Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

എന്റെ ഉസ്താദ് പോയ പോക്ക്

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ

ബുദ്ധിയെ പരമാവധി ഉപയോഗപ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നു. ബുദ്ധി ഉപയോഗിക്കാത്ത മന്ദന്മാരെ ആക്ഷേപിക്കുന്നു; അവര്‍ കന്നുകാലികളേക്കാള്‍ കഷ്ടമെന്ന് പറയുന്നു. പക്ഷേ ബുദ്ധി കടിഞ്ഞാണ്‍ വിട്ടാല്‍ അപകടമാവും. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ എന്റെ ഉസ്താദായിരുന്നു ചേകനൂര്‍ മൗലവി. ബുദ്ധിക്ക് വിറളി പിടിച്ച നിലയിലായിരുന്നു അദ്ദേഹം. ബുദ്ധിരാക്ഷസനെന്ന് വിശേഷിപ്പിക്കാം!
ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തെക്കുറിച്ച് അദ്ദേഹം ഒരു തിസീസ് തയാറാക്കി. ഞങ്ങളെക്കൊണ്ടെല്ലാം അതിന്റെ കോപ്പി എഴുതിച്ചു. അല്‍ അസ്ഹറിലെ പണ്ഡിതന്മാര്‍ക്കും മറ്റും അത് അയച്ചുകൊടുത്തു. വല്ല മറുപടിയും കിട്ടിയോ എന്നറിയില്ല. താമസിയാതെ അദ്ദേഹത്തിന്റെ ബുദ്ധി കടിഞ്ഞാണ്‍ വിടുകയും കാടുകയറുകയുമുണ്ടായി. ഖുര്‍ആനിനെയും ഹദീസിനെയും ചോദ്യം ചെയ്യാന്‍ തുടങ്ങി; ചിലപ്പോള്‍ കളിയാക്കാനും. പരിഷ്‌കരണവാദികളായ ന്യൂ ഏജ് സൊസൈറ്റി (അങ്ങനെയാണ് പേരെന്നോര്‍മ) അദ്ദേഹത്തെ പൊക്കി നടന്നു. പിന്നെ സംഭവിച്ചതൊക്കെ ചരിത്രം.
ബുദ്ധിക്ക് കടിഞ്ഞാണിടണം. അതിനെ ഖുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും വൃത്തങ്ങളില്‍ നിര്‍ത്തണം. ആ വൃത്തങ്ങളില്‍ എത്ര വേണമെങ്കിലും വിഹരിച്ചുകൊള്ളട്ടെ. അതിനപ്പുറത്തേക്ക് കുതിച്ചുചാടാതിരുന്നാല്‍ മതി.
ഖുര്‍ആനിനെയും ഹദീസിനെയും ബുദ്ധിയുടെ വെളിച്ചത്തില്‍ നിരൂപിക്കുന്ന ധാരാളം പേര്‍ നമ്മുടെ സമുദായത്തിലുണ്ട്. ഇമാം ബുഖാരി ദശകങ്ങള്‍ ചെലവഴിച്ച്, നീണ്ട യാത്രകള്‍ ചെയ്ത്, ഹദീസ് റിപ്പോര്‍ട്ടര്‍മാരെ നേരില്‍ കണ്ട് ഒരു ഗ്രന്ഥം രചിച്ചു; സ്വഹീഹുല്‍ ബുഖാരി. മുസ്‌ലിം ഉമ്മഃ അതിനെ ഹൃദയത്തോടണച്ചു. 'ഖുര്‍ആനിനു ശേഷം ഏറ്റവും ആധികാരിക ഗ്രന്ഥം' എന്നതിനെ വിശേഷിപ്പിച്ചു. അതിലെ ഹദീസുകള്‍ പോലും തിരസ്‌കരിക്കുന്നവര്‍ നമ്മുടെ സമുദായത്തിലുണ്ട്. അതിപുരോഗമനവാദികള്‍. ബുദ്ധിയാണ് അവരുടെ നീളംകോല്‍!
'മതം ബുദ്ധിക്കനുസരിച്ചാണെങ്കില്‍ സോക്‌സിന്റെ അടിഭാഗമായിരുന്നു മുകള്‍ ഭാഗത്തേക്കാള്‍ തടവാന്‍ അര്‍ഹം' എന്ന് അലി(റ)യുടെ ഒരു വചനമുണ്ട്. അഥവാ മതം ബുദ്ധിയെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നു, ബുദ്ധി മതത്തെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയുമല്ല.
മൗലാനാ മൗദൂദിയുടെ ബുദ്ധിയുടെ വിധി എന്ന ഗ്രന്ഥം മനസ്സിരുത്തി വായിച്ചാല്‍ ഈ അള്‍ട്രാ പുരോഗമനവാദികള്‍ക്ക് തെല്ലാശ്വാസം ലഭിച്ചേക്കും. 

