ്സ്വല്‍ത്തിന്റെ മകള്‍ ഉമയ്യ, ഗിഫാര്‍ ഗോത്രത്തിലെ ഒരു വനിതയെ ഉദ്ധരിച്ച് പറയുന്നു: ''ഞാന്‍ ഗിഫാര്‍ ഗോത്രത്തിലെ ഏതാനും വനിതകളോടൊപ്പം നബി(സ)യെ വന്നു കണ്ട്, ഖൈബറിലേക്ക് ഞങ്ങളും താങ്കളുടെ കൂടെ വരുന്നുണ്ട് എന്നു പറഞ്ഞു. മുറിവേറ്റവരെ ചികിത്സിക്കാനും മറ്റു സഹായങ്ങള്‍ ചെയ്യാനും ഞങ്ങള്‍ക്ക് കഴിയുമല്ലോ. നബി(സ) പറഞ്ഞു: 'അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ വന്നോളൂ.' ഞാന്‍ നബിപത്‌നി ഉമ്മുസലമയോടൊപ്പം ഒട്ടകക്കട്ടിലില്‍ യാത്ര ചെയ്തു. ഖൈബറിലെത്തി ഇറങ്ങിയപ്പോള്‍ കട്ടിലില്‍ ചോര കണ്ട ഞാന്‍ നാണിച്ച് ഒട്ടകത്തോട് ചേര്‍ന്നുനിന്നു (അത് എന്റെ ആദ്യത്തെ ഋതുരക്താനുഭവമായിരുന്നു). ഒട്ടകക്കട്ടിലില്‍ രക്തവും എന്റെ സങ്കോചാവസ്ഥയും കണ്ട നബി(സ) പറഞ്ഞു: 'എന്തുപറ്റി, നിനക്ക് ഋതുരക്തമുണ്ടായോ?' ഞാന്‍: 'അതേ'. അവിടുന്ന് പറഞ്ഞു: 'ശരീരം വൃത്തിയാക്കുക. ശേഷം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ ഉപ്പുചേര്‍ക്കുക. അതുപയോഗിച്ച് ഒട്ടകക്കട്ടിലിന്റെ രക്തം പുരണ്ടയിടം കഴുകുക. എന്നിട്ട് കൂടാരത്തിലേക്ക് തിരിച്ചു കയറുക.' ഞാന്‍ അതു പ്രകാരം ചെയ്തു. ഖൈബര്‍ വിജയമുണ്ടായപ്പോള്‍ യുദ്ധമുതലുകളില്‍നിന്ന്, എന്റെ കഴുത്തില്‍ കാണുന്ന ഈ മാല എനിക്ക് തന്നു. അത് അദ്ദേഹം തന്റെ കൈയാല്‍ എന്റെ കഴുത്തില്‍ അണിയിച്ചുതന്നു. അല്ലാഹുവാണ, അത് ഒരിക്കലും എന്നെ വേര്‍പിരിയില്ല.'' താന്‍ മരിച്ചാല്‍ ആ മാല അടക്കമായിരിക്കണം തന്നെ മറവു ചെയ്യേണ്ടതെന്ന് അവര്‍ വസ്വിയ്യത്ത് ചെയ്തിരുന്നു. തുടര്‍ജീവിതത്തില്‍ ഋതുരക്തമുണ്ടായപ്പോഴെല്ലാം, നബി(സ) നിര്‍ദേശിച്ച പോലെ, അവര്‍ ഉപ്പു ചേര്‍ത്ത വെള്ളമാണ് ഉപയോഗിച്ചിരുന്നത്. മരണാനന്തരം തന്നെ കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ഉപ്പു ചേര്‍ക്കണമെന്ന് അവര്‍ പ്രത്യേകം വസ്വിയ്യത്ത് ചെയ്തിരുന്നു. 'ഞാന്‍ നിങ്ങള്‍ക്ക് പിതൃസ്ഥാനീയനാണ്' എന്നാണ് നബിവചനമെങ്കിലും അവിടുന്ന് മാതൃസ്ഥാനീയന്‍ കൂടിയായിരുന്നു എന്നും ഗിഫാര്‍ ഗോത്രജയുടെ മേല്‍ അനുഭവം തെളിയിക്കുന്നു.

