Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

എന്റെ ഉയിഗൂരീ സുഹൃത്തേ... താങ്കള്‍ എവിടെയാണ്?

ഫാസി സഅ്തരി

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് യൂനിവേഴ്‌സിറ്റിയില്‍ ഞാന്‍ രാഷ്ട്രമീമാംസാ ദര്‍ശനങ്ങളെക്കുറിച്ച് പഠിക്കുന്ന കാലം. അക്കാലത്ത് ഞാന്‍ മിക്ക സമയവും ചെലവഴിക്കുക യൂനിവേഴ്‌സിറ്റി ലൈബ്രറിയില്‍ തന്നെയായിരിക്കും. രാവിലെ മുതല്‍ രാത്രി വൈകുവോളം ഞാന്‍ അവിടെത്തന്നെ ഉണ്ടാകും. 2011-ലെ ഒരു ശൈത്യകാല സായാഹ്നം. ക്ഷീണം തോന്നിയപ്പോള്‍ വേണ്ടതെല്ലാം ബാഗില്‍ എടുത്തുവെച്ച് ഞാന്‍ താമസ സ്ഥലത്തേക്ക് പുറപ്പെടുകയാണ്. അപ്പോഴാണ് അയാളുമായി പരിചയപ്പെടാന്‍ ഇട വരുന്നത്. പില്‍ക്കാലത്ത് എന്റെ ഉറ്റ സുഹൃത്തായി മാറിയ വ്യക്തി. ജീവിതത്തില്‍ അതുപോലുള്ള മറ്റൊരാളെ കണ്ടുമുട്ടാന്‍ ഭാഗ്യം കിട്ടിക്കൊള്ളണമെന്നില്ല. എന്റെ ഉയിഗൂരി സുഹൃത്ത് ഡോ. നൂര്‍ അലി ഷാ യഅ്ഖൂബിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഞാന്‍ അപ്പോള്‍ ഈ ജര്‍മന്‍ യൂനിവേഴ്‌സിറ്റിയില്‍ എത്തിയിട്ടേയുള്ളൂ. സുഹൃത്തുക്കളായി ആരുമില്ല. അവിടത്തെ ചിട്ടവട്ടങ്ങളൊന്നും അറിയില്ല. എനിക്ക് പഠനത്തില്‍ പ്രോത്സാഹനം നല്‍കുന്ന നല്ല കുറച്ച് സുഹൃത്തുക്കളെ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. അവരുടെ  അനുഭവങ്ങളും അറിവുകളും എനിക്ക് പ്രയോജനപ്പെടുമല്ലോ. നൂര്‍ അലിയെ ഞാന്‍ പലതവണ ലൈബ്രറിയില്‍ വെച്ചും ഞാന്‍ താമസിക്കുന്ന വിദ്യാര്‍ഥി ഹോസ്റ്റലില്‍ വെച്ചും കണ്ടിട്ടുണ്ടായിരുന്നു. ഒരിക്കല്‍ ലൈബ്രറിയില്‍ വെച്ച് കണ്ടപ്പോള്‍ ഞാന്‍ പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു; മര്‍ഹബാ! അദ്ദേഹം പുഞ്ചിരിയോടെ എന്നെ നോക്കി തിരിച്ചും അഭിവാദ്യം ചെയ്തു. ആ നിമിഷം ഇപ്പോഴും എനിക്ക് നല്ല ഓര്‍മയുണ്ട്. ഞങ്ങളുടെ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ആരംഭമായിരുന്നു ആ അഭിവാദ്യം.
പരിചയപ്പെട്ടതിനു ശേഷം ഞങ്ങള്‍ എല്ലാ ദിവസവും ലൈബ്രറിയില്‍ വെച്ച് കാണും. ഒഴിവുസമയത്ത് ചായയും ഖഹ്വയും കുടിക്കാന്‍ പോകും. അദ്ദേഹമില്ലാതെ ലൈബ്രറിയില്‍ ഇരിക്കുന്നതിന് അര്‍ഥമില്ലെന്നു വരെ എനിക്ക് തോന്നി. ഭാഗ്യത്തിന് അദ്ദേഹവും നല്ല പരിശ്രമശാലിയായിരുന്നു. ലൈബ്രറിയില്‍ ഞാന്‍ എത്തുന്നതിനു മുമ്പ് അദ്ദേഹം എത്തും. ഞാന്‍ പോയതിനു ശേഷമേ അദ്ദേഹം അവിടെനിന്നിറങ്ങൂ.
