ദേശീയ സ്വാതന്ത്ര്യസമരത്തില്‍ മലബാര്‍ പങ്കു ചേര്‍ന്നപ്പോള്‍ സംഭവിച്ചത്
ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരം സമാരംഭിച്ചത് എപ്പോള്‍ എന്നതിന് ചരിത്രകാരന്മാര്‍ പല കാലഗണനകള്‍ കുറിച്ചതായി കാണാം. എന്നാല്‍, തീര്‍ത്തും നിഷ്പക്ഷവും സത്യസന്ധവുമായ ഒരു ചരിത്രാന്വേഷണം നടത്തിയാല്‍ നമ്മുടെ ദേശീയ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് ആയിരത്തി നാനൂറ്റി തൊണ്ണൂറ്റി എട്ട് മെയ് മാസത്തിലാണ് എന്നുകാണാം. കാരണം അന്നാണ് കുരിശുയുദ്ധ പ്രോക്തമായ യൂറോപ്യന്‍ അധിനിവേശപ്പട, ശാലീനസുന്ദരമായ കേരളീയ തീരങ്ങളിലേക്ക് കുതികുത്തിയെത്തിയത്. അന്നുമുതല്‍ മുസ്‌ലിം സമൂഹം ഏറ്റെടുത്ത മഹാസഹനവും സമര്‍പ്പണവുമാണ് ചെങ്കോട്ടയുടെ കൊത്തളത്തില്‍നിന്ന് യൂനിയന്‍ ജാക്ക് പറിച്ചെറിഞ്ഞ് അവിടെ ദേശീയ പതാക പാറിക്കളിക്കാന്‍ ഇടയാക്കിയത്. നൂറ്റാണ്ടുകളിലേക്കും നിരവധി തലമുറകളിലേക്കും പടര്‍ന്നുകയറിയ ഈ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ഏറ്റവും തീക്ഷ്ണമായൊരു ഖണ്ഡമാണ് തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍ അന്നത്തെ മലബാറിലെ അധിനിവേശകര്‍ക്കെതിരെ ദേശസ്‌നേഹികളായ മാപ്പിളമാര്‍ നടത്തിയ ഗംഭീരമായ ചെറുത്തുനില്‍പ്പും വിമോചന സമരവും.
ഇന്ന് ജീവിക്കുന്ന നാം ആ ധീരദേശാഭിമാനികളുടെ മൂന്നാമത്തെയോ നാലാമത്തെയോ തലമുറയാണ്. അന്ന് നിരായുധരും നിസ്സഹായരും എന്നാല്‍, ആഭിജാതരുമായ ഒരു ജനത അവരെത്തന്നെ യാഗമാക്കിയ ആ മഹാ ദൗത്യത്തിന് ഇപ്പോള്‍ നൂറാണ്ട് തികയുന്നു. കൊന്നും കൊലവിളിച്ചും ചുട്ടു കത്തിച്ചും അന്തമാനിലെ വിദൂര വനപര്‍വങ്ങളിലേക്ക് തുരത്തിയോടിച്ചും സ്വാതന്ത്ര്യദാഹികളായ ഒരു കുലീന ജനതയെ കൊളോണിയല്‍ ദുഷ്ടതയും പ്രാദേശിക ബ്രാഹ്മണ്യവും സംഘം ചേര്‍ന്ന് ഇല്ലാതാക്കുകയായിരുന്നു.
ശാരീരികവും സാമൂഹികവുമായ ആ പെരും നിഷ്‌കാസനത്തില്‍ കൊളോണിയല്‍ ശക്തികളും കങ്കാണിമാരും ബോധപൂര്‍വം മണ്ണിട്ടു മൂടിയത് ഒരു ജനസമൂഹത്തിന്റെ ദീപ്തമായ ചരിത്രത്തെക്കൂടിയാണ്. പെട്ടെന്നുണ്ടായ ചിതറലില്‍ സ്തംഭിച്ചുപോയ ആ ജനത ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കാലമേറെയാണെടുത്തത്. അപ്പോഴേക്കും കൊളോണിയല്‍ കൗശലവും സൃഗാല ബ്രാഹ്മണ്യവും മറ്റൊരു നിര്‍മിത ചരിത്രം അടവെച്ചു വിരിയിച്ചുകഴിഞ്ഞിരുന്നു. അത് അത്രമേല്‍ മുസ്‌ലിം വിരുദ്ധമായിരുന്നു താനും.
