'ഇത് ദരിദ്രന് താഴെയും രാജാവിനു മീതെയുമാണ് '
[ജീവിതം - 16]
കൂരിയാട്ട് നടന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ഇത്തരം ഒരു സമ്മേളനം ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. ആഘോഷങ്ങളോടനുബന്ധിച്ചും മറ്റും പലതരം ആള്‍ക്കൂട്ടങ്ങളെ കണ്ടിട്ടുണ്ട്. അത്തരം ആള്‍ക്കൂട്ട പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. അവിടങ്ങളിലൊന്നും കാണാത്ത ചിട്ടയും വ്യവസ്ഥയും വല്ലാതെ ആകര്‍ഷകമായി തോന്നി. 'ആനമയിലൊട്ടകം' പോലെയുള്ള ചൂതാട്ട പരിപാടികളോ, മദ്യപാനികളുടെ കലപിലയോ ഒന്നുമില്ല. അനാവശ്യ വര്‍ത്തമാനങ്ങളോ അശ്ലീലമായ പാട്ടുകൂട്ടങ്ങളോ ഇല്ലായിരുന്നു. നാലാള് കൂടുന്നിടത്ത് അതൊക്കെ സ്വാഭാവികമാണല്ലോ. പക്ഷേ, അതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഈ സമ്മേളനം. ദൈവിക സംസ്‌കാരത്തിന്റെ പ്രതിനിധീകരണമായിട്ടാണ് അനുഭവപ്പെട്ടത്.
സമ്മേളനത്തില്‍ പങ്കെടുത്ത പലരുടെയും അനുഭവസാക്ഷ്യങ്ങള്‍ പ്രബോധനം സമ്മേളന പതിപ്പില്‍ വന്നിരുന്നു. ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്, പ്രസ്ഥാനത്തിന്റെ എല്ലാ സമ്മേളനങ്ങളിലും മറ്റു വിഭാഗങ്ങളുടേതില്‍നിന്ന് വ്യത്യസ്തമായ എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നുന്നു എന്നാണ്. അവരുള്‍ക്കൊള്ളുന്ന സംസ്‌കാരത്തിന്റെ സവിശേഷതയായിരിക്കാം ഇതിനു കാരണം എന്നും അദ്ദേഹം പറയുന്നുണ്ട്.
ജാതിമതഭേദമന്യേ ആളുകള്‍ ഹിറാ സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. സംഘാടകരുടെ സമര്‍പ്പണ നിലപാടിനോട് എല്ലാവരും ചേര്‍ന്നുനിന്ന പോലെ തോന്നി. ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ഥം തന്നെ സമര്‍പ്പണം എന്നാണല്ലോ. സ്വാഭാവികമായും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സമ്മേളന സംസ്‌കാരവും അതായി മാറി. അച്ചടക്കം അതിന്റെ മുഖമുദ്രയായിരുന്നു.
മലപ്പുറം ജില്ലയിലെ കാളികാവ് ഉദരംപൊയിലിലെ കെ. ശങ്കരന്‍ എന്ന സഹോദരന്‍ പറഞ്ഞത്, 'സമ്മേളനത്തിലെ അച്ചടക്കവും ഏക മനഃസ്ഥിതിയും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ദൈവചിന്തക്കും ദൈവനിയമത്തിനും മാത്രമേ മനുഷ്യനെ നിയന്ത്രിക്കാന്‍ കഴിയൂ എന്ന് ബുദ്ധിയുള്ള ഏവര്‍ക്കും സമ്മതിക്കാന്‍ ഇതില്‍ കൂടുതല്‍ ആവശ്യമില്ല എന്നാണ് ഈ എളിയവന്റെ അഭിപ്രായം' എന്നാണ്.
വിവിധ തുറകളിലെ ദേശീയ-അന്തര്‍ദേശീയ വ്യക്തിത്വങ്ങളടക്കം ധാരാളം പേര്‍ പങ്കെടുത്തിരുന്നു. അമേരിക്കയിലെ പ്രഫ. ജോണ്‍ എല്‍. എസ്‌പോസിറ്റോ, ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ മുഹമ്മദ് ഖുത്വ്ബ്, ഡോ. അലി ഖറദാഗി, സിറാജ് വഹാജ്, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ഡോ. എം. ഗംഗാധരന്‍, സി. രാധാകൃഷ്ണന്‍, കെ. വേണു തുടങ്ങി ധാരാളം പേരുണ്ടായിരുന്നു. മൗലാനാ മുഹമ്മദ് സിറാജുല്‍ ഹസന്‍ സാഹിബാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
റിസപ്ഷന്‍ വകുപ്പില്‍ ഡ്യൂട്ടി ഉണ്ടായിരുന്നതിനാല്‍ പ്രഭാഷണ പരിപാടികള്‍ പൂര്‍ണമായും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. സമ്മേളനത്തില്‍നിന്നുണ്ടായ അനുഭവം വെച്ച് കൊയിലാണ്ടിയിലുള്ള സരസമ്മ ടീച്ചറുടെ ഒരു കമന്റുണ്ട്: 'ഇവിടെ ജാതിയും മതവുമൊന്നും പ്രശ്‌നമാകുന്നില്ല, ഇത് പരിവര്‍ത്തനത്തിന്റെ സമയമാണ്.' ഇതും ബഹുമാന്യനായ ടി.കെ അബ്ദുല്ല സാഹിബിന്റെ സമാപന സെഷനിലെ പ്രസംഗവും ചേര്‍ത്തുവെച്ചാല്‍ പ്രസ്ഥാനം പ്രതിനിധീകരിക്കുന്ന സംസ്‌കാരത്തിന്റെ ചിത്രം വ്യക്തമാവും.
