സയ്യിദിന്റെ ദീര്‍ഘദര്‍ശനം
ഇത് ഒരു കാല്‍പനിക കഥയല്ല. ഓര്‍ക്കുമ്പോള്‍ ഏറെ വിഷമവും ദുഃഖവുമുളവാക്കുന്ന സംഭവ കഥ. അതിനു ദൃക്‌സാക്ഷിയായ പരേതനായ സുഊദി എഴുത്തുകാരന്‍ അഹ്മദ് അബ്ദുല്‍ ഗഫൂര്‍ അല്‍അത്താര്‍ 'കലിമത്തുല്‍ ഹഖ്' മാസികയില്‍ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്.
ഈജിപ്തിലെ പട്ടാള മേധാവി(ഫ്രീ ഓഫീസേഴ്‌സ്)കളുടെ നേതൃത്തില്‍ 1952 ജൂലൈയില്‍ നടന്ന പട്ടാള വിപ്ലവത്തിന്റെ ധിഷണാ കേന്ദ്രമായിരുന്ന സയ്യിദ് ഖുത്വ്ബിനെ ആദരിക്കാന്‍ അവര്‍ തീരുമാനിച്ചു. നിശ്ചിത സമയമായപ്പോഴേക്കും ഓഫീസേഴ്‌സ് ക്ലബും അതിനു ചുറ്റുമുള്ള പാര്‍ക്കും ജനനിബിഡമായി. നയതന്ത്രജ്ഞര്‍, നിയമജ്ഞര്‍, സാഹിത്യകാരന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, പൗരമുഖ്യന്മാര്‍ തുടങ്ങിയവരാല്‍ ധന്യമായ സദസ്സ്. സയ്യിദ് ഖുത്വ്ബിനെ പരിചയപ്പെടുത്തി സംസാരിക്കേണ്ടത് പ്രസിഡന്റ് കേണല്‍ മുഹമ്മദ് നജീബായിരുന്നു. അവിചാരിതമായ കാരണത്താല്‍ അദ്ദേഹത്തിനു എത്തിച്ചേരാനായില്ല. അദ്ദേഹത്തിന്റെ സന്ദേശം സദസ്സില്‍ വായിച്ചത് ഒരു പട്ടാള ഓഫീസറായിരുന്നു. 'സയ്യിദിനെ ആദരിക്കുന്ന സദസ്സില്‍ ഹാജരാവാനും സയ്യിദിന്റെ വിജ്ഞാനത്തില്‍നിന്ന് പ്രയോജനമെടുക്കാനും അതീവ താല്‍പര്യമുണ്ടായിരുന്നു.' വിപ്ലവത്തിന്റെ നായകനും ദാര്‍ശനികാചാര്യനും സയ്യിദാണെന്നും പ്രസിഡന്റ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.
അന്‍വര്‍ സാദാത്ത് മുഖേനയാണ് കേണല്‍ നജീബ് തന്റെ സന്ദേശം കൊടുത്തയച്ചത്. ജമാല്‍ അബ്ദുന്നാസിറിനെ തനിക്ക് പകരം സംസാരിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. പട്ടാള ഓഫീസര്‍മാര്‍ സയ്യിദിനെ അങ്ങേയറ്റം അഭിനന്ദിക്കുകയും വ്യക്തിഗത ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു. പ്രസിദ്ധ സാഹിത്യകാരന്‍ ഡോ. ത്വാഹാ ഹുസൈനും സംസാരിച്ചു. സയ്യിദിന് രണ്ട് പ്രത്യേകതകളുണ്ട്. മാതൃകാപരതയും ആദര്‍ശനിഷ്ഠയും. ഇസ്‌ലാമിനെക്കുറിച്ച അഗാധജ്ഞാനം, സാഹിത്യ - സാംസ്‌കാരിക നേട്ടങ്ങള്‍, വിപ്ലവകാരികളിലുള്ള സ്വാധീനം തുടങ്ങിയവയെല്ലാം ത്വാഹാ ഹുസൈന്‍ സയ്യിദിന്റെ സവിശേഷതകളായി എടുത്തു പറഞ്ഞു. സയ്യിദ് സാഹിത്യത്തില്‍ ഉച്ചിയില്‍ നില്‍ക്കുന്നു. അതുപോലെ ഇസ്‌ലാമിനും അറബികള്‍ക്കും ഈജിപ്തിനും സേവനമര്‍പ്പിക്കുന്നതിലും മുന്‍ നിരയില്‍ തന്നെ.
പിന്നീട് സയ്യിദിന്റെ ഊഴമായിരുന്നു. ഹ്രസ്വമായ തന്റെ സംസാരത്തില്‍ സദസ്സിന്റെ കരഘോഷങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമിടയില്‍ വിപ്ലവത്തെപ്പറ്റി പറഞ്ഞു: വിപ്ലവത്തിനു യഥാര്‍ഥമായും തുടക്കം കുറിച്ചിരിക്കുന്നു. ഇനി പുറകോട്ടു പോകുന്ന പ്രശ്‌നമില്ല. കാര്യമായി ഒന്നും ചെയ്യാനായിട്ടുമില്ല. വിപ്ലവത്തിന്റെ ലക്ഷ്യം രാജാവിനെ പുറത്താക്കുക മാത്രമല്ല; രാജ്യത്തെ ഇസ്‌ലാമിലേക്ക് തിരിച്ചുകൊണ്ടു പോവുകയുമാണ്. അദ്ദേഹം തുടര്‍ന്നു: രാജഭരണകാലത്ത് ഏതു നിമഷവും ജയിലില്‍ പോകാന്‍ ഞാന്‍ സന്നദ്ധനായി നില്‍ക്കുകയായിരുന്നു. ഈ ഘട്ടത്തിലും ജയിലടക്കമുള്ള ഏത് ആകസ്മികതകള്‍ക്കും ഞാന്‍ മനസ്സാ തയാറായിരിക്കുന്നു.
ഇതു കേട്ടയുടനെ ജമാല്‍ അബ്ദുന്നാസിര്‍ എഴുന്നേറ്റ് ഉച്ചത്തില്‍ പറഞ്ഞു: 'ജ്യേഷ്ഠ സഹോദരനായ സയ്യിദ്, അല്ലാഹു തന്നെയാണ് സത്യം! ഞങ്ങളുടെ മൃതശരീരങ്ങള്‍ താണ്ടിക്കടന്നല്ലാതെ ആരും താങ്കളെ ഉപദ്രവിക്കുകയില്ല; ഞങ്ങളുടെ ജീവന്‍ താങ്കള്‍ക്കായി സമര്‍പ്പിക്കാന്‍ തയാറാണെന്ന് അല്ലാഹുവിനെ സാക്ഷിയാക്കി കരാര്‍ ചെയ്യുന്നു.' നീണ്ട കരഘോഷങ്ങളോടെയാണ് ജമാലിന്റെ വാക്കുകളോട് സദസ്സ് പ്രതികരിച്ചത്.
(മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
വാല്‍ക്കഷ്ണം: ഇതേ ജമാല്‍ അബ്ദുന്നാസിര്‍ തന്നെയാണ് സയ്യിദ് ഖുത്വ്ബിനെ കഴുമരത്തിലേറ്റിയത്; 1966 ആഗസ്റ്റ് 29-ന്. സയ്യിദും അദ്ദേഹത്തിന്റെ ചിന്തകളും ഇന്നും പരസഹസ്രം ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. ജമാലാവട്ടെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലും.
Comments