വിധിനിര്‍ണായകം ഈ തെരഞ്ഞെടുപ്പുകള്‍
2019-ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും വിധിനിര്‍ണായകമായ തെരഞ്ഞെടുപ്പാണ് അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരള, പോണ്ടിച്ചേരി എന്നീ അഞ്ച് നിയമസഭകളിലേക്ക് നടക്കുന്നത്. ഇതില്‍ രണ്ടെണ്ണം കിഴക്കന്‍ സംസ്ഥാനങ്ങളും മൂന്നെണ്ണം തെക്കന്‍ സംസ്ഥാനങ്ങളുമാണ്. മാര്‍ച്ച് 27-ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാവുന്നത് ഏപ്രില്‍ 29-ന്. ബംഗാളില്‍ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിന് ഫലപ്രഖ്യാപനം. ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അഞ്ചിടത്തും ഏത് മുന്നണി ജയിക്കും എന്നത് പ്രവചനാതീതമാണ്. ചിലയിടങ്ങളില്‍ ചില പാര്‍ട്ടികള്‍ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്ന് പറയാം. ആ മുന്‍തൂക്കം തെരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ മാറിമറിയാവുന്നതേയുള്ളൂ.
അക്ഷരാര്‍ഥത്തില്‍ തീ പാറുന്ന പോരാട്ടം നടക്കുന്നത് പശ്ചിമ ബംഗാളിലാണ്. ടി.എം.സി നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് തുടര്‍ച്ചയായ മൂന്നാം ഊഴം നല്‍കിക്കൂടാ എന്ന വാശിയിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. രാഷ്ട്രീയ സദാചാരത്തിന്റെ സകല സീമകളും ലംഘിച്ചുകൊണ്ട് സംസ്ഥാന ഭരണകക്ഷിയിലെ പല പ്രമുഖരെയും ചാക്കിട്ടുപിടിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പണത്തിന്റെയും കേന്ദ്ര അധികാരത്തിന്റെയും ബലത്തില്‍ സംഘ് പരിവാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് തടയിടുക മമതയെ സംബന്ധിച്ചേടത്തോളം ദുഷ്‌കരം തന്നെയാണ്. ജനങ്ങള്‍ക്കിടയില്‍ തനിക്കുള്ള സ്വീകാര്യത മുതലെടുത്ത് വെല്ലുവിളികളെ മറികടക്കാമെന്നാണ് മമത കണക്കുകൂട്ടുന്നത്. എന്നാല്‍, യുവ മതനേതാവ് അബ്ബാസ് സിദ്ദീഖി ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ് എന്ന പുതിയ പാര്‍ട്ടിയുമായി രംഗത്തു വന്നതും കോണ്‍ഗ്രസ്-ഇടത് സഖ്യത്തോടൊപ്പം ചേര്‍ന്നതും തെലങ്കാനയില്‍നിന്നെത്തിയ അസദുദ്ദീന്‍ ഉവൈസി ബംഗാളില്‍ ചുവടുറപ്പിക്കാന്‍ നോക്കുന്നതും രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുക ടി.എം.സിക്ക് തന്നെയായിരിക്കും. എന്നാല്‍ കേവല ഭൂരിപക്ഷം കിട്ടാതെ വരികയാണെങ്കില്‍, മമതയുടെ സംഘ് പരിവാര്‍ വിരുദ്ധത മുമ്പത്തെപ്പോലെ നിലനില്‍ക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്. ഇതു സംബന്ധിച്ച് ദല്‍ഹിയിലെ ദഅ്‌വത്ത് വാരിക പ്രമുഖരുമായി സംസാരിച്ച് തയാറാക്കിയ ലേഖനം ഈ ലക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്.
അസമില്‍ ബി.ജെ.പി മുന്നണിയും കോണ്‍ഗ്രസ് മുന്നണിയും നേരിട്ടാണ് ഏറ്റുമുട്ടുന്നതെങ്കിലും സി.എ.എ വിരുദ്ധ പ്രക്ഷോഭം രൂപം നല്‍കിയ ചില പ്രാദേശിക കൂട്ടായ്മകളും ഇരു മുന്നണികളിലും ചേരാതെ ശക്തി പരീക്ഷിക്കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് പാസ്സാക്കിയ പൗരത്വ ദേഭദഗതി നിയമം ഏറ്റവും കൂടുതലായി ബാധിക്കുക ഈ സംസ്ഥാനത്തെയാണെങ്കിലും തെരഞ്ഞെടുപ്പ് റാലികളില്‍ അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതിരിക്കാന്‍ ബി.ജെ.പി ശ്രദ്ധിക്കുന്നുണ്ട്. ആ കരിനിയമം ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ തിരിഞ്ഞുകുത്തുമെന്ന് കരുതുന്നവര്‍ ഏറെയാണ്. ബി.ജെ.പി ഭരണത്തെ താഴെയിറക്കാന്‍ സാധ്യമാവും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് മുന്നണിക്ക് കൈവന്നിട്ടുണ്ട്. പ്രസിഡന്റ് ഭരണത്തിലാണ് പോണ്ടിച്ചേരി തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. അത് സംഘ് പരിവാര്‍ മനഃപൂര്‍വം സൃഷ്ടിച്ച സ്ഥിതിവിശേഷമാണ്. പണം വാരിയെറിഞ്ഞ് എം.എല്‍.എമാരെ പാട്ടിലാക്കി കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ വീഴ്ത്തുകയായിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് ബി.ജെ.പിക്ക് ഭരണസാധ്യതയുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലും സെക്യുലര്‍ മുന്നണികള്‍ തമ്മിലാണ് മത്സരം.
പക്ഷേ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അഞ്ച് സംസ്ഥാനങ്ങളും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും കാണാന്‍ കഴിയില്ല. പശ്ചിമ ബംഗാളിലെപ്പോലെ തന്നെയുള്ള വര്‍ഗീയ രാഷ്ട്രീയം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പത്തിവിടര്‍ത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് സി.പി.എം തന്നെയാണ് നേതൃത്വം നല്‍കിയത്. ഒളിഞ്ഞും തെളിഞ്ഞും അതൊക്കെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും കാണുന്നുണ്ട്. ജനങ്ങളെ ബാധിച്ച/ബാധിക്കുന്ന മൗലിക പ്രശ്‌നങ്ങളൊന്നും തന്നെ ആര്‍ക്കും വിഷയമല്ല. ജാതിയും മതവും പറഞ്ഞും ഉയര്‍ത്തിക്കാട്ടിയും എങ്ങനെയെങ്കിലും കടമ്പ കടന്നുകിട്ടണമെന്നേ ഇരു മുന്നണികള്‍ക്കുമുള്ളൂ. മുന്നണികളില്‍ ഘടക കക്ഷികളെ ചേര്‍ക്കുന്നതിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും മിനിമം രാഷ്ട്രീയ ധാര്‍മികതയെങ്കിലും പുലര്‍ത്തണം എന്ന് പറഞ്ഞാല്‍ ആരുമതിന് ചെവികൊടുക്കാന്‍ പോകുന്നില്ല. അത്രയധികം ജീര്‍ണവും മലീമസവുമായിരിക്കുന്നു രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍.
Comments