Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

ഐക്യകേരളം മലബാറിനോട് ചെയ്ത വിദ്യാഭ്യാസ വിവേചനത്തിന്റെ വര്‍ത്തമാനങ്ങള്‍

ബഷീര്‍ തൃപ്പനച്ചി

ഇന്നത്തെ കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ മലബാര്‍ എന്ന ഒരൊറ്റ ജില്ലയായി ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് പ്രസിഡന്‍സിക്കു കീഴിലായിരുന്നു. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി വഴി ടിപ്പു സുല്‍ത്താനില്‍നിന്നാണ് മലബാര്‍ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചുവാങ്ങിയത്. അന്നുമുതല്‍ 1947-ല്‍ രാജ്യം സ്വതന്ത്രമാകുന്നതുവരെ ബ്രിട്ടീഷ് രാജിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു മലബാര്‍. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷവും 1956 നവംബര്‍ ഒന്നിന് മലയാളം സംസാരിക്കുന്നവര്‍ക്കെല്ലാം ഒരു സംസ്ഥാനമെന്ന മാനദണ്ഡത്തില്‍ കേരളം പിറക്കുന്നതു വരെ  മലബാര്‍  മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തുടര്‍ന്നു. ഇന്ന് മലബാറിന്റെ ഭാഗമായി ഗണിക്കുന്ന  കാസര്‍കോട് ദക്ഷിണ കന്നഡയിലെ ഒരു താലൂക്കായിരുന്നു. സംസാരഭാഷയുടെ പേരിലാണ് കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന ആ പ്രദേശത്തെയും കേരളത്തില്‍ ഉള്‍ച്ചേര്‍ത്തത്.
തിരുവിതാംകൂറും കൊച്ചിയും ഏകദേശം ഒരേ ചരിത്രവും സംസ്‌കാരവും പങ്കുവെക്കുന്ന നാട്ടുരാജ്യങ്ങളായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്റെ ആഘാതങ്ങള്‍ ഇരുനാട്ടുരാജ്യങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടു കൂടിയാണ് ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പേ ഈ രണ്ട് നാട്ടുരാജ്യങ്ങള്‍ക്ക് ലയിച്ച് തിരുകൊച്ചി എന്ന പുതിയ ഭരണ മേഖലയായി മാറാന്‍ എളുപ്പത്തില്‍ സാധിച്ചത്. തിരുകൊച്ചിയില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്ന മലബാറിന്റെ ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും. ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കുമെതിരെ നൂറ്റാണ്ടുകളോളം നീണ്ട അധിനിവേശവിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ട ചരിത്രം കൂടി മലബാറിനുണ്ട്. ഈ പരമ്പര്യമറിയാവുന്ന ബ്രിട്ടീഷുകാര്‍  മലബാറിലെ ജനങ്ങളെ ശത്രുക്കളായാണ് കണ്ടത്. അതിനാല്‍തന്നെ ബ്രിട്ടീഷ് ഭരണത്തിലുടനീളം മലബാറിലെ ജനങ്ങള്‍ ഭരണകൂട ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരായി. അധിനിവേശത്തിന്റെ ഒന്നാം തീയതി മുതലേ  ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടവും മലബാറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. ഭരണകൂട അനീതിക്കെതിരെ പോരാട്ടമില്ലാത്ത  ഒരു കാലവും മലബാറില്‍ കഴിഞ്ഞുപോയിട്ടില്ല. സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കാത്ത ജനതക്ക് ഒരു കൊളോണിയല്‍ ഭരണകൂടം അതിന്റെ സൗകര്യങ്ങളോ സംവിധാനങ്ങളോ ഒരുക്കിക്കൊടുക്കില്ലെന്നത് സ്വാഭാവികമാണ്. മലബാറില്‍ ജനോപകാരപ്രദമായ ഗവണ്‍മെന്റ് സ്ഥാപനങ്ങളും സംവിധാനങ്ങളും ബ്രിട്ടിഷ് കാലത്ത്  നാമമാത്രമായിരുന്നു. സ്വാതന്ത്ര്യം നേടുന്നതുവരെ സ്‌കൂളുകളുടെയും കോളേജുകളുടെയും അവസ്ഥയും ഇതുതന്നെയായിരുന്നു. തങ്ങള്‍ ഏതു അധിനിവേശ ഭരണകൂടത്തിന് എതിരെയാണോ പോരാടുന്നത് അവരുടെ ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്ന വിദ്യാലയങ്ങളെയും കലാലയങ്ങളെയും പോരാളികള്‍ ബഹിഷ്‌കരിക്കുക എന്നതും സ്വാഭാവികം. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒരു ഘട്ടത്തില്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സുമടക്കം ഇത്തരം ബഹിഷ്‌കരണങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ടായിരുന്നല്ലോ. മലബാറിലെ ഈ ബഹിഷ്‌കരണാഹ്വാനങ്ങളും ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം നേടുന്നതില്‍നിന്ന് മലബാറിലെ ജനങ്ങളെ പിറകോട്ടടുപ്പിച്ചിട്ടുണ്ട്.
