ചൈനയുടെ അഫ്ഗാന്‍ മോഹങ്ങള്‍
അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം വന്നതോടെ അവരുടെ ആയിരം കോടി ഡോളര്‍ വിലമതിക്കുന്ന വിദേശസ്വത്തുക്കള്‍ അമേരിക്ക മരവിപ്പിച്ചിരിക്കുകയാണ്. അതോടൊപ്പം വിദേശ സഹായങ്ങളും നിലച്ചു. ഈ പശ്ചാത്തലത്തിലാണ് മാനുഷിക പരിഗണന മുന്‍നിര്‍ത്തി അഫ്ഗാന് അടിയന്തര സഹായം നല്‍കുന്നത് ചര്‍ച്ചചെയ്യാന്‍ ഐക്യരാഷ്ട്രസഭ യോഗം വിളിച്ചത്. അഫ്ഗാനിസ്താന് നൂറുകോടി ഡോളര്‍ അടിയന്തര സഹായം നല്‍കാന്‍ വിവിധ രാജ്യങ്ങള്‍ ധാരണയിലെത്തി. എന്നാല്‍ യു.എന്നിന്റെ ഈ സഹായപ്രഖ്യാപനത്തിനു മുന്നേതന്നെ മൂന്ന് കോടി ഡോളറിന്റെ അടിയന്തര ഭക്ഷണ-മരുന്ന് സഹായവുമായി ചൈന അഫ്ഗാനിസ്താനില്‍ എത്തിയിരുന്നു. താലിബാന്‍ വന്നതിനു ശേഷവും ചൈനക്ക് അവരുമായി സഹകരിക്കാനും സുസ്ഥിര നയതന്ത്രബന്ധം സ്ഥാപിക്കാനും താല്‍പര്യമുണ്ടെന്നതിന്റെ സൂചനയാണിത്. ഇതിന്റെ മുന്നോടിയായി ചൈനയില്‍ പൊതുവികാരം താലിബാന് അനുകൂലമാക്കാന്‍ അവര്‍ ഭരണത്തില്‍ വന്നത് മുതല്‍തന്നെ ചൈനീസ് അധികാരികള്‍ നീക്കങ്ങള്‍ നടത്തിയിരുന്നു.
ചൈനയിലെ ഏറ്റവും വലിയ സാമൂഹിക മാധ്യമമാണ് 'വെയ്ബോ.' ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്‌ലി അവരുടെ 'വെയ്ബോ'യിലെ ഔദ്യോഗിക അക്കൗണ്ടിലാണ് താലിബാനെ പരിചയപ്പെടുത്തി കുറിപ്പുകളിട്ടത്. കാബൂള്‍ കീഴടക്കിയ തൊട്ടടുത്ത ദിവസം തന്നെ 'താലിബാന്‍ ഏതു തരത്തിലുള്ള പ്രസ്ഥാനം' എന്ന തലക്കെട്ടില്‍ നല്‍കിയ കുറിപ്പില്‍ താലിബാന്‍ വിദ്യാര്‍ഥി പ്രസ്ഥാനമാണെന്നും പാവപ്പെട്ട ജനങ്ങളുടെ പിന്തുണ കാരണം പെട്ടെന്നുതന്നെ അവര്‍ വലിയ സ്വീകാര്യത നേടി എന്നുമൊക്കെ പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. താലിബാനെ അനുകൂലിച്ചെഴുതിയ കമ്യൂണിസ്റ്റ് മുഖപത്രത്തിലെ ഈ കുറിപ്പ് കുറേ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ചൈനയിലെ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട അഞ്ചാമത്തെ ട്രെന്റിംഗ് പോസ്റ്റായി ഇത് മാറി. ചൈനീസ് സര്‍ക്കാര്‍ അവരുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ താലിബാനെ സ്വീകാര്യനായ അയല്‍വാസി, പരസ്പര നേട്ടങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള പങ്കാളി എന്നൊക്കെ വിശേഷിപ്പിച്ച് ചൈനീസ് ബിസിനസ്സുകാര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അവര്‍ക്ക് പൊതു സ്വീകാര്യത നേടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. മാത്രമല്ല താലിബാന്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്ന ചൈനീസ് ഔദ്യോഗിക വീക്ഷണത്തെ എതിര്‍ക്കുന്നവരെ നേരിടാന്‍ പോലും അധികൃതര്‍ മടിക്കുന്നുമില്ല.