അദ്ദേഹം പറഞ്ഞത്, 'പ്രാചിയുടെയും പ്രതീചിയുടെയും അറബിയുടെയും അനറബിയുടെയും മഹാസംഗമമാണ് ഇത്. ക്രിസ്ത്യാനിയും വെള്ളക്കാരനുമായ എസ്‌പോസിറ്റോ, തൊലി കറുത്ത സിറാജ് വഹാജ്, അറബ് മഹാ പണ്ഡിതനായ മുഹമ്മദ് ഖുത്വ്ബ്... അങ്ങനെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമത്തിന് കേരളത്തിലെ ജനലക്ഷങ്ങള്‍ സാക്ഷ്യം വഹിക്കുകയാണിവിടെ' എന്നാണ്. ദേശ, ഭാഷാ, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന സാസ്‌കാരത്തെയാണ് സമ്മേളനം പ്രതിനിധീകരിക്കുന്നത് എന്നായിരുന്നു അതിന്റെ ചുരുക്കം.
ചിലരുടെ വ്യക്തിത്വത്തോടും ചിന്തകളോടുമൊക്കെ ബഹുമാനവും ആദരവും മാത്രമല്ല, മറ്റെന്തോ ചിലതു കൂടി ഉണ്ടാവാറുണ്ട്. സ്‌നേഹത്തിനും ബഹുമാനത്തിനും ആദരവിനുമൊക്കെ പുറമെ, ഒരു 'ഉള്‍ഭയം' കൂടി ചേര്‍ന്നാല്‍ ഉണ്ടാവുന്നതെന്തോ അത്. 'ഉള്‍ഭയം' എന്ന പ്രയോഗം അത്ര ശരിയല്ല. എന്തായാലും ടി.കെ അബ്ദുല്ല സാഹിബിന്റെ വ്യക്തിത്വം അങ്ങനെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. അതിനു പറയുന്ന പേരെന്താണെന്നറിയില്ല. അതിന്റെ യുക്തി ഇന്നേവരെ മനസ്സിലായിട്ടില്ല.
യുക്തിക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഇങ്ങനെയുള്ള കുറേ കാര്യങ്ങളുണ്ട്, ജീവിതത്തില്‍. യുക്തിക്ക് പിടികിട്ടാത്ത ഇത്തരം ചില വികാരങ്ങള്‍, ചിലപ്പോള്‍ ആദരവും കടന്ന് ആരാധനയിലേക്കു വരെ വഴിമാറാം. വ്യക്തിപൂജ ഉണ്ടാവുന്നതിന്റെ പല കാരണങ്ങളിലൊന്ന് യുക്തിക്ക് വഴങ്ങാത്ത ഇത്തരം മാനസികാവസ്ഥകളാണ്. അതുമായി ബന്ധപ്പെട്ട പഠനത്തില്‍ നിന്ന് ബോധ്യപ്പെട്ടതാണത്. 'വ്യക്തിപൂജ'യിലേക്ക് പോകാതിരിക്കാനുള്ള ഇസ്‌ലാമിന്റെ 'കരുതല്‍' ഒരത്ഭുതമായി തോന്നിയിട്ടുണ്ട്.
മനുഷ്യന്‍ തന്റെ വികാരവിചാരങ്ങളെ ആരോടൊക്കെ, എങ്ങനെയൊക്കെ, ഏതൊക്കെ അളവില്‍ എന്നതിന് ഇസ്ലാം ചില 'അതിരുകള്‍' നിശ്ചയിച്ചിട്ടുണ്ട്. അതു സംബന്ധമായി പഠിച്ചപ്പോഴാണ് ആ അതിരുകളുടെ പ്രസക്തി മനസ്സിലായത്. യഥാര്‍ഥത്തില്‍, വിശ്വാസത്തിലും ജീവിതത്തിലും വ്യതിയാനങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ഒരു 'കരുതലാ'ണത്. പ്രവാചകന്മാരുടെയും മഹാന്മാരുടെയുമൊക്കെ പേര് കേള്‍ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കുന്ന രീതിയാണ് അതിലൊന്ന്.
ഇസ്ലാമിക സാഹിത്യങ്ങളില്‍ കാണുന്ന മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹി വസ്സലം), മൂസാ നബി (അലൈഹിസ്സലാം), ഉമര്‍ (റളിയല്ലാഹു അന്‍ഹു) എന്നൊക്കെ കാണുമ്പോള്‍ ആദ്യകാലത്ത് അത് മനസ്സിലായിരുന്നില്ല. അസീസ് സാഹിബ് പറഞ്ഞു തന്നപ്പോഴാണ് അത് അവര്‍ക്കു വേണ്ടി ദൈവത്തോടുള്ള പ്രാര്‍ഥനകളാണെന്നറിഞ്ഞത്. പ്രവാചകന്മാരിലും മഹാന്മാരിലും ദിവ്യത്വം ആരോപിക്കാനുള്ള പഴുതാണിവിടെ അടച്ചിരിക്കുന്നത്. ഇസ്‌ലാമില്‍ യഥാര്‍ഥ ദൈവമല്ലാതെ വേറെ ദൈവങ്ങളുണ്ടാവാത്തത് ഇത്തരം 'കരുതല്‍' കാരണമാണ്.
മനുഷ്യനില്‍ പ്രേമം, സ്‌നേഹം, കാരുണ്യം, ദയ, ബഹുമാനം, ആദരവ്, ആരാധന എന്നിങ്ങനെ ധാരാളം വികാരങ്ങളുണ്ടല്ലോ. ഇതില്‍, ആരാധനാവികാരം സ്രഷ്ടാവിനോടു മാത്രമേ പാടുള്ളൂ. ഇസ്‌ലാമിന്റെ മൗലികമായൊരു നിലപാടാണത്.