ബ്രിട്ടീഷുകാരോട് അനുരഞ്ജനത്തിലേര്‍പ്പെട്ട് ഭരണം നടത്തിയിരുന്ന തിരുവിതാംകൂറിലെയും കൊച്ചിയിലെയും സാമൂഹികാവസ്ഥ മലബാറില്‍നിന്നും വ്യത്യസ്തമായിരുന്നു. പൊതുജനോപകാരപ്രദമായ ഒട്ടേറെ ഗവണ്‍മെന്റ് പദ്ധതികളും സംവിധാനങ്ങളും ആ നാട്ടുരാജ്യങ്ങളിലുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെയവിടെ   ആധുനിക രീതിയിലുള്ള  വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. 1806-ല്‍  പ്രൊട്ടസ്റ്റന്റ് മിഷനറി റവ. വില്യം ട്രോബിസ് റിംഗിള്‍ടോബ് ആണ് ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍ അവിടെ സ്ഥാപിക്കുന്നത്. 1817-ല്‍ ആദ്യത്തെ കോളേജായ  കോട്ടയത്തെ സി.എം.എസും ആരംഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച ഈ ആധുനിക വിദ്യാഭ്യാസം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെത്തിയപ്പോള്‍ വ്യവസ്ഥാപിതമായി. അതുവരെ വിലക്കപ്പെട്ടിരുന്ന പല വിഭാഗങ്ങള്‍ക്കും അത് ലഭ്യമായിത്തുടങ്ങുകയും ചെയ്തു. മിഷനറിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ആധുനിക വിദ്യാഭ്യാസത്തെ പിന്നീട്  നാട്ടുരാജ്യങ്ങള്‍  ഏറ്റെടുത്തു. അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ  കാലുഷ്യമില്ലാത്തതിനാല്‍ സാമൂഹിക നവോത്ഥാന സംഘടനകളും വിദ്യാഭ്യാസ ശാക്തീകരണ കൂട്ടായ്മകളും തിരുകൊച്ചിയില്‍ കേന്ദ്രീകരിച്ചു. മലബാറില്‍ ഉപ്പുസത്യാഗ്രഹവും ബഹിഷ്‌കരണ പ്രക്ഷോഭവും ക്വിറ്റ് ഇന്ത്യാ സമരവും കൊടുമ്പിരി കൊള്ളുമ്പോള്‍ തിരുകൊച്ചിയില്‍  ഭരണ സംവിധാനങ്ങളിലും ഉദ്യോഗസ്ഥ മേഖലകളിലും വിവിധ ജാതി സമുദായങ്ങള്‍ക്ക് പങ്കാളിത്തം ആവശ്യപ്പെട്ടുള്ള സമരങ്ങളാണ് അരങ്ങേറിയിരുന്നത്. മലബാറില്‍ ബ്രിട്ടീഷ്ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ സാമൂഹിക ജീവിതം തകിടംമറിച്ചപ്പോള്‍ ഉത്തരവാദിത്ത ഭരണത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ് തിരുകൊച്ചിയില്‍ മുഴങ്ങിയിരുന്നത്. ഈ സമരങ്ങളുടെയെല്ലാം ഗുണഫലങ്ങള്‍ തിരുകൊച്ചിയിലെ ജനങ്ങള്‍ അനുഭവിച്ചുതുടങ്ങുമ്പോഴും മലബാറില്‍നിന്ന് ബ്രിട്ടീഷുകാര്‍ കപ്പല്‍ കയറിയിരുന്നില്ല.
