Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 02

3196

1442 ശഅ്ബാന്‍ 19

സമ്മാനം നല്‍കിയത് തിരിച്ചെടുക്കാമോ?

മുശീര്‍

ആണ്‍മക്കളും പെണ്‍മക്കളുമുള്ള ഒരു മാതാവിന്, കൂട്ടത്തിലെ ഒരു മകന്‍ ഒരു സ്വര്‍ണാഭരണം ഉപഹാരമായി സമ്മാനിച്ചു. അവരുടെ വിയോഗാനന്തരം അനന്തര സ്വത്തുക്കള്‍ വീതം വെക്കുമ്പോള്‍, ഉമ്മക്ക് നല്‍കിയ സ്വര്‍ണത്തിന്റെ അവകാശി താനാണെന്നും അതിനാല്‍ അത് മടക്കി നല്‍കിയ ശേഷം ബാക്കിയുള്ള സമ്പാദ്യമേ വീതം വെക്കാവൂ എന്നും അയാള്‍ പറയുന്നു. ഇങ്ങനെ ആവശ്യപ്പെടാമോ? അതല്ല അതു കൂടി അനന്തരാവകാശ സ്വത്തില്‍ ചേര്‍ത്താണോ വീതിക്കേണ്ടത്?

ഉപഹാരം നല്‍കുന്നതിന്റെ മഹത്വം വിളംബരം ചെയ്യുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. നബി (സ) അരുള്‍ ചെയ്തു: 'നിങ്ങള്‍ സമ്മാനം നല്‍കുകയും സ്വീകരിക്കുകയും ചെയ്യണം. അത് പരസ്പരം സ്നേഹം വര്‍ധിപ്പിക്കുകയും മനസ്സിനകത്തെ വെറുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നതാണ്' (മുവത്വ: 2641). പ്രവാചകന് സമ്മാനം നല്‍കുമ്പോള്‍ അത് സ്വീകരിക്കുകയും പ്രത്യുപകാരമെന്ന നിലയില്‍ തിരിച്ച് അദ്ദേഹം ഉപഹാരം നല്‍കുകയും ചെയ്യാറുണ്ടായിരുന്നുവെന്നു ആഇശ (റ) നിവേദനം ചെയ്യുന്നു (ബുഖാരി).
നല്‍കപ്പെട്ട സമ്മാനം ഒരാള്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ അത് മടക്കി വാങ്ങല്‍ അനുവദനീയമല്ല. കടുത്ത ഭാഷയില്‍ അത് വിലക്കുന്ന പ്രവാചക വചനങ്ങളുണ്ട്. നബി (സ) പറഞ്ഞു: 'ഉപഹാരം നല്‍കി പിന്നീടത് തിരിച്ചുവാങ്ങുന്നവന്‍ ഛര്‍ദിച്ചത് വീണ്ടും വാരിത്തിന്നുന്നവനെ പോലെയാകുന്നു' (ബുഖാരി, മുസ്‌ലിം). വല്ലവര്‍ക്കും ദാനമോ ഉപഹാരമോ ആയി നല്‍കിയ വസ്തു തിരിച്ചുവാങ്ങരുതെന്ന് മറ്റൊരു ഹദീസിലും കാണാം. 'സമ്മാനം നല്‍കിയത് തിരിച്ചുവാങ്ങുന്നവന്റെ ഉപമ നന്നായി വയറു നിറച്ച് തിന്ന ശേഷം അത് ഛര്‍ദിച്ച് വീണ്ടും അത് അകത്താക്കുന്ന നായയെ പോലെയാകുന്നു' (അബൂദാവൂദ്) എന്നാണ് മറ്റൊരു ഹദീസ്.
മാതാപിതാക്കള്‍ക്ക് നല്‍കുന്ന ഉപഹാരം തിരിച്ചെടുക്കുന്നത് അല്‍പം കൂടി ഗൗരവമാര്‍ന്നതാണ്.
ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അത് തിരിച്ചെടുക്കുന്നതിലൂടെ രക്തബന്ധത്തെയാണ് അയാള്‍ നിസ്സാരവത്കരിക്കുന്നതും അവമതിക്കുന്നതും. അതിനാല്‍ ജീവിച്ചിരിക്കെ മാതാവിന് നല്‍കിയ ഉപഹാരം അവരുടെ മരണാനന്തരം തിരിച്ചുചോദിക്കാന്‍ പാടില്ല. പരേതയെ അതിന്റെ ഉടമയായി കണക്കാക്കി അതിനെ മൊത്തം സമ്പാദ്യത്തില്‍ ഉള്‍പ്പെടുത്തി വീതിക്കുകയാണ് വേണ്ടത്. എന്നാല്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഉപയോഗത്തിനു വേണ്ടി മാത്രം ഒരു വസ്തു നല്‍കുകയാണെന്നും അതിന്റെ ഉടമ എപ്പോഴും നല്‍കുന്നയാള്‍ തന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് നല്‍കിയതെങ്കില്‍ ആ വാക്ക് പരിഗണിച്ച് മാതാപിതാക്കളുടെ മരണാനന്തരം അത് മടക്കി വാങ്ങാന്‍ കൊടുത്തയാള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