അദ്ദേഹവുമായുള്ള സംഭാഷണത്തിനിടയിലാണ് ഉയിഗൂറുകളെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. തുര്‍ക്കി വംശജരായ പീഡിപ്പിക്കപ്പെടുന്ന ഒരു മുസ്‌ലിം ന്യൂനപക്ഷ വിഭാഗമാണ് അവരെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സിന്‍ജിയാങ് എന്ന് വിളിക്കപ്പെടുന്ന കിഴക്കന്‍ തുര്‍ക്കിസ്ഥാനിലാണ് അവരുടെ താമസം. ഈ പ്രദേശം ഇന്നൊരു ചൈനീസ് പ്രവിശ്യയാണ്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: 'നിങ്ങള്‍ പറയും പോലെ ഉയിഗൂറുകള്‍ ന്യൂനപക്ഷമാണെങ്കില്‍ അവരുടെ എണ്ണം എത്രയുണ്ടാവും?' അദ്ദേഹത്തിന്റെ മറുപടി: 'ഇരുപത് ദശലക്ഷത്തിലധികം... എല്ലാവരും മുസ്‌ലിംകള്‍.'
ആഘാതമേറ്റതു പോലെ തോന്നി. വല്ലാത്ത മനഃപ്രയാസവും. ഇങ്ങനെയൊരു വിഭാഗത്തെ ഞാന്‍ മുമ്പ് കേട്ടിട്ടേ ഇല്ലായിരുന്നല്ലോ.  അക്കാദമിക മേഖലയിലോ മീഡിയയിലോ ആരും അവരെപ്പറ്റി ഒന്നും പറയുന്നുണ്ടായിരുന്നില്ല. അന്നുമുതല്‍ ആ ജനതയെക്കുറിച്ചും അവരുടെ മഹത്തായ ചരിത്രത്തെക്കുറിച്ചും പഠിക്കാന്‍ ഞാന്‍ ഉത്സുകനായി.
കുറച്ചു കാലം സഹവസിച്ചപ്പോള്‍ തന്നെ എത്ര മാന്യനും സംസ്‌കാരസമ്പന്നനുമാണ് എന്റെ ഉയിഗൂരി സുഹൃത്തെന്ന് ബോധ്യമായി. ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ ലൈബ്രറിയില്‍ വെച്ചായിരിക്കും. വാരാന്ത്യ ഒഴിവുദിനങ്ങളില്‍ വരെ ഞങ്ങളവിടെ സംഗമിക്കുമായിരുന്നു. ഞങ്ങളൊരുമിച്ച് ജര്‍മന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതും ഓര്‍ക്കുന്നു. ഹേഡല്‍ബര്‍ഗ് നഗരത്തിലേക്കുള്ള യാത്രയും  നെക്കാര്‍ നദിക്കരയിലെ പ്രശസ്ത കോട്ടക്കു സമീപം 'തത്ത്വജ്ഞാനികളുടെ തെരുവി'ലൂടെയുള്ള മണിക്കൂറുകള്‍ നീണ്ട നടത്തവും മനസ്സില്‍നിന്ന് മായില്ല.
2012-ല്‍ എന്റെ സുഹൃത്ത് ജര്‍മനിയില്‍നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങി. ദുഃഖഭാരത്തോടെ ഞാന്‍ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തിച്ച് യാത്രയയക്കുമ്പോള്‍ കുറച്ചു കാലം കൂടി ഫ്രാങ്ക്ഫര്‍ട്ടില്‍ ഒന്നിച്ചു കഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. ഏറ്റവും ചുരുങ്ങിയത് മറ്റൊരിക്കല്‍ ഇനിയും കണ്ടുമുട്ടാനാവുമെന്ന് പ്രതീക്ഷിച്ചു. അടുത്ത വര്‍ഷം എന്റെ സുഹൃത്തിന് പൗരാണിക ഉയിഗൂര്‍ ഭാഷയില്‍ നടത്തിയ പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചു. അതേ വര്‍ഷം ഷാംഗ്ഹായ് യൂനിവേഴ്‌സിറ്റിയില്‍ അദ്ദേഹം ലക്ചററുമായി. പിറ്റേ വര്‍ഷം പഠനം പൂര്‍ത്തീകരിക്കുന്നതിനായി ഞാന്‍ തുര്‍ക്കിയിലെത്തി. ഞങ്ങള്‍ ആഴ്ചയിലൊരിക്കലെങ്കിലും ബന്ധപ്പെടാറുമുണ്ടായിരുന്നു. പെട്ടെന്ന് നൂര്‍ അലിയെക്കുറിച്ച് ഒന്നും കേള്‍ക്കാതെയായി. ഞാന്‍ ഒരുപാട് കത്തുകള്‍ എഴുതി നോക്കി. ഒന്നിനും മറുപടി കിട്ടിയില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് - ട്വിറ്റര്‍ അക്കൗണ്ടുകള്‍ വരെ അപ്രത്യക്ഷമായി. ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു: 'എവിടെ നൂര്‍ അലി? എന്താണ് അദ്ദേഹം മറുപടി അയക്കാത്തത്?'
