Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

സാമ്പത്തികരംഗത്തേക്കുള്ള ചുവടുവെപ്പുകള്‍

ടി.കെ ഹുസൈന്‍

സാമ്പത്തികപുരോഗതിക്കു വേണ്ടി ജമാഅത്ത് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് പലിശരഹിതകടം നല്‍കുന്ന ചെറുസംവിധാനങ്ങള്‍ക്ക് വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായും അല്ലാതെയും 1969 മുതല്‍ ജമാഅത്ത് തുടക്കം കുറിക്കുകയുണ്ടായി. കൊച്ചി ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റിന്റെ പ്രാദേശിക പലിശരഹിതനിധി കെ.യു ഹംസ സാഹിബിന്റെ നേതൃത്വത്തില്‍ 1976-ല്‍ തുടങ്ങി. അതിന്റെ കാര്യദര്‍ശി ചുമതല എനിക്കായിരുന്നു. കേരളത്തില്‍ 1999-ല്‍ ജമാഅത്തിനു കീഴില്‍ ഉദ്ദേശം അമ്പതോളം പലിശരഹിതനിധി സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. 
1999-ല്‍ പലിശക്കെതിരെ നടന്ന കാമ്പയിന്‍ സാമ്പത്തികരംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ശൈഖ് മുഹമ്മദ് കാരകുന്നായിരുന്നു കാമ്പയിന്‍ നയിച്ചത്. അദ്ദേഹത്തിന്റെ കൂടെ ഈയുള്ളവനും ഉണ്ടായിരുന്നു. കാസര്‍കോട്ടുനിന്ന് ആരംഭിച്ച കാമ്പയിന്‍ സന്ദേശയാത്ര പ്രധാന നഗരങ്ങളും പട്ടണങ്ങളും കടന്ന് തലസ്ഥാനത്തെത്തി. പൊതുജനങ്ങളില്‍നിന്ന് ശേഖരിച്ച പലിശക്കെതിരെയുള്ള ഭീമഹരജി രാജ്ഭവനില്‍ ചെന്ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. കാമ്പയിന്‍ കാലത്തെ കവലപ്രസംഗങ്ങള്‍, പലിശക്കെതിരെയുള്ള ലഘുലേഖകള്‍, പോസ്റ്ററുകള്‍, മന്ത്രിമാരെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങള്‍ എന്നിവ കേരളത്തിന്റെ തെരുവീഥികള്‍ക്ക് പുതിയ അനുഭവമായിരുന്നു. ബാങ്ക് പലിശയില്‍ എല്ലാം നഷ്ടപ്പെട്ട ഹതഭാഗ്യരുടെ കത്തുകള്‍ അക്കാലത്ത് ഓഫീസില്‍ ധാരാളമായി വരുമായിരുന്നു. ബാങ്ക് അധികൃതരുമായി സംസാരിച്ച് കുറേ പരാതികള്‍ പരിഹരിക്കാനായത് സന്തോഷകരമാണ്. കാമ്പയിനുശേഷം, പലിശരഹിതനിധികളുടെ എണ്ണം നേരത്തേയുള്ളതിനേക്കാള്‍ വര്‍ധിച്ചു. 400 സ്ഥാപനങ്ങളാണ് രണ്ടുവര്‍ഷം കൊണ്ട് പുതുതായി നിലവില്‍ വന്നത്. പൊന്നാന്നി ഐ.എസ്.എസ് പോലുള്ള സ്ഥാപനങ്ങളില്‍ മത്സ്യകച്ചവടം നടത്താന്‍ 500 രൂപ മുതല്‍ 2000 രൂപ വരെ കടംവാങ്ങാന്‍ സ്ത്രീകള്‍ ക്യൂ നില്‍ക്കുന്ന കാഴ്ച ഇപ്പോഴും ഓര്‍ക്കുന്നു. 