സൃഷ്ടികളെ ആരാധിച്ചാലെന്താണ് പ്രശ്‌നം? അതൊരു മഹാ പാപമാവുന്നതെങ്ങനെ? മുമ്പ്, സ്വന്തത്തോടു തന്നെ ചോദിച്ച ചോദ്യങ്ങളാണിവ. പലരും ചോദിക്കാറുമുണ്ട് ഈ ചോദ്യങ്ങള്‍.
മനുഷ്യന്‍ മറ്റുള്ളവരോട് തന്നിലെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് അവരുടെ സ്ഥാനം, പദവി, അവരുമായുള്ള ബന്ധം എന്നിവയുടെയൊക്കെ സ്വഭാവമനുസരിച്ചാണല്ലോ. കുട്ടികളോട് കാരുണ്യം, മാതാപിതാക്കളോട് സ്നേഹം, ഭാര്യയോട് പ്രേമം, അധ്യാപകനോട് ബഹുമാനം, നേതാവിനോട് ആദരവ്, ദൈവത്തോട് ആരാധന എന്നിങ്ങനെ. ഇസ്‌ലാമിന്റെ അധ്യാപനപ്രകാരം ഓരോ വികാരങ്ങളും പ്രകടിപ്പിക്കുന്നത് അനുവദിച്ച സ്ഥാനത്താണെങ്കില്‍ പുണ്യവും അല്ലെങ്കില്‍ പാപവുമാണ്. പ്രവാചകാധ്യാപനപ്രകാരം ദൈവത്തെ ആരാധിക്കുന്നതും ഭാര്യയെ പ്രേമിക്കുന്നതും പുണ്യമാണ്. സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതും ദമ്പതികള്‍ തമ്മില്‍ ഇണചേരുന്നതും പുണ്യകര്‍മങ്ങളാണ്. ആരാധനയും ലൈംഗികതയും പുണ്യകര്‍മമാവുന്ന അത്ഭുതകരമായൊരു ജീവിതവീക്ഷണമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
അതേസമയം, ഭാര്യയോടുണ്ടാവേണ്ട പ്രേമം അമ്മയോടോ, ഭര്‍ത്താവിനോടുണ്ടാവേണ്ട പ്രേമം പിതാവിനോടോ ഉണ്ടായാലോ? അത് മഹാ പാപവുമാണ്. യുക്തി കൊണ്ട് മനസ്സിലാക്കാന്‍ പറ്റാത്ത ഇത്തരം 'ധാര്‍മിക ബോധ'ങ്ങളാണ് മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത്.
ഇതുപോലെത്തന്നെയാണ് സ്രഷ്ടാവിനോടു മാത്രം ഉണ്ടാവേണ്ട ആരാധന സൃഷ്ടികളോടുണ്ടാവുമ്പോള്‍ അത് പാപമാകുന്നതും. മനുഷ്യനിലെ അങ്ങേയറ്റത്തെ വിധേയത്വവികാരമാണല്ലോ ആരാധന. അതിനാല്‍ മനുഷ്യന്റെ മുന്നില്‍ ഏറ്റവും വലുത് എന്താണോ അവിടെയാണത് പ്രകടിപ്പിക്കേണ്ടത്. ഏറ്റവും വലുത്, അഥവാ ഉന്നതമായത് ദൈവമാണ് എന്ന കാര്യത്തില്‍ ദൈവവിശ്വാസികള്‍ക്ക് ആര്‍ക്കും തര്‍ക്കമുണ്ടാവുകയില്ല. സ്രഷ്ടാവായ ദൈവമാണ് ഏറ്റവും വലിയവന്‍ എന്ന് ഖുര്‍ആന്‍ നിരന്തരം മനുഷ്യനെ ഉണര്‍ത്തുന്നുണ്ട്. മറ്റു വേദങ്ങളിലും അതു കാണാം.
അതിനാല്‍ സ്രഷ്ടാവിനു കൊടുക്കേണ്ട സ്ഥാനം സൃഷ്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല. കാരണം, അങ്ങേയറ്റത്തെ വിധേയത്വസമീപനമായ ആരാധന സൃഷ്ടികള്‍ക്ക് നല്‍കിയാല്‍ പിന്നെ സ്രഷ്ടാവിന് നല്‍കാന്‍ മനുഷ്യനില്‍ എന്തുണ്ട് ബാക്കി?
അഛന്റെ സ്ഥാനം അയല്‍വാസിക്ക് നല്‍കുന്നത് തെറ്റല്ലേ? രാജാവിന് നല്‍കേണ്ട സ്ഥാനം മന്ത്രിക്ക് നല്‍കിയാല്‍ മന്ത്രി നന്നായി പരിഗണിക്കപ്പെടുന്നു എന്നതിനേക്കാള്‍ രാജാവ് നന്നായി അവഗണിക്കപ്പെടുന്നു എന്ന തെറ്റല്ലേ സംഭവിക്കുക? ഇതുപോലെ സ്രഷ്ടാവിനു കല്‍പിക്കേണ്ട സ്ഥാനം സൃഷ്ടികള്‍ക്ക് കല്‍പിച്ചാല്‍ അത് സ്രഷ്ടാവിനെ സൃഷ്ടികളിലേക്ക് താഴ്ത്തലാണ്. സ്രഷ്ടാവിനെ സൃഷ്ടികളിലേക്ക് താഴ്ത്തുന്നതും സൃഷ്ടികളെ സ്രഷ്ടാവിനോളം ഉയര്‍ത്തുന്നതും തെറ്റാവാതിരിക്കാന്‍ എന്താണ് ന്യായം? ദൈവത്തെ കാണേണ്ട സ്ഥാനത്തു തന്നെ കാണണം എന്നര്‍ഥം.