ഒടുവില്‍ 2018 ഡിസംബര്‍ 22-ന്  നീണ്ട നാല് വര്‍ഷത്തിനു ശേഷം എനിക്ക് എന്റെ സുഹൃത്തിനെക്കുറിച്ച ആദ്യ വിവരം കിട്ടി. ചൈനീസ് ഭരണകൂടം തുറുങ്കിലിട്ട ഉയിഗൂര്‍ പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും പട്ടികയില്‍ നൂര്‍ അലിയുടെ പേരും ഉണ്ടായിരുന്നു. വെടിയുണ്ടയെന്ന പോലെയാണ് ആ വാര്‍ത്ത എന്റെ തലയില്‍ തറഞ്ഞു കയറിയത്. നൂര്‍ അലി എവിടെയാണെന്നും എന്തുകൊണ്ടാണ് അദ്ദേഹം മറുപടി അയക്കാത്തതെന്നും മനസ്സിലായി. ചൈനീസ് ഭരണകൂടം തടവിലിട്ട ദശലക്ഷക്കണക്കിന് ഉയിഗൂറുകളില്‍ ഒരാള്‍ മാത്രമാണ് നൂര്‍ അലി.
ചൈനീസ് തടങ്കല്‍ പാളയങ്ങളെക്കുറിച്ച വിവരണങ്ങള്‍ അത്യന്തം ജുഗുപ്‌സാവഹവും ഞെട്ടിക്കുന്നതുമാണ്. ഒരാള്‍ക്കും ഭാവന ചെയ്യാന്‍ പോലുമാവാത്തത്. കഠിനമായ മാനസിക പീഡനങ്ങളാണ് തടവുകാര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കാനാവാതെ  ഉയിഗൂറുകള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന ദുഃഖകരമായ വാര്‍ത്തയും കാണാനിടയായി. ഉയിഗൂര്‍ വംശജരെ ഇസ്‌ലാം ഉപേക്ഷിക്കാനും നിരീശ്വര വിശ്വാസികളാകാനും നിര്‍ബന്ധിക്കുകയാണ്. രാവിലെയും വൈകുന്നേരവും കമ്യൂണിസ്റ്റ് പ്രചാരണ സാഹിത്യം ആവര്‍ത്തിച്ചു കേള്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്. ഒപ്പം അവരെ പന്നിയിറച്ചി തീറ്റിക്കുകയും കള്ള് കുടിപ്പിക്കുകയും ചെയ്യും. ഇസ്‌ലാമില്‍നിന്ന് അവരെ പറിച്ചുമാറ്റുകയാണ് ലക്ഷ്യം. അതിനാല്‍ ചിലരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനില്ല.
തടവുകാര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ല. പലപ്പോഴും പീഡിപ്പിക്കപ്പെടുന്നവര്‍ മരണത്തിന് കീഴടങ്ങുകയാണ്. അതിശൈത്യമുണ്ടായാലും അതിനെ പ്രതിരോധിക്കാന്‍ പറ്റിയ വസ്ത്രങ്ങള്‍ അവര്‍ക്ക് നല്‍കില്ല. ന്യൂ ഓര്‍ലീന്‍സിലെ ലൊയോള യൂനിവേഴ്‌സിറ്റി പ്രഫസര്‍ റിയാന്‍ തും (ഇദ്ദേഹം ഉയിഗൂറുകളെക്കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ട് -  The Sacred Routes of Uyghur History-  വിവ:) ഇന്‍ഡിപെന്‍ഡന്റ് പത്രത്തിലെഴുതി: 'ചരിത്രത്തിലെ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളിലൊന്നാണ് ഈ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നത്.' അദ്ദേഹം തുടര്‍ന്നു: 'ഈ പീഡനമുറകള്‍ ഏല്‍പ്പിക്കുന്ന മാനസികാഘാതങ്ങള്‍ തലമുറകളോളം  നിലനില്‍ക്കും. പലര്‍ക്കും അതില്‍നിന്ന് രക്ഷപ്പെടാനാവില്ല.'
