വിദ്യാര്‍ഥി പ്രസ്ഥാനം അതിജീവന പോരാട്ടത്തിലെ മുന്നണിപ്പോരാളികള്‍
ഇന്ത്യയിലെ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം ഇരുപതാമത് മീഖാത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ധാര്‍മിക-വൈജ്ഞാനിക-രാഷ്ട്രീയ ഇടപെടലുകളിലൂടെ രാജ്യത്തുടനീളം സവിശേഷമായ പ്രതിനിധാനം നിര്‍വഹിച്ച 40 വര്‍ഷത്തെ അനുഭവങ്ങളാണ് എസ്.ഐ.ഒവിന് പറയാനുള്ളത്. സവിശേഷവും പ്രധാനപ്പെട്ടതുമായ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലെ പുതിയ പ്രവര്‍ത്തന കാലയളവില്‍ എസ്.ഐ.ഒ കേരളയുടെ നയനിലപാടുകളും കര്‍മപദ്ധതികളും വിശദീകരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി. എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം തൃശൂര്‍ പെരുമ്പിലാവ് സ്വദേശിയാണ്.
ഇന്ത്യയിലെ മുസ്‌ലിം വിദ്യാര്‍ഥി മുന്നേറ്റത്തിലെ ചരിത്രപരമായ വികാസത്തില്‍ സൈദ്ധാന്തികമായും പ്രായോഗികമായും അനല്‍പമായ പങ്കുവഹിച്ച വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.ഐ.ഒ ഈ പ്രവര്‍ത്തന കാലയളവില്‍ നാല്‍പതു വര്‍ഷം പിന്നിടുകയാണല്ലൊ. എസ്.ഐ.ഒ പിന്നിട്ട ആവേശോജ്ജ്വലമായ വഴികളെ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി കര്‍മവീഥിയില്‍ എഴുന്നേറ്റുനിന്ന വിദ്യാര്‍ഥി ചെറുപ്പത്തിനു നാല് പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. നാഥന്റെ പ്രീതി മാത്രം ഉദ്ദേശിച്ച്, അവനില്‍ സമര്‍പ്പിച്ച്, ഇസ്‌ലാമിക അടിത്തറയില്‍നിന്നുകൊണ്ടുള്ള ഇടപെടലുകള്‍ നടത്തിയാണ് നാം മുന്നോട്ടുപോയത്. അനീതിയുടെ സാമൂഹികവ്യവസ്ഥിതിയോടും ഭരണകൂട സംവിധാനങ്ങളോടും നിരന്തരം സമരം ചെയ്തും ഇസ്‌ലാമോഫോബിയയുടെയും ജാതീയതയുടെയും പൈശാചിക മുഖങ്ങളോട് ആത്മാഭിമാനത്തോടെ ചെറുത്തുനില്‍പ്പ് നടത്തിയുമാണ് എസ്.ഐ.ഒ സാമൂഹികരംഗത്ത് നിലയുറപ്പിച്ചത്. സമൂഹത്തില്‍ അനീതിയും വിവേചനവും ഘടനാപരമായി തന്നെ നിര്‍മിച്ചെടുക്കുന്ന സ്ഥാപനങ്ങളെയും വിജ്ഞാനങ്ങളെയും വെല്ലുവിളിച്ചും അപനിര്‍മിച്ചും അല്ലാഹുവിന്റെ ദീനിന്റെ ആത്മീയതയെക്കുറിച്ചും വിമോചനപരതയെക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ട് നമുക്ക് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം സമുദായം നേരിട്ട വ്യത്യസ്ത വെല്ലുവിളികളെയും പരീക്ഷണങ്ങളെയും ആത്മീയമായും സാമൂഹികമായും രാഷ്ട്രീയമായും അഭിമുഖീകരിക്കുന്ന പ്രായോഗിക-ബൗദ്ധിക ഇടപെടലുകള്‍ എസ്.ഐ.ഒ നടത്തിയിട്ടുണ്ട്; വിശിഷ്യാ മണ്ഡല്‍വിരുദ്ധ പ്രക്ഷോഭ വേളയിലും ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഘട്ടങ്ങളിലും സമുദായത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് ഒരുപാട് മുന്നോട്ടു പോവാന്‍ എസ്.ഐ.ഒവിന് കഴിഞ്ഞു. പൗരത്വ പ്രക്ഷോഭാനന്തരം കൂടുതല്‍ സങ്കീര്‍ണമാകുന്ന മുസ്‌ലിം അതിജീവന രാഷ്ട്രീയത്തിന് കരുത്തുപകരുന്ന ഇടപെടലുകള്‍ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം തുടരും.
ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രം അപരവത്കരണങ്ങളുടെയും വംശഹത്യകളുടെയും വലിയൊരു അധ്യായമാണ്. അതില്‍ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടമാണ് പൗരത്വനിഷേധ നിയമം. ഇതിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭം മുസ്‌ലിം രാഷ്ട്രീയത്തില്‍ പുതിയൊരു ഉണര്‍വും സമരഭാഷയും സൃഷ്ടിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭാനന്തരമുള്ള മുസ്‌ലിം അതിജീവനരാഷ്ട്രീയത്തെ എസ്.ഐ.ഒ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഇന്ത്യയില്‍ മുസ്‌ലിം സമുദായം ഭീകരമായ അപരവല്‍ക്കരണവും പൗരത്വനിഷേധവും വംശീയ ഉന്മൂലന ഭീഷണിയും അഭിമുഖീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് സാധാരണത്വം (ചീൃാമഹശമെശേീി) കൈവരികയും നിയമ പരിരക്ഷയോടെ മുസ്‌ലിം വംശഹത്യ നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുസ്‌ലിം സമുദായം പൗരത്വ പ്രക്ഷോഭത്തിലൂടെ തങ്ങളുടെ തന്നെ കര്‍തൃത്വത്തില്‍ പുതിയ സമരഭാഷയും പ്രതിരോധരീതികളും വികസിപ്പിച്ചെടുക്കുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സമുദായത്തിലുണ്ടായ ഈ ഉണര്‍വിനെ ശക്തിപ്പെടുത്തുന്നതിനും ഫാഷിസ്റ്റ്കാലത്ത് ഉമ്മത്തിനെ അതിജീവനത്തിന് സജ്ജമാക്കുന്നതിനും സാമൂഹികവും രാഷ്ട്രീയവുമായ വലിയ അധ്വാനം ആവശ്യമാണ്. ഈ ചരിത്ര സന്ദര്‍ഭത്തില്‍ പ്രസ്തുത ദൗത്യം നിര്‍വഹിക്കുക എന്നത് ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സുപ്രധാനമായ ബാധ്യതയാണ്.
മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട വിവിധ പ്രതിസന്ധികളുടെ ഇടയില്‍തന്നെയാണ് എസ്.ഐ.ഒ രൂപീകരിക്കപ്പെടുന്നതും പ്രവര്‍ത്തനമേഖലയില്‍ സജീവമാകുന്നതും. ചരിത്രപരമായ വെല്ലുവിളികളില്‍ മുസ്‌ലിംകളുടെ അതിജീവനത്തോടൊപ്പം നില്‍ക്കുകയല്ല, മറിച്ച് സവര്‍ണ മേധാവിത്വത്തോട് കൂടുതല്‍ അടുക്കുന്ന നിലപാടാണ് മതേതര കക്ഷികളെന്ന് അവകാശപ്പെടുന്ന മുഖ്യധാരാ പാര്‍ട്ടികളെല്ലാം സ്വീകരിച്ചത്. പ്രമുഖ അക്കാദമീഷ്യനായ ഡോ. ഇര്‍ഫാന്‍ അഹ്മദ് സൂചിപ്പിച്ചതുപോലെ 'മോദിയുടെയും ബി.ജെ.പിയുടെയും വംശീയമായ മുസ്‌ലിംവിരുദ്ധ ജനാധിപത്യം എന്നത് നെഹ്റൂവിയന്‍ എന്ന് പറയപ്പെടുന്ന മതേതരത്വത്തില്‍നിന്നുള്ള വ്യതിയാനമല്ല, മറിച്ച് അതൊരു തുടര്‍ച്ച മാത്രമാണ്. ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്ക് രാഷ്ട്രത്തിന്റെ ജനനം മുതല്‍ തന്നെ തുടക്കം കുറിക്കപ്പെട്ട ഹൈന്ദവ രാഷ്ട്രീയത്തിന്റെ കൂടുതല്‍ ശക്തമായ ഒരു വകഭേദം മാത്രമാണത്'. ഹിന്ദുത്വ രാഷ്ട്രീയത്തെയും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയെയും കേവലം പാര്‍ട്ടി രാഷ്ട്രീയത്തിന്റെ വീക്ഷണകോണില്‍ മാത്രം കാണാതെ ഇന്ത്യയിലെ സാമൂഹിക അധികാരത്തെയും രാഷ്ട്രീയാധികാരത്തെയും ബന്ധപ്പെടുത്തി വായിക്കുമ്പോഴാണ് നമ്മുടെ ഫാഷിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയത്തിന് കൃത്യത കൈവരിക.