പലിശമുക്ത പണവിനിമയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയമ പരിരക്ഷയില്ലെന്നതാണ് യാഥാര്‍ഥ്യം. സൊസൈറ്റി ആക്ട്, ട്രസ്റ്റ് ആക്ട് തുടങ്ങിയവ പ്രകാരം രജിസ്റ്റര്‍ ചെയ്ത് നടത്തുന്നതായിരുന്നു ജമാഅത്തിന്റെ പലിശരഹിതനിധികള്‍. അവയിലൂടെയുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ സര്‍ക്കാര്‍ നിയമങ്ങള്‍ അനുവദിക്കില്ല. അസോസിയേഷന്‍ ഓഫ് പേഴ്‌സണ്‍സ് എന്ന ലൈസന്‍സുള്ള അയല്‍ക്കൂട്ട സംവിധാനത്തിനാണ് നിയമ പരിരക്ഷ കിട്ടുന്നത്. 20 അംഗങ്ങളില്‍ താഴെയുള്ളവര്‍ ഒരുമിച്ച് സഹകരണത്തിലൂടെ സമ്പാദ്യം സ്വരൂപിച്ച് പരസ്പര ജാമ്യത്തില്‍ കൂട്ടത്തിലുള്ളവര്‍ക്ക് നിശ്ചിതകാലത്തേക്ക് കടംനല്‍കി അയല്‍ക്കൂട്ടത്തിന് മുന്നോട്ടുപോവാം. പ്രാദേശികമായി രൂപീകരിക്കുന്ന സൊസൈറ്റിക്ക് അയല്‍ക്കൂട്ടങ്ങളുടെയും ശില്‍പശാലകളുടെയും  സംഘാടനവും കണക്കുകളുടെ മാനേജിംഗും സാധിക്കും.  ഈ തിരിച്ചറിവില്‍നിന്ന് നിധികള്‍ അയല്‍ക്കൂട്ടങ്ങളായി പരിവര്‍ത്തിപ്പിച്ച് ചെറുകിട സംരംഭങ്ങളും മറ്റും മുന്നോട്ടുകൊണ്ടുപോവുകയാണ് അഭികാമ്യമെന്നതിനാല്‍, പ്രസ്തുത രീതിയിലേക്ക് മാറുകയായിരുന്നു പലിശരഹിതനിധികള്‍.

ഇന്‍ഫാഖ്
പ്രാദേശിക എന്‍.ജി.ഒകളെ സഹായിക്കാന്‍ സംസ്ഥാനതലത്തില്‍ ഒരു സംവിധാനത്തിന്റെ ആവശ്യകത ജമാഅത്തിനെ ബോധ്യപ്പെടുത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. പങ്കാളിത്ത ബിസിനസ്സില്‍ ഒരു നിയമവും അവലംബിക്കാതെ വളര്‍ന്ന പല ബിസിനസ്സുകളും പ്രതിസന്ധിയിലകപ്പെട്ട് ചീട്ടുകൊട്ടാരംപോലെ തകര്‍ന്ന ഉദാഹരണങ്ങള്‍ ധാരാളമാണ്. അത്തരം അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ജമാഅത്ത് സാമ്പത്തികസംരംഭങ്ങളെയും അവയിലൂടെ ഉണ്ടാവുന്ന വികസനത്തെയും നിരുത്സാഹപ്പെടുത്തുകയാണ് തുടക്കത്തില്‍ ചെയ്തത്. ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍തന്നെ, പത്തുവര്‍ഷം മുമ്പ് ബിസിനസ്സ് സംരംഭങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ആലോചനക്ക് ഹിറാ സെന്ററില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. അമീര്‍ ടി. ആരിഫലി, ജന. സെക്രട്ടറി എം.കെ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ മലബാറില്‍നിന്നുള്ള നിധികളുടെയും അയല്‍ക്കൂട്ടങ്ങളുടെയും പ്രവര്‍ത്തകര്‍ ഒത്തുകൂടി. വേങ്ങരയിലെ ഇ.വി അബ്ദുല്‍കരീം, മാറഞ്ചേരിയിലെ എ. അബ്ദുല്ലത്വീഫ് തുടങ്ങി പ്രാദേശിക സംഘടനാപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന 60 പേരും ക്ഷണിതാക്കളായി സംബന്ധിച്ചു. അന്നത്തെ ശില്‍പ്പശാലയില്‍നിന്നാണ് സാമ്പത്തിക സംരംഭങ്ങളുടെ സംസ്ഥാനതല സംഘാടനത്തിന് തീരുമാനമായത്. തുടര്‍ന്ന്, നേരത്തേ നിധികളെ കോര്‍ത്തിണക്കുന്നതിന് പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയെ പുനഃസംഘടിപ്പിച്ച് ഇന്‍ഫാഖ് സസ്റ്റൈനബ്ള്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ എന്‍.ജി.ഒ രൂപീകരിക്കുന്നതിന് മലപ്പുറം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രാദേശിക എന്‍.ജി.ഒകളെ ശക്തിപ്പെടുത്തി അയല്‍ക്കൂട്ടങ്ങളെ സജീവമാക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് എം.കെ മുഹമ്മദലി ചെയര്‍മാനായും ഈയുള്ളവന്‍ ജന. സെക്രട്ടറിയായും 21 അംഗ ഭരണസമിതിയുടെ കീഴില്‍  2012-ല്‍ ഇന്‍ഫാഖ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2015 ജനുവരിയിലായിരുന്നു ഇന്‍ഫാഖിന്റെ ഔദ്യോഗിക ഉദ്ഘാടനം. ജമാഅത്ത് അഖിലേന്ത്യാ അസി. അമീര്‍ ടി ആരിഫലി, പാര്‍ലമെന്റംഗം ഇ.ടി മുഹമ്മദ് ബഷീര്‍, ആസൂത്രണവകുപ്പ് അംഗം സി.പി ജോണ്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് ഇകണോമിക്‌സി(ഐ.എ.എഫ്.ഐ.ഇ)ന്റെ അഖിലേന്ത്യാ ഭാരവാഹിയും അലീഗഢ് സര്‍വകലാശാലാ മാനേജ്‌മെന്റ് വിഭാഗം തലവനുമായ ഡോ. വലീദ് അന്‍സാരി എന്നിവര്‍  ഉദ്ഘാടന പരിപാടിയില്‍ പങ്കടുത്തു. 2015 ആഗസ്റ്റ് 27-ന് ഹിറാ സെന്ററില്‍ ചേര്‍ന്ന ഇന്‍ഫാഖ് ജനറല്‍ ബോഡി ടി.കെ ഹുസൈനെ ചെയര്‍മാനായും അബ്ദുല്ലത്വീഫ് മാറഞ്ചേരിയെ ജന. സെക്രട്ടറിയായും തെരഞ്ഞെടുത്തു.
