Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 02

3196

1442 ശഅ്ബാന്‍ 19

ഉവൈസിയും അബ്ബാസ് സിദ്ദീഖിയും ബംഗാള്‍ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമോ?

അഫ്‌റൂസ് ആലം സാഹില്‍ 

പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തിന്റെ സമീപകാല പ്രത്യേകതകളിലൊന്ന്, സംസ്ഥാനത്തെ മുസ്‌ലിംകള്‍ ഏത് പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നുവോ ആ പാര്‍ട്ടി അധികാരത്തില്‍ വരുന്നുണ്ട് എന്നതാണ്. സി.പി.എം നേതൃത്വം നല്‍കുന്ന ഇടതു മുന്നണി തുടര്‍ച്ചയായി 34 വര്‍ഷം സംസ്ഥാനം ഭരിച്ചപ്പോള്‍ മുസ്‌ലിംകള്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. 2011-ല്‍ ബംഗാള്‍ മുസ്‌ലിംകള്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം നിന്നപ്പോള്‍ ഇതുവരെയും അധികാരം നിലനിര്‍ത്താന്‍ ആ പാര്‍ട്ടിക്കായി. ഇങ്ങനെ അധികാരമാറ്റങ്ങള്‍ പലത് നടക്കുന്നുണ്ടെങ്കിലും ബംഗാളില്‍ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥകളില്‍ കാര്യമായ മാറ്റങ്ങളൊന്നും കാണാനില്ല. എങ്കിലും ഇത്തവണയും അവര്‍ മമതയെ തന്നെ പിന്തുണക്കാനാണ് സാധ്യത. ന്യൂദല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദഅ്‌വത്ത് വാരിക പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെ അടുത്തറിയുന്ന രാഷ്ട്രീയ നിരീക്ഷകരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ഈ നിഗമനത്തില്‍ എത്തിയത്.
മുതിര്‍ന്ന ബംഗാളി മാധ്യമ പ്രവര്‍ത്തകന്‍ നൂറുല്ലാ ജാവേദ് പറയുന്നത്, ഇതാദ്യമായി ബംഗാളില്‍ സെക്യുലര്‍ - കമ്യൂണല്‍ ശക്തികള്‍ നേര്‍ക്കു നേരെ ഏറ്റുമുട്ടാന്‍ പോകുന്നു എന്നാണ്. മുമ്പൊക്കെ രണ്ട് സെക്യുലര്‍ കക്ഷികള്‍ തമ്മിലായിരുന്നു മത്സരം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ആയിരുന്നു മുഖ്യ തെരഞ്ഞെടുപ്പു വിഷയം. ജയ് ശ്രീറാം ആണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യം. നൂറുല്ലാ ജാവേദ് കൊല്‍ക്കത്തയിലാണ് താമസം. 'ബംഗാളിലെ മുസ്‌ലിംകള്‍' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഉടന്‍ പുറത്തിറങ്ങും. മറ്റൊരു രാഷ്ട്രീയ മാറ്റത്തെക്കുറിച്ചും അദ്ദേഹം സൂചന നല്‍കി: ബി.ജെ.പി അജണ്ട എല്ലാവര്‍ക്കും അറിവുളളതാണ്... അതിനെ എതിര്‍ക്കുന്ന തൃണമുല്‍ കോണ്‍ഗ്രസ് വരെ തങ്ങളൊരു ഹിന്ദു പാര്‍ട്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ബംഗാളില്‍ രണ്ടു തരം മുസ്‌ലിംകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉര്‍ദു സംസാരിക്കുന്നവരും ബംഗാളി ഉള്‍പ്പെടെ മറ്റു ഭാഷകള്‍ സംസാരിക്കുന്നവരും. ഉര്‍ദു സംസാരിക്കുന്ന ഭൂരിപക്ഷവും മമതക്കു തന്നെ വോട്ട് ചെയ്യും. രണ്ടാമത്തെ വിഭാഗം എങ്ങോട്ട് ചായുമെന്ന് പറയാന്‍ വയ്യ. ഗ്രാമങ്ങളില്‍ ടി.എം.സിക്കാരുടെ അഴിഞ്ഞാട്ടം ഗ്രാമീണരില്‍ മമതയോട് കടുത്ത അസംതൃപ്തി വളര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഫുര്‍ഫുറ ശരീഫ് ആത്മീയ നേതാവ് അബ്ബാസ് സിദ്ദീഖി 'ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ്' എന്ന രാഷ്ട്രീയ കക്ഷി രൂപവത്കരിച്ചത്. തെക്കന്‍ ബംഗാളിലെ വലിയൊരു വിഭാഗമാളുകള്‍  ഇദ്ദേഹത്തോടൊപ്പം ചേരാനാണ് സാധ്യത. എങ്കിലും സി.എ.എ, എന്‍.ആര്‍. സി വിഷയങ്ങളില്‍ ശക്തമായ നിലപാട് എടുത്തതു കാരണം മുസ്‌ലിം വോട്ട് എഴുപതു ശതമാനവും മമതക്ക് തന്നെ ആയിരിക്കുമെന്നും നൂറുല്ലാ ജാവേദ് പറഞ്ഞു.