നിലനില്‍പ്പിനായുള്ള പോരാട്ടവീഥിയില്‍ തെരുവിലും കാമ്പസുകളിലും ചെറുത്തുനില്‍പ്പുകളുടെ സമരാവേശം സൃഷ്ടിക്കാന്‍ എസ്.ഐ.ഒ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭങ്ങളിലെ കാഴ്ചകളും അതിനെത്തുടര്‍ന്നുണ്ടായ ഭരണകൂടവേട്ടയും അത് സാക്ഷ്യപ്പെടുത്തുന്നതാണ്. നിരവധി വിദ്യാര്‍ഥികളും സമരനേതാക്കളും ഇപ്പോഴും കള്ളക്കേസുകളില്‍ യു.എ.
പി.എ അടക്കം ചുമത്തപ്പെട്ട് രാജ്യത്തെ വിവിധ തടവറകളിലാണ്. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ വിദ്യാര്‍ഥി നേതാവും എസ്.എ.ഒ മെമ്പറുമായ ഝാര്‍ഖണ്ഡ് സ്വദേശി ആസിഫ് ഇഖ്ബാല്‍ തന്‍ഹയും ഉണ്ട് അക്കൂട്ടത്തില്‍. ജയിലില്‍ കിടക്കുമ്പോഴും ആസിഫ് അടക്കമുള്ള പോരാളിയുടെ മുഖത്തുള്ള ധൈര്യവും പുഞ്ചിരിയും പോരാട്ടവീഥിയില്‍ അവസാനത്തെ നിമിഷവും സമര്‍പ്പിക്കാനുള്ള പ്രചോദനമാണ് നല്‍കുന്നത്. നമുക്കായി ജീവനും ജീവിതവും ത്യാഗം ചെയ്ത ഒട്ടേറെ രക്തസാക്ഷികളുടെയും നേതാക്കളുടെയും മുമ്പില്‍ അവരുയര്‍ത്തിയ ചോദ്യങ്ങള്‍ നാം വീണ്ടും ചോദിക്കുകയും നീതിക്കായി തെരുവുകളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ തീര്‍ക്കുകയും ചെയ്യേണ്ടതുണ്ട്.
അല്ലാഹുവുമായുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നവരായി സംഘടനയിലെ പ്രവര്‍ത്തകരെ സജ്ജമാക്കും എന്നാണല്ലോ എസ്.ഐ.ഒവിന്റെ ദേശീയ നയം. ആ അര്‍ഥത്തില്‍ എസ്.ഐ.ഒ കേരള ഘടകം വിദ്യാര്‍ഥി ചെറുപ്പത്തെ എങ്ങനെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്?