പ്രാദേശിക എന്‍.ജി.ഒകള്‍ക്ക് ഇന്‍ഫാഖ് സംവിധാനമുണ്ടാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം പ്രാദേശിക എന്‍.ജി.ഒകള്‍ രൂപംകൊണ്ടു. പലിശരഹിത സാമ്പത്തികവിനിമയങ്ങളിലൂടെ സുസ്ഥിര വികസനമെന്ന ലക്ഷ്യത്തോടെ പ്രാദേശിക എന്‍.ജി.ഒകളില്‍ അഫിലിയേറ്റ് ചെയ്ത 3500 അയല്‍ക്കൂട്ടങ്ങള്‍ സ്ത്രീശാക്തീകരണത്തിന് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കിയത്. മത, ജാതി, രാഷ്ട്രീയഭേദമന്യേ  മാനവിക കൂട്ടായ്മയായി വികസിച്ച ഇന്‍ഫാഖ് പലിശരഹിത അയല്‍ക്കൂട്ടായ്മകളായി പുതിയ മാര്‍ഗങ്ങള്‍ വെട്ടിത്തെളിച്ചു മുന്നേറുകയാണ്. ചെറിയചെറിയ സംരംഭങ്ങളിലൂടെ ഗ്രാമസഭകളില്‍ നൂതന സംവിധാനമായി പുനര്‍ജനിക്കുകയാണ് ഇന്‍ഫാഖ്. 20 അംഗങ്ങളോ അതില്‍ താഴെയുള്ള അംഗങ്ങളോ അടങ്ങുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ക്കാറിന്റെ നിയമപരിരക്ഷയോടെ പ്രവര്‍ത്തനത്തിന് തുറസ്സ് സാധിച്ചിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ സഹകരണം ഉണ്ടാക്കുന്നതോടൊപ്പം ഗ്രാമജീവിതത്തിന്റെ സകല മേഖലയിലേക്കുമുള്ള ആരോഗ്യകരമായ പ്രവേശം അയല്‍ക്കൂട്ടങ്ങളിലൂടെ സാധ്യമാവുന്നു.  

സഹകരണ മേഖലയിലെ നവാഗത സംരംഭം
ജമാഅത്ത് ഉദ്ദേശിച്ച രീതിയില്‍ പലിശരഹിത  സഹകരണസംഘം സ്ഥാപിക്കാന്‍ സര്‍ക്കാറില്‍നിന്ന് അനുവാദം ലഭിച്ചില്ല. അപ്പോഴാണ് മള്‍ട്ടിസ്റ്റേറ്റ് ക്രഡിറ്റ് സൊസൈറ്റി ആക്ട് 2002 പ്രകാരം സഹകരണസംഘത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, സഹകരണവകുപ്പില്‍നിന്ന് അഡീ. രജിസ്ട്രാറായി വിരമിച്ച കെ. ശംസുദ്ദീന്‍ പൂക്കോട്ടൂരിന്റെ സഹായത്തോടെ പലിശരഹിത  സഹകരണസംവിധാനത്തിനുള്ള ശ്രമം ആരംഭിക്കുന്നത്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായ കാലത്തെ സഹകരണവകുപ്പ് മന്ത്രി ടി.കെ രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ. ശംസുദ്ദീന്‍. വകുപ്പില്‍ മികച്ച സേവനമനുഷ്ഠിച്ചിട്ടുള്ള നിസ്വാര്‍ഥ സേവകന്‍. മാധ്യമം ദിനപത്രത്തില്‍ ജന. മാനേജറായിരിക്കെ അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ആ സമയത്താണ് വിഷന്‍ 2016-ന്റെ ഭാഗമായി സഹൂലത്ത് മൈക്രോഫിനാന്‍സ് ബാനറില്‍ ദല്‍ഹി ആസ്ഥാനമായി ക്രഡിറ്റ് സൊസൈറ്റി സംവിധാനം ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിനും തുടക്കമാകുന്നത്. അതിന്റെ ഭാഗമായി ബംഗ്ലൂരുവില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു. കേരളത്തിലെ നമ്മുടെ എളിയ ശ്രമങ്ങള്‍ക്ക് വലിയ ശക്തി പകരുന്നതായിരുന്നു പ്രസ്തുത ചര്‍ച്ചകള്‍. അങ്ങനെയാണ് സംഗമം മള്‍ട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ദേശീയതല കൂട്ടായ്മയായ സഹൂലത്തില്‍ സംഗമം മള്‍ട്ടിസ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റി ധാരണാ പത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്. 