രാജ്യം സ്വാതന്ത്ര്യം നേടി ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം പ്രഖ്യാപിക്കപ്പെട്ടപ്പോഴും മലബാര്‍ എല്ലാ അര്‍ഥത്തിലും പിന്നാക്കമായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണവും അധിനിവേശ ശക്തികള്‍ക്കെതിരെ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളുമാണ് മലബാറിനെ പിന്നാക്കമാക്കിയത്. ഐക്യകേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രം പരിഗണിച്ച്  ഈ പ്രദേശങ്ങളെ എല്ലാ മേഖലകളിലും ശാക്തീകരിക്കാന്‍ ഭരണകൂടം പ്രത്യേകം പാക്കേജുകള്‍ വഴി പദ്ധതികളൊരുക്കണമായിരുന്നു. അത് അവരോട് ചെയ്യുന്ന സാമൂഹികനീതിയുടെ ഭാഗമായിരുന്നു. പക്ഷേ, അതുണ്ടായില്ലെന്നു മാത്രമല്ല ഐക്യകേരള ഭരണത്തിന്റെ നടത്തിപ്പുകാര്‍ മലബാറിനെ ബോധപൂര്‍വം ക്രൂരമായി അവഗണിക്കുകയായിരുന്നു. വികസന പദ്ധതികളും സംരംഭങ്ങളും കേരള ഭരണകൂടം വീതംവെച്ചപ്പോള്‍ ജനസംഖ്യാനുപാതികമായി മലബാര്‍ അര്‍ഹിച്ചതു പോലും തടഞ്ഞുവെക്കപ്പെട്ടു. വികസന അജണ്ട തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസ് സംവിധാനങ്ങളെല്ലാം കേരളപ്പിറവി മുതല്‍ നിയന്ത്രിച്ചിരുന്നത് തിരുകൊച്ചിയില്‍നിന്നുള്ളവരായിരുന്നു. ഐക്യകേരളം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി  ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റും ജുഡീഷ്യറിയുടെ ആസ്ഥാനമായ ഹൈക്കോടതിയും തിരുവിതാംകൂറും കൊച്ചിയുമാണ് വീതിച്ചെടുത്തത്. മലബാറിന് ഏതെങ്കിലും അധികാര കേന്ദ്രമോ ഉന്നത ഉദ്യോഗ സംവിധാനമോ ഈ വീതംവെപ്പില്‍ ലഭിച്ചിരുന്നില്ല. കേരളപ്പിറവി മുതല്‍ മലബാര്‍ നേരിടുന്ന ഈ അവഗണനയുടെ ആഴമറിയാന്‍ കഴിഞ്ഞ 65 വര്‍ഷമായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ ജനസേവന സംവിധാനങ്ങളുടെയും ഗവണ്‍മെന്റ് സംരംഭങ്ങളുടെയും വികസന പദ്ധതികളുടെയും കണക്കെടുത്താല്‍ മതിയാകും. കേരളത്തിലെ 42 ശതമാനം ജനങ്ങള്‍ ജീവിക്കുന്ന മലബാറിലെ ആറ് ജില്ലകളില്‍ ജനസംഖ്യാനുപാതികമായ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ലെന്ന് ആ കണക്കുകള്‍ വിളിച്ചുപറയും. ഐക്യകേരളത്തിന്റെ വികസന വീതംവെപ്പില്‍ തിരുകൊച്ചി എപ്പോഴും ജനസംഖ്യാനുപാതികത്തിനപ്പുറം നേടിയെടുത്തപ്പോള്‍ മലബാറിന് ഒരിക്കലും അര്‍ഹിച്ചതു പോലും ലഭിച്ചില്ല. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതല്‍ താലൂക്കുകള്‍, പഞ്ചായത്തുകള്‍, വില്ലേജുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ ഉപജില്ലകള്‍, പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ വരെയുള്ള ഏത് സംവിധാനങ്ങളുടെ കണക്കെടുത്താലും ഭീകരമായ ഈ വിവേചനം വ്യക്തമാകും.

വിദ്യാഭ്യാസ മേഖലയിലെ 
വിവേചനങ്ങള്‍
65 വര്‍ഷമായി തുടരുന്ന മലബാര്‍ അവഗണനയുടെ  വര്‍ത്തമാനം തിരിച്ചറിഞ്ഞുവേണം ഇന്ന് മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ആറ് ജില്ലകള്‍ അഭിമുഖീകരിക്കുന്ന ഹയര്‍സെക്കന്ററി മുതല്‍ ഹയര്‍ എജുക്കേഷന്‍ വരെയുള്ള വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങളുടെ വേരുകള്‍ ചികയാന്‍.