തീര്‍ച്ചയായും മണ്ണിട്ടു മൂടിയ ആ ചരിത്ര പേടകം ഖനിച്ചെടുത്ത് അതിനകത്തെ വസ്തുതകളത്രയും പൊതുമണ്ഡലത്തിലേക്ക് ധീരമായി സമര്‍പ്പിക്കാന്‍ പരിശ്രമങ്ങളുണ്ടായത് ഏറെ പിന്നെയാണ്. ടി. മുഹമ്മദും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും എ.കെ കോടൂരും ഡോ. സി.കെ കരീമും പോലുള്ളവര്‍ ആ ചരിത്രദൗത്യം ആവുംമട്ടില്‍ ഏറ്റെടുത്തവരാണ്. എന്നാലിന്ന് ഇവരുടെ പുതു തലമുറ അത്യധികം ഉത്സാഹത്തോടെയാണ് മലബാറിലെ മുസ്‌ലിംകളുടെ ചരിത്രശേഷിപ്പുകള്‍ തെരഞ്ഞുപോകുന്നത്. അതിലെ ശ്രദ്ധേയ സാന്നിധ്യമാണ് യുവ ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ ഷെബിന്‍ മെഹ്ബൂബ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'പോരിനിറങ്ങിയ ഏറനാടന്‍ മണ്ണ്.'
അത്യന്തം സന്ദിഗ്ധതയാര്‍ന്നൊരു കാലസന്ധിയെ ഒരു ഗ്രാമത്തിലെ ജനം എത്ര ആത്മനിഷ്ഠതയോടെയും സഹനത്തോടെയുമാണ് അഭിമുഖീകരിച്ചതെന്ന് പുസ്തകം നമ്മോട് പറയുന്നു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ഉള്‍ച്ചേര്‍ന്ന് മലബാറിലെ ധീരജനത ആവിഷ്‌കരിച്ച അവരുടെ നിര്‍വഹണങ്ങള്‍ ഷെബിന്‍ നോക്കിക്കാണുന്നത് തന്റെ സ്വന്തം ഗ്രാമമായ പെരിമ്പലത്തിന്റെ കണ്ണാടിയിലൂടെയാണ്.
ഇത്ര വിസ്താരത്തിലൊരു സത്യാന്വേഷണ യാത്രക്ക് തയാറാകേണ്ടിവന്നതിന് കൗതുകമുള്ളൊരു നിമിത്തം നിരത്തുന്നുണ്ട് എഴുത്തുകാരന്‍, ഈ പുസ്തകത്തില്‍.
മാപ്പിളമാര്‍ മലബാറില്‍ നടത്തിയ സ്വാതന്ത്ര്യസമരത്തെ പ്രതിപാദിക്കുന്ന സത്യസന്ധവും സമഗ്രവുമായ ചരിത്ര ഗ്രന്ഥമാണ് എ.കെ കോടൂരിന്റെ 'ആംഗ്ലോ -മാപ്പിള യുദ്ധം.' ഷെബിന്റെ പാരായണത്തില്‍ ഈ ഗ്രന്ഥവും വന്നുചേരുന്നു. അതില്‍ സ്വന്തം ഗ്രാമമായ പെരിമ്പലവും അവിടത്തെ ജനതയും ഈ ദേശസ്‌നേഹപ്രചോദിത പോരാട്ടത്തില്‍ വഹിച്ച ധീരമായ പങ്കാളിത്തവും വിവരിക്കുന്നുണ്ട്. ഇത്രയും ഉജ്ജ്വലമായൊരു സമരതീക്ഷ്ണതയിലൂടെ തന്റെ പ്രിയ ദേശവും പിതാമഹന്മാരും കടന്നുപോയിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ഈ ബോധ്യമാണ് യുവഗ്രന്ഥകാരനെ ചരിത്രം തിരയുന്ന സഞ്ചാരിയാക്കിയത്.