'പളുങ്കു പാത്രങ്ങളാണ്'
പുരുഷന്മാരെ അപേക്ഷിച്ച് ശാരീരികമായും മാനസികമായും ദുര്‍ബലരാണ് സ്ത്രീകള്‍. അത് പ്രകൃതിപരവും സഹജവുമായ യാഥാര്‍ഥ്യമാണ്. ഇത് കണക്കിലെടുത്തുവേണം പുരുഷന്മാരുടെ നിലപാടുകള്‍. അത് സ്ത്രീകളെ താഴ്ത്തിക്കെട്ടാനുള്ള നടപടിയല്ല. ഭര്‍ത്താവും ഭാര്യയും മക്കളുമായി യാത്രപോകുന്നയാള്‍ ഭാര്യയും മക്കളും ബസ്സില്‍ കയറിയ ശേഷമേ കയറുകയുള്ളൂ. ഇത് ഹൃദയംഗമമായ ബന്ധത്തിന്റെയും പാരസ്പര്യത്തിന്റെയും മനോഹരമായ ആവിഷ്‌കാരമാണ്, ചിലര്‍ ധരിച്ചുവശായപോലെ ആണത്താധികാരമല്ല.
ഒരിക്കല്‍, പാട്ടുപാടി ഒട്ടകത്തെ തെളിക്കാന്‍ വിദഗ്ധനായ അന്‍ജശ എന്നയാള്‍ നബിപത്‌നിമാര്‍ കയറിയ ഒട്ടകത്തെ തെളിച്ചുകൊണ്ടുപോകുന്നതിനിടയില്‍, പാട്ടുകേട്ട് ഉത്സാഹം കൊണ്ട ഒട്ടകത്തിന് വേഗത കൂടി. ഇതു കണ്ടപ്പോള്‍ നബി(സ) പറഞ്ഞു: 'അന്‍ജശ! പളുങ്കുപാത്രങ്ങളോട് ദയാപൂര്‍വം പെരുമാറുക.' പളുങ്കുപാത്രങ്ങള്‍ എന്നത് അവരോടുള്ള കരുതലിന്റെ ഭാഷ്യമാണ്.
ഖുര്‍ആനും നബിചര്യയും വനിതകള്‍ക്ക് വകവെച്ചുകൊടുത്ത ഒട്ടുമുക്കാല്‍ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ബാഹ്യ ഇടപെടലുകളിലൂടെ മാത്രം പ്രാപ്യമാകുന്ന അവസ്ഥയാണ് വളരെക്കാലമായി നിലനില്‍ക്കുന്നത്. പള്ളികളില്‍ ഇബാദത്തെടുക്കാനുള്ള മൗലികാവകാശം താത്ത്വികമായി പോലും പലരും അംഗീകരിച്ചിട്ടില്ല. 'സ്ത്രീകളോട് കൂടിയാലോചിക്കുക, ശേഷം അവരുടെ നിര്‍ദേശത്തോട് വിയോജിച്ച് പ്രവര്‍ത്തിക്കുക' എന്ന വ്യാജ ഹദീസിന്റെ ദുരാത്മാവ് ചില നേതാക്കളെ ആവേശിച്ചതുപോലെയാണ് പല സംഭവങ്ങളും സൂചിപ്പിക്കുന്നത്. വനിതകള്‍ക്ക് ചെവികൊടുക്കാതിരിക്കുന്നത് ഇസ്‌ലാമികാധ്യാപനങ്ങളുടെ നിരാകരണം മാത്രമല്ല, വനിതകളുടെ നന്മോന്മുഖമായ ഉത്സാഹങ്ങളെ ഇസ്‌ലാംവിരുദ്ധ ശക്തികള്‍ ഹൈജാക്ക് ചെയ്യാന്‍ അവസരമൊരുക്കിക്കൊടുക്കലുമാണ്.
ഖുര്‍ആന്റെയും തിരുചര്യയുടെയും ഭൂമികയില്‍നിന്നുകൊണ്ടുതന്നെ സമ്മര്‍ദ ശക്തിയായി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇസ്‌ലാംവിരുദ്ധ ബാഹ്യശക്തികള്‍ക്ക് വിധേയരാകാതിരിക്കാനും അതിലൂടെ സര്‍ഗാത്മക രീതിയില്‍ പുരുഷ-വനിതാ സഹവര്‍ത്തിത്വ കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കാനുമുള്ള ആന്തരികശേഷി വനിതകള്‍ നേടുമെന്ന് പ്രത്യാശിക്കാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