അല്ലാഹുവുമായുള്ള ബന്ധത്തിന് നൈരന്തര്യമുണ്ടാകുന്ന സംസ്‌കാരം വ്യക്തികളുടെ ജീവിതത്തില്‍ രൂപപ്പെടുത്താന്‍ കഴിയുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് എസ്.ഐ.ഒ ഈ കാലയളവില്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വിശുദ്ധ ഖുര്‍ആനും പ്രവാചകനും (സ) പൂര്‍വകാല പണ്ഡിതന്മാരും നമുക്ക് കാണിച്ചുതന്ന മാതൃകയാണ് അല്ലാഹുവിനെക്കുറിച്ചുള്ള നിരന്തര സ്മരണ, അഥവാ 'ദിക്റുല്ലാഹ്' ജീവിതത്തിലുടനീളം പ്രയോഗവത്കരിക്കുക എന്നത്. ഒരു വ്യക്തി ഉണരുന്നതു മുതല്‍ ഉറങ്ങുന്നതു വരെ തന്റെ ജീവിതത്തെ പടച്ചവനുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്നതിനായി പ്രവാചകന്‍ (സ) വ്യത്യസ്ത പ്രാര്‍ഥനകളും ദിക്റുകളും നമ്മെ പഠിപ്പിച്ചുതന്നിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ മനസ്സില്‍ എപ്പോഴും കാത്തുസൂക്ഷിക്കാനാവുക ജീവിതത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഈ പ്രാര്‍ഥനകളും ദിക്റുകളും ഉരുവിടുമ്പോള്‍ കൂടിയാണ്. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ സമയം കൃത്യപ്പെടുത്തി നിര്‍വഹിക്കാനായി അല്ലാഹു ചില ഇബാദത്തുകള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഇങ്ങനെ സമയക്രമീകരണങ്ങളൊന്നുമില്ലാതെ തന്നെ ഈ ഇബാദത്തുകളെപ്പോലും ശക്തിപ്പെടുത്തുന്ന ഒരു നിരന്തര പ്രക്രിയയായിട്ടാണല്ലോ ദിക്റുല്ലയെ മൗലാനാ മൗദൂദി (റ) വിവക്ഷിച്ചത്. അഥവാ, സത്യവിശ്വാസിയുടെ ജീവിതം വിശുദ്ധവും സുന്ദരവുമാകുന്നത് ദിക്‌റുല്ലയില്‍ മുഴുകുമ്പോഴാണ്. റബ്ബിനെ കുറിച്ചുള്ള ദിക്‌റ് സജീവമായി ഹൃദയത്തിലുണ്ടാകുമ്പോള്‍ പിശാചിന്റെ ദുര്‍ബോധനങ്ങളെ പ്രതിരോധിക്കാനും ദേഹേഛയെ നിയന്ത്രിക്കാനും.
പാപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും സാധിക്കുന്നു. ഖല്‍ബില്‍ ദിക്റ് നിറയുമ്പോള്‍ മനസ്സ് ശാന്തമാവുകയും ഹൃദയം വിശാലമാവുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവോടുള്ള അടുപ്പം കൂടുകയും നാഥനെ കുറിച്ച ദിക്റുകളിലൂടെ ജീവിതം മുഴുവന്‍ ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. അപ്പോഴാണ് സ്വന്തം വ്യക്തിത്വത്തിലൂടെ ഇസ്‌ലാമിന്റെ സുഗന്ധവും സൗന്ദര്യവും ചുറ്റുമുള്ളവര്‍ക്ക് അനുഭവിക്കാന്‍ കഴിയുമാറ് മനോഹരമായ പെരുമാറ്റവും ഉത്തമ സ്വഭാവഗുണങ്ങളും മുറുകെ പിടിക്കാന്‍ നമുക്ക് കഴിയുക.
വംശഹത്യാ ഭീഷണികള്‍ അഭിമുഖീകരിക്കുന്ന ഒരു ജനവിഭാഗം എന്ന നിലയില്‍ ആത്മീയമായി കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനെക്കുറിച്ച് നമ്മള്‍ സ്വയം വിചാരണ നടത്തണം. അല്ലാഹുവുമായുള്ള ദൃഢബന്ധത്തിലൂടെ മാത്രമേ ദുന്‍യാവിലെ ഏതു പരീക്ഷണങ്ങളെയും അതിജീവിക്കാനും അതിജയിക്കാനും വിശ്വാസികള്‍ക്ക് സാധിക്കൂ. മുസ്‌ലിം ഉമ്മത്ത് കാലദേശങ്ങളില്‍ അഭിമുഖീകരിച്ച വ്യത്യസ്ത പരീക്ഷണങ്ങളില്‍ പ്രവാചകന്മാരും സ്വഹാബിമാരും പണ്ഡിതന്മാരും എല്ലാം വിജയിച്ചത് അചഞ്ചലമായ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് കൂടിയായിരുന്നു. താര്‍ത്താരികള്‍ക്കെതിരെ മുസ്‌ലിം ഉമ്മത്തിന് നേതൃത്വം കൊടുത്ത ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യയിലും ലിബിയയിലെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ ഉമര്‍ മുഖ്താറിലും തുടങ്ങി മലബാര്‍ സമരത്തിന് നായകത്വം വഹിച്ച ആലി മുസ്‌ലിയാരില്‍ വരെ ഇതിന്റെ മാതൃകകള്‍ നമുക്ക് കാണാം.