 

പക്ഷി വളര്‍ത്തല്‍ അനുവദനീയമോ?

മൃഗങ്ങളുടെയും പക്ഷികളുടെയും അവകാശങ്ങള്‍ക്കു വേണ്ടി സജീവമായി നിലകൊള്ളുന്ന ചിലര്‍ പക്ഷികളെ വളര്‍ത്തുന്നതിനും അവയെ കൂട്ടിലടക്കുന്നതിനും എതിരാണല്ലോ. ശര്‍ഈ വീക്ഷണത്തില്‍ ഇതിന്റെ വിധിയെന്താണ്?

തത്ത ഉള്‍പ്പെടെയുള്ള പറവകള്‍, പൂച്ച, മുയല്‍ പോലുള്ള ജീവികള്‍ എന്നിവയെ വളര്‍ത്തുന്നത് അനുവദനീയമാണ്. അവയുടെ പരിപാലനത്തിന് വ്യവസ്ഥാപിത സംവിധാനമുണ്ടാവുക, തണുപ്പില്‍നിന്നും ചൂടില്‍നിന്നും സംരക്ഷണമേകുക, മഴയും വെയിലും കൊള്ളാതെ വളര്‍ത്തുക തുടങ്ങിയ എല്ലാ മുന്‍കരുതലുകളും ഉണ്ടാവുക എന്നതാണ് പരിപാലനം അനുവദനീയമാവുന്നതിന്റെ പ്രധാന ഉപാധി.
അനസുബ്നു മാലിക് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രവാചകന്‍ ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. അബൂ ഉമൈര്‍ എന്നു പേരുള്ള എന്റെ കൊച്ചനുജനും അപ്പോള്‍ വീട്ടില്‍ ഉണ്ടാവാറുണ്ട്. വരുമ്പോഴൊക്കെ പ്രവാചകന്‍ അവനോടൊപ്പം  തമാശകള്‍ പങ്കുവെക്കും. അവനെ ചിരിപ്പിച്ച് ചങ്ങാത്തം കൂടും,  അലിവാര്‍ന്ന പെരുമാറ്റത്താല്‍ അവന്റെ ഹൃദയം കവരും.
അബൂ ഉമൈര്‍ ഒരു പക്ഷിയെ പോറ്റിയിരുന്നു. അതിനോടൊപ്പമായിരുന്നു എപ്പോഴും അവന്റെ കളിവിനോദങ്ങള്‍. ഒരിക്കല്‍ പ്രവാചകന്‍ വന്നപ്പോഴുണ്ട് അവന്‍ ദുഃഖിച്ചിരിക്കുന്നു. അന്വേഷിച്ചപ്പോള്‍ അവന്റെ പക്ഷിക്കുഞ്ഞ് ചത്തുപോയതാണ് കാര്യമെന്ന് മനസ്സിലായി. ദുഃഖഭാരത്തോടെ നബി അവനോട്,  അബൂ ഉമൈര്‍! എന്തുപറ്റിപ്പോയി മോനേ, ആ പക്ഷിക്കുഞ്ഞിന് എന്നന്വേഷിച്ച് ആ ദുഃഖത്തില്‍ പങ്കുചേര്‍ന്നു (ബുഖാരി, മുസ്‌ലിം).
പക്ഷി വളര്‍ത്തല്‍ അനുവദനീയമായിരുന്നില്ലെങ്കില്‍ നബി അക്കാര്യം തടയുമായിരുന്നെന്ന് ഈ ഹദീസില്‍നിന്ന് വ്യക്തം. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തില്‍ ഇബ്നു ഹജരില്‍ അസ്ഖലാനി എഴുതുന്നു: 'പക്ഷി വളര്‍ത്തല്‍ അനുവദനീയമാണെന്നതിന് തെളിവാണ് ഈ നബിവചനം. കൂട്ടിലടച്ചും തുറന്നിട്ടും അതിനെ വളര്‍ത്താം. ബന്ധിച്ചു നിര്‍ത്തിയ ജീവികളെ നല്ല നിലയില്‍ പരിപാലിച്ച് ഭക്ഷണവും മറ്റും കൃത്യമായി നല്‍കമെന്നാണ് ഈ നബിവചനത്തിന്റെ ഉള്ളടക്കം' (ഫത്ഹുല്‍ ബാരി: 10/586).
പക്ഷികളെയും ജീവികളെയും വളര്‍ത്തുന്നവരില്‍നിന്ന്, അവയെ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, തീറ്റയും വെള്ളവും നല്‍കുന്നതില്‍ ഉപേക്ഷ വരുത്തുക, അവക്ക് ഉപദ്രവമേല്‍ക്കുന്ന കാര്യങ്ങള്‍ ചെയ്തുവെക്കുക തുടങ്ങിയവ ഉണ്ടാവാന്‍ പാടില്ല. മുറ്റത്തെ പ്രാണികളെ പോലും പിടിച്ചുതിന്നാന്‍ പറ്റാത്തവിധം ഒരു പൂച്ചയെ കെട്ടിയിട്ട് പീഡിപ്പിച്ച സ്ത്രീ നരകാവകാശിയായ സംഭവം പ്രവാചക വചനത്തില്‍ വന്നിട്ടുണ്ട്. ഭക്ഷണം, വിശ്രമം, കെട്ടിയിടുകയോ കൂട്ടിലടക്കുകയോ ചെയ്യേണ്ടി വന്നാല്‍ അവക്ക് പരമാവധി ആശ്വാസം ലഭിക്കുംവിധം സ്ഥലം സംവിധാനിക്കല്‍, അവക്ക് മറ്റു ഉപദ്രവമേല്‍പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തല്‍ തുടങ്ങിയ നിബന്ധനകളോടെ പക്ഷികളെയും ജീവികളെയും വളര്‍ത്താമെന്നാണ് നബിവചനങ്ങളുടെ സാരം. പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്തുന്നതു സംബന്ധിച്ച് രാജ്യത്ത് വല്ല നിയമങ്ങളും നിലവിലുണ്ടെങ്കില്‍ അവ കൂടി പരിഗണിച്ചാവണം ഈ രംഗത്ത് ഇടപെടേണ്ടത്.


മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച് ആദ്യ ഭര്‍ത്താവില്‍നിന്ന് വേര്‍പിരിയല്‍ ആവശ്യപ്പെടാമോ?

