Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 02

3196

1442 ശഅ്ബാന്‍ 19

കുടുംബം തകര്‍ക്കുന്ന കടക്കെണികള്‍

സി.എച്ച് അബ്ദുര്‍റഹീം

ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവും ലോക ബാങ്കിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമാണ് ഡോ. ജോസഫ് സ്റ്റിഗിള്‍സ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ രണ്ട് ഗ്രന്ഥങ്ങളാണ് Freefall , The Price of Inequality    എന്നിവ. 2008-'09 കാലത്ത് ലോകം നേരിട്ട സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ അന്വേഷിക്കുകയും, ഭാവിയില്‍ അത്തരം പ്രതിസന്ധികള്‍ മറികടക്കാനുളള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണ് ഈ പുസ്തകങ്ങളില്‍. 2008-'09-ലെ പ്രതിസന്ധിയുടെ മൂലകാരണം അമിതമായ കടബാധ്യതകള്‍ ആയിരുന്നു എന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. വ്യക്തികള്‍, കുടുംബങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, രാഷ്ട്രങ്ങള്‍ എന്നിങ്ങനെ എല്ലാ തലത്തിലും പലിശയില്‍ അധിഷ്ഠിതമായ കടം പെരുകിയതുകൊണ്ട് സാമ്പത്തിക തകര്‍ച്ച ഉണ്ടായി എന്ന് ആധികാരികമായ കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. വ്യക്തികളുടെ യാഥാര്‍ഥ്യബോധമില്ലാത്ത ഭവനവായ്പകള്‍, സ്വന്തം മുടക്കുമുതലിന്റെ പത്തിരട്ടി വായ്പയെടുത്ത് കടം നല്‍കിയ ബാങ്കുകള്‍, ആഗോളവല്‍ക്കരണം സൃഷ്ടിച്ച അത്യാര്‍ത്തി മൂലം കടം പെരുകിയ അന്താരാഷ്ട്ര കമ്പനികള്‍ ഇവയെല്ലാം ചേര്‍ന്നാണ് അഭൂതപൂര്‍വമായ ആ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
അമേരിക്കയിലെ കോളേജ് വിദ്യാര്‍ഥികളുടെ പേരില്‍ എടുത്തിരുന്ന അമിതമായ വിദ്യാഭ്യാസ വായ്പ ഈ പ്രതിസന്ധിക്ക്  ചെറുതല്ലാത്ത ഒരു കാരണമായിരുന്നു. സാധാരണ കുടുംബത്തിലെ കോളേജ് വിദ്യാര്‍ഥി സാമ്പത്തിക പ്രതിസന്ധിക്ക് തൊട്ട് മുമ്പ് ഡിഗ്രി പഠനം അവസാനിക്കുന്നതോടുകൂടി ആളോഹരി 28,000 ഡോളറിന് കടപ്പെട്ടിരുന്നു. അമേരിക്കയിലെ മൊത്തം വിദ്യാഭ്യാസ വായ്പ ഇന്ന് 130 ബില്ല്യന്‍ ഡോളറില്‍ എത്തി നില്‍ക്കുന്നു (അഥവാ പതിമൂന്ന് ലക്ഷം കോടി ഡോളര്‍). ഒരു സര്‍വേ പ്രകാരം കടക്കെണിയില്‍ പെട്ട പതിനഞ്ച് വിദ്യാര്‍ഥികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു. മറ്റു രാഷ്ട്രങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. അന്താരാഷ്ട്ര ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്പകളില്‍ ബഹുഭൂരിപക്ഷവും കിട്ടാക്കടങ്ങളായി അവശേഷിക്കുന്നു. 
