കടബാധ്യതയുള്ളത് അല്ലാഹുവിനോടാണ്
ഖലീഫ ഹാറൂന്‍ റശീദും ഫുദൈലുബ്‌നു ഇയാദും കണ്ടുമുട്ടിയപ്പോഴുണ്ടായ ഈ സംഭവം ഉദ്ധരിച്ചത് പണ്ഡിതനായ ഫദ്‌ലുബ്‌നു റബീഅയാണ്: ഹജ്ജ് യാത്രക്കൊരുങ്ങി ഖലീഫ എന്റെ അടുത്തു വന്നു. എന്തോ പരിഭ്രാന്തി അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ പ്രകടമായിരുന്നു. അദ്ദേഹം പറഞ്ഞു തുടങ്ങി; 'ഇബ്‌നു റബീഅ... എന്റെ മനസ്സ് വളരെ അസ്വസ്ഥമാണ്. മനഃശ്ശാന്തി പകര്‍ന്നുതരാന്‍ കഴിയുന്ന ആരെങ്കിലുമായി എനിക്ക് സംസാരിക്കണം.' ഞാന്‍ ഉടനെ രാത്രി തന്നെ ഖലീഫയെയും കൂട്ടി ഫുദൈലുബ്‌നു ഇയാദിന്റെ വീട്ടിലെത്തി. അദ്ദേഹം അകത്ത് നമസ്‌കാരത്തില്‍ വ്യാപൃതനാണെന്നറിഞ്ഞു. ഒരേ ഖുര്‍ആനികസൂക്തം അദ്ദേഹം ആവര്‍ത്തിച്ച് ഓതുന്നതായി ശ്രദ്ധിച്ചു. നമസ്‌കാരത്തില്‍നിന്ന് വിരമിച്ചപ്പോള്‍ താങ്കളെ കാണാന്‍ ഖലീഫ ഹാറൂന്‍ റശീദ് പുറത്ത് കാത്തിരിക്കുന്നുണ്ടെന്നറിയിച്ചപ്പോള്‍ നിര്‍വികാര ഭാവത്തില്‍ ചോദിച്ചു:
'അദ്ദേഹമെന്തിനാണ് എന്നെ കാണാന്‍ വന്നിരിക്കുന്നത്?'
ഞാന്‍ പറഞ്ഞു: 'ഖലീഫയെ അനുസരിക്കല്‍ നിര്‍ബന്ധമാണ്.' ഇതു കേട്ട മാത്രയില്‍ അദ്ദേഹം വാതില്‍ തുറന്നപ്പോള്‍ ഞങ്ങള്‍ അകത്തു കടന്നു. ഉടനെ വിളക്കണച്ച് വീടിന്റെ ഒരു ഭാഗത്ത് നിശ്ശബ്ദനായി കുത്തിയിരുന്നു. ഇരുട്ടില്‍ ഞങ്ങള്‍ അദ്ദേഹത്തെ തപ്പിനോക്കി. എന്നേക്കാള്‍ ആദ്യമായി അദ്ദേഹത്തിന്റെ ശരീരം തൊട്ടത് ഖലീഫയായിരുന്നു. അപ്പോള്‍ ഫുദൈല്‍ ഖലീഫയുടെ കൈപ്പത്തിയില്‍ തൊട്ട് പറഞ്ഞു: 'എത്ര മിനുസമുള്ള, മാര്‍ദവമേറിയ കരം. നാളെ നരകത്തീയില്‍നിന്ന് സുരക്ഷിതമായിരുന്നെങ്കില്‍!' ഇതു കേട്ടതോടെ ഹാറൂന്‍ റശീദിന്റെ ഹൃദയമിടിപ്പ് കൂടി. പിന്നിട് തനിക്കെന്തെങ്കിലും കാര്യപ്പെട്ട ഉപദേശം നല്‍കാന്‍ പണ്ഡിതവര്യനായ ഫുദൈലിനോട് അപേക്ഷിച്ചു. ദീര്‍ഘശ്വാസം വിട്ട്, അങ്ങേയറ്റം ഹൃദയഭേദകമായ സ്വരത്തില്‍ ഫുദൈല്‍ പറഞ്ഞു: ഉമറുബ്‌നു അബ്ദില്‍ അസീസ് താന്‍ ഖലീഫയായി തെരഞ്ഞടുക്കപ്പെട്ട ഉടനെ പണ്ഡിതസൂരികളായ സാലിം, മുഹമ്മദു ബ്‌നു കഅ്ബ്, റജാഉ ബ്‌നു ഹയാത്ത് തുടങ്ങിയവരെ വിളിച്ചുചേര്‍ത്ത് വേദനയും പ്രയാസവും സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു: ഞാന്‍ വലിയ പരീക്ഷണത്തിലാണ് എടുത്തെറിയപ്പട്ടിരിക്കുന്നത്. അതില്‍നിന്ന് വിജയപൂര്‍വം പുറത്തുകടക്കാനുള്ള വല്ല ഉപദേശ നിര്‍ദേശങ്ങളും നല്‍കിയാലും.' ഇബ്‌നു ഇയാദ് പറഞ്ഞു: ഹാറൂന്‍! ഉമര്‍ (റ) അധികാരത്തെ പരീക്ഷണമായി മനസ്സിലാക്കി. ഉത്തരവാദിത്വബോധത്താല്‍ ഭയന്നുവിറക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ താങ്കളും സുഹൃത്തുക്കളും അധികാരത്തെ സുഖലോലുപതയുടെ മാര്‍ഗമായി കണ്ടു.
ഉമറിന്റെ അഭ്യര്‍ഥന മാനിച്ച് സാലിമുബ്‌നു അബ്ദുല്ല പറഞ്ഞു: വിശ്വാസികളുടെ നേതാവേ! താങ്കള്‍ ഇഹലോകത്ത് ജീവിച്ചിരിക്കുന്നേടത്തോളം ഒരു നോമ്പുകാരനെപ്പോലെയാണ്. നോമ്പു തുറക്കുന്നത് മരണത്താടെയാണ്. അഥവാ സുഖൈശ്വര്യങ്ങളോട് അകലം പാലിക്കുക. ഇവിടത്തെ അനുഗ്രഹങ്ങള്‍ പരലോകത്തിനായി കരുതി വെക്കുക. നോമ്പുതുറയുടെ ആനന്ദം അവിടെ ആഘോഷിക്കാം.
ഇതുപോലെ ഇബ്‌നു കഅ്ബിനോടും ഉമര്‍(റ) ഉപദേശം തേടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: താങ്കളേക്കാള്‍ പ്രായം കൂടിയ മുസ്‌ലിംകളെ താങ്കളുടെ പിതാവിനെപ്പോലെ മനസ്സിലാക്കുക; പരിഗണിക്കുക. ചെറിയവരെ സ്വന്തം മക്കളെപ്പോലെ കരുതുക. പിതാവിനോട് ആദരപൂര്‍വം പെരുമാറുക. സഹോദരങ്ങളോട് മാന്യമായും സന്താനങ്ങളോട് സ്‌നേഹവാത്സല്യത്തോടെയും വര്‍ത്തിക്കുക.
അവസാനം റജാഇന്റെ ഊഴമായിരുന്നു. അദ്ദേഹം പറഞ്ഞു: വിശ്വാസികളുടെ നേതാവേ! നാളെ പരലോകത്ത് താങ്കള്‍ നരകമോക്ഷം കാംക്ഷിക്കുന്നുവെങ്കില്‍ താങ്കള്‍ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് മുസ്‌ലികള്‍ക്കും ഇഷ്ടപ്പെടുക.