അതുപോലെ മനുഷ്യന്‍ നില്‍ക്കേണ്ട സ്ഥാനത്തു തന്നെ നില്‍ക്കണം എന്ന കാര്യത്തിലും ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. ആകാശത്തേക്ക് തല ഉയര്‍ത്തി നടക്കുന്ന ജീവിയാണല്ലോ മനുഷ്യന്‍. മനുഷ്യന്റെ ഔന്നത്യം അവന്റെ സൃഷ്ടിഘടനയില്‍ തന്നെ പ്രകടമാണെന്നര്‍ഥം. മനുഷ്യനേക്കാള്‍ ഔന്നത്യം ദൈവത്തിനു മാത്രമാണല്ലോ. എന്നിരിക്കെ ദൈവത്തിന്റെ മുമ്പിലല്ലാതെ ഒരു സൃഷ്ടിയുടെ മുമ്പിലും തല കുനിക്കരുത്. ഈ നിലപാടെടുക്കുമ്പോഴാണ് മനുഷ്യന് മനുഷ്യനെന്ന നിലക്കുള്ള തന്റെ ഔന്നത്യം കാത്തുസൂക്ഷിക്കാനാവുക. ഇക്കാര്യത്തില്‍ ഇസ്‌ലാമിന് ഒരു വിട്ടുവീഴ്ചയുമില്ല. ഇസ്‌ലാമിന്റെ ഈ നിലപാട് വളരെ ആകര്‍ഷകമായി തോന്നിയിട്ടുണ്ട്.
അതേസമയം മനുഷ്യന്‍ അഹങ്കാരിയാവാനും പാടില്ല. തനിക്ക് മുകളിലൊരു ദൈവമുണ്ടെന്ന ബോധമില്ലെങ്കില്‍ അങ്ങനെ സംഭവിക്കാം. 'കരുണാമയനായ ദൈവത്തിന്റെ യഥാര്‍ഥ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നവരാകുന്നു' എന്ന് ഖുര്‍ആന്‍ ഇരുപത്തി അഞ്ചാം അധ്യായം അറുപത്തി മൂന്നാം സൂക്തത്തില്‍ പറയുന്നുണ്ട്. വിശ്വാസികളുടെ ഈ നിലപാടിനെക്കുറിച്ച് ഇമാം റാസി പറഞ്ഞത് വളരെ ആകര്‍ഷകമായി തോന്നി. അദ്ദേഹം പറഞ്ഞത്, 'ഇത് ദരിദ്രനു താഴെയും രാജാവിനു മീതെയുമാണ്'എന്നാണ്.
മാത്രമല്ല, പ്രകൃതിയില്‍ ഒരു സൃഷ്ടിയും മറ്റു സൃഷ്ടികളെ ആരാധിക്കുന്നില്ലല്ലോ. കല്ല് കല്ലിനേയോ പുല്ല് പുല്ലിനെയോ, പക്ഷി പക്ഷിയെയോ, മൃഗം മൃഗത്തെയോ ആരാധിക്കുന്നില്ല. മനുഷ്യന്‍ പക്ഷേ മനുഷ്യനേക്കാള്‍ താഴെയുള്ള സൃഷ്ടികളെ വരെ തന്നെക്കാള്‍ ഉയര്‍ത്തി സങ്കല്‍പിച്ച് സ്വയം താഴുന്നു. ഇത് ശരിയല്ലെന്ന് യുക്തിവാദിയായിരുന്ന കാലത്തു തന്നെ തോന്നിയിരുന്നതാണ്. എല്ലാം 'ദൈവാംശ' മാണെന്നൊരു വാദവും ചിലര്‍ക്കുണ്ട്. ആ വാദമനുസരിച്ച് എല്ലാം തുല്യമാവണം. അതു പ്രകാരം, കല്ലും മണ്ണും പുല്ലും പാമ്പും പുലിയുമൊക്കെ ദൈവാംശങ്ങളാണ്. മനുഷ്യനും ദൈവാംശം തന്നെ. അപ്പോള്‍ ഒരു ദൈവാംശം മറ്റു ദൈവാംശങ്ങളെ പൂജിക്കുന്നതെന്തിന്? വിശദാംശങ്ങള്‍ വിടുകയാണ്.