ഇന്ത്യയിലെ കാര്യവും ഭിന്നമല്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1991-ലാണ് ഇന്ത്യയില്‍ ആദ്യമായി വിദ്യാഭ്യാസ വായ്പാ സമ്പ്രദായം ബാങ്കുകളില്‍ നിലവില്‍ വന്നത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ കണക്കനുസരിച്ച് 2019 അവസാനിച്ചപ്പോള്‍ 70,000 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ അടച്ചു തീര്‍ക്കാനുണ്ട്. അത് മൂന്ന് കൊല്ലം മുമ്പുണ്ടായിരുന്ന 75,000 കോടി രൂപയേക്കാള്‍ അല്‍പം താഴെയാണ്. മറ്റു മേഖലകളെ അപേക്ഷിച്ച് ഈ വായ്പാ തോത് കുറവാണെങ്കിലും, വളരെ സങ്കീര്‍ണമാണ് ഈ വായ്പകളുടെ നിലവിലത്തെ സ്ഥിതി. കോവിഡിന് തൊട്ടു മുമ്പുളള കണക്കനുസരിച്ച് ഈ മേഖലയിലെ കിട്ടാക്കടങ്ങളുടെ തോത് ഏറ്റവും കൂടുതലാണ് - ഏകദേശം 9 ശതമാനം. ഒരു ശതമാനത്തില്‍ താഴെ മാത്രമുളള ഭവന വായ്പയിലെ കിട്ടാക്കടവും, രണ്ട് മുതല്‍ മൂന്ന് വരെ ശതമാനമുളള ഇരുചക്ര വാഹനങ്ങളുടെ കിട്ടാക്കടത്തിന്റെയും നിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍, വിദ്യാഭ്യാസ വായ്പയിലുള്ള വീഴ്ച മൂന്ന് ഇരട്ടിയില്‍ കൂടുതലാണ്. നഴ്‌സിംഗ് പോലെ താരതമ്യേന ശമ്പളം കുറവുള്ള ജോലിയിലും, ജോലിസാധ്യത നന്നേ കുറഞ്ഞ എഞ്ചിനീയറിംഗ് മുതലായ കോഴ്‌സുകളിലെയും വായ്പയാണ് കൂടുതലും മുടങ്ങിക്കിടക്കുന്നത്. 
വായ്പാ അടവില്‍ ഗണ്യമായ ഇടിവ് വരാന്‍ കാരണം ജോലിയുടെ കുറവ് തന്നെയാണ്. കടം വാങ്ങി ഭാരിച്ച ഫീസ് നല്‍കി സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങി വരുന്ന അഭ്യസ്തവിദ്യര്‍ക്ക് ജോലി ലഭിക്കുന്നില്ല. സ്വകാര്യ കമ്പനികള്‍ അവരുടെ കാമ്പസ് റിക്രൂട്ടിംഗ് നന്നേ കുറച്ചിരിക്കുകയാണ്. ജോലിയുള്ളവര്‍ക്കു തന്നെ കൊറോണ കാലത്ത് സാര്‍വത്രികമായി 30 ശതമാനം മുതല്‍ 40 ശതമാനം ശമ്പള കുറവ് നടപ്പാക്കുകയുണ്ടായി. ഇതു മൂലം പുതുതായി ജോലിയില്‍ ചേര്‍ന്നവര്‍ക്ക്, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞ് ബാങ്കിലേക്ക് അടക്കാന്‍ മിച്ചം വെക്കാന്‍ കഴിയുന്നില്ല. ഇന്ത്യയിലെ തൊഴില്‍രംഗം കഴിഞ്ഞ അരനൂറ്റാണ്ടിനു ശേഷമുളള ഏറ്റവും കുറഞ്ഞ ജോലിനിരക്കിലേക്ക് കൂപ്പുകുത്തി. അമേരിക്ക പോലുളള സമ്പന്ന രാജ്യങ്ങള്‍ പുതിയ വിസ നിയമങ്ങള്‍ നടപ്പാക്കിയതോടെ അത്തരം വിദേശ ജോലിസാധ്യതകളും നന്നേ കുറഞ്ഞു. എല്ലാറ്റിനും പുറമെ എണ്ണവിലയിലെ ഗണ്യമായ ഇടിവും കോവിഡ് മൂലം മാസങ്ങളോളം ലോക്ക് ഡൗണായതും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക-തൊഴില്‍ ദായക ശേഷിയെ തകര്‍ത്തു. അവിടങ്ങളില്‍നിന്ന് ആയിരക്കണക്കിന് അഭ്യസ്തവിദ്യര്‍ തന്നെ ജോലി നഷ്ടപ്പെട്ട് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം പരിണിത ഫലം വിദ്യാഭ്യാസ വായ്പയിലെ അടവ്, കഴിഞ്ഞ ഓരോ പാദത്തിലും കുറഞ്ഞു വരികയും, ബാങ്കുകളുടെ ഈ വകയിലുളള കിട്ടാക്കടം വര്‍ധിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.
