Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 02

3196

1442 ശഅ്ബാന്‍ 19

പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനം

 ടി. മുഹമ്മദ് വേളം

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവയുടെ തത്ത്വങ്ങളില്‍തന്നെ ശക്തമായ രാഷ്ട്രീയമുള്ളവയാണ്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ ന്യൂക്ലിയസ്സായ തൗഹീദിന് രാഷ്ട്രീയവുമായുള്ള ബന്ധം ആധുനിക ലോകത്ത് അനാവരണം ചെയ്തു എന്നതാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രധാന സംഭാവന. ഇസ്‌ലാമിന്റെ അടിത്തറയിലും അതിരുകളിലും നിന്നുകൊണ്ട് പ്രായോഗിക രാഷ്ട്രീയത്തോട് നിലപാടുകള്‍ സ്വീകരിക്കുന്നതിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനം ഇതിന് രണ്ടിനോടും ബന്ധമുള്ളതും, എന്നാല്‍ വ്യത്യസ്തവുമായ മറ്റൊരു കാര്യമാണ്. ആദ്യം പറഞ്ഞ രണ്ടും പ്രബോധനപ്രധാനവും പ്രചാരണപ്രധാനവുമായ കാര്യങ്ങളാണ്. എന്നാല്‍ ദൈനംദിന രാഷ്ട്രീയം അഥവാ പ്രായോഗിക രാഷ്ട്രീയം, കേവല തത്ത്വത്തിന്റെ മണ്ഡലമല്ല; പ്രയോഗത്തിന്റെ കലയും ശാസ്ത്രവുമാണ്. ഇസ്‌ലാമികേതര രാഷ്ട്രീയക്രമത്തിലാണെങ്കില്‍ അതിന്റെ സങ്കീര്‍ണതകള്‍ പിന്നെയും വര്‍ധിക്കുന്നു.
ഇസ്‌ലാമികേതര വ്യവസ്ഥയില്‍ മാറിനില്‍ക്കണോ, ഇടപഴകണമോ എന്നതില്‍ ഇസ്‌ലാമിക ലോകത്തുതന്നെ രണ്ടഭിപ്രായങ്ങള്‍ ഉണ്ട്. രണ്ടു സമീപനങ്ങളും ഗവേഷണപരമാണ് എന്നതാണ് സത്യം. വിഷയത്തില്‍ ഖണ്ഡിത പ്രമാണങ്ങള്‍ ഇല്ലെങ്കിലും പ്രമാണങ്ങളുടെ ആത്മാവിനോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നത് ഇടപഴകി പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുക എന്ന സമീപനമാണ്. സമ്പൂര്‍ണ നന്മയില്ലെങ്കില്‍ ഒരു നന്മയും വേണ്ടതില്ല എന്ന നിലപാട് ഇസ്‌ലാമിനില്ല. ഏതവസ്ഥയിലും സാധ്യമാവുന്ന നന്മകള്‍ സാക്ഷാത്കരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ രീതി. ഇസ്‌ലാമിന് സമ്പൂര്‍ണ അധികാരമില്ലാത്ത രാഷ്ട്രീയ വ്യവസ്ഥകളില്‍ നന്മയുടെ ഒരു സാധ്യതയുമില്ല എന്ന നിലപാട് ഇസ്‌ലാമിനില്ല. മറ്റു സാമൂഹിക, രാഷ്ട്രീയ ക്രമങ്ങളോട് സര്‍ഗാത്മകമായി ഇടപഴകി പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചതിന്റെ ചരിത്ര സമ്പന്നത കൂടിയാണ് ഇസ്‌ലാം.