പൊതുമണ്ഡലത്തില്‍ ആധിപത്യം പുലര്‍ത്തുന്ന വിജ്ഞാനങ്ങളോട് കലഹം തീര്‍ക്കുകയും പ്രതിവായനകള്‍ സാധ്യമാക്കുകയും ചെയ്ത ചരിത്രമാണല്ലോ എസ്.ഐ.ഒവിന്റേത്. വൈജ്ഞാനിക-പഠന മേഖലകളില്‍ വേറിട്ട വഴിയില്‍ ഒരുപാട് മുന്നോട്ടുപോകാന്‍ കഴിഞ്ഞ കാലയളവില്‍ എസ്.ഐ.ഒവിന് സാധിച്ചിട്ടുണ്ട്. പുതിയ മീഖാത്തില്‍ ഇതിന്റെ തുടര്‍ച്ച എങ്ങനെയാകണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്?
സമൂഹത്തില്‍ അധീശത്വം പുലര്‍ത്തുന്ന വിജ്ഞാനങ്ങളോടും ചിന്താപദ്ധതികളോടും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് ഇടപെട്ടും അവയെ അപനിര്‍മിച്ച് പുതിയ ജ്ഞാനോല്‍പാദനം നടത്തിയുമാണ് എസ്.ഐ.ഒ തുടക്കം മുതല്‍ മുന്നോട്ടുപോയത്. ഇത്തരം വൈജ്ഞാനിക ഇടപെടലുകള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്ത് ആശയവികാസം സാധ്യമാക്കുകയും മുസ്‌ലിം സമുദായത്തിന്റെ തന്നെ മുന്നോട്ടുള്ള പ്രയാണത്തിന് വെളിച്ചം പകരുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് സഹായകമാകുന്ന ജ്ഞാനോല്‍പാദനം കൂടുതല്‍ ആഴത്തിലും വ്യാപ്തിയിലും നടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ വൈജ്ഞാനിക-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മീഖാത്തില്‍ നാം പ്രത്യേക ശ്രദ്ധയും പ്രാധാന്യവും നല്‍കും.
ഇസ്‌ലാമോഫോബിയയെ കുറിച്ച് ആഗോളതലത്തില്‍ നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യത്തെ സവിശേഷമായി അഭിമുഖീകരിക്കുന്ന കൂടുതല്‍ വിശകലനങ്ങളും പഠനങ്ങളും നടക്കേണ്ടതുണ്ട്. ഇന്ത്യന്‍ സാമൂഹികഘടനയിലെ ഇസ്‌ലാമോഫോബിയയെയും മുസ്‌ലിംവിരുദ്ധ വംശീയതയെയും കേന്ദ്രീകരിച്ച് ഗവേഷണങ്ങളും അക്കാദമിക ഇടപെടലുകളും നടത്തുകയും അത് ആഗോളശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. മാത്രമല്ല കേരളത്തിന്റെ പൊതു മണ്ഡലത്തെയും സാമൂഹിക ചരിത്രത്തെയും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഇസ്‌ലാമോഫോബിയയുടെ വേരുകള്‍ പ്രകടമാണ്. ബീമാപള്ളി പോലെയുള്ള മുസ്‌ലിംവിരുദ്ധ ഭരണകൂടവേട്ടകള്‍ ഓര്‍മിക്കപ്പെടാതിരിക്കുകയും ഫാഷിസ്റ്റുകളാല്‍ വധിക്കപ്പെട്ട മുസ്‌ലിംകള്‍ ഫാഷിസ്റ്റ്‌വിരുദ്ധ സംഗമങ്ങളില്‍ പോലും അനുസ്മരിക്കപ്പെടാതെ പോവുകയും തീവ്രവാദി, ഭീകരവാദി, ലൗ ജിഹാദ് തുടങ്ങിയ പദാവലികള്‍ തികഞ്ഞ സാധാരണത്വം കൈവരികയും ഇടത് പുരോഗമന ഇടങ്ങളില്‍നിന്നും തുടര്‍ച്ചയായി സംഘ് പരിവാറിനെ തോല്‍പ്പിക്കുന്ന ആഖ്യാനങ്ങള്‍ നിര്‍ബാധം തുടരുകയും ചെയ്യുന്ന കേരളീയ പൊതുബോധം ഉള്‍പ്പെടുന്ന ഇസ്‌ലാമോഫോബിയ കൂടുതല്‍ ഘടനാപരമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്.
ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ വൈജ്ഞാനിക - ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രം എന്ന നിലയില്‍ എസ്.ഐ.ഒ കേരള ആരംഭിച്ച 'തന്‍ശിഅ ഇസ്‌ലാമിക് അക്കാദമി'യുടെ ഘടന പുനഃക്രമീകരിച്ചുകൊണ്ട് ജ്ഞാനോല്‍പാദനത്തിനും പഠനപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന സംവിധാനമായി പരിവര്‍ത്തിപ്പിക്കാനാണ് നാം തീരുമാനിച്ചിരിക്കുന്നത്. എസ്.ഐ.ഒ സംസ്ഥാന ഓഫീസായ 'വിദ്യാര്‍ഥി ഭവന'ത്തെ വൈജ്ഞാനിക ചര്‍ച്ചകളുടെ കേന്ദ്രമാക്കി വികസിപ്പിക്കുന്ന വ്യത്യസ്ത വൈജ്ഞാനിക ഇടപെടലുകള്‍ നടത്താനും ഈ കാലയളവില്‍ നാം സവിശേഷമായി ശ്രദ്ധിക്കും.
സാമൂഹികനീതിയുടെ രാഷ്ട്രീയം കാമ്പസുകളില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ എസ്.ഐ.ഒവിന്റെ സവിശേഷമായ കാമ്പസ് സംഘാടനം എങ്ങനെയായിരിക്കും?
കാമ്പസുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ ആത്മസംസ്‌കരണവും ദീനീവിജ്ഞാനീയങ്ങളിലെ വളര്‍ച്ചയും സാധ്യമാക്കുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ എസ്.ഐ.ഒ നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തന സംസ്‌കാരം കൂടുതല്‍ വ്യാപ്തിയില്‍ കാമ്പസുകളില്‍ ആവിഷ്‌കരിക്കാനാണ് നാം തീരുമാനിച്ചിട്ടുള്ളത്. ആത്മീയ കരുത്തും ഖുര്‍ആനിലും സുന്നത്തിലും അടിത്തറയും ഇസ്‌ലാമിനെയും ഇസ്‌ലാമിക ചിഹ്നങ്ങളെയും ആത്മാഭിമാനത്തോടെ പ്രതിനിധീകരിക്കാന്‍ ആദര്‍ശ ബോധവുമുള്ള വിദ്യാര്‍ഥികളെ കാമ്പസുകളില്‍ നാം വളര്‍ത്തിയെടുക്കും. ഈ അടിസ്ഥാനത്തില്‍ പ്രഫഷണല്‍ കാമ്പസുകളെ കൂടി സവിശേഷമായി ശ്രദ്ധിക്കും. കാമ്പസുകളില്‍ ജനാധിപത്യവും സംവാദാന്തരീക്ഷവും പടുത്തുയര്‍ത്താന്‍ എസ്.ഐ.ഒ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ആത്മസംസ്‌കരണവും വൈജ്ഞാനിക വളര്‍ച്ചയും ലക്ഷ്യം വെക്കുന്നതോടൊപ്പം സാമൂഹികനീതിയുടെ രാഷ്ട്രീയത്തെ കാമ്പസുകളില്‍ ശക്തിപ്പെടുത്തുന്നതിന് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പരിശ്രമിക്കുകയും ചെയ്യും.