ശേഷം ഫുദൈലുബ്‌നു ഇയാദ്, ഖലീഫയെ സംബോധന ചെയ്തു പറഞ്ഞു: ജനം പേടിച്ചു വിറക്കുന്ന ദിനം ആഗതമായാല്‍ ഞാന്‍ താങ്കളുടെ കാര്യത്തില്‍ ഏറെ ആശങ്കാകുലനായിരിക്കും, തീര്‍ച്ച. ദിവ്യകാരുണ്യം താങ്കളുടെ മേല്‍ വര്‍ഷിക്കട്ടെ. ഇതുപോലുള്ള ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ യോഗ്യതയും ധൈര്യവുമുള്ള ആരും താങ്കളുടെ കൂടെയില്ലെന്നത് ഒരു അനിഷേധ്യ സത്യമാണ്. ഇതു കേട്ട പാടെ ഹാറൂന്‍ റശീദിന്റെ മുഖഭാവം മാറി, അദ്ദേഹം വിതുമ്പിക്കരയാന്‍ തുടങ്ങി. ആത്മനിയന്ത്രണം വീണ്ടെടുത്ത് ഇബ്‌നു ഇയാദിനോട് ഉപദേശം തുടരാന്‍ ആവശ്യപ്പെട്ടു.
ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ഒരു ഗവര്‍ണര്‍ താന്‍ ഭരണനിര്‍വഹണത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പരാമര്‍ശിച്ച് ഖലീഫക്ക് ഒരു കത്തയച്ചു.
കത്ത് വായിച്ച ഉമര്‍ ഗവര്‍ണര്‍ക്കുള്ള മറുപടിയില്‍ കുറിച്ചു: 'സഹോദരാ! നരകവാസികള്‍ കത്തിജ്ജ്വലിക്കുന്ന നരകശിക്ഷയില്‍ നിത്യരായി കഴിയേണ്ടി വരുന്ന ദിവസം ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. അല്ലാഹുവിന്റെ പാപമോചനത്തില്‍ പ്രത്യാശയില്ലാതാക്കുന്ന വല്ല തെറ്റും ചെയ്യുന്നത് പേടിക്കുക.'
കത്ത് കൈപ്പറ്റിയ ഗവര്‍ണര്‍ താമസം വിനാ ഖലീഫയുടെ സന്നിധിയില്‍ ഹാജരായി. തന്നെ ഭരണപരമായ ചുമതലയില്‍നിന്നൊഴിവാക്കണമെന്ന് അപേക്ഷിച്ചു. കാരണം തിരക്കിയപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞു: 'താങ്കളുടെ കത്ത് വായിച്ചതില്‍ പിന്നെ ശിഷ്ടജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വഭാരവും ഏറ്റെടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലാണ്.'
ഇതു കേട്ട മാത്രയില്‍ ഖലീഫയുടെ കണ്ണുകളില്‍നിന്ന് കണ്ണീര്‍ ധാരയായി ഒഴുകി.
കുറച്ചു സമയത്തിനകം സംയമനം വീണ്ടെടുത്ത് തന്റെ ഉപദേശം തുടരാന്‍ ഫുദൈലിനോടു ആവശ്യപ്പെട്ടു.
വിശ്വാസികളുടെ അമീര്‍ ! പ്രവാചകന്‍ തിരുമേനിയുടെ പിതൃവ്യന്‍ അബ്ബാസ് (റ) തന്നെ ഗവര്‍ണര്‍ പദവിയില്‍ നിയമിക്കാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. 'പിതൃവ്യാ! അധികാരത്തിന്റെ അന്തിമഫലം ദുഃഖമായിരിക്കും പരലോകത്തില്‍. അധികാരമോഹം മനസ്സില്‍നിന്ന് പിഴുതെറിയുക.'
വീണ്ടും ഖലീഫ പൊട്ടിക്കരഞ്ഞു.
മനസ്സ് അല്‍പം ശാന്തമായപ്പോള്‍ ഇബ്‌നു ഇയാദിനോട് തന്റെ ഉപദേശം തുടരാന്‍ അഭ്യര്‍ഥിച്ചു.
അദ്ദേഹം പറഞ്ഞു: സുന്ദരനായവനേ! അന്ത്യനാളില്‍ താങ്കളോട് പ്രജകളെപ്പറ്റി അല്ലാഹു ചോദിക്കും. ഈ സുന്ദര വദനം നരകത്തീ സ്പര്‍ശിക്കാതിരിക്കണമെങ്കില്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. ഒരിക്കലും മനസ്സില്‍ ഭരണീയരോട് വിദ്വേഷം വെക്കരുത്. അങ്ങനെ ചെയ്യുന്നവന് സ്വര്‍ഗത്തിന്റെ സുഗന്ധം നിഷേധിക്കപ്പെടും എന്നാണ് പ്രവാചക വചനം.