 

അവര്‍ സംഘ് പരിവാറിന് പഠിച്ചുകഴിഞ്ഞു

'സി.പി.എം സംഘ് പരിവാറിന് പഠിക്കുമ്പോള്‍' എന്ന സഫറുല്ലയുടെ ലേഖനം (മാര്‍ച്ച് 12) ശ്രദ്ധേയമായി. സി.പി.എം സംഘ് പരിവാറിന് പഠിച്ചുകഴിഞ്ഞിരിക്കുന്നു. സംഘ് പരിവാറിന്റെ അതേ ഭാഷയും ശൈലിയുമാണ് മുസ്‌ലിംകളെ കുറിച്ച് പറയുമ്പോള്‍ സി.പി.എം നേതാക്കള്‍ ഉപയോഗിക്കുന്നത്. വര്‍ഗീയത മുസ്‌ലിം സംഘടനകള്‍ക്ക് മാത്രമുള്ള പരിവേഷമായി മാറിയിരിക്കുന്നു. മുസ്‌ലിം പള്ളികളെക്കുറിച്ചും മതവിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും പറയുമ്പോള്‍ അവിടെ ഭീതിയും ഭീകരതയും കടന്നുവരുന്നു. സി.പി.എമ്മിന്റെ മുസ്‌ലിം നാമധാരികളായ സ്ഥാനാര്‍ഥികള്‍ വരെ പള്ളികളും മദ്‌റസകളും അന്ധവിശ്വാസത്തിന്റെയും ഭീകരതയുടെയും കേന്ദ്രങ്ങളാണെന്ന് പറഞ്ഞു പരത്തുന്നു. രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ കാര്യങ്ങളും വര്‍ഗീയതയുടെ കണ്ണിലൂടെയാണ് സി.പി.എം കാണുന്നത്. ഇത് അവര്‍ക്കു തന്നെയാണ് അപകടം ചെയ്യുക. 

അബ്ദുല്‍മാലിക് മുടിക്കല്‍

 

ഉചിതമായ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍

'അലി മണിക്ഫാന്‍ സംസാരിക്കുന്നു'  എന്ന സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ അഭിമുഖം (2021 ഫെബ്രുവരി, ലക്കം 37) വായിച്ചു. 'കണ്ടുപിടിത്തങ്ങളുടെ കടലും കരയും താണ്ടി' എന്ന ശീര്‍ഷകം നന്നായി. കരയിലും കടലിലും കണ്ടുപിടിത്തങ്ങള്‍ നടത്തിയ ആളാണല്ലോ അലി മണിക്ഫാന്‍. അദ്ദേഹം മുമ്പൊരിക്കല്‍ മേപ്പയൂരിലെ കെ.പി കായലാടിന്റെ വീട്ടില്‍ വന്നിരുന്നു. അന്ന് ഞാനും അവിടെ എത്തി. 'ഇന്നെനിക്ക് രണ്ട് അതിഥികളുണ്ട്' എന്ന കായലാട് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു: 'മറ്റൊരാള്‍ ആരാണ്?' 'അദ്ദേഹം ലക്ഷദ്വീപില്‍നിന്ന് വന്ന ആളാണ്.  അകത്ത് വിശ്രമിക്കുകയാണ്.' ഇത് കേട്ടുകൊണ്ടിരുന്ന അലി മണിക്ഫാന്‍ രണ്ടാമത്തെ അതിഥിയെ കാണാന്‍ പുറത്തേക്ക് വന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അദ്ദേഹത്തെ പത്മശ്രീ അവാര്‍ഡിന് തെരഞ്ഞെടുത്ത വാര്‍ത്ത നേരത്തേ അറിഞ്ഞിരുന്നു. മണിക്ഫാനോടുള്ള ചോദ്യങ്ങളും അദ്ദേഹത്തിന്റെ ഉത്തരങ്ങളും ഉചിതവും തൃപ്തികരവുമായി.
ലോകപ്രസിദ്ധ ചിന്തകനായ ബര്‍ണാഡ്ഷാ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു: 'ഇസ്‌ലാം ഈസ് ദ മോസ്റ്റ് എന്‍ലൈറ്റന്‍ഡ് റിലീജ്യന്‍ പ്രാക്ടീസ്ഡ് ബൈ ദ മോസ്റ്റ് ഇഗ്‌നറന്റ് പീപ്പ്ള്‍.' ഈ ആശയം മറ്റൊരു ഭാഷയില്‍ പറയുകയാണ് മണിക്ഫാന്‍.
കുട്ടികളെ ചിന്തിപ്പിക്കാന്‍ പഠിപ്പിക്കാതെ, ആരാധനയുടെ ഫിഖ്ഹും നിയമങ്ങളുടെ വിശദാംശങ്ങളും മാത്രം പഠിപ്പിച്ചതുകൊണ്ട് കാര്യമില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആകാശഗോളങ്ങളെ നഗ്നനേത്രം കൊണ്ട് നിരീക്ഷിച്ച ആളാണ് അലി മണിക്ഫാന്‍. അത് അദ്ദേഹത്തിന് സാധിച്ചത് സ്വന്തമായി നിര്‍മിച്ച കപ്പലിലൂടെ യാത്ര ചെയ്തുകൊണ്ടാണ്. സ്വന്തമായി നിര്‍മിച്ച മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ച് രാജ്യതലസ്ഥാനം വരെ യാത്ര ചെയ്ത സാഹസികനാണ് അലി മണിക്ഫാന്‍. വാരികക്ക് അഭിനന്ദനങ്ങള്‍. 

