ആഴം
സി.കെ മുനവ്വിര്‍, ഇരിക്കൂര്‍
പുറമെ മാത്രം
മിനുങ്ങിനില്‍ക്കുന്ന
ചില പദങ്ങളിപ്പോഴും
നിഘണ്ടുവിലുണ്ട്.
ആഴത്തിനെത്ര
ആഴമുണ്ടെന്ന്
ചികഞ്ഞു നോക്കണം
ആഴത്തിലാലോചിക്കുമ്പോള്‍
എന്നതിലെ ആഴം
ആലോചന വിട്ട്
എത്രയുള്ളിലേക്കിറങ്ങാറുണ്ട്.
പ്രണയവും സൗഹൃദവും
പറയുമ്പോഴാണ്
ആഴം നാക്കിന്‍തുമ്പിലിരുന്ന്
നൃത്തം വെക്കാറുള്ളത്.
ചമയം വിട്ടെത്ര
ഉള്ളിലേക്ക് പ്രവേശനമുണ്ടിന്ന്
പ്രണയത്തിലെയും
സൗഹൃദത്തിലെയും ആഴത്തിന്.
ആഴിയിലെ ആഴവും
കിണറിലെയാഴവും
ആഴമുള്ള മുറിവും
ഇന്നേവരെ
അങ്ങാടിയില്‍ വന്ന്
മേനി പറയുന്നത് കേട്ടിട്ടില്ല
അതുകൊണ്ടവയിലെയാഴം
അര്‍ഥ ശോഷണം വരാതെ
നിഘണ്ടുവില്‍ തിളങ്ങുന്നുണ്ട്.
ആഴത്തില്‍
സ്വാധീനിച്ച മഹത്തുക്കളുടെ
ഗീര്‍വാണാനന്തരം
ഇരുകരകളിലൂടെ
നടന്നുനീങ്ങുന്ന
രണ്ടു ജീവിതങ്ങളാണ്
ആഴമെന്ന പദത്തോട്
ചിലപ്പോഴെങ്കിലും
ഈര്‍ഷ്യ കൂട്ടുന്നത്.
Comments