ഈ കടക്കെണി ഏറെ ബാധിച്ചിരിക്കുന്നത് ഇടത്തരക്കാരെയും തഴേക്കിടയിലുളളവരെയുമാണ്. കോവിഡിന്റെ സാമ്പത്തിക ഞെരുക്കത്തില്‍ വളരെയധികം പ്രയാസപ്പെടുന്ന ഈ ഇടത്തരക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പയും അതിന്റെ അടവും വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അഭിമാനികളായ ഈ ഇടത്തരക്കാര്‍, കടം പെരുകുന്നതു ക് അമേരിക്കന്‍ വിദ്യാര്‍ഥികളുടെ വഴിയെ വല്ല കടുംകൈക്ക് മുതിര്‍ന്നേക്കുമോ എന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു്. അടിയന്തരമായി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകും. 2018-'19 കാലത്ത് കര്‍ഷകരേക്കാള്‍ കൂടുതല്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത് അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവരാണ് എന്ന കണക്ക് ഈ ആശങ്കക്ക് ആക്കം കൂട്ടുന്നു.
 ഒരു ഇടത്തരം കുടുംബത്തിലെ വിദ്യാര്‍ഥി ശരാശരി 4 മുതല്‍ 5 ലക്ഷം വരെയുളള തുകയാണ് ബാങ്കില്‍നിന്ന് കടമായി എടുക്കുന്നത്. അപൂര്‍വ അവസരങ്ങളില്‍ അത് 10 ലക്ഷം രൂപ വരെ ഉയരാറുണ്ട്. ബാങ്കുകള്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ പലിശക്കാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. തുകയുടെ തോതും കോഴ്‌സിന്റെ തരവും അനുസരിച്ച് അടവിനുളള സമയം 7 മുതല്‍ 12 കൊല്ലം വരെയാണ്. ഈ പലിശയും അടവിന്റെ തോതും ഒരു സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം താങ്ങാന്‍ ബുദ്ധിമുട്ടുള്ളതാണ്. വിദ്യാഭ്യാസ മേഖലയില്‍നിന്ന്, പ്രത്യേകിച്ച് ഉന്നത പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് സര്‍ക്കാന്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതാണ് വിദ്യാഭ്യാസ വായ്പ ഇത്രയും അധികരിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ അമിതമായ ഫീസ് ഈടാക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ തലത്തിലുളള കണക്ക് പ്രകാരം 40,000-ത്തോളം കോളേജുകളില്‍ 78 ശതമാനവും സ്വകാര്യ മേഖലയിലാണ് ഇപ്പോള്‍. ഇക്കൊല്ലം പുറത്തിറങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിലും (National Education Policy)  സര്‍ക്കാര്‍ സഹായങ്ങള്‍ കുറക്കുകയും, സ്വകാര്യ മേഖലയിലുളള കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നു. വിദേശ സര്‍വകലാശാലകള്‍ക്കുളള നിയന്ത്രണങ്ങള്‍ പലതും നീക്കിയിരിക്കുന്നു. ഇതോടുകൂടി കോളേജുകളിലെ ഫീസുകളും അനുബന്ധ ചെലവുകളും അമിതമായി കൂടാന്‍ പോവുകയാണ്.