ആ തീക്ഷ്ണമായ പോരാട്ടം ഇന്നൊരു നൂറ്റാണ്ടിന്റെ പരിപൂര്‍ത്തിയില്‍ നില്‍ക്കുന്നു. ആ ഒരു കാലബോധത്തില്‍നിന്നുകൊണ്ടാണ് എഴുത്തുകാരന്‍ ചരിത്രം ഖനിക്കുന്നത്. പുസ്തകം സമാരംഭിക്കുന്നത് തന്നെ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ട് ഉദ്ധരിച്ചുകൊണ്ടാണ്. അന്ന് മലപ്പുറം പടയില്‍ രക്തസാക്ഷികളായത് നാല്‍പത്തിനാല് പേരാണ്. സമരസംഘത്തിലെ നായകന്‍ പെരിമ്പലത്തുകാരനായ ജമാല്‍ മൂപ്പനായിരുന്നു. നിരവധി പ്രാദേശിക-കുടുംബ ചരിത്ര രേഖകള്‍ ചികഞ്ഞും പരതിയുമാണ് എഴുത്തുകാരന്‍ ജമാല്‍ മൂപ്പന്റെ കുടുംബവേരുകള്‍ കണ്ടെത്തുന്നത്. പിന്നീട് എന്തെല്ലാം ചതിപ്പണികള്‍ നടത്തിയാണ് അധിനിവേശക്കാര്‍ ജമാല്‍ മൂപ്പന്റെ പരമ്പരയെത്തന്നെ അടിപടലോടെ തീര്‍ത്തുകളഞ്ഞതെന്ന് പുസ്തകം നമ്മോട് പറയുന്നു.
മലബാര്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ഒരു പ്രധാന രംഗഭൂമിയാണ് പൂക്കോട്ടൂര്‍. ഒരു കൈയില്‍ മരവടികളും മറുകൈയില്‍ തസ്ബീഹ് മാലകളുമായി മുഖമക്കനയിട്ട സ്ത്രീകള്‍ വരെ ആവേശിതരായി ഉള്‍ച്ചേര്‍ന്ന ആ പോരാട്ടത്തില്‍ പങ്കെടുത്ത പെരിമ്പലത്തുകാരെ ഷെബിന്‍ പുസ്തകത്തില്‍ വിശദമായി അന്വേഷിക്കുന്നുണ്ട്.
ഏറനാട്ടിലെ പോത്തുവെട്ടിപ്പാറ സംഭവം വളരെ വിശ്രുതമാണ്. അതിലെ അത്യന്തം ഉദ്വേഗം മുറ്റിയ ഒരു സന്ദര്‍ഭം പുസ്തകം വിശദീകരിക്കുന്നുണ്ട്.
പോരില്‍ പൊലിഞ്ഞ പൗരുഷങ്ങളെ മാത്രമേ പൊതുവെ ചരിത്രമെഴുത്തുകാര്‍ കണ്ടെടുക്കാറുള്ളൂ. എന്നാല്‍ മരിച്ചു ജീവിച്ച വലിയൊരു സ്ത്രീപക്ഷ വേദന ഇത്തരം ഏത് പോരാട്ടസമൂഹത്തിലും സമാന്തരമായുണ്ടാവും. ഷബിന്‍ തന്റെ പുസ്തകത്തില്‍ ചരിത്രത്തിന്റെ ഈയൊരു സമാന്തരത്തെയും വേദനയോടെ കണ്ടെടുക്കുന്നു.
ഒരു ഗ്രാമത്തിന്റെ സഹനം, അവരുടെ സമര്‍പ്പണം, സമരാനന്തരം കോളനി ശക്തികളും പ്രാദേശിക ജന്മി തമ്പ്രാക്കളും കൈകോര്‍ത്ത് നടത്തിയ നരമേധം, വേട്ടയാടല്‍, തുരത്തിയോടിക്കല്‍, കൊലക്കയര്‍, നാടുകടത്തല്‍, കൊല്ലും കൊലയും, ചുട്ടു ചാമ്പലാക്കല്‍, ബലാത്സംഗങ്ങള്‍, അപരമാക്കലിന്റെ ഭീതിയും സംത്രാസങ്ങളും അങ്ങനെ പലതും. സ്വന്തം ഗ്രാമം എങ്ങനെയൊക്കെയാണ് ഇതെല്ലാം ഏറ്റുവാങ്ങിയതെന്നത് സത്യമായും ഒരു അത്ഭുതമാണ്. പെരിമ്പലത്തെ ഗ്രാമജീവിതത്തില്‍നിന്ന് നായാടിപ്പിടിച്ച ദീപ്തയൗവനങ്ങളാണ് ഇങ്ങനെ നാനാതരം പീഡനങ്ങളിലൂടെ ദീനതയോടെ കടന്നുപോയത്. ബെല്ലാരിയില്‍, സേലത്ത്, അന്തമാനിലെ സെല്ലൂലാര്‍ തടവറകളില്‍ ഇവിടെയൊക്കെ പൊലിഞ്ഞുപോയ ജീവിതങ്ങള്‍. ഇക്കഥകളാണീ പുസ്തകം.
Comments