താലിബാന്‍ അധികാരത്തില്‍ വരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അവരുമായി പല നിലക്കും രഹസ്യസംഭാഷണങ്ങള്‍ ചൈന നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകള്‍ വഴി ലഭിച്ച ധാരണകളുടെ അടിസ്ഥാനത്തിലായിരിക്കണം താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയപ്പോള്‍ ഒട്ടും വൈകാതെത്തന്നെ താലിബാനെ കുറിച്ച് ഇത്തരം പ്രസ്താവനകള്‍ ഇറക്കാന്‍ ചൈനീസ് സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കഴിഞ്ഞത്. താലിബാന്‍ കാബൂള്‍ കീഴടക്കിയപ്പോള്‍ അതിനെ 'അഫ്ഗാന്‍ ജനതയുടെ തീരുമാനം, അവര്‍ ആഗ്രഹിച്ച മാറ്റം' എന്നിങ്ങനെയാണ് ചൈന പുകഴ്ത്തിയത്. 'പഴയതില്‍നിന്നും കൂടുതല്‍ പക്വമതികള്‍, കൂടുതല്‍ യുക്തിപൂര്‍വം പ്രവര്‍ത്തിക്കുന്നവര്‍' എന്നുകൂടി അവര്‍ താലിബാനെ വാഴ്ത്തിപ്പാടി.
താലിബാനുമായി നേരത്തേതന്നെ ചൈനക്ക് ബന്ധമുണ്ടായിരുന്നു. താലിബാന്റെ സഹകരണവും സംരക്ഷണവും തങ്ങളുടെ വികസന പ്രോജക്ടുകള്‍ നടക്കുന്ന പ്രദേശങ്ങളില്‍ അവര്‍ നേടിയെടുക്കുകയും ചെയ്തിരുന്നു. കാബൂളിന് തെക്കു കിഴക്ക് 40 കിലോമീറ്റര്‍ ദൂരത്തിലുള്ള 'മെസ്അയ്നക്' കോപ്പര്‍ ഖനി പ്രവര്‍ത്തിപ്പിക്കാന്‍ താലിബാന്‍ ചൈനീസ് കമ്പനികള്‍ക്ക് അനുവാദവും സംരക്ഷണവും നല്‍കിയിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ കോപ്പര്‍ നിക്ഷേപമുള്ള പ്രദേശമായ അവിടെ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി, പൊതുവികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ല എന്നു പറഞ്ഞാണ് 2016-ല്‍ താലിബാന്‍ ചൈനയുമായി ധാരണയുണ്ടാക്കിയത്. ഇതാകട്ടെ ഒറ്റപ്പെട്ട സംഭവവുമല്ല. ഏതാണ്ട് ഒരു പതിറ്റാണ്ടായി ചൈനയും താലിബാനും തമ്മില്‍ ഇത്തരം സഹകരണങ്ങളും ധാരണകളുമുണ്ട്.
താലിബാനാകട്ടെ തിരിച്ചും ചൈനയെ സ്‌നേഹപൂര്‍വം സ്വീകരിക്കാന്‍ ഒരുങ്ങിനില്‍ക്കുകയുമാണ്. താലിബാന്‍ വക്താവ് സുഹൈല്‍ ശാഹീന്‍ പറഞ്ഞത്; 'ചൈന നമ്മുടെ സുഹൃദ് രാജ്യമാണ്. അഫ്ഗാന്റെ വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങള്‍ ചൈനയെ സ്വാഗതം ചെയ്യുന്നു' എന്നാണ്.
ഇനിയും ഉപയോഗപ്പെടുത്താത്ത/ചൂഷണം ചെയ്യപ്പെടാത്ത നിരവധി വിലപിടിപ്പുള്ള പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് അഫ്ഗാനിസ്താന്‍. ഏതാണ്ട് മൂന്ന് ലക്ഷം കോടി ഡോളര്‍ വിലമതിക്കും ഇത് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ മൂന്നിലൊന്നു മാത്രം വരുന്ന ദേശീയോല്‍പാദനമുള്ള അഫ്ഗാന് ഈ ധാതു കലവറകളുടെ ചെറിയൊരംശമെങ്കിലും ഖനനം നടത്തിയാല്‍ അത് അവിടത്തെ സമ്പദ്ഘടനയെ കുതിപ്പിലെത്തിക്കും. ലോകത്ത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇനി. ഇതിന്റെ ബാറ്ററി നിര്‍മാണത്തിനും റിന്യൂവബ്ള്‍ ഊര്‍ജനിര്‍മാണത്തിനും ആവശ്യമായ അസംസ്‌കൃത പദാര്‍ഥമായ ലിഥിയത്തിന്റെ വന്‍ കലവറയാണ് അഫ്ഗാനിസ്താന്‍.