ഉയര്‍ന്ന വിദ്യാഭ്യാസത്തിനുളള വായ്പ എടുക്കാന്‍ സാധാരണക്കാരായ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം പഠിച്ചു കഴിഞ്ഞാല്‍ ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ്. ആ പ്രതീക്ഷയാണ് ഇപ്പോള്‍ പാടേ തകര്‍ന്നിരിക്കുന്നത്. പ്രതീക്ഷിച്ച തരത്തിലുളള ജോലി പ്രതീക്ഷിച്ച സമയത്ത് കിട്ടുന്നില്ല എന്നു മാത്രമല്ല, ജോലി ലഭിച്ചാല്‍ തന്നെ വേതനം നന്നേ കുറവാണ്. നാടിന്റെ സാമ്പത്തിക തകര്‍ച്ചയുടെ ഏറ്റവും വലിയ ഇരകള്‍ ഈ ഉദ്യോഗാര്‍ഥികളാണ്. പഠിക്കാന്‍ മിടുക്കരായ സാധാരണക്കാര്‍ക്ക് കടമെടുക്കാതെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് അമിതമായ സ്വകാര്യവല്‍ക്കരണം കൊണ്ട് ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെയുളള സാമൂഹിക ഉന്നമനം ആഗ്രഹിക്കുന്ന ഈ മിടുക്കന്മാര്‍ കടക്കെണിയില്‍പെട്ട് നട്ടം തിരിയേ അവസ്ഥയിലാണ്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയാണ് ഇതുമൂലം തകര്‍ക്കപ്പെടുന്നത്.
ഇതിന് അടിയന്തരമായി പരിഹാരം കില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. 2014-ല്‍ പ്രതിസന്ധി മറികടക്കാന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയ പത്ത് ലക്ഷത്തോളം വരുന്ന കടബാധിതരായ വിദ്യാര്‍ഥികള്‍ക്ക് കടം തിരിച്ചടക്കുന്നതില്‍ ഇളവുകള്‍ നല്‍കിയിരുന്നു. 2008-'09 കാലത്ത് വായ്പ എടുത്ത് 2013 വരെ ജോലി ഇല്ലാത്തതിനാല്‍ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കാണ് ഈ ഇളവ് അന്ന് പ്രഖ്യാപിച്ചത്. പക്ഷേ ഇന്ന് അന്നത്തേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയിലാണ് വിദ്യാര്‍ഥികള്‍. മൂന്ന് ലക്ഷം കോടിയിലധികം കാര്‍ഷിക കടവും എട്ട് ലക്ഷം കോടിയില്‍പരം കച്ചവട കടങ്ങളും എഴുതിത്തളളിയ ബാങ്കുകള്‍ താരതമ്യേന കുറവായ ഈ വിദ്യാഭ്യാസ കടങ്ങളുടെ നേര്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നു. 'ഇരുപത് ലക്ഷം കോടി'യുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര ഗവണ്‍മെന്റ് വിദ്യാഭ്യാസ വായ്പകളെക്കുറിച്ച് കുറ്റകരമായ മൗനം തുടരുകയാണ്. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചEducational Debt Repayment Assistance Scheme പ്രകാരം 6 ലക്ഷം രൂപയില്‍ താഴെ പ്രതിവര്‍ഷ വരുമാനമുളള കുടുംബങ്ങള്‍ക്ക് നല്‍കിയത് മാത്രമാണ് ആകെ എടുത്തുപറയാവുന്ന ഏക ആശ്വാസ നടപടി.