പറഞ്ഞുവന്നത് ടി.കെ അബ്ദുല്ല സാഹിബിനെക്കുറിച്ചായിരുന്നല്ലോ. അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍, ഖുര്‍ആന്‍ അവതരിച്ചത് ഇന്നലെയാണ്, അല്ല ഇന്നാണ് എന്നൊക്കെ തോന്നിപ്പോവും. ഖുര്‍ആനിലെ ചില സൂക്തങ്ങളെ സമകാലിക സംഭവങ്ങളോട് ചേര്‍ത്തുകൊണ്ട് അദ്ദേഹം പറയുമ്പോള്‍ തലച്ചോറിന് വികാസവും ഹൃദയത്തിന് തുടിപ്പും കൂടുന്ന പോലെ തോന്നും. ഈ പ്രയോഗങ്ങള്‍ എത്രത്തോളം ശരിയാണെന്നറിയില്ല. അനുഭവങ്ങള്‍ പറയുമ്പോള്‍, പ്രകടിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലായിരിക്കും പ്രകടിപ്പിക്കാന്‍ കഴിയാത്തവ. അത് പ്രപഞ്ചത്തിലെ ഒരു യാഥാര്‍ഥ്യം കൂടിയാണ്. പ്രകടമായതിനേക്കാള്‍ കൂടുതലായിരിക്കും പ്രകടമാവാത്തത്. ടി. ആരിഫലി സാഹിബ് ഒരു പ്രഭാഷണത്തില്‍, വെള്ളത്തിലിട്ട ഐസ് കട്ടയെ ഉദാഹരിച്ചുകൊണ്ട് ഈ കാര്യം വിശദീകരിച്ചത് ഓര്‍മയിലുണ്ട്. ഐസ് കട്ട വെള്ളത്തിലിട്ടാല്‍ അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തേക്ക് കാണുക. കണ്ടതിനെ മാത്രമേ അംഗീകരിക്കൂ എന്ന ഭൗതികവാദ നിലപാടിന്റെ പരിമിതി പറയാനാണ് അദ്ദേഹം ഈ ഉദാഹരണം പറഞ്ഞത്.
ടി.കെയുടെ പ്രഭാഷണം കേള്‍ക്കുമ്പോള്‍, ദാഹിച്ചു വലഞ്ഞ സമയത്ത് തെളിനീര് കുടിക്കുന്ന പോലെ തോന്നും. പ്രഭാഷണം അവസാനിക്കാതിരുന്നെങ്കില്‍ എന്നു വരെ തോന്നാറുണ്ട്. പേരിന്റെ പേരില്‍ വിവാദം കത്തിനില്‍ക്കുന്ന സമയം. വെള്ളിമാടുകുന്നില്‍ വച്ച് ടി.കെ അബ്ദുല്ല സാഹിബിനെ കണ്ടുമുട്ടി. ആരോ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്തത്. എന്തോ തിരക്കു കാരണം അധികം സംസാരിച്ചില്ല. പോകുമ്പോള്‍ ഒരു കാര്യം മാത്രം പറഞ്ഞു. 'സുന്നി അഫ്കാറി'ലെ പേരുമായി ബന്ധപ്പെട്ട ലേഖനം ഒന്നു വായിക്കണം. ടി.കെ പറഞ്ഞതാണല്ലോ. അതിലെന്തോ കാര്യം ഉണ്ടാവും. അന്ന് വാങ്ങിവെച്ച 'സുന്നി അഫ്കാര്‍' വാരിക ഇന്നും കൈയിലുണ്ട്.
സമ്മേളനത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. വിവിധ വീക്ഷണങ്ങളും സംസ്‌കാരങ്ങളുമുള്ള മനുഷ്യരെ തുല്യരായി കണ്ടുകൊണ്ടായിരുന്നു സമ്മേളനം. 'യദാ യദാഹി ധര്‍മസ്യ, ഗ്ലാനിര്‍ഭവതി ഭാരത...' എന്ന ഗീതാ ശ്ലോകം വരെ സിദ്ദീഖ് ഹസന്‍ സാഹിബ് പ്രഭാഷണത്തില്‍ ഉദ്ധരിച്ചിരുന്നു. സത്യത്തെയും ധര്‍മത്തെയും നീതിയെയും ഭൂമിയില്‍ നട്ടുപിടിപ്പിക്കാന്‍ പാടത്തിറങ്ങിയവരെപ്പോലെ തോന്നിപ്പോയ സന്ദര്‍ഭമായിരുന്നു അത്. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു പ്രസ്ഥാനത്തിന് 'സാമുദായിക'മാവാന്‍ കഴിയില്ല, 'മാനവിക'മാവാനേ കഴിയൂ എന്ന സന്ദേശം അതിലുണ്ടായിരുന്നു. സമ്മേളനപ്പന്തലിന്റെ വലിപ്പത്തിലോ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ എണ്ണത്തിലോ അഹങ്കരിക്കാനല്ല, അത് പ്രതിനിധീകരിക്കുന്ന ദര്‍ശനത്തിന്റെ മഹത്വത്തെ അറിഞ്ഞ്, അതിനെ നെഞ്ചിലേറ്റി സമൂഹത്തിലേക്കിറങ്ങാനുള്ള ആഹ്വാനമായിരുന്നു സമ്മേളനം.
മൊയ്തു മൗലവിയുടെ കണ്ണീരില്‍ കുതിര്‍ന്ന സമാപനപ്രാര്‍ഥന മറക്കാനാവാത്ത ഒന്നാണ്. സമ്മേളന നഗരിയെത്തന്നെ മറന്നുപോയ നിമിഷങ്ങളായിരുന്നു അത്. ഭൂമി ആകാശത്തേക്ക് കയറിപ്പോയിട്ടോ ആകാശം ഭൂമിയിലേക്ക് ഇറങ്ങിവന്നിട്ടോ രണ്ടും ഒന്നായിത്തീര്‍ന്ന പോലെ! ദൈവമാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെടാനുള്ള ഉണര്‍ത്തുപാട്ടു പോലെ, സ്വയം മാറാനും സമൂഹത്തെ മാറ്റാനും ഒരു കൂട്ടം മനുഷ്യരെ മെരുക്കിയെടുക്കുന്ന പോലെ. ഇങ്ങനെ വൈവിധ്യമാര്‍ന്ന വികാരവിചാരങ്ങളെ ഉണര്‍ത്തിവിട്ട പ്രാര്‍ഥന. ദൈവിക മാര്‍ഗത്തില്‍ മുമ്പില്‍ നടന്ന ധാരാളം മഹാരഥന്മാര്‍, അവര്‍ വെട്ടിത്തെളിച്ച വഴിയിലൂടെ പിന്നെയും മുന്നേറിക്കൊണ്ടിരിക്കുന്നവര്‍, അങ്ങനെ നെറ്റിത്തടത്തില്‍ വിയര്‍പ്പുതുള്ളികളുമായി ദൈവസന്നിധിയില്‍ എത്തിപ്പെട്ടവര്‍. അവരെയെല്ലാം അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ഥന സമ്മേളനത്തിന്റെ കാമ്പും കാതലുമായി തോന്നി.