ഹൃദയത്തില്‍ ദുഃഖം ഘനീഭവിച്ചു നില്‍ക്കുന്നു. എന്റെ സുഹൃത്ത് ഈയൊരു ദുരന്തത്തില്‍ എന്തുകൊണ്ട് അകപ്പെട്ടു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. തടങ്കലിലുള്ള മറ്റുള്ളവരെപ്പോലെ ഇദ്ദേഹത്തെക്കുറിച്ചും യാതൊരു വിവരവുമില്ല. അദ്ദേഹത്തിന്റെ ബന്ധുക്കളുമായും ബന്ധപ്പെടാന്‍ കഴിയുന്നില്ല. നീണ്ട വര്‍ഷങ്ങളായി ഈ പ്രവിശ്യയുമായി ഒരു വിധത്തിലുള്ള സമ്പര്‍ക്കവും സാധ്യമല്ലെന്ന നിലയിലാണ്. നൂര്‍ അലി ജീവനോടെ ഇരിക്കുന്നുണ്ടോ, അതോ അദ്ദേഹത്തെ അവര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയോ? അതുമല്ലെങ്കില്‍ അദ്ദേഹത്തെ അവര്‍ മറ്റൊരാളാക്കി മാറ്റിയിട്ടുണ്ടാവുമോ? എന്തു സംഭവിച്ചു എന്ന് യാതൊരു സൂചനയും ലഭിക്കാത്തതിനാല്‍ ഏറ്റവും മോശമായ സാധ്യതകളാണ് ആലോചനയില്‍ വരുന്നത്.
നൂര്‍ അലി ഉയര്‍ന്ന സംസ്‌കാരത്തിന്റെയും സ്വഭാവശീലങ്ങളുടെയും ഉടമയായിരുന്നു. അദ്ദേഹത്തിന് പ്രത്യേക രാഷ്ട്രീയ, പ്രത്യയശാസ്ത്ര ആഭിമുഖ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് അദ്ദേഹത്തെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക് കൊണ്ടുപോയത്? ഇത്ര ഭീകരമായ ശിക്ഷ ഏറ്റുവാങ്ങാന്‍ ഉയിഗൂര്‍ ജനത ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
തടങ്കല്‍പാളയങ്ങള്‍ 'തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍' ആണെന്നാണ് ചൈന വാദിക്കുന്നത്. 'ഭീകര പ്രവര്‍ത്തനങ്ങള്‍' തടയുക എന്നതും അതിന്റെ ലക്ഷ്യമാണത്രെ. അവര്‍ പറയുന്നത് സത്യമാണെങ്കില്‍, എന്തുകൊണ്ട് ഈ 'തൊഴില്‍', 'വിദ്യാ' കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ മനുഷ്യാവകാശ സംഘടനകളെ അനുവദിക്കുന്നില്ല? ഇവിടങ്ങളില്‍ കഴിയുന്നവരുടെ പേരുവിവരങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല? എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് സിന്‍ജിയാങിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല?
ചൈനീസ് രാഷ്ട്രീയത്തില്‍ വിദഗ്ധനൊന്നുമല്ല ഞാന്‍. എന്റെ സുഹൃത്ത് നൂര്‍ അലിയെക്കുറിച്ച് എന്റെ അതിയായ ആശങ്ക പങ്കുവെക്കുക മാത്രമാണ് ചെയ്തത്. ഒരുപക്ഷേ അദ്ദേഹം ജീവിച്ചിരിപ്പുണ്ടാവാം; ഒരു വിവരവും പുറത്തുവരാത്ത ഏതോ തടങ്കല്‍ പാളയത്തില്‍. എങ്കില്‍ അദ്ദേഹം മോചിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയുടെ കച്ചിത്തുരുമ്പില്‍ പിടിച്ചുനില്‍ക്കുകയാണ് ഞാന്‍. ഇനി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിട്ടുണ്ടെങ്കില്‍ പടച്ചതമ്പുരാന്‍ അദ്ദേഹത്തിനു മേല്‍ കാരുണ്യം ചൊരിയട്ടെ. 
(ഇസ്തംബൂളിലെ സഈം യൂനിവേഴ്‌സിറ്റിയില്‍ രാഷ്ട്രമീമാംസാ വിഭാഗത്തില്‍ ലക്ചററാണ് ലേഖകന്‍)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