വിദ്യാഭ്യാസ വായ്പയുടെ സങ്കീര്‍ണത മനസ്സിലാക്കി വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ പലതരത്തിലുളള ഇളവുകളും അടുത്ത കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ ഭരണകൂടങ്ങള്‍ വിദ്യാഭ്യാസ വായ്പയുടെ പലിശ മുഴുവനായും എടുത്തുകളഞ്ഞു. അമേരിക്കയില്‍ അത് നാമമാത്ര പലിശയായി കുറച്ചു. അമേരിക്കയിലെ വ്യത്യസ്ത സംസ്ഥാനങ്ങള്‍ പലിശകള്‍ എഴുതിത്തളളല്‍, തിരിച്ചടവിനുളള അവധി പിഴയില്ലാതെ നീട്ടിക്കൊടുക്കല്‍ പോലെ പല ആനുകൂല്യങ്ങളും അനുവദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഒരു പ്രധാന വാഗ്ദാനം, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിഗ്രി കോഴ്‌സുകളിലെ എല്ലാ കുട്ടികളുടെയും മുഴുവന്‍ വിദ്യാഭ്യാസ വായ്പയും എഴുതിത്തളളും എന്നാണ്. 
കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ ജി.ഡി.പിയുടെ 6 ശതമാനം വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കണമെന്ന മാര്‍ഗരേഖയുണ്ട്. പക്ഷേ ഇതിന്റെ പകുതിയില്‍ താഴെ മാത്രമേ ഇപ്പോള്‍ ഈ മേഖലയില്‍ ചെലവഴിക്കുന്നുളളൂ. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ഇളവ് നല്‍കുന്നതടക്കം സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് കാതലായ ഇടപെടലുകള്‍ നടത്താന്‍ സാമ്പത്തിക ഞെരുക്കം ഉണ്ടാവേണ്ടതില്ല. നീക്കിവെച്ച സാമ്പത്തിക വിഹിതം മുഴുവനും ഈ മേഖലയില്‍ ചെലവഴിക്കണം. സ്വകാര്യമേഖലക്ക് അനുമതി നല്‍കുന്നതോടൊപ്പം ഉയര്‍ന്ന വിദ്യാഭ്യാസ സംവിധാനങ്ങള്‍ പൊതുമേഖലയിലും നിലനിര്‍ത്തുകയും വളര്‍ത്തുകയും വേണം. കൂടുതല്‍ കോളേജുകളും IIT, IIM പോലുള്ള സ്ഥാപനങ്ങളും കേന്ദ്ര സര്‍വകലാശാലകള്‍ പോലെയുള്ള ഉയര്‍ന്ന വിദ്യാഭ്യാസ സൗകര്യങ്ങളും ഇനിയും വര്‍ധിപ്പിക്കണം. എന്നാല്‍ മാത്രമേ ഇടത്തരക്കാരായ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വായ്പയെടുക്കാതെ തുടര്‍വിദ്യാഭ്യാസം സാധ്യമാവൂ. അഭ്യസ്ഥവിദ്യരുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും വേണം. വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയവും മറ്റു ഇളവുകളും നല്‍കി മറ്റു ലോക രാഷ്ട്രങ്ങളെ പോലെ ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ വിദ്യാര്‍ഥികളെ ആത്മഹത്യയില്‍നിന്നും ഇടത്തരം കുടുംബങ്ങളെ സാമ്പത്തിക അരക്ഷിതാവസ്ഥകളില്‍നിന്നും രക്ഷപ്പെടുത്താന്‍ കഴിയൂ. 