ഈ വന്‍ പ്രകൃതി വിഭവശേഖരങ്ങളെ ഖനനം ചെയ്‌തെടുക്കാന്‍ ചൈനയുടെ സാങ്കേതിക മികവിനെ ആശ്രയിക്കാനാണ് താലിബാന്നും താല്‍പര്യം. ചൈനക്കാകട്ടെ തന്ത്രപ്രധാനമായ, വന്‍ ധാതുശേഖരമുള്ള അഫ്ഗാനിസ്താനെ തങ്ങളിലേക്ക് അടുപ്പിക്കേണ്ടത് വളരെ അത്യാവശ്യവുമാണ്. ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള ചൈനയുടെ സ്വപ്‌നപദ്ധതിയായ റോഡ് ബെല്‍റ്റ് പദ്ധതിയിലെ അഫ്ഗാന്റെ തുടര്‍ പങ്കാളിത്തം ലഭ്യമാക്കുക, അവിടെ പ്രകൃതി വിഭവങ്ങള്‍ ഖനനം ചെയ്യാനുള്ള അനുവാദം ലഭിക്കുക ഇവയൊക്കെയാണ് ചൈന ലക്ഷ്യമിടുന്നത്. അതിനു പകരമായി അഫ്ഗാനിസ്താന്റെ വികസന- നിര്‍മാണ പദ്ധതികളില്‍ വന്‍തോതില്‍ മുതല്‍മുടക്കാനും പങ്കാളികളാകാനും ചൈന വലിയ താല്‍പര്യം കാണിക്കുന്നു.
താലിബാനെ അനുനയിപ്പിച്ച് മുഖം രക്ഷിക്കാമെന്ന് കരുതി സംഭാഷണം തുടര്‍ന്നുകൊണ്ടിരിക്കെയാണ്, അമേരിക്കന്‍ തന്ത്രത്തേക്കാള്‍ ഒരു മുഴം മുമ്പേ എറിഞ്ഞ് താലിബാന്‍ കാബൂള്‍ കീഴടക്കിയത്. ഇതൊക്കെ കൃത്യമായി മനസ്സിലാക്കി തന്ത്രപൂര്‍വം കരുക്കള്‍ നീക്കുകയായിരുന്നു ചൈന. താലിബാന്‍ വന്നാല്‍ പര്‍ദയുടെ നിറം എന്തായിരിക്കും എന്ന് ആശങ്കിച്ച് അവര്‍ മാറിനിന്നില്ല. അമേരിക്കയുടെ മടക്കം അവരുടെ ശക്തിക്ഷയമാണ് പ്രകടമാക്കിയത്. താലിബാന്റെ ചൈനയോടുള്ള സ്‌നേഹപ്രകടനം അവരുടെ നയതന്ത്രവിജയമായി വിലയിരുത്തപ്പെടുന്നത് അതുകൊണ്ടാണ്.
അഫ്ഗാനില്‍ മുന്നൂറു കോടി ഡോളറിലേറെ നിക്ഷേപമുള്ള നമ്മുടെ രാജ്യത്തിന് താലിബാന്റെ വരവ് കനത്ത ആഘാതമാണുണ്ടാക്കിയത്. അവിടത്തെ പാര്‍ലമെന്റ് കെട്ടിടം, ഡാം, ഹൈവേകള്‍ അടക്കം നാനൂറോളം അടിസ്ഥാന വികസന പദ്ധതികളിലാണ് ഇന്ത്യയുടെ നിക്ഷേപം. ചൈന ഇതിനകംതന്നെ നിക്ഷേപങ്ങള്‍ വന്‍തോതില്‍ ഇറക്കി താലിബാനെ കൂടെ നിര്‍ത്തുന്നതില്‍ വിജയിച്ചപ്പോള്‍ തന്ത്രപ്രധാനമായ അഫ്ഗാനിസ്താന്‍ ഇന്ത്യയില്‍നിന്ന് തെന്നി മാറുകയാണ്. ചൈനയുടെ നീക്കങ്ങളെ മറികടന്നോ അവക്ക് തുല്യമായോ നമ്മുടെ സാന്നിധ്യം അഫ്ഗാനിസ്താനില്‍ നിലനിര്‍ത്തണമെങ്കില്‍ താലിബാനുമായി സമവായത്തിലെത്താതെ നിര്‍വാഹമില്ല.
Comments