വായ്പകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പണംനല്‍കി പലിശ ഈടാക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് ഭിന്നമായി  പദ്ധതികളുടെ സൂക്ഷ്മപഠനത്തിനു ശേഷമാണ് സംഗമം ഡയറക്ടര്‍ ബോര്‍ഡ് വായ്പകള്‍ അനുവദിക്കുന്നത്. മൊത്തം മൂലധനത്തിന്റെ നാലിലൊന്ന് ലിക്വിഡിറ്റിയായി സൂക്ഷിക്കുന്നതിനും ശേഷിച്ച ഭാഗത്തിന്റെ മുക്കാല്‍ഭാഗം ഉല്‍പാദനക്ഷമമായ വായ്പകള്‍ക്കും കാല്‍ഭാഗം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും അടിയന്തര വായ്പകള്‍ക്കും നിജപ്പെടുത്തിയിരിക്കുന്നു. ഓഹരികളിലൂടെയാണ് അംഗത്വം അനുവദിക്കുക. ഓഹരികളില്‍നിന്നുള്ള സംഖ്യയും ദീര്‍ഘകാല ആവശ്യങ്ങള്‍ക്കുള്ള നിക്ഷേപമായി സേവിംഗ്‌സ്, ഡെയ്‌ലി ഡെപ്പോസിറ്റ്, എജുക്കേഷനല്‍ ഡെപ്പോസിറ്റ്, സ്‌പെഷ്യല്‍ സ്‌കീം ഡെപ്പോസിറ്റ്, ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയ സ്‌കീമുകളില്‍നിന്നുള്ള തുകയും മൊത്തം അപേക്ഷകളിലെ ആവശ്യങ്ങള്‍ പരിഗണിച്ച് അംഗങ്ങള്‍ക്ക് കടമായി നല്‍കുന്നു. 22,000 ഷെയര്‍ ഉടമകളുണ്ട് നിലവില്‍. മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ ബോഡിയില്‍നിന്ന് തെരഞ്ഞെടുത്ത 20 അംഗങ്ങളും മാനേജിംഗ് ഡയറക്ടറും ചേര്‍ന്നതാണ് ഡയറക്ടര്‍ ബോര്‍ഡ്. വി.കെ മുഹമ്മദ് അശ്ഫാഖാണ് നിലവില്‍ മാനേജിംഗ് ഡയറക്ടര്‍.  
2012 ജൂണില്‍ സംഗമം മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ നടന്നു. 2013-ല്‍ തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ ആദ്യ ബ്രാഞ്ച് ആരംഭിച്ചു. തമിഴ്‌നാട്ടിലെ രണ്ടാമത്തെ ബ്രാഞ്ച് 2014 മെയ് 25-ന് വിരുദ നഗറില്‍ തുടങ്ങി.  കേരളത്തിലെ ആദ്യ ബ്രാഞ്ച് 2014 ഫെബ്രുവരിയില്‍ ആലുവ കേന്ദ്രമായും രണ്ടാമത്തെ ബ്രാഞ്ച് മാര്‍ച്ചില്‍ കോഴിക്കോട് കേന്ദ്രമായും ആരംഭിച്ചു. 2014 സെപ്റ്റംബറില്‍ ഈരാറ്റുപേട്ട ബ്രാഞ്ച് നിലവില്‍വന്നു. കുറ്റ്യാടിയിലും തൃശ്ശിനാപ്പള്ളിയിലും 2016-ലും ബ്രാഞ്ചുകള്‍ ആരംഭിച്ചു. ഇപ്പോള്‍ ഏഴ് ബ്രാഞ്ചുകളിലായി 23,000 അംഗങ്ങളുണ്ട്. പുതിയ ആറ് ബ്രാഞ്ചുകള്‍ക്കു കൂടി അനുമതി തേടി മൂന്നു വര്‍ഷംമുമ്പ് സെന്‍ട്രല്‍ രജിസ്ട്രാറിനു മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സംഗമത്തിന്റെ ഭരണസമിതി നിശ്ചയിക്കുന്ന പ്രാദേശിക ഉപസമിതിയുടെ മേല്‍നോട്ടത്തിലാണ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. ബ്രാഞ്ചുകളുടെ മികച്ച പ്രവര്‍ത്തനം സാധ്യമാക്കുന്നതും അപേക്ഷകള്‍ വിലയിരുത്തി അര്‍ഹരായ അംഗങ്ങളെ കണ്ടെത്തി കടം അനുവദിക്കുന്നതും സമിതികളാണ്. രൂപീകരണകാലം മുതല്‍ സംഗമത്തിന്റെ പ്രസിഡന്റായി തുടരുകയാണ് ഞാന്‍. 

ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ക്രഡിറ്റ്‌സ് ലിമിറ്റഡ്
ഉയര്‍ന്ന സാമ്പത്തിക സ്ഥാപനമായാണ് 2000-ത്തില്‍ എറണാകുളം ഇടപ്പള്ളി ആസ്ഥാനമാക്കി ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ക്രഡിറ്റ്‌സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) ആരംഭിച്ചത്. കേരള മുഖ്യമന്ത്രി എ.കെ ആന്റണിയാണ് എറണാകുളത്ത് എ.ഐ.സി.എല്ലിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ബാങ്കിതര(എന്‍.ബി.എഫ്.സി) സ്ഥാപനമാണ് എ.ഐ.സി.എല്‍. കഴിവും പ്രാപ്തിയുമുള്ള സംരംഭകര്‍ക്ക് പങ്കാളിത്താടിസ്ഥാനത്തില്‍ മുതല്‍മുടക്കാന്‍ അവസരമൊരുക്കുക, വ്യക്തികളില്‍ കച്ചവട താല്‍പര്യം പോഷിപ്പിക്കുക, ബിസിനസ്സ് താല്‍പര്യങ്ങളും നിക്ഷേപ പദ്ധതികളും നീതിയുക്തമാക്കുന്നതിന് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് എ.ഐ.സി.എല്ലിന്റെ പ്രവര്‍ത്തനം. 
തത്ത്വങ്ങളില്‍നിന്ന് വ്യതിചലിക്കാതെ സുതാര്യമായി വളരാന്‍ എ.ഐ.സി.എല്ലിന് സാധിച്ചുവെന്നാണ് ഡയറക്ടറെന്ന നിലക്ക് എന്റെ ബോധ്യം. കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അല്‍ബര്‍ക (ചേരമാന്‍ ഫിനാന്‍ഷ്യേഴ്‌സ്) തുടങ്ങാന്‍ എ.ഐ.സി.എല്‍ പ്രചോദനമായി. നിക്ഷേപം വിനിയോഗിക്കുന്നത് രണ്ട് വിധത്തിലാണ്: ഒന്ന്, ലാഭകരമായതും താരതമ്യേന റിസ്‌ക് കുറഞ്ഞതുമായ ലാഭ-നഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ പണം നിക്ഷേപിക്കുക. രണ്ട്, വാഹന വായ്പകള്‍ നല്‍കുന്നതടക്കമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുക. എ.ഐ.സി.എല്‍ ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് പോലുള്ള സംരംഭങ്ങള്‍ സ്വന്തം നിലക്ക് തുടങ്ങാം. നികുതി, സകാത്ത്, റിസര്‍വ് എന്നിവ കഴിച്ച് ലാഭവിഹിതം നിക്ഷേപകര്‍ക്കിടയില്‍ ഡിവിഡന്റായി നല്‍കുന്നു. ഇതര സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് എ.ഐ.സി.എല്ലിന് ലാഭവിഹിതം താരതമ്യേന കുറവാണ്. 
പ്രോഫിറ്റ് നിശ്ചിത ശതമാനം നേരത്തേ പ്രഖ്യാപിക്കണമെന്ന നിയമം ആര്‍.ബി.ഐ നടപ്പാക്കിയതോടെ, എ.ഐ.സി.എല്ലിന്റെ എന്‍.ബി.എഫ്.സി രജിസ്‌ട്രേഷന്‍ ആര്‍.ബി.ഐ റദ്ദാക്കുകയുണ്ടായി. ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് കമ്പനിയിലൂടെ വികസനത്തിനും നിര്‍മാണത്തിനും എ.ഐ.സി.എല്‍ ഫണ്ട് വിനിയോഗിക്കുന്നു. എന്റര്‍പ്രൈസസ് എല്‍.എല്‍.പി ലീസിംഗിലൂടെ ഉല്‍പന്നങ്ങളും ഉപകരണങ്ങളും പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ക്രയവിക്രയങ്ങള്‍ നടത്താന്‍ സംരംഭകര്‍ക്ക് അവസരമൊരുക്കുക, ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുക എന്നതൊക്കെയാണ് എ.ഐ.സി.എല്ലിന്റെ പുതിയ രീതി. ബിസിനസ്സിലൂടെ ലഭിക്കുന്ന വരുമാനത്തില്‍നിന്ന് ജി.എസ്.ടി, ടാക്‌സ് എന്നിവ കഴിച്ച് ഷെയറുടമകള്‍ക്ക് 2019-'20 വര്‍ഷം നാല് ശതമാനം ലാഭം നല്‍കാന്‍ കഴിഞ്ഞു. കോഴിക്കോട് സി.ഡി ടവറില്‍ എ.ഐ.സി.എല്ലിന്റെ രജിസ്‌ട്രേഡ് ഓഫീസും എറണാകുളത്ത് കോ-ഓപ്പറേറ്റ് ഓഫീസും പ്രവര്‍ത്തിക്കുന്നു. 