ഇപ്പോള്‍ നല്‍കിവരുന്ന വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും ബാങ്കുകള്‍ പുനരാലോചിക്കണം. തിരിച്ചടക്കാന്‍ പറ്റാത്തവര്‍ക്ക് സര്‍ക്കാര്‍ വിദ്യാഭ്യാസ വൗച്ചറുകള്‍ (Educational Voucher)  നല്‍കി സഹായിക്കണം. പല പാശ്ചാത്യ രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുള്ള ഈ രീതിയനുസരിച്ച് ഒരു വിദ്യാര്‍ഥിക്ക് തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം ലഭിച്ചാല്‍ അവിടത്തെ ഫീസിനുള്ള തുക സര്‍ക്കാര്‍ ഒരു വൗച്ചറായി നല്‍കുന്നു. ആ വൗച്ചര്‍ സര്‍ക്കാര്‍ ട്രഷറിയില്‍ ആവശ്യമുള്ള രേഖകളോടൊപ്പം സ്ഥാപനം സമര്‍പ്പിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് പണം നേരിട്ട് ലഭിക്കുന്നു. വിദ്യാഭ്യാസ മേഖലക്കായി നീക്കിവെച്ച 6 ശതമാനം ഏഉജ വിഹിതത്തില്‍നിന്ന് ചെറിയൊരു ഭാഗം ഇത്തരം വൗച്ചറുകള്‍ക്കായി ഉപയോഗിച്ചാല്‍ വിദ്യാഭ്യാസ വായ്പാപ്രശ്‌നങ്ങള്‍ നല്ലൊരു ഭാഗം മാറിക്കിട്ടും. 

കുടുംബശ്രീകളുടെ കടബാധ്യത

ഗുരുതരമായ ഗാര്‍ഹിക കട പ്രതിസന്ധിയിലാണ് ഇന്ന് കേരളത്തിലെ പാവങ്ങളായ ഗ്രാമീണര്‍ ചെന്നുപെട്ടിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Centre for Socio Economic and Environment  എന്ന സ്ഥാപനം 12 ജില്ലകളിലായി ഈയിടെ നടത്തിയ ഒരു പഠനപ്രകാരം കേരളത്തിലെ നാട്ടിന്‍പുറത്ത് താമസിക്കുന്നവര്‍ 88 ശതമാനം പേരും കടത്തില്‍ അകപ്പെട്ടിരിക്കുന്നു. ഇത് മൊത്തം ജനസംഖ്യയുടെ പകുതിയോളം വരും. കടംവാങ്ങിയവരില്‍ 93 ശതമാനം അംഗീകൃത വായ്പാ ഏജന്‍സികളില്‍നിന്നോ ബാങ്കുകളില്‍നിന്നോ ആണ് കടം കൈപ്പറ്റിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ സ്വകാര്യ പണമിടപാടുകാരില്‍നിന്നും.
ഈ നാട്ടിന്‍പുറ കടത്തിന്റെ ഗണ്യമായ ഭാഗം ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന കുടുംബശ്രീ സംരംഭങ്ങളുടേതാണ്. കുടുംബിനികളുടെ കടം ഗൃഹനാഥന്റെ പേരിലുള്ള കടത്തേക്കാള്‍ രണ്ടര ഇരട്ടിയോളം വരുമത്രെ. കുടുംബശ്രീ കടങ്ങളെല്ലാം കുടുംബിനികളുടെ പേരിലാണുള്ളത്. രണ്ട് ദശാബ്ദം മുമ്പ് ആരംഭിച്ച കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ് കുടുംബശ്രീ സംരംഭങ്ങള്‍. അയല്‍ക്കൂട്ടം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭങ്ങള്‍ക്ക് ബാങ്കുകള്‍ പ്രത്യേക സ്‌കീം അനുസരിച്ച് ഉദാരമായ വായ്പ നല്‍കുന്നു. ഇപ്പോള്‍ അത്തരം 283,900 അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഈ സംരംഭങ്ങള്‍ക്കായി കേരളത്തിലെ ബാങ്കുകള്‍ നബാര്‍ഡിന്റെ പ്രത്യേക സ്‌കീമില്‍ 2000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അതില്‍ 1750 കോടി രൂപ ഈ സംരംഭങ്ങള്‍ ഇതിനകം കടമായി എടുത്തിട്ടുണ്ട്. ഭക്ഷ്യോല്‍പന്നങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, തുന്നല്‍സംരംഭങ്ങള്‍, ബേക്കറികള്‍ മുതല്‍ സാമൂഹിക അടുക്കള വരെ കുടുംബശ്രീ വകയായി പ്രവര്‍ത്തിക്കുന്നു. കോവിഡ് കാലത്തെ മാസ്‌കുകള്‍ പോലും അവര്‍ നിര്‍മിച്ച് വിറ്റിരുന്നു.