ഭര്‍ത്താവിന്റെ അതിക്രമം, അവകാശനിഷേധം, അനീതി എന്നിവ മൂലം അങ്ങേയറ്റം പ്രയാസമനുഭവിക്കുന്ന ഒരു സ്ത്രീ, അയാളില്‍നിന്ന് വേര്‍പിരിയാന്‍ ഖുല്‍ഇന്റെ വക്കോളം എത്തിനില്‍ക്കുകയാണ്. എന്നാല്‍ ഖുല്‍ഇനു ശേഷം മറ്റൊരു വിവാഹം നടക്കാതിരിക്കുമോ, അല്ലെങ്കില്‍ പുതിയ ബന്ധത്തിലേര്‍പ്പെടാനുള്ള  കാലയളവ് നീണ്ടുപോകുമോ എന്നൊക്കെയുള്ള ആശങ്ക അവരെ അലട്ടുന്നുണ്ട്. ആയതിനാല്‍ ഖുല്‍ഇനു ശേഷം തന്നെ വേള്‍ക്കാന്‍ പറ്റുന്ന ഒരു പുരുഷനെ മുന്‍കൂട്ടി കണ്ടെത്തി, അയാളോട് വിവാഹകാര്യം പറഞ്ഞുവെക്കാന്‍ പ്രസ്തുത സ്ത്രീ ആഗ്രഹിക്കുന്നു. അതിനു ശേഷം ഖുല്‍അ് ആവശ്യപ്പെടാനാണ് സ്ത്രീയുടെ നീക്കം. ഇസ്‌ലാമികദൃഷ്ട്യാ ഇതിന്റെ വിധിയെന്താണ്?