സാമ്പത്തികമേഖലയിലെ അക്കാദമിക സംരഭം
പലിശരഹിത സാമ്പത്തികമേഖലയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് ഇകണോമിക്‌സിന്റെ(ഐ.എ.എഫ്.ഐ.ഇ) ആവിര്‍ഭാവം ജമാഅത്തെ ഇസ്‌ലാമിയുടെ സാമ്പത്തികരംഗത്തെ പ്രായോഗിക സംവിധാനങ്ങള്‍ക്ക് കുറച്ചൊന്നുമല്ല സഹായകമായത്. കേരളത്തില്‍  പലിശരഹിത ധനകാര്യ സ്ഥാപനങ്ങളുടെ ചെറുതും വലുതുമായ മാതൃകകള്‍ നട്ടുവളര്‍ത്തുന്നതില്‍ നിശ്ശബ്ദ സേവനമാണ് ഐ.എ.എഫ്.ഐ.ഇ നിര്‍വഹിച്ചത്. അക്കാദമിക, പ്രായോഗിക മേഖലകളില്‍ സാമ്പത്തികശാസ്ത്രവും ഫിനാന്‍സും പരിപോഷിപ്പിക്കുകയെന്നതായിരുന്നു ഐ.എ.എഫ്.ഐ.ഇയുടെ ലക്ഷ്യം. 
ഐ.എ.എഫ്.ഐ.ഇ കേരള ചാപ്റ്ററിന് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ജമാഅത്തിന്റെ അഖിലേന്ത്യാ നേതാക്കളായ ഡോ. നജാത്തുല്ലാ സിദ്ദീഖിയുടെയും ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദിയുടെയും നേതൃത്വത്തില്‍ രൂപീ
കൃതമായ ഐ.എ.എഫ്.ഐ.ഇ ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. അസോസിയേഷന് രൂപം നല്‍കുമ്പോള്‍, ഇസ്‌ലാമിക് ഇകണോമിക്‌സ്, ഇസ്‌ലാമിക് ഫിനാന്‍സ്, ബാങ്കിംഗ് എന്നിവ മുസ്‌ലിം സമുദായത്തിനും കേരള ജനതക്കും ഏറെ പുതുമയുള്ള പദപ്രയോഗങ്ങളായിരുന്നു. 2000 നവംബറില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സാമ്പത്തികശാസ്ത്ര സെമിനാറാണ് മുന്‍പറഞ്ഞ വിഷയങ്ങളില്‍ കേരളം സാക്ഷിയായ ആദ്യ പൊതുപരിപാടി. കേരള സര്‍വകലാശാലാ സാമ്പത്തികവിഭാഗം മേധാവിയും പ്ലാനിംഗ് ബോര്‍ഡ് അംഗവുമായിരുന്ന ഡോ. രാമചന്ദ്രന്‍ നായരായിരുന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദി, ഡോ. അഫ്‌സല്‍ പീര്‍സാദ, ഡോ. പി. ഇബ്‌റാഹീം, കെ.എം അബ്ദുസ്സലാം എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. അതോടെയാണ് അസോസിയേഷന്റെ ഔദ്യോഗിക പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത്. ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ നിരത്തിയാണ് രാമചന്ദ്രന്‍ നായര്‍ പ്രസംഗിച്ചത്. 
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഒരു കോഴ്‌സ് തുടങ്ങാനായി പിന്നീട് ഐ.എ.എഫ്.ഐ.ഇയുടെ ആലോചന. വിവിധ സിറ്റിംഗുകളിലൂടെ ആലോചനകള്‍ കനത്തു. അവസാനം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് എകണോമിക്‌സ് ആന്റ് ഫിനാന്‍സ് (പി.ജി.ഡി.ഐ.ഇ.എഫ്) എന്ന പേരില്‍ ഒരു വര്‍ഷത്തെ കോഴ്‌സ് നടത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചു. സിലബസും കരിക്കുലവും രൂപപ്പെടുത്താന്‍ പത്തോളം സിറ്റിംഗുകള്‍ നടന്നു. ഡോ. പി. ഇബ്‌റാഹീം (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എകണോമിക്‌സ് പോണ്ടിച്ചേരി), പ്രഫ. പി.കെ യഅ്ഖൂബ് (പ്രിന്‍സിപ്പല്‍, എം.ഇ.എസ് അസ്മാബി കോളേജ്), ഡോ. കെ.കെ മുഹമ്മദ്, ഡോ. ശഹീദ് റമദാന്‍, ഡോ. മുഹമ്മദ് പാലത്ത്, പ്രഫ. പി.പി അബ്ദുര്‍റശീദ്, പ്രഫ. കെ.ടി അബ്ദുര്‍റഹ്മാന്‍ എന്നിവരായിരുന്നു സിലബസും കരിക്കുലവും രൂപപ്പെടുത്തിയത്. വിദേശ സര്‍വകലാശാലകളില്‍നിന്നുള്ള സിലബസിന്റെയും കരിക്കുലത്തിന്റെയും മാതൃകകള്‍ മുന്നില്‍വെച്ചാണ് പി.ജി.ഡി.ഐ.ഇ.എഫ് കോഴ്‌സ് ചിട്ടപ്പെടുത്തിയത്.
