Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

തീരുമാനങ്ങള്‍ സുബദ്ധമായിരിക്കട്ടെ

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്

ബഹുമുഖമായ ജീവിത പ്രശ്‌നങ്ങള്‍ മനുഷ്യരുടെ മുന്നോട്ടുള്ള ഗമനത്തെ കൂടുതല്‍ സങ്കീര്‍ണവും പ്രയാസം നിറഞ്ഞതുമാക്കും. അപ്രതീക്ഷിത വഴിത്തിരിവുകള്‍ ജീവിതപാതയില്‍ പതര്‍ച്ചക്കും പാളിച്ചക്കും ഇടവരുത്തും. ജീവിതയാത്ര സുഗമവും സുന്ദരവുമാകണമെങ്കില്‍ ഒട്ടനവധി നൈപുണികള്‍ മനുഷ്യന്‍ ആര്‍ജിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് തീരുമാനമെടുക്കാനുള്ള കഴിവ്. ഇന്നലെകളില്‍ നാമെടുത്ത തീരുമാനങ്ങളുടെ പ്രതിഫലനമാണ് ഇന്നത്തെ നമ്മുടെ ജീവിതത്തില്‍ കാണുക. നാളെ സംഭവിക്കാന്‍ പോകുന്നതും ഇന്നെടുക്കുന്ന തീരുമാനങ്ങളുടെ ഫലങ്ങളായിരിക്കും.
തീരുമാനങ്ങള്‍ സുബദ്ധമായിരിക്കുക എന്നത് ജീവിത വിജയത്തിന്റെ അടിസ്ഥാന ഘടകമാണ്. ഭൂതകാലത്ത് കൈക്കൊണ്ട തെറ്റായ തീരുമാനങ്ങള്‍ തിരിച്ചെടുക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെ ഭാവി ഭാസുരമാക്കാന്‍ ഉതകുന്ന വിധം നല്ല തീരുമാനങ്ങളെടുക്കുന്നവരായി മാറാന്‍ സ്വയം പരിശീലനം നേടേണ്ടിയിരിക്കുന്നു. മുന്‍കൂട്ടി സുചിന്തിതമായ തീരുമാനങ്ങളെടുക്കുന്ന സ്വഭാവം വളര്‍ത്തിയെടുക്കുന്നില്ലെങ്കില്‍ കാര്യങ്ങളെല്ലാം വരുന്നതുപോലെ വരട്ടെ എന്ന മനോഭാവക്കാരായി നാം മാറും. ഏതൊരു കാര്യത്തിലും തീരുമാനമെടുക്കുന്നതിന് മുമ്പ് വിഷയത്തിന്റെ എല്ലാ വശങ്ങളെപ്പറ്റിയും കഴിയുന്നത്ര പഠനം നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും വേണം. പ്രശ്‌നത്തെ സംബന്ധിച്ച് പൂര്‍ണമായ അവഗാഹം ഇല്ലാതെ ഇടപെടാനും തീരുമാനങ്ങളെടുക്കാനും ശ്രമിക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ക്കിടയാക്കും. ഉദാഹരണമായി, വിവാഹത്തെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട ഘട്ടം വരുമ്പോള്‍ പലവിധ ചിന്തകളിലേക്ക് മനസ്സ് പതറിക്കൊണ്ടിരിക്കും. ഇണയുടെ സൗന്ദര്യം, തറവാടിത്തം, സമ്പത്ത്, ധാര്‍മിക സ്വഭാവം ഇങ്ങനെ പലതും ചിന്തയില്‍ വരും. ആദര്‍ശാധിഷ്ഠിതമാണ് നിങ്ങളുടെ ജീവിതമെങ്കില്‍ ഭാവിയില്‍ സത്ഫലമുളവാക്കുന്ന തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മുഹമ്മദ് നബി(സ)യുടെ ആദര്‍ശമാണ് നിങ്ങളുടേതെങ്കില്‍ ദീനീനിഷ്ഠയും ധാര്‍മികതയുമായിരിക്കും നിങ്ങള്‍ പരിഗണിക്കുക.