ചുറ്റുപാടുമുള്ള പല പ്രദേശങ്ങളിലും കനത്ത മഴ പെയ്തിരുന്നു. അതേസമയം പ്രപഞ്ചനാഥന്‍ ഹിറാ നഗരിയെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നു. പല സ്ഥലങ്ങളിലും മഴ പെയ്തിരുന്ന കാര്യം സമ്മേളനം കഴിഞ്ഞപ്പോഴാണറിഞ്ഞത്.
സമ്മേളനത്തെ നിരൂപണം ചെയ്തുകൊണ്ടുള്ള 'സമുദായപ്പോര്' ഒട്ടും വൈകാതെത്തന്നെ ആരംഭിച്ചിരുന്നു. അത് സ്വാഭാവികമാണല്ലോ. അതിന് മറുപടി പറയവെ, സമ്മേളന സ്ഥലത്ത് മഴ പെയ്യാതിരുന്നതും വേറെ ആരുടെയോ സമ്മേളന ദിവസം മഴ പെയ്തതും ചിലരെങ്കിലും 'നിഷ്‌കളങ്കമായ അഹങ്കാര'ത്തോടെ പറഞ്ഞിരുന്നു എന്നാണോര്‍മ.
പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നത്. റാലി നടന്നുകൊണ്ടിരിക്കെ പൊട്ടിപ്പുറപ്പെട്ട 'മഴക്കാലം' വല്ലാത്തൊരനുഭവമായിരുന്നു. ഒരു സമ്പൂര്‍ണ മഴക്കാവശ്യമായ എല്ലാ ചേരുവകളും ഉള്‍ച്ചേര്‍ന്ന മഴ. മഴയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായി മാത്രം ഉണ്ടാവുന്ന മഴ. ഇടിയും മിന്നലും പശ്ചാത്തലമായിക്കൊണ്ടുള്ള കോരിച്ചൊരിയുന്ന മഴ. വഴിയോരങ്ങളിലെ വൃക്ഷങ്ങള്‍ കാറ്റില്‍ നൃത്തമാടിയും 'സുജൂദ്' ചെയ്തും റാലിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്നു! റോഡില്‍ വീണ് ചിതറിത്തെറിക്കുന്ന ആലിപ്പഴങ്ങള്‍ മനസ്സില്‍ ഇപ്പോഴും അലിയാതെത്തന്നെ കിടക്കുന്നു. ആകാശത്തുണ്ടായ പൊട്ടലും ചീറ്റലും പക്ഷേ, ഭൂമിയിലെ റാലിയെ ബാധിച്ചതേയില്ല. ആവേശത്തോടെ റാലി അതിന്റെ ലക്ഷ്യത്തിലെത്തി.
കാറും കോളുമടങ്ങി. സമ്മേളന നഗരിയില്‍ എത്തിയപ്പോള്‍ ഹിറാ നഗര്‍ സമ്മേളനം ഓര്‍മയിലേക്ക് വന്നു. 'സമുദായപ്പോരി'ന് മറുപടി പറയവെ 'നിഷ്‌കളങ്കമായ അഹങ്കാര'ത്തോടെ ചിലര്‍ മറുപടി പറഞ്ഞതും വെറുതെ ഓര്‍ത്തുപോയി.
പടച്ചവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുക എന്നല്ലാതെ, ലവലേശം അഹങ്കരിക്കാന്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല എന്ന ഓര്‍മപ്പെടുത്തല്‍ ഇതിലുണ്ടോ എന്ന് അന്ന് ചിലരോട് പങ്കുവെച്ചിരുന്നു.
സമ്മേളന നഗരി വൃത്തിയാക്കാനും മറ്റുമായി, അടുത്ത ജില്ലകളിലുള്ളവരാരും പോകാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ടായി. ശാരീരികമായ ചില പ്രയാസങ്ങള്‍ കാരണം മനസ്സില്ലാമനസ്സോടെ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. കൂട്ടില്‍ മുഹമ്മദലി സാഹിബായിരുന്നു സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡന്റ്. ഒഴിഞ്ഞ സ്റ്റേജില്‍ നനഞ്ഞൊട്ടി നില്‍ക്കുന്ന അദ്ദേഹത്തോട് നനഞ്ഞൊട്ടിക്കൊണ്ടു തന്നെ അനുവാദം ചോദിച്ചു. 'പൊതുവില്‍ പോകാന്‍ ആര്‍ക്കും അനുവാദമില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ പോകാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രസ്ഥാനജീവിതത്തിലുണ്ടായ, മനസ്സിനെ കുത്തിനോവിക്കുന്ന ചില വീഴ്ചകളില്‍ ഒന്ന് അതായിരുന്നു.