യുദ്ധവും അടിമത്തവും ഇസ്‌ലാം ഇടപഴകി പരിഷ്‌കരിച്ച സാമൂഹിക-രാഷ്ട്രീയ ക്രമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. യുദ്ധത്തെക്കുറിച്ച ഇസ്‌ലാമിന്റെ അടിസ്ഥാന നിലപാടിനെക്കുറിച്ച് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ''യുദ്ധത്തെക്കുറിച്ച് അതുവരെ ലോകത്തിന് പരിചയമില്ലാത്ത തീര്‍ത്തും പുതുമയാര്‍ന്നൊരു വീക്ഷണം ഇസ്‌ലാം അവതരിപ്പിച്ചു. ആ വീക്ഷണം ഇതാണ്: യുദ്ധവും രക്തച്ചൊരിച്ചിലും അടിസ്ഥാനപരമായി വര്‍ജിക്കപ്പെടേണ്ട പാപമാണ്. പക്ഷേ ലോകത്ത് അതിനേക്കാള്‍ വലിയ പാപം, അതായത് അക്രമവും കുഴപ്പവും പ്രചരിപ്പിക്കുകയും ധിക്കാരികള്‍ ദൈവസൃഷ്ടികളുടെ ശാന്തി കെടുത്തുകയും ചെയ്താല്‍ അതിനെ പ്രതിരോധിക്കാന്‍ യുദ്ധം അനിവാര്യമാണ്. അനിവാര്യം മാത്രമല്ല നിര്‍ബന്ധവുമാണ്'' (ജിഹാദ്, പേജ് 182).
യുദ്ധം അടിസ്ഥാനപരമായി പാപമാണ് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. മനുഷ്യര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യേണ്ടവരല്ല. പക്ഷേ ഒരു കാലഘട്ടത്തില്‍ അധികാരം ആര്‍ക്കാണ് എന്നു നിശ്ചയിക്കാനുള്ള ലോകത്തെ അംഗീകൃത രാഷ്ട്രീയ രീതി എന്ന നിലയിലാണ് യുദ്ധത്തോട് ഇസ്‌ലാം എന്‍ഗേയ്ജ് ചെയ്തത്. അധികാരത്തിനു വേണ്ടിയുള്ള സംഘര്‍ഷത്തില്‍ ഇടപെടാതെ പുറത്തുനിന്ന് സുവിശേഷം പറയുകയല്ല ഇസ്‌ലാം ചെയ്തത്. യുദ്ധം പാപമാണ് എന്ന മൗലിക നിലപാട് മാത്രം സ്വീകരിച്ചാല്‍ അക്കാലത്തെ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇസ്‌ലാമിന് ഒന്നും ചെയ്യാനുണ്ടാവുമായിരുന്നില്ല. എന്നാല്‍ അന്നത്തെ അനിസ്‌ലാമികവും അങ്ങേയറ്റം അമാനവികവുമായ യുദ്ധ രീതികളെ അങ്ങനെത്തന്നെ സ്വീകരിക്കുകയല്ല ഇസ്‌ലാം ചെയ്തത്. അവയെ സാധ്യമാവുന്ന രീതിയില്‍ പരിഷ്‌കരിച്ചു, മാനവീകരിച്ചു. യുദ്ധത്തില്‍ സ്വാഭാവികവും സാധാരണവുമായി അംഗീകരിക്കപ്പെട്ടിരുന്ന കൊള്ള, കൊള്ളിവെപ്പ്, സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും രോഗികളെയും മുറിവേറ്റവരെയും കൊല്ലല്‍, ഇതര മതസ്ഥരുടെ ആരാധാലയങ്ങള്‍ തകര്‍ക്കല്‍, അവമതിക്കല്‍, മൃതദേഹങ്ങളെ അനാദരിക്കല്‍, തീ കൊണ്ടുള്ള ശിക്ഷ, അവിചാരിതമായ ആക്രമണം, സിവിലിയന്മാര്‍ക്കെതിരായ അതിക്രമം എന്നിവ നിഷിദ്ധമാക്കി. ഇവയില്ലാത്ത യുദ്ധരീതി പ്രയോഗവത്കരിച്ചു.
അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിനും സാമ്രാജ്യത്വശക്തികളില്‍നിന്ന് കോളനികളെ മോചിപ്പിക്കാനും യുദ്ധത്തെ ഉപയോഗപ്പെടുത്തി. അധികാരം ആര്‍ക്ക് എന്ന് തീരുമാനിക്കാന്‍ അന്ന് ലോകത്ത് അംഗീകരിക്കപ്പെട്ട രീതിയായിരുന്നു യുദ്ധം. യുദ്ധം ഒരു കലാപമല്ല; ഒരു രാഷ്ട്രീയ ഘടനയാണ്, തെരഞ്ഞെടുപ്പു രീതിയാണ്. ആധുനിക കാലത്ത് അധികാരം ആര്‍ക്കാണ് എന്ന് നിര്‍ണയിക്കുന്നത് പ്രധാനമായും യുദ്ധത്തെ ആശ്രയിച്ചല്ല. നാഗരിക വികാസത്തില്‍ മനുഷ്യരാശി കുറേക്കൂടി രക്തരഹിതമായ മാര്‍ഗങ്ങള്‍ കണ്ടെത്തി. അതാണ് ആധുനിക ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പുകള്‍, അതേപോലെ പ്രക്ഷോഭങ്ങള്‍ തുടങ്ങിയവ. അതുകൊണ്ടാണ് മാവോ സേ തുങ് പറഞ്ഞത്: ''രക്തം ചിന്തുന്ന തെരഞ്ഞെടുപ്പാണ് യുദ്ധം. രക്തം ചിന്താത്ത യുദ്ധമാണ് തെരഞ്ഞെടുപ്പ്.'' സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥകളോട് മൗലിക വിയോജിപ്പുകള്‍ ഉണ്ടായിരിക്കെത്തന്നെ അത് പ്രകടിപ്പിച്ചും, ഒപ്പം വ്യവസ്ഥയില്‍ തങ്ങളുടെ ധാര്‍മികതയില്‍നിന്നുകൊണ്ട് ഇടപഴകിയും മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഇസ്‌ലാമിക രീതി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍  പൊതുവിലും  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍  സവിശേഷമായും നമ്മുടെ തര്‍ബിയത്തിനെ അട്ടിമറിക്കുന്നു എന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. ഇതേക്കുറിച്ച് പാകിസ്താന്‍ ജമാഅത്ത ഇസലാമി നേതാവും സംസ്‌കരണപ്രധാനമായ ഗ്രന്ഥങ്ങളുടെ കര്‍ത്താവും സംസ്‌കരണ ശിക്ഷകനുമായ ഖുര്‍റം മുറാദ് 'പ്രസ്ഥാനം തേടുന്ന പ്രവര്‍ത്തകന്‍' എന്ന കൃതിയില്‍ എഴുതുന്നു: ''നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടാകുന്നുവെന്നും ദീനീ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരികയാണെന്നുമുള്ള പരാതി ഉയര്‍ന്നു കേള്‍ക്കാറുണ്ട്. തര്‍ബിയത്തിന്റെ യഥാര്‍ഥ കാഴ്ചപ്പാട് ഉള്‍ക്കൊള്ളാത്തതാണ് ഈ പരാതിക്കാധാരം. ഇക്കാര്യത്തില്‍ വ്യക്തിപരമായി ഞാന്‍ സംതൃപ്തനും സംശയരഹിതനുമാണ്. സയ്യിദ് മൗദൂദിയുടെ, എന്റെ മനസ്സു കുളിര്‍പ്പിച്ച ഒരു വാചകമാണ് അതിന്റെ കാരണം; 'എത്ര വലിയ ദീനീകര്‍മമായാലും ദൈവസ്മരണയില്‍നിന്ന് മുക്തമാണെങ്കില്‍ അതൊരു ഭൗതിക കര്‍മമാണ്. എത്ര വലിയ ഭൗതിക കര്‍മമാവട്ടെ ദിവ്യസ്മരണയില്‍ ഊട്ടപ്പെട്ടതാണെങ്കില്‍ അതൊരു ദീനീകര്‍മമാണ്.' ഇലാഹീ സ്മരണ ഒട്ടുമില്ലാത്ത നമസ്‌കാരം ആ അര്‍ഥത്തില്‍ കാണിക്കാന്‍ വേണ്ടിയുള്ള ഭൗതിക