ചെറുതും വലുതുമായ ഏത് കാര്യത്തിന്റെയും തുടര്‍ നടപടികള്‍ ഉറച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാകുമ്പോള്‍ വിജയമായിരിക്കും. ഇളകിക്കളിച്ചാല്‍ തുടര്‍ കര്‍മങ്ങള്‍ പരാജയത്തില്‍ കലാശിക്കും. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ രക്ഷിതാക്കള്‍ ചില ഏടാകൂടങ്ങളില്‍ ചെന്ന് ചാടാറുണ്ട്. ഒരു രക്ഷിതാവ് തന്റെ കുട്ടിയെ തൊട്ടടുത്തുള്ള നാല് സ്‌കൂളുകളില്‍ മാറിമാറിച്ചേര്‍ത്ത സംഭവമുണ്ട്. 'ഈ സ്‌കൂള്‍ മോശം, മറ്റേ സ്‌കൂള്‍ നല്ലത്' എന്ന ചിലരുടെ സംസാരം മാത്രം മുഖവിലക്കെടുത്ത് കുട്ടികളെ സ്‌കൂള്‍ മാറ്റി പന്താടുന്നവര്‍ ഏറെയാണ്. കുട്ടിയെ ചേര്‍ക്കുന്നതിന് മുമ്പ് നിലവാരമുള്ള വിദ്യാലയം കണ്ടെത്തി തീരുമാനമെടുക്കാന്‍ കഴിയാതെ പോയതാണ് കാരണം.
തീരുമാനം സുചിന്തിതവും പക്വത നിറഞ്ഞതുമായിരിക്കണം. ഇതിന്റെ മുന്നോടിയായി അവലംബിക്കേണ്ട ചില നടപടിക്രമങ്ങളുമുണ്ട്. ഒന്നാമതായി, താന്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്‌നത്തെക്കുറിച്ച് പൂര്‍ണമായ അറിവ് നേടണം. കൃത്യമായ ഉറവിടങ്ങളില്‍നിന്നുള്ള വ്യക്തമായ അറിവ്. രണ്ടാമത്തേത് കൂടിയാലോചനയാണ്. എല്ലാ കാര്യങ്ങളിലും ഒറ്റക്ക് തീരുമാനമെടുക്കാന്‍ വ്യക്തികളെന്ന നിലയില്‍ സാധിച്ചെന്നു വരികയില്ല. അങ്ങനെയുള്ള ഘട്ടങ്ങളില്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും, വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവരുമായും കൂടിയാലോചിക്കുന്നത് എപ്പോഴും നല്ലതാണ്. ഇസ്‌ലാമിക ജീവിതവ്യവസ്ഥ കൂടിയാലോചനകള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. കൂടിയാലോചനകളില്ലാതെ നേതൃസ്ഥാനീയര്‍ ഒറ്റക്കും ഏകപക്ഷീയവുമായി എടുക്കുന്ന തീരുമാനങ്ങള്‍ വലിയ വിഘാതങ്ങളുണ്ടാക്കും. മൂന്നാമതായി, തീരുമാനങ്ങളെടുക്കുമ്പോഴും അതനുസരിച്ച് കര്‍മപഥത്തിലിറങ്ങുമ്പോഴും പൂര്‍ണമായും അല്ലാഹുവില്‍ സമര്‍പ്പിക്കുക. ഈ നടപടിക്രമങ്ങള്‍ യഥോചിതം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ തീരുമാനങ്ങള്‍ സഫലീകരിക്കാനും വിജയകരമായി ലക്ഷ്യത്തിലെത്തിക്കാനും സാധിക്കും.
പ്രതിസന്ധികളുടെ മലവെള്ളപ്പാച്ചിലില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയും വന്നുചേരാം. അങ്ങനെയുള്ള ഘട്ടങ്ങളില്‍ തീരുമാനങ്ങളിലെത്തുന്നത് അല്‍പം വൈകിപ്പിക്കുന്നത് ഗുണകരമാകും. ഇതുമൂലം പ്രതിസന്ധികളുടെ സ്വഭാവം മാറുകയും അനായാസം ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കുകയും ചെയ്യും. അനാവശ്യ ധൃതി പാഴ് വേലയായിത്തീരും (Haste makes waste) എന്നാണല്ലോ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