പക്ഷേ, കണക്കുകള്‍ സൂചിപ്പിക്കുന്നത് കുടുംബശ്രീ നടത്തിപ്പില്‍ കാര്യങ്ങള്‍ അത്ര ഭദ്രമല്ല എന്നു തന്നെയാണ്. മേല്‍ സൂചിപ്പിച്ച പഠനപ്രകാരം ഈ സംരംഭങ്ങളില്‍ 12 ശതമാനം മാത്രമേ ലാഭകരമായി നടക്കുന്നുള്ളൂ. സംരംഭങ്ങള്‍ പലതും നാമമാത്രമാണ്. എളുപ്പത്തില്‍ കടം ലഭിക്കാനുള്ള വഴിയായി പലരും ഇത് ദുരുപയോഗം ചെയ്യുന്നു. കടമായി ലഭിക്കുന്ന പണം മിക്കവാറും വകമാറി ചെലവിടുന്നു. ചെറിയൊരു അംശം മാത്രമേ സംരംഭങ്ങള്‍ക്കായി ഉപയോഗിക്കുന്നുള്ളൂ. കടത്തിന്റെ വലിയൊരു വിഹിതം ചെലവാക്കുന്നത് വീട് പണിയാനും ചികിത്സക്കും വീട്ടുസാമഗ്രികള്‍ വാങ്ങാനും മുന്‍കടങ്ങള്‍ വീട്ടാനും, കല്യാണം പോലെ മറ്റു വ്യക്തിഗത ചെലവുകള്‍ക്കുമാണ്. ഉല്‍പാദനം ലക്ഷ്യം വെച്ചു നല്‍കുന്ന പണം ഉപഭോഗങ്ങള്‍ക്കായി ചെലവ് ചെയ്ത് തീര്‍ക്കുന്നു എന്നര്‍ഥം. ഈ പഠനത്തിന്റെ അവസാന ഭാഗത്ത് നിര്‍ദേശിക്കുന്നത്, പണത്തിന്റെ ഈ ദുരുപയോഗം തടയാന്‍ സര്‍ക്കാര്‍ ഉടനെ നടപടിയെടുക്കണമെന്നും, കുടുംബശ്രീ സംവിധാനം അതിന് സ്വയംതയാറാകണം എന്നുമാണ്. 
മൈക്രോ ഫിനാന്‍സ് എന്ന പേരിലറിയപ്പെടുന്ന ഈ ചെറുകിട സംവിധാനങ്ങള്‍ ഒരിക്കലും കുറ്റമറ്റതായിരുന്നില്ല. ചെറുകിടക്കാരും ഗ്രാമീണരും നാട്ടിന്‍പുറത്തുകാരുമാണ് ഇത്തരം ചെറുകിട കടദായകരുടെ എന്നത്തെയും ഇരകള്‍. ഡോ. മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ  ഗ്രാമീണ്‍ ബാങ്കിലൂടെ അവിടത്തെ കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും ഇത്തരം ചെറുകിട കടങ്ങള്‍ ലഭ്യമാക്കാനുള്ള വ്യവസ്ഥാപിതമായ സംവിധാനം ഉാക്കിയിരുന്നു. അതിന് അദ്ദേഹത്തിന് നൊബേല്‍ സമ്മാനം വരെ ലഭിച്ചുവെങ്കിലും, പാവപ്പെട്ട ഗ്രാമീണര്‍ കടക്കെണിയില്‍ കുടുങ്ങിയതു മൂലം അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് ചെറുകിടക്കാരുടെയും കര്‍ഷകരുടെയും സ്വന്തം നീക്കിയിരുപ്പില്‍നിന്നും ധനം ശേഖരിച്ച് കടമെടുക്കാതെയുള്ള സംരംഭങ്ങള്‍ക്ക് പ്രചോദനം നല്‍കിയതായി കാണാം. ഇന്ത്യയിലും ഇത്തരം ചെറുകിട കടദായകരുടെ ശല്യം അത്യധികം