ചില സംഭവങ്ങള്‍ മനസ്സിനെ കുത്തിനോവിക്കും. ചില ചരിത്ര സംഭവങ്ങള്‍ അതിന് കാരണമാവും. ഒരു ഖുര്‍ആന്‍ ക്ലാസ്സില്‍ കേട്ട സംഭവം മനസ്സില്‍ കൊത്തിവെച്ചപോലെ നില്‍ക്കുന്നുണ്ട്. ആരാണ് ആ ക്ലാസ്സ് എടുത്തത് എന്നോര്‍ക്കുന്നില്ല. അശ്രദ്ധ കാരണമോ മറ്റോ, ഏതോ ഒരു പോരാട്ടത്തില്‍ പ്രവാചകന്റെ മൂന്ന് അനുയായികള്‍ പങ്കെടുത്തില്ല. വേറെയും ചിലരുണ്ടായിരുന്നു പങ്കെടുക്കാത്തവരുടെ കൂട്ടത്തില്‍. അവര്‍ക്കൊക്കെ ഒഴികഴിവ് പറഞ്ഞ് രക്ഷപ്പെടാന്‍ അനുവാദം കിട്ടി. മൂന്ന് പേര്‍ക്ക് അനുവാദം കിട്ടിയില്ല. നാല്‍പത് ദിവസത്തോളം അവരെ കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. അവരോട് ആരും സലാം പറയാന്‍ പാടില്ല, മിണ്ടാന്‍ പാടില്ല. കാരുണ്യക്കടലായ പ്രവാചകന്‍ പോലും കാണുമ്പോള്‍ മുഖം തിരിക്കുന്നു. ഇങ്ങനെ 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ജീവിച്ചുപോകുമ്പോഴാണ് കുടുംബത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള നിര്‍ദേശമുണ്ടാവുന്നത്. ഈ സംഭവം വിവരിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി. അവര്‍ ഈ പരീക്ഷണത്തിനു വിധേയമാവാന്‍ കാരണം കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നതാണല്ലോ. പലരും അങ്ങനെ രക്ഷപ്പെട്ടു. സത്യം പറഞ്ഞവര്‍ക്ക് എന്തിനീ പരീക്ഷണം? കാരണം, അവരെ ഇസ്‌ലാമിന് ആവശ്യമുണ്ട് എന്നതല്ലേ? ആ സംഭവം കേട്ടപ്പോള്‍ അതാണ് മനസ്സിലായത്. ദൈവികമാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ വേണ്ടിവരുന്ന ചില നിര്‍ണായക ഘട്ടങ്ങളില്‍, മതിയായ കാരണങ്ങളില്ലെങ്കിലും, ഇളവ് ലഭിച്ച് രക്ഷപ്പെടുന്നവരല്ല യഥാര്‍ഥത്തില്‍ രക്ഷപ്പെടുന്നത്. ഈ പാഠം പഠിച്ചത് ആ സംഭവത്തില്‍നിന്നാണ്.
സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ തൊട്ടടുത്ത ആഴ്ചയില്‍ പ്രബോധനം വാരികയില്‍ സമ്മേളനത്തെ അവലോകനം ചെയ്തുകൊണ്ടുള്ള കൂട്ടിലിന്റെ ലേഖനം വന്നു. അത് വായിച്ച ശേഷം ഒരു പ്രവര്‍ത്തകന്‍ തമാശയായി പറഞ്ഞത്, 'അന്ന് പാലക്കാട്ട് ആ മഴ പെയ്തില്ലായിരുന്നെങ്കില്‍ എന്തിന് നന്നു' എന്നാണ്.
എന്തായാലും, ബദ്‌റില്‍ വിജയിച്ചവര്‍ തന്നെയാണല്ലോ ഉഹുദില്‍ പരാജയപ്പെട്ടത്. ഉഹുദില്‍ പരാജയപ്പെട്ടവര്‍ പാപികളൊന്നുമായിരുന്നില്ലല്ലോ. വിജയവും പരാജയവും പരീക്ഷണങ്ങളുമൊക്കെ ദൈവിക മാര്‍ഗത്തില്‍ സ്വാഭാവികമാണെന്ന പാഠമല്ലേ ഇതിലൊക്കെയുള്ളത്.
ഹിറാ സമ്മേളനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും സമുദായത്തിന്റെ ഭാഗത്തുനിന്ന് 'വിമര്‍ശനപ്പെരുമഴ' ആരംഭിച്ചിരുന്നു. രണ്ട് വിമര്‍ശനങ്ങളായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. അതിലൊന്ന് സ്ത്രീകളെ സ്റ്റേജില്‍ കയറ്റിയതായിരുന്നു. മറ്റൊന്ന്, ഇസ്‌ലാം സ്വീകരിച്ച് പേര് മാറ്റിയിട്ടില്ലാത്ത ഒരാള്‍ക്ക് ഒരു മുസ്‌ലിം പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ചുകൊടുത്തു എന്നതും. മുസ്‌ലിം സ്റ്റേജുകളിലും പേജുകളിലും വിഷയം ചര്‍ച്ചയായി. പേര് മാറ്റണം എന്നും മാറ്റേണ്ടതില്ല എന്നും വാദങ്ങളുണ്ടായി. സ്റ്റേജുകളിലൂടെയും പേജുകളിലൂടെയും മറുപടികളും തുടങ്ങി. പൊതുയോഗങ്ങളില്‍ പൊതുവെ പ്രസംഗിക്കാറില്ല. ശബ്ദത്തിന്റെ കുറവും മറ്റു പല കാരണങ്ങളാലും 'തെരുവു യുദ്ധ'ത്തിന് കഴിയില്ല എന്ന തോന്നലുണ്ടായിരുന്നു. പക്ഷേ, പ്രസംഗിക്കാന്‍ നിര്‍ബന്ധിതനായി. വിശദീകരണ യോഗങ്ങളുടെ 'തല്ല്' കാരണം പെണ്ണ് കെട്ടിയ കാര്യം പോലും മറന്ന പോലെയായി. നികാഹ് നടന്നെങ്കിലും 'കൂട്ടിക്കൊണ്ടുപോവല്‍' നടന്നിട്ടില്ലായിരുന്നു.