ശ്രീധരന്‍ മാസ്റ്റര്‍, ഊരള്ളൂര്‍, കൊയിലാണ്ടി

 

ആ കവര്‍ വാചാലമാണ്

പൊട്ടിയ ചുറ്റികയടക്കമുള്ള സി.എം ശരീഫിന്റെ കവര്‍ ഡിസൈന്‍ (ലക്കം 3192) വാചാലമാണ്, ഗംഭീരവും. ടി.കെ.എം ഇഖ്ബാല്‍, ടി. മുഹമ്മദ് വേളം, സജീദ് ഖാലിദ് എന്നിവരുടെ ലേഖനങ്ങള്‍ നല്ല വിശകലനങ്ങളായിരുന്നു. തുടര്‍ഭരണം സ്വപ്‌നം കണ്ടുകഴിയുന്ന സഖാക്കള്‍ക്ക്, പുറംചട്ട മുതല്‍ ഉള്ളടക്കത്തിലെ അവസാന ലേഖനം വരെ ഉള്‍പ്പെടുത്തി മികച്ച മറുപടി നല്‍കാന്‍ ചങ്കൂറ്റം കാണിച്ച പ്രബോധനത്തിന് അഭിനന്ദനങ്ങള്‍.
ജമാഅത്തെ ഇസ്‌ലാമിയെ കടന്നാക്രമിച്ചുകൊണ്ട് കുഞ്ഞിക്കണ്ണന്‍, എളമരം കരീം മുതല്‍ പേര്‍ ചാനലുകളില്‍ വന്ന് തൊണ്ടകീറുന്നു. ഡോ. മുസ്തഫ, റഹീം മുതല്‍ പേര്‍ക്ക് മാധ്യമവും പ്രബോധനവും നല്‍കിയ ഈ വിരുന്നുകള്‍ നല്ല ദഹനക്കേട് ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. കെ.എം ശരീഫിന് പ്രത്യേകം നന്ദി. 
 

മമ്മൂട്ടി കവിയൂര്‍


നല്ല വായന തന്നതിന് നന്ദി

പാടുന്ന പക്ഷിയെപ്പോലെയായിരുന്നു ആ വലിയ മനുഷ്യന്റെ ഹൃദയം. വായനയാണ് തന്റെ വഴി നിശ്ചയിച്ചതും വിശാലമാക്കിയതും. സൂഫിയും ചിന്തകനും രസികനുമാണ് അദ്ദേഹം. ചിന്തയും ഗവേഷണവും അറിവുമൊക്കെ ദൈവിക ബോധത്തോടെ സമന്വയിപ്പിച്ചപ്പോഴാണ് അലി മണിക്ഫാന്‍ കണ്ടെത്തലുകളുടെ കുലപതിയായത്.
കാവ്യ സാഹിത്യങ്ങള്‍, ഫിലോസഫിക്കല്‍ ദര്‍ശനങ്ങള്‍, വ്യാകരണം, തസ്വവ്വുഫ് തുടങ്ങിയ ജ്ഞാന മേഖലകളിലെല്ലാം മികവ് തെളിയിച്ച ഗസ്സാലിയെ പോലെയുള്ള മഹത്തുക്കള്‍ ഉണ്ടായിരുന്നിട്ടും നഷ്ടങ്ങളുടെ കണക്കാണ് നമുക്ക് പറയാനുള്ളത്. പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ നാം അറിഞ്ഞോ അറിയാതെയോ അവഗണിച്ചു. കടലാഴങ്ങളിലെ മീനിനു പോലും തന്റെ പേരിടാന്‍ മാത്രം മണിക്ഫാന്റെ ഗവേഷണത്വര വളര്‍ന്നു. ജീനിയസ് എന്ന് വരുംകാലം അദ്ദേഹത്തിന്  അംഗീകാരം നല്‍കിയേക്കും.  പലപല വഴികളിലൂടെ സഞ്ചരിച്ചാണ് കടലും കരയും താണ്ടി അദ്ദേഹം പുരസ്‌കാരം കരസ്ഥമാക്കിയത്. വിശാലതയും ആര്‍ദ്രതയും സൗന്ദര്യവും നിറഞ്ഞ നല്ലൊരു വായനക്ക് അവസരം നല്‍കിയ പ്രബോധനത്തിന് (ലക്കം 3189) നന്ദി. 

വി.കെ.എം കുട്ടി, ഈസ്റ്റ് മലയമ്മ

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