വര്‍ധിച്ചിരിക്കുന്നു. ആന്ധ്രയിലും തെലങ്കാനയിലും തമിഴ്‌നാട്ടിലുമെല്ലാം അനേകം കര്‍ഷകരും ഗ്രാമീണരും മൈക്രോ ഫിനാന്‍സ് കടബാധ്യതകളില്‍പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത്തരം കടങ്ങളുടെ ഒരു സുപ്രധാന വ്യവസ്ഥ വായ്പ വാങ്ങുന്നവര്‍ അവരുടെ അടുത്ത ബന്ധുക്കളുടെയോ സ്‌നേഹിതരുടെയോ സഹപ്രവര്‍ത്തകരുടെയോ കൂടി ജാമ്യം നല്‍കണമെന്നാണ്. അതുകൊണ്ടു തന്നെ കടം അടവ് മുടങ്ങുമ്പോള്‍ അത്യധികം സാമൂഹിക സമ്മര്‍ദത്തില്‍പെടും, കടമെടുത്തവര്‍. അത്തരം സമ്മര്‍ദം ഒടുവില്‍ ആത്മഹത്യയിലേക്ക് നയിക്കുന്നു.
ഈ മൈക്രോ ഫിനാന്‍സുകാര്‍ പക്ഷേ, ഏറ്റവും കൂടുതല്‍ പലിശ ഈടാക്കുന്നവരാണ്. ബാങ്ക് വായ്പയേക്കാള്‍ നാലോ അഞ്ചോ ശതമാനം കൂടുതലാണ് ഇത്തരക്കാരുടെ പലിശ നിരക്ക്. അതുകൊണ്ടു തന്നെയാവണം കഴിഞ്ഞ നാലഞ്ച് വര്‍ഷമായി അനേകം ചെറുകിട ഫിനാന്‍സ് കമ്പനികള്‍ ഓഹരി വിപണിയില്‍നിന്ന് ഗണ്യമായ തുക സംഭരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സംഭരിച്ച വന്‍ തുകകള്‍ ഗ്രാമത്തിലെയും നാട്ടിന്‍പ്രദേശങ്ങളിലെയും ദരിദ്രര്‍ക്ക് അമിത പലിശക്ക് കടം കൊടുക്കുകയാണ്.
ഒരുവശത്ത് വിദ്യാര്‍ഥികള്‍ അവരുടെ കടഭാരം പേറി നടക്കുന്നു. മാന്യമായ ജോലിയെടുത്ത് കടംവീട്ടാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. മറുവശത്ത് അവരുടെ അമ്മമാരില്‍ ബഹുഭൂരിപക്ഷവും ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും അമിതമായി കടപ്പെട്ടിരിക്കുന്നു. ശാക്തീകരണത്തിന്റെ പേരില്‍ തുടങ്ങിയ കുടുംബശ്രീ സംരംഭങ്ങള്‍ അവര്‍ക്ക് ഇപ്പോള്‍ ഒരുതരം ശാപമായി പരിണമിച്ചിരിക്കുന്നു. 
നമ്മുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും പലിശയില്‍ അധിഷ്ഠിതമായ കടം ഒരിക്കലും പരിഹാരമല്ല എന്ന ഇസ്‌ലാമിന്റെ നില
പാടിനെ ഒന്നുകൂടി ബലപ്പെടുത്തുന്നു് ഗാര്‍ഹിക കടങ്ങളുടെ പ്രതിസന്ധി. 

(ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (123-136)
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത അരുത്‌
നൗഷാദ് ചേനപ്പാടി