Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

മലക്കം മറിയുന്ന നയതന്ത്രം

കഴിഞ്ഞ ഏതാനും മാസങ്ങളായി പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര നീക്കങ്ങള്‍ രാഷ്ട്രീയ നിരീക്ഷകരെയൊക്കെയും അമ്പരപ്പിച്ചിരിക്കുകയാണ്. അവയെ എങ്ങനെ വിശകലനം ചെയ്യുമെന്നറിയാതെ അവര്‍ കുഴങ്ങുന്നു. രാഷ്ട്രീയത്തില്‍ നിതാന്ത ശത്രുതയില്ലെങ്കിലും ബദ്ധവൈരികള്‍ ഇത്ര പെട്ടെന്ന് ചുവടു മാറ്റുമെന്ന് ആരും കരുതിയിരുന്നില്ല. ഇതെഴുതുമ്പോള്‍ മുഹമ്മദ് ദഹ്‌ലാന്റെ 'ആളുകള്‍' ഗസ്സയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. വരുന്നവരൊക്കെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ഒരു നിയമ നടപടിയും ഹമാസ് ഭരിക്കുന്ന ഗസ്സയില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്നില്ല. ആരാണ് മുഹമ്മദ് ദഹ്‌ലാന്‍? ഫത്ഹ് ഗ്രൂപ്പിന്റെ ഗസ്സക്കാരനായ മുന്‍ നേതാവ്. സ്വന്തമായി സായുധ സംഘങ്ങളെ പോറ്റുന്നയാള്‍. ഇയാള്‍ ഇസ്രയേല്‍ ഏജന്റാണെന്ന കാര്യത്തില്‍ ഹമാസിനോ ഹത്ഹിനോ രണ്ടഭിപ്രായമില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം കിട്ടാത്തതിനാല്‍ നിലവിലെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് കടുത്ത അമര്‍ഷമുണ്ട് ദഹ്‌ലാന്. വെസ്റ്റ് ബാങ്കില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ദഹ്‌ലാനും സംഘവും ഇപ്പോള്‍ ഗസ്സയിലേക്ക് കൂട് മാറിക്കൊണ്ടിരിക്കുന്നത്. ഗസ്സയിലെ ഹമാസുകാരനായ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്താനും ഹമാസ് ഗവണ്‍മെന്റിനെ തന്നെ സായുധമായി അട്ടിമറിക്കാനും ശ്രമിച്ചയാളാണ് ദഹ്‌ലാന്‍. പലതരം നിയമ നടപടികള്‍ നേരിടുന്ന ഈ സംഘം ഇപ്പോള്‍ ഒരു പ്രയാസവുമില്ലാതെ ഗസ്സയിലേക്ക് തിരിച്ചുവരുന്നത് ദഹ്‌ലാനും ഹമാസും തമ്മിലുണ്ടാക്കിയ ഒരു രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണെന്നാണ് പിന്നാമ്പുറ സംസാരം. ഹമാസ് ഇതുവരെ ഈ വിഷയത്തില്‍ ഒന്നും പറയാതെ മൗനം തുടരുകയാണ്. ഇരു വിഭാഗവും തമ്മില്‍ എന്തോ ധാരണയുണ്ടെന്ന അഭ്യൂഹം അതോടെ ശക്തിപ്പെടുകയും ചെയ്യുന്നു.