ദഅ്‌വത്ത് വാരിക അഭിമുഖം നടത്തിയവരില്‍ മറ്റൊരു പ്രധാനി റിസര്‍ച്ച് സ്‌കോളറായ അബ്ദുല്‍ മതീന്‍ ആണ്. ബംഗാള്‍ മുസ്‌ലിംകള്‍ എപ്പോഴും മതേതര ശക്തികളോടൊപ്പമേ നിന്നിട്ടുള്ളൂ- അദ്ദേഹം പറഞ്ഞു. ഇത്തവണ ബി.ജെ.പിയും ടി.എം.സിയും തമ്മിലാണ് മത്സരം എന്ന ധാരണ പരത്തിയിട്ടുണ്ട് സോഷ്യല്‍ മീഡിയ. പക്ഷേ തെരഞ്ഞെടുപ്പ് ഗോദയില്‍ മറ്റൊരു ചിത്രമാണ് തെളിയുന്നത്. 'കളിക്കാനാ'യി ഇത്തവണ കോണ്‍ഗ്രസ് - ലെഫ്റ്റ് ഫ്രന്റ് - ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ് സഖ്യവും മുന്‍ നിരയില്‍ തന്നെയുണ്ട്. എങ്കിലും ശക്തമായ എതിരാളി ബി.ജെ.പി തന്നെ എന്ന കാര്യത്തില്‍ അബ്ദുല്‍ മതീന്ന് സംശയമൊന്നുമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയത് 18 സീറ്റാണ്. മത്സരം നടക്കുന്നതിനു മുമ്പ് ബി. ജെ.പി ഉണ്ടായിരുന്നത് മൂന്നാം കക്ഷി എന്ന നിലക്കായിരുന്നു. പിന്നെയാണ് രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മമത ബാനര്‍ജിയുടെ ജനപ്രീതി കുറഞ്ഞുവരുന്നത് ടി.എം.സിക്ക് ദോഷം ചെയ്യും. അവസരം മുതലെടുത്ത് ബി.ജെ.പി ആ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ ചാക്കിട്ടുപിടിച്ചുകൊണ്ടിരിക്കുകയുമാണ്. ചിലേടങ്ങളില്‍ ടി.എം.സിക്ക് വോട്ട് നല്‍കുന്നത് ബി.ജെ.പിയെ സഹായിക്കലാകുമോ എന്നുവരെ തോന്നിത്തുടങ്ങിയിട്ടുണ്ട്. ഈ അഭിപ്രായം പങ്കുവെച്ച അബ്ദുല്‍ മതീന്‍ 'ബംഗാളിലെ മുസ്‌ലിം രാഷ്ട്രീയം' എന്ന വിഷയത്തില്‍ ജെ.എന്‍.യുവില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇദ്ദേഹവും നൂറുല്ലാ ജാവേദും പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ രാഷ്ട്രമീമാംസ വിഭാഗത്തില്‍ അസി. പ്രഫസര്‍മാരാണ്.