കര്‍മമാണ്. മുദ്രാവാക്യം മുഴക്കലും പോസ്റ്റര്‍ പതിക്കലും ദൈവസ്മരണയാല്‍ നിര്‍ഭരവും അവന്റെ തൃപ്തി കൊതിച്ചുമാണെങ്കില്‍ ശുദ്ധ ദീനീ കര്‍മങ്ങളാണ്. മത-ഭൗതിക വിഭജനങ്ങള്‍ക്കതീതമായി സകല കാര്യങ്ങളും തര്‍ബിയത്തിന്റെ ഉപാധിയാക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്. നാം നമ്മുടെ മനസ്സും മസ്തിഷ്‌കവും ഏകോപിപ്പിച്ച് നമ്മുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നവീകരിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്ത്, ദൈവസ്മരണ തിടംവെച്ച മനസ്സിന്റെ അകമ്പടിയില്‍ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ പതിക്കുകയും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അതില്‍ യാതൊരു പ്രയാസവുമുണ്ടാവുകയില്ല. ഈദൃശ പ്രവൃത്തികളിലൊക്കെ ഏര്‍പ്പെട്ടിരിക്കെത്തന്നെ  ദിക്‌റും തസ്ബീഹും ഉരുവിടാന്‍ നമുക്ക് അനായാസം സാധിക്കും. പ്രത്യേകം ഒഴിഞ്ഞ് ഇരിക്കാതെ തന്നെ നിര്‍വഹിക്കാന്‍ കഴിയുന്നതാണ് ദിക്‌റും തസ്ബീഹും ഒക്കെ. അശ്രദ്ധയും അജ്ഞതയും കാരണമാണ് നമുക്കത് കഴിയാതെ പോകുന്നത്'' (പേജ് 111). ഇബാദത്തിന്റെ പര്യായമായാണ് അബുല്‍ അഅ്‌ലാ മൗദൂദി ഈ ഉദ്ധരണിയില്‍ ദിക്‌റുല്ലാഹി എന്ന് പ്രയോഗിച്ചിരിക്കുന്നത്.
ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രൂപീകരണ പശ്ചാത്തലം മത/ പൊതുജീവിത, മത/ രാഷ്ട്രീയ വിഭജനവാദമാണ്. ഇതിനെതിരെ പടപൊരുതാന്‍ സ്വയം നിയോഗിതമായ ദൗത്യസംഘങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. ഈ അടിസ്ഥാനം വിസ്മരിച്ച്, പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനം ഇസ്‌ലാമികമല്ല എന്ന് കരുതി അത് നടത്താതിരിക്കുന്നതും പ്രായോഗിക രാഷ്ട്രീയത്തില്‍ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സ്ഥാനമില്ലെന്നു കരുതി സാധാരണ രാഷ്ട്രീയക്കാരെ പോലെ തത്ത്വരഹിതമായും മൂല്യരഹിതമായും പ്രവര്‍ത്തിക്കുന്നതും ഇസ്‌ലാമികവിരുദ്ധവും പ്രസ്ഥാനവിരുദ്ധവുമാണ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുകൊണ്ട് തന്നെ എങ്ങനെ അതിനെ കൂടുതല്‍ മാനവീകരിക്കാനാവും എന്നാണ് ചിന്തിക്കേണ്ടത്. പൗരത്വം ഒരു കരാറാണ്. ഈ കരാറിന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം. രാഷ്ട്രീയമായി നിഷ്‌ക്രിയനായ പൗരനെയല്ല, സക്രിയനായ പൗരനെയാണ് പൗരത്വ കരാറിന്റെ ആത്മാവ് ആവശ്യപ്പെടുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (123-136)
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത അരുത്‌
നൗഷാദ് ചേനപ്പാടി