കോഴ്‌സിനാവശ്യമായ സ്ഥാപനം സ്വതന്ത്രസ്ഥലത്ത് തുടങ്ങുന്നതിനുപകരം നിലവിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ, ജമാഅത്തിനു കീഴിലുള്ള ശാന്തപുരം അല്‍ജാമിഅ കാമ്പസില്‍ ആരംഭിക്കുന്നതാകും ഗുണം ചെയ്യുക എന്ന അഭിപ്രായം ഉയര്‍ന്നുവന്നു. അക്കാര്യം അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദുമായി പങ്കുവെച്ചു. ജാമിഅയും ഐ.എ.എഫ്.ഐ.ഇയും തമ്മില്‍ നടന്ന സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം അല്‍ജാമിഅ സ്ഥല സൗകര്യം അനുവദിച്ചു. 2004-ല്‍ പി.ജി.ഡി.ഐ.ഇ.എഫ് ആരംഭിച്ചു. എട്ടു വര്‍ഷത്തിനിടെ മുന്നൂറോളം ഇകണോമിക്‌സ് ആന്റ് ഫിനാന്‍സ് ഡിപ്ലോമ എടുത്തവരെ കോഴ്‌സിലൂടെ പുറത്തിറക്കാന്‍ സാധിച്ചു. ഡിപ്ലോമ എടുത്തവര്‍ ഇസ്‌ലാമിക് ബാങ്കിംഗ് രംഗത്ത് സ്വദേശത്തും വിദേശത്തുമായി ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്തുവരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക് ഇകണോമിക്‌സ് ഫിനാന്‍സ് കോഴ്‌സ് എന്ന നിലയില്‍ കോഴ്‌സ്് ശ്രദ്ധിക്കപ്പെട്ടു. ഡോ. നജാത്തുല്ലാ സിദ്ദീഖി, ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദി, ഡോ. ഔസാഫ് അഹ്മദ് ദല്‍ഹി, ഡോ. ശാരിഖ് നിസാര്‍, ഡോ. എ.ഐ ബാഗ് സിറാജ്, ഡോ. അഫ്‌സല്‍ പീര്‍സാദ, ഡോ. റഹ്മത്തുല്ല മുംബൈ തുടങ്ങിയവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കോഴ്‌സിന്റെ ഭാഗമായി ക്ലാസെടുക്കാന്‍ അല്‍ജാമിഅയില്‍ വന്നിട്ടുണ്ട്. 
പില്‍ക്കാലത്ത് അലീഗഢ് മുസ്‌ലിം സര്‍വകലാശാല ആരംഭിച്ച ഇസ്‌ലാമിക് ഇകണോമിക്‌സ് കോഴ്‌സുകള്‍ക്ക് സിലബസ് തയാറാക്കാന്‍ അവിടത്തെ സാമ്പത്തികവിദഗ്ധര്‍ സമീപിച്ചത് അല്‍ജാമിഅയെയായിരുന്നു. അലീഗഢില്‍ 2008-ല്‍ പി.ജി ഡിപ്ലോമ ആരംഭിച്ചപ്പോള്‍, ഡോ. പി. ഇബ്‌റാഹീമിന്റെ നേതൃത്വത്തില്‍ ഒരു സംഘം അവിടെ സന്ദര്‍ശിക്കുകയും വി.സിയെ നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കുകയും നമ്മുടെ കോഴ്‌സിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ അലീഗഢ് ലൈബ്രറി സന്ദര്‍ശിച്ച് ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തിലെ പുസ്തകങ്ങളുടെ കോപ്പിയെടുത്ത് ശാന്തപുരത്ത് എത്തിക്കുകയുായി. അതോടെ, ഹിറാ സെന്റര്‍ ലൈബ്രറിക്കൊപ്പം ഇസ്‌ലാമിക സാമ്പത്തികശാസ്ത്ര ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരം അല്‍ജാമിഅയിലും ഉണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇസ്‌ലാമിക സാമ്പത്തികശാസ്ത്ര പഠിതാക്കള്‍ക്ക് ഇരു ലൈബ്രറികളെയും പ്രയോജനപ്പെടുത്താന്‍ കഴിയുന്നുവെന്നത് സന്തോഷകരമാണ്.