ദമ്പതികള്‍ക്കിടയിലെ ബലിഷ്ടമായ കരാറാണ് വിവാഹമെങ്കിലും ആവശ്യമെങ്കില്‍ ത്വലാഖ്, ഖുല്‍അ് എന്നിവ മുഖേന ബന്ധം വേര്‍പ്പെടുത്താം. സ്ത്രീയുമായി ഭാവിജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഇഷ്ടപ്പെടാത്ത പുരുഷന് ത്വലാഖും, ഭര്‍ത്താവുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്ത സ്ത്രീക്ക് ഖുല്‍ഉം ഉപയോഗപ്പെടുത്താം. എന്നാല്‍ വിവാഹബന്ധം ഏറെ പവിത്രമാണ്. അതിനാല്‍ ആ ബന്ധം പരസ്പരം നിലനില്‍ക്കുന്ന കാലത്തോളം മറ്റൊരു  ബന്ധത്തെപ്പറ്റി സംസാരിക്കാന്‍ പാടില്ലെന്നു മാത്രമല്ല, അത്തരമൊരു ആലോചന പോലും മനസ്സിലുദിക്കാന്‍ പാടില്ലാത്തതാണ്. ഖുര്‍ആന്‍ പറയുന്നു: ''(ഇദ്ദ ആചരിക്കുന്ന) സ്ത്രീകളുമായി നിങ്ങള്‍ വിവാഹകാര്യം വ്യംഗ്യമായി സൂചിപ്പിക്കുകയോ മനസ്സില്‍ ഒളിപ്പിച്ചുവെക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല. നിങ്ങള്‍ അവരെ ഓര്‍ക്കുമെന്ന് അല്ലാഹുവിനറിയാം. എന്നാല്‍ സ്വകാര്യത്തില്‍ അവരുമായി ഒരു ഉടമ്പടിയും ഉണ്ടാകരുത്. നിങ്ങള്‍ അവരോട് നല്ല കാര്യം പറയുന്നതല്ലാതെ. നിശ്ചിത അവധി എത്തും വരെ വിവാഹ  ഉടമ്പടി നടത്തരുത്. തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവനെ സൂക്ഷിക്കുക. അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്'' (അല്‍ബഖറ 235).
സൂറത്തുല്‍ ബഖറയിലെ 227 മുതല്‍ 242 വരെയുള്ള സൂക്തങ്ങളില്‍ വിവാഹമോചനത്തെ പറ്റി വിശദമായ വിവരണമുണ്ട്. അതിനിടയിലുള്ള ഒരു സൂക്തമാണ് മുകളിലുള്ളത്. ഇദ്ദാകാലത്ത് സ്ത്രീകളോട് വിവാഹകാര്യം വ്യംഗ്യമായി സൂചിപ്പിക്കാമെന്നാണ് അതില്‍ പറയുന്നത്. തുറന്ന രീതിയില്‍, വ്യക്തമായ വാക്കുകളോടെ പാടില്ല. ഇദ്ദാ കാലത്ത് ഇത്രയും ശക്തമായ താക്കീതാണ് ഉള്ളതെങ്കില്‍ വിവാഹബന്ധം നിലനില്‍ക്കുന്ന, ഇദ്ദക്കും മുമ്പുള്ള ഒരു കാലത്ത് മറ്റൊരു വിവാഹ വര്‍ത്തമാനം എങ്ങനെയാണ് അനുവദനീയമാവുക?