1956-നു ശേഷം കേരള സര്‍ക്കാറുകള്‍ അനുവദിച്ച പ്രൈമറി സ്‌കൂളുകളുടെ എണ്ണത്തില്‍ ആരംഭിക്കുന്നു മലബാര്‍  വിദ്യാഭ്യാസ വിവേചനത്തിന്റെ ചരിത്രം. 1965 മുതല്‍ 2021 വരെ എല്‍.പി-യു.പി വിഭാഗങ്ങളിലായി 660 പ്രൈമറി സ്‌കൂളുകള്‍ തിരുകൊച്ചി മേഖലയില്‍ അനുവദിച്ചപ്പോള്‍ മലബാര്‍ ജില്ലകളില്‍ ഇത് 554 ആണ്. ഇരു മേഖലയിലെയും ഹൈസ്‌കൂളുകളുടെ എണ്ണം മുതല്‍ക്കാണ് വികസന വീതംവെപ്പിന്റെ വര്‍ധിതമായ അന്തരം പ്രകടമാകുന്നത്. 1961-ല്‍ തിരുകൊച്ചിയില്‍ 650 ഹൈസ്‌കൂളുകളാണുണ്ടായിരുന്നത്. 2021-ല്‍ ഇത് 1909 ആണ്. ഇതിനിടക്ക് 1259 ഹൈസ്‌കൂളുകള്‍ പുതുതായി കേരള സര്‍ക്കാര്‍ തിരുകൊച്ചി ജില്ലകളില്‍ അനുവദിച്ചുവെന്നര്‍ഥം. എന്നാല്‍ 1961-ല്‍ മലബാറില്‍ 234 ഹൈസ്‌കൂളുകളുണ്ടായിരുന്നത് 2021-ലെത്തുമ്പോള്‍ 1212 ആണ്. അറുപത് വര്‍ഷത്തിനിടയില്‍ കേരള സര്‍ക്കാര്‍ പുതുതായി കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറു ജില്ലകള്‍ക്ക് അനുവദിച്ചത് 978 ഹൈസ്‌കൂളുകള്‍ മാത്രം. കേരളപ്പിറവിക്ക് മുമ്പേ സ്‌കൂളുകള്‍ കുറവുള്ള മലബാറില്‍ കൂടുതല്‍ നല്‍കേണ്ടതിനു പകരം തിരുകൊച്ചിയിലാണ് അധികം നല്‍കിയത്. ഗവണ്‍മെന്റ്/ എയ്ഡഡ് ഹൈസ്‌കൂളുകളുടെ എണ്ണം തിരുകൊച്ചിയില്‍ 1709 ആകുമ്പോള്‍ മലബാറിലത് 953 മാത്രമാണ്. ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളെടുത്താല്‍ മലബാറിനെ ഈ മേഖലയില്‍ പരിഗണിച്ചിട്ടേയില്ലെന്ന് മനസ്സിലാകും. കൊല്ലത്തൊഴികെ തിരുകൊച്ചിയിലെ എല്ലാ ജില്ലകളിലും ടെക്‌നിക്കല്‍ സ്‌കൂളുകളുണ്ട്. എന്നാല്‍ മലബാറില്‍ മലപ്പുറത്തും കോഴിക്കോട്ടും മാത്രമാണ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളുള്ളത്. രണ്ടിടത്തുമായി വെറും 276 സീറ്റുകളാണുള്ളത്. എന്നാല്‍ എറണാകുളം ജില്ലയിലെ ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ മാത്രം 406 സീറ്റുകളുണ്ട്.