  യഥാര്‍ഥ പ്രശ്‌നക്കാര്‍ പശ്ചിമ ബംഗാളിലെ മുസ്‌ലിം നേതാക്കള്‍ തന്നെയാണെന്ന് കൊല്‍ക്കത്തയില്‍ താമസിക്കുന്ന പത്രപ്രവര്‍ത്തകന്‍ അബ്ദുല്‍ ഹമീദ് പറയുന്നു. പ്രസംഗിക്കാന്‍ മാത്രമേ അവര്‍ക്ക് അറിയൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ യാതൊന്നും ചെയ്യില്ല. അനുവദിക്കപ്പെടുന്ന ഫണ്ടുകള്‍ സത്യസന്ധമായും കാര്യക്ഷമമായും വിനിയോഗിച്ചിരുന്നെങ്കില്‍ മുസ്‌ലിം അധിവാസ പ്രദേശങ്ങളുടെ ചിത്രം മറ്റൊന്നാകുമായിരുന്നു. സമുദായത്തിന്റെ ദയനീയ സ്ഥിതി മാറ്റിയെടുക്കണമെന്ന് ഒരു നേതാവിനും താല്‍പ്പര്യമില്ല. അതിനാല്‍ ഒന്നാം പ്രതികള്‍ ഈ മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ തന്നെ. മമത ബാനര്‍ജി മന്ത്രിസഭയില്‍ ഏഴ് മുസ്‌ലിം മന്ത്രിമാരുണ്ട്. സമുദായത്തിന്റെ പുരോഗതിക്കായി അവര്‍ യാതൊന്നും ചെയ്യുന്നില്ല. മറ്റൊരു പത്രപ്രവര്‍ത്തകനായ ഇംതിയാസ് ഹുസൈന്‍ പറയുന്നത്, രാഷ്ട്രീയക്കാര്‍ മുസ്‌ലിം വോട്ട് പന്ത് പോലെ തട്ടിക്കളിക്കുകയാണെന്നാണ്. ഇത് വോട്ടിന്റെ വില നഷ്ടപ്പെടുത്തുന്നു. വിലപേശല്‍ ശക്തിയാക്കി അതിനെ മാറ്റാന്‍ കഴിയണം. അതിന്നുള്ള നീക്കങ്ങള്‍ എവിടെയും കാണാനില്ല. മമത ബാനര്‍ജിയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്നത് അബദ്ധമായിരിക്കും. വര്‍ഗീയ ശക്തികളുമായി അവര്‍ കൈകോര്‍ക്കില്ല എന്നൊന്നും പറയാനാവില്ല. വാജ്‌പേയ് ഭരണകാലത്ത് അവരതിന്റെ ഭാഗമായിരുന്നല്ലോ. സഹായമാവശ്യമായി വരുന്ന സാഹചര്യങ്ങളുണ്ടായാല്‍ അത്തരം കൂട്ടുകെട്ട് ഇനിയും ഉണ്ടാകാമെന്നാണ് ഇംതിയാസിന്റെ പക്ഷം. എങ്കിലും തന്റെ ഭരണകാലത്ത് ധാരാളം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മമത ബാനര്‍ജിക്ക് കഴിഞ്ഞിട്ടുണ്ട്. അവര്‍ അധികാരത്തില്‍ തിരിച്ചുവരാന്‍ തന്നെയാണ് സാധ്യത. കോണ്‍ഗ്രസ് - ഇടതുമുന്നണിയുമായി എന്തെങ്കിലും തരത്തിലുള്ള ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അവരുടെ വഴി കുറേക്കൂടി എളുപ്പമാവും.
കൊല്‍ക്കത്തയിലെ ആലിയ യൂനിവേഴ്‌സിറ്റി മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ മുഹമ്മദ് റിയാദിന് മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ഇത്തവണയും മമതയെ തന്നെയാണ് പിന്തുണക്കുക എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ ഇനിമുതല്‍ അവര്‍ നിശ്ശബ്ദ വോട്ടര്‍മാരല്ല. അവര്‍ അവകാശങ്ങള്‍ ചോദിക്കാനും അവശ്യങ്ങള്‍ ഉന്നയിക്കാനും തുടങ്ങിയിരിക്കുന്നു. ഫുര്‍ഫുറ ശരീഫ് തലവന്‍ അബ്ബാസ് സിദ്ദീഖിയിലൂടെ അതാണ് മുഴങ്ങിക്കേട്ടത്. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും ഗോത്രവിഭാഗങ്ങളുടെയും ക്ഷേമത്തിനായി മമത ഒന്നും ചെയ്യുന്നില്ലെന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന ആരോപണം.