പ്രവാചകനില്‍നിന്ന് അബൂഹുറയ്റ ഉദ്ധരിക്കുന്നു: 'സ്വന്തം ഭര്‍ത്താവിനെതിരെ മോശം പ്രവൃത്തിക്ക് സ്ത്രീയെ പ്രേരിപ്പിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല' (അബൂദാവൂദ്). ഈ ഹദീസില്‍ ഖബ്ബബ എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത്.  ദുഷിപ്പിക്കുക, മോശം പ്രവൃത്തിയിലേക്ക് നയിക്കുക, കുഴപ്പം സൃഷ്ടിക്കുക എന്നെല്ലാമാണ് അതിന്റെ അര്‍ഥം. സ്വന്തം ഭര്‍ത്താവില്‍നിന്ന് ഒരു സ്ത്രീയെ അകറ്റാന്‍ വേണ്ടി ദുഷ്ടലാക്കോടെ ഇടപെടുന്ന പുരുഷനെ ശപിക്കുന്ന പ്രവാചകന്‍, അയാളുമായി തനിക്ക് യാതൊരു  ബന്ധവും ഉണ്ടായിരിക്കില്ലെന്നു കൂടിയാണ് ഈ ഹദീസിലൂടെ പ്രഖ്യാപിക്കുന്നത്. ഭാര്യക്കു മുമ്പാകെ ഭര്‍ത്താവിനെ മോശമാക്കി ചിത്രീകരിക്കുക, ഭര്‍ത്താവിന്റെ ദൗര്‍ബല്യങ്ങളെ പര്‍വതീകരിച്ചു കാണിക്കുക, ഭാര്യയുടെ മനസ്സില്‍ ഭര്‍ത്താവിനോട് വെറുപ്പുണ്ടാക്കുംവിധം ഭര്‍ത്താവിന്റെ തന്നെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക തുടങ്ങിയവയെല്ലാം ഭാര്യാഭര്‍തൃബന്ധം തകര്‍ക്കാന്‍ സ്വീകരിക്കപ്പെടാറുള്ള വിവിധ രീതികളാണ്.
ഭാവിയില്‍ പ്രസ്തുത സ്ത്രീയെ വിവാഹം ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടിയല്ലെങ്കില്‍ പോലും ഈ പ്രവൃത്തി ഏറെ മോശമാണ്. വിവാഹം നടത്താനാണ് ഈ നീക്കം നടത്തുന്നതെങ്കില്‍ അത് അതിനേക്കാള്‍ നീചവുമാണ്.
ഭര്‍ത്താവിനൊപ്പം ഒത്തുപോകാന്‍ സാധിക്കാതെ വന്നാല്‍ സ്ത്രീക്ക് ഖുല്‍ഇലൂടെ വേര്‍പിരിയാം. ഖുല്‍ഇനും ദീക്ഷാകാലത്തിനും ശേഷം അവള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും മറ്റൊരു വിവാഹത്തെ പറ്റി ചിന്തിക്കാം. എന്നാല്‍ ഖുല്‍അ് നടപടികള്‍ പൂര്‍ത്തിയാവുന്നതിനു മുമ്പേ മറ്റൊരു ബന്ധം അന്വേഷിക്കുന്നതും അക്കാര്യം പറഞ്ഞുവെക്കുന്നതും ഒട്ടും ശരിയല്ല.

 

നിന്നു കൊണ്ട് അംഗശുദ്ധി (വുദൂ) വരുത്താമോ?

നിന്നുകൊണ്ട് വുദൂ ചെയ്യുന്നത് അനഭിലഷണീയമാണോ? ചിലര്‍ അത് വിലക്കുകയും ഇരുന്ന് അംഗശുദ്ധി വരുത്തണമെന്ന് പറയുകയും ചെയ്യുന്നു?