ഹയര്‍ സെക്കന്ററി
മലബാര്‍ ജില്ലകള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രൂക്ഷമായ സീറ്റ് പ്രതിസന്ധി അനുഭവിക്കുന്ന മേഖലയാണ് ഹയര്‍ സെക്കന്ററി. പ്രീഡിഗ്രി നിര്‍ത്തലാക്കി സ്‌കൂളുകളില്‍ പ്ലസ്ടു ആരംഭിച്ച 2000-ത്തില്‍ തുടങ്ങിയതാണ് ഈ പ്രതിസന്ധി. നായനാര്‍ മുഖ്യമന്ത്രിയും പി.ജെ ജോസഫ് വിദ്യാഭ്യാസമന്ത്രിയുമായിരുന്ന 2000-2001 കാലത്ത് ആദ്യമായി ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ പുലര്‍ത്തിയ വിവേചനത്തിന്റെ പ്രത്യാഘാതമാണ് മലബാര്‍ ഇപ്പോഴും അനുഭവിക്കുന്നത്. അന്ന് ഹയര്‍ സെക്കന്ററി അനുവദിച്ചപ്പോള്‍ തെക്കന്‍ ജില്ലകളില്‍ യഥേഷ്ടം നല്‍കി; മലബാറിനാവശ്യമായത് നല്‍കാന്‍ സംസ്ഥാന ഭരണകൂടം തയാറായതുമില്ല. പത്താം ക്ലാസ് പരീക്ഷയില്‍ വിജയശതമാനം കുറവായതിനാല്‍ പ്ലസ്ടു ആരംഭിച്ച ആദ്യ വര്‍ഷങ്ങളിലത് മലബാറിനെ സാരമായി  ബാധിച്ചില്ല. പിന്നീട് എസ്.എസ്.എല്‍.സി വിജയശതമാനം എഴുപത് ശതമാനത്തിനു മുകളിലേക്ക് ക്രമേണ മലബാര്‍ ജില്ലകളും എത്തി. അതോടെ എസ്.എസ്.എല്‍.സി എഴുപത് ശതമാനം മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥിക്ക് പോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത സ്ഥിതി മലബാറില്‍ ഉടലെടുത്തു. ഓരോ വര്‍ഷവും അര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പൊതു മേഖലയില്‍ ഉപരിപഠനത്തിന് സീറ്റ് ലഭിക്കാതെ പ്രൈവറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടുണ്ടായി. ഇത് ശാശ്വതമായി പരിഹരിക്കാന്‍ പുതിയ ഹയര്‍ സെക്കന്ററികളും ബാച്ചുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ജില്ലകളില്‍ നിരന്തര സമരങ്ങളും മുറവിളികളുമുയര്‍ന്നുവെങ്കിലും നേരിയ പരിഹാര ശ്രമങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സീറ്റ് വര്‍ധനവെന്ന താല്‍ക്കാലിക ആശ്വാസങ്ങള്‍ മാത്രമാണ് ഇടതുവലതു ഭരണകൂടങ്ങള്‍ കാലങ്ങളായി ഈ വിഷയത്തില്‍ ചെയ്യുന്നത്. പ്ലസ് വണ്‍ ആരംഭിച്ച് ഇരുപത് വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും ഈ സീറ്റ് പ്രതിസന്ധി അപ്പടി മലബാറില്‍ തുടരുന്നു. മലബാറിലെ ആറ് ജില്ലകളിലുമായി 208231 വിദ്യാര്‍ഥികളിലാണ് ഈ വര്‍ഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിരിക്കുന്നത്. ഇരുപത് ശതമാനം സീറ്റ് വര്‍ധനവിനു ശേഷവും ഈ വര്‍ഷം മലബാറില്‍ 194875 വിദ്യാര്‍ഥികള്‍ക്കാണ് പ്ലസ് വണ്‍ പഠന സൗകര്യമുള്ളത്. 43356 അപേക്ഷകര്‍ക്ക് പ്ലസ് വണ്‍ പഠന സൗകര്യം ഈ വര്‍ഷവും ലഭിക്കില്ലെന്ന് ചുരുക്കം (പട്ടിക ഒന്ന് നോക്കുക).
വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് പഠന സാധ്യതകള്‍ കൂടി പരിഗണിച്ചാലും ഈ വര്‍ഷം മലബാറില്‍ ഉപരിപഠന സൗകര്യം ലഭിക്കാത്ത കാല്‍ ലക്ഷം വിദ്യാര്‍ഥികളുണ്ടാവും. മിക്ക തെക്കന്‍ ജില്ലകളിലും അപേക്ഷകരേക്കാള്‍ പ്ലസ് വണ്‍ സീറ്റുകളുള്ളപ്പോഴാണ് ഇതെന്നോര്‍ക്കുക. പത്താം ക്ലാസ് പഠനശേഷമുള്ള മുഴുവന്‍ ഉപരിപഠന സൗകര്യങ്ങളും തെക്കന്‍ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ടു ലക്ഷത്തോളം വരുന്ന പ്ലസ് വണ്‍ സീറ്റുകള്‍ക്ക് പുറമെ ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്ക് മേഖലയില്‍ 46931 സീറ്റുകള്‍ തിരുകൊച്ചി മേഖലയിലുണ്ട് (പട്ടിക രണ്ട് നോക്കുക).