  അമര്‍ത്യാ സെന്‍ നേതൃത്വം നല്‍കുന്ന Pratichi Institute-ല്‍ സീനിയര്‍ റിസര്‍ച്ചറായ സാബിര്‍ അഹ്മദിന്റെ കൈവശം  കൊല്‍ക്കത്ത മുസ്‌ലിംകളെക്കുറിച്ച സ്ഥിതിവിവരക്കണക്കുകള്‍ എല്ലാമുണ്ട്. പക്ഷേ രാഷ്ട്രീയാന്തരീക്ഷം അനുദിനം മാറുന്നതുകൊണ്ട് എന്തെങ്കിലും പ്രവചനം നടത്തുന്നത് ശരിയല്ല. കടുത്ത പോരാട്ടമാണ് നടക്കുന്നത്. അതില്‍ മുസ്‌ലിംകളുടെ റോള്‍ നിര്‍ണായകവുമായിരിക്കും. എല്ലാ പാര്‍ട്ടികളും അവരിലേക്കാണ് ഉറ്റുനോക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും മുസ്‌ലിംകള്‍ വെവ്വേറെ സ്ട്രാറ്റജികള്‍ സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
   
കണക്കുകളും കണക്കുകൂട്ടലുകളും

ബംഗാള്‍ രാഷ്ട്രീയത്തില്‍ വളരെ സുപ്രധാനമായ റോളിലാണ് മുസ്ലിംകള്‍. ജനസംഖ്യയും അതിനൊരു കാരണമാണ്. എന്നാല്‍ ജനസംഖ്യക്ക് ആനുപാതികമായി ഭരണപ്രാതിനിധ്യം അവര്‍ക്ക് ലഭിക്കാറുമില്ല. അധികാരത്തിലേറാനുള്ള ചവിട്ടുപടിയായി മാത്രം രാഷ്ട്രീയക്കാര്‍ ആ വോട്ട് ബാങ്കിനെ കാണുന്നു. 2011-ലെ കാനേഷുമാരി പ്രകാരം സംസ്ഥാനത്ത് മുസ്ലിംകള്‍ ജനസംഖ്യയുടെ 27.01 ശതമാനം ആണ്. ഈ അനുപാതമനുസരിച്ച് മുസ്‌ലിംകള്‍ക്ക് നിയമനിര്‍മാണ സഭകളിലേക്ക് സീറ്റ് നല്‍കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയാറാവുന്നില്ല. ഇരുപത് ശതമാനമോ അതില്‍ താഴെയോ ആണ് എപ്പോഴും മുസ്‌ലിം പ്രാതിനിധ്യം. ഏത് സെക്യുലര്‍ പാര്‍ട്ടിയെ എടുത്ത് പരിശോധിച്ചാലും അതിന്റെ മുഖ്യപദവികളില്‍ ഏറിവന്നാല്‍ രണ്ട് ശതമാനം മുസ്‌ലിം പ്രാതിനിധ്യമേ കാണൂ. പാര്‍ട്ടിയുടെ നയരൂപീകരണത്തിലും മറ്റും ഇവര്‍ക്കൊരു പങ്കും ഉണ്ടായിരിക്കില്ല. മുസ്ലിം സ്ഥാനാര്‍ഥികള്‍ ജയിച്ചുവരുന്നത് പലപ്പോഴും വ്യക്തിപരമായ സ്വീകാര്യത കൊണ്ടും കഴിവുകള്‍ കൊണ്ടുമായിരിക്കും. അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്ക് ആ വിജയത്തില്‍ കാര്യമായ റോളൊന്നും ഉണ്ടാവാറില്ല. ഇത് ബംഗാളിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഒരു പ്രത്യേകതയാണ്.
