Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

ഇനിയും പുതുവായനകള്‍ നടത്തേണ്ട നബിജീവിതം

താങ്കള്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യെ സ്‌നേഹിക്കുന്നുണ്ടോ? ഇസ്‌ലാമില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാളോടും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണിത്. കാരണം ആ ചോദ്യം അയാളെ പ്രകോപിതനാക്കും. പ്രവാചകനോടുള്ള അതിരറ്റ സ്‌നേഹം മൗലിക പ്രമാണങ്ങളിലൊന്നായി എണ്ണിയ ദര്‍ശനമാണ് ഇസ്‌ലാം. പ്രവാചക സ്‌നേഹമില്ലാതെ, അവിടുത്തെ അധ്യാപനങ്ങളെ പിന്‍പറ്റാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല. പിന്നെ എന്തിന് അങ്ങനെയൊരു ചോദ്യം ചോദിക്കുന്നു? ഇവിടെ ചോദ്യം അതല്ല. പ്രവാചകനെ സ്‌നേഹിക്കേണ്ട വിധത്തില്‍ നിങ്ങള്‍ സ്‌നേഹിക്കുന്നുണ്ടോ എന്നാണ്. മറ്റൊരു വാക്കില്‍, എന്താണ് പ്രവാചക സ്‌നേഹം? പലരും പല രീതിയില്‍ അതിനെ മനസ്സിലാക്കുന്നു. നബി ജനിച്ച ദിവസം, മാസം നബിമഹത്വങ്ങള്‍ പാടിയും പ്രസംഗിച്ചും നബിസ്‌നേഹവും സ്മരണയും നിലനിര്‍ത്തുന്നവരുണ്ട്. അതൊക്കെ നല്ല കാര്യങ്ങളാണെങ്കിലും പ്രവാചക സ്‌നേഹം അതില്‍ ഒതുങ്ങിപ്പോകുന്നുണ്ടോ എന്നതാണ് ചോദ്യം. തിരുദൂതരുടെ ജീവിതം പഠിക്കുമ്പോള്‍ ആ സ്‌നേഹം എങ്ങനെയായിരിക്കണമെന്നതിന്റെ വ്യക്തമായ ചിത്രം നമുക്ക് ലഭിക്കുന്നുണ്ട്. സ്വഹാബിമാരുടെ നബിസ്‌നേഹം കേവലം ചില ആചരണങ്ങളായിരുന്നില്ല. അതൊരു ചാലകശക്തിയായിരുന്നു. വിശ്വാസിസമൂഹത്തെ എല്ലാ അര്‍ഥത്തിലും ആ പ്രവാചക സ്‌നേഹം മുന്നോട്ട് ചലിപ്പിച്ചു.
നബിയും സ്വഹാബികളും ഒന്നിച്ചിരിക്കുന്ന ഒരു സദസ്സ്. തൊട്ടടുത്തുള്ള ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ കൈ പിടിച്ചാണ് നബി ഇരിക്കുന്നത്. അപ്പോള്‍ സ്‌നേഹാതിരേകത്താല്‍ ഉമര്‍ ഇങ്ങനെ മൊഴിഞ്ഞു: 'എന്നെക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഏറ്റവും അഗാധമായി സ്‌നേഹിക്കുന്നത് താങ്കളെയാണ്.' നബി ഉമറിനെ തിരുത്തി: 'സ്വന്തത്തെ സ്‌നേഹിക്കുന്നതിനേക്കാളും കൂടുതലായി താങ്കള്‍ എന്നെ സ്‌നേഹിക്കണം. അതാണ് യഥാര്‍ഥ പ്രവാചക സ്‌നേഹം.' അതൊരു വ്യക്തിയോടുള്ള സ്‌നേഹം മാത്രമല്ല; അല്ലാഹുവിനോടും അവന്‍ നമുക്ക് നല്‍കി അനുഗ്രഹിച്ച ആദര്‍ശത്തോടുമുള്ള സ്‌നേഹമാണ്. 'നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്‍പറ്റൂ' എന്ന് ജനങ്ങളോട് പറയാനാണല്ലോ നബിയോട് ഖുര്‍ആന്‍ ആജ്ഞാപിക്കുന്നത് (3:31). ഇത് സാക്ഷാല്‍ക്കരിക്കണമെന്നുണ്ടെങ്കില്‍ നബിജീവിതത്തെ നാം വളരെ അടുത്തും ആഴത്തിലും അറിയണം. ഇനിയും നബിജീവിതത്തെക്കുറിച്ച് എന്താണ് അറിയാന്‍ ബാക്കിയുള്ളത് എന്നായിരിക്കും നമ്മുടെ മനസ്സില്‍ ഉയരുന്ന ചോദ്യം. ആ മഹദ് ജീവിതത്തില്‍നിന്ന് ഇനിയും ഒരുപാട് പഠിക്കാനുണ്ട് എന്നാണ് പതിനാല് നൂറ്റാണ്ട് കാലമായി ഇറങ്ങിക്കൊണ്ടിരിക്കുന്ന പല സ്വഭാവത്തിലുള്ള നബി ചരിത്ര പഠനങ്ങള്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ പഠനങ്ങളൊന്നും മുമ്പുള്ളതിന്റെ ആവര്‍ത്തനങ്ങളല്ല, ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാചക ജീവിതത്തെ പല കോണുകളിലൂടെ നോക്കിക്കാണുന്നവയാണ്.
കഴിഞ്ഞ വര്‍ഷമാണ് പ്രമുഖ അറബ് മാധ്യമ പ്രവര്‍ത്തകന്‍ വദ്ദാഹ് ഖന്‍ഫറിന്റെ 'റബീഉല്‍ അവ്വല്‍' എന്ന നബിചരിത്ര പഠനകൃതി പുറത്തിറങ്ങിയത്. 'നബിചരിത്രം, ഒരു രാഷ്ട്രീയ- സ്ട്രാറ്റജിക് വായന' എന്നാണ് അതിന്റെ ഉപശീര്‍ഷകം. അക്കാലത്തെ ബൈസാന്റിയന്‍, ഹിംയരി, പേര്‍ഷ്യന്‍, എത്യോപ്യന്‍ ഉപാദാനങ്ങള്‍ മുന്നില്‍ വെച്ചുള്ള തീര്‍ത്തും വ്യതിരിക്തമായ പഠനമാണിത്. ഖുര്‍ആനിലെ ചില പ്രയോഗങ്ങളെ മുന്‍നിര്‍ത്തി അക്കാലത്തെ സാമൂഹിക- രാഷ്ട്രീയ മേധാവിത്വത്തെക്കുറിച്ച് വലിയ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്നുണ്ട് ഈ പുസ്തകം. അതിലൊരു പ്രയോഗമാണ് 'ഖുറൈശികളുടെ വ്യാപാര സഞ്ചാരം' (ഈലാഫു ഖുറൈശ്). 'സുവ്യക്ത വിജയം' (ഫത്ഹുന്‍ മുബീന്‍) എന്ന ഖുര്‍ആനിക പ്രയോഗത്തെയും അദ്ദേഹം നീണ്ട സ്ട്രാറ്റജിക് വായന നടത്തുന്നു.  ഒട്ടു വളരെ തന്ത്രപരമായ നീക്കങ്ങളാണ്  നബിയും അനുയായികളും നേടിയ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍. കിസ്‌റ- കൈസര്‍ കോട്ടകളൊന്നും വെറുതെ പൊളിഞ്ഞുവീണതല്ല. സമകാലിക മുസ്‌ലിം സമൂഹത്തിന്റെ വിജയവും അതിജീവനവും അടിയുറച്ച വിശ്വാസത്തോടൊപ്പം അത്തരം സ്ട്രാറ്റജിക് നീക്കങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്നു എന്നാണ് ഇത്തരം പുതിയ പഠനങ്ങള്‍ പറഞ്ഞുവെക്കുന്നത്. ഈ ലക്കം മുതല്‍ അത്തരം ചില വായനകളും പഠനങ്ങളും പ്രബോധനത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