രാഷ്ട്രങ്ങളുടെ കാര്യമെടുത്താല്‍, കുറേക്കൂടി വിചിത്രമാണ് സംഭവവികാസങ്ങള്‍. തുര്‍ക്കിയും ഈജിപ്തും തമ്മിലുള്ള പോര് ഒരു സാധാരണ പോരായിരുന്നില്ല. 2016-ല്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെതിരെ നടത്തിയ സൈനിക അട്ടിമറി ശ്രമത്തിനു പിന്നില്‍ ഈജിപ്ഷ്യന്‍ സ്വേഛാധിപതി അബ്ദുല്‍ ഫത്താഹ് സീസിയും ഉണ്ടായിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല. തുര്‍ക്കി എല്ലാ അര്‍ഥത്തിലും പിന്തുണച്ചിരുന്ന ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ ജനറല്‍ സീസി  അട്ടിമറിച്ചപ്പോള്‍ തന്നെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം പറ്റേ വഷളായിരുന്നു. ഇപ്പോള്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് മാത്രമാണ് ഇരു രാഷ്ട്രങ്ങളും സംസാരിക്കുന്നത്. മെഡിറ്ററേനിയനിലെ ഇന്ധന പര്യവേക്ഷണം, ലിബിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ തുര്‍ക്കിക്കെതിരെ തിരിഞ്ഞിരുന്ന ഈജിപ്ത് അവയിലൊക്കെ സമവായങ്ങളാകാമെന്ന നിലപാടിലെത്തിയിരിക്കുകയാണ്. ഖത്തറിനെതിരെയുള്ള ഉപരോധം നീക്കിയതിനു ശേഷം അതിന് മുന്‍കൈയെടുത്ത ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഈജിപ്തിനെ തഴയുകയാണെന്ന തോന്നലാവാം, മേഖലയിലെ പ്രബല ശക്തിയായ തുര്‍ക്കിയുമായി സൗഹൃദത്തിലാവാനുള്ള പ്രേരണ. സീസിക്ക് വല്ല ദുഷ്ടലാക്കുകളുമുണ്ടോ എന്ന സംശയമാകട്ടെ അസ്ഥാനത്തുമല്ല. അതേസമയം ബന്ധം മെച്ചപ്പെടുകയും ഉഭയകക്ഷി വ്യാപാരം അഭിവൃദ്ധിപ്പെടുകയും  ചെയ്താല്‍ തങ്ങളുടെ സമ്പദ്ഘടനയെ അത് ഉത്തേജിപ്പിക്കുമെന്ന തിരിച്ചറിവും ഇരു രാഷ്ട്രങ്ങള്‍ക്കുമുണ്ട്.
ജമാല്‍ ഖാശഖ്ജി വധത്തിനു ശേഷം സുഊദി - തുര്‍ക്കി ബന്ധവും വളരെ മോശമായ നിലയിലായിരുന്നു. തങ്ങളുടെ മണ്ണില്‍ വെച്ച് ഒരു പ്രമുഖ പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ആരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന വാശിയിലായിരുന്നു തുര്‍ക്കി. ആ കടുംപിടിത്തത്തില്‍നിന്ന് തുര്‍ക്കി ഇപ്പോള്‍ പിന്നാക്കം പോയിരിക്കുന്നു. തുര്‍ക്കിയും സുഊദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ തങ്ങള്‍ മാധ്യസ്ഥത്തിന് തയാറാണെന്ന് ഖത്തര്‍ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. സല്‍മാന്‍ രാജാവുമായി ഉര്‍ദുഗാന്‍ നേരില്‍ സംസാരിക്കുകയും ചെയ്തിരുന്നു. തുര്‍ക്കി സ്ഥാപനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോഴും അപ്രഖ്യാപിത ബഹിഷ്‌കരണം നിലനില്‍ക്കുന്നുണ്ട്. കയറ്റുമതി, ഇറക്കുമതികളെയും അത് കാര്യമായി ബാധിച്ചു. ട്രംപിനെ പിന്തുണച്ചിരുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കാകട്ടെ, ബൈഡന്‍ അധികാരത്തില്‍ വന്നതോടെ അവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇങ്ങനെ ഇരുപക്ഷവും നേരിടുന്ന പലവിധ പ്രശ്‌നങ്ങളെ മറികടക്കാനുള്ള ശ്രമമായിട്ടു വേണം ഈ നയതന്ത്ര മലക്കം മറിച്ചിലുകളെ കാണാന്‍. അതേസമയം, ഇറാനെപ്പോലെയല്ലെങ്കിലും ചെറിയ തോതില്‍ അമേരിക്കന്‍ ഉപരോധം നേരിടുന്ന തുര്‍ക്കി അത് മറികടക്കാന്‍ ഇറാനുമായും ചില നീക്കുപോക്കുകള്‍ നടത്തുന്നുണ്ട്. അതാകട്ടെ ഗള്‍ഫ് രാഷ്ട്രങ്ങളെ അരിശം പിടിപ്പിക്കുകയും ചെയ്യും. തങ്ങളുടെ ബദ്ധവൈരിയായി മാറിക്കഴിഞ്ഞ ഗ്രീസുമായും തുര്‍ക്കി ഒത്തുതീര്‍പ്പു ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുന്നു. ഇതൊരു ഞാണിന്മേല്‍കളിയാണെങ്കിലും, പല കാര്യങ്ങളിലും വിട്ടുവീഴ്ച വേണ്ടിവരുമെങ്കിലും മാറിയ പരിതഃസ്ഥിതിയില്‍ ഇതല്ലാതെ വേറെ വഴിയില്ല എന്ന നിലപാടിലാണ് ബന്ധപ്പെട്ട രാഷ്ട്രങ്ങള്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