മിക്ക വര്‍ഷങ്ങളിലും പഠിക്കാന്‍ കുട്ടികളില്ലാതെ ഈ ജില്ലകളില്‍ പല കോഴ്‌സുകളുടെയും ബാച്ചുകള്‍ കാലിയായി കിടക്കലാണ് പതിവ്. ഒരേ മേഖലയില്‍ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ സീറ്റുകളും ബാച്ചുകളും വെറുതെ കിടക്കുമ്പോഴാണ് മലബാറില്‍ കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ ഭാവി അവതാളത്തിലായി തുടരുന്നത്. 

ഉന്നത വിദ്യാഭ്യാസം
കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 238 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളാണുള്ളത്. 151 കോളേജുകള്‍ തിരുകൊച്ചിലും 87 മലബാറിലും. 2014-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച, ഇപ്പോഴും സ്വന്തം കെട്ടിടം പോലും ആവാതെ വാടക ബില്‍ഡിംഗുകളില്‍ മിനിമം കോഴ്‌സും 500-ല്‍ താഴെ വിദ്യാര്‍ഥികളുമായി പ്രവര്‍ത്തിക്കുന്നവയടക്കമാണ് മലബാറിലെ 87 കോളേജുകള്‍. 
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മലബാര്‍ വിവേചനം ഇങ്ങനെ കോളേജുകളുടെ എണ്ണത്തില്‍ തുടങ്ങുന്നു. യു.ജി-പി.ജി സീറ്റുകളുടെ കണക്കെടുക്കുമ്പോള്‍ വിവേചന വിടവ് വീണ്ടും വര്‍ധിക്കും. പൊതുമേഖലയില്‍ 90417 യു.ജി സീറ്റുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 62032 സീറ്റുകളും തിരുകൊച്ചി ജില്ലകൡലാണ്. മലബാറില്‍ കേവലം 28385 യു.ജി സീറ്റുകളാണുള്ളത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ പി.ജി സീറ്റുകള്‍ 29292 ആണ്. ഇതില്‍ 20942 സീറ്റും തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ്. വെറും 8350 പി.ജി സീറ്റുകള്‍ മാത്രമാണ് മറ്റു ആറു ജില്ലകളിലുള്ളത് (പട്ടിക മൂന്ന് നോക്കുക).
മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണത്തിലും സീറ്റുകളിലും ഈ വിവേചനത്തിന്റെ തുടര്‍ച്ച കാണാം. ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ വിജയിക്കുന്ന മലപ്പുറം ജില്ലയിലും പിന്നാക്ക  ജില്ലയായ കാസര്‍കോട്ടും ഒരൊറ്റ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുമില്ല. മറ്റു പ്രഫഷണല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും കോഴ്‌സുകളുടെയും സ്ഥിതിയും ഭിന്നമല്ല. മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാറിനു കീഴില്‍ ബി.എഡ് കോളേജുകളില്ല. സംസ്ഥാനത്തെ 21 ബി.എഡ് കോളേജുകളില്‍ 15-ഉം തിരുകൊച്ചി ജില്ലകളിലാണ്. ടീച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ (ടി.ടി.ഐ) സ്ഥിതിയും തഥൈവ. 91 ടി.ടി.ഐകളില്‍ 63 എണ്ണവും തിരുകൊച്ചിയില്‍, മലബാറില്‍ 28 മാത്രം. 4911 ടി.ടി.ഐ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 3311 സീറ്റും മലബാറിനു പുറത്താണ്. 1600 മാത്രമാണ് പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളത്. നാല് ലോ കോളേജുകളില്‍ കോഴിക്കോട്ടെ ഒന്നു മാത്രമാണ് മലബാറിന് അവകാശപ്പെട്ടത്. കൊമേഴ്‌സ്യല്‍, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളുടെ കണക്കുകള്‍ ഇതിന്റെ തുടര്‍ച്ചയാണ് (പട്ടിക നാല് നോക്കുക).