2011-ലെയും 2016-ലെയും അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംകളില്‍നിന്ന് 59 എം.എല്‍.എമാര്‍ വീതമാണ് ഉണ്ടായിരുന്നത്. ശതമാനക്കണക്കില്‍ ഇരുപത്. 2006-ല്‍ 45 ആയിരുന്നു അവരുടെ എണ്ണം. 2016-ല്‍ ടി.എം.സി ടിക്കറ്റില്‍ ജയിച്ചു കയറിയവരില്‍ 32 ആയിരുന്നു മുസ്‌ലിം സാമാജികര്‍. കോണ്‍ഗ്രസിന് 18-ഉം ലഫ്റ്റ് ഫ്രന്റിന് 9-ഉം മുസ്‌ലിം സാമാജികരാണ് ഈ നിയമസഭയിലുള്ളത്. ഒരാള്‍ ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്‌ളോക്ക് ബാനറിലും.
പശ്ചിമ ബംഗാളിലെ 48 അസംബ്ലി മണ്ഡലങ്ങളില്‍ അമ്പത് ശതമാനത്തിലധികമാണ് മുസ്‌ലിം ജനസംഖ്യ. 49-നും 30-നും ഇടക്ക് ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള 58 മണ്ഡലങ്ങളുണ്ട്. 65 സീറ്റുകളില്‍ അവരുടെ ശതമാനം 29-നും 20-നും ഇടക്കാണ്. ഏതൊരു പാര്‍ട്ടിക്കും മുസ്‌ലിം വോട്ട് പരമപ്രധാനമാണെന്ന് പറയാന്‍ കാരണമിതാണ്. അതായത് പശ്ചിമ ബംഗാളിലെ മൊത്തം 294 സീറ്റുകളില്‍ 171 എണ്ണത്തിലും മുസ്‌ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്യുന്നു എന്നത് വളരെ നിര്‍ണായകമാണ്. കേവല ഭൂരിപക്ഷത്തിന് 148 സീറ്റേ വേണ്ടതുള്ളു. അതുകൊണ്ടാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും മുസ്‌ലിം വോട്ടുകളില്‍ കൊണ്ടുപിടിക്കുന്നത്.
എന്നിട്ടും മുസ്‌ലിം സാമാജികരുടെ എണ്ണം 59-ല്‍ കൂടാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് 84 സീറ്റുകള്‍ എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു എന്നതാണ്. ഈ സംവരണ സീറ്റുകളധികവും മുസ്‌ലിംകള്‍ കൂടുതലുള്ള മേഖലകളിലാണ്. ഇതില്‍ മുസ്‌ലിംകള്‍ അമ്പത് ശതമാനത്തിനു മുകളിലുള്ള രണ്ട് സീറ്റുകളുണ്ട്. മുസ്‌ലിംകള്‍ 50-നും 40-നും ഇടക്ക് ശതമാനം വരുന്ന ഏഴ് മണ്ഡലങ്ങളും സംവരണത്തില്‍ ഉള്‍പ്പെടും. അവര്‍ 20-നും 30-നും ഇടക്ക് ശതമാനം വരുന്ന 18 സീറ്റുകളും എസ്.സി/ എസ്.ടി സംവരണം തന്നെ. മുര്‍ശിദാബാദിലെ ഘര്‍ഗ്രാം അസംബ്ലി മണ്ഡലത്തില്‍ മുസ്‌ലിം വോട്ടര്‍മാര്‍ 55 ശതമാനം. ഇത് എസ്.സി സംവരണ മണ്ഡലമാണ്. ഇവിടെ ദലിത് വോട്ടുകള്‍ 23 ശതമാനം മാത്രമാണ്.
  
ഉവൈസി അട്ടിമറിക്കുമോ?