അംഗശുദ്ധി വരുത്തുമ്പോള്‍ വെള്ളം ചേരേണ്ട അവയവങ്ങളിലെല്ലാം വെള്ളമെത്തുക എന്നതാണ് പ്രധാനം. ഉപയോഗിച്ച വെള്ളം നിലത്തു വീണ് തെറിച്ച് അതു മുഖേന ശരീരത്തിന്റെ മറ്റവയവങ്ങളും വസ്ത്രങ്ങളും വൃത്തികേടാവാകാതെ സൂക്ഷിക്കണം. അതിനാലാണ് ചില കര്‍മശാസ്ത്ര പണ്ഡിതര്‍ ഉയര്‍ന്ന സ്ഥലത്തിരുന്ന് വുദൂ ചെയ്യുന്നത് വുദൂവിന്റെ മര്യാദകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുന്നുകൊണ്ടേ അംഗശുദ്ധി വരുത്താവൂ എന്നില്ല. നിന്ന് വുദൂ ചെയ്യുന്നത് കറാഹത്തുമല്ല. ഉപയോഗിച്ച വെള്ളം ശരീരത്തില്‍ തെറിക്കാത്തവിധം വുദൂ ചെയ്യാന്‍ പറ്റുന്ന രീതികള്‍ അവലംബിക്കാം.
  ഹദീസ് ഗ്രന്ഥങ്ങളില്‍ നബി (സ) അംഗശുദ്ധി വരുത്തിയതിന്റെ വിശദമായ പ്രതിപാദ്യങ്ങളുണ്ട്. നിരവധി സ്വഹാബികള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചിലരെല്ലാം നബി എങ്ങനെയാണ് അംഗശുദ്ധി വരുത്തിയതെന്ന് ചെയ്തുകാണിക്കുകയുമുണ്ടായിട്ടുണ്ട്. ഇരുന്നാണ് പ്രവാചകന്‍ വുദൂ ചെയ്തിരുന്നതെന്നാണ് അതില്‍നിന്ന് മനസ്സിലാവുന്നത്. ഒരു ഹദീസില്‍ അക്കാര്യം വ്യക്തമായി വന്നിട്ടുണ്ട്. ഉസ്മാന്(റ) വുദൂ ചെയ്യാനുള്ള വെള്ളം ലഭ്യമായപ്പോള്‍ അദ്ദേഹം ഇരുന്നുകൊണ്ട് പൂര്‍ണ രൂപത്തില്‍ അത് നിര്‍വഹിച്ച ശേഷം പറഞ്ഞു: 'പ്രവാചകന്‍ ഇരുന്നുകൊണ്ട് ഇപ്രകാരം വുദൂ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്' (ബുഖാരി 6433). എന്നാല്‍ ചിലപ്പോഴൊക്കെ നിന്നു കൊണ്ടും നബി വുദൂ ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: 'ഒരിക്കല്‍ ഞാന്‍ എന്റെ മാതൃസഹോദരി മൈമൂന(റ)യുടെ വീട്ടില്‍ രാപ്പാര്‍ക്കുകയുണ്ടായി. അവരുടെ ഭര്‍ത്താവ് നബി(സ) അന്നവിടെ ഉണ്ടായിരുന്നു. രാത്രി അല്‍പം പിന്നിട്ടപ്പോള്‍ അവിടുന്ന് എഴുന്നേറ്റ് മുകളില്‍ കെട്ടിവെച്ച പാത്രത്തില്‍നിന്ന് നിന്നുകൊണ്ട് വുദൂ ചെയ്യുന്നതായി ഞാന്‍ കണ്ടു' (ബുഖാരി). ഖിബ്‌ലക്കു നേരെ തിരിഞ്ഞുനിന്ന് വുദൂ ചെയ്യണമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍  അക്കാര്യവും സ്ഥിരപ്പെടുത്തുന്ന ഹദീസുകള്‍ കണ്ടിട്ടില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (123-136)
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത അരുത്‌
നൗഷാദ് ചേനപ്പാടി