യൂനിവേഴ്‌സിറ്റികള്‍
നിലവില്‍ കേരളത്തിലെ 17 യൂനിവേഴ്‌സിറ്റികളില്‍ മലബാറിലുള്ളത് അഞ്ചെണ്ണം മാത്രമാണ്. മലബാറിലെ പ്രധാന യൂനിവേഴ്‌സിറ്റിയായ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ മാത്രം 477 കോളേജുകളാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. യു.ജി.സി ചട്ട പ്രകാരം ഒരു യൂനിവേഴ്‌സിറ്റിക്കു കീഴിലെ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം 100 ആണ്. യു.ജി.സി മാനദണ്ഡപ്രകാരം മാത്രം പുതിയ മൂന്ന് യൂനിവേഴ്‌സിറ്റികള്‍ മലബാറില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പരിധിക്കകത്ത് ഉണ്ടാകണമെന്നര്‍ഥം. അധിക ബാധ്യത പേറുന്നതിന്റെ എല്ലാ സ്തംഭനാവസ്ഥയും മെല്ലെപ്പോക്കും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ മുഖമുദ്രയാണ്.
മലബാറില്‍ അനുവദിക്കപ്പെട്ട   സ്വാശ്രയ കോളേജുകളിലെ ബിരുദ സീറ്റുകള്‍ ഉപയോഗപ്പെടുത്തിയാല്‍ പോലും ഓരോ വര്‍ഷവും ഹയര്‍ സെക്കന്ററി പാസ്സാകുന്ന ഒരു ലക്ഷത്തിനടുത്ത് വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ജില്ലകളില്‍ ഉപരിപഠന സാധ്യതകളുണ്ടാകാറില്ല. പ്ലസ്ടു പാസ്സാകുന്ന വിദ്യാര്‍ഥികളുടെ നേര്‍ പകുതിക്ക് താഴെയാണ് മലബാര്‍ ജില്ലകളില്‍ ഉന്നത പഠന സൗകര്യമുള്ളത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഹയര്‍ സെക്കന്ററി പാസ്സാകുന്നവരേക്കാള്‍ ഉന്നത പഠന സീറ്റുകളുള്ളപ്പോഴാണ് മലബാര്‍ ജില്ലകളില്‍ മാത്രം ഈ പ്രതിസന്ധി അപരിഹാര്യമായി തുടരുന്നത്. മലബാര്‍ ജില്ലകളില്‍ ഒരൊറ്റ ഗവണ്‍മെന്റ് കോളേജുകള്‍ പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങള്‍ ഇപ്പോഴുമുണ്ട്. മലബാറില്‍ പുതിയ യൂനിവേഴ്‌സിറ്റികളും കോളേജുകളും ഹയര്‍ സെക്കന്ററി ബാച്ചുകളും അനുവദിക്കുക മാത്രമാണ് ഈ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം. പത്താം ക്ലാസ് വിജയികള്‍ക്ക് ആനുപാതികമായി ഹയര്‍ സെക്കന്ററി സീറ്റുകളും പ്ലസ്ടു പാസ്സാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി ഉന്നത പഠന സീറ്റുകളും ഉണ്ടാകും വിധമുള്ള മലബാര്‍ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഐക്യ കേരളത്തിലെ എല്ലാ പൗരന്മാരും തുല്യ അവകാശമുള്ളവരാണ്. പ്രദേശപരമായ വിവേചനങ്ങളുണ്ടാകുന്നത് സാമൂഹിക അനീതിയാണ്. കഴിഞ്ഞ അറുപത്തിയഞ്ച് വര്‍ഷത്തെ ഐക്യ കേരള സര്‍ക്കാറുകളുടെ വികസന വീതംവെപ്പില്‍ ആ അനീതി ഉണ്ടായിട്ടുണ്ടെന്നാണ് ഈ വിവേചന ഭീകരതയുടെ കണക്കുകള്‍ തെളിയിക്കുന്നത്. ഒരു അനീതി തിരിച്ചറിഞ്ഞാല്‍ ഘട്ടംഘട്ടമായെങ്കിലും പൂര്‍ണമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഒരു ഭരണകൂടത്തില്‍നിന്ന് വിവേചനമനുഭവിക്കുന്ന പൗരന്മാര്‍ പ്രതീക്ഷിക്കുന്നത്. മലബാറിന്റെ വിദ്യാഭ്യാസ വിഷയത്തിലും അതുണ്ടാകുമെന്നാണ് പ്രതീക്ഷ. അതാകട്ടെ 2021 നിയമസഭാ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ഇടതുപക്ഷം വാഗ്ദാനം ചെയ്തതുമാണ്. തെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് സാമൂഹികനീതി നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറാകണം.
 

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