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അസദുദ്ദീന്‍ ഉവൈസിയും അദ്ദേഹത്തിന്റെ പാര്‍ട്ടി ആള്‍ ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമൂനുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ആ പാര്‍ട്ടി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയാല്‍ ആകെ അട്ടിമറിയുമെന്നാണ് പ്രചാരണം. അവര്‍ക്ക് ബംഗാളി മണ്ണില്‍ നിലയുറപ്പിക്കാനാവുമോ? അതേക്കുറിച്ചും ദഅ്‌വത്ത് വാരിക ടീം അന്വേഷിക്കുകയുണ്ടായി. ആ പാര്‍ട്ടി കാര്യമായ ചലനമൊന്നുമുണ്ടാക്കില്ലെന്നാന്ന് ആലിയ യൂനിവേഴ്‌സിറ്റിയിലെ മുഹമ്മദ് റിയാദ് പറയുന്നത്. മുന്നില്‍ നിര്‍ത്താന്‍ അവര്‍ക്ക് ഇതുവരെയും ആരെയും കിട്ടിയിട്ടില്ല. ആ ഉദ്ദേശ്യത്തിലാണ് ഉവൈസി, അബ്ബാസ് സിദ്ദീഖിയെ കാണാന്‍ ഫുര്‍ഫുറ ശരീഫ് ഗ്രാമത്തിലെത്തിയത്. പക്ഷേ സിദ്ദീഖി അതിന് വഴങ്ങാതെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയാണ് ചെയ്തത്. ഒരു 'ബംഗാളി മുഖം' തേടിയുള്ള അലച്ചിലിലാണ് ഇപ്പോഴും ഉവൈസി സാഹിബ്. അതില്ലാതെ ബംഗാളി വോട്ടുകള്‍ നേടാനാവില്ലെന്ന് അദ്ദേഹത്തിനറിയാം. അബ്ബാസ് സിദ്ദീഖിയോടൊപ്പം ഇടത് സഖ്യത്തില്‍ ഉവൈസി ചേരാനുള്ള സാധ്യതയുമില്ല. എന്നാല്‍ ബിഹാറിനോട് ചേര്‍ന്നുള്ള സീമാഞ്ചല്‍ മേഖലയില്‍ ഉവൈസി ഫാക്ടര്‍ നിര്‍ണായകമായിരിക്കുമെന്നാണ് നൂറുല്ല ജാവേദിന്റെ അഭിപ്രായം. ആ മേഖലയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് യൂനിറ്റുകളുമുണ്ട്. മൊത്തം ബംഗാളില്‍ ഉവൈസിക്ക് കാര്യമായൊന്നും ചെയ്യാനാവില്ലെന്നാണ് അദ്ദേഹത്തിന്റെയും വിലയിരുത്തല്‍. വൈകാരികതയെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയക്കാരനാണ് ഉവൈസി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വൈകാരികത മാത്രം മതിയാവില്ല. നല്ല സംഘടനാ സംവിധാനവും വേണം. അത് ബംഗാളില്‍ ഉവൈസിക്കില്ല.

ഫുര്‍ഫുറ ശരീഫ് എത്രത്തോളം സ്വാധീനിക്കും?

ഹുഗഌ ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേരാണ് ഫുര്‍ഫുറ ശരീഫ്. കൊല്‍ക്കത്തയില്‍നിന്ന് ഇവിടേക്ക് 41 കി.മീ. ദൂരമുണ്ട്. പഴക്കം ചെന്ന പള്ളിയും അറിയപ്പെടുന്ന ഒരു മസാറുമാണ് ഇവിടേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്. ഈ ഖബ്‌റിടം പീര്‍ അബൂബക്കര്‍ സിദ്ദീഖ് (1846-1939) എന്നയാളുടേതാണ്. ഇദ്ദേഹം ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായാണ് അറിയപ്പെടുന്നത്. സ്‌കൂളുകളും യതീം ഖാനകളുമൊക്കെ അദ്ദേഹം ഇവിടെ നിര്‍മിച്ചിട്ടുണ്ട്. 