2010-ല്‍ കൊച്ചിയിലെ ലെ മെറിഡിയനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ വേറിട്ടുനിന്ന ഒന്നായിരുന്നു. ഐ.ഡി.ബിയുടെ സഹകരണത്തോടെ അല്‍ജാമിഅയും ഐ.എ.എഫ്.ഐ.ഇയും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ആ ഇനത്തില്‍ പ്രഥമമായിരുന്നു. ഇസ്‌ലാമിക് ഇകണോമിക്‌സ് ആന്റ് ഫിനാന്‍സ് രംഗത്തെ ലോകപ്രശസ്തരായ വിദഗ്ധരുടെ പ്രബന്ധങ്ങള്‍ക്കു പുറമെ, നാല്‍പ്പതോളം പ്രബന്ധങ്ങളും സെമിനാറില്‍  അവതരിപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍, സര്‍ക്കാര്‍ നിയമപാലകരെ ഉപയോഗിച്ച് സെമിനാറില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കാനാണ് ശ്രമിച്ചത്. പരിപാടിയിലുടനീളം ഇന്റലിജന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ പോലീസും സന്നിഹിതരായിരുന്നു. സംഘാടകരെ പ്രയാസപ്പെടുത്തിയെന്നതിനപ്പുറം മറ്റൊന്നും അവര്‍ക്ക് നേടാനായില്ലെന്നത് മറ്റൊരു കാര്യം. 
കേരളത്തിലെ സര്‍വകലാശാലകളിലും പ്രമുഖ കോളേജുകളിലും ഐ.എ.എഫ്.ഐ.ഇയുടെ ബാനറില്‍ സെമിനാറുകള്‍ നടന്നിട്ടുണ്ട്. 2011-ല്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന സെമിനാര്‍ ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ടി. ബാലകൃഷ്ണന്‍ ഐ.എ.എസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 2012-ല്‍ കൊച്ചി 'കുസാറ്റി'ല്‍ സംഘടിപ്പിച്ച മൈക്രൊഫിനാന്‍സ് ദേശീയ സെമിനാറും ശ്രദ്ധേയമായി. രണ്ടു പരിപാടികളെയും അഭിനന്ദിച്ചുകൊണ്ട് ജമാഅത്തിന്റെ ദേശീയ നേതാക്കളും പ്രമുഖ വ്യക്തികളും ഐ.എ.എഫ്.ഐ.ഇ ഭാരവാഹികളെ ബന്ധപ്പെടുകയുണ്ടായി. 
എടുത്തുപറയേണ്ട മറ്റൊരു വസ്തുത, 2014 മുതലുള്ള മൂന്നു വര്‍ഷങ്ങളിലും തുടര്‍ച്ചയായി സെമിനാറുകള്‍ നടന്നുവെന്നതാണ്. അമ്പതോളം പേപ്പറുകള്‍ അവതരിപ്പിക്കപ്പെട്ട അക്കാലത്തെ സെമിനാറുകളില്‍ അഞ്ഞൂറിലധികം ഗ്രാജ്വേറ്റ്, പി.ജി, റിസര്‍ച്ച് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 2008-ല്‍ ഇടതു സര്‍ക്കാര്‍ ഇസ്‌ലാമിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീ
കരിക്കാന്‍ തീരുമാനിച്ച വിദഗ്ധസമിതിയില്‍ ഐ.എ.എഫ്.ഐ.ഇ പ്രതിനിധികള്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരണത്തിനെതിരെ കോടതിയില്‍നിന്ന് സ്റ്റേ വന്നപ്പോഴും തുടര്‍ന്ന് അനുകൂലവിധി വന്നപ്പോഴും വാര്‍ത്താചാനലുകളിലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് അസോസിയേഷന്‍ പ്രധിനിധികള്‍ക്കായിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തില്‍ ഗ്രാജ്വേറ്റ്, പി.ജി കോഴ്‌സുകള്‍ ആരംഭിച്ചപ്പോള്‍, സിലബസ് തയാറാക്കാന്‍ ചുമതല ഏല്‍പ്പിച്ചതും ഐ.എ.എഫ്.ഐ.ഇ ഭാരവാഹികളെ തന്നെ. റഫറന്‍സ് ഗ്രന്ഥങ്ങള്‍ തയാറാക്കുന്ന ചുമതലക്കൊപ്പം ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാന്‍ സ്ഥാനത്തും അസോസിയേഷന്റെ പ്രാതിനിധ്യം കാണാം. വിവിധ സര്‍വകലാശാലകളില്‍ ഗവേഷണപഠനം നടത്തുന്നവര്‍ക്ക് സഹായകമാകുമാറ് കോഴിക്കോട് സര്‍വകലാശാല ഇസ്‌ലാമിക് ചെയറില്‍  ഇസ്‌ലാമികസാമ്പത്തിക വിഷയത്തില്‍ സ്വന്തമായ ലൈബ്രറി സ്ഥാപിക്കാനും ഐ.എ.എഫ്.ഐ.ഇ മുന്നോട്ടുവരികയുണ്ടായി. 
(അവസാനിച്ചു)
എഴുത്ത്: ശമീര്‍ ബാബു
കൊടുവള്ളി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