കേരളീയ മുസ്‌ലിം ചരിത്രത്തിലെ വളരെ സുപ്രധാനമായ ഏടായ മലബാര്‍ സമരത്തിന് ഒരു നൂറ്റാണ്ട് തികയുന്ന വേളയിലാണ് പുതിയ പ്രവര്‍ത്തന കാലയളവ് കടന്നുപോകുന്നത്. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തെയും അതിനെക്കുറിച്ച് നടന്ന വ്യവഹാരങ്ങളെയും എസ്.ഐ.ഒ എങ്ങനെയായിരിക്കും അഭിമുഖീകരിക്കുക?
മലബാര്‍ സമരത്തിന് 100 വര്‍ഷം തികയുന്ന ചരിത്രഘട്ടത്തില്‍ മുസ്‌ലിം അതിജീവന രാഷ്ട്രീയത്തിന് കരുത്തു പകരുന്ന രീതിയില്‍ കേരളീയ മുസ്‌ലിം പോരാട്ടപാരമ്പര്യങ്ങളെ സമീപിക്കുകയും ആഘോഷിക്കുകയും ചെയ്യാനാണ് എസ്.ഐ.ഒ തീരുമാനിച്ചിട്ടുള്ളത്. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കേരള മുസ്‌ലിം പോരാട്ട ചരിത്രത്തിലെ വ്യത്യസ്ത ഘടകങ്ങളെ കണ്ടെടുക്കുകയും പഠനവിധേയമാക്കുകയും ചെയ്യും. കേരള മുസ്‌ലിംകളുടെ വ്യാവഹാരിക പാരമ്പര്യം, അതിലെ സമരങ്ങള്‍, അതിന്റെ ദൈവശാസ്ത്ര ചര്‍ച്ചകള്‍, ജാതിയോടുള്ള ഇടപെടലുകള്‍, മതപരിവര്‍ത്തനങ്ങള്‍, മുസ്‌ലിംകളുടെ കോസ്മോപൊളിറ്റന്‍ പാരമ്പര്യം, ആത്മീയ ധാരകള്‍ എന്നിവയെ പുനര്‍വായിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്ത പരിപാടികള്‍ ഈ കാലയളവില്‍ എസ്.ഐ.ഒ സംഘടിപ്പിക്കും.
പ്രാദേശിക തലങ്ങളില്‍ സര്‍ഗാത്മക വിദ്യാര്‍ഥി സംഘാടനം നിര്‍വഹിക്കുന്ന ഒരു പ്രസ്ഥാനം എന്ന അര്‍ഥത്തില്‍ എസ്.ഐ.ഒവിന്റെ പുതിയ ശ്രമങ്ങള്‍ എന്തെല്ലാമാണ്?
സമുദായത്തെ അഭിമുഖീകരിക്കാന്‍ ശേഷിയും ജനകീയതയും ഉള്ള നേതാക്കളെ പ്രാദേശികതലങ്ങളില്‍നിന്നും വളര്‍ത്തിയെടുക്കാനാണ് എസ്.ഐ.ഒ ലക്ഷ്യമിടുന്നത്. അതിനായി പ്രാദേശിക സംഘാടനത്തില്‍ ബഹുവിധ പ്രവര്‍ത്തനരീതികള്‍ എസ്.ഐ.ഒ ആവിഷ്‌കരിക്കും. വിദ്യാര്‍ഥികളുടെ സംസ്‌കരണവും ആത്മീയ വികാസവും സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍, പള്ളി-മഹല്ല്-മദ്‌റസ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, മുസ്‌ലിം അതിജീവന രാഷ്ട്രീയം, കേരള മുസ്‌ലിം സാംസ്‌കാരിക പാരമ്പര്യം, സേവനം, സൗഹൃദം, കലാ-കായിക അഭിരുചികള്‍ എന്നിവ ഉപയോഗപ്പെടുത്തി പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി പുതിയ പ്രദേശങ്ങളിലേക്ക് കടന്നുചെല്ലും.
Comments