ഒരു ദിവസം ഐ.ആര്‍.എസ് ഓഫീസില്‍ സമദ് മാഷുമായി സംസാരിച്ചുകൊണ്ടിരിക്കെ ഓഫീസിലേക്ക് ഫോണ്‍ വന്നു. മൊബൈല്‍ ഫോണുകള്‍ ജന്മമെടുത്തിട്ടില്ലാത്ത കാലമാണത്. ഭാര്യയുടെ ഉമ്മയാണ് വിളിച്ചത്. ഏതോ ബന്ധുവീട്ടിലേക്ക് ഫസീലയെ കൂട്ടി പോവുന്നുണ്ട് എന്ന കാര്യം പറയാനാണ് വിളിച്ചത്. അതൊരു അനുവാദം വാങ്ങലായിരുന്നു. യഥാര്‍ഥത്തില്‍ അതൊരു ഓര്‍മപ്പെടുത്തലായിട്ടാണ് അനുഭവപ്പെട്ടത്.
വിവാദം കൊടുമ്പിരി കൊണ്ടപ്പോള്‍ മാധ്യമം പത്രത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ തീരുമാനിച്ചു. കോഹിനൂരുള്ള വീട്ടില്‍ വെച്ച് ശബീറിന്റെ കൂടി സഹായത്തോടെയാണ് വിശദീകരണക്കുറിപ്പ് തയാറാക്കിയത്. 'വെണ്ടക്കാ' വലിപ്പത്തിലുള്ള തലക്കെട്ടോടെ വിശദീകരണക്കുറിപ്പ് വന്നു.
കോഹിനൂരിലുള്ള വീടിന്റെ ഉടമയായിരിക്കാം ഒരുപക്ഷേ, ഈ കല്യാണത്തിനു പോലും യഥാര്‍ഥ നിമിത്തം. 'അലവ്യാക്ക' എന്ന് ആളുകള്‍ പൊതുവെ വിളിച്ചിരുന്ന ഭാര്യയുടെ ഉമ്മയുടെ ഉപ്പ. കുടുംബത്തിലുള്ളവര്‍ സ്‌നേഹത്തോടെ 'വായ്ച്ചി' എന്നാണ് വിളിച്ചിരുന്നത്. മൗലാനാ മൗദൂദി സാഹിബിനെ നേരിട്ട് കണ്ട കഥ അഭിമാനത്തോടെ പറയുന്ന ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. യൂനിവേഴ്‌സിറ്റിക്കടുത്ത് കച്ചവടം നടത്തിയിരുന്നതിനാല്‍ 'അലവ്യാക്ക'യെ അവിടെയുള്ള എല്ലാവര്‍ക്കുമറിയാം. കുടുംബത്തിലേക്ക് ഇസ്‌ലാമിന്റെ യഥാര്‍ഥ വെളിച്ചം പ്രസരിച്ചത് അദ്ദേഹത്തില്‍നിന്നാണ്. അതുകൊണ്ടാണ് ഈ കല്യാണത്തിന്റെ 'നിമിത്തം' വായ്ച്ചിയിലേക്ക് ചേര്‍ത്തു കാണുന്നത്. വാത്സല്യത്തോടെയുള്ള വായ്ച്ചിയുടെ പെരുമാറ്റം 'മരിക്കാത്ത ഓര്‍മകള്‍' ആയി ഇന്നും നിലനില്‍ക്കുന്നു. കോഡൂരിലുള്ള അബൂബക്കര്‍ സാഹിബ് ഒരിക്കല്‍ അദ്ദേഹത്തിന്റെ പ്രാസ്ഥാനികമായ ആവേശത്തെക്കുറിച്ച് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. മാധ്യമം പത്രത്തിന്റെ ഉദ്ഘാടന വേളയില്‍, ഒരു പേരക്കുട്ടിയെയും തോളിലേറ്റി ജനക്കൂട്ടത്തില്‍ നില്‍ക്കുന്ന കാഴ്ചയാണദ്ദേഹം അനുസ്മരിച്ചത്. മിക്ക പരിപാടികളിലും ഈ സ്വഭാവത്തില്‍ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടാവാറുണ്ടെന്നാണ് പറഞ്ഞത്. വരും തലമുറയിലേക്ക് ഇങ്ങനെ ജാഗ്രതയോടെ ഇസ്ലാമിക സംസ്‌കാരം കടത്തിവിടുന്നതില്‍ പലര്‍ക്കും ശ്രദ്ധിക്കാന്‍ കഴിയാറില്ല. ഉപരിപഠനത്തിന് പേരമക്കളെ ഇസ്‌ലാമിക സ്ഥാപനങ്ങളിലേക്ക് പറഞ്ഞയച്ചതിലും അദ്ദേഹത്തിന്റെ പങ്കുണ്ടായിരുന്നു.
മിക്ക മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും 'പേരുമാറ്റല്‍' വിഷയം ചര്‍ച്ചയായി. അതിനിടയില്‍ പ്രബോധനം വാരികയില്‍ അബ്ദുര്‍റഹ്മാന്‍ മുന്നൂരിന്റെ ഒരു ലേഖനം വന്നു. അത് വളരെ കൗതുകകരമായി തോന്നി. 'ഗോപാലകൃഷ്ണനും അസ്‌വദ് റാഇയും' എന്നായിരുന്നു അതിന്റെ തലക്കെട്ട്.
(തുടരും)
Comments