'ഫുര്‍ഫുറ ശരീഫ് സില്‍സില'യുടെ സ്ഥാപകനുമാണ്. ഈ ആത്മീയ സംഘത്തിന് പശ്ചിമ ബംഗാളിനു പുറമെ അസം, ത്രിപുര, ബംഗ്ലാദേശ് എന്നിവിടങ്ങളിലും സ്വാധീനമുണ്ട്. പശ്ചിമ ബംഗാളില്‍ മാത്രം രണ്ടായിരത്തിലധികം മദ്‌റസകള്‍ ഇവര്‍ക്കു കീഴിലുണ്ട്. ലക്ഷക്കണക്കിന് അനുയായികളും. പശ്ചിമ ബംഗാളില്‍ ഇവര്‍ 'ഈസ്വാല്‍ സ്വവാബ്' എന്ന പേരില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് സദസ്സുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ആചാര്യന്മാരില്‍ ഒരാളാണ് അബ്ബാസ് സിദ്ദീഖി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ രാഷ്ട്രീയക്കാരും ഇവരെച്ചെന്ന് കാണാറുണ്ട്. ഇപ്പോള്‍ അവരില്‍ ഒരാള്‍ തന്നെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ് എന്ന പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ്. അത് ഇടത് - കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാവുകയും ചെയ്തിരിക്കുന്നു. ചില മേഖലകളില്‍ മുസ്‌ലിം - ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ഇദ്ദേഹത്തിന് സ്വാധീനമുണ്ട്. അത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ അബ്ബാസ് സിദ്ദീഖിയുടെ പിതൃസഹോദരനും ആ ത്വരീഖത്തിന്റെ തന്നെ മുതിര്‍ന്ന ആചാര്യനുമായ സാദഃ ത്വാഹാ സിദ്ദീഖി ഇതിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സംഘ് പരിവാരില്‍നിന്ന് അബ്ബാസ് പണം കൈപ്പറ്റിയിട്ടുണ്ടെന്നും അതിന്റെ ഭാഗമാണ് പുതിയ പാര്‍ട്ടി എന്നുമുള്ള ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. 

 

അസം ബി.ജെ.പിയെ കൈവിടുമോ?

അസം ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി തങ്ങള്‍ വീണ്ടും അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഒരു മാസം മുമ്പ് വരെ. പക്ഷേ കഴിഞ്ഞ ഫെബ്രുവരി 27 - ന് ബോഡോലാന്റ് പീപ്പിള്‍സ് ഫ്രന്റ് (ബി.പി.എഫ്) തെറ്റിപ്പിരിഞ്ഞതോടെ ഭരണകക്ഷി പിരിമുറുക്കത്തിലായി. പിറ്റേ ദിവസം തന്നെ ബി.പി.എഫ്, കോണ്‍ഗ്രസ് നയിക്കുന്ന മഹാജത് മുന്നണിയില്‍ ചേരുകയും ചെയ്തു. മിക്ക പ്രതിപക്ഷ കക്ഷികളും മഹാജത് എന്ന ബാനറില്‍ ഒന്നിച്ചുനില്‍ക്കുന്നത് അസമിലെ രാഷ്ട്രീയ സമവാക്യങ്ങളെ വലിയ തോതില്‍ മാറ്റിമറിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ എത്തിച്ചേര്‍ന്ന ബി.പി.എഫിനു പുറമെ ബദ്റുദ്ദീന്‍ അജ്മലിന്റെ ആള്‍ ഇന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രന്റ്, സി.പി.ഐ, സി.പി.എം, സി.പി.ഐ - എം.എല്‍ തുടങ്ങിയ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് നയിക്കുന്ന ഈ സഖ്യത്തിലുണ്ട്; ഒപ്പം ചില പ്രാദേശിക കക്ഷികളും. ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ജനതാദളും (ആര്‍.ജെ.ഡി) ഉടന്‍ മുന്നണിയിലെത്തുമെന്നാണ് സൂചന.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് നടത്തിയ പര്യടനങ്ങള്‍ പ്രതിപക്ഷ സഖ്യത്തിന് വലിയ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. സുഹൃത്തുക്കള്‍ ഓരോന്നായി വിട്ടുപോകുന്നു എന്നതാണ് ബി.ജെ.പിയെ അലട്ടുന്ന പ്രശ്‌നം. ഇപ്പോള്‍ ഭരണമുന്നണി വിട്ട ബി.പി.എഫിന് പന്ത്രണ്ട് എം.എല്‍.എമാരുണ്ട്. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനവാലുമായി വഴിപിരിഞ്ഞത് ബി.പി.എഫ് മാത്രമല്ല. ഇത് എന്‍.ഡി.എ സഖ്യത്തിന് വലിയ തിരിച്ചടിയാണ്.