ഇതു കേട്ട ഖലീഫ കുറേ സമയം പൊട്ടിക്കരഞ്ഞു. സാധാരണ നില വീണ്ടെടുത്തപ്പോള്‍ ഫുദൈലിനോട് ചോദിച്ചു: താങ്കള്‍ക്ക് വല്ല കടബാധ്യതയുമുണ്ടോ?
ഫുദൈല്‍: ഉണ്ട്. എന്റെ നാഥനായ അല്ലാഹുവിനോട്. അതേക്കുറിച്ച് ഞാന്‍ ഏറെ ചിന്താകുലനാണ്. അവനെന്നെ വിചാരണക്ക് വിധേയമാക്കിയാല്‍ ഞാന്‍ നശിച്ചതു തന്നെ. അവന്റെ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഞാന്‍ നശിച്ചതു തന്നെ.
'ഏതെങ്കിലും വ്യക്തികള്‍ക്ക് വീട്ടാനുള്ള കടത്തെക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്.' ഖലീഫ പറഞ്ഞു.
ഇബ്‌നു ഇയാദ്: അതന്വേഷിക്കാന്‍ എന്റെ നാഥന്‍ എന്നോട് ആജ്ഞാപിച്ചിട്ടില്ല. അവനെ സ്രഷ്ടാവും നിയന്താവുമായി അംഗീകരിച്ച് അനുസരണയോടെ ജീവിക്കാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ട് സൂറ: അദ്ദാരിയാത്തിലെ സൂക്തം ഓതി:
''ജിന്നുകളെയും മനുഷ്യരെയും എനിക്ക് വഴിപ്പെട്ട് ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും കൊതിക്കുന്നില്ല. അവരെനിക്ക് തിന്നാന്‍ തരണമെന്നും ഞാനാഗ്രഹിക്കുന്നില്ല'' (56-58).
ശേഷം പതിനായിരം ദീനാറടങ്ങിയ ഒരു കിഴി ഖലീഫ, ഇബ്‌നു ഇയാദിനു സമ്മാനിച്ചുകൊണ്ട് പറഞ്ഞു: ഇത് സ്വീകരിച്ച് താങ്കളുടെ ആവശ്യങ്ങള്‍ക്ക് വ്യയം ചെയ്യുക.
ഇബ്‌നു ഇയാദ്: സുബ്ഹാനല്ലാഹ്..... ഞാന്‍ ഇതുവരെയും താങ്കള്‍ക്ക് പരലോകമോക്ഷത്തിന്റെ മാര്‍ഗം പറഞ്ഞുതരികയായിരുന്നു. താങ്കളാവട്ടെ സമ്പത്തുകൊണ്ടെന്നെ വശീകരിക്കാന്‍ ശ്രമിക്കുന്നു.
ഇത്രയും പറഞ്ഞ് അദ്ദേഹം മൗനിയായി. വല്ലതും പറയുമെന്ന പ്രതീക്ഷയില്‍ അല്‍പസമയം ഞങ്ങള്‍ കാത്തിരുന്നു. പക്ഷേ ഒന്നും മിണ്ടിയില്ല. അവസാനം സലാം ചൊല്ലി വിടപറഞ്ഞു.
വീട്ടിനു പുറത്തെത്തിയപ്പോള്‍ ഖലീഫ പറഞ്ഞു: ഇബ്‌നു റബീഅ! ഇദ്ദേഹമാണ് മുസ്‌ലിംകളുടെ യഥാര്‍ഥ നേതാവ്. ഭാവിയിലും ഇതു പോലുള്ള വ്യക്തിത്വങ്ങളുമായി എന്നെ ബന്ധപ്പെടുത്തണം.
(റോഷന്‍ സിതാരെ എന്ന പുസ്തകത്തില്‍നിന്ന്).
മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ്, അന്തമാന്‍
Comments