പതിനാല് എം.എല്‍.എമാരുള്ള അസം ഗണപരിഷത്തി(എ.ജി.പി)ല്‍നിന്നുള്ളതാണ് മറ്റൊരു വെല്ലുവിളി. സി.എ.എ വിഷയത്തില്‍ ഭിന്നചേരികളിലായി വേര്‍പ്പെട്ടു നില്‍ക്കുകയാണ് പാര്‍ട്ടി. അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ സി.എ.എക്കെതിരെ കടുത്ത നിലപാടാണ് എടുത്തിരിക്കുന്നത്. എങ്കിലും കഴിഞ്ഞ മാര്‍ച്ച് നാലിന് എ.ജി.പിയുമായി സീറ്റ് ധാരണയില്‍ എത്തിയിട്ടുണ്ട് ബി.ജെ.പി. 92 സീറ്റില്‍ ബി.ജെ.പി മത്സരിക്കുമ്പോള്‍ 26 സീറ്റില്‍ എ.ജി.പി മത്സരിക്കും. ബോഡോലാന്റിലെ ചെറിയ കക്ഷിയായ യുനൈറ്റഡ് പീപ്പ്ള്‍സ് പാര്‍ട്ടി ലിബറല്‍ എട്ട് സീറ്റുകളില്‍ മത്സരിക്കും.
ബോഡോകളും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും തമ്മില്‍, ബോഡോകളും 'തേയില - ഗോത്രങ്ങളും' (Tea-Tribes തമ്മില്‍ സംഘര്‍ഷങ്ങളുടെ നീണ്ട ചരിത്രമുണ്ട് അസമിന്. ഇന്നത്തെ ഝാര്‍ഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ്, ബംഗാളിലെയും ബിഹാറിലെയും തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി 1885 - 1890 കാലങ്ങളില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം അസമിന്റെ പര്‍വത മേഖലകളില്‍ കുടിയിരുത്തിയ ആദിവാസികളെയാണ് തേയില ഗോത്രങ്ങള്‍ എന്ന് പറയുന്നത്. തങ്ങള്‍ക്കെതിരെ കലാപം നടത്തിക്കൊണ്ടിരുന്ന അസമിലെ തദ്ദേശവാസികളെ നിലക്ക് നിര്‍ത്താനുള്ള ബ്രിട്ടീഷ് നീക്കമായും ഇതിനെ കാണാം. തങ്ങള്‍ക്ക് വഴങ്ങാത്ത സന്താളുകളെയും തെക്കു - വടക്ക് ഛോട്ടംഗ്പൂര്‍ സമതലങ്ങളിലെ മറ്റു ഗോത്രങ്ങളെയും വരുതിയിലാക്കുകയെന്നതും ലക്ഷ്യമാവാം. ആദിവാസി ഗോത്രങ്ങളെ നേരത്തേ പറഞ്ഞ പ്രദേശങ്ങളില്‍നിന്ന് പിഴുതുമാറ്റി ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. തേയിലത്തോട്ടങ്ങളിലെയും കാടുകളിലെയും പണികള്‍ ചെയ്തിരുന്നത് അവരായിരുന്നു. അതിനാല്‍ പുനരധിവസിപ്പിക്കപ്പെട്ട ഈ ആദിവാസി ഗോത്രങ്ങളും അസമിലെ ബോഡോകളും മറ്റു ജനവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവാണ്.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രം, ഈ മൂന്ന് പ്രധാന വിഭാഗത്തെയും ഒപ്പം മറ്റു വിഭാഗങ്ങളെയും കൂടെ നിര്‍ത്തുക എന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി.ജെ.പി തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് ബോഡോകളും ആദിവാസികളും ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തുന്നു. അവരിപ്പോള്‍ കാവിപ്പടയില്‍നിന്ന് അകലം പാലിക്കുകയാണ്. പ്രിയങ്ക ഗാന്ധി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തേയില ഗോത്രക്കാരുമായി ധാരാളം സമയം ചെലവഴിച്ചിരുന്നു. 65 ലക്ഷം വരും അവരുടെ ജനസംഖ്യ; അതായത് സംസ്ഥാന ജനസംഖ്യയുടെ ഇരുപത് ശതമാനം. 
(റേഡിയന്‍സ് വാരിക 2021 മാര്‍ച്ച് 20)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (123-136)
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത അരുത്‌
നൗഷാദ് ചേനപ്പാടി